പ്രവാചക ജീവിതം ഒറ്റ നോട്ടത്തില്‍
ജനനം: 570. CE (ഗജ വർഷം, റബീഉൽ അവ്വൽ. 12) — BH52
സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന മക്കയിൽ. കഅബ തകർക്കാനെത്തിയ അബ്രഹത്തിന്റെ നേതൃത്വത്തിലുള്ള ആനപ്പടയെ നശിപ്പിച്ച ആനക്കലഹ സംഭവം നടന്നതിന് ശേഷം, ഉദ്ദേശം 55 ദിവസങ്ങൾക്കു ശേഷമായിരുന്നു തിരുപ്പിറവി.
പിതാവ്: ഖുറൈശീ പ്രമുഖൻ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല. നബിയുടെ ജനനത്തിനു ഏതാനും ദിവസങ്ങൾക്കു മുമ്പ്, വ്യാപാരാവശ്യാർത്ഥം ശാമിൽ പോയി തിരിച്ചു വരുന്ന വഴി അദ്ദേഹം മദീനക്കടുത്തു വെച്ചു മരണപ്പെട്ടു.
മാതാവ്: സുഹ്‌റ ഗോത്രത്തലവൻ വഹബിന്റെ മകൾ ആമിന ബീവി(റ).
ഗോത്രം, വംശ പരമ്പര: ഇസ്മായിൽ നബിയുടെ സന്താന പരമ്പരയിൽ വരുന്ന അദ്‌നാൻ എന്നിവരിലാണ് പ്രവാചകരുടെ വംശാവലി സന്ധിക്കുന്നത്. ഈ ശൃംഖലയിൽ പെട്ട ഫിഹ്ർ ബിൻ മാലിക് "ഖുറൈശ്" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ പരമ്പരയിൽ ഹാശിമിന്റെ പുത്രനായ അബ്ദുൽ മുത്തലിബിന്റെ പുത്രൻ അബ്ദുല്ലയുടെ മകനായി ഖുറൈശ് ഗോത്രത്തിലെ സമുന്നത ഉപവംശമായ ബനൂ ഹാശിമിലായിരുന്നു (ഹാശിം വംശം) പ്രവാചകരുടെ ജനനം.
നാമം: മുഹമ്മദ് ബിൻ അബ്ദുല്ല. പിതാമഹൻ അബ്ദുൽ മുത്തലിബാണ് ‘മുഹമ്മദ്’ എന്നു പേരിട്ടത്. അറബികൾക്കിടയിൽ തീരെ സുപരിചിതമായിരുന്നില്ല ഈ നാമം. “വാഴ്ത്തപ്പെട്ടവൻ”, “സ്തുതിക്കപ്പെട്ടവൻ” എന്നൊക്കെയാണ് പേരിനർത്ഥം. തനിക്കുണ്ടായ സ്വപ്നദര്‍ശനത്തിലൂടെ ഈ പേര് നല്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത് പ്രകാരമാണ് അതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പാലൂട്ടി വളർത്തിയവർ: പ്രസവിച്ച ആദ്യ നാളുകളിൽ ഉമ്മ ആമിന ബീവി തന്നെയാണ് കുഞ്ഞിന് മുലപ്പാൽ നൽകിയത്. തുടർന്ന് കുറച്ചു നാൾ സുവൈബതുൽ അസ്‌ലമിയ എന്ന അടിമ സ്ത്രീ പാലൂട്ടി. പിന്നീട് അക്കാലത്തെ അറബികളുടെ പതിവ് രീതിയനുസരിച്ചു, ബനൂ സഅദ് ഗോത്രത്തിലെ ഹലീമ എന്നവരെ മുലയൂട്ടാന്‍ ഏല്പിച്ചു . നാല് വർഷം അവരോടൊപ്പം തുടർന്നു.
നാലാം വയസ്സ് - മലക്കുകളുടെ ശസ്ത്രക്രിയ (CE.574. /BH -48)
ഹലീമാ ബീവിയുടെ കൂടെയായിരിക്കെ നടന്ന സംഭവം. രണ്ടു ശുഭ്ര വസ്ത്ര ധാരികൾ (മലകുകള്‍) പ്രത്യക്ഷപ്പെട്ട് നബിയുടെ നെഞ്ച് പിളർത്തി, ഹൃദയം പുറത്തെടുത്ത് കറുത്തൊരു ഭാഗം നീക്കം ചെയ്ത് ഹൃദയം ശുദ്ധീകരിച്ചു തൽസ്ഥാനത്തു തന്നെ തുന്നിച്ചേർത്തു.
ആറാം വയസ്സ് - മാതാവിന്റെ വിയോഗം (CE. 576 /BH -46)
ഹലീമ ബീവി തിരിച്ചേല്പിച്ചതിന് ശേഷം രണ്ടു വർഷക്കാലം നബി ഉമ്മയോടൊപ്പം വളർന്നു. പ്രായം ആറു തികഞ്ഞ സമയത്ത് മാതാവിനും ഉമ്മു ഐമൻ എന്ന അടിമസ്ത്രീക്കുമൊപ്പം മദീനയിലേക്കു (അന്നത്തെ യസ്‌രിബ്) യാത്രപോയി, തിരിച്ചു വരുന്ന വഴിയിൽ 'അബവാഅ്' എന്ന സ്ഥലത്തു വെച്ചു ആമിനാ ബീവി മരണപ്പെട്ടു.
എട്ടാം വയസ്സ് - അബ്ദുൽ മുത്തലിബിന്റെ വിയോഗം (CE 578. /BH -44)
മക്കയിലേക്ക് തിരിച്ചെത്തിയ നബി പിതാമഹൻ അബ്ദുൽ മുത്തലിബിന്റെ സംരക്ഷണത്തിലാണ് വളർന്നത്. പക്ഷെ ആ തണലും അധികം നീണ്ടു നിന്നില്ല, രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹവും ഇഹലോക വാസം വെടിഞ്ഞു. തുടർന്ന് പിതൃവ്യൻ അബൂതാലിബ് ആണ് പ്രവചാകരുടെ സംരക്ഷണം ഏറ്റെടുത്തത്.
പന്ത്രണ്ടാം വയസ്സ് - ബുഹൈറ എന്ന പുരോഹിതനെ കണ്ടുമുട്ടുന്നു ( CE.583 . /BH -39)
ശൈശവം പിന്നിട്ട പ്രവാചകര്‍, അബൂതാലിബിനെ അദ്ദേഹത്തിന്റെ കച്ചവടത്തിൽ സഹായിച്ചു വളർന്നു. ഒരിക്കൽ പിതൃവ്യനൊപ്പം ശാമിലേക്ക് വ്യാപാരത്തിനായി പുറപ്പെട്ട സമയം. വഴി മദ്ധ്യേ ബുഹൈറ എന്ന ക്രിസ്തീയ പുരോഹിതനെ കണ്ടുമുട്ടി. വഴിയിൽ നബിക്ക് വേണ്ടി പ്രകൃതി ഒരുക്കിയ അത്ഭുത കാഴ്ചകൾ കണ്ട അദ്ദേഹം 'പുരാതന ഗ്രന്ഥങ്ങൾ പ്രവചിക്കുന്ന ഭാവിയിലെ അന്ത്യദൂതനാണിതെന്നു പ്രവചിച്ചു. അബൂതാലിബിനോട് കുട്ടിയെ ശ്രദ്ധയോടെ വളർത്താൻ ആജ്ഞാപിച്ചു.
ഇരുപതാം വയസ്സ് - ഫിജാർ യുദ്ധം (CE.591 /BH -31)
പ്രവാചകർ സംബന്ധിച്ച പ്രഥമ യുദ്ധം. കിനാനക്കാരും ഖൈസുകാരും മക്കയിലെ ഉക്കാള് സൂഖിൽ വെച്ച് നടന്ന സംഘട്ടനമായിരുന്നു ഇത്. കിനാനക്കാരുടെ സഖ്യ കക്ഷിയായിരുന്ന ഖുറൈശികൾക്കൊപ്പം ചേർന്നു യോദ്ധാക്കകൾക്ക് അസ്ത്രങ്ങളെടുത്തു കൊടുത്തും അഭ്യാസങ്ങൾ നടത്തിയും നബിയും ധീരത തെളിയിച്ചു. കുതിര സവാരിയും പരിശീലിച്ചു.
ഇരുപതാം വയസ്സ്- ഹില്‍ഫുല്‍ ഫൂദൂല്‍ (CE.591 /BH -31)
ഫിജാര്‍ യുദ്ധ ശേഷം ഖുറൈശികൾ കൈകൊണ്ട സുപ്രസിദ്ധ കരാർ, മക്കകത്തു വെച്ച് അകാരണമായി മര്‍ദ്ധിക്കപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുമെന്ന് ഖുറൈശിലെ പ്രുമുഖ ഉപഗോത്രങ്ങൾ സംയുക്തമായി പ്രതിഞ്ജയെടുത്തു. മർദ്ധിതന്റെ നീതിക്കായുള്ള ഈ ചരിത്ര ഉടമ്പടിയിൽ ഗോത്ര കാരണവർക്കൊപ്പം നബിയും പങ്കാളിയായി.
ഇരുപത്തിയഞ്ചാം വയസ്സ് -ഖദീജ ബീവി (റ) യുമായുള്ള വിവാഹം (CE.595 /BH -27)
നബിയുട സ്വഭാവ സവിശേഷത മക്കയിലെ വര്‍ത്തക പ്രമുഖയായിരുന്ന ഖുവൈലിദിന്റെ പുത്രി ഖദീജ ബീവിയുടെ കാതുകളിലുമെത്തി. ബീവിയുടെ നിര്‍ദ്ദേശപ്രകാരം, അവരുടെ കച്ചവട സാമഗ്രികളുമായി നബി ശാമിലേയ്ക്ക് തിരിച്ചു. കൂടെ മൈസറ എന്ന ഭൃത്യനുമുണ്ടായിരുന്നു. അഭൂത പൂർണ്ണമായ ലാഭവിഹിതവുമായി ഇരുവരും തിരിച്ചു വന്നു. ഇത് ബീവിയുടെ മനസ്സിൽ നബിയുകുറിച്ചുള്ള മതിപ്പിന് ഹേതുകമായി. താമസിയാതെ, 40 വയസ്സ് പ്രായമായിരുന്ന ഖദീജ(റ) വിവാഹാഭ്യർത്ഥന നടത്തി. ഇരുപത് ഒട്ടകങ്ങൾ മഹറു നൽകി നബി മഹതിയെ ഇണയായി സ്വീകരിച്ചു. ബീവിയുടെ മരണം വരെ മറ്റൊരു വിവാഹം നബി കഴിച്ചിരുന്നില്ല തന്നെ.
മുപ്പത്തിയഞ്ചാം വയസ്സ് – കഅ്ബാ പുനര്‍നിര്‍മാണവും വിധിതീര്‍പ്പും (CE 605./ BH -17)
കഅ്ബ പുനർ നിർമാണ വേളയിൽ ഹജറുൽ അസ്‍വദ് സ്ഥാപിക്കുന്ന കാര്യത്തിൽ ഖുറൈശി ഗോത്രങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തു. അതൊരു അഭ്യന്തരയുദ്ധത്തിന്‍റെ വക്കോളമെത്തി. തർക്കപരിഹാരമെന്നോണം, 'ആദ്യമായി വിശുദ്ധ കവാടം വഴി കടന്നുവരുന്ന വ്യക്തിയുടെ നിർദ്ദേശത്തിന് വഴങ്ങാം' എന്ന തീരുമാനത്തിലെത്തി സർവരും. അതിനു നാഥൻ നിശ്ചയിച്ചാകട്ടെ തിരു ദൂതരേയും.
പ്രവാചകൻ എല്ലാ ഗോത്രനേതാക്കളെയും ചേർത്തി നിർത്തി ഒരു വിരിപ്പിൽ കല്ല് വെക്കാൻ ആജ്ഞ നൽകി. എല്ലാവരും ചേർന്ന് കല്ല് ഉയർത്തിയ ശേഷം, തിരു കരങ്ങൾകൊണ്ട് കല്ല് എടുത്തു തൽസ്ഥാനത്ത് പ്രവാചകർ തന്നെ സ്ഥാപിച്ചു. കൂടിനിന്നവരുടെയെല്ലാം പരിഭവം തീർന്നു. പ്രശ്നത്തിന് രമ്യമായ പരിഹാരവും. പ്രവാചകരുടെ നേതൃഗുണം മറ്റുള്ളവരെ ബോധ്യപ്പെടുത്തിയ പ്രധാന സംഭവം കൂടിയായിരുന്നു ഇത്.
നാല്പതാം വയസ്സ് - വഹ്‌യിന്റെ (ദിവ്യ ബോധനം) ആരംഭം (CE 610 /BH -12)
പ്രവാചകർ ഹിറയിൽ ഏകാന്ത വാസത്തിലിരിക്കെ ഒരു റമദാൻ 17 ന്റെ പുണ്യ രാത്രിയിൽ ജിബ്രീല്‍ ഗുഹക്കകത്തു പ്രത്യക്ഷപ്പെട്ടു, 'വായിക്കുക' എന്നാവശ്യപ്പെട്ടു. വായിക്കാനറിയില്ലെന്നു പറഞ്ഞ നബിയെ മാലാഖ തന്നിലേക്ക് അണച്ച് ചേർത്തു പിടിച്ചു. രണ്ടാവൃത്തി കൂടി ഇങ്ങനെ തന്നെ സംഭവിച്ചു. അവസാനം മാലാഖ ചൊല്ലി കൊടുത്തു: "സ്രഷ്ടാവായ താങ്കളുടെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക.......", തുടങ്ങി വിശുദ്ധ ഖുർആനിലെ 96ആം അദ്ധ്യായത്തിൽ നിന്നും 1 മുതൽ 5 വരെയുള്ള സൂക്തങ്ങൾ.
സംഭവിച്ചതെന്തെന്നറിയാതെ അന്ധാളിച്ചു നിന്ന നബി ധൃതിയിൽ വീട്ടിലേക്കു മടങ്ങി.
നബിയെയും കൊണ്ട് പത്നി ഖദീജാ ബീവി തന്റെ പിതൃസഹോദരപുത്രനായ വറഖത്ത് ബിന്‍ നൌഫലിനെ സമീപിച്ചു. സംഭവമെല്ലാം കേട്ട വറഖ പറഞ്ഞു "ഇത് മൂസായുടെ അടുക്കല്‍ നിയോഗിക്കപ്പെട്ട മാലാഖ തന്നെയാണ്. വേദങ്ങൾ പ്രവചിക്കുന്ന അന്ത്യദൂതനാണ് നിങ്ങൾ.
രഹസ്യ പ്രബോധനം 3 വര്‍ഷം
മനസ്സ് ശാന്തതയും ധൈര്യവും സംഭരിച്ചപ്പോൾ നബി(സ്വ) തന്റെ ദൗത്യ നിർവഹണത്തിനിറങ്ങി. ഓരോരുത്തരെയും നേരിൽ കണ്ട് സ്രഷ്‍ടാവിന്റെ ഏകത്വത്തെ പരിചയപ്പെടുത്തി. പ്രിയതമ ഖദീജ ബീവി ആദ്യം വിശ്വസിച്ചു, തുടർന്ന് പിതൃവ്യ പുത്രൻ അലി(റ)യും സന്തത സഹചാരി അബൂബക്കറും(റ) വളർത്തുമകൻ സൈദുബിനു ഹാരിസയും(റ) സത്യസാക്ഷികളായി. അബൂക്കർ(റ) വഴി ഒത്തിരി പേർ സത്യമതത്തിൽ ആകൃഷ്ടരായി. അതീവ രഹസ്യമായ ഈ പ്രബോധനം മൂന്നു വർഷം നീണ്ടുനിന്നു.
നാല്പത്തി മൂന്നാം വയസ്സ് - പരസ്യ പ്രബോധനം (CE 613 /BH -09)
മൂന്നുവർഷത്തെ രഹസ്യ പ്രബോധനത്തിനു ശേഷം, സന്ദേശം പരസ്യപ്പെടുത്താനും ബന്ധുക്കളെ കൂടുതലായി ക്ഷണിക്കാനും ദൈവിക കല്പനയുണ്ടായി. തുടർ ദിവസങ്ങളിൽ തന്റെ പിതൃ സഹോദരങ്ങളെ ഒരുമിച്ചു കൂട്ടി സത്യമാർഗം അവർക്കു സമക്ഷം പരിചയപ്പെടുത്തി, അബൂലഹബ് അടക്കമുള്ളവർ ആക്രോശ ശരങ്ങൾ എയ്തുവിട്ട് ചീത്ത വിളിച്ചു പരിഹസിച്ചു. വരും ദിനങ്ങൾ അത്ര ശുഭകരമല്ലെന്നു നബിയെ ബോധ്യപ്പെടുത്തികൊടുക്കുന്നതായിരുന്നു ഖുറൈശികളുടെ പ്രതികരണം
നാല്പത്തിയേഴാം വയസ്സ് -ഉപരോധം,ബഹിഷ്കരണം (CE 617 /BH -05)
സത്യ സന്ദേശം ജനങ്ങൾക്കിടയിൽ ദിനം പ്രതി കൂടുതൽ സ്വീകാര്യത നേടിക്കൊണ്ടിരുന്നു. മക്കയിലെ അതീവ ധീരശാലികളായ ഹംസ(റ) യും ഉമർ(റ) വും ഇസ്‍ലാം സ്വീകരിച്ചത് ശത്രുക്കളെ കൂടുതൽ പ്രകോപിതരാക്കി. താമസിയാതെ ശത്രുപക്ഷം ഐകകണ്ഠേന നബിയെ വധിച്ചു കളയുമെന്ന പ്രഖ്യാപനം നടത്തി. പക്ഷേ പിതൃവ്യൻ അബൂത്വാലിബ് ഹാശിം-മുത്വലിബ് കുടുംബങ്ങളെ വിളിച്ചുചേര്‍ത്തു നബി തിരുമേനിക്ക് സംരക്ഷണ കവചമൊരുക്കാൻ ആവശ്യപ്പെട്ടു.
ഈ നീക്കം ഖുറൈശികളെ ഹാശിം-മുത്വലിബ് ഗോത്രങ്ങള്‍ക്കെതിരെ ഉപരോധമേർപ്പെടുത്താൻ നിർബന്ധിച്ചു. മക്കയിലെത്തുന്ന ഭക്ഷ്യവസ്തുക്കൾ ലഭ്യമാവാതെ ഉദ്ദേശം മൂന്നു വർഷക്കാലം ശിഅ്ബ് അബൂത്വാലിബിൽ നബിയും ഇരു ഗോത്രങ്ങളും പച്ചിലകളും തോലും മാത്രം ഭക്ഷിച്ചു കഴിഞ്ഞു കൂടി.
ദുഃഖ വർഷം 619 CE (BH -03)
ഉപരോധം അവസാനിച്ചയുടനെ പ്രവാചകരെ അങ്ങേയറ്റം വേദനിപ്പിച്ച രണ്ടു വേർപാടുകളുണ്ടായി. ഏത് പ്രതിസന്ധിയിലും നബിക്കു മുമ്പിൽ ശക്തമായ സംരക്ഷണ കവചം തീർത്ത പിതൃ സഹോദരൻ അബൂതാലിബിന്റെ വിയോഗമായിരുന്നു അതിലൊന്ന്.
അൽപ ദിവസങ്ങൾക്ക് ശേഷം ഇരുപത്തഞ്ചു വർഷങ്ങളുടെ ഒരുമിച്ചുള്ള ജീവിതമ വസാനിപ്പിച്ചു ജീവിത പങ്കാളി മഹതി ഖദീജയും വേർപിരിഞ്ഞു.
ത്വായിഫ് യാത്ര ( CE 619 /BH -03)
ശത്രുക്കൾ പീഢന പർവ്വം ശക്തിപ്പെടുത്തിയപ്പോൾ 'സഹായം തേടി പ്രവാചകർ മക്കയുടെ അയൽ നാടായ തായിഫിലേക്ക്, സഖീഫ് ഗോത്രക്കാരെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. പക്ഷേ, പ്രതീക്ഷക്ക് വിരുദ്ധമായി, അവര്‍ നബിക്ക് അഭയം നൽകിയില്ല, ചെറിയ കുട്ടികളെയും ഭ്രാന്തമാരെയും നബിക്കെതിരില്‍ തിരിച്ചു വിട്ടു പരിഹസിക്കാനും കല്ലെറിയാനും തുടങ്ങി. ഗത്യന്തരമില്ലാതെ അവിടെ നിന്നും മക്കയിലേക്കു തന്നെ മടങ്ങി.
അമ്പതാം വയസ്സ് -നിശാപ്രയാണവും ആകാശ യാത്രയും (CE. 620 /BH -02)
ഹിജ്റയുടെ തൊട്ടു മുമ്പ് പ്രവാചകർക്ക്(സ്വ) നാഥൻ കരുതിവെച്ച വിശിഷ്ട അംഗീകരമായിരുന്നു ഇസ്റാ വൽ മിറാജ് അഥവാ നിശാപ്രയാണവും ആകാശ യാത്രയും. ഒറ്റ രാത്രിയിൽ ജിബ്‌രീലിനൊപ്പം ബുറാഖ് എന്ന പ്രത്യേക വാഹനപ്പുറത്തേറി മക്കയില്‍നിന്ന് ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദസിലെത്തുകയും, അവിടെ സന്നിഹിതരായിരുന്ന നബിമാര്‍ക്ക് ഇമാമായി നിസ്കരിക്കുകയും ചെയ്തു.
തുടർന്ന് ഏഴ് ആകാശങ്ങളും താണ്ടി, അത്യുന്നതനായ പ്രപഞ്ച നാഥനെ സമീപിച്ചു, അഭിസംബോധന നടത്തി, ദിവ്യ ബോധനം സ്വീകരിച്ച് പുലരും മുമ്പേ മക്കയിൽ തന്നെ തിരിച്ചെത്തി, ഇതായിരുന്നു ഇസ്റാ വൽ മിറാജ്. സ്വസമുദായത്തിന് പാരിതോഷികമായി അഞ്ചു നേരത്തെ നിസ്കാരം നൽകപ്പെട്ടത് ഈ യാത്രയില്‍, ദൈവികസന്നിധിയില്‍ വെച്ചായിരുന്നു.
അമ്പത്തി രണ്ടാം വയസ്സ് -ഹിജ്‌റ (പാലായനം) CE.622 ഹിജ്‌റ വർഷാരംഭം
മക്കയിലേക്ക് തീർത്ഥാടനത്തിനെത്തുന്നവർ നബിയെ കേൾക്കാനെത്തുന്നത് പതിവായി. യസ്രിബിൽ നിന്ന് വന്ന ഔസ്-ഖസ്‌റജ് സംഘം രണ്ടുഘട്ടങ്ങളിലായി നബിയുമായി കൂടിക്കാഴ്ച നടത്തി. വിശ്വാസികളായി മക്കയിൽ നിന്ന് ആര് തന്നെ വന്നാലും അവർക്ക് പൂര്ണാര്ത്ഥത്തിലുള്ള സംരക്ഷണ കവചം തീർക്കുമെന്നു അവർ ഉറപ്പു നൽകി. ചരിത്രത്തിൽ അഖബാ ഉടമ്പടികൾ എന്നറിയപ്പെട്ട ഈ ഉടമ്പടിക്കു പിന്നാലെ പ്രവാചകർ വിശ്വാസികൾക്ക് മദീനയിലേക്ക് പലായനം ചെയ്യാനുള്ള അനുമതി നൽകി. വിശ്വാസികൾ യാത്ര ചെയ്തു തുടങ്ങി.
വലിയൊരു അനുയായി വൃന്ദം മക്ക വിട്ടതിന് ശേഷം, വിശുദ്ധ റസൂൽ(സ്വ) സന്തത സഹചാരി അബൂബക്ർ(റ) ന്റെ കൂടെ പലായനത്തിനൊരുങ്ങി. സ്വഫര്‍ 27ന് പുലർച്ചെ പുറപ്പെട്ട ഇരുവരും, സൗര്‍ പര്‍വത ഗുഹയിലെ മൂന്ന് ദിവസത്തെ രഹസ്യവാസത്തിന് ശേഷം, ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് പാത്തും പതുങ്ങിയും 12 ദിവസങ്ങൾക്കൊടുവിൽ, റബീഉല്‍ അവ്വല്‍ 8 തിങ്കളാഴ്ച ദിവസം മദീനയിലെ ഖുബാഇലെത്തി. നാലു ദിവസം അവിടെ തങ്ങിയതിന് ശേഷം മദീനയുടെ ഹൃദയഭാഗത്തെത്തി.
ത്വലഅൽ ബദ്റുവിന്റെ ഈണവും ദഫ് മുട്ടിന്റ താളവുമായി ആബാലവൃദ്ധം ചേർന്ന് നബിക്ക് ഊഷ്മളമായ വരവേല്‌പൊരുക്കി സ്വീകരിച്ചു.
മസ്ജിദുന്നബവിയുടെ നിർമാണം (CE.622)
മദീനയിലിറങ്ങിയ പ്രവാചാകരുടെ പ്രഥമ ഉദ്യമം മസ്ജിദുന്നബവിയുടെ നിർമാണ പൂർത്തീകരണമായിരുന്നു. ക്രമേണ മസ്ജിദിനു ചുറ്റും പുതിയ വീടുകളും പുതിയ സമൂഹവും സംസ്കാരവും വളർന്നു, താമസിയാതെ യസ്‌രിബ് 'മദീനതു റസൂൽ' എന്ന നാമധേയത്തിൽ വിശ്രുതമാവുകയും ഇസ്‍ലാമിക ഭരണത്തിന്റെ വിളനിലമായിതീരുകയും ചെയ്തു.
മദീനാ വിളംബരം (ദസ്തൂർ അൽ-മദീന) (CE.622)
മദീനയിലെത്തിയ പ്രവാചകർ പുതിയൊരു ഭരണഘടനക്ക് രൂപം നൽകി. മക്കയിൽ നിന്ന് പലായനം ചെയ്തെത്തിയ മുഹാജിറുകളുടെയും അവർക്കു ആശ്രയം നൽകിയ അൻസാറുകളുടെയും ധാര്‍മികത, രാഷ്ട്രീയ സുസ്ഥിരത, വിദ്യാഭ്യാസം, സാമൂഹിക നീതി, സാമ്പത്തിക ക്ഷേമം എന്നീ അഞ്ച് അടിത്തറകളില്‍ കെട്ടിപ്പടുക്കപ്പെട്ട അനുപമമായ ഒരു ഇസ്‍ലാമിക ഭരണക്രമമായിരുന്നു ഇത്.
ജൂതന്മാരും ക്രൈസ്തവരും ഉൾപ്പെടെ അവിശ്വസികൾക് അവരുടെ വിശ്വാസാചാരങ്ങളുമായി മുന്നോട്ടുപോവാനുള്ള സ്വാതന്ത്ര്യവും വിദേശ രാജ്യങ്ങളുമായി കൈക്കൊള്ളേണ്ട നയതന്ത്ര ബന്ധവും പരാമർശിക്കപ്പെട്ട അതി ബൃഹത്തായൊരു ഭരണഘടനയായിരുന്നു അത്.
പ്രതിരോധം, സൈനിക നീക്കങ്ങൾ
വിശ്വാസ സംരക്ഷണത്തിനും പ്രതിരോധത്തിനും വേണ്ടി ശത്രുക്കൾക്കെതിരെ ചില സൈനിക നീക്കങ്ങളും നടത്തേണ്ടി വന്നിട്ടുണ്ട്. ഹിജ്‌റ വർഷം രണ്ടിലെ ബദര് യുദ്ധം മുതൽ ഹിജ്‌റ ഒമ്പതിലെ തബൂക്ക് യുദ്ധം വരെ വരെ 27 സൈനിക നീക്കങ്ങൾ പ്രവാചകര്‍ നേരിട് നടത്തി.
3 AH/CE624-625 ൽ നടന്ന ഉഹ്ദ് യുദ്ധം, 5 AH/CE626-627 ൽ നടന്ന ഖന്ദഖ് (അഹ്‌സാബ്) യുദ്ധം 7 AH/CE628-629 ൽ നടന്ന ഖൈബർ യുദ്ധം, 9 AH/CE630-631 ൽ നടന്ന തബൂക്ക് യുദ്ധം എന്നിവ അതിൽ പ്രധാനപ്പെട്ടതായിരുന്നു. ഇവയിൽ ശത്രുക്കളെ കണ്ടു നേരിട്ട് അഭിമുഖീകരിക്കാത്ത യുദ്ധങ്ങളും ചോര തീരെ ചിന്താത്ത യുദ്ധങ്ങളും ഉൾപെടും.
57 -ാം വയസ്സ് / ഹുദൈബിയ സന്ധി CE628/AH6
ഹിജ്‌റയുടെ ആറാം വർഷം നബിയും 1500 അനുയായികളും മക്കയിലേക്ക് തീർത്ഥാടനത്തിനു വേണ്ടി പുറപ്പെട്ടു. ഇഹ്‌റാം കെട്ടിയ വസ്ത്രമണിഞ്ഞു തീർത്തും നിരായുധരായിട്ടായിരുന്നു യാത്ര. വിവരം താമസിയാതെ മക്കയിലെത്തി, ശത്രുപക്ഷം ഹുദൈബിയയിൽ വെച്ച് അവരെ തടഞ്ഞു. പരസ്പരം ധാരണയുണ്ടാക്കി മദീനയിലേക്ക് തന്നെ മടക്കിയയ്ക്കാനായിരുന്നു അവരുടെ തീരുമാനം. അതിനുവേണ്ടി, പ്രഥമദൃഷ്ട്യാ മുസ്‌ലിംകൾക്ക് ഏറെ ദുഷ്കരവും വളരെ പ്രതികൂലവുമായ ഒരു കരാറുണ്ടാക്കി. സന്ധിയിലെ നിബന്ധനകൾ അനുയായികൾക്കിടയിൽ കടുത്ത അമർഷവും നിരാശയുമുണ്ടാക്കി. പക്ഷെ പ്രവാചകർ എല്ലാം തികഞ്ഞ മൗനത്തോടെ അംഗീകരിച്ചു, അവരുമായി മദീനയിലേക്ക് തന്നെ മടങ്ങി. വൈകാതെ, ആ സന്ധിയുടെ സദ്ഫലങ്ങള്‍ കണ്ട് തുടങ്ങി.
59-ാം വയസ്സ് / മക്ക വിജയം –CE630/AH8
ഇതിനിടെ ഖുറൈശികൾ ഹുദൈബിയ സന്ധി വ്യവസ്ഥ ലംഘിച്ചു കൊണ്ട് മുസ്‍ലിം സഖ്യ കക്ഷികളായ ഖുസാഅ ഗോത്രത്തെ ആക്രമിച്ചു. ഇതിനെത്തുടർന്ന്, പതിനായിരം സൈനികരുമായി തിരുദൂതർ മക്കയിലേക്ക് പടനയിച്ചു. സൈന്യത്തിന് മുമ്പിൽ അവർക്കു പിടിച്ചു നിൽക്കാനായില്ല. റമദാൻ മാസം റസൂൽ(സ്വ) അനുയായികൾക്കൊപ്പം കഅബക്കരികിലേക്ക് മാർച്ച് ചെയ്തു. ഒരു തുള്ളി ചോരപോലും പൊടിയാതെ മക്ക ഇസ്‍ലാമിന് കീഴിലായി. മക്കാ വിജയത്തോടുകൂടി നബി(സ്വ) അറേബ്യയിലെ അനിഷേധ്യ ഭരണാധികാരിയായി. കഅബ സന്ദർശിച്ച ശേഷം വിജശ്രീലളിതനായി പ്രവാചകർ തനിക്കഭയം നൽകിയ മദീനയിലേക്കു തന്നെ തിരിച്ചു.
വിടവാങ്ങൽ ഹജ്ജ് 631/632 / AH10
ഹിജ്‌റ പത്താം വർഷം നബിയുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെട്ടു. വിശ്വാസികൾ നബിക്കൊപ്പം ഒഴുകിയെത്തി. ഹജ്ജിനോടനുബന്ധിച്ച് നടന്ന അറഫാ സംഗമത്തിൽ വെച്ച് ചരിത്ര പ്രസിദ്ധമായ പ്രഭാഷണം നിർവഹിച്ചു. വിശുദ്ധ മതത്തെ പൂർത്തീകരിച്ചതായും തന്റെ ദൗത്യത്തിനു പരിസമാപ്തി കുറിക്കപ്പെട്ടതായും പ്രസ്തുത പ്രഭാഷണത്തിൽ പ്രഖ്യാപനം നടത്തി. ഇത് വിടവാങ്ങല്‍ പ്രസംഗമാണെന്ന് അത് കേട്ട പല പ്രമുഖരും അപ്പോള്‍ തന്നെ മനസ്സിലാക്കി.
63 വയസ്സ് /വഫാത് ഹജ്ജ് 632 / AH11
ഹജ് കർമം കഴിഞ്ഞു തിരിച്ചെത്തിയ നബിക്ക് പനി ബാധിച്ചു. ഹിജ്‌റ വർഷം 11 റബീഉൽ അവ്വൽ 12 ന് തിങ്കളാഴ്ച, രോഗം മൂർച്ഛിച്ചു. പുലർച്ചെ ആയിശ ബീവിയുടെ മടിയിൽ തലവെച്ചു തന്റെ അറുപത്തിമൂന്നാം വയസ്സിൽ വിശുദ്ധ റസൂൽ(സ്വ) വഫാത്തായി. മസ്ജിദുന്നബവിയുടെ ചാരെ ആഇശ(റ)യുടെ വീട്ടിൽ തന്നെ അന്ത്യവിശ്രമത്തിനുള്ള സ്ഥലമൊരുക്കി.
കുടുംബം
പ്രവാചക പത്നിമാർ
പ്രവാചകർ വിവാഹം കഴിക്കുകയും ഒന്നിച്ചു ജീവിക്കുകയും ചെയ്തവർ 11പേരാണ്. ഇവർ ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ മാതാക്കള്‍) എന്ന പേരിൽ അറിയപ്പെടുന്നു. സഹധർമ്മിണിമാരുടെ നാമവും വിവാഹം കഴിച്ച വർഷവും താഴെ ചേർക്കുന്നു.
- ഖദീജ ബിൻത് ഖുവൈലിദ് (റ) (CE.595 /BH -27)
- സൗദ ബിൻത് സംഅ (റ) ( CE 619 /BH -03)
- ആയിശ ബിൻത് അബൂബകർ (റ) ( CE 620 /BH -02)
- ഹഫ്സ്വ ബിൻത് ഉമർ (റ) ( CE 625 /AH -03)
- സൈനബ് ബിൻത് ഖുസൈമ (റ) ( CE 625 /AH -03)
- ഉമ്മു സലമ (ഹിന്ദ് )ബിൻത് അബൂ ഉമയ്യ) (റ) ( CE 626 /AH -04)
- സൈനബ് ബിൻത് ജഹ്‌ശ് (റ) ( CE 626 /AH -04)
- ജുവൈരിയ ബിൻത് അൽ-ഹാരിസ് (റ) ( CE 628 /AH -06)
- ഉമ്മു ഹബീബ (റമ്ല ബിൻത് അബൂ സുഫ്യാൻ) (റ) ( CE 628 /AH -06)
- സഫിയ്യ ബിൻത് ഹുയയ്‌യ് (റ) ( CE 629 /AH -07)
- മൈമൂന ബിൻത് ഹാരിസ് (റ) ( CE 629 /AH -07)
- മാരിയത്തുൽ ഖിബ്തിയ്യ (റ) അടിമ സ്ത്രീ
പ്രവാചകരുടെ എല്ലാ വിവാഹങ്ങൾക്കു പിന്നിലും വൈയ്യക്തിക താല്പര്യങ്ങൾക്കപ്പുറം മതകീയവും രാഷ്ട്രീയവുമായ കാരണങ്ങൾ ദർശിക്കാവുന്നതാണ്. അവ വിശദമായി ഇവിടെ വായിക്കാം.
നബിയുടെ മക്കൾ (7 മക്കൾ)
കാസിം, അബ്ദുല്ലാഹ്, ഇബ്രാഹീം, എന്നീ 3 ആൺ മക്കളും, സൈനബ്, റുകിയ, ഉമ്മു കുൽസും, ഫാത്തിമ എന്നീ 4 പെൺ മക്കളുമായിരുന്നു പ്രവാചകന്.
ഇവരിൽ ഇബ്രാഹീം അല്ലാത്ത ആറു മക്കളും ആദ്യ ഭാര്യ ഖദീജ ബീവിയിൽ നിന്നും, ഇബ്രാഹീം എന്നവർ മരിയത്തുൽ ഖിബ്തിയ എന്ന അടിമ സ്ത്രീയിൽ നിന്നുമായിരുന്നു. ആൺ മക്കളൊക്കെയും ശൈശവ കാലത്തും ഫാത്തിമ ബീവി അല്ലാത്ത പെൺ മക്കളൊക്കെയും അവരുടെ വിവാഹ ശേഷം നബിയുടെ ജീവിത കാലത്തു തന്നെ ഇഹലോക വാസം വെടിഞ്ഞിരുന്നു.
തിരുനബിയുടെ ആകാര സവിശേഷത
നബിയുടെ അനുയായികൾ തന്നെ റിപ്പോർട് ചെയ്ത പ്രകാരം സവിശേഷമായ ആകാര സൗന്ദര്യത്തിനുടമയിയിരുന്നു വിശുദ്ധ റസൂൽ(സ്വ). അതികായനോ ഹ്രസ്വകായനോ ആയിരുന്നില്ല. ചുവപ്പു കലര്‍ന്ന വെളുത്ത നിറത്തിലുള്ള പൗരുഷം നിറഞ്ഞ ദൃഢകായന്‍. നീട്ടി വളര്‍ത്താത്ത ഒതുങ്ങിയ തലമുടി, നീണ്ട മൂക്ക്, തെളിമയുള്ള നെറ്റിത്തടം, മൃദുലമായ കവിള്‍ത്തടങ്ങള്‍, കറുത്ത കണ്‍മണികള്‍, നീളമുള്ള കണ്‍പീലികൾ, അകന്ന പല്ലുകള്‍, എന്നിവ നബിയുടെ സവിശേഷതയായിരുന്നു. അവിടുത്തെ രണ്ടു ചുമലുകള്‍ക്കിടയില്‍ പ്രവാചക മുദ്രയുണ്ടായിരുന്നു.
നിശ്ശബ്ദതക്ക് ഗാംഭീര്യവും സംസാരത്തിന് ആകര്‍ഷണീയതയും പ്രസന്നതയും പ്രകടമായിരുന്നു. കോര്‍ത്തിണക്കിയ മുത്തുമണികള്‍ ഉതിര്‍ന്നുവീഴുംപോലെയുള്ള വചനങ്ങളായിരുന്നു അവിടത്തേത്.
ചുരുക്കത്തില്‍, ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഏറ്റവും സമ്പൂര്‍ണ്ണമായ വ്യക്തിത്വവും നേതൃത്വവുമായിരുന്നു പ്രവാചകര്‍ മുഹമ്മദ്(സ്വ). അതെ, സമ്പൂര്‍ണ്ണനായ ഒരു മനുഷ്യന്‍, അല്‍ഇന്‍സാനുല്‍കാമില്‍.



Leave A Comment