സ്വലാഹുദ്ദീന്‍ അയ്യൂബി: ജീവിതവും പോരാട്ടവും

''ചരിത്രം അറിയാത്തവനെ ചരിത്രം പാഠം പഠിപ്പിക്കുക തന്നെ ചെയ്യും, ഇന്നല്ലെങ്കില്‍ നാളെ!'' ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകളോട് മുഖം തിരിച്ചും നൈമിഷികാസ്വാദനങ്ങള്‍ക്കു പരവതാനി വിരിച്ചും ആത്മാഭിമാനം വച്ചു കീഴടങ്ങിയ നമ്മെ ചരിത്രം ഇന്നു പാഠം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. നാം പാഠമുള്‍ക്കൊള്ളുന്നില്ലെന്നു മാത്രം. പരശ്ശതം പുണ്യപ്രവാചകന്‍മാര്‍ അന്തിയുറങ്ങുന്നതും ഐതിഹാസികമായ അനല്‍പം മഹാചരിത്രങ്ങളുടെ സംഗമ കേന്ദ്രവുമായ ബൈതുല്‍ മുഖദ്ദസിന്റെ പുണ്യഭൂമി ഇന്ന് ജൂത നിന്ദ്യതയുടെ കൂര്‍ത്ത മിസൈല്‍ മുനകള്‍ക്കടിയില്‍പ്പെട്ട് വേപഥുകൊള്ളുന്നുണ്ടാവും. ലോകത്ത് നിയോഗിതരായ മുഴുവന്‍ പ്രവാചകന്‍മാരുടെയും വിശിഷ്യാ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെയും പാദസ്പര്‍ശനം കൊണ്ടും സാഷ്ടാംഗം കൊണ്ടും അനുഗൃഹീതയായ മസ്ജിദുല്‍ അഖ്‌സയും വേദനയോടെ ഒഴുക്കുന്നുണ്ടാവും സഹതാപത്തിന്റെ കണ്ണുനീര്‍. ഈ അനാഥത്വത്തിന്റെ, അവഹേളനയുടെ കയ്പു പുരണ്ട സമകാലിക സാഹചര്യത്തില്‍ കാലങ്ങളോളം ക്രിസ്ത്യാനികളുടെ അധീനതയിലായിരുന്ന ബൈതുല്‍ മുഖദ്ദസിനെ ഈമാന്‍ എന്ന വജ്രായുധം കൊണ്ട് ജീവാര്‍പ്പണം നടത്തി കീഴടക്കുക വഴി ലോക മുസ്‌ലിം ഉമ്മത്തിന് യശസ്സും അന്തസ്സും തിരികെ തന്ന സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വെന്ന ധീരയോദ്ധാവിനെ സ്മരിക്കല്‍ അവസരോചിതമാവും. ഹിജ്‌റ 532ന് (ക്രിസ്താബ്ദം 1137) ഇറാഖിലെ തിക്‌രീത് കോട്ടയിലായിരുന്നു സ്വലാഹുദ്ദീന്‍(റ)വിന്റെ ജനനം.

അദ്ദേഹത്തിന്റെ പിതാവായിരുന്നു ഈ കോട്ടയുടെ അധിപന്‍. ഇമാം അബൂ ഹാമിദുല്‍ ഗസ്സാലി(റ)യുടെ നെടുനായകത്വത്തില്‍ ജന്മമെടുത്ത മതപരിഷ്‌കരണ പ്രസ്ഥാനത്തിന്റെ തണലില്‍ വളര്‍ന്നുവന്ന അനേകം ചരിത്ര പുരുഷന്‍മാരില്‍ ഒരാളായിരുന്നു സ്വലാഹുദ്ദീന്‍ അയ്യൂബി. അദ്ദേഹം വിശ്വാസ പ്രമാണങ്ങളില്‍ നല്ല ശ്രദ്ധ പുലര്‍ത്തിയിരുന്നു. ജമാഅത്ത് നിസ്‌കാരം നിര്‍വഹിക്കുകയും ഖുര്‍ആന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ശത്രുക്കളോട് പോലും കരുണ കാണിക്കുന്ന ലോലഹൃദയനായിരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു കേട്ടാല്‍ അദ്ദേഹത്തിന്റെ നയനങ്ങള്‍ നിറഞ്ഞൊഴുകും. അപ്രകാരം തന്നെ ഹദീസ് ശ്രവണത്തിലും അതീവ തല്‍പരനായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ ചിഹ്നങ്ങളെ അത്യധികം ആദരിക്കുകയും തന്റെ സര്‍വവും അവനിലര്‍പ്പിച്ചും സ്വലാഹുദ്ദീന്‍ അയ്യൂബി(റ) ജീവിതം നയിച്ചു. തന്റെ ഭരണകാലത്ത് രാജഗുണങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന നീതിയും പ്രജാവാത്സല്യവും തന്റെ ഭരണത്തിന്റെ അടിത്തറയാക്കിയ അദ്ദേഹം സമൂഹ സമുദ്ധാരണത്തിനായി തന്റെ സമയങ്ങള്‍ മാറ്റിവച്ചു. അദ്ദേഹത്തിന്റെ സ്വഭാവമഹിമയെ ഫലസ്തീന്‍ ചരിത്രകാരനായ ഡോ. താരിഖ് സുവൈദാന്‍ വര്‍ണിക്കുന്നത് കാണുക: ''സുന്ദരമായ സ്വഭാവത്തിന്റെയും സുഗന്ധവാഹിയായ സംസാരത്തിന്റെയും ഉടമ. തന്റെ മുമ്പില്‍ ആരെപ്പറ്റിയും മോശമായ സംസാരം അനുവദിച്ചിരുന്നില്ല. പരദൂഷണവും ഏഷണിയും നിരാകരിച്ചു. നല്ലതു മാത്രം ശ്രവിച്ചു; നല്ലതു മാത്രം പറഞ്ഞു; നല്ലതു മാത്രം എഴുതി.'' ഉയര്‍ന്ന

മനക്കരുത്തിന്റെ ഉടമ

കരുണയുടെയും ഉദാരതയുടെയും നിത്യപ്രതീകമായിരിക്കെ തന്നെ ധീരനും കരുത്തനുമായ പോരാളിയായിരുന്നു അദ്ദേഹം. അതുല്യമായ ഈ മനക്കരുത്തും ഉദാത്തമായ ലക്ഷ്യബോധവുമാണ് സ്വന്തം നാടും വീടും കുടുംബവും ഉപേക്ഷിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീതിക്കുവേണ്ടി പോരാടുന്നതില്‍ ജീവിതം ഉഴിഞ്ഞുവയ്ക്കാന്‍ അദ്ദേഹത്തെ സന്നദ്ധമാക്കിയത്. സര്‍വ സുഖങ്ങളും ആസ്വദിച്ച് കൊട്ടാരമെത്തയില്‍ കഴിച്ചുകൂട്ടേണ്ട ജീവിതത്തിന്റെ സിംഹഭാഗവും തമ്പുകളിലായിരുന്നു സ്വലാഹുദ്ദീന്‍(റ) കഴിഞ്ഞതെന്ന് പഠിക്കുമ്പോള്‍ ആ ജീവിതത്തിന്റെ മഹത്വം നമുക്ക് എളുപ്പം ഗ്രാഹ്യമാകും. ദുര്‍ബലരോടുള്ള അദ്ദേഹത്തിന്റെ കനിവ് വിഖ്യാതമാണ്. പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും വൃദ്ധരോടും. ഒരു പട്ടണം ജയിച്ചടക്കി കഴിഞ്ഞാല്‍ അദ്ദേഹം അതിന്റെ പ്രവേശന കവാടത്തില്‍ ചെന്നു നില്‍ക്കും. ഭയന്നോടിപ്പോകുന്ന ശത്രുക്കളുടെ കൂട്ടത്തില്‍ ദരിദ്രരോ വൃദ്ധരോ സ്ത്രീകളോ കുട്ടികളോ ഉണ്ടെങ്കില്‍ അവരെ സഹായിക്കുകയും അവരോട് ദയയോടും സഹിഷ്ണുതയോടും കൂടി പെരുമാറുകയും ചെയ്യും.

വിരക്തനായ രാജാവ്

ധൂര്‍ത്തും ആഢംബരവും ഭരണാധികാരിയുടെ നിര്‍ബന്ധബാധ്യതയെന്നോണം അങ്ങേയറ്റം പ്രാപിച്ച ഒരു കാലത്ത് വിരക്തിയുടെയും ലാളിത്യത്തിന്റെയും ജീവിതമായിരുന്നു സ്വലാഹുദ്ദീന്‍(റ) നയിച്ചത്. രാജാക്കന്‍മാരുടെ അനാവശ്യ പ്രൗഢിയും ഗാംഭീര്യവും വെടിഞ്ഞ അദ്ദേഹം യഥാര്‍ത്ഥ ജനസേവകനായി ഭരണം നടത്തി. ഇങ്ങോട്ട് യുദ്ധം ചെയ്തവരോടല്ലാതെ വിശ്വാസത്തിന്റെ പേരില്‍ ആരോടും അദ്ദേഹം അതിക്രമം കാണിച്ചില്ല. അഥവാ, അഭിമാനകരമായി നിലനില്‍ക്കാന്‍ വേണ്ടി മാത്രം ചെറുത്തുനിന്നു. ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തില്‍ കൈക്കടത്തിയില്ല. അതില്‍ ബലാല്‍ക്കാരമോ സമ്മര്‍ദ്ദമോ നടത്തിയില്ല. കൊലയും രക്തച്ചൊരിച്ചിലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. വിജയം നേടിയാല്‍ പിന്നെ കരുണയും ദയയും കാണിക്കും. ബന്ധനസ്ഥരെ വിട്ടയക്കും. അവരോട് വിട്ടുവീഴ്ച കാണിക്കും. ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവങ്ങള്‍. മറിച്ച് യൂറോപ്പില്‍ പ്രചരിപ്പിക്കപ്പെടുന്നതു പോലെ കഠിന മര്‍ദ്ദകനും രക്തദാഹിയുമായിരുന്നില്ല അദ്ദേഹം.

ഹിത്വീന്‍ യുദ്ധം

ആധുനിക ഇസ്‌ലാമിക ചരിത്രത്തില്‍ ഹിത്വീന്‍ യുദ്ധത്തിന് വലിയ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകള്‍ കൊണ്ട് മുസ്‌ലിംകള്‍ക്ക് സാധിക്കാതെ പോയ ഖുദ്‌സ് വിമോചനം സ്വലാഹുദ്ദീന്‍(റ)വിന്റെ നേതൃത്വത്തില്‍ സാധ്യമാക്കിയത് ഈ യുദ്ധത്തിലൂടെയായിരുന്നു. പന്ത്രണ്ടായിരം പടയാളികള്‍ മാത്രമേ ആ ദിവസം സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിന്റെ കൂടെയുണ്ടായിരുന്നുള്ളൂ. ശ്രത്രുപക്ഷത്താവട്ടെ 63,000 കുരിശ് പോരാളികളും. എങ്കിലും നിര്‍ണായകമായ സംഘട്ടനത്തില്‍ അവരെ നേരിടുന്നതില്‍നിന്ന് സ്വലാഹുദ്ദീന്‍(റ)വിനെ ഇത് പിന്തിരിപ്പിക്കുകയുണ്ടായില്ല. രാത്രിയായിരുന്നു ഇരു സൈന്യങ്ങളും ഹിത്വീനില്‍ സന്ധിച്ചത്. അതിനാല്‍ അടുത്ത ദിവസം പ്രഭാതത്തില്‍ യുദ്ധം തുടങ്ങി. ഹിജ്‌റ 583 റബീഉല്‍ അവ്വല്‍ 24 വെള്ളിയാഴ്ച (ക്രിസ്താബ്ദം 1187 ജൂലൈ)യായിരുന്നു അത്. രണ്ടു ദിവസം ഘോരമായ യുദ്ധം തുടര്‍ന്നു. സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിന്റെ യുദ്ധ തന്ത്രങ്ങളും മുസ്‌ലിം പോരാളികളുടെ ശക്തമായ പോരാട്ട വീര്യവും ശത്രുക്കളുടെ മനോവീര്യം പാടെ തകര്‍ത്തിരുന്നു. അവര്‍ക്ക് ചുറ്റും മുസ്‌ലിം സൈന്യം ഏര്‍പ്പെടുത്തിയ ഉപരോധവും അവരെ തളര്‍ത്തി. യുദ്ധാവസാനം ക്രിസ്ത്യന്‍ രാജാവിന്റെ തമ്പും അതിനു സംരക്ഷണമൊരുക്കി ജീവന്മരണ പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന കുറച്ച് സൈനികരും മാത്രമേ ശത്രുപക്ഷത്തുണ്ടായിരുന്നുള്ളൂ. മുസ്‌ലിം സൈന്യം തന്ത്രപരമായി കൂടാരം തകര്‍ത്തതോടു കൂടി കുരിശ് പോരാളികളുടെ നിശ്ചയദാര്‍ഢ്യം പാടെ തകര്‍ന്നു. കൂടാരം തകരുന്നതു കണ്ടപ്പോള്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് സ്വലാഹുദ്ദീന്‍(റ) അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം ചെയ്തു. മഹത്തായ ഈ വിജയത്തിനു ശേഷം ഹിത്വീനില്‍ സ്വലാഹുദ്ദീന്‍ ഒരു കൂടാരം നിര്‍മിക്കുകയും അല്ലാഹുവിനു നന്ദി കാണിച്ചുകൊണ്ട് രാത്രി മുഴുവന്‍ നിസ്‌കരിച്ചും പ്രാര്‍ത്ഥിച്ചും അതില്‍ കഴിച്ചുകൂട്ടി. പിന്നീട് അദ്ദേഹം സൈന്യത്തോടൊപ്പം അസ്ഖലാനിലേക്കു പോവുകയും അവിടെ യുദ്ധം നിയന്ത്രിക്കുകയും ചെയ്തു. രണ്ടു മാസത്തിനുള്ളില്‍ അക്കായും നാസിറയും ഹൈഫായും നാബുള്‍സും യാഫയും ബൈറൂത്തും ബത്‌ലഹേമും റംലയും മറ്റുപല നഗരങ്ങളും മുസ്‌ലിംകള്‍ കീഴടക്കി. പന്ത്രണ്ടായിരത്തില്‍ കവിയാത്ത ഒരു ചെറു സംഘം സൈനികര്‍ക്ക് എങ്ങനെയാണ് സര്‍വായുധ വിഭൂഷിതരായ 63000ത്തോളം വരുന്ന വന്‍ സൈന്യത്തെ ജയിച്ചടക്കാന്‍ കഴിഞ്ഞതെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തി.

ഖുദ്‌സ് വിമോചനം

ഈ സമയവും ക്രിസ്ത്യാനികള്‍ ബൈതുല്‍ മുഖദ്ദസില്‍ ധാരാളമുണ്ടായിരുന്നു. അവര്‍ക്ക് യൂറോപ്പില്‍നിന്ന് സഹായങ്ങള്‍ എത്തിക്കൊണ്ടിരുന്നു. അതിനാല്‍, ബൈതുല്‍ മുഖദ്ദസ് പിടിച്ചെടുക്കാന്‍ സ്വലാഹുദ്ദീന്‍(റ) വന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ബൈതുല്‍ മുഖദ്ദസിന്റെ ഒരു ഭാഗം കുതിരപ്പടയാളികള്‍ക്കുള്ള താമസസ്ഥലവും മറ്റൊരു ഭാഗം സമ്പാദ്യങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലവും മൂന്നാം ഭാഗം കുതിരപ്പന്തിയുമാക്കി മാറ്റി ആ പുണ്യഭൂമിയുടെ വിശുദ്ധി അവര്‍ കളങ്കപ്പെടുത്തിയിരുന്നു. സ്വലാഹുദ്ദീന്‍(റ) ആദ്യമായി ചെയ്തത് ബൈതുല്‍ മുഖദ്ദസിലെ ക്രൈസ്തവ ഭരണകൂടത്തിനു പുറമെ നിന്ന് എത്തുന്ന സഹായങ്ങള്‍ തടയാന്‍ വേണ്ടി സൈന്യത്തെ പറഞ്ഞയക്കുകയായിരുന്നു. അതിനു ശേഷം ഒരു സംഘം സൈന്യവുമായി അദ്ദേഹം ബൈതുല്‍ മുഖദ്ദസിലേക്കു നീങ്ങി. വിവരമറിഞ്ഞ് 60,000 ത്തോളം കുരിശ് പോരാളികള്‍ ബൈതുല്‍ മുഖദ്ദസില്‍ പട്ടണഭിത്തികളുടെ സുരക്ഷാ കാവലില്‍ ഒത്തുകൂടി. ക്രിസ്താബ്ദം 1187 സപ്തംബര്‍ 20 (ഹിജ്‌റ 583 റജബ്) മധ്യത്തില്‍ സ്വലാഹുദ്ദീന്‍(റ) ബൈതുല്‍ മുഖദ്ദസിലെത്തി പട്ടണത്തിനു ചുറ്റും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തി. പിന്നീട് പട്ടണഭിത്തി മിഞ്ചനീഖ് (കല്ലുകള്‍ തൊടുത്തു വിട്ട് ഭിത്തികള്‍ തകര്‍ക്കുകയോ തീയുണ്ടകള്‍ പായിച്ച് പട്ടണത്തിനു തീകൊളുത്തുകയോ ഒക്കെ ചെയ്യാനുപയോഗിക്കുന്ന ഒരുതരം വലിയ കവണയാണ് മിഞ്ചനീഖ്) ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. ഖുദ്‌സിന്റെ ഭിത്തികള്‍ക്കു മുകളില്‍ തലയുയര്‍ത്താന്‍ കുരിശ് സൈനികരെ അനുവദിക്കാത്തവിധം അമ്പെയ്ത്തു നിപുണന്മാര്‍ അസ്ത്രങ്ങളെയ്തുകൊണ്ടിരുന്നു. തുടര്‍ന്ന് മുസ്‌ലിം സൈന്യം പട്ടണഭിത്തിയിലേക്ക് നുഴഞ്ഞുകയറി. ഭിത്തികളില്‍ തുളയുണ്ടാക്കിയ ശേഷം അതിനകത്ത് മരത്തടികള്‍ വച്ച് തീ കൊടുത്തു. ഭിത്തി അതോടെ ദുര്‍ബലമാവുകയും ചെയ്തു. പട്ടണഭിത്തി തകരാന്‍ തുടങ്ങിയപ്പോള്‍ കുരിശ് പോരാളികള്‍ക്ക് അടിയിളകാന്‍ തുടങ്ങി. അവരുടെ മനോവീര്യം തകര്‍ന്നുകൊണ്ടിരുന്നു. പട്ടണം ഉടന്‍ തന്നെ കീഴടക്കപ്പെടുമെന്ന് അവര്‍ക്കു തോന്നി. ഈ സമയം ഖുദ്‌സിലെ കുരിശ് പടനായകന്‍ സ്വലാഹുദ്ദീന്‍(റ)വിന്റെ അടുക്കലേക്ക് രണ്ടു തവണ ദൂതന്‍മാരുടെ ഒരു സംഘത്തെ അയച്ചു. പിടിച്ചടക്കലില്‍നിന്ന് സുരക്ഷിതരായി സന്ധിയിലൂടെ രക്ഷപ്പെടലായിരുന്നു അവരുടെ ലക്ഷ്യം. ചില കടുത്ത ഭീഷണികള്‍ സ്വലാഹുദ്ദീന്‍(റ)വിനെ സന്ധിക്ക് നിര്‍ബന്ധിതനാക്കി.

അങ്ങനെ സന്ധി ചര്‍ച്ചകള്‍ ആരംഭിച്ചു. ''ബൈതുല്‍ മുഖദ്ദസ് ക്രിസ്ത്യാനികള്‍ മുസ്‌ലിംകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കും. പകരം അവര്‍ക്ക് ആയുധങ്ങളെടുക്കാതെ ഖുദ്‌സ് വിട്ടുപോകാം. പോകുന്നതിനു മുമ്പായി ഓരോരുത്തരും ഒരു ദീനാര്‍ വീതം മുസ്‌ലിംകള്‍ക്ക് കൊടുക്കണം. അല്ലെങ്കില്‍ മുസ്‌ലിംകളുടെ തടവുകാരായി കഴിയേണ്ടിവരും.'' ഈ സന്ധി വ്യവസ്ഥ ഇരുപക്ഷവും അംഗീകരിച്ചു. അവര്‍ ഖുദ്‌സ് വിട്ടുപോകാന്‍ തുടങ്ങി. ചില വൃദ്ധന്‍മാരും വൃദ്ധകളും സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിനെ സമീപിച്ചിട്ടു പറഞ്ഞു: ''ഞങ്ങളുടെ കൈവശം ഒറ്റ നാണയത്തുട്ടുപോലുമില്ല.'' സ്വലാഹുദ്ദീന്‍(റ) അവരോട് പറഞ്ഞു: ''നിങ്ങള്‍ നിര്‍ഭയരായി പൊയ്‌ക്കൊള്ളുക.'' ഇതാണ് മഹാനായ അയ്യൂബി കാണിച്ച സഹിഷ്ണുത. കുരിശ് പടയാളികള്‍ ബൈതുല്‍ മുഖദ്ദസ് കീഴടക്കിയപ്പോള്‍ മുസ്‌ലിംകളോട് ചെയ്ത മൃഗീയ ക്രൂരതകളുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ല. അന്ന് ഖുദ്‌സില്‍ പ്രവേശിച്ച കുരിശുപട ജനങ്ങളെ മൃഗീയമായി കൂട്ടക്കൊല ചെയ്തു. കുട്ടികളെന്നോ വൃദ്ധരെന്നോ ദുര്‍ബലരെന്നോ ബലവാന്‍മാരെന്നോ സ്ത്രീകളെന്നോ യാതൊരു വിവേചനവുമില്ലാതെ സകലരെയും തെരുവുകളില്‍ കൂട്ടക്കശാപ്പിനിരയാക്കി. ഖുദ്‌സിന്റെ പുണ്യഭൂമിയില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. അനവധി പേര്‍ ഓടിപ്പോയി. സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധരുമടക്കം ഒരു ലക്ഷത്തോളം പേര്‍ മസ്ജിദുല്‍ അഖ്‌സയില്‍ അഭയം തേടി. അവര്‍ ഭയവെപ്രാളത്തോടെ തങ്ങളുടെ വിധി കാത്തിരുന്നു. അവരെ കണ്ട ക്രിസ്ത്യന്‍ സ്ഥാനപതി മറ്റൊന്നും ആലോചിച്ചില്ല. ആ ജനക്കൂട്ടത്തെ കൂട്ടക്കൊല ചെയ്യാന്‍ അയാള്‍ ഉത്തരവു നല്‍കി. അതോടെ കൂട്ടക്കശാപ്പ് ആരംഭിക്കുകയും ചെയ്തു. നേരിയൊരു ചെറുത്തുനില്‍പ്പ് പോലും നിരപരാധികളായ ആ ജനക്കൂട്ടത്തില്‍നിന്ന് ഉണ്ടായില്ല. കൂട്ടക്കൊലയുടെ ദൃക്‌സാക്ഷിയെ ഉദ്ധരിച്ചുകൊണ്ട് റെയ്‌മോണ്‍ പാതിരി രേഖപ്പെടുത്തുന്നു: ''വളരെ ക്ലേശിച്ചു കൊണ്ടല്ലാതെ ശവങ്ങള്‍ക്കിടയിലൂടെ കടന്നുപോകാന്‍ എനിക്കു കഴിഞ്ഞില്ല. രക്തം മുട്ടോളം എത്തിയിരുന്നു.'' ഇത് യൂറോപ്യന്‍ എഴുതിയ ഇന്നും നിലവിലുള്ള വിശ്വസിക്കാവുന്ന ചരിത്രരേഖയായി ബാക്കിയുണ്ട്. സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിന്റെ സഹോദരനും മറ്റു നിരവധി മുസ്‌ലിം പ്രഭുക്കന്‍മാരും മുന്നോട്ടുവന്ന് പണം നല്‍കാനാവാത്ത ഒട്ടേറെ പേരെ ഏറ്റെടുത്തു. എണ്ണമറ്റ ആളുകള്‍ ഇങ്ങനെ രക്ഷപ്പെട്ടു. എന്നിട്ടും അവശേഷിച്ചു നിരവധിയാളുകള്‍. ദരിദ്രരായ ഇവരെ സഹായിക്കാന്‍ സമ്പന്നരായ ക്രിസ്ത്യാനികള്‍ തയ്യാറായിരുന്നില്ല. പക്ഷേ, ഇവരെയെല്ലാം സ്വലാഹുദ്ദീന്‍ അയ്യൂബി(റ) വെറുതെവിട്ടു.

അങ്ങനെ ഹിജ്‌റ 583 റജബ് 27ന് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള രാപ്രയാണവും ആകാശാരോഹണവും നടന്ന അതേ ദിവസം മുസ്‌ലിംകള്‍ ഖുദ്‌സില്‍ പ്രവേശിച്ചു. മസ്ജിദുല്‍ അഖ്‌സയില്‍ ദീര്‍ഘകാലത്തിനു ശേഷം വീണ്ടും തൗഹീദിന്റെ മന്ത്രങ്ങള്‍ ഉയര്‍ന്നു. മുസ്‌ലിംകള്‍ ആഹ്ലാദഭരിതരായി. തക്ബീറും തഹ്‌ലീലും അന്തരീക്ഷത്തില്‍ അലയടിച്ചു. അവ ഖുദ്‌സിന്റെ ഭീത്തികളില്‍ പ്രതിധ്വനിച്ചു. തുടര്‍ന്ന് മസ്ജിദുല്‍ അഖ്‌സയും ഖുബ്ബതുസഖ്‌റയും പുനരുദ്ധരിച്ചു. വിജയവാര്‍ത്ത മുസ്‌ലിം ലോകത്തിന്റെ സര്‍വ ദിക്കിലുമെത്തി. എങ്ങും ആഹ്ലാദം പടര്‍ന്നു. ഇസ്‌ലാമിക ലോകത്തിന്റെ മുക്കുമൂലകളിലെല്ലാം അഖ്‌സയുടെ വിമോചനം ആഹ്ലാദപൂര്‍വം കൊണ്ടാടപ്പെട്ടു. ഒരു മാസക്കാലം നീണ്ടുനിന്നു ഈ ആഹ്ലാദ പ്രകടനങ്ങള്‍. മൂന്നാമതും റിച്ചാര്‍ഡ് എന്ന നായകന്റെ നേതൃത്വത്തില്‍ കുരിശുപോരാളികള്‍ ഖുദ്‌സിനു നേരെ വന്നെങ്കിലും സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിന്റെയും മുസ്‌ലിം സൈന്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തലകുനിച്ച് സന്ധിയുമായി പിന്‍വലിയേണ്ടിവന്നു അവര്‍ക്ക്.

സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിന്റെ വിയോഗം

ഹിജ്‌റ 589ല്‍ (ക്രിസ്താബ്ദം 1193) സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിന് കടുത്ത ക്ഷീണം അനുഭവപ്പെട്ടു. പനിയും ശക്തിയായ തലവേദനയും ഉണ്ടായി. 12 ദിവസം അയ്യൂബി(റ) രോഗിയായി കിടന്നു. തുടര്‍ന്ന് അതേ വര്‍ഷം തന്നെ മഹാന്‍ ഈ ലോകത്തോടു വിടപറഞ്ഞു. (നാഥന്‍ പരലോക പദവി ഉയര്‍ത്തിക്കൊടുക്കട്ടെ.) ഖബറടക്ക വേളയില്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിന്റെ ഖബ്‌റിലേക്കിറങ്ങിയ ഖാളി അദ്ദേഹം ഉപയോഗിച്ചിരുന്ന ഖഡ്ഗം ഖബറില്‍ അദ്ദേഹത്തിന്റെ ഒരു ഭാഗത്ത് വച്ചുകൊണ്ട് പറഞ്ഞു: ''സ്വര്‍ഗത്തില്‍ ഈ ഖഡ്ഗം അദ്ദേഹം ഊന്നി നടക്കും. 16 കൊല്ലം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നടത്തിയ ജിഹാദിനും കുരിശു സൈന്യത്തിനെതിരേ നേടിയ മഹത്തായ വിജയങ്ങള്‍ക്കും ഈ ഖഡ്ഗം സാക്ഷി നില്‍ക്കും.'' മുസ്‌ലിം നാടുകളെ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിന്റെ വിയോഗം തെല്ലൊന്നുമായിരുന്നില്ല വേദനിപ്പിച്ചത്. കാലക്രമത്തില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടുപോയ സാംസ്‌കാരിക അസ്തിത്വവും അന്തസ്സും ദൃഢവിശ്വാസവുമെല്ലാം തീര്‍ത്തും അപ്രതീക്ഷിതമായ ഘട്ടത്തില്‍ പൂര്‍വോപരി ശക്തിയോടെ തിരികെ തരികയും ബൈതുല്‍ മുഖദ്ദസിന്റെ പുണ്യഭൂമി മുസ്‌ലിംകള്‍ക്ക് നേടിത്തരികയും ചെയ്ത ആ മഹാമനീഷിയുടെ വിയോഗത്തില്‍ വേദനിച്ചു കണ്ണീരൊലിപ്പിച്ചുകൊണ്ടിരുന്നു ലോക മുസ്‌ലിംകളും മുസ്‌ലിം നാടുകളും. മരണവാര്‍ത്ത യൂറോപ്പിലെത്തിയപ്പോള്‍ ക്രിസ്ത്യാനികള്‍ വരെ ദുഃഖം പ്രകടിപ്പിച്ചു. അവര്‍ പറഞ്ഞു: ''ഞങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ട മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ സ്വലാഹുദ്ദീനെ പോലെ സല്‍സ്വഭാവിയായ മറ്റൊരാളെ ഞങ്ങള്‍ കണ്ടിട്ടില്ല.'' ക്രൈസ്തവര്‍ ദുഃഖിക്കുക മാത്രമല്ല അദ്ദേഹത്തെ കുറിച്ച് ഗ്രന്ഥങ്ങള്‍ രചിക്കുക പോലും ചെയ്തു. അദ്ദേഹത്തിന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും വാഴ്ത്തുന്ന ആ ഗ്രന്ഥങ്ങള്‍ ഇന്നും ലഭ്യമാണ്.

മഹാനായ അയ്യൂബി(റ)വിന്റെ ഉപദേശം

സ്വലാഹുദ്ദീന്‍(റ) തന്റെ മകന്‍ മലികുല്‍ അഫ്‌ളലിനു നല്‍കിയ മഹത്തായ ഉപദേശത്തില്‍ അദ്ദേഹം പറയുന്നു: ''അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. അതാകുന്നു സകല കാര്യങ്ങളുടെയും മുഖ്യമായ അംശം. രക്തം ചിന്തുന്നതും രക്തത്തില്‍ പുരളുന്നതും സൂക്ഷിക്കണം. സംശയത്തിന്റെ പേരില്‍ ആരെയും വധിക്കരുത്. കാരണം കൂടാതെയും ആവശ്യമില്ലാതെയും വധിക്കരുത്. കാരണം, രക്തം ഉറങ്ങുന്നില്ല. പ്രജകളുടെ ഹൃദയങ്ങള്‍ക്കു രക്ഷ നല്‍കണം. അവരുടെ അവസ്ഥകള്‍ നിരീക്ഷിക്കണം. അവരുടെ കാര്യങ്ങളില്‍ എപ്പോഴും ശ്രദ്ധ വേണം. അവരുടെ മേലുള്ള അല്ലാഹുവിന്റെയും എന്റെയും കാര്യസ്ഥനാണു നീ. എനിക്കുണ്ടായ എല്ലാ നേട്ടങ്ങളും ജനങ്ങളോടുള്ള സഹവാസത്തിലൂടെ കൈവന്നതാണ്. ആരോടും പക വയ്ക്കരുത്. മരണം ആരെയും വിട്ടുകളയില്ല. ജനങ്ങള്‍ക്കും നിനക്കുമിടയിലുള്ള അവകാശ-ബാധ്യതകള്‍ സൂക്ഷിക്കുക. ജനങ്ങളുടെ തൃപ്തിയില്ലാതെ അല്ലാഹു പൊറുത്തു തരികയില്ല. ആരോടും അക്രമം പ്രവര്‍ത്തിക്കരുത്. അക്രമിക്കപ്പെട്ടവര്‍ പൊറുത്തു തന്നാലല്ലാതെ അല്ലാഹു പൊറുത്തുതരികയില്ല. എന്നാല്‍, നിനക്കും അല്ലാഹുവിനുമിടയിലുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം അല്ലാഹു വിശാലമായി പൊറുക്കുന്നവനാകുന്നു. പശ്ചാത്തപിക്കുന്നവരെ നിന്ദിക്കാത്ത തമ്പുരാനാണവന്‍. *** ചരിത്രം ഗുരുവാണ്. അതിന്റെ അധ്യാപനങ്ങള്‍ വര്‍ത്തമാനത്തില്‍ പ്രതിഫലിക്കണം. അപ്പോഴേ ഭാവി ഭാസുരമാവുകയുള്ളൂ. ഇന്ന് മുസ്‌ലിംകളില്‍നിന്ന് ബൈത്തുല്‍ മുഖദ്ദസിന്റെ മോചനത്തെക്കുറിച്ചുള്ള സകല പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുന്നു. സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിന്റെ മുമ്പുണ്ടായിരുന്ന അവസ്ഥയിലാണ് അവരിന്ന് അകപ്പെട്ടിരിക്കുന്നത്. ആ മഹാന്‍ വിലകുറഞ്ഞ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ സന്നദ്ധനായിരുന്നില്ല. ഖുദ്‌സിന്റെ ഒരു ഭാഗവും വിട്ടുകൊടുക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. മറിച്ച്, വിജയം കൊണ്ട് അല്ലാഹു അനുഗ്രഹിക്കുന്നതു വരെ സ്ഥൈര്യത്തോടെ പോരാട്ടം തുടരുകയാണ് മഹാനായ അയ്യൂബി(റ) ചെയ്തത്. 91 കൊല്ലം കുരിശ് മേലാളന്‍മാരുടെ കൈകളിലായിരുന്നു ഖുദ്‌സ്. എന്നിട്ടും അത് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ സ്വലാഹുദ്ദീന്‍(റ)വിനും അദ്ദേഹത്തിന്റെ സഹപോരാളികള്‍ക്കും നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഇന്നത്തെ മുസ്‌ലിംകളും നിരാശപ്പെടേണ്ടതില്ല. കാലമെത്ര നീണ്ടുപോയാലും ഒരുനാള്‍ ഖുദ്‌സ് വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഒരിക്കലും കൈയൊഴിക്കരുത്. തങ്ങളുടെ ഓരോ തരി മണ്ണും തിരിച്ചുപിടിക്കുമെന്ന ഉറച്ച തീരുമാനവും മനക്കരുത്തും നിരന്തരം ദൃഢീകരിക്കുകയാണു ചെയ്യേണ്ടത്. 1920ല്‍ ഡമസ്‌കസ് കീഴടക്കിയ ജനറല്‍ ഗോറോ അമവി മസ്ജിദിന്റെ ചാരത്തുറങ്ങുന്ന സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിനെ വാളുകൊണ്ട് തട്ടി ചോദിച്ചത് ലോകം ഇങ്ങനെ കേട്ടു:' ''സ്വലാഹുദ്ദീന്‍, നോക്കൂ... ഞാന്‍ കുരിശു പടയാളികളുടെ പൗത്രനാണ്; എവിടെ നിന്റെ പൗത്രന്‍മാര്‍...?''

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter