ഉക്രൈൻ : യുദ്ധം കൊതിക്കുന്നതാര്

ഉക്രൈനിനെ ആക്രമിക്കാൻ സൈനിക സന്നാഹങ്ങളൊരുക്കി  റഷ്യ കാത്തിരിക്കുന്നുവെന്ന് ഇപ്പോഴും ആർത്തലമുറയിടുകയാണ് അമേരിക്ക, റഷ്യൻ അധിവേഷം സംഭവിച്ചാൽ പിടിച്ചു നിൽക്കാനാകാതെ കീഴടങ്ങുന്ന ഉക്രൈനിനോടുള്ള സഹതാപമായിട്ടു അമേരിക്കയുടെ ഈ സമീപനത്തെ വ്യാഖ്യാനിക്കാൻ കഴിയില്ല. ചില സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടിയുള്ള കുറുക്കന്റെ കൗശലമായിട്ടു തന്നെ അതിനെ അനുമാനിക്കണം. കാരണം ചരിത്രപരമായ വസ്തുതകൾ കൃത്യമായി വിലയിരുത്തിയാൽ അതു ബോധ്യമാകും.

യൂറോപ്പിൽ റഷ്യ കഴിഞ്ഞാൽ ഏറ്റവും വലിയ രാജ്യമാണ് ഉക്രൈൻ , കൂടാതെ വലിയൊരളവോളം റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യവും . 
1917ൽ  സാർ ചക്രവർത്തിമാരുട അധികാരത്തിനു അന്ത്യം കുറിക്കാൻ വ്ലാഡ് മീർ ലെനിന്റെ നേതൃത്വത്തിൽ റഷ്യൻ വിപ്ലവം അരങ്ങേറിയപ്പോഴാണ് 1918 -ൽ  ഉക്രൈനിന് റഷ്യയിൽ നിന്നു ആദ്യമായി സ്വതന്ത്രം ലഭിച്ചത് , പക്ഷെ ഇതിനു മൂന്നു വർഷത്തെ ആയുസ്സെ ഉണ്ടായിരുന്നൊള്ളു, 1921- ൽ സോവിയറ്റ് യൂണിയൻ സ്ഥാപിതമായതോടെ ഉക്രൈൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് നീണ്ട പതിറ്റാണ്ടുകൾക്കൊടുവിൽ തൊണ്ണൂറുകളിൽ യു എസ്സ് എസ്സ് ആറിന്റെ പതനം സാധ്യമായതോടെയാണ് ഉക്രൈൻ വീണ്ടും പൂർണ്ണ സ്വതന്ത്ര്യ രാജ്യമായി രൂപപ്പെട്ടത്.

അതേസമയം സോവിയറ്റ് യൂണിയൻ തകരുന്നതിന്റെ തൊട്ടു മുമ്പ് അന്നത്തെ അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ജെയിംസ് ബേക്കർ സോവിയറ്റ് യൂണിയൻ പ്രസിഡന്റായിരുന്ന ഗോർബച്ചേവിന് ഒരു വാഗ്ദാനവും നൽകിയിരുന്നു, നാറ്റോയുടെ ( north Atlantic treaty organization)  സൈനിക സംഖ്യം ഒരു ഇഞ്ചുപോലും യൂറോപ്പിന്റെ കിഴക്കോട്ട് നീങ്ങില്ല എന്നതായിരുന്നു അത്. യു എസ്സ് എസ്സ് ആറിന്റെയും സോഷ്യലിസത്തിന്റേയും വ്യാപനം അവസാനിപ്പിക്കാൻ അമേരിക്ക ആവിഷ്കരിച്ച മിലിറ്ററി ഒപ്പറേഷനാണ് നാറ്റോ എന്ന സംഘടന, ഇവയിൽ അംഗമായ ഒരു രാജ്യത്തെ ആരെങ്കിലും ആക്രമിച്ചാൽ 
മറ്റെല്ലാവരും ഒന്നിച്ച് ആ രാജ്യത്തെ സഹായിക്കുമെന്നതാണ് അതിന്റെ  പൊതുനയം ,
അതിനാൽ  റഷ്യയുമായി അതിർത്തി പങ്കിടുന്ന  ഉക്രൈനിനെ  നാറ്റോയിൽ അംഗമാക്കാൻ അമേരിക പ്രത്യക്ഷമായി പരിശ്രമിക്കുന്നതിലൂടെ ആ വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണ് സംഭവിക്കുന്നത്. അതുകൊണ്ടു തന്നെയാ ണ് സഖ്യകക്ഷിയായ ബലാറസിനെ കൂട്ടുപ്പിടിച്ചു  ഉക്രൈൻ അതിർത്തിയിൽ യുദ്ധസമാനമായ സൈന്യക വിന്യാസത്തിനു റഷ്യ ഒരുങ്ങിയതും.

അമേരിക്കയാവട്ടെ ഈ മേഖലയിൽ പരമാവധി അസ്വസ്ഥത വിതച്ചു അശാന്തി പടർത്തുവാനും അതുവഴി സാമ്പത്തിക നേട്ടം കൊയ്യുവാനും ആധിപത്യം സ്ഥാപിക്കുവാനും കിണഞ്ഞുശ്രമിക്കുകയാണ്. അമേരിക്കയുടെ ഈ ഇരട്ടത്താപ്പ് കാലേ കൂട്ടി തിരിച്ചറിഞ്ഞതു കൊണ്ടാണ് ഉക്രൈനിന് നാറ്റോയിൽ അംഗത്വം നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന ആവശ്യവുമായി ബ്രിട്ടന്റേയും ഫ്രാൻസിന്റേയും പ്രധാനമന്ത്രിമാരുമായി റഷ്യ നയതന്ത്ര ചർച്ച നടത്തിയതും. എന്നാൽ അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി അംഗത്വം നൽകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കാനെ അവരും സന്നദ്ധമായൊള്ളു, കാരണം കൂടുതൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന യൂറോപ്യൻ യൂണിയന്  അമേരിക്കയെ പിണക്കി മുന്നോട്ട് പോകാനാകില്ല.  

അതിനാൽ നിലവിലെ റഷ്യ-ഉക്രൈൻ ബന്ധം ഏറെ വഷളാവാൻ ആരെക്കാളും കൂടുതൽ ആഗ്രഹിക്കുന്നത് അമേരിക്ക തന്നെയാണ്  
അതിനു മറ്റൊരു സുപ്രധാന കാരണം കൂടിയുണ്ട്, യൂറോപ്പിലേക്ക് ഇപ്പോഴും ഇന്ധനം കയറ്റി അയക്കുന്നത് റഷ്യയാണ്, കൂടാതെ പതിനൊന്ന് ബില്യൻ ഡോളർ മുടക്കി  റഷ്യയിൽ നിന്നുംനേരിട്ടു  ജർമനിയിലേക്കു പ്രകൃതി വാതക ഗ്യാസ് എത്തിക്കാൻ നിർമിക്കുന്ന നോഡ് സ്ട്രീം ടു ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നടപ്പായാൽ യുറോപ്പിലെ അമേരിക്കൻ ഡോളറിന് കനത്ത ഇടിവ് സംഭവിക്കുകയും വലിയ സാമ്പത്തിക ശക്തിയായി റഷ്യ കുതിക്കുകയും ചെയ്യും, അങ്ങനെ സംഭവിച്ചാൽ ആഗോള സാമ്പത്തിക വിപണിയിൽ അമേരിക്കയുടെ സ്ഥാനം കുത്തനെ ഇടിയും, ഇതിനെ എന്ത് വില കൊടുത്തും തടയിടാനുള്ള അടവുനയങ്ങളാണ് അമേരിക്ക ഇപ്പോൾ പയറ്റികൊണ്ടിരിക്കുന്നതെന്ന് ആർക്കും മനസ്സിലാക്കാനാകും.

ഇതിനെല്ലാം ഉപരിയായി സംഘർഷ മേഖലകളിൽ അധിനിവേഷം നടത്തി അസ്ഥിരത സൃഷ്ടിക്കുവാനും അശാന്തി പടർത്തുവാനും യുദ്ധം ഉണ്ടാക്കുവാനും അതുവഴി ആയുധ കച്ചവടം കൊഴുപ്പിക്കുവാനും കാലങ്ങളായി അമേരിക്ക നടത്തി പോന്നിരുന്ന നീചമായ വിദേശ നയനിലപാടിൽ യാതൊരു വ്യതിയാനവുമില്ല എന്ന തുറന്നു പറച്ചിൽ കൂടിയാണ് ഉക്രൈൻ വിഷയത്തിൽ അമേരിക്കയും ബൈഡനും ഇടപെടുന്നതിലൂടെ മറനീക്കി പുറത്തു വരുന്നതെന്നും കൂട്ടി വായിക്കേണ്ടതുണ്ട്.

എന്നാൽ യൂറോപ്യൻ രാജ്യങ്ങളാകട്ടെ യുദ്ധങ്ങളില്ലാതെ ഉപയകക്ഷി ചർച്ചകളിലൂടെ ഉക്രൈൻ-റഷ്യ സംഘർഷം അയവു വരുത്തുവാനും സമാധാനം തിരിച്ചു കൊണ്ടു വരാനുമാണ് കാംക്ഷിക്കുന്നത്, കോവിഡാനന്തരം സാമ്പത്തിക തകർച്ച രൂക്ഷമായ ഈ ആപത്ഘട്ടത്തിൽ ഇനിയൊരു മഹാ യുദ്ധം താങ്ങാവുന്നതിലും അപ്പുറമാണെന്ന തിരിച്ചറിവ് അവർക്കുണ്ട് , എല്ലാറ്റിനുമപ്പുറം യുദ്ധം കൊടുമ്പിരി കൊണ്ടാൽ റഷ്യ തീർക്കുന്ന ഇന്ധന ഉപരോധത്തിനു മുന്നിൽ നികത്താനാകാത്ത നഷ്ടത്തിലേക്ക് തങ്ങളെ തള്ളിവിടുമെന്ന നല്ല ധാരണയുമുണ്ട്. അതുമൂലമാണ് ഉക്രൈൻ അതിർത്തിയിൽ യുദ്ധസമാന സാഹചര്യം സമാഗതമായപ്പോൾ  തിരക്കിട്ട് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്  റഷ്യ സന്ദർശിച്ച് സമാധാന നീക്കങ്ങൾക്ക് ശ്രമം നടത്തിയതും ഏതാനും സേനാ വിഭാഗങ്ങളെ പിൻവലിക്കാൻ റഷ്യ സന്നദ്ധത പ്രകടിപ്പിച്ചതും. ജർമനിയെ സംബന്ധിച്ചോളം കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാകണമെങ്കിൽ റഷ്യയിൽ നിന്നുള്ള ഗ്യാസ് പൈപ്പ് ലൈനുകൾ ഇനിയും വിപുലീകരിക്കേണ്ടതു അനിവാര്യമാണ്, റഷ്യക്കാകട്ടെ സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള അവസരവും. അതിനാൽ ഏതുവിധേനയും നിലവിലെ രംഗം ശാന്തമാക്കാനും നാറ്റോയുടെ സാന്നിദ്ധ്യം തങ്ങളുടെ അതിർത്തിക്കകത്ത് ഇല്ലെന്നു ഉറപ്പിച്ചു രാജ്യ സുരക്ഷ ഊട്ടിയുറപ്പിക്കാനും തന്നെയാണ് യൂറോപ്യൻ രാജ്യങ്ങളും റഷ്യയും ആഗ്രഹിക്കുന്നത്.
അതേസമയം അമേരിക്കയാകട്ടെ ചൈനയുടെ സാമ്പത്തിക കുതിച്ചുചാട്ടത്തോടെ നഷ്ടപ്പെട്ട പഴയ പ്രതാപം തിരിച്ചു പിടിക്കാനും ആഗോള സമ്പദ്ഘടനയെ കൈപ്പിടിയിലൊതുക്കാനും ഉക്രൈൻ വിഷയത്തിൽ ദുഷ്ടലാക്കോടെ സമീപിക്കുന്നു എന്നു വേണം കരുതാൻ.  
അല്ലെങ്കിൽ പിന്നെന്തിനാണ്
ഇപ്പോഴും അന്യ രാജ്യങ്ങളിൽ 800ലധികം മിലിറ്ററി ബേസുകളിലായി ഒന്നേമുക്കാൽ സൈനികരെ  നിയോഗിച്ചിട്ടുള്ള ഒരു രാജ്യം ദേശസുരക്ഷയുടെ ഭാഗമായി അതിർത്തിയിൽ ഒരു ലക്ഷം സൈന്യത്തെ വിന്യസിച്ച റഷ്യയെ നോക്കി ഇടക്കിടക്ക് കണ്ണുരുട്ടുന്നതും പ്രകോപനം സൃഷ്ടിച്ച് യൂറോപ്യൻ രാജ്യങ്ങളിലാകെ ഭീതി പടർത്തുന്നതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter