അള്ളാഹുവിന് രൂപം ഉണ്ടോ? രാത്രിയുടെ അന്തിമയാമങ്ങളിൽ അള്ളാഹു ഏഴാം ആകാശത്തു നിന്ന് ഇറങ്ങിവരും, നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളൂടെ കരുണ കാണിക്കും, അല്ലാഹുവിന്‍റെ കൈ, അല്ലാഹുവിന്‍റെ മുഖം തുടങ്ങിയ ഖുര്‍ആനിലെയും ഹദീസിലെയും പ്രയോഗങ്ങള്‍ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഇങ്ങിനെ അല്ലാഹുവിനെ കുറിച്ച് വായിക്കുമ്പോൾ ഒരു സാങ്കൽപ്പികരൂപം വിശ്വസിക്കാമോ? ദാത്തും സിഫാത്തും നാം മനസ്സിലാക്കേണ്ടത് എങ്ങിനെ?

ചോദ്യകർത്താവ്

Mishal

Aug 27, 2020

CODE :Aqe9973

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അല്ലാഹുവിന്‍റെ ദാത്ത്(സത്ത) പോലെയൊരു ദാത്തും അവന്‍റെ ഗുണങ്ങളെ (സ്വിഫാത്ത്) പോലെയുള്ള ഗുണങ്ങളും അവന്‍റെ പ്രവര്‍ത്തി(അഫ്ആല്‍) കളെപ്പോലെയുള്ള പ്രവര്‍ത്തികളും വേറെ ആര്‍ക്കുമില്ലെന്ന് വിശ്വസിക്കലാണ് തൌഹീദ് അഥവാ ഏകദൈവവിശ്വാസം.

അല്ലാഹുവിനോട് കാലമോ സ്ഥലമോ സമയമോ രൂപമോ ഒന്നും ബന്ധപ്പെടുന്നില്ല. അത്തരം കാര്യങ്ങള്‍ അല്ലാഹുവിനോട് ബന്ധപ്പെടുത്തുന്നത് അല്ലാഹുവിന്‍റെ ദാത്തിനും സ്വിഫാത്തിനും വിപരീരതമാണ്.

എന്നാല്‍ വിശുദ്ധഖുര്‍ആനിലും തിരുവചനങ്ങളിലുമുള്ള ചില പദപ്രയോഗങ്ങളുടെ ബാഹ്യാര്‍ത്ഥം മാത്രം നോക്കി അറിവില്ലായ്മ മൂലം  അല്ലാഹുവിന് ശരീരമുണ്ടെന്ന് ചിലര്‍ തെറ്റായി മനസ്സിലാക്കാറുണ്ട്.

വജ്ഹുല്ലാഹ്(അല്ലാഹുവിന്‍റെ മുഖം) എന്നു ഖുര്‍ആനില്‍ പലയിടങ്ങളിലായി പരാമര്‍ശിച്ചതായി കാണാം (92:20, 42:11, 2:272, 13:22, 30:38, 76:9). അല്ലാഹുവിന്‍റെ കൈ (യദ്) എന്ന് ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് (3:26, 5:64, 23:88, 36:83, 67:1) വിശ്വാസിയുടെ ഹൃദയം അല്ലാഹുവിന്‍റെ രണ്ട് വിരലുകള്‍ക്കിടയിലാണെന്ന് (മുസ്‌ലിം 2654, തുര്‍മുദി 2140, ഇബ്‌നുമാജ 3844) ഹദീസിലുണ്ട്. അല്ലാഹു അര്‍ശില്‍ ആരൂഡനായി എന്നു ഖുര്‍ആനിലുണ്ട് (20:5). അല്ലാഹുവിന്‍റെ ദൃഷ്ടി എന്നു ഖുര്‍ആന്‍ (52:48)പറഞ്ഞിട്ടുണ്ട്.

അല്ലാഹുവിന്‍റെ കൈകള്‍, വിരലുകള്‍, കണങ്കാല്‍, മുഖം, ചിരി, സന്തോഷം, സിംഹാസനാരോഹണം തുടങ്ങി ഖുര്‍ആനിലും സുന്നത്തിലും വന്ന പ്രയോഗങ്ങള്‍ അല്ലാഹുവിന്‍റെ മഹത്വത്തിനു അനുയോജ്യമാം വിധം വ്യാഖ്യാനിക്കുകയാണ് വേണ്ടതെന്ന് മഹാന്മാരായ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിനു അല്ലാഹുവിന്‍റെ കൈകള്‍ എന്നതു കൊണ്ടുള്ള വിവക്ഷ യഥാര്‍ത്ഥ കൈകളല്ല. അവന്‍റെ ശക്തി, ഉദാരത, സഹായം എന്നൊക്കെയാണ് ഉദ്ദേശിക്കപ്പെടുന്നത്.

എന്നാല്‍ മേല്‍പറഞ്ഞ പ്രയോഗങ്ങളില്‍ നിന്ന് അല്ലാഹുവിന് മുഖവും കയ്യും വിരലുകളും ഇരുത്തവും നിര്‍ത്തവും കയറലും ഇറങ്ങലും കണ്ണും കാതുമെല്ലാമുണ്ടെന്ന് വിശ്വസിക്കുന്നത് തൌഹീദിന് വിപരീതമാണ്. ഈ വിശ്വാസം പുലര്‍ത്തുന്ന ബിദഈ കക്ഷികള്‍ മുജസ്സിമത് എന്ന പേരിലാണ് അറിയപ്പെടുന്നത്.

അല്ലാഹുവിന്‍റെ ദാത്തിലും സ്വഫാത്തിലും അഫ്ആലിലും ആരെയും പങ്കുചേര്‍ക്കാതെയുള്ള കളങ്കമില്ലാത്ത തൌഹീദിന് വിരുദ്ധമാവുന്ന തരത്തിലുള്ള വിശ്വാസങ്ങളെല്ലാം വര്‍ജിക്കേണ്ടതാണ്. വിശുദ്ധഖുര്‍ആനിലും ഹദീസുകളിലുമുള്ള പരാമര്‍ശങ്ങളുടെ പൊരുളുകള്‍ മനസ്സിലാക്കാന്‍ മഹാന്മാരുടെ വിശദീകരിണങ്ങള്‍ അവലംബിക്കാനും തെറ്റായ രീതിയിലുള്ള വിശ്വാസങ്ങളില്‍ അകപ്പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter