ഇതര മതസ്ഥരോട് പ്രവാചകരുടെ സമീപനം
പ്രവാചകന്‍(സ) ഇതര മതസ്തരുമായി അകന്ന് അനുയായികളെ അടഞ്ഞ സമൂഹമാക്കി മാറ്റുകയായിരുന്നുവെന്നു ചില പാശ്ചാത്യര്‍ ആരോപിക്കാറുണ്ട്. ഇതര സംസ്‌കൃതികളോട് കടുത്ത അസഹിഷ്ണുതയാണ് തിരുമേനിയുടേതെന്ന ധാരണ അഭിനവ നവീനവാദക്കാരും പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മതനിരപേക്ഷതയും സൗഹാര്‍ദ്ദവും ഇത്രമാത്രം പ്രകടിപ്പിച്ച മറ്റൊരു മതനേതാവുണ്ടാകില്ല. ഇതര മതസ്തരോട് അവിടന്ന്കാണിച്ച വിശാല മനസ്‌കത ചരിത്ര ഗ്രന്ഥങ്ങളില്‍ ധാരാളമായി രേഖപ്പെട്ടു കിടക്കുന്നുണ്ട്.
ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ അമുസ്‌ലിംകള്‍ ദിമ്മികള്‍, അഭയാര്‍ത്ഥികള്‍ എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും പലായനം ചെയ്ത് എത്തുന്ന അഭയാര്‍ത്ഥികളും സ്ഥിരവാസികളായ ദിമ്മികളും ഒരേ പോലെ മതസ്വാതന്ത്ര്യവും സംരക്ഷണവും നല്‍കപ്പെട്ടിരുന്നു.ദിമ്മികള്‍ എന്ന പദം നിന്ദ്യതയെ സൂചിപ്പിക്കുന്നതാണെന്നാണ് ചിലരുടെ ധാരണ. ‘പ്രവാചകന്റെ സംരക്ഷണത്തിലുള്ളവര്‍’ എന്നാണതിന്റെ അര്‍ത്ഥം. പ്രവാചകന്‍ ഓരോ ഗവര്‍ണര്‍മാര്‍ക്കും നല്‍കിയിരുന്ന നിര്‍ദേശങ്ങളില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. തിരുമേനി(സ) ഓരോ ഗവര്‍ണറോടും പറഞ്ഞിരുന്നു: ”നിന്നെ അഭയമാക്കുന്ന അമുസ്‌ലിംകള്‍ക്ക് നീ അല്ലാഹുവിന്റെയും നബിയുടെയുമായ സംരക്ഷണം നല്‍കുക. നിന്റെ അനുയായികളെ പോലെ കാണുക. സ്വന്തം അനുയായികളെ വഞ്ചിക്കുന്നതിലും ഭയാനകമാണ് അവരോടുള്ള അനീതി.” (മുസ്‌ലിം 2/1357-58).
പ്രഥമ ഖലീഫ അബൂബക്കര്‍(റ) നജ്‌റാന്‍ നിവാസികള്‍ക്ക് വേണ്ടി അയച്ച കത്ത് ശ്രദ്ധേയമാണ്. ”അമുസ്‌ലിംകള്‍ക്ക് തിരുമേനി (സ)യുടെ സംരക്ഷണം നല്‍കണം. അവരുടെ ജംഗമസ്ഥാവര സ്വത്തുക്കളും ആരാധനാലയങ്ങളും പുരോഹിതരും എല്ലാം സുരക്ഷിതമാവണം. അവര്‍ക്ക് പ്രയാസമോ നാശനഷ്ടങ്ങളോ ഉണ്ടാകരുത്.” (കിതാബുല്‍ ഖറാജ് 79). ഇതേ പ്രകാരം ഹസ്‌റത്ത് ഉമര്‍ (റ) ന്റെയും അലിയ്യ് (റ)വിന്റെയും കത്തുകളുണ്ട്.
ചുരുക്കത്തില്‍ അവര്‍ മറ്റു പൗരന്‍മാരെ പോലെതന്നെയാണ്. ഇമാം ഔസാഈ പറയുന്നുണ്ട്: ‘അവര്‍ അടിമകളല്ല. സുരക്ഷിതരായ സ്വതന്ത്ര പൗരന്‍മാര്‍ തന്നെയാണ്’ (കിതാബുല്‍ അംവാല്‍, പേ: 150).
ആംഗല ചരിത്രകാരനായ റൊനാള്‍ഡോ ഇത് തുറന്ന് സമ്മതിക്കുന്നത് കാണാം: എല്ലാ പ്രജകളുടെ മേലും ക്രൈസ്തവത അടിച്ചേല്‍പിച്ച റോമാ സാമ്രാജ്യത്വത്തെ പോലെയല്ല ഇസ്‌ലാമിക ഭരണകൂടം. പ്രത്യുത എല്ലാ മതന്യൂനപക്ഷങ്ങളെയും അറബികള്‍ അംഗീകരിക്കുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. നസ്രാണികളും ജൂതന്‍മാരും സൗരാഷ്ട്ര മതസ്തരുമെല്ലാം ഈ സ്വാതന്ത്ര്യം അനുഭവിച്ചവരായിരുന്നു.സീനാ പര്‍വ്വതത്തിന് സമീപമുള്ള സെന്റ് കാതറീന്‍ മഠത്തിലെ പുരോഹിതന്‍മാര്‍ക്കും എല്ലാ ക്രിസ്ത്യാനികള്‍ക്കും ഹിജ്‌റ ആറാം വര്‍ഷത്തില്‍ ഒരു വ്യവസ്ഥ അനുവദിക്കുകയുണ്ടായി. ഇന്നുമത് വിശാലമായ സഹിഷ്ണുതയുടെ ഒരു സ്മാരകമാണ്. സാരസമ്പൂര്‍ണ്ണ ചരിത്രം.
മാനവികത
മനുഷ്യനെന്ന നിലയിലാണ് ഖുര്‍ആനിന്റെ അഭിസംബോധനകള്‍. ഇതര ജന്തുജാലങ്ങളേക്കാള്‍ അവനെ അല്ലാഹു ആദരിച്ചിരിക്കുന്നു. ”നാം ആദം സന്തതികളെ ആദരിച്ചിരിക്കുന്നു. കടലിലും കരയിലും അവരെ ചുമതലപ്പെടുത്തുന്നു. നല്ല വിഭവങ്ങള്‍ നാമവര്‍ക്ക് ഏകി. ഇതര സൃഷ്ടികളെക്കാള്‍ അവരെ നാം ഉല്‍കൃഷ്ടരാക്കി.” ഈദൃശ ആയത്തുകള്‍ ഖുര്‍ആനില്‍ ഒട്ടനവധിയുണ്ട്.
‘മനുഷ്യരെല്ലാവരും ഒന്നുപോലെ’യെന്നത് മാവേലിയുടെ ഭരണത്തെക്കുറിച്ച ഐതിഹ്യമാണെങ്കില്‍ ഇസ്‌ലാമിക ഭരണത്തില്‍ മനുഷ്യര്‍ക്ക് അത് ലഭ്യമായിരുന്നു എന്നതാണ് വസ്തുത. അല്ലാഹു അര്‍ത്ഥശങ്കക്കിടമില്ലാതെ ഈ അവസരസമത്വം പ്രാഖ്യാപിക്കുന്നു: ”മനുഷ്യരേ, നിങ്ങളെ ഞാന്‍ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങളെ പല ഗോത്രങ്ങളും വിഭാഗങ്ങളുമാക്കി. നിങ്ങളെ തിരിച്ചറിയാന്‍ വേണ്ടി. യഥാര്‍ത്ഥ ഉല്‍കൃഷ്ടന്‍ ഭക്തന്‍ മാത്രമാണ്. അല്ലാഹു സര്‍വ്വജ്ഞനും സര്‍വ്വവ്യാപിയുമാണ്.”
തിരുമേനി(സ) ഹിജ്‌റ 10-ാം വര്‍ഷം വിടവാങ്ങല്‍ പ്രസംഗം നടത്തിയപ്പോഴും ഇത് ഉറക്കെ പ്രഖ്യാപിക്കയുണ്ടായി. അറിയുക, നിങ്ങളുടെയെല്ലാം നാഥന്‍ ഒന്നാണ്. നാഥനും ഒരുത്തനാണ്. അറിയുക, അറബിക്ക് അനറബിയേക്കാള്‍ സ്ഥാനമില്ല, അനറബിക്ക് അറബിയെക്കാളും സ്ഥാനമില്ല. കറുത്തവനോ, ചെമന്നവനോ പ്രത്യേക സ്ഥാനമില്ല, സൂക്ഷ്മതയും മതഭക്തിയുമില്ലാതെ. ഞാനിതെല്ലാം നിങ്ങള്‍ക്കറിയിച്ച് തന്നില്ലെയോ…” (മുസ്‌നദ് അഹ്മദ് 12/226).
Also Read:മുസ്‌ലിം സ്പെയിനിലെ ഹദീസ് വസന്തം
ഇതര മതസ്തരുടെ വേദഗ്രന്ഥങ്ങളോടും പ്രവാചകന്‍(സ) ഈ ആദരവ് കാണിച്ചിരുന്നു. അന്യമതസ്തരുടെ വേദങ്ങളെ നിന്ദിക്കരുതെന്നും തിരുമേനി കല്‍പിച്ചിരുന്നു. ”നിങ്ങള്‍ വേദക്കാരെ വിശ്വസിക്കുകയും വേണ്ട, അവിശ്വസിക്കുകയും വേണ്ട, അവരോട് പറയേണ്ടത്, അല്ലാഹു ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമവതരിപ്പിച്ചതില്‍ വിശ്വസിക്കുന്നുവെന്നാണ്.” (ബുഖാരി 3/163).
മുസ്‌നദ് അഹ്മദിലും ഈയര്‍ത്ഥത്തിലുള്ള ഹദീസ് കാണാനാകും. ഇമാം കിര്‍മാനി പറയുന്നു: ‘നബിയുടെ ഈ ഹദീസനുസരിച്ച് പ്രവാചകന്‍മാര്‍ക്കവതരിപ്പിച്ച എല്ലാ വേദങ്ങളിലും വിശ്വസിക്കേണ്ടതാണ്. ഗ്രന്ഥ ക്രോഡീകരണം നടത്തിയവര്‍ വരുത്തിയ തെറ്റുകളേതെന്ന് ചികഞ്ഞന്വേഷിക്കുക ശ്രമകരം തന്നെ. എങ്കിലും നാമവരെ അവിശ്വസിക്കരുത്. ആ ഗ്രന്ഥങ്ങളിലെ പിഴവുകളില്‍ ബാധ്യസ്ഥരല്ലാത്ത നിലക്ക് അവരെപ്പോലെ അവ അംഗീകരിക്കുകയും വേണ്ട. ആ ഗ്രന്ഥങ്ങളില്‍ ശരിയുണ്ടാകാനും സാധ്യതയുണ്ടല്ലോ. ആ നിലക്ക് ആ വേദങ്ങളെ നാം കളവാക്കുകയുമരുത്’ (തഫ്‌സീറുല്‍ കിര്‍മാനി 13/14).
ഇതര മതസ്തരുടെ ദൈവങ്ങളെയോ വിഗ്രഹങ്ങളെയോ ആക്ഷേപിക്കുന്നത് പ്രവാചകന്‍ വിലക്കിയിരുന്നു. മനുഷ്യനെയും അവന്‍ ആദരിക്കുന്നവനെയും അംഗീകരിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. അല്ലാഹു പറയുന്നു: ‘അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ആക്ഷേപിക്കരുത്. അവരും ശത്രുത നിമിത്തം അജ്ഞതയാല്‍ അല്ലാഹുവിനെ ആക്ഷേപിക്കും. ഓരോ സമൂഹത്തിനും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയാക്കിത്തന്നു. അല്ലാഹുവിലേക്കാണ് എല്ലാവരുടെയും മടക്കം. അവരെന്തെല്ലാമായിരുന്നു ചെയ്തിരുന്നതെന്ന് അവരെ അപ്പോള്‍ അറിയിക്കും.” ഇമാം ഖുര്‍ത്തുബി ഈ ആയത്തിന്റെ വിശദീകരണത്തില്‍ അന്യമതസ്ഥരുടെ വിഗ്രഹങ്ങളെയും കുരിശുകളെയും നിന്ദിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചകന്‍(സ) മുന്‍കാല പ്രവാചകന്‍മാരെ പുകഴ്ത്തുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. ജൂതന്‍മാര്‍ ആശൂറാ ദിനത്തില്‍ നോമ്പനുഷ്ഠിക്കുന്നത് കണ്ടപ്പോള്‍ തന്റെ അനുയായികളോടും വ്രതാനുഷ്ഠാനം നടത്തി മൂസ നബി(അ)നെ ആദരിക്കാന്‍ കല്‍പിച്ചു. യോനാ പ്രവാചകനെയും ജോസഫ് (യൂസുഫ് -അ)മിനെയും യേശു (ഈസാ-അ)നെയും കുറിച്ച് നബി(സ) പറഞ്ഞ പ്രകീര്‍ത്തനങ്ങള്‍ സുവിതിദമാണ്.
‘ഞാനാണ് യേശുവിനോട് ഇഹത്തിലും പരത്തില്‍ കൂടുതല്‍ ബന്ധപ്പെട്ടവന്‍. എല്ലാ പ്രാവാചകരും സഹോദരങ്ങളാണ്. മാതാക്കള്‍ പലരാകാം. മതം ഒന്ന് തന്നെയാണ്.’
ഒരു ജൂതന്റെ ശവശരീരം ചുമന്ന് വരുന്നത് കണ്ടപ്പോള്‍ നബി(സ) എണീറ്റ് നിന്നു. അനുചരന്‍മാരില്‍പ്പെട്ട ഒരാള്‍ ചോദിച്ചു, അത് ജൂതന്റേത് അല്ലേ. നബി പറഞ്ഞു: ‘മനുഷ്യനല്ലേ’ (ബുഖാരി 3/2222). ഈ ഹദീസ് മറ്റിടങ്ങളിലും കാണാം.
മാനവികതയെ ഉയര്‍ത്തിക്കാണിച്ചവരായിരുന്നു പ്രവാചകന്‍(സ). മനുഷ്യരെന്ന നിലയില്‍ എല്ലാ മതസ്തരെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്‌കത തിരുമേനി(സ) കാണിച്ചു. യാതൊരു വിവേചനവും കാണിച്ചില്ല. ഉദാത്ത മാനവികതയുടെ ഉത്തമ നിദര്‍ശനമാണിവിടെയെല്ലാം നാം കാണുന്നത്.
മതസ്വാതന്ത്ര്യം
നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം നടത്തിയതായി പ്രവാചക ചരിത്രത്തില്‍ കാണാനൊക്കില്ല. മുസ്‌ലിംകളില്‍നിന്ന് സകാത്ത് എടുക്കുന്നത് പോലെ ഋണബാധ്യത മാത്രമാണ് ജിസ്‌യ! ‘ദീനില്‍ ബലാല്‍ക്കാരമില്ല’ എന്ന സൂക്തം അവതരിച്ചത് പുത്രന്‍മാര്‍ അവിശ്വാസികളായ പിതാക്കന്‍മാര്‍ അവരെ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് ശ്രമിച്ച സന്ദര്‍ഭത്തിലായിരുന്നുവെന്ന് വാഹിദി അസ്ബാബുന്നൂസൂലില്‍ ഉദ്ധരിക്കുന്നുണ്ട്. സ്വന്തം മക്കളെ പോലും മതത്തിന്റെ പേരില്‍ നിര്‍ബന്ധം ചെലുത്താന്‍ പാടില്ലെന്ന് പറയുന്ന പ്രവാചകന്റെ ചര്യ എത്ര ഉല്‍കൃഷ്ടമാണ്.
മന്‍സൂര്‍ രാജാവ് ഖല്ലാവ് ഗ്രാമം പിടിച്ചടക്കിയപ്പോള്‍ തദ്ദേശീയരെ നിര്‍ബന്ധ മതപരിവര്‍ത്തനം ചെയ്ത് മുസ്‌ലിമാക്കിയപ്പോള്‍ അക്കാലത്തെ മുസ്‌ലിം പണ്ഡിതര്‍ ചോദ്യം ചെയ്തു. അവര്‍ക്ക് പുനര്‍ വിചിന്തനത്തിനവസരം നല്‍കാന്‍ അവര്‍ രാജാവിനോടാവശ്യപ്പെട്ടു. അനവധി പേര്‍ പൂര്‍വ്വ മതത്തിലേക്ക് മടങ്ങിയത്രെ (ബിദായ വന്നിഹായ 17/573-77).
ഇറ്റാലിയന്‍ പണ്ഡിതനായ ഡോ. ലോറോ വാച്ച് ഫാലിരി ഇക്കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ”മുസ്‌ലിംകള്‍ ഇതര മതവിശ്വാസികള്‍ക്ക് പൂര്‍ണ്ണ മതസ്വാതന്ത്ര്യം നല്‍കിയാണ് രാജ്യങ്ങള്‍ കീഴടക്കിയത്.”
ഗോസ്താഫ് ലോപന്‍ പറയുന്നു: ‘ഖുലഫാക്കളുടെ കാലം മുതലേ ജൂത-നസ്രാണികള്‍ ആരാധനകളും മതചടങ്ങുകളും പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ നടത്തിയിരുന്നു.”
അദ്ദേഹം മറ്റൊരിടത്ത് പറയുകയുണ്ടായി: ”മുഹമ്മദ്(സ) ജൂതര്‍ക്കും നസ്രാണികള്‍ക്കും അനുവദിച്ച സ്വാതന്ത്ര്യം അപാരംതന്നെ. മുമ്പ് വന്ന ഒരു മതസ്ഥാപകരും ഇങ്ങനെയില്ല. അദ്ദേഹത്തിന്റെ അനുയായികളും ഇപ്രകാരം തന്നെ. സാരസചരിത്രം ആഴത്തില്‍ പഠിച്ച യൂറോപ്യന്‍ പണ്ഡിതര്‍ ഇതംഗീകരിച്ചിട്ടുണ്ട്.”
ഓറിയന്റലിസ്റ്റ് പണ്ഡിതനായ തോമസ് ആര്‍നോഡ് പറയുന്നു: ”മുസ്‌ലിംകള്‍ ഏതെങ്കിലും മത വിഭാഗത്തെ ഇല്ലായ്മ ചെയ്യാന്‍ മുതിര്‍ന്നിട്ടില്ല. സ്‌പെയ്‌നില്‍ നിന്ന് ഇസ്‌ലാമിനെ വിപാടനം ചെയ്യാന്‍ ഫെര്‍ഡിനാന്റും ഇസബല്ലയും ലൂയിസ് 14 ഫ്രാന്‍സിലെ പ്രൊട്ടസ്റ്റന്റിനെതിരെയും അനുവര്‍ത്തിച്ച രീതി മുസ്‌ലിംകള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ക്രൈസ്തവത നാമാവശേഷമാകുമായിരുന്നു. ഇസ്‌ലാമിക ദേശങ്ങളില്‍ സിനഗോഗുകളും ചര്‍ച്ചുകളുമെല്ലാം യാതൊരു പോറലുമേല്‍ക്കാതെ നിലകൊള്ളുന്നത് തന്നെ ഇസ്‌ലാമിന്റെ സഹിഷ്ണുതയുടെ ജീവിക്കുന്ന തെളിവാണ്. തുര്‍ക്കികള്‍ പ്രജകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന പരിരക്ഷ മൂലം അവരുടെ ഭരണം ഇറ്റലിയിലും വരട്ടെയെന്ന് തീവ്രക്രൈസ്തവ ഭരണത്തില്‍ പൊറുതിമുട്ടിയ ഇറ്റലിയിലെ ന്യൂനപക്ഷങ്ങള്‍ ആഗ്രഹിച്ചിരുന്നതായി ആര്‍ണോഡ് ഉദ്ദരിക്കുന്നുണ്ട്.
മുസ്‌ലിംകള്‍ക്ക് ഇന്ന് എല്ലാം നഷ്ടപ്പെടാന്‍ തന്നെ കാരണമായത് അവരുടെ സഹിഷ്ണുതയാണെന്ന് ഓറിയന്റലിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്‌പെയ്‌നില്‍ നിന്നും ക്രൂരമായി ആട്ടിയോടിക്കപ്പെട്ട ജൂതര്‍ക്ക് അഭയം നല്‍കിയത് തുര്‍ക്കിയായിരുന്നു. അവര്‍ തന്നെയാണ് ഖലീഫയെ ഒറ്റിക്കൊടുത്തത്. കെന്നറ്റ് ഹെന്‍ട്രി കാസ്‌ട്രോ പറയുന്നു: മുസ്‌ലിംകളുടെ സൗഹാര്‍ദ്ദവും മമതയുമാണ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത് (ഇസ്‌ലാം-49).
അവസര സമത്വം
ഇതര മതസ്തര്‍ക്കും തുല്യ നീതിയും അവസര സമത്വവും നല്‍കിയിരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ ശിക്ഷാമുറകള്‍ അംഗീകരിക്കുന്നവര്‍ക്ക് മാത്രമെ ബാധകമായിരുന്നുള്ളൂ. വിവാഹകാര്യങ്ങളിലും അരുതായ്മകളിലും അവരുടെ മതത്തിന് അനുസരിച്ച് നീങ്ങാനനുവദിച്ചിരുന്നു.
നബിയോട് അല്ലാഹു പറയുന്നു: ”അവര്‍ താങ്കളെ സമീപിച്ചാല്‍ വിധിക്കുക. അല്ലെങ്കില്‍ ഒഴിവാക്കുക. അവരെ ഇഷ്ടത്തിന് വിട്ടാലും ഒന്നും വരാനില്ല. വിധിക്കയാണെങ്കില്‍ നീതിയുക്തമാവണം. അല്ലാഹു നീതിമാന്‍മാരെ ഇഷ്ടപ്പെടുന്നു.” (മാഇദ 42).
ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികള്‍ ഹൈന്ദവരുടെ ആന്തരിക പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നില്ല. അവരുടെ ജാതീയതയെ വിമര്‍ശിക്കാനോ മതചടങ്ങുകളെ എതിര്‍ക്കാനോ ശ്രമിച്ചിട്ടില്ല. പക്ഷേ, താഴ്ന്ന ജാതിക്കാര്‍ അവരനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്നും വിടുതല്‍ നേടാനായി ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു.
ഒരിക്കല്‍ ഥുഅമ ബിന്‍ അബ്‌റഖ് എന്ന അന്‍സ്വാരി അയല്‍വാസിയുടെ അങ്കി മോഷ്ടിച്ചു. അങ്കി ധാന്യപ്പൊടിയിട്ട ഒരു സഞ്ചിയിലായിരുന്നു. പൊടി ഇയാളതുമായി നടന്ന വഴിയിലൂടനീളം ചിതറി. ഥുഅമ അങ്കി ഒരു ജൂതന്റെ വീട്ടില്‍ ഒളിപ്പിച്ചു. സൈദുബ്‌നു സമീന്‍ എന്നാണ് ജൂതന്റെ പേര്. ഥുഅമയെ തേടി അങ്കിയുടെ ഉടമകളെത്തി. അദ്ദേഹം നിഷേധിച്ചു. അന്വേഷകര്‍ അവസാനം ജൂതന്റെ വീട്ടിലെത്തി. അവിടെ അങ്കി കണ്ടെത്തി. അന്നാട്ടുകാര്‍ ഥുഅമയെ കണ്ടതും മറ്റും പറഞ്ഞു ധരിപ്പിച്ചു. ഥുഅമയുടെ ആളുകള്‍ പറഞ്ഞു: നമുക്ക് നബിയുടെ സന്നിധിയില്‍ പോകാം. ഥുഅമയുടെ ആളുകള്‍ നബിയോട് പറഞ്ഞു: ‘നിങ്ങള്‍ ഞങ്ങള്‍ക്കനുകൂലമായി വിധിച്ചില്ലെങ്കില്‍ മുസ്‌ലിം വശളാവുകയും ജൂതന്‍ രക്ഷപ്പെടുകയും ചെയ്യും.’ പക്ഷെ നബി(സ) സത്യത്തിന് വേണ്ടി നിലകൊണ്ടു. ജൂതനനുകൂലമായി വിധി വന്നു. സൂറ നിസാഇലെ 109-ാം സൂക്തത്തിന്റെ വിശദീകരണത്തില്‍ വാഹിദി ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്.
പ്രവാചകന്‍(സ) പറഞ്ഞു: ”നിങ്ങള്‍ വിധികര്‍ത്താക്കളാകുമ്പോള്‍ സംസാരത്തിലും ആംഗ്യത്തിലും ഇരിപ്പിടത്തിലുമെല്ലാം നീതി പാലിക്കണം! പ്രവാചകന്റെ അനുയായികളിലെല്ലാം ഇത് കാണാം. മുസ്‌ലിം ഭരണാധികാരികളെല്ലാം തന്നെ നീതി നടപ്പിലാക്കിയവരായിരുന്നു.
അമവി ഭരണാധികാരി വലീദിന്റെ കാലത്ത് സൈപ്രസിലെ അമുസ്‌ലിംകളെ നാടുകടത്തിയപ്പോള്‍ പണ്ഡിതര്‍ അതിനെതിരെ രംഗത്തു വന്നു. അവരെ തിരിച്ചയക്കാന്‍ പിന്നീട് വന്ന ഖലീഫ യസീദ് ഉത്തരവ് പുറപ്പെടുവിച്ചു.
പ്രവാചകന്‍(സ) അറഫ ദിനത്തില്‍ പ്രഖ്യാപിച്ചു: നിങ്ങളുടെ രക്തവും മുതലും മാനവും ഈ സുദിനം പോലെ ആദരിക്കപ്പെടേണ്ടതാണ്.
പ്രവാചകന്‍(സ) നീതി നടപ്പിലാക്കുന്നതില്‍ നിഷ്‌കര്‍ഷത പാലിച്ചിരുന്നു. അഭയാര്‍ത്ഥിയായ അമുസ്‌ലിമിനെ കൊന്നവന് സ്വര്‍ഗത്തിന്റെ പരിമളം പോലും ഏല്‍ക്കുകയില്ലെന്ന് സ്വഹീഹുല്‍ ബുഖാരിയിലുണ്ട്. യുദ്ധത്തിലല്ലാതെ സമാധാനത്തില്‍ കഴിയുന്ന അമുസ്‌ലിംകളെ യാതൊരു പ്രകോപനവുമില്ലാതെ കൊലപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ലല്ലോ. ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ ഒരു മുസ്‌ലിം അമുസ്‌ലിമിനെ കൊന്ന പരാതിയെത്തി. നബി(സ) പറഞ്ഞു: ”നമ്മോട് യാതൊരു വഞ്ചനയും കാണിക്കാതെ സത്യസന്ധത പുലര്‍ത്തിയവരോട് ഞാന്‍ വളരെ കടപ്പെട്ടവനാണ്.” ആ ഘാതകനെ കൊല്ലാനായിരുന്നു നബിയുടെ കല്‍പന. ദാറുഖുത്ത്‌നിയുടെ സുനനില്‍ ഈ സംഭവമുണ്ട്.
ഇതാണ് പ്രവാചകന്‍(സ). മനുഷ്യര്‍ക്കിടയില്‍ നീതി നടപ്പിലാക്കുകയായിരുന്നു തിരുമേനി. മതത്തിന്റെ പേരില്‍ അന്യരെ അനധികൃതമായി കയ്യേറ്റം നടത്താന്‍ അനുവദിച്ചിട്ടില്ല.
ഇസ്‌ലാമിലെ യുദ്ധങ്ങള്‍ നടന്നത് നീതിയുടെ സംരക്ഷണത്തിനാണ്. മനുഷ്യരെ അടിമകളാക്കുന്ന ആള്‍ ദൈവങ്ങളെ തുടച്ച് നീക്കാനും എല്ലാവര്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാനുമാണ് യുദ്ധം. നബി(സ) പറയുകയുണ്ടായി: ”സന്ധിയില്‍ കഴിയുന്ന അമുസ്‌ലിമിന്റെ ധനം അവകാശമനുസരിച്ചല്ലാതെ അനുവദനീയമല്ല” (മുസ്‌നദ് അഹ്മദ് 4/89).
ഉമ്മുഹാനിഇന്റെ വീട്ടില്‍ അഭയം പ്രാപിച്ച് കഴിഞ്ഞിരുന്ന അമുസ്‌ലിമിനെ വധിക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ നബി പറഞ്ഞു:അരുത് ഉമ്മുഹാനി അഭയം നല്‍കിയവര്‍ക്ക് നാം അഭയം നല്‍കിയിരിക്കുന്നു. ബുഖാരിയില്‍ തന്നെ ഈ സംഭവം കാണാം.
ഭരണത്തിന് കീഴിലുള്ള മുഴുവന്‍ പ്രജകളോടും തുല്യമായ നീതി കാണിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ”ആരെങ്കിലും അക്രമിച്ചാല്‍ അവന് വലിയ ശിക്ഷ നാം രുചിപ്പിക്കും” (ഫുര്‍ഖാന്‍ 19). നബി(സ)യുടെ ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: ‘എന്റെ ദാസന്‍മാരേ, ഞാന്‍ അക്രമത്തെ സ്വന്തമായി നിഷിദ്ധമാക്കിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ക്കുമത് നിഷിദ്ധമാണ്. നിങ്ങള്‍ പരസ്പരം ആക്രമിക്കരുത്.” മുസ്‌ലിം ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മദീനയിലേക്ക് വന്ന ക്രൈസ്തവ അബ്‌സീനിയന്‍ ദൗത്യസംഘത്തിന് മദീനാ പള്ളിയില്‍ ആരാധനക്ക് സൗകര്യം ചെയ്ത് കൊടുത്ത സംഭവം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രവാചകന്‍(സ) വഫാത്താകുമ്പോള്‍ അങ്കി ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. ഇതെല്ലാം വ്യക്തമാക്കുന്നത് പ്രവാചകന്‍ ഇതര മതസ്തരോട് അനുവര്‍ത്തിച്ചിരുന്ന സഹിഷ്ണുതയും സൗഹാര്‍ദ്ദവുമാണ്.
ലോക ചരിത്രത്തില്‍ ഇവ്വിധം ഇതര മതസ്തരോട് നല്ല നിലയില്‍ പെരുമാറിയ ഒരു നേതാവിനെയും കാണാനാകില്ല. അതു കൊണ്ടാണ് വള്ളത്തോള്‍ പറഞ്ഞത്.
മുഴക്കുവീന്‍ ഹേ ജയ ശബ്ദമെങ്ങും-
വാഴട്ടെയിസ്‌ലാം തിരുമേനി നീണാള്‍.
 


            
                    
            
                    
            
                    
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment