ദിക്‌റ് ചൊല്ലല്‍

മതിലുകള്‍ പടുത്തുയര്‍ത്തപ്പെടുന്നത് അവയുടെ പാദകങ്ങളിന്മേലും മേല്‍ക്കൂരകള്‍ പണിയപ്പെടുന്നത് ചുമരുകളിന്മേലും ആണെന്നതുപോലെ, സൂഫീവഴിയിലെ ഓരോ പദവിയും പടുത്തുയര്‍ത്തപ്പെടുന്ന അസ്തിവാരവും തറയുമാകുന്നു ദിക്‌റ്.

അതായത് ഒരു വ്യക്തി തന്റെ അശ്രദ്ധയില്‍ നിന്ന് ഉണരുന്നില്ലെങ്കില്‍ ദിവ്യജ്ഞാനത്തിലേക്കെത്തിക്കുന്ന വഴിത്താരകള്‍ താണ്ടിക്കടക്കാന്‍ അവന് സാധിക്കയില്ല. യഥാര്‍ഥത്തില്‍ അല്ലാഹുവിനെക്കുറിച്ച ജ്ഞാനത്തിലെത്തിച്ചേരുന്നതിന് വേണ്ടിയാണവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതുതന്നെ. അല്ലാഹു പറയുന്നു: എന്നെ ആരാധിച്ച് അറിയുവാന്‍ വേണ്ടി മാത്രമാണ് ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചിട്ടുള്ളത്.(1) ദിക്‌റ് മുഖേന മാത്രമേ അശ്രദ്ധയില്‍ നിന്ന് മനുഷ്യന്‍ ഉണരുകയുള്ളൂ.

ദിക്‌റ് പെരുപ്പിക്കുക വഴി തസ്വവ്വുഫിന്റെയാളുകള്‍ യജമാനനായ അല്ലാഹുവിന്റെ കല്‍പന അനുസരിക്കുന്നതിലൂടെ തങ്ങളുടെ ജീവിതം മലക്കുകളുടേതിന് തുല്യമാക്കുകയാണ് ചെയ്യുന്നത്-ദുന്‍യാവ് അവരുടെ ഹൃദയങ്ങളിലുദയം ചെയ്യുന്നില്ല. തങ്ങളുടെ ഇഷ്ടഭാജനമായ അല്ലാഹുവിനെ വിട്ട് ഭൗതികതാല്‍പര്യങ്ങളൊന്നും തന്നെ അവരെ വ്യാപൃതരാക്കുന്നില്ല. റബ്ബുമായുള്ള സഹവാസത്തിലൂടെ സ്വന്തത്തെത്തന്നെ അവര്‍ മറന്നുപോയി. ഈ ഇല്ലായ്മയില്‍ നിന്നുള്ള ഉണ്മയിലൂടെ അവര്‍ ആനന്ദതുന്ദിലരായിത്തീരുന്നു.

(നിന്നെ ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു, ഒരു സെക്കന്റെങ്കിലും മറന്നുപോയതിനാലല്ല ഇത്. നിന്നെ സ്മരിക്കുന്നതില്‍ ഏറ്റവും സുഗമമാര്‍ഗം നാക്കു കൊണ്ട് നിന്നെ പറയലാകുന്നു.) ഇതാണ് സ്വൂഫികളുടെ നിലപാട്. തസ്വവ്വുഫിന്റെയാളുകള്‍ മുഴുസമയവും നാഥനെക്കുറിച്ച സ്മരണയിലും ദിക്‌റ് ചൊല്ലുന്നതിലുമായിരിക്കും. തന്മൂലം അവര്‍ക്ക് ഹൃദയവിശാലതയും മനസ്സമാധാനവും ആത്മിക ഔന്നത്യവും ലഭ്യമാകുന്നു. കാരണം, നാഥനുമായുള്ള സമ്പര്‍ക്കം മൂലം സൗഭാഗ്യപൂര്‍ണരാവുകയാണവര്‍. എന്നെ സ്മരിച്ചും പറഞ്ഞും ഇരിക്കുന്നവര്‍ എന്റെ സഹവാസികളാകുന്നു…. എന്നാണ് ഹദീസ്.

അപ്പോള്‍ ആധ്യാത്മികജ്ഞാനി എന്നു വെച്ചാല്‍ നിരന്തരമായി ദിക്‌റില്‍ ആയിരിക്കുന്ന വ്യക്തിയാണ്; നശ്വരമായ ഭൗതികതയുടെ സുഖാഡംബരങ്ങളില്‍ നിന്നൊക്കെ ഹൃദയംഗമമായിത്തന്നെ പിന്തിരിയുകയും ചെയ്യണം. അങ്ങനെ വന്നാല്‍, അവന്റെ മുഴുവന്‍ കാര്യങ്ങളും അല്ലാഹു ഏറ്റെടുക്കും. ഇത് ഒരത്ഭുതമല്ല. കാരണം, ക്ഷമ കൈക്കൊണ്ടവന്‍ വിജയം വരിക്കും; നിരന്തരമായി വാതില്‍ മുട്ടിക്കൊണ്ടിരുന്നാല്‍ തുറക്കപ്പെടുമാറാകും.

ദിക്‌റ് എന്നാല്‍ എന്ത്?
പരിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും തിരുസുന്നത്തുമൊക്കെ ദിക്‌റ് എന്ന പദം നിരവധി അര്‍ഥങ്ങളില്‍ ഉപയോഗിച്ചതായി കാണാം. ചിലപ്പോള്‍ ഖുര്‍ആന്‍ എന്നാണതിന്റെ അര്‍ഥം. അല്ലാഹു പറയുന്നു: നിശ്ചയമായും നാമാണ് ‘ദിക്ര്‍’ ഖുര്‍ആന്‍ അവതരിപ്പിച്ചത്; നാം തന്നെ അതിനെ സംരക്ഷിക്കുന്നവരാകുന്നു. ജുമുഅ നമസ്‌കാരം എന്ന അര്‍ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്: ഹേ സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് ക്ഷണിക്കപ്പെട്ടാല്‍ അല്ലാഹുവിന്റെ ‘ദിക്‌റി’ലേക്ക് നിങ്ങള്‍ ധൃതിയില്‍ പോവുക. (ജുമുഅ നമസ്‌കാരത്തിന് ചെല്ലുക എന്നാണ് ഇവിടെ ഉദ്ദേശ്യം). എന്നാല്‍ മറ്റൊരിടത്ത് വിജ്ഞാനം എന്ന അര്‍ഥത്തിനാണ് ‘ദിക്ര്‍’ പ്രയോഗിച്ചിരിക്കുന്നത്. നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍ ‘ദിക്‌റി'(വിജ്ഞാനം)ന്റെ ആളുകളോട് നിങ്ങള്‍ ചോദിക്കുക.

എന്നാല്‍ മിക്ക പ്രമാണങ്ങളിലും ‘ദിക്ര്‍’ എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് തസ്ബീഹ്, തഹ്‌ലീല്‍, തക്ബീര്‍, നബി(സ്വ)യുടെ പേരിലുള്ള സ്വലാത്ത് മുതലായ പദങ്ങളാണ്. അല്ലാഹു പറയുന്നു: നിങ്ങള്‍ നമസ്‌കരിച്ചുകഴിഞ്ഞാല്‍ നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ പറയുക. ഹേ  സത്യവിശ്വാസികളേ, നിങ്ങള്‍ ശത്രുസമൂഹത്തെ കണ്ടുമുട്ടിയാല്‍ പതറാതെ അടിയുറച്ച് നില്‍ക്കുകയും ധാരാളമായി റബ്ബിനെ അനുസ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിന്റെ നാമം പറയുകയും അവനെ പൂര്‍ണമായി അഭിമുഖീകരിക്കുകയും ചെയ്യുക.

അബൂഹുറൈറ(റ)വില്‍ നിന്നുദ്ധരണം: തിരുമേനി(സ്വ) പ്രസ്താവിച്ചു: എന്റെ അടിമ എന്നെ സ്മരിക്കുകയും എന്നെക്കൊണ്ട് അവന്റെ ചുണ്ടുകള്‍ ചലിക്കുകയുമാണെങ്കില്‍ ഞാന്‍ അവനോട് കൂടെയായിരിക്കുന്നതാണ്.(7) അബ്ദുല്ലാഹിബ്‌നു ബുസ്‌റില്‍ നിന്ന്-ഒരാള്‍ ബോധിപ്പിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങള്‍ ഒട്ടേറെയുണ്ടല്ലോ. അതുകൊണ്ട് നിരന്തരമായി മുറുകെപ്പിടിക്കാന്‍ പറ്റിയ എന്തെങ്കിലും പറഞ്ഞുതന്നാലും….! നബി(സ്വ) മറുപടി നല്‍കി: നിന്റെ നാക്ക് അല്ലാഹുവിന്റെ ദിക്‌റിനാല്‍ പച്ച പിടിച്ചതായിക്കൊണ്ടിരിക്കട്ടെ.

എന്നാല്‍, ഹലാലും ഹറാമുമായ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനാണ് ദിക്‌റ് എന്ന് പറയുന്നതെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. അതിന്റെ മറുപടി ഇതാണ്: വിജ്ഞാനം, നമസ്‌കാരം, ഖുര്‍ആന്‍, അല്ലാഹുവിന് ദിക്ര്‍ ചൊല്ലല്‍ തുടങ്ങിയ അര്‍ഥങ്ങള്‍ക്കെല്ലാം ഉപയോഗിക്കുന്ന ഭിന്നാര്‍ഥപദമാണ് ദിക്‌റ്. ഇത്തരം പദങ്ങളില്‍, സര്‍വസാധാരണമായി ഏതര്‍ഥത്തിലാണോ അവ ഉപയോഗിക്കുന്നത് അതാണ് പരിഗണിക്കപ്പെടുക. മറ്റു അര്‍ഥങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ സാഹചര്യപരമോ പാദാര്‍ഥികമോ ആയ തെളിവുകളുണ്ടായിരിക്കണം. അല്ലാഹുവിന്റെ ദിക്‌റിനാണ് സര്‍വസാധാരണമായി അതുപയോഗിക്കുക. അങ്ങനെ സര്‍വസാധാരണമല്ലാതെ പൊതുവായി ഉപയോഗിച്ച് വിജ്ഞാനം എന്ന അര്‍ഥമാണ്  താഴെ ആയത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത്. ‘ദിക്‌റി’ന്റെ ആളുകളോട് നിങ്ങള്‍ ചോദിക്കുക… എന്നാല്‍, ‘നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍ ചോദിക്കുക’ എന്ന പ്രയോഗം വിജ്ഞാനമാണിവിടെ ഉദ്ദേശ്യമെന്നതിനുള്ള സാഹചര്യത്തെളിവാണ്.

ദിക്‌റ് ചൊല്ലുന്നതിന് ഖുര്‍ആനിലും ഹദീസിലുമുള്ള തെളിവുകള്‍ ചിലത് നോക്കാം. അല്ലാഹു പറയുന്നു: ‘എന്നെ നിങ്ങള്‍ അനുസ്മരിക്കുക, എങ്കില്‍ ഞാന്‍ നിങ്ങളെയും അനുസ്മരിക്കുന്നതാണ്.’ ‘നിന്നും ഇരുന്നും കിടന്നുംകൊണ്ട് അല്ലാഹുവിനെ അനുസ്മരിക്കുന്നവര്‍…’. ‘ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ ധാരാളമായി അല്ലാഹുവിനെ അനുസ്മരിക്കുകയും രാവിലെയും വൈകുന്നേരവും അവന്റെ മഹത്ത്വം വാഴ്ത്തുകയും ചെയ്യുക.’ ‘ധാരാളമായി നിങ്ങളുടെ നാഥനെ അനുസ്മരിക്കുകയും പ്രഭാതത്തിലും പ്രദോഷത്തിലും അവന്റെ മഹത്ത്വം വാഴ്ത്തുകയും ചെയ്യുക.’

മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ‘…സത്യവിശ്വാസം കൈക്കൊള്ളുകയും അല്ലാഹുവിന്റെ ദിക്ര്‍ മുഖേന മനസ്സമാധാനം കൈവരിക്കുകയും ചെയ്യുന്നവരെ (അവന്‍ മാര്‍ഗദര്‍ശനം ചെയ്യും). അറിയുക, അല്ലാഹുവിന്റെ ദിക്‌റിലൂടെ മാത്രമേ ഹൃദയങ്ങള്‍ക്ക് സമാധാനം ൈകൈവരികയുള്ളൂ!’ ‘രാവിലെയും വൈകീട്ടും താങ്കളുടെ നാഥന്റെ നാമം അനുസ്മരിക്കുക.’ ‘നിങ്ങള്‍ നാഥന്റെ നാമം പറയുകയും പൂര്‍ണമായും അവനിലേക്ക് തിരിയുകയും ചെയ്യുക.’ അല്ലാഹുവിന്റെ ദിക്ര്‍ ഏറ്റവും മഹത്തരമത്രേ.

പരിശുദ്ധ ഖുര്‍ആനില്‍ വേറെയൊരിടത്ത് ഇങ്ങനെയാണുള്ളത്: നിങ്ങള്‍ നമസ്‌കരിച്ചുകഴിഞ്ഞാല്‍ നിന്നും ഇരുന്നും കിടന്നും കൊണ്ട് അല്ലാഹുവിനെ അനുസ്മരിക്കുക. നമസ്‌കാരം അവസാനിച്ചാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും റബ്ബിന്റെ അനുഗ്രഹം അന്വേഷിക്കുകയും അല്ലാഹുവിനെ ധാരാളമായി പറയുകയും ചെയ്യുക. നിങ്ങള്‍ വിജയികളാവാന്‍ വേണ്ടി. അല്ലാഹുവിന്റെ മസ്ജിദുകളില്‍ വെച്ച് അവന്റെ പേര് പറയപ്പെടുന്നതിനെ തടയുന്നവനെക്കാള്‍ അതിക്രമിയായി മറ്റാരുണ്ട്!

ചില പുരുഷന്മാര്‍ (രാവിലെയും വൈകുന്നേരവും മസ്ജിദുകളില്‍ വെച്ച് നാഥന്റെ മഹത്ത്വം വാഴ്ത്തും). വ്യാപാരമോ കച്ചവടമോ അല്ലാഹുവിന്റെ ദിക്‌റില്‍ നിന്ന് അവരെ വ്യതിചലിപ്പിച്ചുകളയുന്നതല്ല. സത്യവിശ്വാസികളേ, സ്വന്തം സന്താനങ്ങളും സമ്പത്തുക്കളും റബ്ബിന്റെ ദിക്‌റില്‍ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാതിരിക്കട്ടെ…. ധാരാളമായി അല്ലാഹുവിനെ അനുസ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും-അവര്‍ക്കൊക്കെ നാഥന്‍ പാപമോചനവും മികച്ച പ്രതിഫലവും തയ്യാര്‍ ചെയ്തുവെച്ചിരിക്കുന്നു.

ധാരാളമായുള്ള ദിക്‌റ് എന്നത് സംബന്ധിച്ച് ഹസ്രത്ത് ഇബ്‌നുഅബ്ബാസ്(റ) പറയുകയാണ്: നമസ്‌കാരങ്ങളുടെ ശേഷവും പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കത്തില്‍ നിന്നുണരുമ്പോഴും വീട്ടില്‍ നിന്ന് പോകുകയോ അങ്ങോട്ട് വരികയോ ചെയ്യുമ്പോഴുമെല്ലാം അവര്‍ അല്ലാഹുവിന്റെ ദിക്‌റിലായിരിക്കും.(10) ഇമാം മുജാഹിദ്(റ)വിന്റെ അഭിപ്രായം ഇതാണ്: ധാരാളമായി പടച്ചവനെ സ്മരിക്കുന്ന സ്ത്രീകളും പുരുഷന്മാരും എന്ന മേല്‍ആയത്തിലെ പ്രയോഗത്തിലുള്‍പ്പെടണമെങ്കില്‍ നിന്നും ഇരുന്നും കിടന്നുമെല്ലാം ദിക്ര്‍ ഉണ്ടായേ പറ്റൂ.

മുഴുവന്‍ ഇബാദത്തുകളും ചില ഉപാധികളോടെ മാത്രമേ ശരിയാവുകയുള്ളൂ. എന്നാല്‍, ദിക്ര്‍ അതില്‍ നിന്നൊഴിവാണ്. ശുദ്ധി ഉണ്ടായാലും ഇല്ലെങ്കിലും നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോമറ്റോ ആയാലും അത് ശരിയാകുന്നതാണ്. അതുകൊണ്ടാണ് ഇമാം നവവി(റ) പ്രസ്താവിച്ചത്: വലിയ അശുദ്ധിയോ ചെറിയ അശുദ്ധിയോ ഉണ്ടായാലും ഹൈളോ നിഫാസോ ഉള്ളവരാണെങ്കിലും ഹൃദയം കെണ്ടും നാക്ക് കൊണ്ടും ദിക്ര്‍ അനുവദനീയമാണെന്ന് പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. തസ്ബീഹ്, ഹംദ്, തക്ബീര്‍, നബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത് തുടങ്ങിയ രീതികളിലൂടെയൊക്കെ ദിക്ര്‍ ആകാവുന്നതാണ്.

അപ്പോള്‍, ഹൃദയങ്ങള്‍ തെളിയിച്ചെടുക്കുന്നതും ദിവ്യവരദാനങ്ങളുടെ കവാടത്തിന്റെ താക്കോലും മനസ്സുകളില്‍ ദൈവികദര്‍ശനങ്ങള്‍ പെയ്തിറങ്ങുന്നതിനുള്ള മാര്‍ഗവുമത്രേ ദിക്ര്‍. അതുകൊണ്ടേ സല്‍സ്വഭാവങ്ങളാര്‍ജിക്കാന്‍ കഴിയൂ. മറ്റെന്തെങ്കിലും വഴി അത് നേടാവതല്ല. അല്ലാഹുവിന്റെ ദിക്‌റുകളില്‍ നിന്നുള്ള അശ്രദ്ധ കൊണ്ടുമാത്രമാണ് മുരീദിന് മനഃപ്രയാസമോ ദുഃഖമോ സങ്കടമോ സംജാതമാവുന്നത്. റബ്ബിന്റെ ദിക്‌റുകളില്‍ വ്യാപൃതനായിരുന്നുവെങ്കില്‍ അവന്റെ കണ്ണുകള്‍ കുളിര്‍മയുള്ളതാവുകയും സന്തോഷനിര്‍ഭരമാവുകയും ചെയ്തിരുന്നേനെ. കാരണം, ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും താക്കോലാണ് ദിക്ര്‍. അതില്‍ നിന്നുള്ള അശ്രദ്ധയാവട്ടെ, മാനസികദൂഷ്യങ്ങളുടെയും ദുഃഖത്തിന്റെയും താക്കോലുമത്രെ.

ഇനി ഹദീസുകളില്‍ നിന്ന് ചില തെളിവുകള്‍ നോക്കാം: തിരുമേനി(സ്വ) അരുളിയതായി അബൂമൂസല്‍ അശ്അരി(റ) പറയുന്നു: തന്റെ നാഥനെ അനുസ്മരിക്കുകയും അനുസ്മരിക്കാതിരിക്കുകയും ചെയ്യുന്നവരുടെ ഉപമ ജീവനുള്ളവരുടേതും മരിച്ചവരുടേതും പോലെയാകുന്നു.

നബിതിരുമേനി(സ്വ) പ്രസ്താവിച്ചതായി അബൂഹുറൈറ(റ) പറയുന്നു: അല്ലാഹുവിന് ഒരു വിഭാഗം മലക്കുകളുണ്ട്. തങ്ങളുടെ സഞ്ചാരമാര്‍ഗങ്ങളില്‍ ദിക്ര്‍ ചൊല്ലുന്ന ആളുകളുണ്ടോ എന്ന് അന്വേഷിച്ചുനടക്കുകയായിരിക്കും അവര്‍. അങ്ങനെ ദിക്ര്‍ ചൊല്ലുന്ന ഒരു സംഘമാളുകളെ കണ്ടാല്‍ അവര്‍ മറ്റെല്ലാവരോടുമായി വിളിച്ചുപറയും: ഇതാ, നിങ്ങളന്വേഷിച്ചുനടക്കുന്നത് ഇതാ, വരിക! അങ്ങനെ അവരെല്ലാവരും കൂടി വന്ന് തങ്ങളുടെ ചിറകുകള്‍ കൊണ്ട് ഇവരെ ആവരണം ചെയ്യും. പിന്നീട് ഈ മലക്കുകള്‍ ഒന്നാം ആകാശത്ത് ചെല്ലുമ്പോള്‍, ദിക്ര്‍ ചൊല്ലുന്നവരെപ്പറ്റി നന്നായി അറിയുന്നവനായിരിക്കെത്തന്നെ, അല്ലാഹു ചോദിക്കും: എന്റെ അടിമകള്‍ എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നത്? മലക്കുകള്‍ മറുപടി നല്‍കും: അവര്‍ നിന്നെ പവിത്രവല്‍ക്കരിക്കുകയും നീ മഹാനാണെന്ന് പ്രഖ്യാപിക്കുകയും നിനക്ക് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുകയും നിന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുകയുമാണ്!

അല്ലാഹു ചോദിക്കും: ഇങ്ങനെയൊക്കെ ചെയ്യാന്‍ അവര്‍ എന്നെ കണ്ടിട്ടുണ്ടോ? മലക്കുകള്‍: ഇല്ല, നിന്നെയവര്‍ ദര്‍ശിച്ചിട്ടേയില്ല, തീര്‍ച്ച. അല്ലാഹു: അപ്പോള്‍ എന്നെ കാണുകയാണെങ്കില്‍ എന്താകും സ്ഥിതി? മലക്കുകള്‍: നിന്നെ കണ്ടിരുന്നുവെങ്കില്‍ അവര്‍ കൂടുതല്‍ ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുകയും പൂര്‍വോപരി മഹത്ത്വവല്‍ക്കരിക്കുകയും ധാരാളമായി നിനക്ക് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പിക്കുകയും ചെയ്തിരുന്നേനെ.

റബ്ബ് ചോദിക്കും: ശരി, എന്താണവര്‍ എന്നോട് അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്? മലക്കുകള്‍: അവര്‍ നിന്നോട് സ്വര്‍ഗത്തിനു വേണ്ടി അപേക്ഷിക്കുകയാണ്. അല്ലാഹു: അതിന്, സ്വര്‍ഗം അവര്‍ കണ്ടിട്ടുണ്ടോ? മലക്കുകള്‍: നാഥന്‍ തന്നെ സത്യം, അവര്‍ ആ സ്വര്‍ഗം ദര്‍ശിച്ചിട്ടേയില്ല, തീര്‍ച്ച. അല്ലാഹു: അപ്പോള്‍, അതവര്‍ കണ്ടിരുന്നുവെങ്കില്‍ എന്താകും അവസ്ഥ? മലക്കുകള്‍: അതവര്‍ കണ്ടിരുന്നുവെങ്കില്‍ അത് ലഭിക്കുവാന്‍ കൂടുതല്‍ അത്യാഗ്രഹവും അന്വേഷണവും ഉള്ളവരും അതില്‍ അങ്ങേയറ്റം തല്‍പരരും ആയിരുന്നേനെ.

അല്ലാഹു ചോദിക്കും: ശരി, എന്തില്‍ നിന്നാണ് അവര്‍ അഭയം തേടിക്കൊണ്ടിരിക്കുന്നത്? മലക്കുകള്‍: അവരപേക്ഷിച്ചുകൊണ്ടിരിക്കുന്നത് നരകത്തില്‍ നിന്നുള്ള അഭയമാണ്. അല്ലാഹു: അതിന് നരകം അവര്‍ കണ്ടിട്ടുണ്ടോ? മലക്കുകള്‍: റബ്ബ് തന്നെ ശപഥം, ആ നരകം അവര്‍ ദര്‍ശിച്ചിട്ടേയില്ല, തീര്‍ച്ച! അല്ലാഹു: അപ്പോള്‍, അവരത് കണ്ടിരുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥ? മലക്കുകള്‍: അതവര്‍ കണ്ടിരുന്നുവെങ്കില്‍ അതിദ്രുതം അതില്‍ നിന്ന് ഓടിയകന്നിരുന്നേനെ. ഏറ്റമധികം അതിനെ ഭയക്കുന്നവരും അവരായിരിക്കും. അല്ലാഹു: എങ്കില്‍, നിങ്ങളെ ഞാനിതാ സാക്ഷി നിറുത്തുന്നു, നിശ്ചയമായും അവര്‍ക്ക് ഒന്നടങ്കം ഞാന്‍ പൊറുത്തുകൊടുത്തിരിക്കുന്നു!

അപ്പോള്‍, അക്കൂട്ടത്തില്‍ നിന്ന് ഒരു മലക്ക് പറയും: അല്ലാഹുവേ, ഇന്ന ഒരു വ്യക്തിയും ഈ ദിക്‌റ് സംഘത്തിലുണ്ട്. അയാള്‍ യഥാര്‍ഥത്തില്‍ അവരില്‍ പെട്ടവനല്ല, മറ്റൊരാവശ്യത്തിന് അവിടെ വന്നതാണെന്നുമാത്രം. പടച്ചവന്‍ പ്രതികരിക്കും: അവര്‍ മഹാന്മാരായ ഒരു സംഘമാകുന്നു, അവരുടെ കൂടെ വന്നിരിക്കുന്നവനും പരാജയപ്പെട്ടുപോകുന്നതല്ല!

ഈ ഹദീസില്‍ ദിക്‌റിന്റെ സദസ്സുകളുടെയും ദിക്ര്‍ ചൊല്ലുന്നവരുടെയും ദിക്ര്‍ ചൊല്ലാനായി ഒരുമിച്ചുകൂടുന്നതിന്റെയുമൊക്കെ മഹത്ത്വം പ്രസ്പഷ്ടമായി കാണാം. അവരെ ആദരിച്ചുകൊണ്ട് എന്തെല്ലാം ദിവ്യാനുഗ്രഹങ്ങള്‍ നല്‍കപ്പെടുമോ അവയിലൊക്കെ അവരൊന്നിച്ച് വന്നിരിക്കുന്നവന്‍ പോലും ഉള്‍പ്പെടുമെന്നും ഇത് പഠിപ്പിക്കുന്നു; അടിസ്ഥാനപരമായി, ദിക്ര്‍ ചൊല്ലുക എന്നതില്‍ അയാള്‍ പങ്കാളിയല്ലെങ്കിലും ശരി, ഈ പുണ്യവാന്മാരോടൊന്നിച്ച് ഇരുന്നു എന്നതിനാല്‍ തന്നെ അയാള്‍  വിജയിയായി. കാരണം കൂടെ കഴിയുന്നവന്‍, സദുദ്ദേശ്യമുള്ളവനാണെങ്കില്‍ ആ ഗണത്തിലുള്‍പ്പെടുന്നു.

മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം. തിരുമേനി(സ്വ) പ്രസ്താവിച്ചതായി അനസ്(റ) പറയുന്നു: നിങ്ങള്‍ സ്വര്‍ഗപ്പൂങ്കാവനങ്ങളുടെ അരികിലൂടെ നടന്നുപോവുകയാണെങ്കില്‍ അതില്‍ സൈ്വരവിഹാരം നടത്തുക. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, സ്വര്‍ഗപ്പൂങ്കാവനങ്ങള്‍ എന്നതുകൊണ്ട് എന്താണങ്ങ് വിവക്ഷിക്കുന്നത്? നബി(സ്വ): ദിക്‌റിന്റെ സദസ്സുകള്‍.

തിരുമേനി(സ്വ) പ്രസ്താവിച്ചതായി അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്യുന്നു: അന്ത്യനാളില്‍ വിവിധ വിഭാഗങ്ങളില്‍ പെട്ട കുറെയാളുകളെ മുത്ത് കൊണ്ടുള്ള പീഠങ്ങളിലായി അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാകുന്നു. അവരുടെ മുഖങ്ങള്‍ പ്രകാശപൂരിതമായിരിക്കും. ഇവരെപ്പോലെ തങ്ങളുമായിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് സകലമനുഷ്യനും ആഗ്രഹിച്ചുപോകും. പ്രവാചകന്മാരോ രക്തസാക്ഷികളോ ഒന്നുമല്ല അവര്‍. തത്സമയം സദസ്യരില്‍ നിന്ന് കാല്‍മുട്ടിന്മേല്‍ നിന്നുകൊണ്ട് ഒരു ഗ്രാമീണന്‍ ചോദിച്ചു: അല്ലാഹുവിന്റെ വന്ദ്യദൂതരേ, അവര്‍ ആരാണെന്ന് പറഞ്ഞുതന്നാലും, ഞങ്ങളൊന്ന് മനസ്സിലാക്കട്ടെ. നബി(സ്വ) മറുപടി നല്‍കി: അവര്‍ വ്യത്യസ്ത നാടുകളിലും ഭിന്ന ജനപഥങ്ങളിലും നിന്നുള്ളവരും അല്ലാഹുവിന്റെ കാര്യത്തില്‍ പരസ്പരസ്‌നേഹം വെച്ചുപുലര്‍ത്തുന്നവരുമാണ്. അല്ലാഹുവിന്റെ ദിക്‌റിന്റെ പേരില്‍ അവര്‍ ഒരുമിച്ചുകൂടുകയും ദിക്ര്‍ ചൊല്ലുകയും ചെയ്യുന്നു.

അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം-അദ്ദേഹം പറഞ്ഞു: തിരുമേനി(സ്വ) മക്കയിലേക്കുള്ള വഴിയില്‍ നടക്കുകയായിരുന്നു. ഇടക്ക് ജുംദാന്‍ എന്ന മലയുടെ അടുത്തെത്തി. റസൂല്‍(സ്വ) പറഞ്ഞു: മുന്നോട്ട് നടന്നോളൂ. ആരാധനയില്‍ വിലയിച്ചവര്‍ മറ്റുള്ളവരെ മറികടക്കുന്നതാകുന്നു! സ്വഹാബികള്‍ ചോദിച്ചു: നബിയേ, ഇതുകൊണ്ടാരെയാണ് അങ്ങ് ഉദ്ദേശിക്കുന്നത്? അവിടന്ന് പ്രതികരിച്ചു: അല്ലാഹുവിന്റെ ദിക്‌റില്‍ നിമഗ്നരായവരെ. അവരില്‍ നിന്ന് സര്‍വഭാരങ്ങളെയും ദിക്ര്‍ ഇറക്കിവെക്കുന്നതാണ്; അങ്ങനെ യാതൊരുവിധ ഭാരവുമില്ലാതെ അന്ത്യനാളില്‍ അവര്‍ അല്ലാഹുവിന്റെയടുത്ത് വരുന്നതാകുന്നു. ‘ദിക്‌റില്‍ നിമഗ്നരായവര്‍’ എന്നതുകൊണ്ടുദ്ദേശ്യം, നിരന്തരമായി ദിക്‌റില്‍ വ്യാപൃതരായവരും അതില്‍ ആഴ്ന്നിറങ്ങിയവരുമാണ്. മറ്റുള്ളവര്‍ തങ്ങളെ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ആണെങ്കിലും അവരത് അവഗണിച്ചുകളയുമെന്നാണ് ഉദ്ദേശ്യം.

അബുദ്ദര്‍ദാഅ്(റ)ല്‍ നിന്നുദ്ധരണം-റസൂല്‍(സ്വ) ഒരിക്കല്‍ ചോദിച്ചു: നിങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റം ശ്രേഷ്ഠവും യജമാനന്റെ സാന്നിധ്യത്തില്‍ അതീവ വിശുദ്ധവും, നിങ്ങളുടെ പദവികളില്‍ അത്യുന്നതവും, സ്വര്‍ണവും വെള്ളിയും  ചെലവഴിക്കുന്നതിനെക്കാള്‍ ഉദാത്തവും, രണാങ്കണത്തില്‍ വെച്ച് ശത്രുക്കളുമായി ഏറ്റുമുട്ടി പരസ്പരം കഴുത്തറുത്ത്  നിങ്ങള്‍ രക്തസാക്ഷിത്വം വരിക്കുന്നതിനേക്കാള്‍ പവിത്രവും ആയ ഒരു കാര്യം ഞാന്‍ പറഞ്ഞുതരട്ടെയോ? അതെ, പറഞ്ഞുതന്നാലും എന്ന് സഹാബികള്‍ പ്രതികരിച്ചു. അവിടന്ന് അരുളി: അത് അല്ലാഹുവിന്റെ ദിക്ര്‍ ആകുന്നു. അപ്പോള്‍ മുആദുബ്‌നുജബല്‍(റ) പ്രസ്താവിച്ചു: ദിക്‌റിനെക്കാള്‍ മറ്റൊരു കാര്യവും അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതായി ഇല്ല.

തിരുമേനി(സ്വ)യില്‍ നിന്ന് അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: എന്നെക്കുറിച്ച് അടിമയുടെ വിചാരം എന്താണോ അങ്ങനെത്തന്നെയാണ് ഞാനുണ്ടാവുക. എന്നെ അവന്‍ അനുസ്മരിക്കുമ്പോള്‍ ഞാനവനൊന്നിച്ചുണ്ടാകും. തന്റെ മനസ്സില്‍ അവന്‍ എന്നെ ഓര്‍ത്താല്‍ അവനെ ഞാനും ഓര്‍ക്കും… ഒരു സംഘമാളുകളുടെ കൂട്ടത്തിലാണ് അവന്‍ എന്നെ പറയുന്നതെങ്കില്‍ അതിനെക്കാള്‍ മെച്ചപ്പെട്ട ഒരു സംഘത്തിന്റെ കൂട്ടത്തില്‍ ഞാനവനെക്കുറിച്ച് പറയും. ഒരു ചാണ്‍ ഇങ്ങോട്ടടുത്താല്‍ ഒരു മുഴം അങ്ങോട്ടും ഒരു മുഴം ഇങ്ങോട്ട് വന്നാല്‍ ഒരു വാര അങ്ങോട്ടും ഞാന്‍ ചെല്ലും. ഇനി അവനിങ്ങോട്ട് വരുന്നത് നടന്നാണെങ്കില്‍(6) ഞാനങ്ങോട്ട് ചെല്ലുന്നത് ഓടിയായിരിക്കും.

റസൂല്‍ തിരുമേനി(സ്വ) അരുളിയതായി അബൂസഈദില്‍ഖുദ്‌രി(റ) ഉദ്ധരിക്കുന്നു: അന്ത്യനാളില്‍ അല്ലാഹു പ്രഖ്യാപിക്കും: ഔദാര്യവാന്മാര്‍ ആരാണ് എന്ന് മഹ്ശറില്‍ ഹാജറായവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ്! സ്വഹാബികള്‍ ചോദിക്കുകയുണ്ടായി: തിരുദൂതരേ, ആരായിരിക്കും ഔദാര്യത്തിന്റെ ആളുകള്‍? നബി(സ്വ) മറുപടി നല്‍കി: പള്ളികളില്‍ സംഘടിപ്പിക്കപ്പെടുന്ന ദിക്‌റിന്റെ സദസ്സുകളിലെ ആളുകള്‍.

നബി(സ്വ)യില്‍ നിന്ന് അനസുബ്‌നുമാലിക്(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് അവന് ദിക്‌റ് ചൊല്ലുവാനായി ഒരുമിച്ച് കൂടുന്ന സംഘത്തോട് ആകാശത്തു നിന്ന് ഒരു വക്താവ് അനിവാര്യമായി ഇങ്ങനെ വിളിച്ച് പറയുന്നതാണ്: പാപങ്ങളെല്ലാം പൊറുക്കപ്പെട്ടവരായി നിങ്ങള്‍ പിരിഞ്ഞുപോവുക; നിങ്ങളുടെ ദുഷ്‌കര്‍മങ്ങളൊക്കെയും സല്‍കര്‍മങ്ങളായി പരിവര്‍ത്തിപ്പിക്കപ്പെട്ടിരിക്കുന്നു.

അബൂഹുറൈറ(റ) നബി(സ്വ)യില്‍ നിന്നുദ്ധരിക്കുന്ന ഒരു ഖുദ്‌സിയ്യായ ഹദീസില്‍ ഇങ്ങനെയുണ്ട്: ഖുര്‍ആന്‍ പാരായണവും ദിക്‌റ് ചൊല്ലലും ഒരാളെ തന്റെ ആവശ്യങ്ങള്‍ എന്നോട് ചോദിക്കുന്നതിനെ വിട്ട് വ്യാപൃതനാക്കിയാല്‍, ആവശ്യങ്ങളുന്നയിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍ വെച്ച് ഏറ്റം ശ്രേഷ്ഠമായത് അയാള്‍ക്ക് ഞാന്‍ നല്‍കുന്നതായിരിക്കും.

ദിക്‌റിന്റെ ശ്രേഷ്ഠതകള്‍, അതിനായി ഒരുമിച്ചുകൂടല്‍, അത് പതുക്കെയോ ഉറെക്കയോ ചൊല്ലല്‍ തുടങ്ങിയവ സംബന്ധിച്ച വിവരണങ്ങളുള്ള മുഴുവന്‍ ഹദീസുകളില്‍ നിന്നും അതിന്റെ നിയമസാധുത മനസ്സിലാക്കാന്‍ സാധിക്കുമല്ലോ.

ഇനി ആത്മജ്ഞാനികളായ പണ്ഡിതമഹാരഥന്മാര്‍ ദിക്‌റിന്റെ മഹത്ത്വം സംബന്ധിച്ച് എന്ത് പറഞ്ഞിട്ടുണ്ട് എന്ന് നോക്കാം. ഹസ്‌റത്ത് അബ്ദുല്ലാഹിബ്‌നു  അബ്ബാസ്(റ) പ്രസ്താവിക്കുന്നു: അല്ലാഹു തന്റെ അടിമകളുടെമേല്‍ നിര്‍ബന്ധമാക്കിയ ഏത് അനുഷ്ഠാനകര്‍മങ്ങള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്; പ്രയാസകരമായ സന്ദര്‍ഭങ്ങളില്‍   വിഷമങ്ങളുള്ളവര്‍ക്ക് അതില്‍ വിട്ടുവീഴ്ചയും അനുവദിച്ചിരിക്കുന്നു. എന്നാല്‍ ദിക്‌റ് ഇങ്ങനെയല്ല. കാരണം ഇത്രയാണ് ചെയ്യേണ്ടത് എന്ന പരിധി അതിനില്ല. സ്വബോധം നഷ്ടപ്പെട്ടാല്‍ ഒഴികെ ആര്‍ക്കും അതില്‍ വിട്ടുവീഴ്ചയില്ലതാനും. സര്‍വസന്ദര്‍ഭങ്ങളിലും തന്റെ ദിക്‌റ് വേണമെന്നാണ് അല്ലാഹു കല്‍പിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുകയുണ്ടായി: അല്ലാഹുവിന്റെ ദിക്‌റ് നിന്നും ഇരുന്നും കിടന്നും കൊണ്ട് നിങ്ങള്‍ നിര്‍വഹിക്കുക. മറ്റൊരിടത്ത് ഇങ്ങനെയാണുള്ളത്: സത്യവിശ്വാസികളേ, അല്ലാഹുവിന്റെ ദിക്‌റ് ധാരളമായി നിങ്ങള്‍ ചെയ്യുക. അതായത് രാത്രിയും പകലും, കരയിലും കടലിലും, യാത്രയിലും നാട്ടിലാകുമ്പോഴും, ദാരിദ്ര്യത്തിലും സമ്പന്നാവസ്ഥയിലും, രോഗത്തിലും സുഖാവസ്ഥയിലും, രഹസ്യമായും പരസ്യമായുമെല്ലാംതന്നെ ദിക്ര്‍ വേണമെന്നര്‍ഥം.

മഹാനായ ഇബ്‌നു അഥാഇല്ലാഹിസ്സികന്ദരി(റ) പറയുന്നു: ഹൃദയത്തെ നിരന്തരമായി സര്‍വശക്തനായ അല്ലാഹുവൊന്നിച്ച് ആക്കിത്തീര്‍ക്കുകവഴി അശ്രദ്ധയിലും വിസ്മൃതിയിലും നിന്നു മോചനം കൈവരിക്കലാണ് ദിക്ര്‍ എന്നതു കൊണ്ടുദ്ദേശ്യം. അവന്റെ ഏതെങ്കിലും ഒരു നാമമോ വിശേഷണമോ നാവു കൊണ്ടോ ഹൃദയം കൊണ്ടോ ആവര്‍ത്തിച്ചുകൊണ്ടിരിക്കലാണതെന്നും പറയാം. അഥവാ, ദൈവികസാമീപ്യം കരസ്ഥമാക്കാന്‍ പറ്റുംവിധമുള്ള, അല്ലാഹുവിന്റെ ഏതെങ്കിലും കല്‍പനയുടെയോ പ്രവൃത്തിയുടെയോ ആവര്‍ത്തിക്കലുമാകാം.

ഇമാം അബുല്‍ഖാസിമില്‍ ഖുശൈരി(റ) പറയുന്നു: വിലായത്തിന്റെ സൗരഭ്യവും, ദിവ്യബന്ധത്തിന്റെ ദീപസ്തംഭവും അല്ലാഹുവിന്റെ പ്രീതി നേടുക എന്ന ലക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരവും പ്രാരംഭം ശരിയാണ് എന്നതിന്റെ അടയാളവും പരിസമാപ്തിയുടെ സൂചനയുമാണ് ദിക്‌റ്. അതിന്റെ അപ്പുറത്ത് മറ്റൊന്നും തന്നെയില്ല. സ്തുത്യര്‍ഹമായ കാര്യങ്ങളുടെ മുഴുവന്‍ മടക്കസ്ഥാനം ദിക്‌റ് ആകുന്നു; അവയുടെ പ്രഭവസ്ഥലവും അതുതന്നെ… സര്‍വശക്തനായ അല്ലാഹുവിന്റെ പന്ഥാവിലുള്ള ശക്തമായ ഒരു ഘടകമാണ് ദിക്‌റ്; എന്നല്ല, ഈ മാര്‍ഗത്തിന്റെ മൗലികസ്തംഭം തന്നെയാണത്. നിരന്തരമായ ദിക്‌റിലൂടെ മാത്രമേ ഒരാള്‍ക്ക് അല്ലാഹുവിങ്കലേക്ക് എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ.

ഇബ്‌നുഖയ്യിമില്‍ ജൗസിയ്യ(റ) പറയുന്നു: ചെമ്പും വെള്ളിയും മറ്റും തുരുമ്പിക്കുന്നതുപോലെതന്നെ, നിസ്സംശയം മനുഷ്യഹൃദയവും തുരുമ്പ് പിടിക്കും. അത് തെളിയിച്ചെടുക്കുക ദിക്‌റ് കൊണ്ടാണ്. ദിക്‌റ് ഹൃദയത്തെ സ്ഫടികസമാനമായ തിളക്കമാര്‍ന്നതാക്കിത്തീര്‍ക്കും. ദിക്‌റ് ഉപേക്ഷിച്ചാല്‍ വീണ്ടും അത് തുരുമ്പെടുക്കുകയായി. പിന്നെയും ദിക്‌റ് ഉണ്ടായാല്‍ തെളിമയുള്ളതാവുകയും ചെയ്യും. അശ്രദ്ധ, പാപം എന്നീ കാര്യങ്ങള്‍ കൊണ്ടാണ് ഹൃദയം തുരുമ്പ് പിടിക്കുന്നതെങ്കില്‍ പാപമോചനം, ദിക്‌റ് എന്നിവ മുഖേന തെളിയിച്ചെടുക്കാനും സാധിക്കും.

അപ്പോള്‍, ഒരാളുടെ ഹൃദയം മിക്കപ്പോഴും റബ്ബിനെക്കുറിച്ച അശ്രദ്ധയിലാണെങ്കില്‍ അതിനുമീതെ തുരുമ്പ് കുമിഞ്ഞുകൂടുന്നതാണ്; അവന്റെ അശ്രദ്ധയുടെ അവസ്ഥയനുസരിച്ചായിരിക്കും അത്. ഒരു വ്യക്തിയുടെ മനസ്സ് തുരുമ്പ് പിടിച്ചാലാകട്ടെ വിഷയങ്ങളുടെ ശരിയായ ചിത്രം അതില്‍ പ്രതിബിംബിക്കുകയില്ല-ശരി തെറ്റിന്റെ രൂപത്തിലും തെറ്റ് ശരിയുടെ രൂപത്തിലുമാകും അപ്പോള്‍ അവന് ദൃശ്യമാവുക. കാരണം, സ്ഫടികസമാനമായിരുന്ന ഹൃദയദര്‍പ്പണത്തില്‍ തുരുമ്പ് പിടിച്ചപ്പോള്‍ അത് അന്ധകാരനിബിഡമാവുകയും വസ്തുതകളുടെ ചിത്രങ്ങള്‍ യഥായോഗ്യം അതില്‍ പ്രത്യക്ഷമാവാതാവുകയുമുണ്ടായി.

ഹൃദയത്തില്‍ തുരുമ്പ് പിടിക്കുകയും അങ്ങനെയതില്‍ കറ പറ്റുകയും കറുപ്പ് വ്യാപിക്കുകയും ചെയ്താല്‍ വ്യക്തിക്ക് വിഷയങ്ങളെക്കുറിച്ചുള്ള സങ്കല്‍പവും കാഴ്ചപ്പാടുമെല്ലാം അലങ്കോലപ്പെട്ട് ദുഷിച്ചുപോകുന്നതാണ്. തത്സമയം സത്യം അത് ഉള്‍ക്കൊള്ളുകയോ അധര്‍മങ്ങളെ നിഷേധിക്കുകയോ ചെയ്യില്ല. ഹൃദയത്തിന്റെ ഏറ്റവും ഗുരുതരമായ ശിക്ഷയത്രെ ഈയവസ്ഥ. അല്ലാഹുവിനെക്കുറിച്ച അശ്രദ്ധയും ദേഹേച്ഛകളെ പിന്‍പറ്റലുമത്രെ ഇതിന്റെ മൗലിക കാരണം. ഹൃദയത്തിന്റെ പ്രകാശത്തെയും ഉള്‍ക്കാഴ്ചയെയും അത് അണച്ചുകളയും. ഖുര്‍ആന്‍ ഉണര്‍ത്തുന്നു(1): ആരൊരുത്തന്‍ ദേഹേച്ഛയെ പിന്‍പറ്റുകയും അതിരുവിട്ട് പ്രവര്‍ത്തിക്കുകയും അവന്റെ ഹൃദയത്തെ നമ്മുടെ ദിക്‌റില്‍ നിന്ന് അശ്രദ്ധമാക്കിക്കളയുകയും ചെയ്തിട്ടുണ്ടോ അവനെ താങ്കള്‍ അനുസരിച്ചുപോകരുത്.(2) ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ) തന്റെ തഫ്‌സീറില്‍ പറയുന്നത് കാണുക-‘അല്ലാഹുവിന് അതിസുന്ദരനാമങ്ങളുണ്ട്'(3) എന്ന ആയത്ത് വിവരിക്കവേ അദ്ദേഹം രേഖപ്പെടുത്തുന്നു: നരകപ്രവേശം അനിവാര്യമാക്കിത്തീര്‍ക്കുന്നത് അല്ലാഹുവിന്റെ ദിക്‌റില്‍ നിന്നുള്ള അശ്രദ്ധയാണ്; നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതാകട്ടെ അവന്റെ ദിക്‌റും. ദൈവികദര്‍ശനവും ദിവ്യാസ്വാദന ശേഷിയുമുള്ള ജ്ഞാനികള്‍ തങ്ങളുടെ ആത്മികാവസ്ഥകളില്‍നിന്ന്, മുകളില്‍ പറഞ്ഞതുപോലെത്തന്നെയാണ് വസ്തുത എന്ന് മനസ്സിലാക്കുന്നുണ്ട്.

കാരണം, ഹൃദയം അല്ലാഹുവിന്റെ ദിക്‌റില്‍ നിന്ന് അശ്രദ്ധമാവുകയും ദുന്‍യാവിന്റെയും അതിന്റെ ആഡംബരങ്ങളുടെയും മേല്‍ ഒരാള്‍ കമിഴ്ന്നു വീഴുകയും ചെയ്താല്‍ അത്യാഗ്രഹത്തിലും അനുഗ്രഹനിഷേധങ്ങളുടെ കൊടുംചൂടിലും അയാള്‍ അകപ്പെട്ടുപോകുന്നതാണ്. അങ്ങനെ ഒരഭിലാഷത്തില്‍ നിന്ന് മറ്റൊന്നിലേക്കും ഒരാവശ്യത്തില്‍ നിന്ന് വേറെയൊന്നിലേക്കും ഒരു ഇരുട്ടില്‍ നിന്ന് മറ്റൊന്നിലേക്കും അവന്‍ നീങ്ങിക്കൊണ്ടേയിരിക്കും. മറിച്ച് അല്ലാഹുവിന്റെ ദിക്‌റും അവനെക്കുറിച്ചുള്ള ജ്ഞാനവും ആ വ്യക്തിയുടെ ഹൃദയത്തില്‍ ത്രസിച്ചുവരികയാണെങ്കില്‍ പരാജയങ്ങളുടെ നെടുംഖേദത്തില്‍ നിന്നും വിപത്തുകളുടെ അഗ്നികുണ്ഠങ്ങളില്‍ നിന്നും അയാള്‍ രക്ഷ പ്രാപിക്കുന്നതും പ്രപഞ്ചനാഥനെപ്പറ്റിയുള്ള ജ്ഞാനം അവന് അനുഭവവേദ്യമായിത്തീരുന്നതുമാകുന്നു.

ശൈഖ് അഹ്മദ് സര്‍റൂഖ്(റ) തന്റെ ഗ്രന്ഥത്തിലെഴുതുന്നു: വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും വസ്തുക്കളിലുമെല്ലാം ചില സവിശേഷതകളുണ്ട് എന്ന കാര്യം സ്ഥിരപ്പെട്ടതാണ്. ഇവയില്‍ ഏറ്റം മഹത്തരമാണ് ദിക്‌റിന്റെ സവിശേഷതകള്‍. കാരണം, മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ വെച്ച് നരകശിക്ഷയില്‍ നിന്ന് ഏറ്റമധികം രക്ഷപ്പെടുത്തുന്നത് അല്ലാഹുവിന്റെ ദിക്‌റ് മാത്രമാണ്. ആസവങ്ങള്‍ക്കും ലേഹ്യങ്ങള്‍ക്കും അവയുടേതായ പ്രത്യേകഫലങ്ങളുള്ളതുപോലെ വസ്തുക്കളില്‍ അത്തരം സവിശേഷതകള്‍ അല്ലാഹു നിശ്ചയിച്ചതാകുന്നു. അപ്പോള്‍, സാധാരണക്കാരില്‍ സാധാരണ ദിക്‌റുകളും, പ്രധാനികളും പ്രത്യേകക്കാരുമായവരില്‍ ഓരോ വ്യക്തിക്കും അനുയോജ്യമാവുംവിധമുള്ള ദിക്‌റുകളും പരിഗണിച്ചേ പറ്റൂ.

ശൈഖ് അഹ്മദ് ഇബ്‌നുഅജീബ(റ) എഴുതുന്നത് കാണുക: താഴെ പറയുന്ന മൂന്ന് കാര്യങ്ങള്‍ തന്റെ പ്രാരംഭഘട്ടത്തില്‍ കൈവരിക്കാനായിട്ടുണ്ട് എന്ന് മുരീദിന് ദൃഢബോധ്യം വരണം-അതിനു ശേഷം മാത്രമേ അല്ലാഹുവിന്റെ പ്രീതി നേടുക എന്ന വിജയം കരസ്ഥമാക്കിയതായി മനുഷ്യന് അവകാശപ്പെടാനാകൂ. ഒന്ന്, അല്ലാഹു എന്ന ഏകനാമത്തില്‍ ആമഗ്നനായിത്തീരുക. (സമ്പൂര്‍ണനായ ഒരു ശൈഖില്‍ നിന്ന് അനുമതി ലഭിച്ചവര്‍ക്ക് മാത്രമുള്ളതാണ് ഈ ദിക്ര്‍.) രണ്ട്, ദിക്‌റ് ചൊല്ലുന്നവരുമായുള്ള സമ്പര്‍ക്കം. മൂന്ന്, യാതൊരുവിധ ന്യൂനതകളും ചേരാത്ത വിധത്തിലുള്ള സ്വാലിഹായ കര്‍മങ്ങള്‍ മുറുകെപ്പിടിക്കല്‍. മുഹമ്മദിയ്യ ശരീഅത്ത് ശക്തമായി അനുവര്‍ത്തിക്കുക എന്നതു തന്നെയാണത്.

പറഞ്ഞുവരുന്നതിന്റെ സംഗ്രഹം ഇതാണ്: മുറബ്ബികളായ ശൈഖുമാരും സമ്പൂര്‍ണരായ മാര്‍ഗദര്‍ശികളും അല്ലാഹുവിങ്കല്‍ എത്തിച്ചേരുവാനുള്ള പന്ഥാവില്‍ പ്രവേശിച്ച മുരീദുമാര്‍ക്ക് ചെയ്യുന്ന ഒരു സദുപദേശമുണ്ട്; അവന്റെ തിരുസാന്നിധ്യത്തിലേക്കും സംതൃപ്തിയിലേക്കും അണയാന്‍ അവര്‍ നിര്‍ദേശിച്ച ഒരു മാധ്യമമുണ്ട്. സര്‍വ അവസ്ഥകളിലും അല്ലാഹുവിന്റെ ദിക്‌റ് വര്‍ധിപ്പിക്കുകയും ദിക്‌റിന്റെ ആളുകളുമായി സഹവസിക്കുകയും ചെയ്യുക എന്നതാണത്. കാരണം, ദിക്‌റിന്റെ ആളുകളുടെ ശ്വാസങ്ങള്‍ തിന്മ കല്‍പിക്കുന്ന മനസ്സിന്റെ ആഗ്രഹങ്ങളെല്ലാം വിച്ഛേദിച്ചുകളയുന്നതാകുന്നു.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter