അബ്ദുറഹ്മാൻ അല്‍ദാഖില്‍: ആത്മവിശ്വാസത്തിന്റെ പ്രതീകം
മുസ്‍ലിം ഭരണത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ അബ്ബാസി ഖിലാഫത്തിന്റെ കരങ്ങളാൽ ഡമസ്കസിൽ നിന്നും വേരോടെ പിഴുതെറിയപ്പെട്ട അമവിയ്യാ ഖിലാഫത്തിനെ അതിന്റെ യഥാർത്ഥ പ്രൗഢിയോടെ സ്പെയിനിന്റെ മണ്ണിൽ സ്ഥാപിച്ച് "അദ്ദാഖിൽ" എന്ന വിളിപ്പേരോടെ ലോകത്തിനു മുന്നിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറിയ ഭരണാധികാരിയായിരുന്നു അബ്ദുറഹ്മാൻ ഒന്നാമൻ.
ജനനവും ജീവിത സാഹചര്യവും
ഉമവീ ഭരണത്തിന്റെ ഹൃദയ ഭൂമിയായ ഡമസ്കസിന് അടുത്തുള്ള പാൽ മിയറയിൽ എ.സി 731 നായിരുന്നു അബ്ദുറഹ്മാൻ ഒന്നാമൻ ജനിക്കുന്നത്. പിതാവ് മുആവിയ്യതുബ്നു ഹിശാമിന്റെ ലാളനയിൽ വളർന്ന അദ്ദേഹം ചെറുപ്പത്തിൽ തന്നെ ഖുർആൻ മനപ്പാഠമാക്കുകയും, ധാരാളം വിദ്യകൾ കരസ്ഥമാക്കുകയും ചെയ്തു. 740 -750 സമയത്ത് അദ്ദേഹത്തിന് കേവലം 20 വയസ്സുള്ളപ്പോഴായിരുന്നു അബ്ബാസികൾ ഡമസ്കസിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബത്തെയും ഉമയ്യത് ഖിലാഫത്തിനെയും പിഴുതുമാറ്റുന്നത്. കണ്ണിൽ കാണുന്ന ഉമവീ അനുകൂലികളെയെല്ലാം കൊന്നൊടുക്കിയായിരുന്നു അവർ വിജയം ആഘോഷിച്ചത്. തന്റെ യൗവ്വന പ്രായത്തിൽ തന്നെ ഇത്തരം ക്രൂരകൃത്യങ്ങൾ കണ്ടു വളർന്ന അബ്ദുറഹ്മാന്റെ മനസ്സിൽ അന്നുമുതലേ ചെറിയ ചെറിയ ലക്ഷ്യങ്ങളും വന്നുതുടങ്ങിയിരുന്നു.
നാട്ടിൽനിന്ന് അഭയം തേടിയുള്ള യാത്ര
സ്വന്തം നാട്ടിൽ നിന്ന് ആട്ടി പുറത്താക്കപ്പെട്ടതിന്റെ ദേഷ്യവും അടങ്ങാത്ത പകയും മനസ്സിൽ ഒതുക്കി തന്റെ കുടുംബത്തെയും കൂടെ കൂട്ടി ഡമസ്കസിൽ നിന്ന് യൂഫ്രട്ടീസ് നദി തീരത്തേക്ക് അദ്ദേഹം യാത്രയായി. സഹോദരൻ യഹ്‌യ, നാലു വയസ്സുള്ള സുലൈമാൻ, കുറച്ചു സഹോദരിമാർ, പിന്നെ ബദർ എന്ന് പേരുള്ള ഒരു സിറിയക്കാരനും അടങ്ങുന്ന യാത്രാസംഘത്തെ കാത്തിരുന്നത് തീരാത്ത രക്തദായികളായി മാറിയ അബ്ബാസി കുതിരപ്പടയാളികളെ ആയിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ തന്റെ കുടുംബത്തെയും കൂട്ടി ഒരു ഗ്രാമത്തിൽ പോയി ഒളിക്കുമ്പോഴേക്കും പടയാളികൾ അവരെ വളഞ്ഞ് കഴിഞ്ഞിരുന്നു. വേറെ മാർഗം ഒന്നും ഇല്ലാതെ വന്നപ്പോൾ, അവരുടെ കൈയ്യില്‍ പെട്ട് മരിച്ച് കൂടാ എന്ന് കരുതി, യൂഫ്രട്ടീസ് നദിയിലേക്ക് എല്ലാവരും എടുത്ത് ചാടി. അതേസമയം പട്ടാളക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങൾ വിശ്വസിച്ചു തിരിച്ചു കരയിലേക്ക് കയറിയ സഹോദരൻ യഹിയയുടെ തല വെട്ടുന്നത് നദിയിൽ നീന്തുന്നതിനിടെ നോക്കിനിൽക്കാനേ അബ്ദുറഹ്മാന് സാധിച്ചുള്ളൂ. നീണ്ട ശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുമ്പോൾ ആ യാത്രാസംഘത്തിൽ അവശേഷിച്ചത് അബ്ദുറഹ്മാനും ബദറും മാത്രമായിരുന്നു.
സ്പെയിൻ എന്ന കടമ്പ
ഫലസ്തീൻ, സിനായ് തുടങ്ങിയ സ്ഥലങ്ങൾ താണ്ടി ഈജിപ്തിലെത്തിയെങ്കിലും അത് കൊണ്ടൊന്നും തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര അവസാനിപ്പിക്കാൻ അബ്ദുറഹ്മാൻ തയ്യാറായിരുന്നില്ല. ഇഫ്രിക്കിയ (ഇന്നത്തെ തുനീഷ്യ)യിൽ താമസിച്ചാണ് തന്റെ യാത്രയിൽ നിന്ന് അദ്ദേഹം താൽക്കാലിക വിരാമം എടുത്തത്. അവിടത്തെ അർദ്ധ സ്വയം ഭരണ ഗവർണർ ഇബ്നുഹബീബ് തന്റെ വാഗ്ദത്തം ലംഘിച്ചതിന് അബ്ബാസികളോട് തെറ്റിനിൽക്കുന്ന സമയമായിരുന്നു അത്. കൂടാതെ ഭരണാധികാരിയുടെ അഭയം ലഭിക്കുക കൂടി ചെയ്തതോടെ അബ്ദുറഹ്മാന് അവിടെയുള്ള വാസം എളുപ്പമായി. അധികം വൈകാതെ, പുതുതായി ഇവിടെയെത്തിയ ഈ ഉമവികള്‍ നാട്ടിലെ പ്രമാണിമാരുമായി ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടോ എന്ന സംശയം തോന്നിയ ഇബ്നുഹബീബ് അതിന് തടയിടാനുള്ള ശ്രമത്തിലായി. 755ലായിരുന്നു അത്. അതോടെ താന്‍ വീണ്ടും പിടിക്കപ്പെടും എന്ന ഭയം അബ്ദുറഹ്മാനെ ഒരു ബർബേറിയന്റെ വീട്ടിൽ ഒളിച്ചിരിക്കാൻ നിർബന്ധിതനാക്കി. സൈന്യം പോയതിനുശേഷം അദ്ദേഹം പടിഞ്ഞാറൻ ഭാഗത്തേക്ക് യാത്ര തുടർന്ന്, ഇന്നത്തെ മൊറോക്കോയിലെത്തി. അടുത്ത ലക്ഷ്യം മെഡിറ്റേറിയൻ കടലും താണ്ടി സ്പെയിനിൽ എത്തുക എന്നതായിരുന്നു. അദ്ദേഹത്തിന്റെ യാത്ര കാരണമായി അദ്ദേഹത്തിനെ വിളിക്കപ്പെട്ട പേരായിരുന്നു ഖുറൈശികളുടെ കഴുകൻ (സഖർ ഖുറൈശ്) എന്ന്.
സ്പെയിനിലെ ഭരണപ്രതിഷ്ഠ
ആദ്യമായി സ്പെയിനിൽ പ്രവേശിക്കുന്ന അമവി ആയതിനാൽ അദ്ദേഹത്തിന് (അദ്ദാഖിൽ) എന്ന നാമം ലഭിച്ചു. സ്പെയിനിലെ ആഭ്യന്തര സാഹചര്യം കലുഷിതമായിരിക്കുമ്പോഴായിരുന്നു അബ്ദുറഹ്മാന്റെ രംഗപ്രവേശം. 740ലെ ബർബേറിയൻ കലഹം കാരണം അറബികൾക്കിടയിലും വംശീയ കലഹം നിലനിന്നിരുന്നു. അതിനാൽ തന്നെ സ്പെയിനിൽ കാല് കുത്തിയത് മുതൽ ഇരു വിഭാഗങ്ങളുടെയും പ്രീതി പിടിച്ചുപറ്റാൻ അബ്ദുറഹ്മാൻ തന്നെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അദ്ദേഹം തന്റെ നയതന്ത്രത്തിലൂടെ സമർത്ഥമായി സഖ്യങ്ങൾ ഉണ്ടാക്കുകയും, ഇതിലൂടെ അവരുടെ നേതാക്കളുമായി ഒരു ധാരണയിൽ എത്തുകയും ചെയ്തു. ഗ്യാഡ്യാൽ ക്വിവിർ യുദ്ധത്തിലൂടെ അദ്ദേഹം യൂസഫ് അൽ ഫിഹ്രിയെ കീഴടക്കി കൊർദോബയിൽ അധികാരിയാവുകയും 756 ൽ കൊർദോബ എമിറേറ്റ് സ്ഥാപിക്കുകയും ചെയ്തു. കൂടാതെ അബ്ബാസി ഗവർണർ ഇബ്നുൽഖാസിമിനെയും ഇതേ യുദ്ധത്തിൽ അദ്ദേഹം പരാജയപ്പെടുത്തി. അതോടെ, സ്പെയിനില്‍ കൊർദോബാ കേന്ദ്രമാക്കി അമവികളുടെ ഭരണകൂടത്തിന് തുടക്കം കുറിച്ചു. മുസ്‍ലിം ലോകത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിനും.
ഭരണവും വികസനങ്ങളും
പ്രധാനമായും ബർബേറിയൻസ്, അറബികൾ, ഐബീരിയൻ മുസ്‍ലിംകൾ, തുടങ്ങിയവർക്കിടയിൽ ഒരുമിപ്പിക്കാൻ ഇദ്ദേഹത്തിന്റെ ഭരണകാലയളവിൽ സാധിച്ചു. പ്രത്യേകിച്ച് അറബികളുടെയും ബർബറിമാരുടെയും ഇടയിൽ നിലനിന്നിരുന്ന പ്രശ്നങ്ങളെ ഒത്തുതീർപ്പാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ആളുകളെ ഒരിക്കൽ പോലും അദ്ദേഹം ഇസ്‍ലാം സ്വീകരിക്കാൻ നിർബന്ധിച്ചിരുന്നില്ല, എന്ന് മാത്രമല്ല അവരുടെ മതമനുസരിച്ച് ജീവിക്കാൻ അവർക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നൽകുകയും ചെയ്തു. സൈനികമായി അതുവരെ ബലഹീനരായ അവർക്കിടയിൽ 40,000 ഓളം വരുന്ന സൈനികരെ അദ്ദേഹം വാർത്തെടുത്തു. കൂടാതെ ക്രിസ്ത്യൻ ഭരണകൂടമായ ആസ്ത്രിയാസ്, നവ്വറെ തുടങ്ങിയവരുടെ ആക്രമങ്ങൾക്കെതിരെ തന്റെ രാജ്യത്തിന് പ്രതിരോധം തീർക്കാനും അദ്ദേഹത്തിന് സാധിച്ചു. ശേഷം ഫെർഡിനാന്റ് രാജാവിന്റെ കാലത്ത് ചർച്ച് ആക്കി മാറ്റപ്പെട്ട, പ്രശസ്തമായ കൊർദോബ ജുമാ മസ്ജിദ് നിർമിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. കൊർദോബയെ ഒരു വൈജ്ഞാനിക കേന്ദ്രമാക്കി മാറ്റാനും അദ്ദേഹത്തിന് സാധിച്ചു. 788 ല്‍ അദ്ദേഹം മരണപ്പെടുമ്പോൾ അതുവരെയും കാണാത്ത വിധം സമ്പന്നമായി ആ രാജ്യം മാറിയിരുന്നു. അമവികളുടെ പുനരുജ്ജീവകൻ എന്ന് കാലം മുദ്രകുത്തിയ വ്യക്തിത്വമായി, അതോടെ ചരിത്രത്തില്‍ അബ്ദുറഹ്മാൻ ദാഖിലും സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു.
കൃത്യമായ ലക്ഷ്യങ്ങള്‍ മനസ്സിലേറ്റിയാല്‍ പിന്നെ, ക്ഷീണം തോന്നുകയോ വിശ്രമം ആവശ്യമായി വരികയോ ഇല്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങിലൊന്നായി അബ്ദുറഹ്മാന്‍ ദാഖില്‍ എന്ന നാമം ഇന്നും ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ ഉല്ലേഖിതമായി കിടക്കുകയാണ്.
Leave A Comment