മാനസികാരോഗ്യ സംരക്ഷണത്തിൽ ഖുർആനിന്റെ പങ്ക്

മനുഷ്യാരോഗ്യത്തിന്റെ അവിഭാജ്യഘടകമാണ് മാനസികാരോഗ്യം. മതം, ജീവിതം, കുടുംബം, സമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിന് സമാനമാണ് മാനസികാരോഗ്യം നിലനിർത്തൽ. പത്താം നൂറ്റാണ്ടിലെ വിശ്വവിഖ്യാതപണ്ഡിതനായ അൽബൽഖി "SUSTENANCE FOR BODY AND SOUL" എന്ന രചനയിൽ ശരീരവും മനസ്സും തമ്മിലുള്ള ഇടപെടലുകൾക്ക് പ്രാമുഖ്യം നൽകുന്നുണ്ട്. പനി പോലെയുള്ള ശാരീരികാസുഖങ്ങൾ മാനസികാരോഗ്യത്തിൽ പങ്കുവഹിക്കുമെന്നും  സമാനമായി വിഷാദം പോലെയുള്ള മനഃശാസ്ത്രപരമായ രോഗങ്ങൾ ശാരീരികമായി പ്രകടമാവുമെന്നും അദ്ദേഹം  വ്യക്തമാക്കുന്നുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിലാണ് മുസ്‍ലിം ലോകത്ത് സൈക്യാട്രിക് ആശുപത്രികൾ നിലവിൽ വന്നത്. മാനസിക രോഗങ്ങൾക്ക് സൊമാറ്റിക്, സൈക്കോതെറാപ്പി പോലെയുള്ള ചികിത്സകൾ നൽകുന്നതിനോടൊപ്പം ഖുർആൻ പാരായണ തെറാപ്പി, സ്വഭാവ പരിഷ്കരണം തുടങ്ങിയ സമീപനങ്ങളും മുസ്‍ലിം ഡോക്ടർമാർ നടത്തിയിട്ടുണ്ട്. മുസ്‍ലിമിന് നിർബന്ധമായ അഞ്ചു നേരത്തെ നിസ്കാരം, ദുആ, ദിക്ർ, ഖുർആൻ പാരായണം തുടങ്ങിയവയും മാനസികാരോഗ്യ വർദ്ധനവിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

വിഷാദത്തിനടിമപ്പെട്ട മനസ്സിന്, ഖുർആനിക സൂക്തങ്ങളിലേക്ക് ഊളിയിടുമ്പോൾ ആശ്വാസവും മാർഗ്ഗദർശനവും ലഭ്യമാകുന്നു. ഖുർആനിക സൂക്തങ്ങളുടെ ഭാഷാസൗന്ദര്യവും അഗാധമായ അർത്ഥങ്ങളും കലുഷിതമായ മനസ്സിനെ ശാന്തതയിലേക്ക് നയിക്കുന്നു. സ്രഷ്‌ടാവിന്റെ കരുണ വിവരിക്കുന്ന സൂക്തങ്ങൾ ക്ലേശകരമായ മനസ്സിൽ പ്രത്യാശയുടെ പൂമൊട്ടുകൾ വിരിയിക്കുന്നു.


ഖുർആനിലെ പ്രവാചക ചരിത്രങ്ങൾ അവര്‍ അനുഭവിച്ച യാതനകൾ വിവരിക്കുന്നുണ്ട്. 950 വർഷങ്ങളോളം സത്യദീനിലേക്ക് ക്ഷണിച്ചിട്ടും അനുയായി വൃന്ദമില്ലാത്ത നൂഹ് നബി(അ), നിരപരാധിയായി ജയില്‍ വാസമനുഭവിച്ച യൂസഫ് നബി(അ), മാറാരോഗത്തിന്റെ പിടിയിലമർന്ന അയ്യൂബ് നബി(അ) തുടങ്ങി നിരവധി പ്രവാചകന്മാരെ നാഥൻ പരീക്ഷിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ഇഷ്ടദാസനായ മുഹമ്മദ് നബി(സ്വ)ക്ക് ജന്മനാട് വിട്ട് പാലായനം ചെയ്യേണ്ടി വരികയും നിരവധി ഉപദ്രവങ്ങൾ നേരിടേണ്ടി വരികയും ശത്രുക്കളുടെ പരിഹാസങ്ങൾക്കിരയാവേണ്ടി വരികയും ചെയ്തു.


അല്ലാഹു നൽകിയ ജീവിതത്തിന്റെ ഭാഗം തന്നെയാണ് പരീക്ഷണങ്ങൾ. വിഷാദാവസ്ഥയിൽ അകപ്പെടാതിരിക്കാനുള്ള മാർഗം ഇഹലോകം പ്രയാസ നിര്‍ഭരമാണെന്ന വസ്തുത തിരിച്ചറിയലാണ്. സൂറത്തുൽ ബലദിലെ നാലാം സൂക്തം ഈ അർത്ഥത്തിലേക്ക് വിരൽ ചൂണ്ടുന്നു. "തീർച്ചയായും നാം മനുഷ്യനെ പ്രയാസത്തിൽ സൃഷ്ടിച്ചു" (90:04). മക്കയിലെ അവിശ്വാസികളിൽ നിന്നും മുഹമ്മദ് നബി(സ)ക്ക് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നപ്പോൾ ആശ്വാസമായി ഇറങ്ങിയതാണ് ഈ വചനങ്ങൾ. മനുഷ്യനിൽ ആത്മാവ് സന്നിവേശിക്കപ്പെട്ടതു മുതൽ ഊരപ്പെടുന്നത് വരെ അവന് പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നും ആദം സന്തതിയേക്കാൾ പ്രയാസത്തിലായി ഒന്നിനെയും സൃഷ്ടിച്ചിട്ടില്ലെന്നും മുഹമ്മദ് അലി സ്വാബൂനിയുടെ സ്വഫ്‌വത്തുൽ തഫാസീറിൽ ബലദിലെ നാലാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ കാണാം.


കലുഷിതമായ മനസ്സിന്റെ മുറിവുകളെ സുഖപ്പെടുത്താൻ സാധ്യമാകുന്ന അനേകം സൂക്തങ്ങൾ നമുക്ക് ഖുർആനിൽ കാണാനാവും. "അല്ലാഹുവിന്റെ അനുമതിയോടെ മാത്രമേ ഏതൊരു വിപത്തും ആർക്കും ബാധിക്കുകയുള്ളൂ" (64:11). അടിമ നേരിടുന്ന പരീക്ഷണങ്ങളെല്ലാം ഉടമയിൽ  നിന്നാണെന്ന് മനസ്സിലാക്കുമ്പോൾ അവൻ പ്രയാസങ്ങളിൽ നിന്നും മുക്തനാകും. "വിജയം കൈവിട്ടതിലും വിപത്തേറ്റത്തിലും നിങ്ങൾ ഇനിയും ദുഖിക്കാതിരിക്കാനാണ് മാപ്പരുളിയത്" (3:153). ഉഹദ് യുദ്ധവേളയിൽ  അവതീർണ്ണമായ ഖുർആനിക വചനമാണിത്. തനിക്ക് ജീവിതത്തിൽ നഷ്ടപ്പെട്ടതും വന്നുഭവിച്ചതുമായ പ്രയാസങ്ങളാൽ ഖേദിക്കുന്ന ഏതൊരു മനസ്സിനും ആശ്വാസം പകരുന്നതാണീ വാക്കുകൾ. "കഴിവിൽ കവിഞ്ഞത് പ്രവർത്തിക്കാൻ ഒരാളെയും അല്ലാഹു നിർബന്ധിക്കുകയില്ല" (2:286). അടിമയുടെ തിരിച്ചറിവിനപ്പുറം ഉടമക്കവനെ മനസ്സിലാക്കാൻ സാധ്യമാകും. മനുഷ്യ ജീവിതത്തിലെ സംഭവവികാസങ്ങളത്രയും അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ്. അടിമക്ക് നേരിടേണ്ടിവരുന്ന സകല പ്രയാസങ്ങൾക്കും അവ തരണം ചെയ്യാനുള്ള വാതിലുകളും നാഥൻ തുറന്നു നൽകും. ഒരു വ്യക്തിയുടെ കഴിവിനപ്പുറമുള്ള യാതൊന്നും നാഥൻ അവനെ ഏൽപ്പിക്കുന്നില്ല.


സൂറതുതൗബയിലെ 117-മത്തെ സൂക്തത്തിൽ لَّقَد تَّابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ وَالْأَنصَارِ الَّذِينَ اتَّبَعُوهُ فِي سَاعَةِ الْعُسْرَةِ  (പ്രവാചകനും പ്രതിസന്ധിഘട്ടത്തിൽ അവിടത്തെ അനുധാവനം ചെയ്തു ദേശത്യാഗം ചെയ്തവർക്കും അവരുടെ സഹായികളായവർക്കും അല്ലാഹു മാപ്പരുളി) 9:117 (സാഅത്തുൽ ഉസ്റ-പ്രയാസകരമായ മണിക്കൂര്‍) എന്ന പദത്തിന്റെ വിവക്ഷ തബൂക്കിലേക്കുള്ള യുദ്ധയാത്രാവേളയുടെ പ്രയാസം നിറഞ്ഞ നാളുകളാണ്. ആ പ്രതിസന്ധിഘട്ടം ദിവസങ്ങളോളം നീണ്ടു നിന്നിട്ടുണ്ട്. പ്രയാസങ്ങളും ദുരിതങ്ങളും വിദൂര ഓർമ്മകളായി മാറുമെന്നുള്ള വാസ്തവമാണ് “സാഅത്ത്-മണിക്കൂര്‍” എന്ന പദത്തിനുള്ളിൽ മറഞ്ഞിരിക്കുന്നത്.

വിശ്വാസിയുടെ ജീവിതത്തിൽ ക്ഷമയും അല്ലാഹുവിൽ ഭരമേൽപ്പിക്കലും (توكل) അത്യന്തികമായി അനിവാര്യമാണ്. വിശുദ്ധ ഖുർആനിൽ നൂറു തവണ 'ക്ഷമ'യെന്ന പദം ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ദുരിതങ്ങളും കഷ്ടതകളും നാഥന്റെ പരീക്ഷണമാണെന്നുള്ള തിരിച്ചറിവ് സഹനത്തിന് ശക്തി പകരുന്നു. ക്ഷമിക്കുന്നതിലൂടെ അല്ലാഹുവിന്റെ സ്നേഹവും (ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു, 3:146 ) കരുണയും കരസ്ഥമാക്കാനും സ്വർഗ്ഗ പ്രവേശനത്തിന് വഴിയൊരുങ്ങുകയുമാണ് ചെയ്യുന്നത്. "ഭയം, വിശപ്പ്, ധനക്കമ്മി, ജീവനാശം, കായ്ഖനീ ക്ഷാമം തുടങ്ങി ചിലതു വഴി നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. വല്ല വിപത്തും സംഭവിക്കുമ്പോൾ 'ഞങ്ങൾ അല്ലാഹുവിൽ നിന്നുള്ളവരും അവനിലേക്ക് മടങ്ങുന്നവരുമാണ്' എന്നു പറയുന്ന ക്ഷമാശീലർക്ക് താങ്കൾ ശുഭവാർത്ത അറിയിക്കുക. തങ്ങളുടെ നാഥനിൽ നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവും അവരിൽ വർഷിക്കും" (2:155-157).

അല്ലാഹുവിൽ ഭരമേല്പിക്കുന്നതിലൂടെ അടിമയുടെ വിശ്വാസം കരുത്താർജ്ജിക്കുന്നു. സ്രഷ്‌ടാവ് കൂടെയുണ്ടെന്ന വിശ്വാസം സർവ്വ മേഖലകളിലും അവന് ശക്തി പകരുന്നു. "അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കിൽ അവൻ അയാൾക്കൊരു മോചനമാർഗ്ഗം സജ്ജീകരിച്ചു കൊടുക്കുന്നതും നിനച്ചിരിക്കാത്ത വിധം ഉപജീവനം നൽകുന്നതുമാണ്. അവന്റെ മേൽ ആരെങ്കിലും കാര്യങ്ങൾ ഭരമേൽപ്പിക്കുന്നുവെങ്കിൽ അവന് അല്ലാഹു തന്നെ മതി" (65:2-3). അലി(റ) പറയുന്നു: "അല്ലാഹുവിനെ ഭയപ്പെടുന്ന ഏതൊരാൾക്കും അവൻ കഷ്ടതകളിൽ നിന്ന് കരകയറാനുള്ള മാർഗവും ഇരുട്ടിൽ നിന്നുള്ള വെളിച്ചവും ഒരുക്കുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം".

നിരവധി അധ്യായങ്ങൾക്ക് മാനസിക സമ്മർദ്ദങ്ങളുടെ തോത് കുറക്കാനുള്ള ശക്തിയുണ്ട്. സാന്ത്വനവും അനുകമ്പയും നിറഞ്ഞ വാക്യങ്ങൾക്ക് പേരുകേട്ട സൂറത്ത് അൽറഹ്മാൻ വൈകാരിക ക്ലേശം നേരിടുന്നവർക്ക് ആശ്വാസമാണ്. പ്രസ്തുത സൂറത് പാരായണം ചെയ്യുന്നതിലൂടെ ദൈവിക കാരുണ്യത്തിലുള്ള വിശ്വാസം വർധിക്കുകയും നിരാശയുടെ വാതിലുകൾ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്നു. അൽഇന്‍ശിറാഹ് എന്ന സൂറത്, പേര് സൂചിപ്പിക്കുന്ന പോലെതന്നെ, വേദനകൾക്ക് പരിഹാരമേകുന്നു. ബുദ്ധിമുട്ടുകൾക്ക് ശേഷമുള്ള സമാധാനം, പ്രയാസ സമയങ്ങളിൽ ആശ്വാസം നൽകൽ, മാനസികക്ഷേമം പ്രോത്സാഹിപ്പിക്കല്‍ എന്നീ ആശയങ്ങൾ ഈ അധ്യായത്തിൽ ഊന്നിപ്പറയുന്നുണ്ട്. ഭയവും  ഉത്കണ്ഠയും മറികടക്കാൻ സഹായിക്കുന്ന സംരക്ഷണ കവചമാണ് സൂറതുൽഫലഖ്. പ്രസ്തുത സൂറത്തിന്റെ പാരായണം സുരക്ഷിതത്വബോധം സൃഷ്ടിക്കുകയും നെഗറ്റീവ് എനെർജികളെ ഇല്ലാതാക്കുകയും മാനസിക വ്യക്തതയും ശ്രദ്ധയും പ്രദാനം ചെയ്യുകയും ചെയ്യുന്നുതാണെന്ന് അനുഭവസാക്ഷ്യത്തില്‍ പലരും രേഖപ്പെടുത്തിയത് കാണാം.

ചുരുക്കത്തില്‍, വിശുദ്ദ ഖുര്‍ആന്‍ പാരത്രിക വിജയത്തിന് മാത്രമല്ല, ഭൗതിക ജീവിതത്തിലെ ശാരീരിക-മാനസിക സൗഖ്യത്തിന് കൂടി അവതരിച്ചതാണെന്നര്‍ത്ഥം. സത്യവിശ്വാസികള്‍ക്ക് കാരുണ്യവും രോഗശമനവും ആയതിനെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് നാം അവതരിപ്പിച്ചിരിക്കുന്നു എന്ന സൂറതുല്‍ഇസ്റാഇലെ 82-ാം വചനം ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. ഖുര്‍ആന്‍ അവതരിച്ച ഈ വിശുദ്ധ മാസത്തില്‍ ഈ വസ്തുതകള്‍ കൂടി മനസ്സിലേക്ക് നമുക്ക് ഖുര്‍ആനുമായി കൂടുതല്‍ അടുക്കാം, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter