ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-20   ഈ നാടകങ്ങളും സ്വൂഫിസത്തിന്റെ ഭാഗമായിരുന്നു
ഊര്‍ഹാന്‍ ഗാസിയുടെ അന്ത്യവിശ്രമ സ്ഥലം സന്ദര്‍ശിച്ച്, ബുര്‍സായില്‍ നിന്ന് ഞാന്‍ തിരിച്ചുനടന്നു. മനസ്സിലിപ്പോഴും ആ സുവര്‍ണ്ണകാലത്തെ ചിന്തുകളും ചിത്രങ്ങളും തങ്ങി നില്ക്കുകയാണ്. ആ പ്രതാപ കാലത്തേക്ക് ഇനി എന്നാണാവോ ഒരു തിരിച്ച് പോക്ക് എന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.
നേരെ എത്തിപ്പെട്ടത് ഒരു പട്ടണത്തിലേക്കാണ്. നഗരത്തിന്റെ അനേക കാഴ്ചകളില്‍, ഒരു കൂട്ടം കുട്ടികളാണ് ആദ്യം എന്നെ ആകര്‍ഷിച്ചത്. ഒരു സ്റ്റേജിലേക്ക് നോക്കിയിരിക്കുന്ന അവർ ഇടക്കിടെ ചിരിക്കുന്നുണ്ടായിരുന്നു. ആ കൊച്ചുമുഖങ്ങളില്‍ വിവിധ വികാരങ്ങള്‍ മാറിമാറി വിരിയുന്നതും കാണാമായിരുന്നു.
ഞാനും ആ കൂട്ടത്തിലൊരാളായി അവിടെ ഇരുന്നു. സ്റ്റേജില്‍ ഒരു മറക്കപ്പുറത്ത് നിന്ന് നിയന്ത്രിക്കപ്പെട്ടുകൊണ്ടിരുന്ന നിഴല്‍ നാടകമാണ് അവര്‍ വീക്ഷിക്കുന്നതെന്ന് മനസ്സിലായി. തുര്‍കി സംസ്കാരത്തിന്റെ ഭാഗമാണ് നിഴല്‍ നാടകങ്ങള്‍. കരഗാസും ഹജിവാറ്റും കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരായ കഥാപാത്രങ്ങളാണ്. അവരുടെ ഭാഷയില്‍ മോട്ടുവും ബട്‍ലുവുമാണ് അവര്‍. 
ഈ കഥാപാത്രങ്ങളെ കുറിച്ച് അനവധി കഥകളാണ് പ്രചാരത്തിലുള്ളത്. സുല്‍താന്‍ സലീം ഒന്നാമന്റെ കാലത്താണ് ഇത് തുടക്കം കുറിച്ചത് എന്ന് പറയപ്പെടുന്നു. അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ ഒരു സാധാരണക്കാരന്‍, ഉദ്യോഗസ്ഥരെ ബാധിച്ചിരുന്ന അഴിമതിയും ചൂഷണവും പാവകളുടെ രൂപത്തിലാക്കി സുല്‍താനെ അറിയിച്ചുവെന്നും അതില്‍ ഏറെ സന്തുഷ്ടനായ സുല്‍താന്‍ അതൊരു കലയാക്കി വികസിപ്പിക്കുകയും ചെയ്തുവെന്നതാണ് ഒരു കഥ.
അതേ സമയം, കരഗാസും ഹജിവാറ്റും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന രണ്ട് വ്യക്തികളായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായ ബുർസയിലെ, പള്ളി നിര്‍മ്മാണ സംഘത്തിലെ ജോലിക്കാരായിരുന്നുവത്രെ കരഗാസും ഹജിവാറ്റും. പള്ളിയുടെ നിർമ്മാണ സമയത്ത്, അവർ എപ്പോഴും പരസ്പരം തമാശകളില്‍ ഏര്‍പ്പെടുകയും അത് മറ്റുള്ള ജോലിക്കാരെ പോലും സ്വാധീനിക്കുകയും ചെയ്തിരുന്നു. അത് പള്ളിയുടെ നിര്‍മ്മാണം മന്ദഗതിയിലാക്കുകയും സുല്‍താന്‍ നല്കിയ മുന്നറിയിപ്പ് വക വെക്കാതെ മുന്നോട്ട് പോയതിനാല്‍ സുല്‍താന്‍ രണ്ടുപേരെയും വധിക്കാൻ ഉത്തരവിട്ടുവത്രെ. 
ഇത് ജോലിക്കാര്‍ക്കും പൊതുജനങ്ങൾക്കും ഇടയിൽ വലിയ സങ്കടം സൃഷ്ടിക്കുകയും സുല്‍താനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. തുടര്‍ന്ന്, ശൈഖ് കുഷ്തീരി എന്ന സൂഫി പണ്ഡിതനെ വിളിച്ചുവരുത്തി, അവരുടെ തമാശകൾ കോഡ്രീകരിച്ച് അത് നിഴൽ നാടകമായി അവതരിപ്പിക്കാനും ആവശ്യപ്പെട്ടുവെന്നാണ് മറ്റൊരു കഥ. ഇത് പ്രകാരം, കരഗാസ്-ഹജിവാറ്റ് നാടകങ്ങളുടെ ഉപജ്ഞാതാവ് ഷെയ്ഖ് കുഷ്തീരിയാണ് എന്ന് പറയുന്നവരുണ്ട്. ഇന്തോനേഷ്യയിലെ ജാവയില്‍നിന്ന് കച്ചവടക്കാരിലൂടെയാണ് നിഴല്‍ നാടകമെന്ന കലാരൂപം ആദ്യമായി തുര്‍ക്കിയിലെത്തുന്നത്.
മുഖദ്ദിമ (ആമുഖം), മുഹാവറ (സംഭാഷണം), ഫസ്‍ല് (പ്രധാന നാടകം), ഖതം (അവസാനം) എന്നീ നാലു ഭാഗങ്ങളായാണ് കരഗാസ്-ഹജിവാറ്റു് നിഴൽ നാടകം അവതരിപ്പിക്കപ്പെടുന്നത്. ഖയാലികള്‍ (ഭാവനാരൂപങ്ങള്‍) എന്നാണ് തിരശ്ശീലയ്ക്ക് പിന്നിലുള്ള പാവകള്‍ അറിയപ്പെടുന്നത്. 
ആമുഖത്തിന്റെ ഭാഗമായി, ചില അലങ്കാര ചിത്രീകരണങ്ങളും ചിലപ്പോൾ ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ലാത്ത വാക്കുകളും നാടകത്തിന്റെ അന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നതിനായി തിരശ്ശീലയിൽ കൊണ്ടുവരും. സമകളും (semai) ഗസലുകളും (perde gazeli) പാടുകയും ഒരു ഹ്രസ്വ സംഭാഷണത്തിന് ശേഷം, കരഗാസും ഹജിവാറ്റും തമ്മില്‍ സംസാരിച്ച് തുടങ്ങുകയും ചെയ്യുന്നു. തുടർന്നുള്ള സംഭാഷണ ഭാഗം, ഒരു പ്രത്യേക വിഷയമായിരിക്കും ചര്‍ച്ച ചെയ്യുക. ഇതിനുശേഷം, പ്രധാന നാടക ഭാഗമായ ഫസ്‍ല് വരുന്നു. ഇതിൽ കഴിഞ്ഞക്കാലങ്ങളെ സംബന്ധിച്ചും ഇന്നത്തെ വൈവിധ്യങ്ങളെ കുറിച്ചുമാണ് പരാമര്‍ശിക്കപ്പെടുന്നത്.
കരഗാസ്-ഹജിവാറ്റ് നാടകങ്ങള്‍ക്ക് മതപരമായ സ്വഭാവമുണ്ടെന്ന് തന്നെ പറയാം. ആദ്യകാലങ്ങളിൽ, ടെക്കെ ശൈഖുമാർ വരെ ഇവ അവതരിപ്പിച്ചിരുന്നു. പ്രശസ്ത സൂഫി ഇബ്നു അറബി തന്റെ ഫുതൂഹാതുൽ മക്കിയ്യ എന്ന ഗ്രന്ഥത്തിൽ നിഴൽ നാടകത്തെ പരാമർശിക്കുകയും അതിന് സ്വൂഫീ വ്യാഖ്യാനങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട്. നാടകത്തിലെ തിരശ്ശീല ഭൗതിക ലോകത്തെ സൂചിപ്പിക്കുന്നതായി പറയപ്പെടുന്നു. അദ്ദേഹം പറയുന്നു: “മിക്ക ആളുകളും ആ തിരശ്ശീലയിലെ നിഴൽ യഥാർത്ഥമാണെന്ന് കരുതുന്ന കൊച്ചുകുട്ടികളെപ്പോലെയാണ്. നിഴൽ നാടകത്തിൽ, കൊച്ചുകുട്ടികൾ ആനന്ദിക്കുകയും ആവേശം കൊള്ളുകയും ചെയ്യുന്നു. അറിവില്ലാത്തവർ അതിനെ ഒരു കളിയും വിനോദവുമായി മാത്രം എടുക്കുന്നു. സൃഷ്ടിയുടെ പരമമായ ലക്ഷ്യം തിരിച്ചറിയുന്നവര്‍, ഇത് കേവലം നിഴലുകളാണെന്നും അവയെ നിയന്ത്രിക്കുന്നവരുണ്ടെന്ന പോലെ, ഈ ഭൌതിക ലോകം തന്നെ ഏത് സമയവും നീങ്ങാവുന്ന ഒരു നിഴലാണെന്നും എല്ലാം നിയന്ത്രിക്കുന്ന അല്ലാഹു മാത്രമാണ് യാഥാര്‍ത്ഥ്യം എന്നും തിരിച്ചറിയുന്നു.”
നിഴൽ നാടകത്തിലെ കർട്ടൻ (മറ) “കണ്ണാടി” എന്നാണ് പൊതുവെ അറിയപ്പെടുക. കണ്ണാടി രൂപകത്തിന് സൂഫി സാഹിത്യത്തിൽ ബഹുമുഖ അർത്ഥങ്ങളുണ്ട്. പുരാതന കാലത്ത്, ലോഹം മിനുക്കി വൃത്തിയാക്കുന്നതിലൂടെയാണ് ഒരു കണ്ണാടി നിർമ്മിക്കപ്പെട്ടിരുന്നത്. ഒരു വ്യക്തിയുടെ ഹൃദയം ഒരു കണ്ണാടി പോലെയാണെന്നും അത് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണെന്നും ഇത് സൂചിപ്പിക്കുന്നു. നാടകസമയത്ത് വായിക്കപ്പെടുന്ന കവിതാശകലങ്ങളില്‍ ആത്മീയ അർത്ഥങ്ങൾ അടങ്ങിയിരിക്കും. 
ഓട്ടോമൻ സാമ്രാജ്യം വികസിച്ചപ്പോള്‍, നിഴല്‍ നാടകവും വികസിക്കുകയായിരുന്നു. പതിനേഴാം നൂറ്റാണ്ടിനുശേഷം നാടകത്തിന് ക്രമേണ സ്വൂഫി സ്വഭാവം നഷ്ടപ്പെടുകയും ഒരു സാമൂഹിക ആക്ഷേപഹാസ്യ മാധ്യമമായി അത് മാറുകയും ചെയ്തു. ഇന്നും അനേക രൂപങ്ങളും വകഭേദങ്ങളുമായി നിഴല്‍ നാടകങ്ങള്‍ തുര്‍കി സംസ്കാരത്തില്‍ സജീവമാണ്. വിശിഷ്യാ കരഗാസ്-ഹജിവാറ്റ് നാടകരൂപങ്ങള്‍.
അല്‍പനേരം അത് ആസ്വദിച്ച് ഞാന്‍ പുറത്തേക്കിറങ്ങി. ഈ ലോകത്തിന്റെ മായികതയും യഥാര്‍ത്ഥ ലോകത്തിന്റെ അളവറ്റ അപാരതകളും എന്റെ മനസ്സില്‍ അലയടിക്കുന്നുണ്ടായിരുന്നു. കൂടെ നാടകത്തിനിടയില്‍ കേട്ട ചില കവിതാ ശകലങ്ങളും അറിയാതെ മൂളുന്നുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter