ദിക്‌റിലെ ചലനം

ദിക്‌റ് ചൊല്ലുമ്പോള്‍ ചലനങ്ങളുണ്ടാവുക എന്നത് ഒരു അഭിലഷണീയ കൃത്യമാകുന്നു. കാരണം, ദിക്‌റ് എന്ന ഇബാദത്തിനായി അത് ശരീരത്തെ ഉന്മേഷവത്താക്കിത്തീര്‍ക്കും. ശരീഅത്തില്‍ അതനുവദനീയമാണ്. അനസ്(റ) നിവേദനം ചെയ്യുന്ന ഹദീസ് അതിന് തെളിവായുണ്ട്. അദ്ദേഹം പറയുന്നു: അബ്‌സീനിയക്കാര്‍ തിരുമേനി(സ്വ)യുടെ മുമ്പില്‍ നൃത്തം ചെയ്യുകയും ‘മുഹമ്മദ്(സ്വ) ഉത്തമവ്യക്തിയാണ്’ എന്ന് അവരുടെ ഭാഷയില്‍ നബി(സ്വ)ക്ക് സ്തുതി പാടുകയും ചെയ്തു. എന്താണിവര്‍ പറയുന്നത് എന്ന് ആ ഭാഷയറിയുന്നവരോട് നബി(സ്വ) അന്വേഷിക്കുകയും മറുപടി കേട്ട് മൗനിയായി ഇരിക്കുകയുമുണ്ടായി.(1) അവരുടെ ആ ചെയ്തിയെയോ അവസ്ഥയെയോ റസൂല്‍(സ്വ) നിരോധിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തില്ല; മൗനമായ അംഗീകാരം നല്‍കുകയാണുണ്ടായത്. തിരുമേനി(സ്വ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയില്‍ നിന്നാണ് ശരീഅത്തിന്റെ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെടുന്നത് എന്ന വസ്തുത സുജ്ഞാതമാണല്ലോ. അബ്‌സീനിയക്കാരുടെ ഉപര്യുദ്ധൃത പ്രവൃത്തി റസൂല്‍(സ്വ) അംഗീകരിക്കുകയും നിരോധിക്കാതിരിക്കുകയും ചെയ്തപ്പോള്‍ ദീനില്‍ അത് അനുവദനീയമാണ് എന്ന് സ്പഷ്ടമായി.

നബിതിരുമേനി(സ്വ)യുടെ അപദാനപ്രകീര്‍ത്തനവും അനുവദനീയമായ ആഹ്ലാദപ്രകടനവും സമന്വയിപ്പിച്ചു ചെയ്യാമെന്നതിനും മേല്‍ഹദീസില്‍ തെളിവുണ്ട്. ദിക്‌റ് ചൊല്ലുമ്പോഴുള്ള ആഹ്ലാദപ്രകടനത്തിന് ‘നിഷിദ്ധമായ നൃത്ത’മെന്ന് പറഞ്ഞുകൂടെന്നതിനും(2) തെളിവാണ് ഉപര്യുക്ത ഹദീസ്. പ്രത്യുത, ദിക്‌റ് ചൊല്ലുമ്പോഴുള്ള ചലനം അനുവദനീയമാണ്. എന്തുകൊണ്ടെന്നാല്‍ ദിക്‌റിന് അത് ഉന്മേഷമുണ്ടാക്കിത്തീര്‍ക്കുകയാണ് ചെയ്യുക. അല്ലാഹുവൊന്നിച്ചുള്ള ഹൃദയസാന്നിധ്യത്തിനും അത് സഹായകമാണ്-നിയ്യത്ത് ശരിയാകുമ്പോഴാണ് ഇതെല്ലാം. കാരണം, ഉദ്ദേശ്യമനുസരിച്ചാണല്ലോ കാര്യങ്ങളുടെയൊക്കെ പരിണതി. ‘നിശ്ചയമായും നിയ്യത്തുകള്‍ അനുസരിച്ചാണ് കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുക. ഓരോ മനുഷ്യനും അവന്‍ നിയ്യത്ത് ചെയ്തത് എന്തോ അതനുസരിച്ചുണ്ടാകും…’

ഇമാം അലി(റ) തിരുനബി(സ്വ)യുടെ സ്വഹാബികളെ വിശേഷിപ്പിക്കുന്ന ഒരു രംഗം ഇവിടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. അബൂ അറാക്ക(റ) പ്രസ്താവിക്കുന്നു: ഞാന്‍ അലിയ്യുബ്‌നു അബീഥാലിബുമൊത്ത് സ്വുബ്ഹ് നമസ്‌കാരം നിര്‍വഹിച്ചു. നമസ്‌കാരാനന്തരം വലതുഭാഗത്തേക്ക് തിരിഞ്ഞ് ദുഃഖബാധിതനെപ്പോലെ അദ്ദേഹം നീണ്ട സമയം ഇരുന്നു. അങ്ങനെ സൂര്യനുദിച്ച് പള്ളിയുടെ ചുമരില്‍ വെയില്‍ ഒരു കുന്തത്തിന്റെയത്രയായപ്പോള്‍ അദ്ദേഹം രണ്ട് റക്അത്ത് നമസ്‌കരിച്ചു. പിന്നീട് താന്‍ കൈമലര്‍ത്തി ഇങ്ങനെ പറയുകയുണ്ടായി:

അല്ലാഹുവാണ! മുഹമ്മദ് നബി തിരുമേനി(സ്വ)യുടെ അനുയായികളെ ഞാന്‍ കണ്ടിട്ടുണ്ട്.(2) എന്നാല്‍ അന്നുണ്ടായിരുന്ന അവസ്ഥയോട് അവരെ തുലനം ചെയ്യാവുന്ന ഒരു സ്ഥിതി എനിക്ക് ഇന്ന് കാണാന്‍ കഴിയുന്നില്ല. അന്നവര്‍ പ്രഭാതവേളകളില്‍ പ്രവേശിച്ചിരുന്നത് കേശസംരക്ഷണത്തിലും വേഷഭൂഷാദികളിലും അശ്രദ്ധരും ദീനവദനരും ആയിക്കൊണ്ടായിരുന്നു. ആടുകളുടെ കാല്‍മുട്ടുകള്‍ പോലുള്ളവര്‍ അവരുടെ മുന്നിലുണ്ടായിരുന്നു.(3) സുന്നത്ത് നമസ്‌കരിച്ചും നീണ്ട സുജൂദുകളില്‍ കിടന്നുമായിരിക്കും അവര്‍ രാത്രികള്‍ കഴിച്ചുകൂട്ടിയിരിക്കുക. തങ്ങളുടെ അടി മുതല്‍ മുടി വരെ സ്വാധീനം ചെലുത്തുംവിധം പരിശുദ്ധ ഖുര്‍ആന്‍ അവര്‍ പാരായണം ചെയ്യുമായിരുന്നു. അങ്ങനെ നേരം പുലരുകയും അല്ലാഹുവിന്റെ ദിക്‌റില്‍ പ്രവേശിക്കുകയും ചെയ്താല്‍, ശക്തിയായി കാറ്റടിക്കുന്ന ദിവസം മരങ്ങള്‍ ആടുന്നതുപോലെ അവര്‍ ആടുമായിരുന്നു. ദൈവഭയം മൂലം അവരുടെ നേത്രങ്ങളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒലിക്കുകയും അങ്ങനെ വസ്ത്രങ്ങള്‍ നനഞ്ഞുപോവുകയും ചെയ്യും.

ഇമാം അലിയ്യി(റ)ന്റെ മേല്‍വാക്കുകളില്‍ ഇവിടെ അതീവശ്രദ്ധേയമായ ഒരു പരാമര്‍ശമുണ്ട്-ശക്തമായ കാറ്റുള്ള ദിവസം മരങ്ങള്‍ ആടുന്നതുപോലെ, സ്വഹാബികള്‍ ദിക്‌റ് ചൊല്ലുമ്പോള്‍ ആടിയിരുന്നു എന്നതാണത്. ദിക്‌റിലൂടെയുണ്ടാകുന്ന ആനന്ദലബ്ധിയുടെ പ്രതിഫലനമായി അവര്‍ ആടിയിരുന്നു എന്ന പ്രസ്പഷ്ട പ്രഖ്യാപനമാണത്. ദിക്‌റിലെ ആട്ടവും ചലനവുമൊക്കെ നിഷിദ്ധമായ ബിദ്അത്താണെന്ന് പറയുന്നവരുടെ അഭിപ്രായത്തെ ഇത് ദുര്‍ബലവും ശിഥിലവുമാക്കിക്കളയുന്നുമുണ്ട്. ദിക്‌റ് ചൊല്ലുമ്പോഴുള്ള ചലനം നിരുപാധികം അനുവദനീയമാണെന്ന് സ്ഥിരീകരിക്കുകയാണ് ഇത് ചെയ്യുന്നത്.

ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബുലുസി(റ) തന്റെ ഒരു ഗ്രന്ഥത്തില്‍, ഈ ഹദീസ് തെളിവായെടുത്തുകൊണ്ട് ദിക്‌റ് ചൊല്ലുമ്പോഴുള്ള ചലനം സുന്നത്താകുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നബി(സ്വ)യുടെ സ്വഹാബികള്‍ ദിക്‌റ് ചൊല്ലുമ്പോള്‍ ശക്തിയായ ചലനമുള്ളവരായിരുന്നു എന്ന് ഈ ഹദീസ് പ്രസ്പഷ്ടമായി മനസ്സിലാക്കിത്തരുന്നുണ്ട് എന്നും അദ്ദേഹം എഴുതി. സര്‍വോപരി, മറ്റൊരു കാര്യവും ഇവിടെ പ്രത്യേകം ചിന്തിക്കേണ്ടതായുണ്ട്-ഒരു വ്യക്തി ഏതു രീതിയില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചലിക്കുകയോ ചെയ്യട്ടെ, ഒരു പാപം എന്ന നിലക്കോ അത് ഉദ്ദേശിക്കാതെയോ ചെയ്തതാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുന്നില്ലല്ലോ. ഇത് നാം നേരത്തെ പറഞ്ഞിട്ടുണ്ട്.

എന്നാല്‍, തസ്വവ്വുഫിന്റെ ആളുകളാണ് തങ്ങളുമെന്നവകാശപ്പെടുന്ന ചില സംഘങ്ങള്‍ ഇവിടെ സ്മരണീയരാണ്. സ്വൂഫികളിലെ കള്ളനാണയങ്ങളാണവര്‍. ആത്മജ്ഞാനികളായ മഹാന്മാരും ഈ വ്യാജന്മാരും തമ്മില്‍ യാതൊരു ബന്ധവുമില്ല. ദിക്‌റിന്റെ സദസ്സുകളുടെ സൗന്ദര്യം അവര്‍ വികലമാക്കിയിരിക്കുകയാണ്. വിശുദ്ധ ശരീഅത്ത് നിഷിദ്ധമാക്കിയ പല ഹീനകൃത്യങ്ങളും കടത്തിക്കൂട്ടുകയും വഴി പിഴച്ച ബിദ്അത്തുകള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. നിരോധിക്കപ്പെട്ട സംഗീതോപകരണങ്ങളുടെ ഉപയോഗം, കൗമാരപ്രായക്കാരുമായുള്ള സബോധമായ ഒത്തുചേരല്‍, മ്ലേച്ഛമായ ഗാനങ്ങളുടെ ആലാപനം മുതലായവയൊക്കെ അവരുടെ ശൈലിയാണ്. തല്‍ഫലമായി ഇവരുടെ സദസ്സുകള്‍ ഹൃദയങ്ങളെ അവയുടെ മാലിന്യങ്ങളില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കാന്‍ പറ്റിയ മാധ്യമങ്ങളായിത്തീരുന്നില്ല. അല്ലാഹുവുമായി ബന്ധപ്പെടാനുള്ള ബാന്ധവങ്ങളുമല്ല ഇവരുടെ ദിക്‌റ് സദസ്സുകള്‍. മറിച്ച്, അല്ലാഹുവിനെക്കുറിച്ച് അശ്രദ്ധമായ മനസ്സുകള്‍ക്കുള്ള ഒരാസ്വാദനവും അവരുടെ ഹീനലക്ഷ്യങ്ങള്‍ സാക്ഷാല്‍കൃതമാകാനുള്ള നിമിത്തങ്ങളും മാത്രമായിത്തീരുകയാണ് അവയത്രയും ചെയ്യുന്നത്.

ഈ പശ്ചാത്തലത്തില്‍, ദുഃഖകരമായ ഒരു വസ്തുത എടുത്തു പറയേണ്ടതായിട്ടുണ്ട്-വൈജ്ഞാനികമേഖലയിലെ ചില ജാരന്മാര്‍ വിവേചന ലേശമന്യെ ദിക്‌റ് ഹല്‍ഖകളുടെ മേല്‍ ചാടിവീണിരിക്കുന്നു എന്നതാണത്. മുകളില്‍ സൂചിപ്പിച്ച, സ്വൂഫി ലോകത്തു കാണുന്ന വഴി പിഴച്ച ഇത്തിക്കണ്ണികളെയും സാക്ഷാല്‍ തസ്വവ്വുഫിന്റെയാളുകളെയും വേര്‍തിരിച്ചുകാണാന്‍ ആ വിമര്‍ശകര്‍ക്ക് കഴിയാതെ പോവുകയാണ്. ആത്മാര്‍ഥതയോടെ ഥരീഖത്തില്‍ പ്രവേശിക്കുകയും അല്ലാഹുവിന്റെ ദിക്‌റില്‍ ആമഗ്നരാവുകയും ചെയ്യുന്നവരാണ് സ്വൂഫികള്‍. വിശ്വാസപരമായ ഔന്നത്യവും വര്‍ധനയും മാത്രമേ ദിക്‌റ് മൂലം അവര്‍ക്കുണ്ടാകൂ. അല്ലാഹുവുമായുള്ള സമ്പര്‍ക്കത്തില്‍ സത്യനിഷ്ഠയും സ്വഭാവങ്ങളിലുള്ള ഔന്നത്യവും ആഭിജാത്യവും ഹൃദയപരമായ സ്വസ്ഥതയും ശാന്തിയും മാത്രമായിരിക്കും ദിക്‌റ് മൂലം അവര്‍ക്ക് ആര്‍ജിക്കാന്‍ കഴിയുന്നത്.

എന്നാല്‍, നിഷ്പക്ഷരായ പണ്ഡിതന്മാരും ഉണ്ടെന്ന യാഥാര്‍ഥ്യം ഇവിടെ വിസ്മരിക്കുന്നില്ല. നബിതിരുമേനി(സ്വ)യുടെ കാല്‍പാടുകളിലായി സഞ്ചരിക്കുകയും സത്യസന്ധത മുറുകെപ്പിടിക്കുകയും ശരിയായ മഹാന്മാരുടെ പന്ഥാവ് പിന്‍പറ്റുകയും ചെയ്യുന്ന സ്വൂഫികളെയും, വഴിതെറ്റിയ വ്യാജന്മാരെയും അവര്‍ വേര്‍തിരിച്ചു മനസ്സിലാക്കിയിട്ടുണ്ട്. ദിക്‌റ് ചൊല്ലുമ്പോഴുണ്ടാകുന്ന ചലനത്തിന്റെ വിധിയും അവര്‍ വ്യക്തമാക്കിയതാണ്. ഈ ഗണത്തില്‍ മുന്‍ഗണനയര്‍ഹിക്കുന്ന മഹാപണ്ഡിതവരേണ്യനാണ് അല്ലാമ ഇബ്‌നു ആബിദീന്‍. തന്റെ ശിഫാഉല്‍ അലീല്‍ എന്ന ഗ്രന്ഥത്തില്‍ ഈ വിഷയം അദ്ദേഹം സവിസ്തരം ചര്‍ച്ച ചെയ്തിരിക്കുന്നു. സ്വൂഫികളുടെ പേരില്‍ രംഗത്തിറങ്ങിയ വ്യാജന്മാരെ അദ്ദേഹം തൊലിയുരിഞ്ഞുകാട്ടിയിട്ടുണ്ട്. ദിക്‌റില്‍ അവര്‍ നടപ്പാക്കിയ പുത്തനാചാരങ്ങളെയും നിഷിദ്ധകൃത്യങ്ങളെയും അദ്ദേഹം അനാവരണം ചെയ്യുകയും അത്തരക്കാരെക്കുറിച്ച് താക്കീത് ചെയ്യുകയും അവരുമായി ബന്ധപ്പെടുന്നതിനും സന്ധിക്കുന്നതിനുമെതിരെ താക്കീത് നല്‍കുകയും ചെയ്തിരിക്കുന്നു. താന്‍ എഴുതുകയാണ്:

‘….സകല ഹീനകൃത്യങ്ങളിലും നിന്ന് വിമോചിതരായ സത്യസന്ധരായ നമ്മുടെ സ്വൂഫി നേതാക്കളെക്കുറിച്ച് യാതൊന്നും നമുക്ക് ചര്‍ച്ച ചെയ്യേണ്ടതായിട്ടില്ല. കാരണം, ശരീഅത്തിന്റെയും ഥരീഖത്തിന്റെയും ആളുകള്‍ നേതാവായി അംഗീകരിക്കുന്ന ഇമാം ജുനൈദുല്‍ ബഗ്ദാദി(റ)യോട്, ദിക്‌റില്‍ ആനന്ദതുന്ദിലരാവുകയും ആടുകയും ചെയ്യുന്നവരെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു: നിങ്ങള്‍ ആ ദിക്‌റു ചൊല്ലുന്നവരെ അല്ലാഹുവൊന്നിച്ച് വിട്ടേക്കുക, അവര്‍ ആഹ്ലാദഭരിതരാകട്ടെ. കാരണം, സ്വൂഫികളുടെ മാര്‍ഗം അവരുടെ മനസ്സുകളെ പരവശമാക്കുകയും റബ്ബിന്റെ പ്രീതി കരഗതമാക്കാന്‍ വേണ്ടിയുള്ള അധ്വാനം അവരെ പരിക്ഷീണരാക്കുകയും അവര്‍ അങ്ങേയറ്റം പ്രയാസങ്ങളനുഭവിക്കുകയും ചെയ്തിരിക്കുന്നു. പ്രസ്തുത പ്രതികൂലാവസ്ഥകള്‍ക്കുള്ള ഒരു ചികിത്സാമുറയെന്ന നിലക്ക് അവര്‍ ഒരാനന്ദനിശ്വാസമനുഭവിക്കുന്നുവെങ്കില്‍ അതില്‍ ഒരു കുഴപ്പവുമില്ല. അവരുടെ സവിശേഷമായ ആ ആസ്വാദ്യത നിനക്കും അനുഭവിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നീയും അവരുടെ ഇവ്വിഷയകമായ ന്യായം അംഗീകരിച്ചുകൊടുത്തേനെ.’

ഇമാം ഇബ്‌നു ആബിദീന്‍ തുടര്‍ന്നെഴുതുന്നു: പ്രത്യുല്‍പന്നമതിയും പണ്ഡിതമഹാരഥനുമായ ഇമാം ഇബ്‌നു കമാല്‍ ബാഷ ദിക്‌റിലെ ആട്ടം സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഇമാം ജുനൈദുല്‍ ബഗ്ദാദി(റ)യുടെ മറുപടി പോലെത്തന്നെയായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണവും. ചോദ്യത്തിന് താന്‍ നല്‍കിയ ഫത്‌വായില്‍ പറഞ്ഞു:

(ദിക്‌റ് ചൊല്ലുമ്പോഴുണ്ടാകുന്ന ആനന്ദാനുഭൂതികളെക്കുറിച്ച് നീ ശരിയായി മനസ്സിലാക്കുകയാണെങ്കില്‍ അവ പ്രകടിപ്പിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല; ആത്മാര്‍ഥതയോടെയാണെങ്കില്‍ ആടുന്നതിനും ഒരു കുറ്റവുമില്ല. നീ സാധാരണ കാലിലാണ് നടക്കാറുള്ളത്; തന്റെ യജമാനനായ അല്ലാഹു ഒരാളെ ക്ഷണിക്കുകയാണെങ്കില്‍ തല കുത്തിത്തന്നെ(1) നടന്നുചെല്ലാന്‍ കടപ്പെട്ടവനത്രേ ക്ഷണിക്കപ്പെട്ടവന്‍.)

ഫത്‌വാ തുടരുന്നു: അവസ്ഥാന്തരങ്ങളില്‍ മേല്‍പറഞ്ഞ പോലെ വിട്ടുവീഴ്ചകളുണ്ടെന്ന് പ്രസ്താവിച്ചത് ദിക്‌റ് ചൊല്ലുമ്പോഴും തങ്ങളുടെ മുഴുസമയവും പുണ്യകര്‍മങ്ങളിലേക്ക് തിരിച്ചുവിട്ട ആത്മജ്ഞാനികളായ പണ്ഡിതരുടെ ഉപദേശം ശ്രദ്ധിക്കുമ്പോഴും ആകുന്നു. തസ്വവ്വുഫിന്റെ ഋജുവായ പന്ഥാവില്‍ പ്രവേശിച്ചവരാണല്ലോ അവര്‍. ഹീനാവസ്ഥകളിലും നീചസ്ഥിതിഗതികളിലും നിന്ന് തങ്ങളുടെ മനസ്സുകളെ നിയന്ത്രിച്ച് അവയുടെ കടിഞ്ഞാണ്‍ കൈയിലൊതുക്കിയവരാണവര്‍. തന്മൂലം അല്ലാഹുവിങ്കല്‍ നിന്നേ അവര്‍ എന്തെങ്കിലും ശ്രവിക്കൂ. അവനു വേണ്ടിയേ അവര്‍ അഭിനിവേശം കൊള്ളുകയുള്ളൂ. അവനെ പറഞ്ഞാല്‍ അവര്‍ കരഞ്ഞുപോകും; അവരവന് കൃതജ്ഞത രേഖപ്പെടുത്തുമ്പോള്‍ അത് പ്രകടവും പരസ്യവുമാകും. അവനെക്കുറിച്ച അനുരാഗമുണ്ടാകുമ്പോള്‍ അവര്‍ അട്ടഹസിക്കുകയും അവന്റെ ദിവ്യസാന്നിധ്യമനുഭവിക്കുമ്പോള്‍ വിശ്രമമുണ്ടാവുകയും ചെയ്യും. അവന്റെ സാമീപ്യത്തിന്റെ സന്നിധാനത്തിങ്കല്‍ നടക്കുകയാണെങ്കില്‍ അവര്‍ അനന്തസഞ്ചാരത്തില്‍ നിമഗ്നരായിപ്പോകും.

‘ദിവ്യാനുരാഗം അവരില്‍ ആധിപത്യം ചെലുത്തുന്നതും അല്ലാഹുവിന്റെ സവിശേഷമായ ഉദ്ദേശ്യങ്ങളുടെ നീരുറവകളില്‍ നിന്ന് പാനം ചെയ്യുന്നതുമായ സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ ഭിന്നപ്രതികരണങ്ങളാണ് അവരില്‍ പ്രകടമാവുക-ചിലരെ ദൈവിക ഗാംഭീര്യത്തിന്റെ ആവരണങ്ങള്‍ മൂടിക്കളയുകയും തത്സമയം അസ്തപ്രജ്ഞരായവര്‍ വീണുപോവുകയും ചെയ്യും. മറ്റു ചിലരെ ദിവ്യവാത്സല്യത്തിന്റെ കിരണങ്ങള്‍ ചൂഴ്ന്നുകളയുകയും തന്മൂലം ഊര്‍ജസ്വലരും സചേതനരുമാവുകയുമാണുണ്ടാവുക. സാമീപ്യത്തിന്റെ ചക്രവാളത്തില്‍ നിന്ന് ചിലരുടെ നേരെ പ്രമേഭാജനം എത്തിനോക്കുകയും അപ്പോഴവര്‍ ഉന്മത്തരാവുകയും ഇന്ദ്രിയലോകത്തുനിന്ന് അപ്രത്യക്ഷരായിത്തീരുകയും ചെയ്യും…’

മുഫ്തി ഇബ്‌നുകമാല്‍ ബാഷ തുടരുന്നു: ‘….സത്യസന്ധരായ തസ്വവ്വുഫിന്റെ ആളുകളെ പിന്‍പറ്റിയവര്‍, അവരുടെ രീതികളും ശൈലികളും സ്വീകരിക്കുകയും അതിന്റെ ശരിയായ പ്രഭവകേന്ദ്രങ്ങളില്‍ നിന്ന് ആശയങ്ങളുള്‍ക്കൊള്ളുകയും ചെയ്തവര്‍, രാജാധിരാജനും സര്‍വജ്ഞനുമായ അല്ലാഹുവിന്റെ സാമീപ്യവും അധികസ്മരണയും മൂലം ദിവ്യാനുരാഗവും അനുഭൂതിയും കൈവരിക്കുന്നവര്‍ തുടങ്ങിയവരെ സംബന്ധിച്ചൊന്നും നമുക്ക് യാതൊരാക്ഷേപവുമില്ല. ദുര്‍നടപ്പുകാരും അധിക്ഷേപാര്‍ഹരുമായ സാധാരണക്കാരായ വ്യാജശൈഖുമാരെപ്പറ്റിയാണ് നമുക്ക് പറയാനുള്ളത്….’

അല്ലാമ ഇബ്‌നു ആബിദീന്റെ സുദീര്‍ഘമായ മേല്‍ഉദ്ധരണിയില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും: ദിക്‌റ് ചൊല്ലുമ്പോഴുള്ളഅനുരാഗപ്രകടനവും ചലനവും അദ്ദേഹം അനുവദനീയമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. ഇവ രണ്ടും സംബന്ധിച്ച്, ഹലാല്‍ (അനുവദനീയം) ആണ് എന്ന് അദ്ദേഹം ഫത്‌വാ നല്‍കിയിരിക്കുന്നു. തന്റെ പ്രസിദ്ധമായ ‘ഹാശിയ’യില്‍ അനുരാഗപ്രകടനവും ചലനവും പാടില്ല എന്ന് സമര്‍ഥിച്ചുകൊണ്ട് അദ്ദേഹം സമര്‍ഥിച്ച തെളിവുകള്‍, ദിക്‌റിന്റെ ഹല്‍ഖകളില്‍ സംഗീതോപകരണങ്ങള്‍, കോല്‍ക്കളി, കൗമാരപ്രായക്കാരൊന്നിച്ചു ചേരല്‍, അവരെക്കുറിച്ച പ്രേമഗാനങ്ങളുടെ ആലാപനം തുടങ്ങി ശരീഅത്ത് നിരോധിച്ച കാര്യങ്ങള്‍ ഉണ്ടാകുന്നിടത്തേക്കാണ് എന്ന് വ്യാഖ്യാനിക്കേണ്ടതാകുന്നു.

ഇബ്‌നു ആബിദീന്റെ തെളിവു പിടിച്ച് അത് രണ്ടും വിമര്‍ശിക്കുന്നവര്‍ യഥാര്‍ഥത്തില്‍ മജ്മൂഅത്തുര്‍റസാഇലില്‍ അദ്ദേഹം രേഖപ്പെടുത്തിയത് കാണാതെ പോവുകയാണുണ്ടായത്. അവിടെയദ്ദേഹം ജാരശൈഖുമാരുടെ ചെയ്തികളേയും  യഥാര്‍ത്ഥ സൂഫികളുടെ പ്രവൃത്തികളും വെവ്വേറെതന്നെ പരാമര്‍ശിക്കുകയും വിധി പ്രസ്താവിക്കുകയുമാണ് ചെയ്തിരിക്കുന്നത്. അല്ലാഹുവിങ്കലേക്ക് ചെന്നുചേര്‍ന്ന ആരിഫുകളുടെയും അവരുടെ അനുധാവകരുടെയും ദിക്‌റിലെ അനുരാഗപ്രകടനം അനുവദനീയമാണ് എന്നാണദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്. മേല്‍പറഞ്ഞ രണ്ട് ഗ്രന്ഥങ്ങളും പരിശോധിച്ചുനോക്കിയാല്‍ യാഥാര്‍ഥ്യം സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയും.
ഒരു കാര്യം പ്രത്യേകം പ്രസ്താവ്യമാണ്: അനുരാഗപ്രകടനം എന്നത്, അങ്ങനെ സ്വയം ഉണ്ടാക്കി അവതരിപ്പിക്കലാകുന്നു; യഥാര്‍ഥത്തില്‍ അനുരാഗം അവിടെ ഉണ്ടാവുകയില്ല. നല്ല ഉദ്ദേശ്യമാണെങ്കില്‍ അതിന് കുഴപ്പമില്ലെന്നാണല്ലോ ഇബ്‌നു ആബിദീന്‍ തന്റെ ഹാശിയയില്‍ വ്യക്തമാക്കിയത്:

അപ്പോള്‍ അനുരാഗം പ്രകടിപ്പിക്കുക എന്നതു തന്നെ ശരീഅത്തില്‍ അനുവദനീയവും കുറ്റകരമല്ലാത്തതുമാണെങ്കില്‍-ഫുഖഹാക്കളും അങ്ങനെയാണ് പ്രസ്താവിച്ചത്-യഥാര്‍ഥത്തില്‍ ഉദ്ഭൂതമാകുന്ന അനുരാഗം ഏതായാലും അനുവദനീയമേ ആകൂ. സ്വൂഫികളുടെ പ്രത്യക്ഷാനുരാഗവും അനുരാഗപ്രകടനവുമെല്ലാം തന്നെ സ്വഹാബികളില്‍ നിന്ന് ആര്‍ജിച്ചെടുത്ത കൈത്തിരിയത്രേ.

മക്കാമുകര്‍റമയിലെ ശാഫിഈ മുഫ്തിയും പ്രമുഖ പണ്ഡിതനുമായിരുന്ന അല്ലാമ അഹ്മദ് സൈനി ദഹ്‌ലാന്‍ തന്റെ ഭുവനപ്രശസ്ത ഗ്രന്ഥമായ അസ്സീറത്തുന്നബവിയ്യയില്‍ സ്വഹാബികളുടെ വ്യത്യസ്ത രംഗങ്ങള്‍ വിവരിക്കുന്നതിനിടെ ഒരിടത്ത് ഇങ്ങനെ എഴുതുന്നു: ഖൈബറില്‍ ഇസ്‌ലാമിന് വിജയമുണ്ടായതിന്റെ പിറകെ, അബ്‌സീനിയയിലേക്ക് നേരത്തെ പലായനം ചെയ്തിരുന്ന ഹ. ജഅ്ഫറുബ്‌നു അബീഥാലിബും താനൊന്നിച്ചുപോയ പതിനാറ് മുസ്‌ലിംകളും തിരിച്ചെത്തുകയുണ്ടായി. ജഅ്ഫറിനെ സ്വീകരിക്കാനായി തിരുമേനി(സ്വ) എഴുന്നേറ്റു നില്‍ക്കുകയും അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും നെറ്റിത്തടം ചുംബിക്കുകയും ചെയ്തു.-അദിയ്യുബ്‌നു ഹാതിമും സ്വഫ്‌വാനുബ്‌നു ഉമയ്യയും വന്നപ്പോഴും നബി(സ്വ) എണീറ്റു നിന്ന് സ്വീകരിച്ചിരുന്നു-എന്നിട്ട് റസൂല്‍(സ്വ) പ്രസ്താവിച്ചു: ഖൈബര്‍ വിജയം മൂലമോ ജഅ്ഫറിന്റെ ആഗമനത്താലോ എന്തുകൊണ്ടാണ് സന്തോഷിക്കേണ്ടത് എന്നെനിക്ക് മനസ്സിലാകുന്നില്ല! എന്റെ സൃഷ്ടിപ്പിനോടും സ്വഭാവത്തോടും നിങ്ങള്‍ തുല്യനാണ് എന്ന് ജഅ്ഫര്‍(റ)വിനോട് നബി(സ്വ) പറയുകയുമുണ്ടായി.

ഈ വാക്കുകള്‍ കേട്ടതിന്റെ ആസ്വാദ്യതയാലും സന്തോഷാധിക്യത്താലും ജഅ്ഫര്‍(റ) അവിടെ ആനന്ദനൃത്തം വെച്ചു. തിരുമേനി(സ്വ) അതിനെ വിരോധിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല. സദസ്സുകളില്‍ ദിക്‌റ് ചൊല്ലുമ്പോഴും ശ്രവിക്കുമ്പോവും സ്വൂഫികള്‍ക്കുണ്ടാകാറുള്ള അനുരാഗപ്രകടനങ്ങളുടെയും ആസ്വാദനാഭിരുചികളുടെയും അടിസ്ഥാനം ജഅ്ഫറിന്റെ ഈ നൃത്തം വെക്കലായി പന്നീട് പരിഗണിക്കപ്പെടുകയുണ്ടായി.

നിന്നും ഇരുന്നും കിടന്നും അല്ലാഹുവിന്റെ ദിക്‌റിലാകുന്നവരാണ് സത്യവിശ്വാസികള്‍ എന്ന ആയത്തിന്റെ വ്യാഖ്യാനത്തില്‍ അല്ലാമ മഹ്മൂദ് ശുക്‌രി ആലൂസി(റ) എഴുതുന്നു: അബ്ദുല്ലാഹിബ്‌നു ഉമര്‍, ഉര്‍വത്തുബ്‌നുസ്സുബൈര്‍ തുടങ്ങി ഒരു സംഘം സ്വഹാബികള്‍(റ) പെരുന്നാള്‍ ദിനം നമസ്‌കാര സ്ഥലത്തേക്ക് പുറപ്പെട്ടു. അങ്ങനെയവര്‍ ദിക്‌റ് ചൊല്ലാന്‍ തുടങ്ങി. ഇടക്ക് ഒരാളുണര്‍ത്തി: നിന്നും ഇരുന്നുമെല്ലാം സത്യവിശ്വാസികള്‍ ദിക്‌റ് ചൊല്ലും എന്നല്ലേ ഖുര്‍ആനിലുള്ളത്? തത്സമയം അവര്‍ അവിടെ സ്വയം കാലുകളില്‍ നിന്നുകൊണ്ട് ദിക്‌റ് ചൊല്ലാന്‍ തുടങ്ങി. ആയത്തില്‍ പരാമര്‍ശിച്ച ഓരോ അവസ്ഥയിലും ദിക്‌റ് ചൊല്ലി ആയത്തിന്റെ പ്രസ്താവത്തോട് ഔചിത്യം പുലര്‍ത്തി ആ അനുഗ്രഹം നേടുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യമെന്ന് ഇവിടെ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.
ആത്മജ്ഞാനികളുടെ ലോകത്ത് അജയ്യനായറിയപ്പെടുന്ന സയ്യിദ് അബൂമദീന്‍ തന്റെ കാഴ്ചപ്പാടുകള്‍ കവിതയിലൂടെ അനാവരണം ചെയ്യുന്നത് കാണുക:

(ദിക്‌റ് ചൊല്ലുമ്പോഴുണ്ടാകുന്ന ദിവ്യാനുരാഗത്തില്‍ നിന്ന് അതിന്റെയാളുകളെ തടയുന്നവനോട് നീ ഇങ്ങനെ പറഞ്ഞേക്കുക: ദിവ്യസ്‌നേഹപീയൂഷത്തിന്റെ അന്തസ്സത്ത നിനക്ക് ആസ്വദിച്ചു നോക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ ഞങ്ങളെ വിട്ടുകളയുക.(2) ഈ ആധ്യാത്മികജ്ഞാനത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ച് അജ്ഞനായ മനുഷ്യാ, ഒരു കാര്യം നീ ഗ്രഹിക്കുക-ദിവ്യദര്‍ശനത്തിനുള്ള അതീവാഭിനിവേശത്താല്‍ ആത്മാക്കള്‍ ചലനാത്മകമാകുമ്പോള്‍, ആ ആത്മാക്കളുടെ ശരീരങ്ങള്‍ നൃത്തം വെക്കുക തന്നെ ചെയ്യുന്നതാണ്.

ഹേ സുഹൃത്തേ, കൂട്ടിലിട്ട് അടക്കപ്പെട്ട പക്ഷിയെ നീ കാണാറില്ലേ? അതിന്റെ നാടായ കാടിനെയും മരങ്ങളെയും കുറിച്ച് ആരെങ്കിലും സംസാരിക്കുകയാണെങ്കില്‍ തന്റെ സ്വസങ്കേതത്തിലേക്ക് തിരിച്ചുപോകാന്‍ അതിന് അതിയായ ആഗ്രഹം ജനിക്കുകയില്ലേ?

ബന്ധനസ്ഥനായതിനാല്‍ സ്വന്തം കൂട്ടിലേക്ക് പോകാന്‍ കഴിയാത്ത ആ പക്ഷി, പിന്നെ തന്റെ ഹൃദയത്തിലുള്ള തീവ്രവികാരങ്ങളും ദുഃഖസമ്മിശ്ര വിചാരങ്ങളുമൊക്കെ സ്വയം പാട്ടുപാടി സാന്ത്വനിപ്പിക്കുകയാണ്. തന്മൂലം അതിന്റെ ബാഹ്യവും ആന്തരികവുമായ മുഴുവന്‍ അവയവങ്ങളും കിടിലം കൊള്ളുകയും ചലനാത്മകമാവുകയും ചെയ്യും!

അല്ലയോ സുഹൃത്തേ, ആത്മജ്ഞാനികളായ സ്വൂഫീശ്രേഷ്ഠരുടെ ആത്മാക്കളും ഇങ്ങനെത്തന്നെയാകുന്നു. ദിക്‌റിലും ദൈവസ്മരണയിലുമുണ്ടാകുന്ന ദിവ്യാനുരാഗം അവരെ ഉപരിലോകത്തേക്ക് ഇളക്കിവിടുന്നതും ആരോഹണം ചെയ്യിക്കുന്നതുമാണ്.

ഇങ്ങനെ ദിവ്യാനുരാഗത്തില്‍ ആറാടിക്കഴിയുന്ന അവരോട് അനങ്ങിപ്പോകരുതെന്നും ക്ഷമാപൂര്‍വം അടങ്ങിയിരിക്കണമെന്നും നാം കല്‍പിക്കുകയാണോ വേണ്ടത്? ആധ്യാത്മിക ജ്ഞാന നിഗൂഢതകളുടെയും ദിവ്യരഹസ്യങ്ങളുടെയും യാഥാര്‍ഥ്യം കണ്ടുകഴിഞ്ഞ ഒരാള്‍ക്ക് അവയില്‍ വികാരതരളിതനാകാനല്ലാതെ, ക്ഷമിച്ചിരിക്കുവാന്‍ എങ്ങനെ സാധിക്കാന്‍?

അതുകൊണ്ട്, രാജാധിരാജനായ നാഥന്റെ സാന്നിധ്യത്തെ സ്‌നേഹിക്കുന്ന അനുരാഗികള്‍ക്ക് പാട്ടു പാടിക്കൊടുക്കുന്നവനേ, നീ വരികയും എഴുന്നേറ്റു നിന്ന് നന്നായി ഗാനമാലപിക്കുകയും ചെയ്യുക! സ്‌നേഹഭാജനത്തിന്റെ പേരു പറഞ്ഞ് നീ സംഗീതം പൊഴിക്കുകയും ഞങ്ങള്‍ക്ക് സമാശ്വാസം നല്‍കുകയും ചെയ്യുക!)

ഇതുവരെ പറഞ്ഞതില്‍ നിന്ന്, ദിക്‌റ് ചൊല്ലുമ്പോഴുള്ള ചലനം ഇസ്‌ലാമിക ശരീഅത്തില്‍ അനുവദനീയമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു കാര്യം കൂടി ഇവിടെ പ്രസ്താവ്യമാണ്: ദിക്‌റ് ചൊല്ലാനുള്ള അല്ലാഹുവിന്റെ കല്‍പനക്ക് ഉപാധികളൊന്നുമില്ല. ഏതു സമയത്തും സാഹചര്യങ്ങളിലും അത് അനിവാര്യമാണ്. ഇരുന്നോ നിന്നോ നടന്നോ ആയാലും നിശ്ചലമായോ ചലിച്ചുകൊണ്ടോ ആണെങ്കിലും കല്‍പന അവന്‍ നിറവേറ്റിയവനായി. അല്ലാഹുവിന്റെ ആജ്ഞ അവന്‍ ശിരസാവഹിച്ചു.

അപ്പോള്‍, ദിക്‌റ് ചൊല്ലുമ്പോള്‍ ചലനം ഹറാമാണ് എന്നോ കറാഹത്താണ് എന്നോ ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ തെളിവ് ഹാജറാക്കേണ്ടത് അവരാണ്. കാരണം, മറ്റു സന്ദര്‍ഭങ്ങളിലില്ലാത്ത ഒരു നിയമം ദിക്‌റ് ചൊല്ലുമ്പോള്‍ ഉണ്ട് എന്ന് അവരാണ് പറയുന്നത്. ഒരു സവിശേഷസന്ദര്‍ഭത്തില്‍ ഒരു അനുവദനീയകാര്യത്തിന് മറ്റൊരു പ്രത്യേക നിയമം ഉണ്ട് എന്ന് വാദിക്കാന്‍ തെളിവു വേണം.

എന്തായാലും, ദിക്‌റിന്റെ ഹല്‍ഖയിലേക്ക് ഒരു മുസ്‌ലിം കടന്നുവരുമ്പോള്‍ അവനൊരു ഉദ്ദേശ്യമുണ്ടായിരിക്കും. അല്ലാഹുവിനെ സ്മരിക്കുക എന്ന ആരാധനയാണ് അത് എന്നത് വളരെ സ്പഷ്ടമാണ്. ആ ഇബാദത്ത് നിര്‍വഹിക്കാന്‍, അല്ലാഹുവിന്റെ സ്മരണ എന്ന ദിക്‌റ് ചൊല്ലാന്‍ ആട്ടവും ചലനവും ഉപാധിയൊന്നുമല്ല. എന്നാല്‍, അതിന് ഉന്മേഷം പ്രദാനം ചെയ്യുന്ന ഒരു മാധ്യമമാണത്. ദിക്‌റില്‍ യഥാര്‍ഥത്തില്‍ ദിവ്യാനുരാഗം ഉണ്ടായിത്തീരുന്ന ആത്മജ്ഞാനികളോടുള്ള ഒരു സാദൃശ്യവും(2)-ഉദ്ദേശ്യം ശുദ്ധമാണെങ്കില്‍-അതിലുണ്ട്.

(നിങ്ങള്‍ ആത്മജ്ഞാനികളും മഹാന്മാരുമായ സ്വൂഫികളെപ്പോലെ ആയിട്ടില്ലെങ്കിലും അവരോട് തുല്യരാവുക; നിശ്ചയമായും സമാദരണീയരായ ആളുകളോട് സദൃശമാകല്‍ വിജയം തന്നെയാകുന്നു.)
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter