തൂഫാനുൽ അഖ്സ: ആഞ്ഞുവീശുന്ന ഫലസ്തീനിയൻ  ചെറുത്തുനിൽപ്പ്

ഫലസ്തീനിയൻ ചെറുത്തുനിൽപ്പിന്റെ ധീര ചരിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾക്കാണ് ഗസ്സയും പലസ്തീനും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ പീഢനങ്ങൾക്കും കൊലപാതകങ്ങൾക്കും അധിനിവേശ കുടിയേറ്റങ്ങൾക്കും മറുപടി എന്നോണം ശനിയാഴ്ച്ച ഹമാസ് തുടങ്ങിവെച്ച അക്രമങ്ങൾ അതിനൂതന സൈനിക സാങ്കേതിക വിദ്യ കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന ഇസ്രായേലിനെ ഞെട്ടിച്ചിരിക്കുകയാണ്. കരമാർഗവും കടൽമാർഗവും ആകാശമാർഗവുമെല്ലാം ഹമാസ് പോരാളികൾ സയണിസ്റ്റ് രാഷ്ട്രം കയ്യടക്കിവെച്ച തങ്ങളുടെ ഭൂമിയിലേക്ക് കുതിച്ചപ്പോൾ അതീവ രഹസ്യ വിവരശേഖരണ ശേഷി കൈമുതലായുള്ള മൊസാദിന്റെ ചാരക്കാമറകള്‍ക്ക്, എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സമയമെടുക്കേണ്ടി വന്നു. തിരിച്ചടി എത്രത്തോളം ഭീകരമായിരിക്കട്ടെ, തൂഫാനുൽ അഖ്സ ഓപ്പറേഷൻ ഫലസ്തീനിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയാണ്, സയണിസ്റ്റ് അതിക്രമങ്ങൾ ഓരോന്നും കണക്കുചോദിക്കാതെ പോകില്ലെന്ന അടിച്ചമർത്തപ്പെട്ടവന്റെ ധീരപ്രഖ്യാപനമാണ് അത്.

നിലവിൽ ഇരുഭാഗങ്ങളിലുമായി രണ്ടായിരത്തിലേറെ പേര്‍ മരിച്ചിട്ടുണ്ട്. ഫലസ്തീനിൽ കൊല്ലപ്പെട്ടവരിൽ നൂറിലധികം കുട്ടികളും അത്രതന്നെ സ്ത്രീകളും ഉൾപ്പെടും. സംഘർഷം അവസാനിക്കാൻ സമയമെടുക്കുമെന്ന് തീർച്ച. എരിതീയിൽ എണ്ണയോഴിക്കാനെന്നോണം അമേരിക്ക ആയുധ സഹായവുമായി ഇസ്രായേലിനെ സമീപിച്ചിട്ടുണ്ട്. കൂടുതൽ അക്രമങ്ങൾ ഒഴിവാക്കാനാണെന്ന് ന്യായീകരണം പറയുന്നുണ്ടെങ്കിലും അമേരിക്കയുടെ അനാവശ്യ കടന്നുവരവ് ഇറാനെയും റഷ്യയെയുമെല്ലാം നിലവിലെ സംഘർഷത്തിലേക്ക് വലിച്ചിടാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്. അസാധാരണമെന്നോണം നിലവിലെ സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ അക്രമങ്ങളും തിരിച്ചടികളും കൂടുതൽ മരണങ്ങളും ഇസ്രായേലി ഭാഗത്താണ് സംഭവിച്ചിരിക്കുന്നത്. കൂടാതെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം നിരവധി പേരെയാണ് ഹമാസ് ബന്ദികളാക്കിയിട്ടുള്ളത്. ഗസ്സയെ സമ്പൂർണമായി നാമാവശേഷമാക്കാനുള്ള ഇസ്രായേൽ പദ്ധതി അതിനാൽ അനിയന്ത്രിതമായി നടപ്പാക്കാൻ സാധിക്കില്ലെന്നർത്ഥം. വളരെ സൂക്ഷ്മതയോടെ തന്ത്രപരമായിട്ടു തന്നെയാണ് ഹമാസിന്റെ കണക്കൂക്കൂട്ടലുകളെന്നതാണ് നിലവിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ഹമാസിനോടും ഇസ്‍ലാമിക്ക് ജിഹാദും അൽ അഖ്സ ബ്രിഗേഡുമടക്കമുള്ള ഫലസ്തീനിലെ ഇതര സയണിസ്റ്റ് വിരുദ്ധ പോരാട്ട സംഘങ്ങളുമോടൊപ്പം ഇസ്രായേലിന്റെ അതിർത്തിപ്രദേശമായ ലബനാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹിസ്ബുല്ലയും ചേർന്നിട്ടുണ്ട്.

എന്നാൽ, സർവസന്നാഹങ്ങളോടെയും ശക്തമായി തന്നെ യുദ്ധത്തിനിറങ്ങിയിരിക്കുകയാണെന്ന് പ്രസ്താവനയിറക്കിയ നെതന്യാഹു ഗസയെ കുരുതിക്കളമാക്കാനുള്ള ഒരുക്കത്തിലാണ്. വെള്ളവും ഭക്ഷണവും വൈദ്യുതിയുമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളടക്കം തടഞ്ഞുവെച്ചിരിക്കുകയാണ് ഇസ്രായേൽ. രണ്ട് ദശലക്ഷം മനുഷ്യർ തിങ്ങിപാർക്കുന്ന ഗസയിൽ നിരന്തരമുള്ള ഇസ്രായേലി ബോംബാക്രമണങ്ങൾ മരണസംഖ്യ ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. നാസികൾ ജൂതരോട് ചെയ്തത് പോലെയുള്ള ഒരു ഹോളോകോസ്റ്റിനാണ് ഗസയിൽ ഇസ്രായേൽ തയ്യാറെടുക്കുന്നതെന്ന് പറഞ്ഞാൽ തെറ്റില്ല. ഗസയിൽ നിന്ന് പൊതുജനങ്ങളോട് മാറിപ്പോകാൻ നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാലങ്ങളോളമായിട്ട് തുറന്ന ജയിലായി പ്രവർത്തിക്കുന്ന ഗസ്സയിൽനിന്ന് പുറത്തുകടക്കുക എന്നത് അസാധ്യമാണ്.

സർവവിധ അന്താരാഷ്ട്ര യുദ്ധനിയമങ്ങളും ലംഘിച്ച് വൈറ്റ് ഫോസ്ഫറസ് പോലെയുള്ള നിരോധിത മാരക രാസായുധങ്ങളാണ് ഇസ്രായേൽ ഗാസയിൽ പ്രയോഗിക്കുന്നത്. പലവിധത്തിലുള്ള യുദ്ധ കുറ്റങ്ങളിൽ മറയില്ലാതെ ഏർപ്പെട്ടിട്ടും ഹമാസിന്റെ ആക്രമണത്തെ അപലപിച്ച് മനുഷ്യാവകാശ ലംഘനമെന്ന് പ്രസ്താവനയിറക്കിയ ഒരു പാശ്ചാത്യ രാജ്യവും ഇസ്രായേലിന്റെ ഇത്തരം ലംഘനങ്ങളെ അപലപിച്ചിട്ടില്ല, മറിച്ച് ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശങ്ങളുണ്ടെന്ന് പ്രസ്താവനയിറക്കി എത് തരത്തിലുള്ള അക്രമങ്ങൾ നടത്താനും ഇസ്രായേലിന് മൗനാനുവാദം നൽകിയിരിക്കുകയുമാണ്. പാശ്ചാത്യ രാജ്യങ്ങൾ കൊണ്ടുനടക്കുന്ന വൈരുദ്ധ്യ നയങ്ങളുടെയും കപട മനുഷ്യാവകാശ നയങ്ങളുടെയും അടയാളപ്പെടുത്തലായിരുന്നു അവരുടെ പ്രതികരണങ്ങളിൽ കാണാൻ സാധിച്ചത്.

രാഷ്ട്രങ്ങൾ പ്രതികരിച്ചതിങ്ങനെ

ഹമാസിന്റെ തിരിച്ചാക്രമണങ്ങളെ ഭീകരവാദ പ്രവർത്തനമായി അപലപിച്ച് നിരുപാധികം ഇസ്രായേലിന് പിന്തുണയേകിക്കൊണ്ട് അമേരിക്കയും ബ്രിട്ടനും ജർമനിയുമടങ്ങുന്ന പാശ്ചാത്യ രാജ്യങ്ങളാണ് പ്രതികരണവുമായി ആദ്യം രംഗത്തെത്തുന്നത്. ഇതര പാശ്ചാത്യ രാജ്യങ്ങളും ഇതിനെ അനുകരിക്കുകയുണ്ടായി. ഒരു പടി കൂടെ കടന്ന് ഇസ്രായേലിന് കപ്പലുകളും വിമാനങ്ങളും സൈനിക സഹായങ്ങളും നൽകിക്കൊണ്ട് അമേരിക്ക ആയുധകച്ചവടവും പൊടിപൊടിക്കുന്നുണ്ട്. തങ്ങളുടെ രാജ്യത്തിന്റെ ഔദ്യോഗിക പ്രതികരണങ്ങൾക്ക് സമാനമായി യൂറോപിലെയും അമേരിക്കയിലെയും സെലിബ്രിറ്റികളും നിക്ഷ്പക്ഷരെന്ന് നടിച്ചിരുന്ന പലരും ഇസ്രായേലിന്റെ തിരിച്ചടിക്ക് വേണ്ടി മുറവിളി കൂട്ടുകയുണ്ടായി. ഇന്ത്യയുടെ കാര്യമെടുത്താൽ, ദശാബ്ദങ്ങളായി ഫലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ സ്വീകരിച്ചിരുന്ന ഫലസ്തീൻ അനുകൂല നിലപാടിൽ നിന്നും വ്യതിചലിച്ച്  പൂർണമായും ഇസ്രായേൽ അനുകൂല നയം സ്വീകരിച്ചിരിക്കുകയാണ് മോദി സർക്കാർ. സംഘ്പരിവാരമാകട്ടെ, സോഷ്യൽ മീഡിയയിൽ ഗസ കൂട്ടക്കൊലക്ക് വേണ്ടി മുറവിളികൂട്ടി സയണിസ്റ്റ് പിന്തുണക്കാരായി സജീവമായിട്ടുണ്ട്.

ഹമാസിന്റെ ആക്രമണങ്ങളെ വിമർശിച്ച ഇൽഹാൻ ഉമറിനെതിരെയും മെഹ്ദി ഹസനെതിരെയും, മൗനം പാലിച്ചുകൊണ്ടിരിക്കുന്ന മലാല യൂസുഫ് സായിക്കെതിരെയുമെല്ലാം വിവിധ മുസ്‍ലിം ധൈഷണികരും ബുദ്ധിജീവികളും രംഗത്തെത്തി. പാശ്ചാത്യ പാവകളായി കഴിയുന്ന പലരുടെയും മുഖംമൂടി അഴിപ്പിക്കാനും നിലവിലെ സംഭവവികാസങ്ങൾക്ക് സാധിച്ചുവെന്നത് മറ്റൊരു കാര്യം.
അറേബ്യൻ രാജ്യങ്ങളുടെ പ്രതികരണങ്ങളിലാകട്ടെ ഇത്തവണ ഒറ്റക്കെട്ടായി ഉലസ്തീന് കൂടെ നിൽക്കുക എന്ന പ്രവണത നിർഭാഗ്യവശാൽ കാണാൻ സാധിച്ചില്ല. അബ്രഹാം അക്കോർഡിൽ ഒപ്പുവെച്ച് ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചതിന്റെ പേരിൽ വിമർശനമേൽക്കേണ്ടി വന്ന യു.എ.ഇ ഹമാസിന്റെ അക്രമങ്ങളെ അപലപിക്കുക മാത്രമാണ് തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ ചെയ്തത്. ഖത്തറും കുവൈത്തും അക്രമണങ്ങളുടെ മൂല കാരണക്കാരായി ഇസ്രായേലിനെ കുറ്റപ്പെടുത്തുകയും നിരുപാധികം ഫലസ്തീന് പിന്തുണയർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുവാനുള്ള ഒരുക്കത്തിലായിരുന്ന സൗദി അറേബ്യയും ഫലസ്തീന് പൂർണ പിന്തുണയോടെ രംഗത്തെത്തിയുണ്ട്.

സംഘർഷത്തിന്റെ പോക്ക് എങ്ങോട്ട്

അമേരിക്ക ഇസ്രായേലിന് സൈനിക സഹായം നൽകാൻ തുടങ്ങിയതോടെ സംഘർഷത്തിന്റെ ഗതിമാറ്റാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് ഇറാനെ പ്രകോപിപ്പിക്കുമെന്ന കാര്യം തീർച്ചയാണ്. നേരിട്ടുള്ള ഇടപെടലിനുള്ള സാധ്യതയില്ലെങ്കിലും റഷ്യയും ഇതോടെ നിലപാട് എടുക്കാൻ നിർബന്ധിതരാകും. മറുഭാഗത്ത്, തുർക്കി, സൗദി തുടങ്ങിയ രാജ്യങ്ങളെ വെടിനിർത്തൽ കരാറിനും സമാധാന സന്ധിക്കും നീക്കങ്ങൾ നടത്തുന്നതിനു വേണ്ടി അമേരിക്ക സമീപിച്ചിട്ടുണ്ട്. വെടിനിർത്തൽ കരാറിന് ഇസ്രായേൽ സമ്മതിക്കുന്ന കാര്യം നിലവിൽ അസംഭവ്യമാണെന്ന് തന്നെ പറയാം. പരമാവധി ഗസയെ താറുമാറാക്കാനാണ് ഇസ്രായേൽ പദ്ധതിയിടുന്നത്. ഏത് സമാധാന കരാറും നടപ്പിലാകാൻ സമയമെടുക്കുമെന്ന കാര്യം തീർച്ചയാണ്. ഹമാസിന്റെ ഓപ്പറേഷൻ അമേരിക്ക ആവേശത്തോടെ ഏറ്റെടുത്തിരുന്ന സൗദി-ഇസ്രായേൽ കരാറിന് തടയിടുക കൂടിയാണ് ചെയ്തത്.

ഫലസ്തീനെതിരെ എത്ര തന്നെ തിരിച്ചടിച്ചാലും  വിവാദപരമായ നീതിന്യായ സംവിധാന പരിഷ്കാരങ്ങളിലും അഴിമതി ആരോപണങ്ങളിലും പെട്ട് നിലവിൽ ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന നെതന്യാഹുവിയൻ സ്വാധീനത്തിന് ഏതാണ്ട് ഇതോടെ അന്ത്യമാകും. അടുത്ത ഇസ്രായേലി തെരഞ്ഞെടുപ്പിൽ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ജനങ്ങൾക്ക് മുമ്പിൽ ന്യായീകരണങ്ങൾ നിരത്താൻ നെതന്യാഹു കുഴങ്ങുമെന്ന് നിസ്സംശയം പറയാം. നെതന്യാഹു കാലഘട്ടത്തന്റെ അന്ത്യം സുനിശ്ചിതമാക്കിയതാണ് തൂഫാനുൽ അഖ്സയുടെ ഒരു ബാക്കിപത്രം.

മറ്റു വിശേഷങ്ങൾ

6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ അഫ്ഗാനിസ്താനിലെ ഹെറാത്തിൽ രണ്ടായിരത്തോളം പേര് മരണപ്പെടുകയുണ്ടായി. സമീപ കാലത്തായി നിരവധി ശക്തമായ ഭൂകമ്പങ്ങളാണ് പലയിടങ്ങളിലായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പറയപ്പെടുന്നത്.

തുർക്കിയയുടെ തലസ്ഥാന നഗരമായ അങ്കാറയിൽ ഭരണകൂടത്തെ വിറപ്പിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തിനു സമീപം നടന്ന പൊട്ടിത്തെറിയാണ് മറ്റൊരു വിശേഷം.  ഭരണകൂടവുമായി നിരന്തരം സംഘട്ടനത്തിൽ ഏർപെട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗമായ കുർദുകളുടെ ഇടയിൽ പ്രവർത്തിക്കുന്ന സായുധ സംഘടനയായ പി. കെ. കെ സംഭവത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് രംഗത്തെത്തി. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് 60- ലധികം പേരെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈജിപ്തിൽ സമരങ്ങളും പ്രചാരണങ്ങളും സജീവമാണ്. ഒരു അവസാനം അങ്കം എന്ന നിലയില്‍, ഈ വരുന്ന തെരഞ്ഞെടുപ്പിൽ കൂടി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ഇറങ്ങിയ സീസിക്കെതിരെ ശക്തമായ സമരങ്ങളും അരങ്ങേറുന്നുണ്ട്. ജനദ്രോഹ നയങ്ങൾ കാരണം ജനങ്ങളുടെ ഇടയിൽ അത്ര പ്രിയങ്കരനല്ല നിലവിൽ അബ്ദുൽ ഫത്താഹ് അൽ സീസി.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter