യമനിന് ഇനിയെങ്കിലും സ്വസ്ഥത ലഭിക്കുമോ ?

ചരിത്രപ്രധാനമായ ഒരു മഞ്ഞുരുകലിനാണ് മിഡിൽ ഈസ്റ്റ് 
ഈ ആഴ്ച്ച സാക്ഷ്യം വഹിച്ചത്. ചൈനയുടെ മധ്യസ്ഥതയിൽ ബദ്ധവൈരികളായ ഇറാനും സൗദിയും ഒപ്പിട്ട കരാറും ഇസ്രായേലിൽ വളരുന്ന ആഭ്യന്തരകലഹ ഭീതിയും ഇറാനിലെ സ്കൂളുകളിലെ വിഷബാധയും  പാകിസ്ഥാനി പ്രതിസന്ധിയുമെല്ലാമാണ് ഈ ആഴ്ച്ചത്തെ മുസ്ലിം ലോകത്തു നിന്നുള്ള വിശേഷങ്ങൾ.


ചൈനയുടെ മിഡിൽ ഈസ്റ്റ് സമാധാന കരാർ

മാർച്ച് 10-ാം തിയ്യതി മിഡിൽ ഈസ്റ്റ് ശക്തികളായ സൗദി അറേബ്യയും ഇറാനും ചൈനയുടെ മധ്യസ്ഥതയിൽ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള കരാർ പ്രഖ്യാപിക്കുകയുണ്ടായി. കാലങ്ങളായി മിഡിൽ ഈസ്റ്റിനെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന വിനാശകരമായ സംഘർഷങ്ങളുടെ ഉന്മൂലനത്തിന് ഈ കരാർ അത്യന്താപേക്ഷിതമാണ്. തന്ത്രപ്രധാനമായ മിഡിൽ ഈസ്സിലെ നയതന്ത്ര  ശൂന്യത നികത്താനുള്ള  ആഗ്രഹവും  വിശ്വസ്തമായ ഒരു ആഗോള പങ്കാളിയെന്ന നിലയിൽ അതിന്റെ യോഗ്യതകൾ പ്രകടിപ്പിക്കാനുള്ള ത്വരയുമാണ് ചൈനയെ ചരിത്ര പ്രസിദ്ധമായ ഈ കരാർ രൂപപ്പെടുത്തിയെടുക്കുന്നതിലേക്ക്  നയിച്ചതെന്ന് പറയാം.

വാസ്‌തവത്തിൽ സൗദിയും ഇറാനും തമ്മിൽ നടന്ന പ്രോക്‌സി സംഘട്ടനങ്ങൾ അവരുടെ വിഭാഗീയ മുഖമുദ്രകളാൽ തീർത്തും വിനാശകരമായിരുന്നു. ഇരു രാജ്യങ്ങളുടെയും സുരക്ഷയെ തുരങ്കം വയ്ക്കാൻ അതിടയാക്കി, കൂടാതെ സമ്പദ്‌വ്യവസ്ഥയെ തളർത്തുകയും  സാമൂഹിക ക്രമത്തെ പാടെ ശിഥിലമാക്കുകയും ചെയ്തു.  ഇരു രാജ്യങ്ങളും തങ്ങളുടെ ശക്തി തെളിയിക്കാനായി ഇടപെടുന്തോറും യെമനികളും സിറിയക്കാരും  ഇറാഖികളും ലെബനീസുകളും ബഹ്‌റൈനികളും കൂടുതൽ ദുരിതമനുഭവിച്ചു. യെമനിനെ നരകമാക്കി മാറ്റിയ ഇറാൻ അനുകൂല ഹൂതികളും സൗദി അനുകൂല സൈന്യവും ആളിക്കത്തിച്ച ആഭ്യന്തര യുദ്ധത്തിന്  ഈ കരാറോടെ ശമനമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

റിയാദും ടെഹ്‌റാനും യഥാക്രമം 1998-ലും 2001-ലും ഒപ്പുവച്ച സഹകരണ-സുരക്ഷാ കരാറുകൾ വീണ്ടും സജീവമാക്കാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന ശത്രുതയ്‌ക്ക് ശേഷം 1990-കളിലെ പഴയ അവസ്ഥയിലേക്കുള്ള തിരിച്ചുവരവ് എന്നത് വെല്ലുവിളി തന്നെയാണ്.


ഇസ്രായേലിലെ അഭ്യന്തര കലഹ ഭീതി 

"ആഭ്യന്തരകലഹം " എന്നത് ഇന്ന് ഇസ്രായേൽ വൃത്തങ്ങളിൽ ഏറ്റവുമധികം കേൾക്കുന്ന പദമായിരിക്കാം, 
ഇത് കേവലം ഒരു വാക്കല്ല. ഇസ്രായേലികൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തത്രയും അഭൂതപൂർവമായ ഉത്കണ്ഠയുടെ പ്രകടനമാണിത്. പരസ്പരമുള്ള ആന്തരിക ഐക്യദാർഢ്യത്തിൽ അഭിമാനിക്കുന്ന ഒരു രാജ്യത്ത് ആഭ്യന്തര കലഹ ഭീതി നിറയുകയാണ്. പല ഇസ്രായേലികൾക്കും ആ സാഹോദര്യ വികാരം ഇപ്പോൾ ഇല്ലാതായി. 

വിവാദമായ ഒരു ജുഡീഷ്യൽ പുനഃപരിശോധനയ്‌ക്കെതിരായ എതിർപ്പ് പൗരാവകാശ ലംഘനത്തിന്റെ രൂപത്തിൽ ആരംഭിച്ചത് ഇപ്പോൾ വലുതായി മാറുകയാണ്.
രണ്ട് മാസത്തിലേറെയായി, ലക്ഷക്കണക്കിന് ഇസ്രായേലികൾ ജുഡീഷ്യറി മാറ്റങ്ങൾക്കെതിരെ പ്രതിവാര പ്രതിഷേധങ്ങളിലും പണിമുടക്കുകളിലും പങ്കെടുക്കുന്നുണ്ട്. 

രാജ്യത്തിന്റെ വലതുപക്ഷ, അൾട്രാനാഷണലിസ്റ്റ് ഗവൺമെന്റ് മുന്നോട്ട് വയ്ക്കുന്ന പദ്ധതി. ഗവൺമെന്റിന്റെ നിയന്ത്രണങ്ങളും സന്തുലിതാവസ്ഥയും ഫലപ്രദമായി ഇല്ലാതാക്കുകയും രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് കൂടുതൽ വഴുതിപ്പോകാൻ അനുവദിക്കുകയും ചെയ്യും.
എന്നാൽ പ്രതിഷേധങ്ങളിൽ സർക്കാർ തളരാതെ തുടരുമ്പോൾ, ഇരുവശത്തും അമർഷം വലുതാകുന്നു.
ഇപ്പോൾ "ആഭ്യന്തര കലഹം " അലാറം മണി മുഴക്കിയത്  രാഷ്ട്രീയക്കാരും  മുൻ ഇന്റലിജൻസ് മേധാവിയും  കൂടാതെ ഭരണകൂടത്തിന്റെ ബദ്ധവൈരികളുമാണ്.

തീരാപ്രതിസന്ധിയിലകപ്പെട്ട പാകിസ്ഥാൻ 

ലഹോറിൽ മാർച്ച്‌ എട്ടാം തീയതി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തഹരീകേ ഇൻസാഫ് പാർട്ടി നടത്തിയ റാലിയിൽ വ്യാപക അറസ്റ്റുകളും പോലീസിൽ നിന്നുള്ള മർദ്ദനവും ഏൽക്കേണ്ടി വന്നതോടെ വരുന്ന പഞ്ചാബ് പ്രവിശ്യയിലേക്കുള്ള ഇലക്ഷൻ പ്രചാരണ റാലികളെല്ലാം  മാറ്റിവെക്കാൻ ഇമ്രാൻ ഖാൻ നിർബന്ധിതനായിരിക്കുകയാണ്. പ്രധാനമന്ത്രി പഥത്തിൽ നിന്നുള്ള ഇമ്രാൻ ഖാന്റെ അയോഗ്യത സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധിയും കൂടാതെ പ്രളയം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും പാകിസ്താനെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ടിട്ടുണ്ട്.

പാകിസ്ഥാൻ തഹരീകേ ഇൻസഫ് പാർട്ടി ഭരണത്തിലുള്ള ഖൈബർ പാഖ്ത്വ പ്രവിശ്യയിലെയും പഞ്ചാബ് പ്രവി ശ്യയിലെയും ഗവണ്മെന്റുകളെ പിരിച്ചുവിട്ട് ഉടനെ തന്നെ പുതിയ തിരഞ്ഞെടുപ്പ് നടത്തനായിരുന്നു ഇമ്രാൻ ഖാന്റെ ആവശ്യം.  ശഹബാസ് ഷെരീഫിന്റെ സർക്കാർ ഈ ആവശ്യം അംഗീകരിച്ചെങ്കിലും ഇതുവഴി ദേശീയ തിരഞ്ഞെടുപ്പ് വളരെ നേരത്തെ തന്നെ നടത്താനുള്ള ഇമ്രാൻ ഖാന്റെ മുറവിളിയെ അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. ഇമ്രാൻ ഖാനെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികളെ തങ്ങൾക്കനുകൂലമായ വോട്ടാക്കി മാറ്റുന്നതിന് പ്രയാസമില്ല. എന്നാൽ ഇത് തിരിച്ചറിഞ്ഞു കൊണ്ട് തിരഞ്ഞെടുപ്പ് പരമാവധി വൈകിപ്പിക്കാനുള്ള ശ്രമത്തിലാണ് ശഹബാസ് ശരീഫ് .

ഇറാനെ ബാധിക്കുന്ന വിഷബാധ 

"മനപ്പൂർവ്വം" നടത്തിയ വാതക ആക്രമണമെന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ച വിഷബാധയേറ്റ് കഴിഞ്ഞ ആഴ്ചകളിൽ ഇറാനിലെ നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു. രാജ്യത്തുടനീളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഭൂരിഭാഗം കേസുകളും വിശുദ്ധ നഗരമായ കോമിനെ കേന്ദ്രീകരിച്ചാണ്.

സ്കൂൾ വിദ്യാർത്ഥിനികൾക്ക് വിഷബാധയുണ്ടാക്കാനുള്ള സാധ്യതകളെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളും വൈകാതെ പ്രചരിച്ചു. സ്ത്രീകളുടേയും പെൺകുട്ടികളുടേയും വിദ്യാഭ്യാസം തടയാനുള്ള മതമൗലികവാദ ഗ്രൂപ്പുകളുടെ ശ്രമമാണിതെന്നതായിരുന്നു   ഇതിൽ ഒന്ന്. സ്ത്രീ വിദ്യാഭ്യാസത്തെ എതിർക്കുകയും അതിനെ  കുടുംബത്തെയും ഇസ്‌ലാമിക മൂല്യങ്ങളെയും തുരങ്കം വയ്ക്കുന്നതായും പ്രചരിപ്പിക്കുന്ന ചെറിയ ഒരു ന്യൂനപക്ഷമാണ് ഇതിനു പിന്നിലെന്നാണ് നിഗമനം.

സ്വതവേ സ്ത്രീ വിദ്യാഭ്യാസത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഇറാൻ. ഇറാനിലെ ശിയാ പൗരോഹിത്യവും സ്ത്രീ വിദ്യാഭ്യാസത്തിനെ എതിർത്തിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇത്തരം പ്രതിലോമ പ്രവർത്തനങ്ങൾ സ്ത്രീ വിദ്യാഭ്യാസത്തിന് വെല്ലുവിളികൾ സൃഷ്‌ടിക്കുന്നതാണ്. സ്ത്രീ അവകാശങ്ങൾ ഉന്നയിച്ചു നടന്ന മെഹ്സ അമിനി പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് ഇത്തരം സംഭവങ്ങൾ നിരന്തരം റിപ്പോർട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.

മണ്ടേലയുടെ വഴിയിൽ സൗത്ത് ആഫ്രിക്ക 

ഫലസ്തീനികൾക്കെതിരായ തുടർച്ചയായ അതിക്രമങ്ങളുടെ വെളിച്ചത്തിൽ ഇസ്രായേലിലെ തങ്ങളുടെ എംബസിയെ പിൻവലിക്കുന്നതിനെ  അനുകൂലിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കൻ പാർലമെന്റ് ചൊവ്വാഴ്ച വോട്ട് ചെയ്തു.
ജീവിച്ചിരിക്കുകയായിരുന്നെങ്കിൽ വർണ്ണവിവേചന വിരുദ്ധ നേതാവ് നെൽസൺ മണ്ടേലയുടെ പൂർണ പിന്തുണ ലഭിക്കുമായിരുന്ന നീക്കമാണിതെന്ന് കരട് പ്രമേയം അവതരിപ്പിച്ച നാഷണൽ ഫ്രീഡം പാർട്ടി (എൻഎഫ്പി) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“ഇത് [മണ്ടേല] അഭിമാനിക്കുന്ന നിമിഷമാണ്. ഫലസ്തീനികളുടെ സ്വാതന്ത്ര്യമില്ലാതെ നമ്മുടെ സ്വാതന്ത്ര്യം അപൂർണ്ണമാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു" പ്രസ്താവനയിൽ പറയുന്നു.
സമീപ വർഷങ്ങളിൽ ഇസ്രയേലുമായുള്ള ദക്ഷിണാഫ്രിക്കയുടെ ബന്ധം പിരിമുറുക്കത്തിലാണ്. നിരവധി ആഫ്രിക്കൻ മനുഷ്യാവകാശ ഗ്രൂപ്പുകൾ  ഇസ്രായേൽ വർഗ്ഗവിവേചനത്തിൽ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter