കൈമാറ്റപ്രക്രിയ അഥവാ ബൈഅത്ത്‌

അല്ലാഹുവിന്റെ തിരുദൂതരുടെ കാലഘട്ടം മുതല്‍ ഇന്നുവരെയും ഈ ബൈഅത്തും ഉടമ്പടിയും ചൊല്ലിക്കൊടുക്കലും സമ്മതം നല്‍കലുമൊക്കെ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കയാണ്. അങ്ങനെയാണത് രേഖാമൂലവും വഴിക്കുവഴിയായും ദൃഢീകൃതമായും നമ്മിലെത്തിച്ചേര്‍ന്നത്. ഈ ചൊല്ലിക്കൊടുക്കുന്നതിനും സമ്മതം നല്‍കുന്നതിനും ബൈഅത്ത് നിര്‍വഹിക്കുന്നതിനും ‘ഖബ്‌ള’ (പിടിക്കല്‍) എന്നാണ് സ്വൂഫികള്‍ പ്രയോഗിക്കുക. ഒരാള്‍ മറ്റൊരാളില്‍ നിന്ന് ‘ഖബ്‌ള’ സ്വീകരിക്കുന്നു. രണ്ടില്‍ ഓരോരുത്തനും അപരന്റെ കൈ പിടിക്കുകയാണ്. ഒരു മുരീദ് ശൈഖിന്റെ കൈ പിടിക്കുമ്പോള്‍ ന്യൂട്ടറും ഫെയ്‌സുമുണ്ടാകുന്നതുപോലെയായി. അപ്പോള്‍ വൈദ്യുതി പരസ്പരബന്ധിതമാവുകയും ശൃംഖല സന്ധിക്കുകയും ചെയ്തു. പരീക്ഷിക്കപ്പെട്ടതും ഇന്ദ്രിയാധീനവുമായ ആത്മികശക്തി അവിടെ സ്വാധീനം ചെലുത്തുകയായി.

കാലഘട്ടങ്ങളും നൂറ്റാണ്ടുകളും ഒന്നിനു പുറകെ മറ്റൊന്നായി കടന്നുവരുന്നതിനിടെ പരിഷ്‌കര്‍ത്താക്കളും മാര്‍ഗദര്‍ശികളുമായി നിരവധി മശാഇഖുമാരെ കാണാന്‍ സാധിക്കുന്നതാണ്. മുഹമ്മദ് മുസ്ഥഫാ തിരുമേനി(സ്വ)യുടെ പ്രകാശവുമായി ജനങ്ങളുടെ ഹൃദയങ്ങളെ കണക്റ്റ് ചെയ്യുവാന്‍ വേണ്ടി അവരെ തങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഈ ശൈഖുമാര്‍. ഇലക്ട്രിക് ജനറേറ്ററുള്ള പവര്‍ഹൗസില്‍ നിന്ന് വിദൂരതകളിലുള്ള സ്ഥലങ്ങളില്‍ സ്ഥാപിതമായ ട്രാന്‍സ്‌ഫോമറുകള്‍ പോലെയാണവര്‍.

പവര്‍ഹൗസില്‍ നിന്ന് വൈദ്യുതി ആവാഹിച്ചെടുത്ത്  തന്റെ പരിസരവാസികള്‍ക്ക് കൂടുതല്‍ ശക്തിയിലും വോള്‍ട്ടേജിലും അത് പ്രസരണം നടത്തുകയാണ് ട്രാന്‍സ്‌ഫോമറുകള്‍ ചെയ്യുന്നത്. ഇവ വൈദ്യുതിയുടെ ഉല്‍പാദനകേന്ദ്രങ്ങളല്ല, മറിച്ച് കൈമാറ്റം ചെയ്യുകയും വിഭജനം നടത്തുകയുമാണ് അവയുടെ ദൗത്യം. ദൈര്‍ഘ്യം കൂടുമ്പോള്‍ പവര്‍ഹൗസുമായി ബന്ധിച്ച കേബിളുകളിലുള്ള വൈദ്യുതിപ്രവാഹം ദുര്‍ബലമാവുകയം തന്മൂലം ട്രാന്‍സ്‌ഫോമറുകള്‍ അനിവാര്യമാവുകയുമാണ്. അവ വൈദ്യുതിക്ക് സജീവതയും ശക്തിയും തിരിച്ചുനല്‍കുന്നു.

ഇതുപോലെ സ്വൂഫികളായ മാര്‍ഗദര്‍ശികള്‍ തങ്ങളുടെ കാലഘട്ടത്തില്‍ ഈമാനികചൈതന്യം പുതുക്കുകയാണ് ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പിന്നിടുകയും കാലം ദീര്‍ഘമാവുകയും ചെയ്ത പശ്ചാത്തലത്തില്‍, മുഹമ്മദീയ പ്രകാശത്തിന് തിളക്കവും ശോഭയും തിരിച്ചുകൊണ്ടുവരികയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് എന്ന പ്രവാചകീയ സൂക്തം(1) അര്‍ഥമാക്കുന്നത് ഇതാണ്. പ്രായോഗികമായി പരീക്ഷിക്കപ്പെടുന്നത് ഏറ്റവും വലിയ തെളിവാണല്ലോ. മശാഇഖുമാരില്‍ നിന്ന് സ്വീകരിക്കപ്പെടുന്ന ബൈഅത്ത് മുഖേന നിരവധി സല്‍ഫലങ്ങളും ശ്ലാഘനീയമായ ഗുണങ്ങളും ഉണ്ടായിത്തീരുന്നു എന്നതിന് അനുഭവപരീക്ഷണങ്ങള്‍ സാക്ഷിയാണ്. പൂര്‍വികന്മാര്‍ ബൈഅത്ത് മുറുകെപ്പിടിക്കാന്‍ അതാണ് കാരണം. പിന്‍ഗാമികളിലെ സജ്ജനങ്ങള്‍ അത് അനന്തരാവകാശമായി സ്വീകരിക്കാനും മുസ്‌ലിം ഉമ്മത്തിലെ ഭൂരിപക്ഷം തദനുസൃതം ജീവിക്കുവാനും നിമിത്തം അതുതന്നെയത്രേ.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter