മുജാഹദയും ചില തെറ്റുധാരണകളും

മുജാഹദയെക്കുറിച്ചു സാധാരണ കേട്ടുവരുന്ന ചില തെറ്റായ പ്രചാരണങ്ങളെ വിശകലനം ചെയ്യുകയാണ് ഈ കുറിപ്പ്. ചിലര്‍ ഇങ്ങനെ ആരോപിക്കാറുണ്ട്: അല്ലാഹു അനുവദനീയമാക്കിയ വിവിധതരം സുഖാനുഭൂതികളെയും ആസ്വാദനവിഭവങ്ങളെയും തസ്വവ്വുഫിന്റെയാള്‍ക്കാര്‍ നിഷിദ്ധമാക്കുകായണല്ലോ? ഖുര്‍ആനിലാകട്ടെ ഇങ്ങനെ കാണാം: തന്റെ അടിമകള്‍ക്ക് അല്ലാഹു ഉല്‍പാദിപ്പിച്ച അലങ്കാരങ്ങളും ഉത്തമ ഭക്ഷ്യവിഭവങ്ങളും ആരാണ് നിഷിദ്ധമാക്കുന്നത് എന്ന് താങ്കള്‍ ചോദിച്ചുനോക്കുക. അല്ലയോ സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്കനുവദനീയമാക്കിയ ഉത്തമവസ്തുക്കള്‍ നിഷിദ്ധമാക്കുകയോ പരിധി വിട്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുകയോ അരുത്; നിശ്ചയമായും പരിധി വിട്ടുകടക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുകയില്ല. ഈ ആയത്തുകളും അവര്‍ ഉയര്‍ത്തിക്കാണിക്കും.

ഈ ആരോപണത്തിനുള്ള നമ്മുടെ മറുപടി ഇതാണ്: തസ്വവ്വുഫിന്റെയാളുകള്‍ ഹലാലിനെ ഹറാമാക്കിയിട്ടില്ല. കാരണം, അല്ലാഹുവിന്റെ ദീനിന്റെ പരിധികളില്‍ സ്വയമേവ ബന്ധിതരായി നിലകൊള്ളുക എന്നതാണ് അവരുടെ സമുന്നത ലക്ഷ്യം തന്നെ. പക്ഷേ ഒരു കാര്യം അവര്‍ വ്യക്തമായി ഗ്രഹിച്ചു: മനസ്സിനെ സംസ്‌കരിച്ചെടുക്കല്‍ വ്യക്തിഗതബാധ്യത (ഫര്‍ള് ഐന്‍) ആണ്; മനസ്സിനാകട്ടെ, ചില ചീത്ത സ്വഭാവങ്ങളും ഇച്ഛാപരമായ ബന്ധങ്ങളുമുണ്ട്. അവ മനുഷ്യനെ അധഃപതിപ്പിക്കയാണ് ചെയ്യുക; പുരോഗതിയുടെയും പൂര്‍ണതയുടെയും ശ്രേണികളില്‍ എത്തിച്ചേരുന്നതിന് തടസ്സമായി മാത്രമേ അവ വര്‍ത്തിക്കയുള്ളൂ. ഈ നിലക്ക്, മനസ്സിനെ സംസ്‌കരിക്കുകയും ദേഹേച്ഛയുടെ തടവറയില്‍ നിന്ന് അതിനെ മോചിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അവര്‍ മനസ്സിലാക്കി.

ഈ ആശയമാണ് സമുന്നത സ്വൂഫിവര്യനായ ഹകീം തുര്‍മുദി(റ) പ്രതിപാദിക്കുന്നത്. മേല്‍പറഞ്ഞ ആരോപണത്തെ ഖണ്ഡിക്കുകയും ഉപരിസൂചിത ഖുര്‍ആന്‍ സൂക്തം (അഅ്‌റാഫ് 31) തെളിവുദ്ധരിച്ച് സംസാരിച്ചവര്‍ക്ക് മറുപടി നല്‍കുകയുമാണദ്ദേഹം: ഈ ആരോപണം അതിരുകടന്നതും വളച്ചൊടിച്ചതുമായിപ്പോയി. മേല്‍പറഞ്ഞതുകൊണ്ട് ഏതെങ്കിലും വിഷയം ഹറാമാക്കണമെന്ന് നാമുദ്ദേശിച്ചിട്ടില്ല. മറിച്ച് മനസ്സിന് മര്യാദ പഠിപ്പിക്കണമെന്ന് മാത്രമാണ് ലക്ഷീകരിക്കുന്നത്. എങ്ങനെ സംസ്‌കാരം ശീലിക്കണമെന്നും എങ്ങനെയൊക്കെ പ്രവര്‍ത്തിക്കണമെന്നും അപ്പോള്‍ ഗ്രഹിക്കാന്‍ കഴിയും. ബാഹ്യവും ആന്തരികവുമായ മുഴുവന്‍ മ്ലേച്ഛതളും കുറ്റകൃത്യങ്ങളും അനധികൃതമായ കൈയേറ്റവും അല്ലാഹു നിരോധിച്ചിരിക്കുന്നു എന്ന് ഖുര്‍ആന്‍(1) വ്യക്തമാക്കിയതല്ലേ?

അപ്പോള്‍ ഹലാലായ കാര്യത്തില്‍ തന്നെ പരിധി വിട്ടുചെയ്യല്‍ ഹറാമാണ്. ദുരാഭിജാത്യവും അഹന്ത നടിക്കലും ലോകമാന്യതയും അമിതവ്യയവുമൊക്കെ നിഷിദ്ധം തന്നെ. ഇത്തരം വിഷയങ്ങളിലേക്ക് ഹൃദയപൂര്‍വമായ വ്യതിയാനവും ചായ്‌വും മനസ്സില്‍ നിന്നുണ്ടാവുകയും അങ്ങനെയത് ദുഷിച്ചുപോവുകയും ചെയ്യുന്നതിനാലാണ് ഇത്തരമൊരു നിരോധം മനസ്സിനുണ്ടായത്.

മനസ്സ് അല്ലാഹുവിന്റെ അലങ്കാരവും ഉത്തമ ഭക്ഷ്യവിഭവങ്ങളും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഞാന്‍ നിരീക്ഷിച്ചുനോക്കി. സമ്പന്നതാപ്രകടനമോ ദുരാഭിജാത്യമോ ലോകമാന്യതയോ ആണ് അതുദ്ദേശിക്കുന്നത് എന്നെനിക്ക് ബോധ്യമായി. അത് ഹലാലില്‍ ഹറാമിനെ കൂട്ടിക്കലര്‍ത്തുകയും കൃതജ്ഞത കൈവെടിയുകയുമാണുണ്ടായത്. പ്രസ്തുത അലങ്കാരങ്ങളും ഉത്തമഭോജ്യവസ്തുക്കളുമൊക്കെ നല്‍കപ്പെട്ടത് കൃതജ്ഞതക്കു വേണ്ടിയായിരുന്നു, കൃതഘ്‌നതക്കല്ല. ഈ മര്യാദ കെട്ട സമീപനം ബോധ്യമായപ്പോള്‍ ആ സുഖസൗകര്യങ്ങള്‍  ഞാനതിന് നിരോധിച്ചു. അങ്ങനെ മനസ്സ് എനിക്ക് വിധേയമാവുകയും കീഴ്‌പ്പെടുകയും ചെയ്തു. അല്ലാഹുവിന്റെ കാര്യത്തില്‍ സത്യസന്ധവും ആത്മാര്‍ത്ഥവുമായ പുണ്യസമരം നടത്തുന്നവനായി അവന്‍ എന്നെ കണ്ടു. അവന്റെ പന്ഥാവിലേക്ക് എന്നെയവന്‍ മാര്‍ഗദര്‍ശനം ചെയ്തു. ഖുര്‍ആനിലൂടെ അവന്‍ വാഗ്ദാനംചെയ്തതാണിക്കാര്യം: നമ്മുടെ കാര്യത്തില്‍ ആരെങ്കിലും പുണ്യസമരമനുഷ്ഠിച്ചാല്‍ നമ്മുടെ പന്ഥാവിലേക്ക് അവരെ നാം മാര്‍ഗദര്‍ശനം ചെയ്യുന്നതാണ്. നിശ്ചയം, അല്ലാഹു പുണ്യവാന്മാരോടുകൂടെയത്രേ.

അങ്ങനെ മനസ്സമരം വഴി ഞാന്‍ അല്ലാഹുവിന്റെ സവിധത്തിങ്കല്‍ പുണ്യവാനായി. അതിനാല്‍ എന്റെ കൂടെയായി അല്ലാഹു. ആരൊരാള്‍ നാഥന്റെ കൂടെയായിരിക്കുന്നുവോ അവനൊന്നിച്ച് ആരാലും ജയിച്ചടക്കപ്പെടാത്ത സംഘമുണ്ടാകും. ഒരിക്കലും ഉറങ്ങാത്ത പാറാവുകാരനും മാര്‍ഗഭ്രംശം വരാത്ത വഴികാട്ടിയും അവന്റെ കൂടെയുണ്ടാകുന്നതാണ്. അവന്റെ ഹൃദയത്തില്‍ ഈ ലോകത്തുതന്നെ അല്ലാഹു ഒരു പ്രകാശം നിക്ഷേപിക്കും. പാരത്രിക പ്രതിഫലത്തിലേക്ക് കൊണ്ടെത്തിക്കുന്നതാകും ആ ദിവ്യവെളിച്ചം.

തിരുമേനി(സ്വ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ശ്രദ്ധിച്ചുനോക്കൂ-അവിടന്ന് പറഞ്ഞു: ‘ഒരു മനുഷ്യന്റെ ഹൃദയത്തില്‍ ദിവ്യപ്രകാശം നിക്ഷേപിക്കപ്പെട്ടാല്‍ അത് വിസ്തൃതമാവുകയും തുറസ്സാവുകയും ചെയ്യുന്നതാണ്.’ സ്വഹാബികള്‍ ചോദിച്ചു: തിരുദൂതരേ, അതിനു വല്ല അടയാളങ്ങളുമുണ്ടോ? അവിടന്ന് മറുപടി നല്‍കി: അതെ, ഭൗതികതയില്‍ നിന്ന് അകന്നുനില്‍ക്കുക, പരലോകത്തേക്ക് മടങ്ങുക, മരണം ആസന്നമാകും മുമ്പുതന്നെ അതിനുവേണ്ടി തയ്യാറാവുക.

വഞ്ചനയുടെ ലോകമായ ദുന്‍യാവില്‍ നിന്ന് ഒരാള്‍ക്ക് വിട്ടുനില്‍ക്കാന്‍ കഴിയുന്നത് തന്റെ ഹൃദയത്തില്‍ നിക്ഷിപ്തമാകുന്ന ദിവ്യപ്രകാശത്താലാണ്. അതുവഴി ഭൗതികലോകത്തിന്റെ ന്യൂനതകളും വിപത്തുകളും കഷ്ടനഷ്ടങ്ങളും വഞ്ചനയും നാശവുമെല്ലാം അവനു കാണുവാന്‍ കഴിയുന്നു. തന്മൂലം അവന്റെ ഹൃദയത്തില്‍ നിന്ന് അക്രമം, ലോകമാന്യത, പ്രസിദ്ധി, ദുരാഭിജാത്യം, ഢംഭ്, അസൂയ, ദുരഭിമാനം മുതലായവ അപ്രത്യക്ഷമാകുന്നു. ഇവയൊക്കെ നേരത്തെ ഉണ്ടായിരുന്നത് ദുന്‍യാവിനെ സംപൂജ്യമാക്കി വെച്ചിരുന്നതിനാലും അതവന്റെ ഹൃദയത്തില്‍ മധുരമയമായിരുന്നതിനാലും അതിനെ സ്‌നേഹിച്ചിരുന്നതിനാലുമത്രേ. പടച്ചവന്റെ അനുഗ്രഹത്താല്‍ ഈ വിപത്തുകളില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ നിമിത്തമായത്, മനസ്സിനെ അതിന്റെ മോഹങ്ങളില്‍ നിന്ന് തടഞ്ഞുനിറുത്തിയുള്ള രിയാളയാണ്.(1)
ചിലയാളുകള്‍ ധൃതിപ്പെട്ട് വിധിയെഴുതുകയാണ്, തസ്വവ്വുഫിലെ ഈ മുജാഹദ ബുദ്ധമതത്തിലും ബ്രാഹ്മണ ദര്‍ശനത്തിലുമുള്ള സന്യാസത്തില്‍ നിന്നുരുത്തിരിഞ്ഞുവന്നതാണെന്ന് അജ്ഞതമൂലമാണ് ഇങ്ങനെ അവര്‍ പറയുന്നത്. ക്രിസ്ത്യാനിസത്തിലും മറ്റുമുള്ള മതകീയവ്യതിയാനങ്ങളുമായി തസ്വവ്വുഫ് സന്ധിക്കുന്നുണ്ടെന്നും അവര്‍ തട്ടിവിടുന്നു. ആത്മാവിന്റെ ജാജ്ജ്വല്യതക്കും അവതരണത്തിനുമൊക്കെ ശാരീരികപീഡനം മാര്‍ഗമാണെന്ന് മനസ്സിലാക്കുന്നവരാണ് അവര്‍. വേറെ ചിലര്‍ ഇസ്‌ലാമില്‍ നിന്നുതന്നെ ഇതിന് ഒരു സന്യാസ സ്രോതസ്സ് കണ്ടെത്തുന്നവരായുണ്ട്:

സ്വഹാബികളില്‍ മൂന്ന് വ്യക്തികളിലായിരുന്നു അത് പ്രത്യക്ഷപ്പെട്ടത്. തിരുമേനി(സ്വ)യുടെ ആരാധനാരീതികളെപ്പറ്റി അവരന്വേഷിക്കുകയുണ്ടായി. മറുപടി കിട്ടിയപ്പോള്‍ അതവര്‍ക്ക് തീരെ തുച്ഛമായി തോന്നി. അങ്ങനെ അവരിരൊലാള്‍ പറഞ്ഞു: ഞാന്‍ ഇനി എല്ലാ ദിവസവും നോമ്പനുഷ്ഠിക്കും, ഒറ്റ ദിവസവും ഉപേക്ഷിക്കില്ല! രണ്ടാമന്‍ വ്യക്തമാക്കി: ഞാന്‍ രാത്രികളിലുടനീളം നമസ്‌കരിക്കും, ഉറങ്ങുകയേ ഇല്ല. മൂന്നാമന്റെ തീരുമാനം ഇതായിരുന്നു: ഞാന്‍ സ്ത്രീകളെ നിശ്ശേഷം അകറ്റിനിര്‍ത്തും, വിവാഹം കഴിക്കുകയേ ഇല്ല. എന്നാല്‍ വിവരമറിഞ്ഞപ്പോള്‍ അവരുടെ ചിന്താഗതി തിരുമേനി(സ്വ) തിരുത്തിക്കൊടുക്കുകയായിരുന്നു. ദീനിന്റെ ഋജുവായ പന്ഥാവിലേക്കും സത്യസന്ധമായ രീതിയിലേക്കും അവരെ പ്രവാചകര്‍(സ്വ) തിരിച്ചുകൊണ്ടുവരികയും ചെയ്തു.

തസ്വവ്വുഫ് എന്നെങ്കിലുമൊരുനാള്‍ സ്വന്തമായൊരു നിയമസംഹിതയോ പുതിയൊരു മതമോ ആയിരുന്നിട്ടില്ല എന്നാണ് അത്തരക്കാര്‍ക്കുള്ള മറുപടി. മറിച്ച് അല്ലാഹുവിന്റെ ദീനിന്റെ ശരിയായ പ്രായോഗികരീതിയാണത്; പ്രവാചക തിരുമേനി(സ്വ)യോടുള്ള പൂര്‍ണമായ അനുധാവനവുമാണ് തസ്വവ്വുഫ്.

ധൃതിപ്പെട്ട് വിധിയെഴുതുന്ന ഈ വിഭാഗത്തിന് തെറ്റു പറ്റിയിരിക്കയാണ്. തസ്വവ്വുഫില്‍ മാനസിക സംസ്‌കരണത്തിനും ഹൃദയത്തിന്റെ ശിക്ഷണത്തിനും അതിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും മികച്ച പരിഗണന നല്‍കപ്പെടുന്നതായി അവര്‍ കണ്ടു. വിശുദ്ധ ദീനിന്റെ പരിധികളിലൊതുങ്ങി നിന്നും നിയമവിധേയമായ ചില അടിത്തറകളിലുമുള്ള മനസ്സമരമുറകളും അതിലുള്ളതായി അവര്‍ മനസ്സിലാക്കി. അപ്പോള്‍ സൂക്ഷ്മപരിശോധനയോ വിവേചനമോ ഇല്ലാതെ നേരത്തെ പറഞ്ഞ മതങ്ങളിലുള്ള വൈകൃതങ്ങള്‍ ആണ് തസ്വവ്വുഫ് എന്ന് അവര്‍ അനുമാനിക്കയാണ് ചെയ്തത്.

ചുരുക്കത്തില്‍, ഇസ്‌ലാമിക സിദ്ധാന്തങ്ങളിലധിഷ്ഠിതമായ നിയമാനുസൃതമായ തസ്വവ്വുഫും ബുദ്ധമതക്കാരും മറ്റു കാഫിറുകളും അനുഷ്ഠിക്കുന്ന സന്യാസവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അതിരുവിട്ട സിദ്ധാന്തങ്ങള്‍, മതനിയമങ്ങളില്‍ നിന്നുള്ള വ്യതിയാനം, ഹലാലിനെ ഹറാമാക്കല്‍, ശരീരപീഡനം എന്നിവയൊക്കെയാണ് അവരുടെ സന്യാസത്തിലുള്ളത്.

സ്വന്തം മനസ്സിന്റെ ന്യൂനതകള്‍ക്കെതിരെ പുണ്യസമരമനുഷ്ഠിക്കുകയും അതിന്റെ സംസ്‌കരണപ്രക്രിയയില്‍ മുഴുകുകയും ചെയ്യുന്ന ഒരാളെപ്പറ്റി ബുദ്ധമതത്തിലും ബ്രാഹ്മണദര്‍ശനത്തിലും നിന്നുരുത്തിരിഞ്ഞവനാണെന്ന് വിധി കല്‍പിക്കുന്നത് വ്യാജവും അതിക്രമവുമാണ്. ഓറിയന്റലിസ്റ്റുകളുടെയും അവരുടെ കെണിവലകളിലകപ്പെട്ടവരുടെയും ജല്‍പനമാണത്. നബി(സ്വ)യുടെ ആരാധനകളെ തുച്ഛമായിക്കണ്ട ആ മൂവര്‍സംഘത്തെ പിന്തുടരുന്നവരാണ് തസ്വവ്വുഫിന്റെ ആളുകളെന്ന വാദവും മുന്‍ചൊന്ന പോലെ നുണയും അതിക്രമവുമാണ്. പ്രവാചകന്‍(സ്വ) അവരെ തിരുത്തുകയും അവര്‍ സല്‍പന്ഥാവിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു എന്നതും സ്മര്‍ത്തവ്യമത്രേ.

ഇനി നേരത്തെ പറഞ്ഞ മതങ്ങളുടെ വക്രരീതികള്‍ക്കനുസൃതമായി, ഹറാമുകള്‍ ഹലാലാക്കുകയോ ശരീരത്തെ പീഡിപ്പിക്കുകയോ ചെയ്ത ആരെങ്കിലും തസ്വവ്വുഫിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടെങ്കില്‍ അയാള്‍ ആധ്യാത്മികശാസ്ത്രത്തിന്റെ പന്ഥാവില്‍ നിന്ന് വിദൂരനും പുത്തന്‍ചിന്താഗതിക്കാരനുമത്രേ. അതിനാല്‍ തസ്വവ്വുഫ്, സ്വൂഫി എന്നീ രണ്ട് സംജ്ഞകളെയും വെവ്വേറെ കാണേണ്ടിയിരിക്കുന്നു. അത്തരം വൈകൃതരീതികള്‍ കാരണം, അയാള്‍ തസ്വവ്വുഫിനെ പ്രതിനിധീകരിക്കുന്ന ആളാണെന്ന് പറയാവതല്ല. വൈകൃതരീതികള്‍ സ്വീകരിച്ചു ജീവിക്കുന്ന മുസ്‌ലിം ഇസ്‌ലാമിനെ പ്രതിനിധീകരിക്കാത്തതുപോലെ തന്നെയാണിത്.

മുകളില്‍ സൂചിപ്പിച്ച വിമര്‍ശകന്മാരൊന്നും സ്വൂഫിയെയും തസ്വവ്വുഫിനെയുമെന്ന പോലെ മുസ്‌ലിമിനെയും ഇസ്‌ലാമിനെയും വേര്‍തിരിച്ചു മനസ്സിലാക്കിയില്ല. രണ്ടും ഒന്നു തന്നെയാണെന്നാണവര്‍ നിനച്ചത്. ഫലമോ? വഴിതെറ്റിയവരെപ്പോലെത്തന്നെയെന്നനുമാനിച്ച് സമ്പൂര്‍ണരായവരുടെ മേല്‍ ആക്ഷേപശരങ്ങളുമായി അവര്‍ ചാടിവീഴുന്നു.

ചുരുക്കത്തില്‍, തസ്വവ്വുഫിന്റെ പന്ഥാവില്‍ പ്രവേശിക്കുന്നവരുടെ പരമാവധി അഭിലാഷം തങ്ങളുടെ മനസ്സുകള്‍ സംസ്‌കരിച്ച് ഉന്നതാവസ്ഥയിലെത്തിക്കുക എന്നതാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ ലക്ഷ്യത്തില്‍ എത്തിയെന്നു പറയാം. മനസ്സമരവും പരിശീലനപ്രക്രിയകളും വഴി പാപങ്ങള്‍ കല്‍പിക്കുന്ന മനസ്സ് (അമ്മാറ) എന്ന അവസ്ഥയില്‍ നിന്ന് ലവ്വാമ, മുല്‍ഹമ, റാളിയ, മര്‍ളിയ്യ മുതലായ തലങ്ങളിലേക്ക് അതിനെ പരിവര്‍ത്തിപ്പിച്ചുകൊണ്ടുവരാന്‍ കഴിയും.(1) അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രയാണത്തിന്റെ മുഴുവന്‍ ഘട്ടങ്ങളിലും മുരീദിന് ഈ മനസ്സമരം അനിവാര്യമത്രേ. പാപസുരക്ഷിതത്വത്തിന്റെ പദവിയിലെത്തുന്നതുവരെയും അതവസാനിക്കുന്നില്ല. അതാകട്ടെ അമ്പിയാക്കള്‍ക്കും മുര്‍സലുകള്‍ക്കും മാത്രമേ നേടാനാവൂ.

ഇപ്പറഞ്ഞതില്‍ നിന്ന്, തസ്വവ്വുഫിന്റെ വഴിയുടെ അനിവാര്യ ഉപാധിയായ മനസ്സമരം ദൃഢമായി അനുവര്‍ത്തിക്കാത്ത ചിലര്‍ക്ക് തെറ്റു പറ്റിയിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. മുജാഹദ അനുഷ്ഠിക്കാതെ തന്നെ തങ്ങള്‍ക്ക് ദൈവിക സ്‌നേഹമാര്‍ജിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്ന് അവര്‍ തട്ടിവിടും. ദൈവസ്‌നേഹത്തിലാപതിച്ചുപോയ സ്വൂഫികളുടെ ഗാനങ്ങള്‍ അവര്‍ ഈണത്തില്‍ ആലപിക്കും. തങ്ങളുടെ ദര്‍ശനത്തിന് ഉബോദ്ബലകമായി ഇബ്‌നു ഫാരിളിനെയായിരിക്കും അവരുദ്ധരിക്കുക. അദ്ദേഹം പാടി:

(ദിവ്യാനുരാഗത്തില്‍ ഇപ്പോള്‍ നിലവിലുള്ള എന്റെ ദര്‍ശനം വിട്ട് മറ്റൊരു കാഴ്ചപ്പാടിലേക്കു പോകാന്‍ എനിക്ക് സാധിക്കുകയില്ല. ആ അനുരാഗത്തില്‍ നിന്ന് എന്നെങ്കിലും ഒരു ദിവസം ഞാന്‍ വ്യതിചലിക്കയാണെങ്കില്‍ മതത്തില്‍ നിന്ന് ഞാന്‍ പുറത്തുപോകുന്നതായിരിക്കും.)

എന്നാല്‍, ഇബ്‌നുല്‍ ഫാരിളിന്റെ പ്രാരംഭഘട്ടത്തിലുണ്ടായിരുന്ന മുജാഹദകള്‍ എങ്ങനെയായിരുന്നുവെന്ന് അക്കൂട്ടര്‍ അറിയുന്നില്ല. അദ്ദേഹത്തിന്റെ ഏതാനും പദ്യങ്ങള്‍ നമുക്ക് പരിശോധിച്ചുനോക്കാം. തന്റെ മുജാഹദകള്‍ വിശേഷിപ്പിക്കുന്ന ആ വരികളില്‍ അതിന്റെ പ്രാധാന്യം വ്യക്തമായി കാണാം. അല്ലാഹുവിങ്കലേക്കുള്ള തന്റെ യാത്ര അദ്ദേഹം ആരംഭിച്ചത് ഹീനകൃത്യങ്ങള്‍ കല്‍പിക്കുന്ന മനസ്സുമായല്ല, ലവ്വാമയുമായിട്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. മുജാഹദ ഇല്ലാത്തവന്ന് നാഥങ്കലേക്കുള്ള സഞ്ചാരവുമില്ല, ദിവ്യപ്രേമവുമില്ല എന്നും താന്‍ വ്യക്തമാക്കുന്നുണ്ട്.

(എന്റെ മനസ്സ് പണ്ട് ‘ലവ്വാമ’യായിരുന്നു. ഞാന്‍ അതിനെ അനുസരിക്കയാണെങ്കില്‍ അതെന്നോട് അനുസരണക്കേടാണ് കാണിക്കുക. മറിച്ച്, ഞാന്‍ എതിര് പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് എന്നെ അനുസരിക്കും. അങ്ങനെ മരണതുല്യമായ ദുര്‍ഘടസന്ധികളില്‍ ഞാനതിനെ കൊണ്ടുചെല്ലുകയും പീഡിപ്പിക്കുകയും ചെയ്തു-എനിക്കതില്‍ നിന്ന് സമാശ്വാസം ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാലത്, പഴയ അവസ്ഥയില്‍ നിന്ന് തിരിച്ചുവന്നിരിക്കുന്നു-ഏത് ദുര്‍വഹകാര്യങ്ങള്‍ വെച്ചുകൊടുത്താലും ഇപ്പോഴത് ചുമന്നുകൊള്ളും. മാത്രമല്ല, കനം കുറച്ചു കൊടുത്താലാണ് ഇപ്പോഴതിന് പ്രയാസമുണ്ടാവുക. മനസ്സിന്റെ പതിവുകളില്‍ നിന്നൊക്കെ ദൂരീകരിച്ച് സര്‍വ ആസ്വാദനങ്ങളും വര്‍ജിച്ചുകൊണ്ടാണ് ഞാനതിനെ സംസ്‌കരിച്ചത്. അതിന്നായി ഞാന്‍ മറികടക്കാത്ത ഒരു പ്രതിസന്ധികളുമില്ല. പൊങ്ങച്ചം പറയുകയല്ല, സ്വന്തം മനസ്സിനെ ഞാന്‍ ശരിവെക്കുന്നു, ഇപ്പോള്‍ അത് ‘മുഥ്മഇന്ന’ ആയിരിക്കുന്നു.)

മനസ്സമരവും ആധ്യാത്മിക പരിശീലനവും സുപ്രധാനമാണ് എന്നതിനാല്‍, ദിവ്യസ്‌നേഹം അവകാശപ്പെടുകയും എന്നാല്‍ ഭൗതികതാല്‍പര്യങ്ങള്‍ കൈവെടിയാതിരിക്കുകയും മുജാഹദ അനുഷ്ഠിക്കാതിരിക്കുകയും ചെയ്യുന്നവരെ ഇബ്‌നുല്‍ ഫാരിള് ആക്ഷേപിക്കാറുണ്ടായിരുന്നുവെന്ന് കാണാം. അദ്ദേഹം പറയുകയാണ്:

(ഒരു വിഭാഗമാളുകള്‍ ദൈവികപ്രേമത്തിന്റെ അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നു. എന്നാല്‍, തദ്വിഷയകമായി എന്റെ നിലപാടിനെ, ഓരോരോ കാരണങ്ങള്‍ ചമച്ച് തള്ളിപ്പറയുകയാണവര്‍. തങ്ങളുടെ ഭൗതിക വിഭവങ്ങളില്‍ ബന്ധിതരായി കഴിഞ്ഞുകൂടാന്‍ പരീക്ഷണവിധേയരായവരും അഭിലാഷങ്ങളില്‍ സംതൃപ്തരായിക്കഴിയുന്നവരുമാണവര്‍. ദൈവികപ്രേമത്തിന്റെ സാഗരങ്ങളില്‍ തങ്ങള്‍ മുങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നവര്‍ പറയുന്നു.  ഇത് കേവലം അവകാശവാദമായതിനാല്‍ തന്നെ അവരുടെ ശരീരങ്ങള്‍ നനഞ്ഞിട്ടില്ല. ഭൗതികസുഖങ്ങളുടെ ഗാഢനിദ്രയില്‍ തന്നെ അചഞ്ചലരായിക്കഴിയുന്ന അവര്‍ അതുവിട്ട് അല്ലാഹുവിന്റെ പന്ഥാവിലേക്ക് ഇറങ്ങിത്തിരിച്ചിട്ടില്ല. അതിന്ന് അശക്തരുമാണവര്‍.)

ചുരുക്കത്തില്‍, തസ്വവ്വുഫിന്റെ പന്ഥാവിലേക്ക് ഇറങ്ങിത്തിരിക്കുന്ന ഓരോരുത്തനും മുജാഹദ അടിസ്ഥാന ഉപാധിയാണ്. പ്രയാണത്തിന്റെ ഓരോ ഘട്ടത്തിലും ഇതനിവാര്യമത്രേ. ഔന്നത്യത്തിന്റെ ശ്രേണികളില്‍ പുരോഗതിക്കനുസരിച്ച് അത് വ്യത്യസ്തമായിരിക്കുമെന്നു മാത്രം. ഒരു വിദ്യാര്‍ഥിയുടെ ഉപമയാണിതിനുള്ളത്. പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്ററി, ഡിഗ്രി എന്നിങ്ങനെയുള്ള സ്റ്റേജുകളിലായിരിക്കും അവന്‍. ഓരോ സ്റ്റേജിലും വിദ്യാര്‍ഥിയായിത്തന്നെയാണവന്‍ പരിഗണിക്കപ്പെടുന്നത്. എന്നാല്‍, പ്രൈമറി വിദ്യാര്‍ഥിയുടെയും ഡിഗ്രി വിദ്യാര്‍ഥിയുടെയുമിടയില്‍ വമ്പിച്ച വ്യത്യാസമുണ്ട്.

പറഞ്ഞുവന്നതിന്റെ രത്‌നസംഗ്രഹമിതാണ്: സ്വൂഫികളുടെ പന്ഥാവിന്റെ അടിസ്ഥാനശിലകളില്‍ ഒന്നാണ് മുജാഹദ. ആത്മജ്ഞാനികളായ മഹാന്മാര്‍ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: അടിസ്ഥാനശിലകളെ ഒരാള്‍ സാക്ഷാല്‍ക്കരിച്ചാല്‍ ദൈവസാമീപ്യം പുല്‍കുക എന്ന മഹാഭാഗ്യം അയാള്‍ക്ക് കൈവരിക്കാനാകും. അടിസ്ഥാനശിലകള്‍ ഒരാള്‍ കൈവെടിഞ്ഞാലോ, തിരുസാന്നിധ്യം പ്രാപിക്കുക എന്ന സൗഭാഗ്യം അയാള്‍ക്ക് നിഷേധിക്കപ്പെടുന്നതായിരിക്കും.

തസ്വവ്വുഫിന്റെ നായകന്മാര്‍ ഇങ്ങനെ പ്രസ്താവിച്ചതായി കാണാം: മനസ്സമരമുറകള്‍ (മുജാഹദാത്ത്) കൊണ്ട് തീക്ഷ്ണമായ പ്രാരംഭഘട്ടങ്ങളല്ല ഒരാളുടേതെങ്കില്‍ ജാജ്ജ്വല്യമാനമായ അന്തിമഘട്ടങ്ങളും അയാള്‍ക്കുണ്ടായിരിക്കുന്നതല്ല. സമാപനഘട്ടത്തെക്കുറിച്ചുള്ള ചൂണ്ടുപലകകളായിരിക്കും സമാരംഭസന്ദര്‍ഭത്തിലെ സാഹചര്യങ്ങള്‍.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter