ചരിത്രം വക്രീകരണം തിരുത്തെഴുത്: കാലം തേടുന്ന കൃതി

യഥാര്‍ത്ഥ ചരിത്രത്തെ രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ദുരുപയോഗം നടത്തുകയും വക്രീകരിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ചരിത്രരചനാ രീതിശാസ്ത്രത്തെയും ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് ആഖ്യാനങ്ങളേയും പുനഃപരിശോധിക്കുകയും രാജ്യത്തിന്റെ സാമൂഹിക വൈജ്ഞാനിക സാമ്പത്തിക മേഖലകളിലെ മുസ്‍ലിം പങ്കാളിത്തത്തെ സവിസ്തരം പ്രതിപാദിക്കുകയും ചെയ്യുന്ന രചനയാണ് 'ചരിത്രം, വക്രീകരണം, തിരുത്തെഴുത്' എന്ന ഗ്രന്ഥം. അഞ്ചു അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്ന ഈ ഗ്രന്ഥം ചരിത്ര ഗവേഷകനായ ഡോ. മോയിന്‍ മലയമ്മ പ്രശസ്ത ചരിത്രകാരനായ ഡോ. കെ.കെ.എന്‍ കുറുപ്പുമായി നടത്തിയ സംഭാഷണങ്ങളുടെ സമാഹാരമാണ്.

ബഹുസ്വര ഇന്ത്യയുടെ രൂപീകരണത്തില്‍ മുസ്‍ലിം സമൂഹം ചരിത്രപരമായ പങ്കു വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിലും ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിലും മുസ്‍ലിം നേതൃത്വം വഹിച്ച പങ്ക് നിസ്തുലമാണ്. ബദ്റുദ്ധീന്‍ തയ്യിബ്ജി, അലി സഹോദരന്മാര്‍, മൗലാന അബുല്‍ കലാം ആസാദ്, മുഹമ്മദ് അബ്ദുറഹ്‌മാന്‍, മൊയ്ദു മൗലവി, അതിര്‍ത്തി ഗാന്ധി എന്ന അപരനാമത്തില്‍ വിഖ്യാതനായിരുന്ന ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ എന്നിവരെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച മുസ്‍ലിം നേതാക്കളായിരുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലെ അവിസ്മരണീയ അധ്യായമാണ് 1921 ലെ മലബാര്‍ സമരം. മതജാതി ഭേദമന്യേ സര്‍വരും ഒന്നിച്ചു നിന്ന് പടപൊരുതിയത് തങ്ങളെ ചുഷണം ചെയ്യുന്ന ജന്മിത്വ സമ്പ്രദായത്തോടും ജന്മിമാര്‍ക്ക് കുടപിടിക്കുന്ന ഭരണകൂടത്തോടുമായിരുന്നു. ബ്രിട്ടീഷ്-ജന്മി കൂട്ടുകെട്ടായിരുന്നു പോരാളികളുടെ പൊതുശത്രു. എന്നാല്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മലബാറിലെ സൗഹൃദ സംസ്‌കൃതിയുടെ വിളംബരം കൂടിയായിരുന്ന മലബാര്‍ സമരത്തെ 'മാപ്പിളമാരുടെ മതഭ്രാന്തായാണ് ടോട്ടന്‍ഹാമും ഹിച്ച് കോക്കുമെല്ലാം വ്യാഖ്യാനിച്ചത്. ഹിന്ദു മുസ്‍ലിം മൈത്രിയുടെ തകര്‍ച്ച സ്വപ്‌നം കണ്ടിരുന്ന കൊളോണിയലിസ്റ്റ് നിലപാടിനു കടകവിരുദ്ധമായ സംഭവവികാസങ്ങളായിരുന്നു ഇരുപത്തിയൊന്നില്‍ അരങ്ങേറിയത്.

ഇന്ത്യയുടെ ബഹുസ്വര-സാംസ്‌കാരിക നിര്‍മിതിയില്‍ മധ്യകാല ഇന്ത്യയിലെ മുസ്‍ലിം രാജാക്കന്മാരുടെ പങ്കും ഇവിടെ സ്മരിക്കേണ്ടതുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക നഭോമണ്ഡലത്തിന്റെ തിലകക്കുറിയായി തലയുയര്‍ത്തി നില്‍ക്കുന്ന ചരിത്ര സ്മാരകങ്ങളില്‍ മിക്കവയും മധ്യകാല നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ടവയാണ്. എന്നാല്‍, മഹോന്നതമായ ഇത്തരം പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിച്ച് രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പ്രൗഢിയെ കാത്തുസൂക്ഷിക്കുന്നതിനു പകരം രാഷ്ട്രീയമായ വിയോജിപ്പ് മൂലം അവയുടെ അസ്തിത്വത്തിന് തന്നെ തുരങ്കംവെക്കുന്ന ധ്രുവീകരണാത്മകമായ നിലപാടാണ് സംഘപരിവാര്‍ സ്വാധീനമുള്ള ഭരണകൂടം സ്വീകരിക്കുന്നതെന്നത് ഖേദകരമാണ്.  

ഇന്ത്യയെ ഏകീകരിച്ചു ദേശീയോദ്ഗ്രഥനം സാധ്യമാക്കാന്‍ കഠിനമായ പരിശ്രമം നടത്തിയ മുഗള്‍ ഭരണാധികാരിയായ ഔറംഗസീബിനെ ഹിന്ദുവിരോധിയും മതഭ്രാന്തനും രക്തരക്ഷസ്സുമായി മുദ്രകുത്തുന്ന ചരിത്ര രചനകളെയും, ദക്ഷിണേന്ത്യയില്‍ വിപ്ലവകരമായ ഭരണപരിഷ്‌കാരങ്ങളും നാഗരിക, സാമ്പത്തിക വികസനപ്രവര്‍ത്തനങ്ങളും കൊണ്ടുവന്ന ടിപ്പു സുല്‍ത്താനെ ക്ഷേത്ര ധ്വംസകനും അപരമതവിദ്വേഷിയുമായി പരിചയപ്പെടുത്തുന്ന കൊളോണിയല്‍ നരേറ്റീവുകളെയും ഗ്രന്ഥകാരന്‍ പൊളിച്ചെഴുതുന്നു. കോളോണിയലിസത്തോടുള്ള മുസ്‍ലിം സമൂഹത്തിന്റെ സാഹിതീയ പ്രതിരോധവും ജാതീയ ഉച്ഛനീചത്വങ്ങള്‍ക്കെതിരെയുള്ള ഇടപെടലുകളും വൈജ്ഞാനിക മേഖലയിലെ അവരുടെ ദാര്‍ശനിക സഞ്ചാരങ്ങളും കൃത്യമായി ഗ്രന്ഥം പ്രതിപാദിക്കുന്നു. മുസ്‍ലിംകളുടെ അമീര്‍, ഹിന്ദു രാജാവായ സാമൂതിരിപ്പാടാണെന്ന് ആഹ്വാനം ചെയ്യുന്ന സൈനുദ്ധീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീനാണ് കേരളത്തിന്റെ ചരിത്ര നിര്‍മിതിയില്‍ ആദ്യത്തെ സെക്കുലര്‍ വീക്ഷണം കാഴ്ചവെച്ച ഗ്രന്ഥം എന്ന് എഴുത്തുകാരന്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ ബഹുസ്വര സാംസ്‌കാരിക പരിസരം രൂപീകരിക്കുന്നതില്‍ സൂഫിസത്തിന്റെയും സൂഫികളുടെയും പങ്ക് നിസ്തുലമായിരുന്നു അജ്മീറിലെ ശൈഖ് മുഈനുദ്ധീന്‍ ചിശ്തി, ഡല്‍ഹിയിലെ നിസാമുദ്ധീന്‍ ഔലിയ, ബഖ്തിയാര്‍ കഅ്കി, ശാഹ് വലിയുല്ലാഹ് അദ്ദഹ്‍ലവി, ശൈയ്ഖ് അഹ്‌മദ് സര്‍ഹിന്ദി പോലോത്തവര്‍ ഇതില്‍ പ്രധാനികളാണ്. എന്നാല്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച് ന്യൂഡല്‍ഹിയിലെ ഡിക്ഷണറി ഓഫ് മാര്‍ട്ടിയേഴ്‌സില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‍ലിയാര്‍ എന്നിവരുടെ പേരുകള്‍ വെട്ടിമാറ്റിയത് ഉദ്ധരിച്ചുകൊണ്ട് ഭരണകൂടം യഥാര്‍ത്ഥ ചരിത്രത്തെയും സമര പോരാളികളെയും ഭയക്കുന്നു എന്നും ചരിത്രയാഥാര്‍ഥ്യങ്ങളെ വളച്ചൊടിച്ചുകൊണ്ടുള്ള കൊളോണിയല്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ തന്നെയാണ് ഇന്ത്യയിലെ ഫാഷിസ്റ്റു ഭരണകൂടവും പിന്തുടരുന്നത് എന്നും ഗ്രന്ഥകാരന്‍ വിമര്‍ശിക്കുന്നു.

സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ യഥാര്‍ത്ഥ ചരിത്ര വസ്തുതകളെ മനസ്സിലാക്കാന്‍ ഏറെ സഹായകരമായ ഗ്രന്ഥമാണിത്. 95 പേജുകളുള്ള ഈ പുസ്തകത്തിന് 160 രൂപയാണ് വില. ബുക്ക് പ്ലസ് ആണ് പ്രസാധകർ.

About The Author:

(വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter