28 February 2021
19 Rajab 1437

അബുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍

ഡോ. ബഹാഉദ്ദീന്‍ ഹുദവി‍‍

15 January, 2021

+ -
image

ജുമാദൽ ഊലാ മാസത്തിൽ  നാം സ്മരിക്കേണ്ട പണ്ഡിത ശോഭയാണ് മൗലാനാ കാടേരി മുഹമ്മദ് അബുൽ കമാൽ.ഇരുപതാം നൂറ്റാണ്ടില്‍ കേരളം ദര്‍ശിച്ച  ധിഷണാ ശാലിയും പ്രതിഭാധനനുമായ പണ്ഡിതപ്രതിഭയായിരുന്നു അബുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍. പണ്ഡിതന്‍, ബഹുഭാഷാ പരിജ്ഞാനി, ഉജ്ജ്വല വാഗ്മി, കവി, ഗ്രന്ഥകാന്‍, പത്രാധിപര്‍, അധ്യാപകന്‍, ചിന്തകന്‍, പരിഷ്‌ക്കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ വിഷേഷണങ്ങളടങ്ങിയ അദ്ദേഹം സൂക്ഷ്മത നിറഞ്ഞ ജീവിതം നയിച്ച സാത്വികനായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃനിരയില്‍ ജ്വലിച്ചു നിന്ന അദ്ദേഹം പ്രസ്ഥാനത്തോട് പുലര്‍ത്തിയ പ്രതിബന്ധതയും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വീകരിച്ച ആത്മസംയമനവും വിവരണാതീതമാണ്. സൂഫീവര്യനും മതപ്രഭാഷകനുമായിരുന്ന മേല്‍മുറി കാടേരി ഹസന്‍ മുസ്‌ലിയാരുടെയും ഫാത്തിമക്കുട്ടിയുടെയും മകനായി 1906/1324-ല്‍ മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയിലാണ് ജനനം. പിതാവ് ഹസന്‍ മുസ്‌ലിയാരാണ് പ്രഥ ഗുരു. പെരിമ്പലം ഉണ്ണിമൊയ്തു മുസ്‌ലിയാര്‍, പാങ്ങില്‍ അബ്ദുള്ള മുസ്‌ലിയാര്‍, കൊയപ്പ കുഞ്ഞായന്‍ മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നാണ് ദര്‍സ് പഠനം പൂര്‍ത്തീകരിച്ചത്. കുഞ്ഞായന്‍ മുസ്‌ലിയാരുടെ കാപ്പാട് ദര്‍സില്‍ നിന്നാണ് ബാഖിയാത്തിലേക്ക് ഉപരിപഠനത്തിനായി പുറപ്പെട്ടു. അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്ത്, അബ്ദറഹീം ഹസ്‌റത്ത്, ശൈഖ് ആദം ഹസ്‌റത്ത് എന്നിവര്‍ക്കു കീഴിലായിരുന്നു പഠനം. 1936-ല്‍ ബാഖവി ബിരുദം നേടി. പെരിന്തല്‍മണ്ണക്കടുത്ത കക്കൂത്ത് പള്ളിയിലാണ് ദര്‍സ് ആരംഭിച്ചത്. തിരൂര്‍ക്കാട്, പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി പനയത്തില്‍ പള്ളി, കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ അറബിക് കോളേജ്, ഓമാനൂര്‍, മുക്കം, ചെറുവത്തൂര്‍ തുരുത്തി, കാളികാവ് പള്ളിശ്ശേരി, താഴേക്കോട്, പാണ്ടിക്കാട്, പടിഞ്ഞാറ്റുംമുറി, കുണ്ടൂര്‍ എന്നിവിടങ്ങളിലും ദര്‍സ് നടത്തി. തിരൂര്‍ക്കാട് സേവനം ചെയ്യുന്ന കാലത്താണ് അല്‍ മദ്‌റസത്തുല്‍ ഇലാഹിയ്യ സ്ഥാപിക്കുന്നത്. ഈ സ്ഥാപനം പിന്നീട് ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തില്‍ വരികയും ഇലാഹിയ്യ അറബിക് കോളേജ് എന്നറിയപ്പെടുകയും ചെയ്തു. സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍, കുറ്റിപ്പുറം അബ്ദുള്ള മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്. 1945-ലെ കാര്യവട്ടം സമ്മേളനത്തോടെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃരംഗത്ത് സജീവമാകുന്നത്. സസ്ത പ്രചാരണത്തിനായി രൂപീകൃതമായ ഏഴംഗ ഇശാഅത് കമ്മിറ്റിയിൽ പ്രഥാനമെംബറായിരുന്നു. സമസ്ത മുശാവറ അംഗമായും അല്‍ബയാന്‍ മുഖ്യപത്രാധിപരായും സേവനങ്ങളര്‍പ്പിച്ചു. 1950 ഒക്ടോബര്‍ മാസം (1370 മുഹറം) അല്‍ ബയാന്‍ മാസിക പുനരാരംഭിച്ചതു മുതല്‍ 1952 ഡിസംബര്‍ വരെ പത്രാധിപര്‍ സ്ഥാനത്തു തുടര്‍ന്നു. മൗലാനാ കാടേരി എഴുതിയ ഒരു ലേഖനം സംബന്ധമായി വന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പത്രാധിപ സ്ഥാനം ഒഴിയുകയായിരുന്നു. ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ രചനകളില്‍ നൂതനമായ പല പ്രമേയങ്ങളും കടന്നുവന്നിരുന്നു. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി പ്രത്യക്ഷപ്പെട്ടപ്പോള്‍ അല്‍ബയാനില്‍ അതിനെതിരെ ലേഖന പരമ്പര പ്രസിദ്ധീകരിച്ചു. ആദര്‍ശ പ്രചരണ രംഗത്തും സജീവമായിരുന്നു. മദ്‌റസാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും ശാക്തീകരണത്തിനും കഠിന പ്രയത്‌നം നടത്തി. 1951-ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമായപ്പോള്‍ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. മരണം വരെയും മുശാവറ മെമ്പറായിരുന്നു. പല വിഷയങ്ങളിലു സ്വതന്ത്രവും ധീരവുമായ വീക്ഷണം വെച്ചു പുലർത്തി. ജനാസ കൊണ്ടു പോകുന്പോൾ ഉച്ചത്തിൽ ദിക്റുകൾ ചൊല്ലുന്നത് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും അതിനാൽ മൗനമായി ജനാസ കൊണ്ടു പോകുകയാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് പോലെ, ദർഗകളോടനുബന്ധിച്ച് നടന്നു വന്നിരുന്ന കൊടികുത്ത് നേർച്ച (ചന്ദനക്കുടം ഉത്സവം) അനാചാരമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഖാസിമാരുടെ ശംബളം സംബന്ധമായും അദ്ദേഹത്തിന് കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഖാസിമാർ ചെയ്യുന്ന സേവനം ശംബളം പറ്റാവുന്ന ഒരു ജോലിയല്ലെന്നും അവർ മറ്റു വഴികളിലൂടെ വരുമാനം കണ്ടെത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീധനം ചോദിച്ച്‌ വാങ്ങുന്നത് അനിസ്ലാമികമാണെന്നും അദ്ദേഹം എഴുതി. മൗലിദാഘോഷം അതിരുവിടുന്നതിനെയും അദ്ദേഹം വിലക്കി. അറബി, അറബി മലയാളം, മലയാളം എന്നിവയിലായി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നഖ്ദുല്‍ അനാജീല്‍ ഫീ റദ്ദിന്നസ്വാറാ, അല്‍ ഹുസാമുല്‍ മശ്ഹൂദ് അലാ അഹ്‌ലിസ്സ്വലീബി വല്‍ ഹുനൂദ്, അല്‍ മുഹാളറാത്തുല്‍ ഇല്‍മിയ്യ, അല്‍ ഫളാഇലുദ്ദീനിയ്യ, താഇയ്യ കമാലിയ്യ, അല്‍ ഖസ്വീദത്തുല്‍ മീലാദിയ്യ, ചിന്താര്‍ഹമായ യാഥാര്‍ത്ഥ്യങ്ങള്‍, ഫതാവാ ഫീ റഫ്ഇസ്സൗതി മഅല്‍ ജനാസ റഗ്മന്‍ അലാ അന്‍ഫി മന്‍ അജാസഹു, ഘോഷ, അത്തുർറഹാതുൽ ഖാദിയാനിയ്യ, ഉസ്വൂലെ മൗദൂദിയ്യത്ത്, ആത്മീയ രോഗ ചികിത്സ (വിവര്‍ത്തനം), സമുന്നതരായ സ്വഹാബി വര്യന്‍മാര്‍ (വിവര്‍ത്തനം), ഹാലിത്തെ മദീന മുനവ്വറ(വിവര്‍ത്തനം), ഖവാഇദെ ഉര്‍ദു (വിവര്‍ത്തനം), അല്‍മൗലിദുഥരീഫ് വദ്ദവാഉല്‍ മുനീഫ് ഫീ മനാഖിബി ശുഹദാഇല്‍ ഓമാനൂരിയ്യീന്‍, അല്‍മൗലിദുല്‍ മുസ്വമ്മദ് ഫാ മദ്ഹിശ്ശൈഖി അലീ അഹ്മദ്, ബീമാപള്ളി മൗലിദ്, ഖളാഉല്‍ ഇറബ് ഫീ വഅളില്‍ ഖുത്ബതി ഫീ ഗൈരി ലുഗത്തില്‍ അറബ്,  എന്നിവ രചനകളാണ്. താഇയ്യ കമാലിയ്യ, അൽ ഖസ്വീദതുൽ മീലാദിയ്യ എന്നിവ അദ്ദേഹം രചിച്ച കാവ്യങ്ങളാണ്. നഖ്ദുൽ അനാജീൽ, അൽ ഹുസാമുൽ മശ്ഹൂദ് എന്നീ ഗ്രന്ഥങ്ങൾ അടിസ്ഥാനമായി മതതാരതമ്യപഠനത്തിൽ ,ഇന്റർനാഷ്നൽ യൂനിവേഴ്‌സിറ്റി ഓഫ് മലേഷ്യയിൽ ഗവേഷണം നടന്നിട്ടുണ്ട്.പുഴക്കാട്ടിരി പാതിരമണ്ണയിലെ വിശാരത്തൊടി കുഞ്ഞീദു മുസ് ലിയാരുടെ മകള്‍ ഫാത്തിമയായിരുന്നു ഭാര്യ. മര്‍ഹൂം അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍, മര്‍ഹൂം ഹസന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പുത്രന്‍മാരും പി.കെ അബ്ദുള്ള മുസ്‌ലിയാര്‍, വലിയോറ കോയാമു മുസ്‌ലിയാര്‍, പള്ളിപ്പുറം ആലുങ്ങല്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, പറപ്പൂര്‍ അഹ്മദ് കുട്ടി ബാഖവി എന്നിവര്‍ ജാമാതാക്കളാണ്. 1985 ഫെബ്രുവരി 20/1405 ജമാദുല്‍ അവ്വല്‍ 30-നായിരുന്നു വിയോഗം. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.


RELATED ARTICLES