മുസ്‌ലിംകളുടെ കോൺസ്റ്റാന്റിനോപ്പിൾ വിജയവും വാസ്കോഡ ഗാമയുടെ ഇന്ത്യാ യാത്രയും തമ്മിലുണ്ടൊരു ഗാഢ ബന്ധം
1453 മെയ് 29നാണ് പുരാതന റോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാൻറിനോപ്പിൾ ഓട്ടോമൻ തുർക്കികൾ കീഴടക്കുന്നത്. മധ്യകാലഘട്ടത്തിലെ അവസാനവും യൂറോപ്പിന്റെ ആധുനിക യുഗത്തിന്റെ തുടക്കമായാണ് ഈ സംഭവത്തെ ചരിത്രകാരന്മാർ അടയാളപ്പെടുത്തുന്നത്.

ഏഴാം ഒട്ടോമൻ സുൽത്താനായ മുഹമ്മദ് രണ്ടാമൻ ആണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. 1921 ൽ ഒട്ടോമൻ സാമ്രാജ്യം തകരുന്നതുവരെ ഇത് തന്നെമായിരുന്നു തലസ്ഥാനം. ഇവിടെ നിർമ്മിച്ച തോപ്പ്കാപ്പെ കൊട്ടാരവുമായിരുന്നു അവസാനം വരെ ഒട്ടോമൻ സുൽത്താന്മാരുടെ ഗേഹവും. ചരിത്രം അതുവരെ ദർശിച്ചിട്ടില്ലാത്ത യുദ്ധ തന്ത്രങ്ങളായിരുന്നു കുശാഗ്ര ബുദ്ധിശാലിയായിരുന്ന മുഹമ്മദ് രണ്ടാമൻ ഈ നഗരം കീഴടക്കുവാനായി ആവിഷ്കരിച്ചത്. ഒട്ടോമൻ നാവികസേനയെ പ്രതിരോധിക്കാനായി ബോസ്ഫറസിൽ ചങ്ങലകൾ തീർത്ത കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ തന്ത്രത്തെ കരയിലൂടെ കപ്പൽ ഓടിച്ച് കൊണ്ടായിരുന്നു സുൽത്താൻ തകർത്തതും അങ്ങനെ നഗരങ്ങളുടെ റാണി എന്നറിയപ്പെടുന്ന കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയതും.

മുസ്‌ലിംകളുടെ കോൺസ്റ്റാന്റിനോപ്പിൾ വിജയവും വിഖ്യാത പര്യവേക്ഷകരായ വാസ്കോഡിഗാമയുടെ ഇന്ത്യാ യാത്രയും കൊളംബസിന്റെ അമേരിക്കയെ കണ്ടെത്തലും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നത് വലിയൊരു ചരിത്ര യാഥാർത്ഥ്യമാണ്.

മുസ്‌ലിംകൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ശത്രുരാജ്യങ്ങളായിരുന്ന ക്രിസ്ത്യൻ യൂറോപ്യൻ ശക്തികൾക്ക് ഏഷ്യയിലേക്കെത്താനുള്ള ഏകമാർഗം അടഞ്ഞുപോയി. പടിഞ്ഞാറ് യൂറോപ്പ് മുതൽ കിഴക്ക് ഇന്ത്യ, ചൈന വരെ നീണ്ടു നിന്ന 2ആം നൂറ്റാണ്ടു മുതലുള്ള പട്ട് പാതയിൽ നിന്നും യൂറോപ്യൻ ശക്തികൾ നിഷ്കാസിതരായതോടെ യൂറോപ്യൻ വാണിജ്യ രംഗത്തിന്റെ മുനയൊടിഞ്ഞു പോയി. അതോടെ യൂറോപ്യർക്ക് ഇന്ത്യയിൽ എത്തുവാൻ പുതിയ മാർഗം കണ്ടെത്തൽ അനിവാര്യമായിത്തീർന്നു. ഇതിന് അവർ കണ്ടെത്തിയ മാർഗം കടൽവഴി ഇന്ത്യയിൽ എത്തുക എന്നതായിരുന്നു. അങ്ങനെയാണ് പോർച്ചുഗീസ് രാജാവിൻറെ നിർദ്ദേശപ്രകാരം വാസ്കോഡിഗാമ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് കടന്ന് കാപ്പാട്ട് കപ്പൽ ഇറങ്ങുന്നത്. അറബിക്കടലിലെ അറബികളുടെ കച്ചവട കുത്തക അവസാനിപ്പിച്ച് ഇന്ത്യൻ ചരക്കുകൾ കച്ചവടം ചെയ്തത് ഒരു നൂറ്റാണ്ടോളം പോർച്ചുഗലിന് യൂറോപ്യൻ വാണിജ്യ രംഗത്ത് മേധാവിത്വം നൽകി. മറ്റ് യൂറോപ്യൻ ശക്തികൾ ഇന്ത്യയിൽ എത്തുന്നത് വരെ അത് നിലനിൽക്കുകയും ചെയ്തു.

അതേസമയം ഇന്ത്യയിലേക്ക് പടിഞ്ഞാറ് വഴി സഞ്ചരിക്കാനായിരുന്നു കൊളംബസിന്റെ തീരുമാനം. 1492 ൽ തന്റെ ആശയം മുസ്‌ലിംകളുടെ സ്പെയിനിലെ അവസാന ഇടമായിരുന്ന ഗ്രാനഡ കീഴടക്കിയ ഇസബെല്ല- ഫെർഡിനന്റ് ഭരണാധികാരികൾക്ക് കൊളംബസ് കൈമാറുകയും യാത്ര ചെലവ് മുഴുവനായി അവർ ഏറ്റെടുക്കുകയും ചെയ്തു. ഏഷ്യ ആഫ്രിക്ക യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങൾ മാത്രമാണ് ലോകത്ത് ഉണ്ടായിരുന്നതെന്ന് വിശ്വസിച്ചിരുന്ന ലോകജനതയിലൊരാളായിരുന്ന കൊളംബസ് പക്ഷേ എത്തിപ്പെട്ടത് പുതിയൊരു ഭൂഖണ്ഡത്തിലേക്കായിരുന്നു. അത് അമേരിക്കൻ വൻകരയായിരുന്നു. താൻ എത്തിപ്പെട്ട ഭൂപ്രവിശ്യയെ പടിഞ്ഞാറിലെ ഇന്ത്യ എന്ന അർത്ഥം വരുന്ന വെസ്റ്റിൻഡീസ് എന്നും അദ്ദേഹം നാമകരണം ചെയ്തു.

ഗാമയുടെ ഇന്ത്യ യാത്രയാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് കിഴക്കൻ ഭാഗത്തേക്ക് കോളനികൾ സ്ഥാപിക്കുവാനുള്ള തുടക്കമായിരുന്നതെങ്കിൽ കൊളംബസിന്റെ ഇന്ത്യ തേടിയുള്ള യാത്ര വഴിയൊരുക്കിയത് ആധുനിക യുഗത്തിലെ ലോക ശക്തിയായ അമേരിക്കയുടെ കണ്ടെത്തലിലേക്കുമായിരുന്നു. നവലോക ക്രമത്തിൽ ആഴത്തിൽ പ്രതിധ്വനികൾ സൃഷ്ടിച്ച ഈ രണ്ട് പര്യടനങ്ങളുടെയും മൂലകാരണം മുസ്‌ലിംകളുടെ കോൺസ്റ്റാന്റിനോപ്പിൾ വിജയവുമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter