വാട്ട് ഈസ് ഇസ്‍ലാം, വിശാലമാകുന്ന ഇസ്‍ലാമും ഇസ്‍ലാമികവും

ഹാർവാർഡ് യൂനിവേഴ്സിറ്റി പ്രൊഫസറും അറിയപ്പെട്ട ഇസ്‍ലാമിക ഗവേഷകനുമായ ശഹാബ്അഹ്മദിന്റെ, എറെ ചർച്ചചെയ്യപ്പെട്ട പുസ്തകമാണ് വാട്ട് ഈസ് ഇസ്‍ലാം. അക്കാദമിക്ക് സംവാദങ്ങളുടെയും ചരിത്രത്തിന്റെയും പിൻബലത്തിൽ എന്താണ് ഇസ്‍ലാം അല്ലെങ്കിൽ എന്താണ് ഇസ്‍ലാമികം എന്ന ചോദ്യങ്ങൾക്കുള്ള മറുപടികണ്ടെത്താനുള്ള അന്വേഷണമാണ് ഈ ഗ്രന്ഥം. 2016-ൽ ആണ് ഇത് പ്രസിദ്ധീകരിക്കപ്പെടുന്നത്.


ഇസ്‍ലാമും ഇസ്‍ലാമികവും
കൃത്യവും വ്യക്തവുമായ നിർവചനങ്ങൾക്കുള്ളിൽ ഒതുങ്ങിക്കൂടാത്ത ഒന്നാണ് ഇസ്‍ലാമും ഇസ്‍ലാമികവും എന്നുള്ളത്. വൈവിധ്യവും വൈരുധ്യപരവുമായ ആശയങ്ങളെയും കർമങ്ങളെയും സഹിഷ്ണതയോടെ ഒരേ കുടക്കീഴിൽ നിലനിർത്താൻ കഴിയുന്നു എന്നതാണ് ഇതരമതങ്ങളിൽ നിന്നും ഇസങ്ങളിൽ നിന്നും ഇസ്‍ലാമിനെ വേർത്തിരിച്ചു നിർത്തുന്ന ഘടകങ്ങളിലൊന്ന്. യുക്തിപരമായും വിശ്വാസപരമായും പല വീക്ഷണകോണിലൂടെയും ചരിത്രത്തിൽ ഇസ്‍ലാമിനെ നിർവചിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. ആധുനികക്കാലത്തെ അക്കാദമിക്ക് സംവാദങ്ങളിലും പ്രധാനമായും ചർച്ചചെയ്യപ്പെട്ട വിഷയം കൂടിയാണ് എന്താണ് ഇസ്‍ലാ എന്നുള്ളത്. ഇസ്‍ലാമിലെ സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യങ്ങളെ പഠനവിധേയമാക്കി ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് ശഹാബ് അഹ്മദ് ശ്രമിക്കുന്നത്.

വിശാലമായ വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യന്നതാണ് ഇസ്‍ലാ മതം. ഉത്തരാഫ്രിക്കയിലെ മൊറോക്കയിലെ ഇസ്‍ലാമും കിഴക്കേഷ്യയിൽ സ്ഥിതിചെയ്യുന്ന ഇന്തനോഷ്യയിലെ ഇസ്‍ലാമും ഒരുമിച്ചെടുത്തു പരിശോധിച്ചാൽ തന്നെ മനസ്സിലാവും ആശയപരമായും സാംസ്കാരികമായുമെല്ലാം ഇവതമ്മിലുള്ള വലിയ അന്തരം. ഇത്തരം നൂറുകണക്കിന് വ്യത്യസ്ത സമൂഹങ്ങൾ ഇസ്‍ലാം എന്ന ആശയസംഹിതക്ക് കീഴിൽ ഉൾകൊള്ളുന്നുണ്ട്. 
ഇസ്‍ലാമിനെ ആശയവല്‍കരിക്കാനായി ഗ്രന്ഥകാരന്‍ വിശകലനവിധേയമാക്കുന്നത് 1350 മുതൽ 1850 വരെ, ബാൾക്കൻ മുതൽ ബംഗാൾ വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിലെ ഇസ്‍ലാമിക സംസ്കാരങ്ങളെയും ഭരണകൂടങ്ങളെയും ആശയസംവാദങ്ങളെയും കലാസാഹിത്യ സൃഷ്ടികളേയുമാണ്. സൂഫിസവും തത്വചിന്തയും കവിതയും സ്ംഗീതവുമടങ്ങുന്ന കലാസാഹിത്യമേഖലകള്‍ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്ന കാലഘട്ടമായിരുന്നു ഇത്. ഉസ്മാനിയ്യ ഖിലാഫത്തും മുഗൾ ഭരണകൂടവുമടക്കം ഇസ്‍ലാമിക സാംസ്കാരിക മുന്നേറ്റേത്തിന് വലിയ സംഭാവനകളർപ്പിച്ച പല ഭരണകൂടങ്ങളും ഈ പ്രദേശങ്ങളിൽ നലനിന്നിരുന്നവയാണ്. 
പ്രധാന സൂഫിത്വരീഖത്തുകളുടെ ഉത്ഭവവും റൂമിയും ഹാഫിസുമടക്കമുള്ള ഒരുപാട് വിശ്വവിഖ്യാത കവികളും ഇബ്നുഅറബിയും ഇബ്നുറുഷ്ദുമടക്കമുള്ള മുസ്‍ലിം തത്വചിന്തകരും ജീവിച്ചത് ഈ കാലഘട്ടത്തായിരുന്നു. ഇസ്‍ലാമിക ചരിത്രത്തിൽ സാംസ്കാരികമായി വളരെ പുരോഗതിയാർജിച്ച ഈ ഘട്ടത്തിൽ മദ്യവും സംഗീതവും പ്രണയവും വരെ സൂഫിരചനകളിലെ പ്രധാനവിഷയങ്ങായിരുന്നു. അന്ന് സാധാരണമായി കണ്ടിരുന്ന ഇത്തരം സംഗതികൾ പിൽകാലത്ത് ഇസ്‍ലാമിക പണ്ഡിതരുടെ നിയമ മേധാവിത്വ സമീപനങ്ങൾ കാരണം അനിസ്‍ലാമികമായി അവരോധിക്കുകയായിരുന്നു എന്നാണ് ശഹാബ് അഹ്മദ് നിരീക്ഷിക്കുന്നത്. ശരീഅത്തിന് അമിതപ്രാമുഖ്യം നൽകി ഇസ്‍ലാമിന്റെ വൈവിധ്യത്തെയും വൈരുദ്ധ്യത്തെയും നിരാകരിക്കുന്ന തരത്തിലുള്ള സമീപനമാണ് ആധുനികക്കാലത്തെ ഇസ്‍ലാം കൈകൊള്ളുന്നതെന്ന വിമർശനവും പുസ്തകത്തിൽ അദ്ദേഹം ഉയർത്തുന്നുണ്ട്.

കൂടാതെ സൂഫി-ഫിലോസഫി ആശയപരമായ വ്യത്യാസങ്ങളുടെ ഉത്ഭവത്തെ ഗ്രന്ഥകാരൻ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ദൈവിക സത്യത്തെ തേടുന്നതിൽ ഇരു കൂട്ടരും സ്വീകരിച്ച വ്യത്യസ്ത അളവ് കോലുകളും സമീപനങ്ങളുമാണ് ഇത്തരം വൈരുദ്ധ്യങ്ങൾ ഉണ്ടായിത്തീരാൻ കാരണം. സൂഫികൾ വുജൂദ് കൊണ്ട് അല്ലാഹുവിനെ തേടിയപ്പോൾ തത്വചിന്തകർ യുക്തികൊണ്ട് അല്ലാഹുവിനെ തേടാൻ ശ്രമിച്ചു. മാർഗം വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്ന് തന്നെയാണ് എന്നര്‍ത്ഥം. ഇത്തരം വിവിധ മാർഗങ്ങളെ സഹിഷ്ണുതയോടെ ഇസ്‍ലാമിക സമൂഹം സ്വീകരിച്ചത് കൊണ്ടാണ് ഇസ്‍ലാം ഇത്രത്തോളം വൈവിധ്യമായതെന്നും പുസ്തകം വിശദീകരിക്കുന്നു.

പുസ്തകത്തിലുടെനീളം ബാൾക്കൻ -ബംഗാൾ പ്രദേശങ്ങളെയാണ് ഇസ്‍ലാമിക നിർവചനത്തിനും ഇസ്‍ലാമിക സംസ്കാരത്തെയും വൈവിധ്യത്തെയും സമീപിക്കുന്നതിനുമുള്ള അളവ്കോലായി അദ്ദേഹം സ്വീകരിക്കുന്നത്. നിശ്ചിത പ്രദേശത്തെ നിര്‍ണ്ണിത കാലഘട്ടത്തെ ഇസ്‍ലാമിക വ്യവഹാരങ്ങൾ വെച്ച് എങ്ങനെയാണ് മുസ്‍ലിം സ്വത്വത്തെ മുഴുവനായി നിർവചിക്കാൻ പറ്റുക എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട് . തുർക്കോ - പേർഷ്യൻ സംസ്കാരങ്ങളിൽ ഉൾപ്പെടാത്ത എന്നാൽ ഇസ്‍ലാമിക സംസ്കാര നിർമിതിയിൽ മുൻപന്തിയിലുണ്ടായിരുന്ന അറേബ്യൻ ആഫ്രിക്കൻ ഇസ്‍ലാമിക സമൂഹങ്ങളെ അദ്ദേഹം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നില്ല. അത് കൊണ്ടുതന്നെ ശഹാബ് അഹമ്മദ് ഇസ്‍ലാമിനെ പഠനവിധേയമാക്കിയ രീതി അപൂർണമാണെ് പറയേണ്ടി വരും.

അത് പോലെ തന്നെ ഇസ്‍ലാമുമായി സാംസ്കാരികമായി ബന്ധപ്പെട്ടുകിടക്കുന്ന പല സംഗതികളെയും ഇസ്‍ലാമിക് എന്ന നിർവചനത്തിനുള്ളിൽ യുക്ത്യനുസൃതമായി അദ്ദേഹം സ്ഥാപിച്ചെടുക്കുന്നുണ്ടെങ്കിലും കേവലം നേരിയ ഇസ്‍ലാമിക്ക് ചുവയുള്ള എന്തും ശഹാബ് അഹമ്മദിന്റെ വിശകലനത്തിൽ ഇസ്‍ലാമികമായി മാറുന്നുണ്ട്. പുസ്തകത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച പോലെ ഇസ്‍ലാമിനെ മാനുഷികവും ചരിത്രപരവുമായ പ്രതിഭാസമായി അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത്തരം വീക്ഷണകോണിലൂടെ  മാത്രം ഇസ്‍ലാമിനെ നോക്കി കണ്ടതിന്റെ ഫലമായി  നിയമം, ശരീഅത്ത്, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർവചനങ്ങളിൽ നിന്ന് ഇസ്‍ലാമിനെ  അടർത്തിമാറ്റാൻ അദ്ദേഹം ശ്രമിക്കുന്നതായും കാണാം.

അക്കാദമിക ലോകത്ത് എറെ ചർച്ചകൾക്ക് വഴിവെച്ച ശഹാബ് അഹമ്മദിന്റെ വാട്ട് ഈസ് ഇസ്‍ലാം വായനക്കാരനെ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും ഉൾക്കൊണ്ട് ഇസ്‍ലാമിനെ വിശാലമായ കാഴ്ച്ചപ്പാടിൽ നോക്കി കാണാൻസഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.  പാശ്ചാത്യ വീക്ഷണത്തിലൂടെ ആശയവത്കരിക്കപ്പെട്ട കാർക്കശ്യ സമീപനത്തിൽ നിന്ന് പുറത്ത്കടന്ന്  ഇസ്‍ലാമിനെ വിശാലമായി നിർവചിക്കുന്ന വാട്ട് ഈസ് ഇസ്‍ലാം തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter