ശൈഖ്അബ്ദുൽ ഹകീം മുറാദ്- ഇംഗ്ലണ്ടിലെ ഇസ്‍ലാമിക ധൈഷണികമുഖം 

ഇസ്‍ലാമിക പാരമ്പര്യവാദത്തിന്റെ നവീന വക്താവും അറിയപ്പെടുന്ന മുസ്‍ലിം ചിന്തകനും അക്കാദമിക രംഗത്തെ മികവാർന്ന സംഭാവനകളുടെ ഉടമയുമാണ് ശൈഖ് അബ്ദുൽ ഹകീം മുറാദ്. അശ്അരി വിശ്വാസധാരയിലടിയുറച്ച അദ്ദേഹം തികഞ്ഞ സുന്നി പണ്ഡിതനാണ്. കേംബ്രിഡ്ജ് ഇസ്‍ലാമിക് കോളേജ് സ്ഥാപകനും നിലവിലെ അതിന്റെ ഡീനുമായ അദ്ദേഹം 1979 ലാണ് ഇസ്‍ലാം സ്വീകരിച്ചത്. ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം വ്യക്തിത്വങ്ങളുടെ പട്ടികയിൽ 2018,2019,2020,2021(റാങ്ക്:47) എന്നീ വർഷങ്ങളിൽ തുടർച്ചയായി എണ്ണപ്പെട്ടിട്ടുണ്ട്.

1960 ൽ ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു ജനനം. ടിമോതി ജോൺ വിന്റർ എന്നായിരുന്നു ആദ്യത്തെ പേര്. കലയിലും ആർക്കിടെക്ചറിലും നിപുണരായിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ.

വിദ്യാഭ്യാസം

വെസ്റ്റ് മിൻസ്റ്റർ സ്കൂളിൽ നിന്നും പ്രൈമറി പഠനം പൂർത്തിയാക്കി.പിന്നീട് കേംബ്രിഡ്ജ്,പെൻബ്രോക് എന്നീ കോളേജുകളിൽ നിന്നും അറബികിൽ ഒന്നാം റാങ്കോടെ 1983 ൽ (ഇസ്‍ലാം സ്വീകരിച്ച ശേഷം) ബിരുദം നേടി. ശേഷം ഈജിപ്തിലെ ലോകപ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ ഉപരി പഠനം നടത്തി.അതോടൊപ്പം സഊദി അറേബ്യ,യമൻ എന്നിവിടങ്ങളിലെ പ്രഗൽഭരായ പണ്ഡിത മഹത്തുക്കളിൽ നിന്നും വിജ്ഞാനത്തിന്റെ മധുനുകർന്നു. അതിന് ശേഷം, ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ അദ്ദേഹം ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ടർക്കിഷ്, പേർഷ്യൻ ഭാഷകളിൽ അവഗാഹം നേടിയെടുത്തു. 

സംഭാവനകള്‍

പ്രധാനമായും ഇസ്‍ലാമിക വിശ്വാസ ശാസ്ത്ര വിഷയങ്ങളിലും ബൗദ്ധിക തലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹത്തിന്റെ ഒട്ടുമിക്ക സംഭാവനകളും അതിനെ മുൻനിർത്തിയുള്ളതാണ്. ആധുനിക ജീവിത പരിസരത്ത് ഇസ്‌ലാമിക വിശ്വാസാദർശങ്ങളെ എങ്ങനെ തന്മയത്വത്തോടെ അവതരിപ്പിക്കാമെന്ന് തന്റെ പ്രഭാഷണങ്ങളിലൂടെയും രചനകളിലും മികവ് തെളിയിച്ചിട്ടുണ്ട്.ബ്രിട്ടീഷ് മുസ്‍ലിം ഇമാമീങ്ങളെ(മതപ്രബോധകർ/മതനേതാക്കൾ) പരിശീലിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത് 2009 ൽ പ്രവർത്തനമാരംഭിച്ച കേംബ്രിഡ്ജ് മുസ്‍ലിം കോളേജിന്റെ മുഖ്യ ചാലക ശക്തി അദ്ദേഹമാണ് . കിഴക്കൻ യൂറോപ്പുമായുള്ള ആംഗ്ലോ-മുസ്‌ലിം ഫെലോഷിപ്പ്, പ്രധാന സുന്നി ഹദീസ് ശേഖരങ്ങളുടെ ഏറ്റവും മികച്ച പണ്ഡിത അറബി പതിപ്പുകൾ പ്രസിദ്ധീകരിച്ച സുന്ന: പ്രോജക്ട് എന്നിവയുടെ ഡയറക്ടറുമാണദ്ദേഹം.അതോടൊപ്പം മുസ്‍ലിം അക്കാദമിക് ട്രസ്റ്റിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

 ഗ്രന്ഥങ്ങള്‍

എഴുത്ത് രംഗത്തെ സജീവ സാന്നിധ്യമായ അദ്ദേഹം വിവിധ വിഷയങ്ങളെ അധികരിച്ച് ഒട്ടേറെ രചനകൾ നടത്തിയിട്ടുണ്ട്. 
- Around Haslemere
- Commentary on the Eleventh Contentions
- Muslim Songs of the British Isles
- Montmorency's Book of Rhymes
- Understanding Islam and the Muslims
- Travelling Home: Essays on Islam in Europe (യൂറോപ്യൻ ഇസ്ലാമിക ചലനങ്ങളെ സംബന്ധിച്ച് എഴുതിയ ലേഖനങ്ങൾ)
- Understanding the Four Madhhabs: Facts About Ijtihad and Taqlid(നാല് മദ്ഹബുകളെ സംബന്ധിച്ച വിവരണം)
- Bombing without Moonlight: The Origins of Suicidal Terrorism എന്നിവയാണ് പ്രധാന കൃതികൾ. 
അതിന് പുറമെ പ്രധാന ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. അവയിൽ ഭുവന പ്രസിദ്ധനായ ഇമാം ഗസാലി(റ)യുടെ ഇഹ്യാ ഉലൂമുദ്ദീന്റെ രണ്ട് വാള്യങ്ങളുടെ വിവർത്തനവും ഇമാം ബൂസ്വൂരിയുടെ ബുർദ കാവ്യ വിവർത്തനവും ശ്രദ്ധേയമാണ്. 

Also Read:അബൂ യൂസുഫുൽ കിന്ദി:അറബികളുടെ തത്വചിന്തകൻ

അദ്ദേഹത്തിന്റെ അക്കാദമിക് പ്രസിദ്ധീകരണങ്ങളിൽ ഇസ്ലാമിക ദൈവശാസ്ത്രത്തെയും മുസ്‍ലിം-ക്രിസ്ത്യൻ ബന്ധങ്ങളെയും കുറിച്ചുള്ള നിരവധി ലേഖനങ്ങളും രാഷ്ട്രീയ, ദൈവശാസ്ത്രത്തെക്കുറിച്ചുള്ള തുർക്കിയിലെ രണ്ട് പുസ്തകങ്ങളും ഉൾപ്പെടുന്നു.  അദ്ദേഹത്തിന്റെ പുസ്തക അവലോകനങ്ങൾ  ടൈംസ് ലിറ്റററി സപ്ലിമെന്റിൽ പ്രസിദ്ധീകരിക്കപ്പെടാറുണ്ട്.  കേംബ്രിഡ്ജ് കമ്പാനിയൻ ടു ക്ലാസിക്കൽ ഇസ്ലാമിക് തിയോളജി (2008) എന്ന മാഗസിന്റെ എഡിറ്ററായ അദ്ദേഹം ബോംബിംഗ് വിത്തൗട്ട് മൂൺലൈറ്റ് എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ എഴുത്ത് കാരനായി പ്രവർത്തിച്ചിട്ടുണ്ട്. 

നേട്ടങ്ങളും ബഹുമതികളും

2007 ൽ ഇസ്‍ലാമിക ചിന്തയ്ക്കുള്ള (Islamic thought) കിംഗ് അബ്ദുല്ല  അവാർഡ് ലഭിച്ചു. 
ബിബിസി റേഡിയോ 4 ന്റെ തോട്ട് ഫോർ ദി ഡേ എന്ന പരമ്പരക്ക് നേതൃത്വം വഹിച്ചിരുന്നു.  കൂടാതെ, ഇസ്‍ലാമിക-ക്രിസ്ത്യൻ പണ്ഡിതന്മാർക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താൻ ഉതകുന്ന പല പ്രവർത്തനങ്ങളുടെയും ഭാഗമായിട്ടുണ്ട്. കേംബ്രിഡ്ജിൽ ആയിരത്തോളം വരുന്ന വിശ്വാസി സമൂഹത്തിന് ആരാധന നിർവഹണത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട  കേംബ്രിഡ്ജ് സെൻട്രൽ മസ്ജിന്റെ സ്ഥാപകനാണ് അദ്ദേഹം.  നല്ല നിർമ്മാണ മികവ് പുലർത്തിയ ഈ മസ്ജിദ് കെട്ടിടം അവിടുത്തെ ഒരുന്നത മതകേന്ദ്രമായും പ്രവർത്തിച്ചു വരുന്നു. ഈ മസ്ജിദ് യൂറോപ്പിലെ പ്രഥമ ഇകോ-മോസ്കായി പ്രസിദ്ധി നേടിയിട്ടുണ്ട് (2019 ഏപ്രിലിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്).

നിലവില്‍

നിലവിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഇസ്‍ലാമിക് സ്റ്റഡീസിലെ  (Faculty: Divinity )  പ്രൊഫസറും, വോൾഫ്സൺ കോളേജിൽ തിയോളജി സ്റ്റഡീസ്(ദൈവശാസ്ത്രം) ഡയറക്ടറുമായി സേവനം ചെയ്തു വരുന്നു. നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും വൈജ്ഞാനിക ക്ലാസുകളും വളരെ ഹൃദ്യവും സരളവുമാണ്. കേംബ്രിഡ്ജ് മുസ്‍ലിം കോളേജിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അവ ലഭ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter