അറബി ഭാഷയും കേരളീയ മുസ്ലിംകളും

ലോകത്തെ വിഭിന്ന ഭാഷകളിൽ അത്യുന്നത സ്ഥാനമുള്ള ഭാഷയാണ് അറബി. സെമിറ്റിക് ഭാഷകളിൽ ഇന്നും സജീവമായി നിലനിൽക്കുന്ന ഒരേ ഒരു ഭാഷയും അറബിയാണ്. 28 കോടി ജനങ്ങളുടെ മാതൃഭാഷയായ അറബി, ലോകത്ത് മൂന്നാം സ്ഥാനത്തായി, ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകളിലും ഇടം നേടിയിരിക്കുന്നു.

പ്രവാചകരുടെ ആഗമനത്തിനും നൂറ്റാണ്ടുകൾക്ക് മുമ്പു തന്നെ അറബി ഭാഷ ഉദയം ചെയ്തിട്ടുണ്ട്. പ്രവാചകൻ നൂഹ്(അ)ന്റെ സന്താന പരമ്പരയിലെ സാമിന്റെ പിൻഗാമികൾ സംസാരിച്ചിരുന്ന സെമിറ്റിക് ഭാഷയിലാണ് അറബിയുടെ വേരുകൾ ചെന്നെത്തുന്നത്. അറബി ഭാഷയുടെ മഹത്വവും പ്രസിദ്ധിയും ഉയരുന്നത് അത് ഉൾക്കൊള്ളുന്ന മഹത്തായ സാംസ്കാരിക ബോധത്തെ കൂടി ഉൾക്കൊള്ളുമ്പോഴാണ്. ഇസ്‍ലാമിക ഭരണകൂടങ്ങളിലെ അബ്ബാസീ കാലഘട്ടം അറബി ഭാഷയുടെ സുവർണ കാലഘട്ടമായിരുന്നു. അക്കാലത്താണ് അറബി ലോക ഭാഷയായി ഉയർന്നുവന്നതും. ഇസ്‍ലാമിക പ്രചാരണങ്ങൾക് വേണ്ടി മുസ്‍ലിംകൾ രാഷ്ട്രങ്ങൾ കീഴടക്കുന്നതോടു കൂടെ സാമൂഹിക-സാംസ്കാരിക കൈമാറ്റത്തിനു കൂടി ലോകം സാക്ഷിയായി. അതിലൂടെയായിരുന്നു, ലോകത്തിന്റെ അഷ്ടദിക്കുകളിലും അറബി ഭാഷാ സാന്നിധ്യം എത്തി തുടങ്ങിയത്.

എന്നാൽ,  അറബികളും കേരളവുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. കച്ചവട-വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി പ്രാചീന കാലം മുതലേ അറബികൾ കേരളത്തിലെത്തിയിരുന്നു. കച്ചവടാവശ്യങ്ങൾക്ക് വേണ്ടി വന്ന അവരെ കേരളത്തിലെ രാജാക്കന്മാർ സ്ഥലം കൊടുത്തും വീട് വെച്ചും സ്വീകരിച്ചതോടെ അവർ ഇവിടെ താമസമാക്കി. അതോടെ, അറേബ്യൻ സംസ്കാരത്തിന്റെ സാന്നിധ്യം ഇവിടെയും കണ്ടു തുടങ്ങി. അതിലൂടെ തന്നെ അറബി ഭാഷ കേരളീയർക്ക് ഏറെ സുപരിചിതമായി മാറുകയും ചെയ്തു. അറബിയുടെ കേരളീയ ആഗമനം കേവലമൊരു മുസ്‍ലിം ഭാഷ എന്നതിലുപരി ഒരു വിനിമയ സംസ്കാരത്തിന്റെയും സങ്കരസംസ്കൃതിയുടെയും കൂടി വ്യാപനമായിരുന്നു.

കേരളത്തിലെ അറബിഭാഷ പ്രചാരണത്തിന്റെ കാലഘട്ടം കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. അറബി ഭാഷാ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് ഒമ്പതാം നൂറ്റാണ്ടിലെ തരിസാപള്ളി ശാസനങ്ങളിൽ ആണെന്നാണ് ചരിത്ര ഭാഷ്യം. അതിൽ സാക്ഷികളായി അന്നത്തെ കൊല്ലം തീരത്തെ അറബി വ്യാപാരികള്‍ കൂഫി ലിപിയിൽ പേരെഴുതി ഒപ്പിട്ടിരിക്കുന്നതായി കാണാം. കേരളത്തിൽ അറബി ഭാഷാ സാന്നിധ്യം തെളിയിക്കുന്ന പ്രഥമ ചരിത്രരേഖ ഇതാണ്. 

അറബി സാഹിത്യ ഉത്ഥാനത്തിന് അനല്പമായ പങ്കുവഹിച്ചവരാണ് കേരള മുസ്‍ലിം പണ്ഡിതന്മാർ. കേവലം ഒരു ഇസ്‍ലാമിക ഭാഷ എന്നതിനപ്പുറം അറബി സാഹിത്യത്തിൽ രചനാ വിപ്ലവം തീർത്ത പണ്ഡിതന്മാർ ഏറെയാണ്. പ്രശസ്തരായ നിരവധി പേർക്കിടയിലും അറിയാതെ പോയ രചനകളും രചയിതാക്കളും ഏറെയുണ്ട്. ചരിത്രമായും സാഹിത്യമായും വിശ്വാസമായും മലയാളികളുടെ തൂലികത്തുമ്പിലൂടെ തീർത്ത വിപ്ലവം ഇന്നും ലോക മുസ്‍ലിംകളുടെ കിതാബീ ശേഖരണത്തിലെ ഒഴിച്ചുകൂടാനാവാത്ത അധ്യായമാണ്. 1980ലെ അറബി ഭാഷാ സമരം കേരളീയന്റെ അറബി ഭാഷയോടുള്ള സമീപനത്തെയും സ്നേഹത്തെയുമാണ് വ്യക്തമാക്കുന്നത്. അറബി ഭാഷക്ക് കേരളത്തിന്റെ സംഭാവനകൾ എന്നും ഓർമിക്കേണ്ടതും രേഖപ്പെടുത്തേണ്ടതുമാണ്. കേരളത്തിൽനിന്ന് ആദ്യമായി രചിക്കപ്പെട്ട അറബി ഗ്രന്ഥം എഡി 1342 ല്‍ പുറത്തിറങ്ങിയ ഫഖീഹ് ഹുസൈന്റെ ഖൈദുൽ ജാമി ആണ്.

പൊന്നാനിയിലെ മഖ്ദൂമുമാർ

അറബി സാഹിത്യത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ പൊന്നാനി മഖ്ദൂമുമാർക്ക് വലിയ പങ്കുണ്ട്. സൈനുദ്ദീൻ ബിൻ അലിയാണ് പൊന്നാനിയിലെ ഈ രംഗത്തെ ആദ്യനാമം. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുപോലും പഠിതാക്കൾ ഇവിടെ എത്തിയിരുന്നു എന്നത് ഏറെ കൗതുകകരമാണ്. കേരള ചരിത്രത്തിൽ ആദ്യമായി വിപുലമായ അറബി സാഹിത്യ രചന നടത്തിയത് ഷെയ്ഖ് സൈനുദ്ദീൻ ഒന്നാമൻ ആയിരുന്നു. അദ്ദേഹത്തിന്റെ മിക്കരചനകളും നിയമശാസ്ത്രം, അദ്ധ്യാത്മശാസ്ത്രം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അദ്കിയാ, തഹ്‍രീളു അഹ്‍ലിൽ ഈമാൻ അലാ ജിഹാദി അബദതി സുൽബാൻ ഇവ ഇദ്ദേഹത്തിന്റെ പ്രശസ്ത കാവ്യ ശകലങ്ങളാണ്. ജീവിതത്തെ ആത്മീയ ലോകത്തിലേക്ക് നയിക്കാനുള്ള മാർഗങ്ങൾ അദ്ദേഹം അദ്കിയാഇലൂടെ നിർദേശിക്കുന്നു. എന്നാൽ, തഹ്‍രീളു അഹ്‍ലിൽ ഈമാൻ അലാ ജിഹാദി അബദതിസുൽബാൻ എന്ന പ്രാസ നിബദ്ധമായ കവിത ഇസ്‍ലാമിന്റെ ശത്രുക്കൾക്കെതിരെ സധൈര്യം പോരാടാൻ ആഹ്വാനം ചെയ്യുന്ന കൃതിയാണ്. പോർച്ചുഗീസ് യുദ്ധകാല കെടുതികളിൽ ബുദ്ധിമുട്ടുന്ന മുസ്‍ലിം ജനതയോടുള്ള ഉപദേശനിർദ്ദേശങ്ങൾ ആയി നമുക്ക് ഇതിനെ കാണാം.

സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ:- മഖ്ദൂം കുടുംബത്തിലെ പ്രശസ്ത രചനകളുടെയെല്ലാം ഉടമയായ ഈ പണ്ഡിതൻ സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പൗത്രനാണ്. കേരളീയ പണ്ഡിതരിൽ ലോകപ്രശസ്തനായ മുസ്‍ലിം പണ്ഡിതനാണ് ഇദ്ദേഹം. കേരളീയൻ രചിച്ച പ്രഥമ അറബി കേരള ചരിത്രഗ്രന്ഥം തുഹ്ഫതുൽമുജാഹിദീൻ ഇദ്ദേഹത്തിന്റെ മാസ്മരിക തൂലികത്തുമ്പിലൂടെ പടർന്നതാണ്. ഇംഗ്ലീഷ് ഓറിയന്റലിസ്റ്റ് റോളണ്ട്സൺ 1832ല്‍ ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വിവിധ ഭാരതീയ യൂറോപ്പ്യൻ ഭാഷകളിലായി ധാരാളം പരിഭാഷകൾ പുറത്തിറങ്ങിയത് ഈ ഗ്രന്ഥത്തിൻറെ ചരിത്ര പ്രാധാന്യത്തെ കുറിക്കുന്നു. പോർച്ചുഗീസുകാർ മലബാർ തീരത്ത് വന്നിറങ്ങിയത് മുതലുള്ള കേരള ചരിത്രത്തെ വളരെ വ്യക്തമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. പോർച്ചുഗീസിന്റെ മലബാറിലെ ആക്രമണങ്ങളും അതിനെതിരെയുദ്ധം ചെയ്യാനുള്ള മുസ്‍ലിംകളോടുള്ള നിർദ്ദേശവും കൂടി ഇതിൽ ഉൾപ്പെടുന്നു. കേരളത്തിലേക്ക് ഇസ്‍ലാമിന്റെ ആഗമനവും കച്ചവട വ്യാപാര മേഖലയിലെ പുരോഗതിയും ഇതിൽ ചർച്ച ചെയ്യുന്നു. അറബിയിൽ ഇത്ര വിപുലമായ മറ്റൊരു കേരള ചരിത്രവും ഒരു കേരളീയനും രചിച്ചിട്ടില്ല.

അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പ്രശസ്ത ഗ്രന്ഥമാണ് ഫത്ഹുൽമുഈൻ. ഇസ്‍ലാമിക കർമ്മധാരയെ മുഴുവനായും ഉൾക്കൊള്ളിച്ച് വളരെ സരളമായ രീതിയിൽ രചിച്ച ഈ ഗ്രന്ഥം കേരളത്തിലെ മതസ്ഥാപനങ്ങളിലെ അടിസ്ഥാന ഗ്രന്ഥവും അൽ അസ്ഹർ സർവ്വകലാശാലയിലെ വരെ പാഠ്യ വിഷയം കൂടിയാണ്. അറബി ഭാഷക്ക് പത്തോളം ഗ്രന്ഥങ്ങൾ ഇനിയും ദാനം ചെയ്താണ് ഈ മഹാൻ മൺമറഞ്ഞത്. ഇർഷാദുൽ ഇബാദ്, ഇഹ്കാമു അഹ്‌കാമിന്നിക്കാഹ്, അൽഅജ്‍വിബതുൽഅജീബ തുടങ്ങി നിരവധി ഗ്രന്ഥങ്ങളും മഖ്ദൂം കുടുംബത്തിൻറെ സംഭാവനകൾ ആണ്. 

ഖാളി മുഹമ്മദ്:- പോർച്ചുഗീസ് അധിനിവേശകാലത്ത് ജീവിച്ച മറ്റൊരു കേരളീയ പണ്ഡിതൻ ആണ് 1577ല്‍ കോഴിക്കോട് ജനിച്ച ഖാളി മുഹമ്മദ്. ഇലാ കം അയ്യുഹൽ ഇൻസാൻ എന്ന അറബി കാവ്യവും മുഹിയുദ്ധീൻ മാല എന്ന സുപരിചിത അറബി മലയാള കാവ്യവും അദ്ദേഹത്തിൻറെ പ്രശസ്ത ഗ്രന്ഥങ്ങളാണ്. 573 ഈരടികൾ ഉള്ള ഫത്ഹുൽ മുബീൻ എന്ന അറബി കാവ്യമാണ് മറ്റൊരു ഗ്രന്ഥം. കോഴിക്കോട് സാമൂതിരിക്ക് കീഴിലെ മുസ്‍ലിംകളുടെ അവസ്ഥയും മാതൃകാപരമായ ഭരണരീതിയും പോർച്ചുഗീസ് അധിനിവേശവും ഇദ്ദേഹം ഇതിൽ മനോഹരമായി വരച്ച് കാട്ടുന്നു.

വെളിയംകോട് ഉമർ ഖാളി മലയാളികൾ മറക്കാത്ത പണ്ഡിതനാണ്. പുള്ളികൾ ഇല്ലാത്ത അക്ഷരങ്ങൾ കൊണ്ട് കാവ്യം രചിച്ച അദ്ദേഹത്തിന്റെ ഭാഷാവൈദഗ്ധ്യം അറബികളെ പോലും അത്ഭുതപ്പെടുത്തിയതാണ്. കൂടാതെ സൊല്ലൽ ഇലാഹ് എന്ന പ്രവാചക വർണ്ണന കാവ്യവും മഖാസിദു നികാഹ്, നഫാഇസുദ്ദുറർ എന്നീ ദീർഘകാവ്യങ്ങളും അദ്ദേഹത്തിന്റെ മൂല്യവത്തായ സംഭാവനകളാണ്.

ഇവക്ക് പുറമെ , സയ്യിദ് ജിഫ്രിയുടെ കൻസുൽ ബറാഹീനും മമ്പുറം തങ്ങളുടെ അസ്സയ്ഫുസ്സാറും സയ്യിദ് ഫസലിന്റെ ഉദ്ദത്തുൽ ഹുക്കാമും കേരള പിൻകാല ചരിത്രത്തിന്റെ അറബി സംഭാവനകൾ ആണ്. ഉപരി സൂചിത പണ്ഡിതന്മാരുടെ പ്രശസ്ത ഗ്രന്ഥങ്ങൾ മാത്രമേ ലോകം പരിചയപ്പെട്ടുള്ളൂ. പ്രസിദ്ധീകരിക്കപ്പെടാതെ പോയ നിരവധി ഗ്രന്ഥങ്ങളും കേരള ചരിത്രത്തിലുണ്ട്.

പിൻഗാമികളായ പണ്ഡിതന്മാരുടെ രചനാ വിപ്ലവം കണ്ടുവളർന്ന വർത്തമാന കേരളം മുസ്‍ലിംകളും അറബി രചനകളിൽ വിപ്ലവം തീർത്തു കൊണ്ടിരിക്കുക തന്നെയാണ്. സാഹിത്യത്തിന്റെ അഖില മേഖലകളിലും കേരളീയൻ അറബിയെയും കൊണ്ടെത്തിച്ചു. അതുകൊണ്ടാണല്ലോ ഇന്ത്യൻ ക്ലാസിക്കുകൾ ആയ മഹാഭാരതം, രാമായണം, പഞ്ചതന്ത്ര കഥകൾ തുടങ്ങിയവയെല്ലാം അറബി വായനക്ക് പ്രാപ്തമായത്. സാഹിത്യ ലോകത്തെ അത്യുന്നതങ്ങളായി നിലനിൽക്കുന്ന പല രചനകളും വിവർത്തനം ചെയ്യപ്പെട്ടതോടെ കേരളീയ മുസ്‌ലിം ഏറെ ശ്രദ്ധേയനായി. ഗാന്ധിജി, ടാഗോർ, മൗലാന ആസാദ്, കുമാരനാശാൻ, കമലാ സുരയ്യ തുടങ്ങിയ പ്രാദേശിക എഴുത്തുകാരുടെ ഗ്രന്ഥങ്ങൾ ഇന്ന് അറബിയിലും ലഭ്യമാണ്. തിരിച്ച് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കൃതികളും ഏറെയുണ്ട്. ഇബ്നു ഖൽദൂന്റെ മുഖദ്ദിമ, ഈജിപ്ഷ്യൻ നോവലിസ്റ്റ് ഡോ. ത്വാഹാ ഹുസൈകന്റ പാതിരാക്കുയിലിന്റെ രാഗം, അൽ ബൈറൂനിയുടെ ഇന്ത്യാ ചരിത്രം, ഖലീൽ ജിബ്രാന്റെ കൃതികൾ തുടങ്ങിയവ ഇതിൽ പ്രമുഖങ്ങളാണ്‌. ഇവയെല്ലാം കേരളീയരുടെ അറബി ഭാഷാ വൈദഗ്ദ്യത്തിന്റെ ആഴവും പരപ്പും വെളിപ്പെടുത്തുന്നു.

പുതിയ വർത്തമാനം

സ്വാതന്ത്ര്യാനന്തരം കേരളത്തിൽ അറബി ഭാഷാ പഠനരംഗത്ത് വലിയ കുതിപ്പുകളാണ് പ്രകടമായത്. കേരളത്തിലെ മുസ്‍ലിം പണ്ഡിതർ വളരെ മുമ്പ് തന്നെ പള്ളിയോടും വ്യാപാരസ്ഥാപനങ്ങളോടും മുസ്‍ലിം കോളനികളോടും ചേർന്ന് ഓത്തു പള്ളികൾ നടത്തിയിരുന്നു. മലബാറിലെ ഈ സ്ഥാപനങ്ങൾക്ക് ബ്രിട്ടീഷ് സർക്കാർ സ്കൂളുകളായി അംഗീകാരം നൽകി. ഇതോടെ പൊതുവിദ്യാലയങ്ങളിലും അറബി ഭാഷാ പഠനം സാധ്യമായി. ഇപ്പോൾ, പതിനായിരത്തിൽ അധികം പ്രാഥമിക മദ്രസകൾ, പൊതുവിദ്യാലയങ്ങൾ, 500 അധികം അറബി കോളേജുകൾ, 5 യൂണിവേഴ്സിറ്റികൾ തുടങ്ങിയ അറബി ഭാഷയ്ക്ക് വിപുലമായ സാധ്യതകളുള്ള നിരവധി സ്ഥാപനങ്ങൾ ഉണ്ട്. അവയിൽ ഒക്കെയും ഭാഷാ പഠനത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്നതോടൊപ്പം അറബി മാഗസിനുകളും സാഹിത്യ രചനകളുടെ വിവർത്തനങ്ങളും ഏറെ ആശാവഹമായി തന്നെ തുടരുകയാണ്. ഇസ്‍ലാമിക പ്രമാണങ്ങൾ മനസ്സിലാക്കുന്നതിനും സാംസ്കാരിക പൈതൃകങ്ങൾ ഉൾക്കൊള്ളുന്നതിനും വേണ്ടിയായിരുന്നു മുഖ്യമായും കേരളത്തിൽ അറബി ഭാഷാ പഠനം തുടങ്ങിയതെങ്കിലും തൊഴിൽപരമായും സാമൂഹികമായും വലിയ മാറ്റത്തിന് തന്നെ അതു വഴിയൊരുക്കി എന്നത് പിൽക്കാല ചരിത്രം.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter