ഉലമ; ദൗത്യനിര്‍വഹണത്തിന്റെ കേരളാ മോഡല്‍

സത്യത്തിനു മേല്‍ അസത്യവും ധര്‍മത്തിനു മേല്‍ അധര്‍മവും അധീശാധികാരം സൃഷ്‌ടിക്കാന്‍ ഒരുമ്പെട്ടിറങ്ങുമ്പോഴാണ്‌ പ്രതിരോധത്തിന്റെ ആശയായുധങ്ങളുമായി പ്രവാചകന്മാരെ അല്ലാഹു നിയോഗിക്കുന്നത്‌. വിനാശത്തിന്റെ വികരണങ്ങള്‍ക്കനുസരിച്ച്‌ മൂര്‍ച്ചയേറിയ സംവിധാനങ്ങളുമായിട്ടാണ്‌ ദൈവ ദൂതന്മാരുടെ നിയോഗങ്ങള്‍. കാലൂഷ്യം മദം പൊട്ടിയൊഴുകിയ സമൂഹങ്ങളിലും ജനതകളിലും അവരെ മെരുക്കിയെടുക്കാനുതകുന്ന സംവിധാനങ്ങളാണ്‌ പടച്ച തമ്പുരാന്‍ പ്രയോഗിച്ചിട്ടുള്ളത്‌. എന്നാല്‍ വഴിനടത്താനും നേരിലേക്കു തെളിച്ചു കൊണ്ടുപോകാനും ഒരു ഇടയന്‍ മതിയാകാതെ വരുന്ന ചില ഇടങ്ങളിലും ഇടവേളകളിലും ഒന്നിലധികം ഇടയന്മാര്‍ ദൈവദൂതുമായി വന്നതിനും ഒരേ ദേശത്തും ഗോത്രത്തിലും പ്രവാചകന്മാരുടെ നിയോഗ നൈരന്തര്യത്തിനും വേദ പ്രമാണ ചരിത്രങ്ങളിലെമ്പാടും ഉദാഹരങ്ങള്‍ കാണാം. ആ നിയോഗ നൈരന്തര്യത്തിന്റെ പരിസമാപ്‌തിയാണ്‌ മഹാ ഇടയനായ മുഹമ്മദ്‌ നബി(സ). എ.ഡി 610 ല്‍ പ്രകാശ പര്‍വ്വതത്തിലെ ഹിറാ പൊത്തില്‍ നിന്നും മഹാവെളിച്ചവുമായി ഇറങ്ങി വന്ന തിരുദൂതര്‍, സ്രഷ്‌ടാവിന്റെ സന്നിധാനത്തിലേക്കു തിരിച്ചുപോയിട്ടു ശതാബ്‌ദങ്ങള്‍ പതിനാലും പിന്നിട്ടു. ശേഷം ഇന്നോളം ഒരു പ്രവാചകനും വന്നില്ല. വരികയുമില്ല. അതാണ്‌ മുഹമ്മദീയ ഉമ്മത്തിന്റെ സവിശേഷത. ഇനി സമുദായത്തിന്റെ മേല്‍നോട്ടം വഹിക്കാനും അവരെ മേച്ചുനടക്കാനും ഒരു പ്രവാചകന്റെ ഭൗതിക സാന്നിദ്ധ്യം ഇവിടെ ആവശ്യമില്ല. പ്രവാചകന്മാരുടെ ആ ദൗത്യ നിര്‍വഹണം മുഹമ്മദ്‌ നബി(സ) ഏല്‍പ്പിച്ചിട്ടുള്ളത്‌ ഉമ്മത്തിലെ ഉലമാക്കളെയാണ്‌. നേരിന്റെ വഴിയില്‍ വിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്താനും അവരിലുണ്ടാകുന്ന കാലൂഷ്യവും അരാജകത്വവും നിയന്ത്രിച്ചു നിര്‍ത്താനു മുള്ള പണിയും പ്രയത്‌നവും അവരിലാണര്‍പ്പിതമായിട്ടുള്ളത്‌. മുഹമ്മദീയ ഉമ്മത്തിന്റെ മാത്രം സവിശേഷതയാണിത്‌. മുന്‍കഴിഞ്ഞ സമൂഹങ്ങളിലെല്ലാം പണ്ഡിതന്മാരും പുരോഹിതന്മാരും എമ്പാടുമുണ്ടായിരുന്നിട്ടും അവിടെ പിന്നെയും പിന്നെയും പ്രവാചകന്മാര്‍ വന്നു കൊണ്ടേയിരുന്നതും ഇവിടെ വിശ്വാസികളുടെ ഈമാനിനു കാവല്‍ നില്‍ക്കാന്‍ ഉലമാക്കള്‍ തന്നെ മതിയെന്നു നിശ്ചയിക്കപ്പെട്ടതും പ്രൗഢവും അഭിമാനകരവുമായ അസ്‌തിത്വമാണ്‌ മുഹമ്മദീയ പണ്ഡിതന്മാരുടേതെന്നതിന്റെ ആധാരരേഖയാണ്‌. സ്വന്തം ജനതയില്‍ തിന്മകള്‍ തിമര്‍ത്തു പെയ്‌തപ്പോള്‍ പ്രതിരോധത്തിന്റെ ഓസോണ്‍ കുടകളുയര്‍ത്തി ഉത്തരവാദിത്വം കാണിക്കേണ്ടതിനു പകരം ഒഴുക്കിനൊത്തു നീന്താന്‍ സ്വയം തയാറെടുക്കുകയായിരുന്നു മുന്‍കഴിഞ്ഞ സമൂഹങ്ങളിലെ പണ്ഡിതന്മാരെന്ന്‌ ഖുര്‍ആന്‍ പറയുന്നു. അതിങ്ങനെ വായിക്കാം: അവരിലധികം പേരും പാപകൃത്യങ്ങളിലും, അതിക്രമത്തിലും, നിഷിദ്ധ സമ്പാദ്യം ഭുജിക്കുന്നതിലും മല്‍സരിച്ച്‌ മുന്നേറുന്നതായി നിനക്ക്‌ കാണാം. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌ വളരെ ചീത്ത തന്നെ. കുറ്റകരമായത്‌ അവര്‍ പറയുന്നതില്‍നിന്നും നിശിദ്ധമായ സമ്പാദ്യം അവര്‍ തിന്നുന്നതില്‍ നിന്നും പണ്ഡിതന്മാരും പുണ്യപുരുഷന്മാരും അവരെ തടയാതിരുന്നത്‌ എന്തുകൊണ്ടാണ്‌? അവര്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌ വളരെ ചീത്തതന്നെ (ഖുര്‍ആന്‍ 5:62-63). ഇസ്രയേല്‍ സമൂഹത്തിലെ പണ്ഡിതന്മാര്‍ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ നിന്നും പിന്നാക്കം പോവുകയും തിന്മക്കു കൂട്ടുനില്‍ക്കുകയും അതിനോട്‌ അരു ചേര്‍ന്നു നടക്കുകയും പ്രതികരിക്കേണ്ടയിടങ്ങളില്‍ മൗനം ദീക്ഷിക്കുകയും ചെയ്‌തത,്‌ അവര്‍ ശപിക്കപ്പെടാനുള്ള കാരണമായി ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്‌ (മാഇദ 5: 78-79). തിന്മകള്‍ ഉയിരെടുത്ത ഘട്ടങ്ങളില്‍ അവരിലെ പണ്ഡിതന്മാര്‍ സമൂഹത്തെ ഉപദേശിച്ചു നന്നാക്കാന്‍ മുന്നോട്ടു വന്നിരുന്നു. പക്ഷേ, ഉപദേശങ്ങള്‍ ഫലിക്കുന്നില്ലെന്നു തോന്നിതുടങ്ങിയപ്പോള്‍ അവരത്‌ അവസാനിപ്പിക്കുകയും തിന്മയുടെ വക്താക്കളോട്‌ ചേര്‍ന്നിരിക്കുകയും അവരോട്‌ മമതയും സൗഹൃവും പ്രകടിപ്പിക്കുകയും ചെയ്‌തു. ദാവീദിന്റെയും യേശുവിന്റയും നാവിന്‍ തുമ്പിലൂടെ അവര്‍ ശാപവചനങ്ങള്‍ ഏറ്റുവാങ്ങാനുള്ള കാരണമതാണെന്ന്‌ മുഹമ്മദ്‌ നബി(സ) വിശദീകരിക്കുന്നു (തുര്‍മുദി 2973, അഹ്‌മദ്‌ 3529, ത്വബറാനി 10114). സത്യവും സദാചാരവും സംരക്ഷിക്കേണ്ട പണ്ഡിതന്മാരും പുണ്യപുരുഷന്മാരും അതില്‍ നിന്നും തെന്നിമാറി നടന്ന ഘട്ടങ്ങളില്‍ പ്രവാചകന്മാര്‍ നേരിട്ടു നിയോഗിക്കപ്പെടുകയായിരുന്നു മുന്‍ കഴിഞ്ഞ സമൂഹങ്ങളിലെല്ലാം. എന്നാല്‍ മുഹമ്മദീയ ഉമ്മത്തിനെ അല്ലാഹു പാകപ്പെടുത്തിയത്‌ ഉലമാഅ്‌ നയിക്കുന്നയിടത്തേക്ക്‌ നീങ്ങാനാണ്‌. തിന്മയോട്‌ അരു ചേര്‍ന്നു നില്‍ക്കാന്‍ ഉലമാക്കള്‍ക്കോ, ഉലമാഇനെ ധിക്കരിക്കാന്‍ പൊതു സമൂഹത്തിനോ സാധിക്കാത്തവിധം ഉജ്ജ്വലവും ദീപ്‌തവുമായ സന്ദേശ സമാഹാരങ്ങളാണ്‌ മുഹമ്മദ്‌ നബി(സ)യിലൂടെ അവതരിക്കപ്പെട്ടിട്ടുള്ളത്‌. അതുകൊണ്ടു തന്നെ ഇസ്രയേല്‍ സമൂഹത്തിലെ പ്രവാചകന്മാരുടെ ഡ്യൂട്ടിയും സ്ഥാനവുമാണ്‌ മുഹമ്മദീയ ഉമ്മത്തിലെ ഉലമാക്കള്‍ക്കുള്ളത്‌. തിരുമേനി(സ)തന്നെ ഇതു പലവട്ടം തുറന്നു പറഞ്ഞതാണ.്‌ �പ്രവാചകന്മാരുടെ അനന്തിരവകാശികളാണ്‌ ഉലമാഅ്‌. പ്രവാചകന്മാര്‍ ദീനാറും ദിര്‍ഹമുമല്ല; ഇല്‍മിനെയാണ്‌ അനന്തിരമാക്കിയിട്ടുള്ളത്‌� (അബൂദാവൂദ്‌ 3137, തുര്‍മുദി 2606) എന്ന നബി വചനം വളച്ചുകെട്ടില്ലാതെ വരച്ചുകാണിക്കുന്നത,്‌ പ്രവാചകന്മാരുടെ പ്രാതിനിധ്യം വഹിക്കുന്നവരുടെ മഹത്വം മാത്രമല്ല; അവര്‍ക്കുണ്ടായതു പോലുള്ള കഷ്‌ട നഷ്‌ടങ്ങളും പ്രശ്‌നസന്ധികളും പ്രതിബന്ധങ്ങളും ഏറ്റെടുക്കേണ്ടവര്‍ കൂടിയാണ്‌ ഉലമാക്കളെന്നാണ്‌. നാളിതുവരെ മുസ്‌ലിം മുഖ്യധാരയുടെ മുന്നില്‍ നിന്ന പണ്ഡിതവരേണ്യര്‍ ഇക്കാര്യം ഗൗരവത്തോടെ കാണുകയും സ്വന്തം ഉത്തരവാദിത്തം ഭംഗിയായിതന്നെ നിര്‍വഹിക്കുകയും ചെയ്‌തിട്ടുണ്ടെന്നതിനു ചരിത്രം സാക്ഷി. എല്ലാവിധ തസ്‌കരക്കൂട്ടങ്ങളുടെയും ചൂഷക ശക്തികളുടെയും കരാളഹസ്‌തങ്ങളില്‍ നിന്നും ഉമ്മത്തിന്റെ ഈമാന്‍ കാത്തുസൂക്ഷിക്കുകയാണ്‌ ഉലമാക്കളുടെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വ നിര്‍വണമാണ്‌ ഇമാം അഹ്മദ്‌ ബിന്‍ ഹമ്പലിനു ജയിലറ സമ്മാനിച്ചതും ഇമാം അബുല്‍ ഹസനുല്‍ അശ്‌അരിയെ പ്രാസ്ഥാനിക ചട്ടക്കൂടുകള്‍ തകര്‍ത്തെറിഞ്ഞു മുഖ്യധാരയുടെ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ പ്രചോദിപ്പിച്ചതുമെല്ലാം. ആ നിരയില്‍ ആധുനിക ലോകം സാക്ഷി നിന്ന മഹാ മനീഷികളാണ്‌ അല്ലാമാ സൈനീ ദഹ്‌ലാനും യൂസ്‌ഫുന്നബ്‌ഹാനി(1489 - 1932)യും മുഹമ്മദ്‌ അലവീ മാലിക്കി(1944 - 2004)യുമെല്ലാം. മതനവീകരണവാദം സമുദായത്തിലേക്ക്‌ നുഴഞ്ഞു കയറി, ഭരണകൂടങ്ങളെ വശപ്പെടുത്തി സാംസ്‌കാരികാധിനിവേശത്തിലൂടെ വിശ്വാസികളുടെ ഈമാന്‍ കൊള്ളയടിക്കാന്‍ ഒരുമ്പെട്ടപ്പോള്‍, ലാഭവിഹിതങ്ങളും സ്ഥാനമാനങ്ങളും വലിച്ചെറിഞ്ഞു പ്രതിരോധം തീര്‍ത്തവരായിരുന്നല്ലോ അവര്‍. ദേശീയ ചിത്രം അനാവരണം ചെയ്‌താല്‍ ശൈഖ്‌ അഹ്മദ്‌ സര്‍ഹിന്ദിയി(1564-1624)ലും മൗലാനാ ഫദ്‌ലുല്‍ ഹഖ്‌ ഖൈറാബാദി(1797-1861)യിലും അഹ്മദ്‌ റസാഖാന്‍ ബറേല്‍വി(1856-1921)യിലുമെല്ലാം ദൗത്യനിര്‍വഹണത്തിന്റെ ഉജ്ജ്വമായ അടയാള മുദ്രകള്‍ കണ്ടെത്താനാകും. മുഗളന്മാരുടെ കൊട്ടാരത്തില്‍ മന്ത്രം ജപിച്ചിരിക്കുന്ന കടലാസു സൂഫീയോ അരമനയിലെ തിരുമനസ്സിനൊത്ത്‌ ഫത്‌വ പുറപ്പെടുവിക്കുന്ന റോബോട്ട്‌ മുഫ്‌തിയോ ആയി ആനുകൂല്യം പറ്റുന്നതിനു പകരം, രാജാവിന്റെ ദീനെ ഇലാഹിയെ കശക്കിയെറിയാന്‍ മുജദ്ദിദ്‌ അല്‍ഫ്‌സ്സാനിക്ക്‌ ഊര്‍ജ്ജം കൊടുത്തതും, ഷാ ഇസ്‌മാഈല്‍ ദഹ്‌ലവിയുടെ കാപട്യം പുറത്തുകൊണ്ടുവരാന്‍ സ്വാതന്ത്ര്യ വീഥിയിലിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച ഖൈറാബാദിക്കു ആവേശം പകര്‍ന്നതും, ബിദ്‌അത്തിനെതിരെയുള്ള പോരാട്ടത്തില്‍ ആരുടെയും മുഖം നോക്കാതെ നിലകൊള്ളാന്‍ അഅ്‌ലാ ഹസ്രറത്തി ധൈര്യം നല്‍കിയതും ആലിം എന്ന പദവിയുടെ ബോധവും ബോധ്യവുമാണ്‌. ഉത്തമ നൂറ്റാണ്ടിന്റെ ഒടുക്കം മുതലേ മുസ്‌ലിം ലോകത്ത,്‌ ഉമ്മത്തിന്റെ ഈമാന്‍ കൊത്തിവലിച്ചു മലിനമാക്കാന്‍ ബിദ്‌അത്തിന്റെ കരിനാഗങ്ങള്‍ ഒരുങ്ങിയിറങ്ങിയിരുന്നു. അതില്‍ നിന്നും വിശ്വാസികളെ മുഴുവന്‍ തടുത്തു നിര്‍ത്താന്‍ കാര്യബോധമുള്ള പണ്ഡിതന്‍മാര്‍ ഇറങ്ങി തിരിച്ചിട്ടും ജനസംഖ്യയുടെ പതിനഞ്ചു ശതമാനത്തിനെങ്കിലും മതനവീകരണത്തിന്റെ വിഷം തീണ്ടുകയോ വിഷപ്പുകയേല്‍ക്കുകയോ ചെയ്‌തു. ശീഇസം, ഖവാരിജിസം, മുഅ്‌തസിലിസം തുടങ്ങിയ വിഘടനവാദ ചേരികള്‍ ഇസ്‌ലാമിന്റെ ഭൂമികയില്‍ നിരന്തരം അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്‌ടിക്കാനാണ്‌ ശ്രമിച്ചത്‌. കുടിലും കൊട്ടാരവും, പള്ളിയും പള്ളിക്കൂടവുമെല്ലാം അവരുയര്‍ത്തിയ വികലവാദങ്ങളില്‍ വിറങ്ങലിച്ചു നിന്നു. അതിന്റെ പേരില്‍ പ്രയാസപ്പെട്ട പണ്ഡിതമഹത്തുക്കള്‍ക്ക്‌ കയ്യും കണക്കുമില്ല. എന്നാല്‍ പ്രവാചകന്റെ കാലത്തു തന്നെ ഇസ്‌ലാം കടലു കടന്നെത്തിയ കേരളക്കരയിലെ മുസ്‌ലിംകള്‍ക്ക്‌ ഇവ്വിധം യാതൊരു അലമ്പും അപകടവും നേരിടേണ്ടി വന്നിട്ടില്ലെന്നത്‌ ഇവിടുത്തെ പണ്ഡിതന്മാരുടെ നിദാന്ത ജാഗ്രതയുടെ ഉത്തമ നിദര്‍ശനമായി നിലകൊള്ളുന്നു. വ്യാപര വിജ്ഞാന വിനിമയങ്ങളിലെല്ലാം അറേബ്യയുമായി നിരന്തര ബന്ധം തുടര്‍ന്നു പോന്നിട്ടും ഹിറയുടെ വിശുദ്ധിക്കു വിരുദ്ധമായി അവിടെങ്ങളില്‍ മുളച്ചു പൊന്തിയ മതനവീകരണത്തിന്റെ വിഷക്കനികള്‍ ഇവിടെ ഇറക്കുമതി ചെയ്യാന്‍ ഇന്നാട്‌ വിസമ്മതിച്ചതു കാണാം. ഉത്തരേന്ത്യയില്‍ പോലും ശീഇസവും മറ്റും മുസ്‌ലിംകളെ ശക്തമായ ചേരിതിരിച്ചു ഓഹരിവെച്ചെടുത്തപ്പോള്‍, ഇവിടെ അങ്ങനെ യാതൊന്നും സംഭവിച്ചില്ല. സംഭവിക്കാന്‍ കണങ്കാല്‍ വരെ തുണിയും മുട്ടോളം വരുന്ന കുപ്പായവും നീളന്‍ തലപ്പാവും ധരിച്ച സൂക്ഷ്‌മ ശാലികളായ പണ്ഡിതന്മാര്‍ അനുവദിച്ചില്ല. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെ കലാപകലുഷിതവും ഒരു സമുദായമെന്ന നിലക്കുള്ള മുസ്‌ലിംകളുടെ അസ്‌തിത്വം വെല്ലുവിളിക്കപ്പെടുകയും ചെയ്‌ത പ്രത്യേക അവസ്ഥ വന്നെത്തുന്നതുവരെ ഇതായിരുന്നു കഥ. ഇടക്കാലത്ത്‌ ഉത്തരേന്ത്യയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ശീഇകള്‍ കൊണ്ടോട്ടിയും മറ്റും കേന്ദ്രീകരിച്ച്‌ ഇവിടെ ശീഇസത്തിന്റെ വേരുകളിറക്കാന്‍ ഒരുങ്ങിവന്നപ്പോള്‍, സടകുടഞ്ഞെഴുനേറ്റ പണ്ഡിത കേസരികള്‍ അവരെ പിടിച്ചു കെട്ടുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും മലബാറില്‍ മുഴങ്ങി നിന്നിരുന്ന കൊണ്ടോട്ടി - പൊന്നാനി കൈ തര്‍ക്കം പാരമ്പര്യ പ്രതിരോധത്തിന്റെ മറക്കാനാകാത്ത കാഴ്‌ചകളാണ്‌. മാപ്പിള മലബാറിന്റെ ആത്മീയാചാര്യന്മാരായിരുന്ന പൊന്നാനി മഖ്‌ദൂമുമാരും കോഴിക്കോട്ടെ ജിഫ്‌രിമാരും കൊണ്ടോട്ടി കൈക്കാരുടെ വേരുകളറുത്തുകളയാന്‍ മുണ്ടുമുറുക്കിയിറങ്ങിയത്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രാരംഭ ദശയിലെ ഉജ്ജ്വലമായ ആദര്‍ശ പോരാട്ടമായി വിലയിരുത്തപ്പെടുന്നു. കൊണ്ടോട്ടി കൈക്കാര്‍ പിന്നീട്‌ സുന്നീ മുഖ്യധാരയില്‍ പൂര്‍ണമായി ലയിച്ചുചേര്‍ന്നു നാമാവശേഷമായത്‌ അതിന്റെ ശേഷ വിശേഷമാണ്‌. പാരമ്പര്യ ഇസ്‌ലാമിന്‌ എന്നും ഒരേ ഒഴുക്കാണ്‌. അക്രമം ഉണ്ടാകുന്നയിടങ്ങളിലാണ്‌ അത്‌ പ്രത്യേക രൂപഭാവങ്ങള്‍ പ്രകടിപ്പിച്ചു പ്രതിരോധം തീര്‍ക്കാറ്‌. മതനവീകരണവാദം പ്രത്യേക വേഷംകെട്ടി വിശ്വാസികളിലിറങ്ങിക്കളിച്ച ഘട്ടങ്ങളിലെല്ലാം പ്രതിരോധത്തിനു പ്രത്യേക രൂപഭാവങ്ങളും സംവിധാനങ്ങളും രാകിമിനുക്കിയെടുത്തു പാരമ്പര്യ പണ്ഡിതന്മാരും ഇറങ്ങിതിരിച്ചത്‌ അതുകൊണ്ടാണ്‌. ഇമാം അശ്‌അരി(റ) അഹ്‌ലു സുന്നത്തി വല്‍ ജമാഅയുടെ നേര്‍രേഖ പ്രത്യേകം അടയാളപ്പെടുത്തിയത്‌്‌, നേര്‍വഴിയുടെ നേര്‍രേഖ മായിച്ചു പലരും പുറത്തുകടക്കാന്‍ ആരംഭിച്ചപ്പോഴാണല്ലോ. മാറ്റി നിര്‍ത്തപ്പെട്ട ഇല്‍മുല്‍ കലാം, വിശ്വാസ സമര്‍ത്ഥനത്തിന്റെ മാധ്യമമായി മാറിയത്‌, മറു ചേരികള്‍ അതിനെ സമര്‍ത്ഥമായി ചൂഷണം ചെയ്‌തു തുടങ്ങിയപ്പോഴാണ്‌. ഒറ്റപ്പെട്ടു നിന്ന ബിദ്‌അത്ത്‌ സംഘടിത ഭാവത്തോടെ അരങ്ങത്തേക്കിറങ്ങിയപ്പോള്‍, പ്രതിരോധത്തിനു സംഘടിത രൂപം തീര്‍ക്കാന്‍ മുഖ്യധാരാ പണ്ഡിതന്മാരും നിര്‍ബന്ധിതരായി. ലോകത്തെല്ലായിടത്തും പൊതുധാരക്കു ഉണര്‍വും ഉത്തേജനവും പകര്‍ന്ന ഈ ഘടകങ്ങള്‍ തന്നെയാണ്‌ സംഘടിത ഭാവത്തിലേക്കു മാറാന്‍ കേരളീയ ഉലമാക്കളെയും നിര്‍ബന്ധിച്ചത്‌. ബിദ്‌അത്തിന്റെ വിഷബീജങ്ങളുമായി 1922 ല്‍ കൊടുങ്ങല്ലൂരില്‍ ജന്മമെടുത്ത ഐക്യ സംഘവും 1924 ല്‍ ആലുവയില്‍ രൂപം കൊണ്ട കേരള ജംഇയ്യത്തുല്‍ ഉലമയുമാണ്‌, 1926 ല്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപീകരണത്തിലേക്ക്‌ നയിച്ചത്‌. ഉമ്മത്തിന്റെ ഈമാനിനു കാവല്‍ നില്‍ക്കേണ്ട ഉലമാക്കളുടെ ഉത്തരവാദിത്വം പ്രതിരോധമാണെന്ന്‌ സമസ്‌തയുടെ രൂപീകരണ പശ്ചാത്തലം തന്നെ വ്യക്തമാക്കുന്നു.

പ്രതിരോധത്തിന്റെ റോള്‍ മോഡല്‍ വ്യക്തികളാല്‍ നയിക്കപ്പെടുന്നതിനു പകരം സംഘടനയാല്‍ തെളിക്കപ്പെടുന്ന ശീലം ആധുനിക ലോകത്തിനു പടിഞ്ഞാറ്‌ സമ്മാനിച്ചതാണ്‌. ഒരു അമീറോ, ശൈഖോ, ആലിമോ ഇമാമായി നില്‍ക്കുകയും സമൂഹം മുഴുവന്‍ അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുന്ന മാതൃകയാണ്‌ അടുത്തകാലം വരെ ഇസ്‌ലാമിക സമൂഹങ്ങളിലെല്ലാം ഉണ്ടായിരുന്നത്‌. യൂറോപ്പില്‍ നിന്നും അക്ഷരാഭ്യാസം കഴിഞ്ഞു തിരിച്ചു വന്ന ചിലരാണ്‌ പടിഞ്ഞാറിന്റെ സംഘടനാ മാതൃക മുസ്‌ലിം ലോകത്ത്‌ അവതരിപ്പിച്ചത്‌. അതപ്പടി പകര്‍ത്തിയാണ്‌ മതനവീകരണവാദം പ്രവര്‍ത്തന ഗോദയിലിറങ്ങിയത്‌. അതില്‍ മതപരമായ അപാകതകളില്ലാത്തതുകൊണ്ടും പ്രതിരോധത്തിന്റെ ഏറ്റവും പ്രസക്തമായ ശൈലി അതായത്‌ കൊണ്ടും പാരമ്പര്യ പണ്ഡിതന്മാരും ആ വഴി തിരഞ്ഞെടുത്തു. രൂപീകരണവേളയില്‍ മുന്നോട്ടുവെച്ച ലക്ഷ്യങ്ങളിലേക്ക്‌ ഏറ്റവും വേഗത്തില്‍ നടന്നടുത്ത പണ്ഡിതസഭയാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന്‌ നിസ്സംശയം തെളിയിക്കാനാകും. ബിദ്‌അത്തിനെ പ്രതിരോധിച്ചു ഉമ്മത്തിന്റെ ഈമാനിനു കാവലിരിക്കുകയായിരുന്നല്ലോ സമസ്‌തയുടെ ആത്യന്തിക ലക്ഷ്യം. തക്ക സമയത്തു തന്നെ അത്‌ നിര്‍വഹിക്കാനും ജാഗ്രത പാലിക്കണമെന്ന്‌ സമുദായത്തെ ഉണര്‍ത്താനും സമസ്‌തയുടെ ആലിമീങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്‌. ഉദാഹരണത്തിനു വഹാബിസം. കേരളത്തിലേക്ക്‌ അതു കടന്നു വന്നത്‌ നജ്‌ദിലെ വരണ്ടുണങ്ങിയ പിന്തിരിപ്പന്‍ അന്തരീക്ഷത്തില്‍ നിന്നായിരുന്നില്ല. മറിച്ച്‌, ആധുനികതയുടെ സര്‍വ്വ ആവരണങ്ങളും ചാര്‍ത്തി, അണിയിച്ചൊരുക്കിയ ഈജിപ്‌ഷ്യന്‍ ചുറ്റുപാടില്‍ നിന്നായിരുന്നു. ജമാലുദ്ദീന്‍ അഫ്‌ഗാനി(1838-1898), മുഹമ്മദ്‌ അബ്‌ദു(1849-1905), റശീദ്‌ രിദ(1865-1935) എന്നീ മാസോണിസ്റ്റ്‌ ചാരന്മാരില്‍ നിന്നാണ്‌ വക്കം മൗലവിയും കെ.എം മൗലവിയുമെല്ലാം ഉള്‍പ്പെടുന്ന നദ്‌വത്തിന്റെയും ഐക്യസംഘത്തിന്റെയും ആദ്യകാല ആചാര്യന്‍മാര്‍ ഊര്‍ജ്ജം സ്വീകരിച്ചത്‌. അവരുടെ അല്‍ മനാര്‍ മാസിക വായിച്ചായിരുന്നു ഇവര്‍ മുജാഹിദ്‌ ആശയങ്ങള്‍ക്ക്‌ രൂപം നല്‍കിയതും മലയാളീകരിച്ച അല്‍ മനാറിലൂടെ അത്‌ വിളംബരം ചെയ്‌തതും. ഇസ്‌ലാമിക വിരുദ്ധ ചേരി ഗര്‍ഭം ധരിച്ച ആശയങ്ങളാണ്‌ അതെന്ന്‌ അന്നുതന്നെ സമസ്‌തയുടെ ക്രാന്തദര്‍ശികളായ പണ്ഡിതന്മാര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. 1933 മാര്‍ച്ച്‌ 5 നു ചേര്‍ന്ന സമസ്‌തയുടെ ആറാം സമ്മേളത്തിലെ ആറാം പ്രമേയം, ഇക്കാര്യം ഉണര്‍ത്തി. അതിങ്ങനെ വായിക്കാം: ഇബ്‌നു ഹസം ള്വാഹിരി, ഇബ്‌നുതീമിയ്യ, ഇബ്‌നുല്‍ ഖയ്യിം, ഇബ്‌നു അബ്‌ദില്‍ ഹാദി, ശൗക്കാനി, ഇബ്‌നു അബ്‌ദില്‍ വഹാബിന്നജ്‌ദി, ജമാലുദ്ദീന്‍ അഫ്‌ഗാനി, മുഹമ്മദ്‌ അബ്‌ദ, രശീദ്‌ രിദ(അല്‍ മനാര്‍ പത്രാധിപര്‍) എന്നിവരും അവരെ പിന്‍പറ്റിയവരും അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസ നടപടികള്‍ക്കു വിപരീതമായി പലതും പറഞ്ഞിരിക്കകൊണ്ടും അവരെയും അവരുടെ കിത്താബുകളെയും സുന്നികള്‍ സ്വീകരിപ്പാന്‍ പാടില്ലെന്നും അവര്‍ തര്‍ള്വിയത്തിനു അര്‍ഹരല്ലെന്നും താഴെ പറയുന്നവരും മറ്റു സുന്നീ ഉലമാക്കളും പ്രസ്‌താവിച്ചതനുസരിച്ച്‌ ഈ യോഗം തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. സമല്‍ഖാനി, ഇബ്‌നുബത്തൂത്ത, തഖ്‌യുദ്ദീന്‍ സുബ്‌ക്കി, താജുദ്ദീന്‍ സുബുക്കി, ഇസ്സുബിന്‍ ജമാഅ, ഇബ്‌നു ഹജറില്‍ അസ്‌ഖലാനി, ഖുസ്ഥലാനി, നൂറുദ്ദീനുല്‍ ഹലബി, അബ്‌ദുല്ലാഹിബിന്‍ നുഅ്‌മാനുല്‍ ഫാസി, ജലാലുദ്ദീന്‍ സുയൂഥി, ഇബ്‌നു ഹജറില്‍ ഹൈതമി, ശംസുദ്ദീന്‍ റംലി, അബ്‌ദുല്‍ ഗനിയ്യുന്നാബല്‍സി, മുസ്ഥഫല്‍ ബക്‌രി, ശൈഖ്‌ രിസ്‌വാനുല്‍ അദല്‍, സയ്യിദ്‌ അലവിയ്യില്‍ ഹദ്ദാദ്‌, ശൈഖ്‌ അഹ്മദ്‌ സൈനീ ദഹ്‌ലാന്‍, ശൈഖ്‌ യൂസുഫുന്നബ്‌ഹാനി, സയ്യിദ്‌ ശൈഖ്‌ ജൂഫ്‌രി, മുഹമ്മദുല്‍ ഖലീലി എന്നിവരാണവര്‍. കമ്യൂണിക്കേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനങ്ങള്‍ പരിമിതമായിരുന്ന മുപ്പതുകളില്‍ കേരളത്തിലെ ഉലമാക്കള്‍ മുസ്‌ലിംലോകത്തെ സമകാലിക പണ്ഡിതരുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നു വ്യക്തമാക്കുന്ന ഈ പ്രമേയം, അല്‍ മനാര്‍ പത്രാധിപരായിരുന്ന റശീദ്‌ റിദക്കെതിരെ മലയാളികളെ ഉണര്‍ത്തുമ്പോള്‍ ഈജിപ്‌തില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ട്‌. അന്നു തൊട്ട്‌ എഴുപത്‌ വര്‍ഷക്കാലമെങ്കിലും ഇവിടുത്തെ നദ്‌വത്തുകാര്‍ ഒന്നടങ്കം അഫ്‌ഗാനിയും അബ്‌ദയും റിദയും ഉള്‍പ്പെടെയുള്ളവരുടെ മേല്‍ തര്‍ള്വിയത്ത്‌ ചൊല്ലുകയും അവരെ ഇമാമുകളെന്നു വാഴ്‌ത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ ആ ത്രി മൂര്‍ത്തികള്‍ ഇസ്‌ലാമിനെ നശിപ്പിക്കാന്‍ ശത്രുക്കളില്‍ നിന്നും അച്ചാരം വാങ്ങിയ ഒറ്റുകാരും ചാരന്മാരുമായിരുന്നെന്ന നഗ്ന സത്യം, അടുത്തിടെയെങ്കിലും നദ്‌വത്തിലെ ഒരു വിഭാഗം തിരിച്ചറിയുകയും ഉറക്കെ പറയുകയും ചെയ്‌തിരിക്കുന്നു. മാസോണിസ്റ്റ്‌ ആശയങ്ങളില്‍ മുസ്‌ലിംകളില്‍ കുത്തിവെക്കാന്‍ ഇറങ്ങിതിരിച്ചവരെ സൂക്ഷിക്കണമെന്ന്‌ എണ്‍പത്‌ വര്‍ഷങ്ങള്‍ക്കപ്പുറം സമസ്‌ത പറഞ്ഞത്‌, അവരുടെ വലയില്‍ പെട്ടുപോയവര്‍ അന്നു തന്നെ സൂക്ഷിക്കുകയും പരിഗണിക്കുകയും ചെയ്‌തിരുന്നെങ്കില്‍ നിലവിലെ അവസ്ഥയിലേക്ക്‌ അവര്‍ ആപതിക്കുകയില്ലായിരുന്നു. ശത്രുവിന്റെ അജണ്ടകളെ ഇസ്‌ലാമികമെന്ന്‌ വിളിക്കാനും വിശ്വാസികളെ മത ഭ്രഷ്‌ടരാക്കി ചിത്രികരിക്കാനും സാമ്രാജ്യത്വത്തിന്റെ ഇമാമുകളെ ഇസ്‌ലാമിന്റെ ഇമാമുകളാക്കി വാഴ്‌ത്താനും തങ്ങള്‍ നിര്‍ബന്ധിതരായതില്‍ മനസ്സുകൊണ്ടെങ്കിലും അവരിപ്പോള്‍ ഖേദിക്കുന്നുണ്ടാകും.

ഉത്ഥാനത്തിന്റെ ഊര്‍ജ്ജം

ഉമ്മത്തിന്റെ നാനോന്മുഖമായ പുരോഗതിക്ക്‌ എക്കാലത്തും ചുക്കാന്‍ പിടിക്കുകയും മുന്നിട്ടിറങ്ങുകും ചെയ്‌തവരാണ്‌ ഉലമാഅ്‌. പക്ഷേ, ദീനിന്റെ അടിസ്ഥാന ആശയങ്ങളെ നശിപ്പിക്കാനും മതത്തില്‍ പുത്തനാശയങ്ങള്‍ കടത്തിക്കൂട്ടാനും തമസ്സിന്റെ ഉപാസകര്‍ സംഘടിതമായും അല്ലാതെയും ഇറങ്ങി തിരിച്ച ഘട്ടങ്ങളില്‍ അവര്‍ക്ക്‌ തങ്ങളുടെ പ്രാഥമിക ബാധ്യതകളില്‍ പൂര്‍ണ ശ്രദ്ധ കൊടുക്കേണ്ടി വന്നു. ബിദ്‌അത്ത്‌ പൊട്ടിമുളച്ചയിടങ്ങളില്‍ പ്രതിരോധത്തിനപ്പുറത്തുള്ള കാര്യങ്ങളിലൊന്നും കൂടുതല്‍ ശ്രദ്ധിക്കാനായില്ലെന്നത്‌ ഒരു നഗ്ന സത്യമാണ്‌. ഇവിടെ യഥാര്‍ത്ഥത്തില്‍ മുസ്‌ലിം സമുദായത്തെ പിന്നോട്ട്‌ വലിച്ചത്‌ മത നവീകരണവാദികളാണ്‌. നവീനാശയങ്ങളുന്നയിച്ച്‌ വിശ്വാസികളെ മുഴുവന്‍ മതത്തില്‍ നിന്നും ചവിട്ടിപ്പുറത്താക്കാന്‍ അവര്‍ വന്നപ്പോള്‍, തങ്ങള്‍ വിശ്വാസികളാണെന്ന്‌ തെളിയിക്കാന്‍ പണ്ഡിതന്മാര്‍ക്ക്‌ പ്രമാണങ്ങളുടെയും മതഗ്രന്ഥങ്ങളുടെയും മുന്നില്‍ ചടഞ്ഞിരിക്കേണ്ടിവന്നു. ഈ ഘട്ടത്തില്‍ സമുദായത്തിന്റെ പൊതു പുരോഗതിയുടെ ഗ്രാഫ്‌ താഴോട്ടു പോയിട്ടുണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും മതനവീകരണ വാദികള്‍ക്കാണ്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter