തസ്വവ്വുഫിന്റെ പ്രാധാന്യം

തന്റെ സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ വ്യക്തിയോടുള്ള ഇസ്‌ലാമിന്റെ വിധിവിലക്കുകളെടുത്ത് പരിശോധിച്ചാല്‍ അവ രണ്ടു തരത്തിലുണ്ടെന്ന് കാണാം. ബാഹ്യകര്‍മങ്ങളോട് ബന്ധപ്പെടുന്നവയും ആന്തരികകര്‍മങ്ങളോട് ബന്ധപ്പെടുന്നവയുമാണവ. മറ്റൊരു നിലക്ക് പറഞ്ഞാല്‍, ശരീരസംബന്ധിയായ കല്‍പനകളും ഹൃദയസംബന്ധിയായ കല്‍പനകളും.

ശാരീരിക കര്‍മങ്ങളിലെ വിധികള്‍ രണ്ടു വിഭാഗമാണ്-ഒന്ന് കല്‍പനകളും മറ്റേത് നിരോധങ്ങളും. നമസ്‌കാരം, സകാത്ത്, ഹജ്ജ് തുടങ്ങിയവ അല്ലാഹുവിന്റെ അനുശാസനങ്ങളാണ്; വധം, വ്യഭിചാരം, മോഷണം, മദ്യപാനം മുതലായവ അവന്റെ നിരോധങ്ങളും.

ഹൃദയസംബന്ധിയായ കര്‍മങ്ങളും രണ്ടുതരം തന്നെ-കല്‍പനകളും നിരോധങ്ങളും. അല്ലാഹുവിലും മലക്കുകളിലും കിതാബുകളിലും മുര്‍സലുകളിലുമുള്ള വിശ്വാസം, ആത്മാര്‍ത്ഥത, സംതൃപ്തി, സത്യസന്ധത, കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍ മുതലായവ ഉദാഹരണം. ദൈവനിഷേധം, കപടവിശ്വാസം, അഹംഭാവം, അഹന്ത, ലോകമാന്യത, വഞ്ചന, ചതി, അസൂയ ആദിയായവ ഹൃദയസംബന്ധിയായ നിരോധിക്കപ്പെട്ട കാര്യങ്ങളത്രേ.

രണ്ടാം വിഭാഗത്തില്‍ പറഞ്ഞ ഹൃദയപരമായ ഈ വിലക്കപ്പെട്ട വിഷയങ്ങള്‍ അല്ലാഹുവിങ്കല്‍ ഒന്നാം വിഭാഗത്തേക്കാള്‍ പ്രധാനമാണ്-എല്ലാം സുപ്രധാനം തന്നെ-കാരണം ബാഹ്യകര്‍മങ്ങളുടെ അടിത്തറയും അവയുടെ പ്രഭവകേന്ദ്രവും ഹൃദയമാണ്. അന്തരംഗത്തിന്റെ കര്‍മങ്ങളാണ് ബാഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുക. അപ്പോള്‍, ഹൃദയം ദുഷിച്ചാല്‍ ബാഹ്യകര്‍മങ്ങള്‍ മുഴുക്കെ അലങ്കോലപ്പെട്ടുപോകുന്നതാണ്. ഇതാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്: തന്റെ നാഥനുമായുള്ള കൂടിക്കാഴ്ച ആഗ്രഹിക്കുന്നവര്‍ ആരുണ്ടോ, അവന്‍ ഉത്തമകര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊള്ളട്ടെ; തന്റെ നാഥനു വേണ്ടിയുള്ള ആരാധനകളില്‍ മറ്റൊരാളെയും അവന്‍ പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ.

ഇക്കാരണത്താലാണ് നബിതിരുമേനി(സ്വ) ഹൃദയശുദ്ധീകരണത്തിന്റെ വിഷയത്തിലേക്ക് അനുയായികളുടെ സജീവശ്രദ്ധ തിരിച്ചിരുന്നത്. ഹൃദയത്തിന്റെ രഹസ്യമായ രോഗങ്ങളില്‍ നിന്നും ഗുപ്തമായ അനാരോഗ്യാവസ്ഥകളില്‍ നിന്നുമുള്ള ശമനം വഴിയും ഹൃദയസംസ്‌കരണം മുഖേനയും മാത്രമേ മനുഷ്യന് നന്മ കൈവരിക്കാനാകൂ എന്ന് പ്രവാചകര്‍(സ്വ) സ്വഹാബികള്‍ക്ക് വിശദീകരിച്ചുകൊടുത്തിരുന്നു. അവിടന്ന് ഇങ്ങനെ പഠിപ്പിക്കുകയുണ്ടായി: അറിയുക, മനുഷ്യശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്-അത് നന്നായാല്‍ ശരീരം മുഴുക്കെ നന്നായി; അത് ദുഷിച്ചാലോ ശരീരം ആസകലം ദുഷിച്ചു. അതത്രേ ഹൃദയം!

മനുഷ്യനെ അല്ലാഹു നിരീക്ഷിക്കുമ്പോള്‍ അവന്റെ ഹൃദയത്തിലേക്ക് മാത്രമായിരിക്കും നോക്കുന്നതെന്നും തിരുനബി(സ്വ) സ്വഹാബത്തിനെ ഉദ്‌ബോധിപ്പിച്ചു. അവിടന്ന് പറഞ്ഞു: നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപഭാവങ്ങളിലേക്കോ അല്ല അല്ലാഹുവിന്റെ നോട്ടമുണ്ടാവുക; മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കായിരിക്കും അവന്റെ ദര്‍ശനം.

ബാഹ്യകര്‍മങ്ങളുടെ പ്രഭവകേന്ദ്രമായ ഹൃദയത്തിന്റെ നന്മയിലധിഷ്ഠിതമാണ് മനുഷ്യന്റെ ആത്യന്തികനന്മയെന്ന് സ്ഥിരപ്പെട്ടുകഴിയുമ്പോള്‍, ആ ഹൃദയത്തിന്റെ ഉദാത്തവല്‍ക്കരണത്തിന് യത്‌നിക്കേണ്ടത് അനിവാര്യമായിത്തീരുന്നു. അല്ലാഹു നിരോധിച്ച ദുഷിച്ച വിശേഷണങ്ങളില്‍ നിന്ന് ഹൃദയത്തെ ദൂരീകരിക്കുകയും അവന്‍ കല്‍പിച്ച ഉത്തമവിശേഷണങ്ങള്‍ വഴി ഹൃദയത്തെ ഉദാത്തവല്‍ക്കരിക്കുകയും ചെയ്യുക മുഖേനയാണത് സുസാധ്യമാവുക. അങ്ങനെ ചെയ്യുമ്പോള്‍ ഹൃദയം സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായിത്തീരുകയും അതിന്റെ ഉടമ പരലോകവിജയികളിലുള്‍പ്പെടുകയും ചെയ്യും. ‘സന്താനങ്ങളോ സമ്പത്തോ യാതൊരു വിധത്തിലും ഉപകാരപ്പെടാത്ത ദിവസമാണന്ന്-സുരക്ഷിതഹൃദയവുമായി അല്ലാഹുവിന്റെയടുത്ത് ചെന്നവന്ന് ഒഴികെ.’

ഇമാം ജലാലുദ്ദീന്‍ സ്വുയൂഥി(റ) പറയുന്നു: ഹൃദയാവസ്ഥകളെക്കുറിച്ച വിജ്ഞാനവും, അസൂയ, അഹന്ത, ലോകമാന്യത തുടങ്ങി അതിന്റെ രോഗങ്ങളെ സംബന്ധിച്ചുള്ള അറിവും ഫര്‍ള് ഐന്‍ (വ്യക്തിഗതബാധ്യത) ആണെന്നാണ് ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുള്ളത്. അപ്പോള്‍, ഹൃദയത്തെ ശുദ്ധീകരിച്ചെടുക്കലും മനസ്സിനെ സംസ്‌കരണവിധേയമാക്കലും ഏറ്റം പ്രധാനപ്പെട്ട വ്യക്തിഗതബാധ്യതയും അല്ലാഹുവിന്റെ കല്‍പനകളില്‍ ഏറ്റം അനിവാര്യമായ നിര്‍ബന്ധകര്‍മവുത്രേ. പരിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും പണ്ഡിതവചനങ്ങളിലും ഇതിന് തെളിവുകള്‍ നിരവധിയാണ്:

അല്ലാഹു പറയുന്നു: നബിയേ, പ്രഖ്യാപിക്കുക-നിശ്ചയം എന്റെ നാഥന്‍ ബാഹ്യവും ആന്തരികവുമായ സകല മ്ലേച്ഛതകളും (ഫവാഹിശ്) നിഷിദ്ധമാക്കിയിരിക്കുന്നു. ഖുര്‍ആനില്‍ മറ്റൊരിടത്ത് ഇങ്ങനെ കാണാം: ബാഹ്യമോ ആന്തരികമോ ആയ യാതൊരു വിധ മ്ലേച്ഛതകളെയും നിങ്ങള്‍ സമീപിച്ചുപോകരുത്. ആന്തരികമ്ലേച്ഛതകള്‍ കൊണ്ട് വിവക്ഷ വിദ്വേഷം, ലോകമാന്യത, അസൂയ, കാപട്യം മുതലായവ തന്നെയാണെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹദീസുകളാകട്ടെ നിരവധിയാണ്. വിദ്വേഷം, അഹംഭാവം, ലോകമാന്യത, അസൂയ തുടങ്ങിയവയെക്കുറിച്ച് നിരോധിച്ചുകൊണ്ടുള്ള ഒട്ടേറെ നബിവചനങ്ങളുണ്ട്. സല്‍സ്വഭാവങ്ങളും ഉത്തമസമീപനരീതികളും അനിവാര്യമാണെന്ന് പഠിപ്പിക്കുന്ന ഹദീസുകളും ധാരാളമാണ്. പുണ്യനബി(സ്വ)യുടെ മറ്റൊരു തിരുവചനം ഇവിടെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു-അവിടന്ന് പറഞ്ഞു: സത്യവിശ്വാസം എഴുപതില്‍പരം ശാഖകളുണ്ട്. അവയിലേറ്റം ഉന്നതമായത് ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമയും ഏറ്റം താഴ്ന്നത് വഴിയില്‍ നിന്ന് പ്രയാസങ്ങള്‍ നീക്കലുമാകുന്നു. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരംശമാണ്.

അപ്പോള്‍ ഈമാനിന്റെ സമ്പൂര്‍ണത ഈ ശാഖകളുടെ പൂര്‍ത്തീകരണത്തിലൂടെയും അവ ഉള്‍ക്കൊള്ളുന്നതിലൂടെയുമാണുണ്ടാവുക. ഈ വിശേഷണങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഈമാന്‍ വര്‍ധിക്കുകയും ചുരുങ്ങുമ്പോള്‍ ഈമാന്‍ ചുരുങ്ങുകയും ചെയ്യും. സല്‍ക്കര്‍മങ്ങള്‍ എത്ര കൂടുതല്‍ അനുവര്‍ത്തിച്ചിട്ടുണ്ടെങ്കിലും അവയത്രയും പൊളിച്ചുകളയാന്‍ മേല്‍പറഞ്ഞ ഹൃദയത്തിന്റെ രോഗങ്ങള്‍ പര്യാപ്തമാകുന്നതാണ്.
ഇനി പണ്ഡിതന്മാരുടെ പ്രസ്താവങ്ങള്‍ പരിശോധിച്ചുനോക്കാം. ഹൃദയത്തിന്റെ രോഗങ്ങള്‍ വന്‍പാപങ്ങളില്‍ പെട്ടതായാണ് വിജ്ഞാനികള്‍ പരിഗണിച്ചിട്ടുള്ളത്. പ്രത്യേകമായ പശ്ചാത്താപം അനിവാര്യമായിത്തീരുന്ന പാതകങ്ങളാണവയെന്നവര്‍ പ്രതിപാദിച്ചിരിക്കുന്നു. ജൗഹറത്തുത്തൗഹീദിന്റെ രചയിതാവ് പറയുന്നു:

(നീ നന്മ കല്‍പിക്കുക. തര്‍ക്കം, വാഗ്വാദം, അസൂയ, അഹംഭാവം, അഹന്ത തുടങ്ങിയ ഹീനകാര്യങ്ങളും പരദൂഷണം, ഏഷണി എന്നിവയും നീ കൈവെടിയുക-ഇവയെല്ലാം പ്രത്യേകം  ഗൗനിക്കേണ്ടതാകുന്നു.)

ഇവിടെ ഹീനകാര്യം  എന്ന പദം വിവരിച്ചുകൊണ്ട് ജൗഹറത്തിന്റെ വ്യാഖ്യാതാവ് ഇങ്ങനെ എഴുതിയതായി കാണാം: അതായത് ദീനില്‍ ആക്ഷേപാര്‍ഹമായ മുഴുവന്‍ കാര്യങ്ങളും വര്‍ജ്ജിക്കപ്പെടേണ്ടതാണ്. ഹൃദയത്തിന്റെ ന്യൂനതകള്‍ക്കുള്ള വര്‍ധിത പ്രസക്തി മൂലമാണ് ഗ്രന്ഥകാരന്‍ ചില കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത്. ബാഹ്യരീതികള്‍ നന്നാക്കുന്നതോടൊപ്പം ഹൃദയത്തിന്റെ രോഗങ്ങള്‍ അവശേഷിക്കുന്നത് നിരര്‍ഥകമത്രേ. മ്ലേച്ഛതകളും മാലിന്യങ്ങളും കൊണ്ട് മലീമസമായ ശരീരത്തില്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതുപോലെയാണത്. അഹന്ത (തന്‍പോരിമ) ആ ദുസ്സ്വഭാവങ്ങളില്‍ പെട്ടതാണ്. ഒരു ആബിദിന് തന്റെ ആരാധനകളെപ്പറ്റിയും ആലിമിന് തന്റെ വിജ്ഞാനത്തെ സംബന്ധിച്ചും മതിപ്പുതോന്നലും അത് വളരെ ഉഷാറാണ് എന്ന ചിന്താഗതിയുമാണത്. ഈ അഹന്ത ഹറാമാകുന്നു. ലോകമാന്യതയും നിഷിദ്ധം തന്നെ. അക്രമം, അഹംഭാവം, കൈയേറ്റം, അസൂയ, വാദപ്രതിവാദം, തര്‍ക്കം മുതലായവയും അഹന്തപോലെ നിഷിദ്ധമാണ്.

പ്രമുഖ കര്‍മശാസ്ത്രപണ്ഡിതനായ അല്ലാമ ഇബ്‌നുആബിദീന്‍ തന്റെ പ്രശസ്ത ഗ്രന്ഥത്തിലെഴുതുന്നു: ആത്മാര്‍ഥത, അഹന്ത, അസൂയ, ലോകമാന്യത എന്നിവയെക്കുറിച്ചുള്ള വിജ്ഞാനം നേടല്‍ ഫര്‍ള് ഐന്‍ (വ്യക്തിഗതബാധ്യത) ആകുന്നു. ഹൃദയത്തിന്റെ രോഗങ്ങളായി ആ ഗണത്തില്‍ വേറെയും ധാരാളമുണ്ട്. അഹംഭാവം, അറുപിശുക്ക്, വിദ്വേഷം, കബളിപ്പിക്കല്‍, ദേഷ്യം, ശത്രുത, സ്പര്‍ദ്ധ, ദുരാഗ്രഹം, ലോഭം, അഹങ്കാരം, ഢംഭ്, ചതി, മുഖസ്തുതി, സത്യാവഹേളനം, ഗൂഢതന്ത്രപ്രയോഗം, വഞ്ചന, കഠിനമനസ്‌കത, അനന്തത്വര…. ഇങ്ങനെ പോകുന്നു അവ.

ഇഹ്‌യാഉ ഉലൂമിദ്ദീനിലെ റുബ്ഉല്‍ മുഹ്‌ലികാത്ത് (മനുഷ്യനെ നശിപ്പിച്ചുകളയുന്ന കാര്യങ്ങള്‍) എന്ന കാണ്ഡത്തില്‍ ഇവ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി(റ) അവിടെ പറയുന്നു: ഇത്യാദി ദുസ്സ്വഭാവങ്ങളില്‍ നിന്ന് ഒരു മനുഷ്യനും ഒഴിവാകുന്നതല്ല. അതിനാല്‍, തന്നെ സംബന്ധിച്ച് ആവശ്യമുള്ളതെന്തോ, അത് പഠിക്കല്‍ അവന് നിര്‍ബന്ധമായിത്തീരും. ഈ ചീത്ത വിശേഷണങ്ങള്‍ ഹൃദയത്തില്‍ നിന്ന് നീക്കിക്കളയല്‍ ഫര്‍ള്‌ഐന്‍ ആകുന്നു. ഓരോന്നിന്റെയും നിര്‍വചനങ്ങള്‍, കാരണങ്ങള്‍, ലക്ഷണങ്ങള്‍, അവയുടെ ചികിത്സ എന്നിവ ഗ്രഹിക്കുകവഴി മാത്രമേ അത് സുസാധ്യമാകൂ. കാരണം, തിന്മ എന്താണ് എന്നറിയാത്തവന്‍ അതില്‍ വീണുപോകുന്നതാണ്.

അല്‍ഹദിയ്യത്തുല്‍ അലാഇയ്യ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് എഴുതുന്നു: അസൂയ, മുസ്‌ലിംകളെ പുച്ഛിക്കല്‍, അവര്‍ക്ക് പ്രയാസങ്ങളുണ്ടാക്കാനുള്ള വിചാരം, അഹംഭാവം, തന്‍പോരിമ, ലോകമാന്യത, കാപട്യം, ഹൃദയത്തിന്റെ രോഗങ്ങളില്‍ നിന്നുള്ള ഇനിയും ഒട്ടേറെ കാര്യങ്ങള്‍ എന്നിവയൊക്കെ ഹറാമാണെന്ന് ഇമാമുകളുടെ ഏകകണ്ഠാഭിപ്രായവും ഖുര്‍ആന്‍-സുന്നത്തിലെ ഉദ്ധരണികളും പ്രസ്പഷ്ടമാക്കിയിട്ടുണ്ട്. മാത്രമല്ല, കാത്, കണ്ണ്, ഹൃദയം എന്നിവയെക്കുറിച്ചൊക്കെ-സ്വേഷ്ടപ്രകാരം ഇവ കൊണ്ട് എന്തൊക്കെ ചെയ്താലും-പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്നതാണ്.

മറാഖില്‍ ഫലാഹ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ആന്തരികവിശുദ്ധിയോടെയല്ലാതെയുള്ള ബാഹ്യവിശുദ്ധി നിഷ്ഫലമാകുന്നതാണ്. ആത്മാര്‍ത്ഥ, വഞ്ചന, ചതി, സ്പര്‍ദ്ധ, അസൂയ എന്നിവയില്‍ നിന്നുള്ള വിശുദ്ധി, അല്ലാഹു അല്ലാത്ത സര്‍വവസ്തുക്കളില്‍ നിന്നും ഹൃദയത്തെ ശുദ്ധീകരിച്ചെടുക്കല്‍ എന്നിവയിലൂടെയാണ് ആന്തരികവിശുദ്ധി കൈവരിക്കാനാവുക. അപ്പോള്‍, എന്തെങ്കിലും തരത്തിലുള്ള താല്‍പര്യത്തിനുവേണ്ടിയല്ലാതെ, കേവലം അല്ലാഹുവിനു വേണ്ടി, അവനിലേക്ക് കൈനീട്ടി മാത്രമായിരിക്കണം ആരാധനകള്‍. അങ്ങനെ വരുമ്പോള്‍ അടിമയുടെ അനിവാര്യാവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുത്തുകൊണ്ട്, അവനോടുള്ള ആര്‍ദ്രത മൂലം അല്ലാഹു ഔദാര്യം ചൊരിഞ്ഞുകൊടുക്കും. തത്സമയം നീ ഏകനും രാജാധിരാജനുമായ റബ്ബിന്റെ ശുദ്ധ അടിമയായിത്തീരുന്നതാണ്. അല്ലാഹു അല്ലാത്ത മറ്റൊന്നും തന്നെ അപ്പോള്‍ നിന്നെ അടിമയാക്കുകയില്ല. അവന് ദാസ്യവേല ചെയ്യുന്നതിനെ വിട്ട് മറ്റൊരു വസ്തുവും നിന്റെ ഇച്ഛയെ കീഴടക്കുന്നതുമല്ല. ഇമാം ഹസനുല്‍ ബസ്വ്‌രി പറയുന്നത് കാണുക:

(വസ്ത്രധാരികളായ എത്രയെത്ര ആളുകളുണ്ട്; പക്ഷേ, ദേഹേച്ഛകളുടെ തടവറയിലായിരിക്കും അവര്‍. തന്മൂലം അവര്‍ നഗ്നരായിത്തീരുകയും മാനഭംഗം വന്നവരാവുകയും ചെയ്യുന്നു. ദേഹേച്ഛകളുള്ളവന്‍ അടിമയാണ്; അവയെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞാലോ, അയാള്‍ രാജാവായിത്തീരുന്നതാണ്.)

ഒരാള്‍ നാഥനായ റബ്ബിനോട് ആത്മാര്‍ഥനാവുകയും അവന്‍ കല്‍പിച്ചതും അവന് തൃപ്തികരമായതും അനുഷ്ഠിക്കുകയും ചെയ്താല്‍ എങ്ങോട്ട് തിരിയുമ്പോഴും എന്ത് ലക്ഷ്യം വെച്ചാലും ദൈവികപരിഗണന അവനെ ആവരണം ചെയ്യുന്നതാണ്. മാത്രമല്ല, തനിക്കറിവില്ലാത്തത് അവന് അല്ലാഹു പഠിപ്പിച്ചുകൊടുക്കുന്നതുമാണ്. ‘നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. അവന്‍ നിങ്ങള്‍ക്ക് പഠിപ്പിക്കുന്നതാകുന്നു’ എന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തം ഇപ്പറഞ്ഞതിന് തെളിവാകുന്നു.

അപ്പോള്‍, ചെളിയും മാലിന്യങ്ങളും പുരണ്ട വസ്ത്രങ്ങളുമായി മനുഷ്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് ശരിയല്ലെന്നതുപോലെ, ഹൃദയത്തെ രഹസ്യരോഗങ്ങളുള്ള അവസ്ഥയില്‍ വിട്ടേച്ചുകളയുന്നതും ശരിയല്ല. അല്ലാഹുവിന്റെ നോട്ടം ഹൃദയത്തിലേക്കാണല്ലോ.

(നശ്വരമായ ശരീരം നശിച്ചുപോകാതെ ശേഷിച്ചിരിക്കാനായി അതിനെ നീ ചികിത്സിക്കുന്നു. എന്നാല്‍, എന്നും ശേഷിച്ചിരിക്കുന്ന മനസ്സിനെ-ആത്മാവിനെ- രോഗിയായി നീ വിട്ടേച്ചുകളയുന്നുതാനും!) ഇത് എന്തൊരു വിസ്മയമാണ്?!

ഹൃദയങ്ങള്‍ രോഗാതുരമായി വിട്ടുകൂടാ എന്നു പറയുവാന്‍ കാരണമുണ്ട്. മനുഷ്യന്‍ അല്ലാഹുവിലും അവന്റെ സംതൃപ്തിയിലും നിന്ന് അകന്നുപോകാന്‍ അത് നിമിത്തമാകുന്നതാണ്. ശാശ്വതമായ സുഖലോകസ്വര്‍ഗത്തിലേക്കുള്ള പ്രവേശനത്തില്‍ നിന്ന് ഹൃദയരോഗങ്ങളുള്ള മനുഷ്യന്‍ ദൂരീകൃതനാകും. റസൂല്‍(സ്വ) ഇങ്ങനെ പറഞ്ഞിരിക്കുന്നു: അണുഅളവ് അഹംഭാവം ഹൃദയത്തിലുള്ള മനുഷ്യന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല.

അപ്പോള്‍ ഹൃദയത്തിന്റെ സുരക്ഷാവസ്ഥ മുഖേന മാത്രമേ മനുഷ്യന് പരലോകത്ത് രക്ഷയുണ്ടാവുകയുള്ളൂ. അതാകട്ടെ, മുകളില്‍ പരാമര്‍ശിച്ച വിവിധതരം ഹൃദയ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ മാത്രമേ കൈവരികയുള്ളുതാനും.

എന്നാല്‍ സ്വന്തം മനസ്സിന്റെ ന്യൂനതകള്‍ ചിലപ്പോള്‍ മനുഷ്യന് കാണാന്‍ കഴിയില്ല. ഹൃദയത്തിന്റെ രോഗങ്ങള്‍ അവന്‍ ഗ്രഹിക്കാതെ പോവുകയും ചെയ്യും. അപ്പോള്‍, അപൂര്‍ണതയുടെ അഗാധഗര്‍ത്തങ്ങളിലാണെങ്കില്‍പോലും താന്‍ എല്ലാം തികഞ്ഞവനാണെന്ന് അയാള്‍ക്കുതോന്നും. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ തന്റെ രോഗങ്ങള്‍ കണ്ടുപിടിക്കാനും ഹൃദയത്തിന്റെ സൂക്ഷ്മാസുഖങ്ങള്‍ ഗ്രഹിക്കുവാനും എന്തുണ്ട് മാര്‍ഗം? ഈ രോഗങ്ങള്‍ക്ക് ചികിത്സ ചെയ്യാനും അങ്ങനെ അവയില്‍ നിന്ന് മോചനം നേടാനും പ്രായോഗികമായി എന്തു ചെയ്യണം?

ഇവിടെയാണ് തസ്വവ്വുഫിന്റെ പ്രസക്തി. ഹൃദയത്തിന്റെ രോഗങ്ങളെ ചികിത്സിക്കുകയും മനുഷ്യമനസ്സിനെ സംസ്‌കരിച്ചെടുത്ത് അതിന്റെ ന്യൂനതകളില്‍ നിന്ന് സ്ഫുടം ചെയ്‌തെടുക്കുകയും ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് ആണ് തസ്വവ്വുഫ്. അല്ലാമാ ഇബ്‌നു സക്‌വാന്‍ പറയുന്നു:

(ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രകടമാകുന്ന മനസ്സിന്റെ മാലിന്യങ്ങളിലും മ്ലേച്ഛതകളിലും നിന്ന് മനുഷ്യന്റെ അന്തരംഗങ്ങള്‍ തെളിയിച്ചെടുക്കുന്ന വിജ്ഞാനമാണ് തസ്വവ്വുഫ്.)

ഈ പദ്യത്തിന്റെ വ്യാഖ്യാനത്തില്‍ അല്ലാമ മന്‍ജൂരി എഴുതുന്നത് കാണുക: മനസ്സിന്റെ മ്ലേച്ഛതകളില്‍ നിന്ന് അന്തരംഗത്തെ സ്ഫുടം ചെയ്‌തെടുക്കുന്നത് എങ്ങനെ എന്ന് ഗ്രഹിക്കാനുതകുന്ന വിജ്ഞാനശാഖയാണ് തസ്വവ്വുഫ്. ചതി, സ്പര്‍ദ്ധ, അസൂയ, മായംചേര്‍ക്കല്‍, പ്രശംസാതല്‍പരത, അഹംഭാവം, ലോകമാന്യത, ദേഷ്യം, അത്യാഗ്രഹം, പിശുക്ക്, സമ്പന്നരെ ആദരിക്കലും ദരിദ്രരെ നിസ്സാരമാക്കലും… എന്നിങ്ങനെ മനസ്സിന്റെ ന്യൂനതകളും ദുര്‍വിശേഷണങ്ങളും നിരവധിയുണ്ട്. ആ ന്യൂനതകള്‍ എന്തെല്ലാം, അതിന്റെ ചികിത്സയെന്ത്, അതിന്റെ പ്രായോഗികരീതിയെങ്ങനെ തുടങ്ങിയവയൊക്കെ ആധ്യാത്മികശാസ്ത്രത്തിനറിയാം. മാനസികമായ ന്യൂനതകളുടെ കടമ്പകള്‍ മറികടക്കാനും ഹീനസ്വഭാവങ്ങളിലും ദുഷിച്ച വിശേഷണങ്ങളിലും നിന്ന് പരിശുദ്ധി നേടാനും ഈ വിജ്ഞാനശാഖ കൊണ്ട് സുസാധ്യമാകും. അങ്ങനെ, അതുവഴി അല്ലാഹു അല്ലാത്തതില്‍ നിന്നെല്ലാം മനസ്സിനെ സ്വതന്ത്രമാക്കാനും ദൈവസ്മരണയിലൂടെ അതിനെ അലംകൃതമാക്കിത്തീര്‍ക്കാനും കഴിയുന്നു.

പശ്ചാത്താപം, ദൈവഭക്തി, വിശുദ്ധജീവിതം, സത്യസന്ധത, ആത്മാര്‍ത്ഥത, ഭൗതികപരിത്യാഗം, സൂക്ഷ്മത, ഭരമേല്‍പിക്കല്‍, സംതൃപ്തി, വിധേയത്വം, മര്യാദ, സ്‌നേഹം, ദൈവസ്മരണ, അല്ലാഹുവിനെ നിരീക്ഷിച്ചുകഴിയല്‍ തുടങ്ങിയ പൂര്‍ണതയുടെ വിശേഷണങ്ങള്‍ മുഖേന മനുഷ്യമനസ്സിനെ അലംകൃതമാക്കുന്നതില്‍ സ്വൂഫികള്‍ക്ക് മികച്ച ഭാഗഭാഗിത്വമുണ്ട്. വിജ്ഞാനത്തിലൂടെയും കര്‍മങ്ങളിലൂടെയുമായി  ഈ ദൗത്യം നിര്‍വഹിക്കുവാന്‍ പ്രവാചകവര്യരില്‍ നിന്ന് അവര്‍ക്ക് അനന്തരാവകാശം ലഭിച്ചതാണ്.

(കുറ്റങ്ങളും ന്യൂനതകളുമെല്ലാം അവര്‍ കൈവെടിയുകയും ശരീരങ്ങളെയും മനസ്സുകളെയും അവര്‍ സ്ഫുടം ചെയ്‌തെടുക്കുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസത്തിന്റെ യാഥാര്‍ഥ്യം കൈവരിക്കുകയും ഇഹ്‌സാനിന്റെ വഴികളില്‍ പ്രവേശിക്കുകയും ചെയ്തവരാണവര്‍.)

അപ്പോള്‍, ഹൃദയസംസ്‌കരണത്തിന്റെ ഈ വശവും ഒപ്പം മറുവശത്തുള്ള ശാരീരിക-സാമ്പത്തിക ആരാധനകളും ഗൗനിക്കുകയാണ് തസ്വവ്വുഫ് ചെയ്യുന്നത്. വിശ്വാസപരവും സ്വഭാവസംബന്ധവുമായ ഔന്നത്യത്തിന്റെ ഉന്നതശ്രേണികളിലേക്ക് മുസ്‌ലിമിനെ കൊണ്ടെത്തിക്കാനുള്ള പ്രായോഗികവഴി അത് അടയാളപ്പെടുത്തിവെച്ചിട്ടുമുണ്ട്. ചിലയാളുകള്‍ വിചാരിക്കുന്നതുപോലെ, വിര്‍ദുകള്‍ ചൊല്ലലും ദിക്‌റിന്റെ ഹല്‍ഖകളും മാത്രമല്ല തസ്വവ്വുഫ്. പൂര്‍ണമായ ഒരു പ്രായോഗിക ജീവിതപദ്ധതിയാണതെന്ന് മിക്കവരും അറിയാതെ പോയിരിക്കുന്നു-വഴിതെറ്റിപ്പോയ ഒരു വ്യക്തിയെ സമ്പൂര്‍ണനും മാതൃകായോഗ്യനുമായ ഒരു മുസ്‌ലിംവ്യക്തിത്വത്തിന്റെ ഉടമയാക്കുക എന്ന ദൗത്യമാണത് നിര്‍വഹിക്കുന്നത്. അത് സാധിക്കുന്നതാകട്ടെ സുരക്ഷിതമായ വിശ്വാസം, ആത്മാര്‍ത്ഥമായ ആരാധനാകര്‍മങ്ങള്‍, ഉദാത്തവും സത്യസന്ധവുമായ ഇടപാടുകള്‍, ശ്രേഷ്ഠമായ സല്‍സ്വഭാവരീതികള്‍ എന്നിവയിലൂടെയാണ്.

ഇത്രയും പ്രതിപാദിച്ചതില്‍ നിന്ന് തസ്വവ്വുഫിന്റെ പ്രാധാന്യവും അതിന്റെ ഗുണവും വ്യക്തമായി. വിശുദ്ധ ഇസ്‌ലാമിന്റെ ആത്മാവും ത്രസിക്കുന്ന ഹൃദയവുമാണത് എന്നത് അവിതര്‍ക്കിതമാണ്. കാരണം, ഈ മതം ജീവസ്സറ്റതും ആത്മാവില്ലാത്തതുമായ ചില ഉപരിപ്ലവ കര്‍മങ്ങളും പ്രതീകാത്മക കാര്യങ്ങളുമല്ലല്ലോ. ഇസ്‌ലാമിന്റെ ആത്മാവും അന്തസ്സത്തയും വിനഷ്ടമാവുകയും ചില പ്രകടനങ്ങളും ഭാവഹാവങ്ങളും മാത്രമവശേഷിക്കുകയും ചെയ്തതുമുതലാണ് ദൗര്‍ബല്യത്തിന്റെയും അധഃപതനത്തിന്റെയും അഗാധഗര്‍ത്തത്തിലേക്ക് മുസ്‌ലിംകള്‍ കൂപ്പുകുത്തിയത്.

കര്‍മകുശലരായ പണ്ഡിതവരേണ്യരും മതവികാരമുള്ള മാര്‍ഗദര്‍ശികളും ഇക്കാരണത്താലാണ് സ്വൂഫികളോട് ബന്ധപ്പെടാനും അവരോട് നിരന്തരസമ്പര്‍ക്കം പുലര്‍ത്താനും ജനങ്ങളെ ഉപദേശിക്കുന്നത്. ഇസ്‌ലാമിന്റെ ശരീരവും ആത്മാവും സമന്വയിപ്പിക്കാനും, ഹൃദയവിശുദ്ധിയുടെയും സ്വഭാവപരമായ ഔന്നത്യത്തിന്റെയും വിശാലാര്‍ഥങ്ങള്‍ ആസ്വദിക്കാനും, അല്ലാഹുവിനെ ശരിയായി മനസ്സിലാക്കി ദൃഢീകൃത വിജ്ഞാനം സാക്ഷാല്‍ക്കരിക്കാനുമൊക്കെയായിരുന്നു ജനങ്ങളോടുള്ള സ്വൂഫികളുടെ ഈ ഉപദേശം. ഈയവസ്ഥ പ്രാപിക്കുമ്പോള്‍ റബ്ബിന്റെ സ്‌നേഹം, അവനെക്കുറിച്ച നിരീക്ഷണാവസ്ഥ (മുറാഖബ), അവനെപ്പറ്റിയുള്ള നിരന്തരസ്മരണ എന്നിവ കൊണ്ട് മനുഷ്യന്‍ വിശേഷണമാര്‍ജിച്ചവനായിത്തീരുന്നു.

തസ്വവ്വുഫിന്റെ വഴി പരിശോധനാവിധേയമാക്കുകയും അതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കുകയും ഫലങ്ങളാസ്വദിക്കുകയും ചെയ്ത ശേഷം ഹുജ്ജത്തുല്‍ ഇസ്‌ലാം ഇമാം ഗസ്സാലി(റ) പ്രസ്താവിക്കയുണ്ടായി: സ്വൂഫികളുമായി ബന്ധപ്പെടല്‍ ഫര്‍ള്‌ഐന്‍ ആകുന്നു; കാരണം, പ്രവാചകന്മാരല്ലാതെ മറ്റൊരു മനുഷ്യനും ന്യൂനതകളില്‍ നിന്ന് ഒഴിവാകുന്നതല്ല.

ഇമാം അബുല്‍ ഹസന്‍ അശ്ശാദിലി(റ) പറയുന്നു: ‘നമ്മുടെ അധ്യാത്മ വിജ്ഞാനശാസ്ത്രത്തില്‍ പ്രവേശിക്കാത്തവന്‍, താനറിയാത്ത വിധം വന്‍ദോഷങ്ങളിലകപ്പെട്ടുപോവുന്നതും അങ്ങനെ അവയിലാപതിച്ച് മരിച്ചുപോകുന്നതുമായിരിക്കും.’ ഇമാം ശാദിലിയുടെ ഈ പ്രസ്താവത്തെപ്പറ്റി ഇബ്‌നു അല്ലാം സ്വിദ്ദീഖി രേഖപ്പെടുത്തുന്നതിങ്ങനെയാണ്: ഇമാമവര്‍കളുടെ അഭിപ്രായം എത്ര ശരിയാണ്! ഏത് മനുഷ്യനാണ് സുഹൃത്തേ നോമ്പനുഷ്ഠിക്കുകയും അതില്‍ മതിപ്പ് തോന്നുകയും ചെയ്യാത്ത വ്യക്തി? നമസ്‌കാരമനുഷ്ഠിക്കുകയും എന്റെ നമസ്‌കാരം കൊള്ളാവുന്നതാണ് എന്ന് വിചാരിക്കുകയും ചെയ്യാത്തവരാരുണ്ട്? മറ്റ് ആരാധനകളുടെ നിലയും ഇതുതന്നെ.

എന്നാല്‍, തസ്വവ്വുഫിന്റെ പന്ഥാവ് ദുര്‍ഗമമാണ്. താഴെക്കിടയിലുള്ള ആളുകള്‍ക്ക് കടന്നുചെല്ലാന്‍ പ്രയാസകരമായിരിക്കും അത്. തന്മൂലം മനക്കരുത്തോടും ക്ഷമയോടും സ്ഥിരോത്സാഹത്തോടും കൂടി വേണം ആ വഴി മുറിച്ചുകടക്കാന്‍. എങ്കില്‍ അല്ലാഹുവിന്റെ കോപത്തിലും അവനുമായുള്ള അകല്‍ച്ചയിലും നിന്ന് സ്വശരീരത്തെ രക്ഷപ്പെടുത്താന്‍ സാധിക്കും.

ഇമാം ഫുളൈലുബ്‌നു ഇയാള്(റ) പറയുന്നു: സത്യത്തിന്റെ പന്ഥാവ് നീ മുറുകെ പിടിക്കുക. അതിലൂടെ കടന്നുപോകുന്നവരുടെ എണ്ണം കുറവാണെന്നുകണ്ട് നിനക്ക് ഏകാന്തത അനുഭവപ്പെട്ടുപോകരുത്. അസത്യത്തിന്റെ വഴിയെപ്പറ്റി നീ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതില്‍ പെട്ട് നശിച്ചുപോകുന്നവരുടെ ആധിക്യം കണ്ട് നീ വഞ്ചിതനാകരുത്.

സത്യത്തിന്റെ പന്ഥാവിലൂടെയുള്ള സഞ്ചാരത്തില്‍ ഏകാന്തത അനുഭവപ്പെടുമ്പോഴൊക്കെ മുമ്പേ നടന്നുപോയ സുഹൃത്തിനെ നീ നോക്കണം. അവരൊന്നിച്ച് എത്തിച്ചേരാനുള്ള ത്വരയായിരിക്കണം നിനക്കുണ്ടാകേണ്ടത്. മറ്റുള്ളവരെ സംബന്ധിച്ചെല്ലാം നീ കണ്ണു ചിമ്മുകയാണാവശ്യം. കാരണം, അല്ലാഹുവിന്റെ ശിക്ഷയിലും ക്രോധത്തിലും നിന്ന് നിന്നെ രക്ഷപ്പെടുത്താന്‍ അവര്‍ക്ക് യാതൊന്നും ചെയ്യുവാന്‍ കഴിയുന്നതല്ല. തസ്വവ്വുഫിന്റെ പാതയില്‍ നീ സഞ്ചരിക്കുന്നതു കാണുമ്പോള്‍ അവര്‍ ഒച്ചയും ബഹളവുമുണ്ടാക്കി നിന്നെ വിളിച്ചുനോക്കും; പക്ഷേ, ഒരു കാരണവശാലും നീ തിരിഞ്ഞുനോക്കിപ്പോകരുത്. എന്തുകൊണ്ടെന്നോ? തിരിഞ്ഞുനോക്കിയാല്‍ നിന്നെയവര്‍ പിടികൂടുകയും നിന്റെ മാര്‍ഗത്തില്‍ പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter