വിഷയം: ‍ ഫാതിഹ ഓതിയോ ഇല്ലേ എന്ന സംശയം

ജമാഅത്തായി നിസ്ക്കരിക്കുമ്പോൾ ഇമാം റുകൂഇലേക്ക് പോകുന്നതിന്‍റെ അൽപ്പം മുമ്പ് ഞാൻ എന്‍റെ ഫാതിഹ ഓതിയോ ഇല്ലയോ എന്ന് സംശയിച്ചാൽ ഞാൻ എന്ത് ചെയ്യണം ?

ചോദ്യകർത്താവ്

Mohammed

Jun 21, 2020

CODE :Fiq9882

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇമാം റുകൂഇലേക്ക് പോകുകയോ റകൂഇലേക്ക് പോകാനടുക്കുകയോ ചെയ്ത  സമയത്ത് മഅ്മൂമിന് ഫാതിഹ ഓതിയോ ഇല്ലയോ എന്ന് സംശയം വന്നാല്‍ അവന്‍് ഫാതിഹ ഓതി പൂര്‍ത്തീകരിക്കല്‍ നിര്‍ബന്ധമാണ്. ആ സമയത്ത് ഇമാമിനേക്കാള്‍ മഅ്മൂമിന് ദീര്‍ഘമുള്ള 3 റുക്നുകള്‍(ഫര്‍ളുകള്‍) വരെ വൈകല്‍ അനുവദനീയമാണ്. അഥവാ ഇമാം റുകൂഉം രണ്ട് സുജൂദുകളും പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് മഅ്മൂം ഫാതിഹ പൂര്‍ത്തീകരിക്കണം. ദീര്‍ഘമുള്ള നാലാമത്തെ റുക്നായ തശഹ്ഹുദിലേക്കോ അടുത്ത റക്അതിലേക്കുള്ള നിര്‍ത്തത്തിലേക്കോ ഇമാം എത്തുംമുമ്പ് മഅ്മൂം ഫാതിഹ പുര്‍ത്തീകരിച്ച് റുകൂഇലേക്ക് പോകണമെന്ന് സാരം.

ഇങ്ങനെയുള്ള അവസരത്തില്‍ മഅ്മൂമിന്‍റെ സാഹചര്യങ്ങള്‍ നമുക്ക് വേര്‍തിരിച്ചു പഠിക്കാം.

1- നാലാമത്തെ റുക്നിലേക്ക് ഇമാം എത്തുന്നതിന് മുമ്പ്  മഅ്മൂം ഫാതിഹ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

അപ്പോള്‍ അവന്‍ റുകൂഉം ഇഅ്തിദാലും സുജൂദുകളും ഇടയിലെ ഇരുത്തവും ചെയത് അടുത്ത റക്അതിലേക്ക് ഉയരണം. ആ സമയം ഇമാം റുകൂഇലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ വേഗം മഅമൂമും നിര്‍ത്തത്തില്‍ നിന്ന് റുകൂഇലേക്ക് പോയി ഇമാമിനോടൊപ്പം ചേരണം. ഈ റക്അതില്‍ മഅ്മൂം മസ്ബൂഖ് ആയതിനാല്‍ ഫാതിഹ ഓതേണ്ടതില്ല. ഇനി മഅ്മൂം ഇമാമിനോടൊപ്പം അടുത്ത റക്അതിലെ നിര്‍ത്തില്‍ തന്നെ എത്തിയാല്‍ ഫാതിഹ പൂര്‍ണമായും ഓതാനുള്ള സമയം കിട്ടിയെങ്കില്‍ പൂര്‍ണമായും അല്‍പസമയം ലഭിച്ചെങ്കില്‍ അത്ര സമയവും ഫാതിഹ ഓതണം.

ഇമാം നാലാമത്തെ റുക്നിലേക്ക് കടക്കുന്നതിന് മുമ്പ് മഅ്മൂം ഫാതിഹ ഓതി പൂര്‍ത്തിയാക്കിയെങ്കിലും പിന്നീട് റുകൂഉം ഇഅ്തിദാലും സുജൂദുകളും ഇടയിലെ ഇരുത്തവും എല്ലാം ചെയത് അടുത്ത റക്അതിലേക്ക് ഉയര്‍ന്നപ്പോഴേക്കും ഇമാം ആ റക്അതിലെ റുകൂഉം കഴിഞ്ഞുപോയിട്ടുണ്ടെങ്കില്‍ അപ്പോള്‍ ഇമാം എവിടെയാണോ ഉള്ളത് അതില്‍ ഇമാമിനോടൊപ്പം ചേരുകയും പിന്നീട് നഷ്ടപ്പെട്ടവക്ക് വേണ്ടി സലാം വീട്ടിയ ശേഷം ഒരു റക്അത് കൊണ്ടുവരികയും ചെയ്യേണ്ടതാണ്.

2- മഅമൂം തന്‍റെ ഫാതിഹ പൂര്‍ത്തീകരിച്ചപ്പോഴേക്കും ഇമാം നാലാമത്തെ ദീര്‍ഘമായ റുക്നിലേക്ക് (തശഹ്ഹുദോ അടുത്ത റക്അതിലെ നിര്‍ത്തമോ) എത്തിയിട്ടുണ്ടെങ്കില്‍ പിന്നെ മഅമൂമിന് രണ്ടു രീതിയില്‍ മുന്നോട്ടുപോകാം. ഒന്നുകില്‍ ഇമാം എവിടയാണോ ഉള്ളത് അവിടേക്ക് നേരെ പോയി ഇമാമിനോട് ചേരുകയും സലാം വീട്ടിയ ശേഷം ഒരു റക്അത് കൊണ്ടുവരികയും ചെയ്യുക. അല്ലെങ്കില്‍ ഇമാമിനോട് ഞാന്‍ വേര്‍പിരിയുകയാണെന്ന നിയ്യത്ത് മനസില്‍ കരുതി സ്വന്തമായി നിസ്കാരം സാധാരണപോലെ പൂര്‍ത്തീകരിക്കുക.

3- മഅമൂം ഫാതിഹ പൂര്‍ത്തീകരിച്ചപ്പോഴേക്കും ഇമാം നാലാമത്തെ റുക്നിലെത്തുകയും എന്നിട്ടും മനഃപൂര്‍വ്വം മേല്‍പറഞ്ഞ രണ്ടു രീതികളിലേതെങ്കിലും ഒന്ന് സ്വീകരിക്കാതിരിക്കുകയും ചെയ്താല്‍ (ഇമാം എവിടയാണോ ഉള്ളത് അവിടേക്ക് നേരെ പോയി ഇമാമിനോട് ചേരുകയും സലാം വീട്ടിയ ശേഷം ഒരു റക്അത് കൊണ്ടുവരികയും ചെയ്യുക. അല്ലെങ്കില്‍ ഇമാമിനോട് ഞാന്‍ വേര്‍പിരിയുകയാണെന്ന നിയ്യത്ത് മനസില്‍ കരുതി സ്വന്തമായി നിസ്കാരം സാധാരണപോലെ പൂര്‍ത്തീകരിക്കുക) നിസ്കാരം ബാത്വിലാകുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter