നീതിമാനായ പ്രവാചകന്‍

ചരിത്രകാരനായ തോമസ് കാർലൈൽ തന്റ്റെ 'ഓൺ ഹീറോസ്,ഹീറോ-വർഷിപ് ആൻഡ് ദി ഹെറോയിക് ഇൻ ഹിസ്റ്ററി’ എന്ന കൃതിയിൽ മുഹമ്മദ് നബി (സ) പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്: '' ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കറുത്ത മണൽ ഭൂമിയുടെ മേൽ ഒരു അഗ്നിസ്ഫുലിംഗം പോലെയാണ് പ്രവാചകൻ കടന്ന് വന്നത്. ആ അഗ്നി സ്ഫുലിംഗം ആഗതമായതോടെ ആ മണൽ വെടിമരുന്നു പോലെ പൊട്ടി തെറിച്ച്, ആകാശത്തോള്ളോം ഉയരത്തിൽ അഗ്നി ജ്വലിച്ചു.അത് ഡൽഹി മുതൽ ഗ്രനേഡ വരെ പടർന്നു- മഹാമനുഷ്യൻ ഇപ്പോഴും സ്വർഗത്തിൽ നിന്നുള്ള മിന്നൽ പിണറുകളാണല്ലോ." സ്വർഗീയമായ അഭിഷേകാഗ്നിയായിരിന്നു പ്രവാചകൻ. ആ നീതി ജ്വാല ഇങ്ങനെ ഉദ്ഘോഷിച്ചു: '' സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരാകുക.ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്.നിങ്ങൾ നീതി പാലിക്കുക; അതാണ് ധർമ്മ നിഷ്ഠയോട് ഏറ്റവും സമീപസ്ഥമായത്'' (വിശുദ്ധ ഖുർആൻ 5:8)

നീതി അത്യുന്നതമായ മാനവമൂല്യമാണ്.അതിന്ൻറെ ഉറവിടം അല്ലാഹുവും. നീതിരഹിതമായ സമൂഹം നശിക്കാൻ ബാധ്യസ്ഥമാണ്. അതിനാലാണ് അമേരിക്കൻ ചിന്തകനായ റോബർട്ട് ഇൻഗർസോൾ ഇങ്ങനെ പറഞ്ഞത് : '' മണൽ മൂടിപ്പോയ ഈജിപ്തും ഒരിക്കൽ അതിശക്തമായ റോമിലെ ഓരോ വീഴാനിരിക്കുന്ന ശിലാഖണ്ഡവും ഏഥൻസിലെ വെണ്ണക്കൽ നിശ്ശബ്ദതയും എല്ലാം പ്രഘോഷിക്കുന്നതിതാണ്-അനീതിയാൽ സ്ഥാപിതമായിരിക്കുന്ന ഒരു രാഷ്ട്രവും നിത്യമായി നിലനിൽക്കുകയില്ല.''ഈജിപ്തിലെ ഗംഭീരമായി പിരമിഡുകൾ അടിയാളരുടെ ദീനരോദനം മൗനമായി മുഴക്കുന്നുണ്ട്.റോമിലെ കൊളോസിയത്തിൽ അടിമകളുടെ മായാത്ത രക്തമുണ്ട്. ഏതൻസിലെ രമ്യ ഹർമ്യങ്ങളിൽ അടിച്ചമർത്തപെട്ടവന്റ്റെ കണ്ണീർ പാടുകളുണ്ട്.അത് കൊണ്ടാണ് അവയെല്ലാം കാലത്തിന്റ്റെ രഥചക്രങ്ങളിൽ അമർന്ന് അപ്രത്യക്ഷമായത്.ചരിത്രത്തിൻറ്റെ ഇത്തരമൊരു ദശാസന്ധിയിൽ അനീതിയാൽ മൂടപ്പെട്ട ഒരു സമൂഹത്തിലേക്കാണ് പ്രവാചകൻ (സ) നീതിയുടെ അഗ്നി സ്ഫുലിംഗമായി കടന്നു വന്നത്.വിശുദ്ധ ഖുർആൻ കല്പിച്ചു : '' നീതിമാനായിരിക്കുക, അതാണ് ഭക്തിയോടു ഏറ്റവും സമീപസ്ഥമായിട്ടുള്ളത്". പ്രവാചകൻ (സ) സ്വജീവിതത്തിലൂടെ ആ അധ്യാപനം സ്പഷ്ടീകരിച്ചു.നീതിയുടെ വസന്തമായി അവിടെന്ന് പരിലസിച്ചു.കാരണം അവിടെത്തെ ജീവിതം ഖുർആൻ ആയിരുന്നല്ലോ.അവിടെത്തെ ജീവിതം തന്നെയായിരുന്നു അവിടെത്തെ നീതിശാസ്ത്രം.

നീതിക്ക് വേണ്ടിയുള്ള അന്വേഷണം വിശുദ്ധ പാനപാത്രത്തിനുള്ള അന്വേഷണം പോലെ കഠിനമാണെന്ന് നിയമശാസ്ത്രജ്ഞനായ എം.ഡബ്ല്യൂ.ഡയസ് പറയുകയുണ്ടായി. 'നീതി ' എന്ന സങ്കല്പം ആകാശം പോലെ രാഷ്ട്രമീമാംസകരേയും നീതി ശാസ്ത്രജ്ഞരേയും വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു.അതിന് കൃത്യമായ ഒരു നിർവചനമോ കാലദേശാതീതമായ ഒരു വ്യാഖ്യാനമോ സാധ്യമല്ല. ഓരോരുത്തർക്കും അവർ അർഹിക്കുന്നത് നൽകുക എന്നതാണ് നീതി എന്നാണ് ജസ്റ്റീനിയൻ ചക്രവർത്തി നിരീക്ഷിച്ചത്. എന്നാൽ പ്രവാചകൻ (സ) മുന്നോട്ടുവെച്ച നീതി തത്വങ്ങൾ കാലദേശാതീതമായി നിതാന്തപ്രസക്തിയുള്ളതാണ്.

പ്രശസ്ത ചിന്തകനായ ഏണസ്റ്റ് ബാർക്കർ അഭിപ്രായപ്പെട്ടത് നീതി മൂന്ന് മൂല്യങ്ങളുടെ സങ്കലനമാണ് എന്നാണ്.സ്വാതന്ത്ര്യം,സമത്വം ,സാഹോദര്യം എന്നിവയാണ് ഈ മൂന്ന് മൂല്യങ്ങൾ. ഈ മൂന്ന് മൂല്യങ്ങൾ ഇസ്ലാമിക രാഷ്ട്ര-സാമൂഹ്യ സങ്കല്പങ്ങളിൽ നക്ഷത്രസന്നിഭം പ്രശോഭിക്കുന്നു.ബാർക്കർ തൻറ്റെ 'ദി പ്രിൻസിപ്ൾസ് ഓഫ് സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ തിയറി' എന്ന കൃതിയിൽ പറയുന്നത് നീതിയുടെ അടിത്തറ, നീതിയിൽ അധിഷ്ഠിതമായ നിയമമാണ്; മറിച്ചു നിയമത്തിൽ അധിഷ്ഠിതമായ നീതിയല്ല എന്നാണ്. നിയമം, നീതി വിരുദ്ധമാകുമ്പോൾ ആ നിയമത്തെ ലംഘിക്കുക എന്നതാണ് പൗരന്റ്റെ വിശുദ്ധമായ കടമ എന്ന് ഹെൻറി ഡേവിഡ് തോറോയും മഹാത്മാ ഗാന്ധിയുമെല്ലാം അഭിപ്രായപ്പെട്ടത് അതിനാലാണ്.ഇസ്ലാമിക നിയമാവലി ഖുർആനിലൂടെ മാനവരാശിക്ക് ലഭ്യമായ നീതി തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.അവയാകട്ടെ ദൈവികവും അതിനാൽ തന്നെ കാലദേശാതീതവും സർവ്വലൗകികവുമാണ്.

ഇസ്ലാമിലെ സമത്വം ഒരു തത്വമല്ല; അതൊരു ജീവിത യാഥാർഥ്യമാണ്. ഉമ്മർ(റ) കാലത്ത് ഈജിപ്തിലെ ഗവർണർ ആയിരുന്ന അംറ് ഇബ്നു ആസ്വ (റ) ഒരു കോപ്റ്റിക് അടിമയെ മർദിച്ചു.ഇതറിഞ്ഞ ഖലീഫ ഇരുവരേയും വിളിച്ചുവരുത്തി.അടിമയോട് അംറിനെ തിരിച്ചടിക്കാൻ കല്പിച്ചു .എന്നിട്ട് അംറിനോട് ചോദിച്ചു ;''അംറേ, എന്ന് മുതലാണ് നീ ജനങ്ങളെ അടിമകളാക്കാൻ തുടങ്ങിയത് ? സ്വാതന്ത്രയാണ് അവരുടെ മാതാക്കൾ അവരെ പ്രസവിച്ചത് !" പ്രവാചകനായിരുന്നു നീതിയിലും സമത്വദർശനത്തിലും ഉമറിന് മാതൃക. തന്റ്റെ പ്രിയ പുത്രി ഫാത്തിമയോടും ജാമാതാവ് അലിയോടും '''ഞാൻ നിങ്ങൾക്ക് ആഹാരം തരില്ല , പള്ളിയുടെ കൊലയായിൽ കിടക്കുന്നവരെ വയറൊട്ടിയവരായി വിട്ടു കൊണ്ട് '' എന്ന് പറഞ്ഞ പ്രവാചകൻ (സ).

ഇസ്ലാമിലെ രാഷ്ട്ര-സാമൂഹ്യവ്യവസ്ഥയിൽ പ്രവാചകൻ (സ) മുസ്ലിമിനും അവിശ്വസിക്കും തുല്യമായ പരിപക്ഷ നൽകി. പ്രവാചകൻ (സ ) പറഞ്ഞു : '' ആരെങ്കിലും ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിമിനെ മർദിച്ചാൽ ഞാൻ അവൻറ്റെ ശത്രുവാണ് '''. മറ്റൊരിക്കൽ നജ്റാനിലെ ക്രിസ്ത്യാനികൾക്കുള്ള സന്ദേശത്തിൽ അവിടെന്ന് എഴുതി : '' നജ്റാൻകാർക്കും അവരുടെ പരിവാരങ്ങൾക്കും അല്ലാഹുവിന്റ്റെയും പ്രവാചകൻറ്റെയും സംരക്ഷണമുണ്ട്.അവരുടെ ധനത്തിലും മതത്തിലും കൈവശമുള്ള എല്ലാറ്റിനും". ഇതായിരുന്ന പ്രവാചകൻ (സ) യുടെ സമത്വദർശനം. 

ലോകത്തിലെ ഏറെ ആഘോഷിക്കപെട്ട നാഗരികതകളിലെല്ലാം ക്രൂരമായ അടിമത്ത വ്യവസ്ഥയുണ്ടയിരുന്നു.പുരാതന ഈജിപ്ത്,റോം ,ഗ്രീക്ക് ,ചൈനീസ് ,ബാബിലോണിയൻ നാഗരികതകളെല്ലാം ഇതിനു ഉദാഹരണമാണ്.ഇന്ത്യയിലെ ജാതി വ്യവസ്ഥ സഹസ്രാബ്ദങ്ങളായി ദളിത് വിഭാഗങ്ങളെ അപമാനവീകരണത്തിനു വിധേയമാക്കുന്നു.പാശ്ചാത്യ സംസകാരത്തിന്റ്റെ വർത്തമാനകാല കോദരമായ അമേരിക്കൻ ഐക്യ നാടുകളിൽ ഇപ്പോഴും ആഫ്രോ-ഏഷ്യൻ ജനത രണ്ടാം കിടപൗരന്മാരനാണ്. അമേരിക്കയിലെ വർണ വിവേചനത്തിനെതിരെ പോരാടിയ മാർട്ടിൻ ലൂഥർ കിങ്ങിന് മരണത്തിലൂടെ മാത്രമേ മോചനം നേടനായുള്ളു.അതിനാൽ അദ്ദേഹത്തിന്റ്റെ ശവകുടീരത്തിൽ ഇങ്ങനെ എഴുതപ്പെട്ടത്: ''ഞാൻ സ്വതന്ത്രനാണ് ,ഞാൻ സ്വതന്ത്രനാണ്ദൈവമേ,നന്ദി ...ഞാനിതാ അവസാനം സ്വാതന്ത്രനായിരിക്കുന്നു ''.ജീവിതകാലത്തു ഈ സ്വപ്നം അദ്ദേഹത്തിന് അപ്രാപ്യമായിരിന്നു. ആഫ്രോ-അമേരിക്കൻ ജനതയുടെ പരിതാപകമായ അവസ്ഥ മാർട്ടിൻ ലൂഥർ കിങ് ഇങ്ങനെ വിവരിച്ചു: ''ഭൗതിക സമ്പത്തിന്റ്റെ മഹാസമുദ്രത്തിനു നടുവിൽ ദാരിദ്രത്തിന്റ്റെ ഏകാന്ത ദ്വീപിൽ നീഗ്രോ ജീവിക്കുന്നു''. ഈ അവസ്ഥയിൽ കാര്യമായ മാറ്റമൊന്നും ഇപ്പോഴും സംഭവിച്ചിട്ടില്ല .മാൽകം എക്സിനെ പോലുള്ളവരുടെ ജീവിതം തന്നെ ഇതിനു സാക്ഷി. മാർട്ടിൻ ലൂഥർ കിങ് പ്രഖ്യാപിച്ചു : '' എനിക്ക് ഒരു സ്വപ്നമുണ്ട് -എല്ലാ താഴ്വരകളും ഉയർത്തപ്പെടുകയും എല്ലാ ശൈലങ്ങളും താഴ്ത്തപ്പെടുകയും ചെയ്യപ്പെടുന്ന ഒരു ദിനം...ദൈവമഹത്വം വെളിപ്പെടുകയും എല്ലാ മനുഷ്യാത്മാക്കളും അതിനു ഒന്നിച്ചു സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന ദിനം'' .എന്നാൽ സഹസ്രാബ്ദങ്ങൾക്ക് അപ്പുറം അറേബിയയിലെ ഊഷരമായ മരുഭൂമിയിൽ പ്രവാചകൻ (സ) ഈ സ്വപ്നം വസന്തോല്ലസിതമായി സാക്ഷാത്കരിച്ചിരുന്നു. അതിനാലാണ് മാൽകം എക്സിനെ പോലുള്ളവർ ഇസ്ലാമിന്റ്റെ തണലിൽ അഭയം കണ്ടെത്തിയതും.

ഇസ്ലാം അടിമത്തം നിരോധിച്ചില്ല എന്ന ആക്ഷേപം ഉന്നയിക്കപ്പെടാറുണ്ട്.എന്നാൽ ബിലാൽ (റ) നെയും അമ്മാർ (റ) നെയും പോലുള്ള അടിമകളെ മോചിപ്പിച്ചു എന്ന് മാത്രമല്ല ,ഇസ്ലാമിക സമൂഹത്തിലെ ഏറ്റവും ഉന്നതശ്രേണിയിൽ അവരെ പ്രവാചകൻ (സ) പ്രതിഷ്ഠിക്കുകയും ചെയ്തു. മക്കാ വിജയവേളയിൽ ശ്രേഷ്ഠമായ കഅബയുടെ മുകളിൽ കയറാൻ പ്രവാചകൻ (സ) കല്പിച്ചത് ബിലാലിനോടായിരുന്നു. അമ്മാർ (റ), ഉമ്മർ (റ) ഖിലാഫത്തിന് കീഴിൽ കൂഫയിലെ ഗവർണർ പദവിയിൽ വരെ നിയമിക്കപ്പെട്ടു. ഇസ്ലാമിക ലോകത്ത്, ഈജിപ്ത് മുതൽ ഇന്ത്യ വരെ, ഒട്ടേറെ അടിമകൾ ഭരണ രംഗത്തും സൈനിക രംഗത്തും അത്യുന്നത പദവികൾ ഭരിച്ചു.

ഇന്ത്യയിൽ ആദ്യ ഡൽഹി സുൽത്താന്മാരായ അടിമവംശം സ്ഥാപിച്ച ഖുതുബുദിൻ ഐബക്ക്, ഇൽത്തുമിഷ് തുടങ്ങിയ സുൽത്താന്മാർ അടിമകളായിരുന്നു. ഡക്കാനിലെ അഹമ്മദ്നഗർ സുൽത്താൻറ്റെ പ്രധാനമന്ത്രി വരെയായ മാലിക് ആംബർ (1548 – 1626) എത്യോപ്യകാരനായ ഒരു ആഫ്രിക്കൻ അടിമയായിരുന്നു. ഇതെല്ലാം കാണിക്കുന്നത് ഇസ്ലാമിക സമൂഹത്തിൽ നിഷ്ടൂരമായ അടിമത്തമോ വർണ വിവേചനമോ ഉണ്ടായിരുന്നില്ല എന്ന വസ്തുതയാണ്.

ഖദീജ(റ)യുടെ അടിമയായിരുന്ന സൈദ്(റ) നോട് പ്രവാചകൻ (സ) കാണിച്ച വാത്സല്യം പ്രശസ്തമാണ്. സൈദിൻറ്റെ പിതാവും മറ്റും ഒരിക്കൽ മോചന ദ്രവ്യം നൽകി സൈദിനെ മോചിപ്പിക്കാൻ പ്രവാചകൻ (സ) സമീപിച്ചു. അവിടെന്ന് അരുളി : '' മോചനദ്രവ്യം ആവശ്യമില്ല, കാരണം സൈദ് എന്റ്റെ അടിമയല്ല ,ഞാൻ ഉടമയുമല്ല .അവൻ ആഗ്രഹിക്കുന്നുവെങ്കിൽ അവനു നിങ്ങളുടെ കൂടെ വാരാം'' .എന്നാൽ സൈദ് , പ്രവാചകൻ (സ)യെ വിട്ടു പോകാൻ തയ്യാറായില്ല .അഭിജാതയായ സൈനബ് ബിൻത് ജഹ്ഷിനെ സൈദിന് വിവാഹം ചെയ്ത് നൽകി.സൈദിന്റ്റെ രക്തസാക്ഷിത്വത്തിന് ശേഷം പുത്രൻ ഉസാമയോട് പ്രവാചകൻ (സ) അങ്ങേയറ്റം സ്നേഹം കാണിച്ചു.അത് കണ്ട ഉമ്മർ(റ) പുത്രൻ അബ്ദുല്ല സ്വപിതാവിനോട് ഒരിക്കൽ ചോദിച്ചു :''എന്റ്റെ പിതാവായ അങ്ങ് ഇസ്ലാമിന് വേണ്ടി ഏറെ ത്യാഗം സഹിച്ചു.എന്നിട്ടും അങ്ങയുടെ പുത്രനായ എന്നോട് കാണിക്കുന്നതിനേക്കാൾ സ്നേഹം വാത്സല്യം പ്രവാചകൻ (സ) ,സൈദിന്റ്റെ ഉസ്മയോടെ കാണിക്കുന്നത് എന്ത് കൊണ്ടാണ് ?" .ഉമ്മർ (റ) പറഞ്ഞു :ഉസാമയുടെ പിതാവ് സൈദ് നിൻറ്റെ പിതാവിനെക്കാളും നബി (സ)ക്ക് പ്രിയങ്കരനായിരുന്നു മകനേ !" .ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് കീഴാളനല്ലെന്ന് പ്രഖ്യാപിച്ച പ്രവാചകൻ (സ) മാനവ ഐക്യത്തിൻറ്റേയും സാമൂഹ്യനീതിയുടേയും പോരാളിയായി. കറുത്തവനും വെളുത്തവനും അവിടെ തുല്യരായി. ഖുറേഷി ഗോത്രക്കാരൻ ഒരു അബിസീനിയൻ അടിമയെക്കാൾ ഉന്നതനല്ലെന്ന് പ്രഘോഷിക്കപ്പെട്ടു.

അടിമ വ്യവസ്ഥയെ ലഘൂകരിക്കാനും സമർത്ഥമായി അതിനെ ഉന്മൂലനം ചെയ്യാനും നബി (സ) തന്ത്രങ്ങളാവിഷ്കരിച്ചു- തീർത്തും ഖുർആൻന്റ്റെ വചനങ്ങൾക്ക് അനുസൃതമായി.ഒരു മുസ്ലിം അബദ്ധത്തിൽ മറ്റൊരാളുടെ മരണത്തിനു കരണക്കാരനായാൽ പ്രായശ്ചിത്തമായി അയാളുടെ അധീനതയിലുള്ള അടിമയെ മോചിപ്പിക്കാൻ ഖുർആൻ കല്പിച്ചു.അടിമ സ്ത്രീയിൽ ഉണ്ടാകുന്ന കുട്ടിയെ സ്വതന്ത്രനായി പ്രഖ്യാപിച്ചു.''വല്ലവനും തൻറ്റെ അടിമയെ വധിച്ചാൽ നാം അവനേയും വധിക്കും.വല്ലവനും തൻറ്റെ അടിമയെ ഷണ്ഡീകരിച്ചാൽ ഞാൻ അവനേയും ഷണ്ഡീകരിക്കും '' എന്ന ഹദീസ് ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ദണ്ഡ നീതി ഉദാത്ത മാതൃകയാണിത്. അടിമ യാത്ര ചെയ്യുന്ന ഒട്ടകത്തിന്റ്റെ കടിഞ്ഞാണേന്തി ജറുസലേം പ്രവേശിച്ച ഖലീഫ ഉമ്മർ (റ), പ്രവാചകൻ (സ) ചൂണ്ടിക്കാണിച്ച സാമൂഹ്യനീതിയുടെ പിൻഗാമിയായിരുന്നു.അടിമത്ത വ്യവസ്ഥയോടു പ്രവാചകൻ കൈകൊണ്ട നിലപാട് അവിടത്തെ മനോഹരമായ സാമൂഹ്യനീതി സങ്കല്പത്തിന് നിദർശമാണ്.

ഇസ്ലാം രാഷ്ട്രീയ നീതിക്ക് അർഹമായ പ്രാധാന്യം നൽകിയുട്ടുണ്ട്. അവിടെയും സമത്വവും സ്വാതത്ര്യവുമാണ് അടിസ്ഥാനതത്വങ്ങൾ. king can do no wrong എന്ന ആംഗ്ലോ-സാക്സൺ നിയമ തത്വം ഇസ്ലാമിന് അന്യമാണ്. ഇസ്ലാമിക വ്യവസ്ഥയിൽ ഭരണാധികാരിയും ഭരണീയനും നിയമത്തിനു മുൻപിൽ തുല്യരാണ്. ഇരുവരും ദൈവിക നീതിക്ക് ഒരു പോലെ വശംവദരാണ്.ഭരണാധികാരം പാരമ്പരാഗതമല്ല. ജനങ്ങളുടെ സമ്മതം (ബൈഅത്ത്) ആണ് ഭരണാധികാരിയുടെ നിയമസാധുതയുടെ അടിസ്ഥാനം. കൂടിയാലോചന(മുശാവറ)യിലൂടെ ആണ് നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടത്. സുവ്യക്തമായ നീതി സങ്കല്പത്തിൽ അധിഷ്ടിതമാണ് ഇസ്ലാമിക രാഷ്ട്രം.

''സത്യവിശ്വാസികളേ, നിങ്ങൾ നീതി നിലനിര്ത്തുന്നവരും അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരുമാകുക.അത് നിങ്ങളുടെ മാതാപിതാക്കൾക്കും ഉറ്റ ബന്ധുക്കൾക്കും നിങ്ങൾക്ക് തന്നെയും എതിരാണെങ്കിൽ പോലും.കക്ഷി ധനികനോ ദരിദ്രനോ ആകട്ടെ ആ രണ്ടു വിഭാഗത്തോടും കൂടുതൽ ബന്ധപെട്ടവൻ അല്ലാഹുവാകുന്നു.അതിനാൽ നിങ്ങൾ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്പറ്റരുത്'' എന്ന് ഖുർആൻ അനുശാസിച്ചു(4: 135). ഇസ്ലാമിക രാഷ്ട്രവും സമൂഹവും സാർവ്വലൗകിക സഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്." സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം രക്ഷാധികാരികളാണ്'' (9:71) എന്ന ഖുർആൻ അനുശാസനം ഇതിനു തെളിവാണ്. പ്രവാചകൻ (സ) മദീനയിൽ സ്ഥാപിച്ച നഗരരാഷ്ട്രം നീതിയിൽ അടിത്തറയിട്ട രാഷ്ട്രീയ വ്യവസ്ഥയായിരുന്നു. ജൂതഗോത്രങ്ങളുമായി ഉണ്ടാക്കിയ മദീന ചാർട്ടർ, നീതിയിൽ ഊന്നിയ ഒരു ബഹുസ്വര സമൂഹത്തിനു അസ്ഥിവാരമിട്ടു.

''അന്ത്യനാളിൽ അല്ലാഹുവിനു ഏറ്റവും പ്രിയപ്പെട്ടവൻ നീതിമാനായ ഭരണാധികാരിയാണ്; അവൻ ഏറ്റവും വെറുക്കുന്നതക്കാട്ടെ അക്രമിയായ ഭരണാധികാരിയേയും'' എന്ന ഹദീസ് ഇമാം ബുഖാരിയും തിർമിദിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്. ഇത് ഇസ്ലാമിക രാഷ്ട്രവ്യവസ്ഥയിൽ നീതിയുടെ സ്ഥാനം സ്പഷ്ടീകരിക്കുന്നു. ഒരിക്കൽ ഖലീഫ ഉമ്മർ(റ) തൻറ്റെ പ്രസംഗത്തിൽ പറഞ്ഞു : '' നിങ്ങളിൽ ആരെങ്കിലും എന്നിൽ വല്ല വക്രതയും കണ്ടാൽ അത് നേരയാക്കുക''. ആ നിമിഷം സദസ്സിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു : ''അല്ലാഹുവാണെ, താങ്കളിൽ വല്ല വക്രതയും കണ്ടാൽ വാള്ളു കൊണ്ടാണ് ഞങ്ങൾ അത് നേരെയാക്കുക ". അത് കേട്ട ഖലീഫ പ്രതിവചിച്ചു:'' മുഹമ്മദിന്റ്റെ സമുദായത്തിൽ ഉമറിനെ തൻറ്റെ വാള് കൊണ്ട് നേരെയാക്കുന്നവനെ സൃഷ്ടിച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയും".ഇതിൽപരം ജനാധിപത്യബോധമുള്ള ഒരു ഭരണാധികാരിയെ ലോകചരിത്രത്തിൽ വേറെ കണ്ടെത്താനാവുമോ? അടിച്ചമത്തപ്പെട്ടവൻറ്റേയും നീതിമാനായ ഭരണാധികാരിയുടേയും പ്രാർത്ഥനയ്ക്ക് ഉടൻ ഉത്തരം ലഭിക്കുമെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം.

പ്രവാചകൻ വിഭാവനം ചെയ്ത ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയിൽ അധികാരസ്ഥാനങ്ങൾക്കുള്ള ഏക മാനദണ്ഡം കഴിവ് മാത്രമാണ്. മെറിറ്റോക്രസി എന്ന ആശയം ഇസ്ലാം ഭരണവ്യവസ്ഥയിൽ മുന്നോട്ട് വെക്കുന്നു.നബി (സ ) അരുളി : ''ആരെങ്കിലും മുസ്ലിങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്താൽ മുസ്ലിങ്ങൾക്ക് ഏറ്റവും അനുയോജ്യരായവരെ കണ്ടെത്തിയിട്ടും മറ്റൊരാളെ നിയമിച്ചാൽ അയാൾ അല്ലാഹുവിനേയും അവൻറ്റെ റസൂലിനേയും വഞ്ചിക്കുകയാണ് ചെയ്യുന്നത്.''

നിയമത്തിന് മുന്നിലുള്ള തുല്യതയാണ് ഇസ്ലാമിക നീതിന്യായവ്യവസ്ഥയുടെ ആധാരശില. ഖലീഫ ഉമർ (റ ) ന്യായാധിപനായ അബു മൂസൽ അശ്അരിക്ക് എഴുതി :'' നീ മുഖഭാവത്തിലും നിയമത്തിലും സദസ്സിലും തുല്യത പുലർത്തുക. നിൻറ്റെ പക്ഷപാതം ഒരു പ്രമാണിയേയും അനീതിൽ ആകൃഷ്ടനും ദുർബലനെ നീതിയെ കുറിച്ച് നിരാശനും ആക്കാത്തവിധം !''. നിയമത്തിന് മുന്നിൽ പ്രവാചകൻ (സ) സ്ത്രീക്കും പുരുഷനും തുല്യപദവി നൽകി. 

''ജനങ്ങൾ അക്രമിയെ കാണുകയും എന്നിട്ട് അയാളുടെ കൈ ബന്ധിക്കാതിരിക്കുകയും ചെയ്താൽ അല്ലാഹു അവനിൽ നിന്നുള്ള ശിക്ഷ എല്ലാവര്ക്കും ബാധകമാകും''. ഈ ഹദീസ് ഇസ്ലാമിൽ കുറ്റവും ശിക്ഷയും കേവലം വൈയക്തികമല്ല എന്നും അതിനു സാമൂഹ്യമായ മാനങ്ങൾ ഉണ്ടെന്നും ഉള്ള വസ്തുതയ്ക്ക് അടിവരയിടുന്നു. അബു ഹുറൈറ (റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം : '' അവകാശങ്ങൾ അന്ത്യനാളിൽ അവയുടെ അവകാശികൾക്ക് നൽകും.കൊമ്പില്ലാത്ത ആടിന് പോലും കൊമ്പുള്ള ആടിനോട് പ്രതികാരം ചെയ്യാൻ അവസരം നൽകും''. ഇസ്ലാമിക നീതിന്യായവ്യവസ്ഥയിൽ അനന്തവും പൂർണവുമായ നീതി നടപ്പിലാക്കുന്നത് സർവ്വ ജ്ഞാനായ അല്ലാഹുവാണ്.ഇഹലോകത്ത് അസാധ്യമായത് പരലോകത്ത് പൂർത്തിയാകുന്നു.

പാശ്ചാത്യ ലിബറൽ സമൂഹങ്ങൾ രാഷ്ട്രീയ-സാമൂഹ്യനീതിക്കുംസമത്വത്തിനും വേണ്ടി വാദിക്കാറുണ്ടെകിലും സാമ്പത്തിക നീതിയും സമത്വവും അവർക്ക് അന്യമാണ്.അതിനാൽ തന്നെ സാമ്പത്തിക അസമത്വവും അനീതിയും ഈ സമൂഹങ്ങളുടെ മുഖമുദ്രയാണ്.ഈ സമൂഹങ്ങളിൽ വിപണി ശക്തികളാണ് സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നത്. ഫ്രഡറിക് വോൻ ഹായക്, റോബർട്ട് നോസിക് തുടങ്ങിയ ലിബെർട്ടറിയൻ സാമ്പത്തിക ചിന്തകർ, സാമ്പത്തികരംഗത്ത് മത്സരത്തിൽ അധിഷ്ഠിതമായ അസമത്വവ്യവസ്ഥയെ പ്രകൃതി ദത്തമായി അവതരിപ്പിച്ചു. പാശ്ചാത്യ ലോകത്ത് റൊണാൾഡ് റീഗൻ, മാർഗ്രെറ്റ് താച്ചർ തുടങ്ങിയ ഭരണാധികാരികൾ ഈ സാമ്പത്തിക ചിന്തയെ അവരുടെ സാമ്പത്തിക ദർശനമായി സ്വീകരിച്ചു.മനുഷ്യത്വ രഹിതമായ മത്സര വ്യവസ്ഥയാണ് ലോകസമ്പത്ഘടനയെ വൻ പ്രതിസന്ധിയിലേക്ക് നയിച്ചു. പ്രവാചകൻ (സ) ഉദ്ഘോഷിച്ച സാമ്പത്തിക നയം ചൂഷണ മുക്തവും സഹകരണത്തിൽ അധിഷ്ഠിതവുമാണ്.

ലബനീസ് കവിയായ ഖലീൽ ജിബ്രാൻ തൻറ്റെ 'പ്രവാചകൻ' ( ദി പ്രോഫറ്റ്) എന്ന കൃതിയിൽ ന്യായാധിപനോട് ഈ ഒരു ചോദ്യം ചോദിക്കുന്നണ്ട് :
And you judges 
Who would be just,
What judgment pronounce 
You upon him
Who though honest in the flesh 
Yet is thief in spirit?
And how prosecute 
You him who in action is 
Deceiver and oppressor 
Yet who is also is 
Aggrieved and outraged? 
( ന്യായാധിപരേ, നിങ്ങൾ ശരീരം കൊണ്ട് സത്യനിഷ്ഠനും 
ആത്മാവിൽ അപഹർത്താവുമായ ഒരുവനെ എങ്ങനെയാണ് വിധിക്കുക ?
പ്രവർത്തി കൊണ്ട് വഞ്ചകനും 
എന്നാൽ പീഡിതനും ബലാത്കാരത്തിന് ഇരയായവനുമായവനെതിരെ 
എങ്ങനെയാണ് നിങ്ങൾ കുറ്റാരോപണം ഉന്നയിക്കുക?)

ഭൗതിക വാദത്തിൽ ഊന്നിയ ഒരു നീതി സംവിധാനത്തിനും ഈ സമസ്യക്ക് പൂരണം നൽകാനാവില്ല. ഇവിടെയാണ് ആത്മീയതയിൽ ഊന്നിയ ഇസ്ലാമിക നീതി വ്യവസ്ഥയുടെ പ്രസക്തി.ഇസ്ലാമിക നീതി ദർശനത്തിൽ അനന്തവും പരിപൂർണവുമായ നീതി നടപ്പിലാക്കുന്നത് പ്രപഞ്ചാധിപനായ അള്ളാഹുവാണ്.അവനു മാത്രമേ ശരീരം കൊണ്ട് സത്യസന്ധനും എന്നാൽ ആത്മാവിൽ അപഹർത്താവുമായവനെ വിധിക്കാനാവു.

ചരിത്രകാരനായ അർണോൾഡ് ടോയൻബി തന്റ്റെ വിഖ്യാതമായ 'എ സ്റ്റഡി ഓഫ് ഹിസ്റ്ററി' എന്ന കൃതിയിൽ ഇസ്ലാമിക നാഗരികതയുടെ ഉദയത്തെ പറ്റി ഇങ്ങനെ എഴുതി :''പടിഞ്ഞാറ് അന്ധകാരത്തിൽ ആണ്ടു പോയപ്പോൾ കിഴക്കൻ ചക്രവാളത്തിൽ ഒരു സുശോഭിത താരകം വിരിഞ്ഞു.അത് ശോകാർത്തമായ ലോകത്തിന് വെളിച്ചവും വിശ്രാന്തിയും പകർന്ന് നൽകി ''. ഇന്ന് ലോകം പടിഞ്ഞാറിന്റ്റെ ദാർശനിക-സാംസ്കാരിക -രാഷ്ട്രീയ മേധാവിത്വ നുകം പേറുകയാണ്.ഭൗതികവാദത്തിലും സുഖഭോഗാസക്തിയിലും ഊന്നിയ ഈ പാശ്ചാത്യാധിപത്യം ലോകത്തെ അനീതി കൊണ്ട് നിറച്ചിരിക്കുന്നു.മനുഷ്യൻ മനുഷ്യനേയും സമൂഹം സമൂഹത്തേയും രാഷ്ട്രം രാഷ്ട്രത്തേയും ചൂഷണം ചെയ്യുന്ന അനീതി വ്യവസ്ഥയിലേക്ക് ലോകം കൂപ്പുകുത്തി കൊണ്ടിരിക്കുകയാണ്.ഈ അന്ധകാര ദുർഗം തകർക്കാൻ പ്രവാചകൻ (സ) സഹസ്രാബ്ദങ്ങൾക്ക് അപ്പുറത്ത് കൊളുത്തിവെച്ച നീതിയുടെ പൊൻചെരാത് പ്രസരിപ്പിക്കുന്ന ഇസ്ലാമിന്റ്റെ വെള്ളിവെളിച്ചതിനു മാത്രമേ സാധിക്കുകയുള്ളു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter