ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-29 ബയ്റാം ത്വരീഖത്തിന്റെ ജന്മനാട്ടിലൂടെ...

അക്സറായോട് സലാം പറഞ്ഞിറങ്ങിയ എന്റെ അടുത്ത ലക്ഷ്യം ബയ്റാം വേലിയായിരുന്നു. അത് കൊണ്ട് തന്നെ നേരെ അങ്കാറയിലേക്കാണ് ഞാന്‍ പുറപ്പെട്ടത്. മൂന്നു മണിക്കൂറു കൊണ്ട് അങ്കാറയിലെത്തി. തുർക്കിയ (ഇപ്പോൾ ഇങ്ങനെയാണ് പറയുക) റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ അങ്കാറ അനാട്ടോളിയയിലെ പ്രധാന പ്രദേശമാണ്. പഴയ കോട്ടയുടെ മതിലുകൾ, ഉരുളൻ കല്ലുകൾ, ലോകപ്രശസ്ത മ്യൂസിയങ്ങൾ, മിടുക്കരായ വഴിവാണിഭക്കാർ, മനേഹരമായ ഖഹ്‍വ കടകൾ, ചരക്കു കച്ചവടങ്ങള്‍, ഇവയെല്ലാം ഈ നഗരത്തിന്റെ ആകർഷണങ്ങളാണ്. 

അങ്കാറയെ കുറിച്ച് വായിക്കുന്തോറും വീണ്ടും വീണ്ടും അവിടെയെത്താന്‍ ആഗ്രഹിച്ചുപോവാറുണ്ട്. ചരിത്രത്തിലെ ഏറ്റവും പ്രമുഖനായ തുർക്കി സഞ്ചാരി എവ്‍ലിയ ചെലേബി അങ്കാറയിലെ ഒരു കോട്ടയെ കുറിച്ചു പറയുന്നത് ഇങ്ങനെയാണ്, "ഉയർന്ന മലയുടെ മുകളിൽ നാല് നിലകളുള്ള വെളുത്ത ആ കോട്ട നില കൊള്ളുന്നു. കോട്ടയുടെ ഉള്ളിൽ അറുന്നൂറു വീടുകളുണ്ട്. മുമ്പ് ചർച്ചായിരുന്ന ഒരു പഴയ പള്ളിയും ഇവിടെയുണ്ട്. കോട്ട നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നുണ്ട്. കോട്ടയുടെ ഭംഗിയും വാസ്തു വിദ്യയും കാണേണ്ടത് തന്നെയാണ്.”

Read More : ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-28 സോമ്നുകു ബാബയുടെ അക്സറായിലൂടെ

തണുത്ത കാറ്റുള്ള പ്രഭാതത്തിൽ ഞാൻ നഗരത്തിന്റെ പ്രധാന ഭാഗത്തെത്തി. ലഘുവായ പ്രഭാതഭക്ഷണത്തോടെ എന്റെ ദിവസം ആരംഭിക്കാൻ തീരുമാനിച്ചു. സ്വാദിഷ്ടമായ ഭക്ഷണം തന്നെ ആവാമെന്ന്, നഗരത്തിലെ ഏറ്റവും നല്ല കഫേകളിൽ ഒന്നായ ഗ്രാമഫോൺ കഫേയില്‍ തന്നെ കയറി. ഗ്രാമഫോൺ കഫേ അതിന്റെ ഗൃഹാതുരമായ രൂപകൽപ്പനക്ക് പേരുകേട്ടതാണ്. അവിടെ നിങ്ങൾക്ക് ഡസൻ കണക്കിന് പുരാതന റെക്കോർഡ് പ്ലേയറുകളും പഴയ ഫോണുകളും ഗ്രാമഫോണുകളും കാണാം. പുറത്തെ തിരക്കുപ്പിടിച്ച തെരുവിനെ അഭിമുഖീകരിക്കുന്ന പ്രവേശന കവാടത്തിനടുത്തുള്ള ഒരു മേശയിലിരുന്ന് ഞാൻ ഒരു കപ്പ് ടർക്കിഷ് ചായയ്‌ക്കൊപ്പം ഒരു ഉരുളക്കിഴങ്ങ് ഗോസ്ലെം (ഒരു തുർകിഷ് ഭക്ഷണം) ഓർഡർ ചെയ്തു. കഫേയിൽ എപ്പോഴും പ്ലേ ചെയ്യുന്ന വികാരഭരിതമായ തുർക്കിഷ് ഗാനങ്ങളുടെ ശബ്ദത്തിൽ ഞാൻ എന്റെ പ്രഭാതഭക്ഷണം ആസ്വദിച്ച് കഴിച്ചു. 

അങ്കാറയിലെ പിലാവോഗ്ലു ബസാർ ആയിരുന്നു എന്റെ അടുത്ത ലക്ഷ്യം. പഴയ ഓട്ടോമൻ വാസ്തുവിദ്യയുടെ സവിശേഷതകളുള്ള പിലാവോഗ്ലു ബസാർ പതിനാറാം നൂറ്റാണ്ടിലോ പതിനേഴാം നൂറ്റാണ്ടിലോ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ചുവരുകളിലും കടകളിലും വരച്ച് വെച്ചിരിക്കുന്ന കലാസ‍ൃഷ്ടികൾ കണ്ട് ഞാന്‍ അല്‍ഭുതം കൂറി. വായിച്ചും കേട്ടും അറിയുന്നതിനേക്കാള്‍ എത്രയോ മനോഹരവും പ്രൌഢവുമാണ് ആ നഗരത്തിലെ ഓരോ തെരുവുകളും.

നേരെ ഞാനെത്തിയത് സുൽത്താൻ അലാവുദ്ധീൻ മസ്ജിദിലായിരുന്നു. മുഹ്യയുദ്ധീൻ മസ്ഊദ് ഷാ 1187ൽ സ്ഥാപിച്ചതാണ് ഈ പള്ളി. 800 വർഷം പഴക്കമുള്ള ഈ പള്ളി ഇപ്പോഴും സജീവമായി തന്നെ തുടരുന്നു. അങ്കാറയിലെ ഏറ്റവും വലിയ പള്ളിയായ കൊകാറ്റപെ മസ്ജിദിലേക്കാണ് ശേഷം ഞാന്‍ നടന്നത്. 1940-ലാണ് കൊക്കാറ്റെപെ മസ്ജിദ് എന്ന ആശയമുണ്ടാവുന്നത്. റിപ്ലബിക്കൻ കാലഘട്ടത്തിൽ ഒരു പള്ളി എന്ന സംഭവം എന്നെ അത്ഭുതപ്പെടുത്തി. 1956-ൽ അക്കാലത്തെ പ്രധാനമന്ത്രിയായിരുന്ന അദ്‌നാൻ മെൻദറസിന്റെ ശ്രമഫലമായാണ് അങ്കാറയിൽ ഒരു മസ്ജിദ് പണിയുന്നതിനുള്ള പദ്ധതിക്ക് ഭൂമി അനുവദിച്ചത്. പള്ളിയിലെ ഓട്ടോമൻ, ബൈസാന്റൈൻ വാസ്തുവിദ്യ വിവരിക്കാനാവാത്തതാണ്. പള്ളിയുടെ മധ്യത്തിലായി ഒരു കുടം തൂക്കിയിട്ടിരിക്കുന്നു. ചുറ്റുമുള്ള ചെറിയ ചെറിയ കുടങ്ങൾ വലിയ കുടത്തെ മനോഹരമാക്കിയിരിക്കുന്നു. ഞാൻ രണ്ടു റകഅ്ത് നിസ്കരിച്ച് പുറത്തിറിങ്ങി.

നീണ്ട നടത്തത്തിന് ശേഷം ഹാജി ബയ്റാം പള്ളിയിലെത്തി. അങ്കാറയിലെ ഉലുസ് ജില്ലയുടെ അതിർത്തിക്കുള്ളിൽ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ഹാജി ബൈയ്റാം ജില്ല സ്ഥിതി ചെയ്യുന്നത്. മലഞ്ചെരിവുകളുള്ള ഒരു കുന്നിൻ മുകളിലാണ് ഈ പ്രദേശം. യഥാർത്ഥത്തിൽ ഹി.831 (1427/28)ലാണ് ഈ പള്ളി നിർമിച്ചത് എന്നാണ് പറയപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനെട്ടാം നൂറ്റാണ്ടിലോ ആണ് ഈ പള്ളി സ്ഥാപിച്ചതെന്നാണ് പള്ളിയുടെ ചുമരുകൾ സൂചിപ്പിക്കുന്നത്. ബൈറാം വേലിയുടെ മഖ്ബറയുടെ തെക്ക്-കിഴക്ക് ചുമരിൽ ചതുരാകൃതിയിലുള്ള ചിത്രങ്ങളും "സെറെഫെ" (ബാൽക്കണിയുള്ള മിനാരം) യുമുണ്ട്. മിഹ്‌റാബിനെ അലങ്കരിച്ച് കൊണ്ട് ഖുര്‍ആന്‍ വചനങ്ങളും കൊത്തിവെച്ചിരിക്കുന്നു. മിമ്പർ "കുന്ദേകരി" സാങ്കേതികത ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. നക്കാഷ് മുസ്തഫ എന്ന കൊത്തുപണിക്കാരനാണ് മരത്തിൽ വരച്ച കൊത്തുപണികൾ മിമ്പറിൽ നിർമ്മിച്ചിരിക്കുന്നത്. ഖബ്റിനരികിലെത്തി, യാസീൻ ഓതുമ്പോള്‍ തന്നെ, മഖ്ബറുയടെ അറ്റത്ത് വെച്ചിരിക്കുന്ന, കറുത്ത തലപ്പാവ് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഓരോ വ്യക്തിയും ജീവിത കാലത്ത് ഉപയോഗിച്ച തലപ്പാവും തൊപ്പിയും ഖബ്റിന്മേൽ വെക്കുന്ന രീതിയുണ്ട് തുര്‍കിയില്‍. ഹാജി ബയ്റാം ഉപയോഗിച്ച തലപ്പാവാണ് അത് എന്നര്‍ത്ഥം.

Read More: ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-27 മുറാദിയ്യ പള്ളിയും ഖബ്റിസ്ഥാനും കടന്ന്...

ഹാജി ബയ്‌റാം വേലി ഒരു ഓട്ടോമൻ കവിയും സൂഫി സന്യാസിയും ബയ്‌റാമി ത്വരീഖത്തിന്റെ സ്ഥാപകനുമാണ്. 1352-നും 1430-നും ഇടയിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് നുഅ്മാൻ എന്നായിരുന്നു. ഈദുൽ അദ്ഹയുടെ ആഘോഷ വേളയിൽ തന്റെ ആത്മീയ ആചാര്യനായ സോമാൻകു ബാബയെ കണ്ടതിന് ശേഷം അദ്ദേഹം പേര് ബെയ്റാം എന്നാക്കി മാറ്റിയെന്നണ് പറയപ്പെടുന്നത്. ബെയ്റാം എന്ന വാക്കിന്റെ അർത്ഥം ആഘോഷം എന്നാണ്. 

അങ്കാറ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച ഹാജി ബയ്‌റാം തുർക്കിയിലെ പ്രശസ്ത പണ്ഡിതനാണ്. കൈസരി നഗരത്തിലെ ശൈഖ് ഹമീദ് ഹമീദുദ്ധീനേ വാലിയിൽ (സൊമാൻകു ബാബ) നിന്ന് ആത്മീയ നിർദ്ദേശങ്ങൾ ലഭിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. അദ്ദേഹം യഥാർത്ഥത്തിൽ സഫവിയ്യ താരീഖത്തിന്റെ ശൈഖ് ഖോജ അദ്ദീൻ അലിയുടെ മുർഷിദുകളിൽ ഒരാളായിരുന്നു.

സൂഫിയായ സൊമാൻകു ബാബയും ഹാജി ബയ്റാം വേലിയും ഒരുമിച്ചായിരുന്നു ഹജ്ജിന് പോയിരുന്നത്. 1412-ൽ ശൈഖ് ബാബ നാഥനിലേക്ക് മടങ്ങി. യാത്ര സമയത്ത് തന്റെ ബെയ്റാം ത്വരീഖത്തിന്റെ ശൈഖ് സ്ഥാനം ഹാജി ബയ്‌റാം വാലിക്ക് കൈമാറി. ആ ഉത്തരവാദിത്തവുമായി അദ്ദേഹം അങ്കാറയിലേക്ക് മടങ്ങി.

ഇന്ന് അദ്ദേഹത്തിന്റെ ഖബ്റും പള്ളിയും സ്ഥിതി ചെയ്യുന്ന അങ്കാറയിലെ സ്ഥലത്ത് അദ്ദേഹം ഒരു ദർവീശ് ലോഡ്ജ് നിർമ്മിക്കുകയാണ് ആദ്യം ചെയ്തത്. അവിടെ താമസിക്കാനും സൂഫിസത്തെക്കുറിച്ച് പഠിക്കാനും ആളുകൾ വന്നു കൊണ്ടേയിരുന്നു. അതിൽ ഒരാളായിരുന്നു ശംസുദ്ധീൻ മുഹമ്മദ്. എന്റെ അടുത്ത ലക്ഷ്യം അദ്ദേഹത്തിന്റെ വിശ്രമ കേന്ദ്രമാണ്. വളരെക്കാലമായുള്ള ആ സ്വപ്ന സാക്ഷാല്‍ക്കാരം മനസ്സില്‍ താലോലിച്ച്, ബെയ്റാം വേലിയോട് സലാം പറഞ്ഞ് ഞാന്‍ പതുക്കെ പടികളിറങ്ങി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter