താനൂരിന്റെ ഓര്‍മകള്‍

'താ' എന്നാല്‍ ഇത്. നൂര്‍ എന്നാല്‍ പ്രകാശം. താനൂര്‍ പ്രകാശഭൂമികയാണ്. ഇസ്‌ലാമിക കേരളത്തിന്റെ ആദ്യകാല വിളിക്കുതന്നെ താനൂര്‍ ഉത്തരം നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളുടെ ചരിത്രസാക്ഷ്യമായി നിലകൊള്ളുന്ന വലിയകുളങ്ങര പള്ളി, താനൂരിന്റെ ഇന്നലെകളിലേക്ക് നോക്കാന്‍ സഹായകമാവുന്നു. കൊത്തുപണികള്‍, നിര്‍മാണ വൈദഗ്ധ്യം എന്നിവകൊണ്ട് ശ്രദ്ധേയമായ ഈ പള്ളിയില്‍ ഏഴര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ദര്‍സ് ഇന്നും തുടര്‍ന്ന് പോരുന്നു. ഇസ്‌ലാമിക ലോകത്തെ വൈജ്ഞാനിക കേന്ദ്രങ്ങളായ ബാഗ്ദാദ്, യമന്‍, ഹിജാസ്, ഹളര്‍മൗത്ത് എന്നിവിടങ്ങളിലെ പണ്ഡിതപടുക്കള്‍ ഇന്നലെകളിലെ ദര്‍സുകള്‍ക്ക് നേതൃത്വം നല്‍കി. ലഭ്യമായ കണക്കുകളനുസരിച്ച്, ഹിജ്‌റ 667-ല്‍ ഇമാം മുഹമ്മദ്ബ്‌നു അബ്ദുല്ലാഹില്‍ ഹള്‌റമില്‍ ഖാഹിരി (യമന്‍) ഇവിടെ ദര്‍സ് ആരംഭിച്ചു. ഹി. 677 വരെ അദ്ദേഹം അധ്യയനം നടത്തി.

പിന്നീട് അക്കാലഘട്ടത്തിലെ തലയെടുപ്പുള്ള പണ്ഡിത മഹത്തുക്കള്‍ ദര്‍സ് മുന്നോട്ട് നയിച്ചു. വെളിയങ്കോട് ഉമര്‍ഖാളി, പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ നഖ്ശബന്തി, പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, കോടഞ്ചേരി മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ഇവിടെ ദര്‍സ് നടത്തിയിട്ടുണ്ട്. ഉമര്‍ ഖാളി, അബ്ദുറഹിമാന്‍ നഖ്ശബന്തി എന്നിവര്‍ ദര്‍സിന്റെ സന്തതികള്‍ കൂടിയാണ്. മലബാര്‍ കലാപത്തിന്റെ ശക്തിസ്രോതസുകളിലൊന്നായ ഈ പള്ളിയും ദര്‍സും, ആ കാലയളവില്‍ ദര്‍സിന് നേതൃത്വം നല്‍കിയിരുന്ന ആമ്മിനുമ്മാന്റെകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ നാടുവിട്ടതിനെ തുടര്‍ന്ന് അല്‍പം മരവിച്ചു. പിന്നീട് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ ദര്‍സിന്റെ നേതൃത്വം വഹിക്കുകയും വീണ്ടും പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയും ചെയ്തു. തുടര്‍ന്ന് ഇസ്‌ലാഹുല്‍ഉലൂം എന്ന അറബിക് കോളേജിലേക്ക് വഴിമാറി.

അത്യപൂര്‍വവും മൂല്യവത്തുമായ പ്രസിദ്ധ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുത്ബ്ഖാന വലിയകുളങ്ങര പള്ളിയില്‍ സ്ഥിതിചെയ്യുന്നു. 'ജവാഹിറുല്‍ഖംസ' എന്ന അമൂല്യഗ്രന്ഥം മുതല്‍ തുഹ്ഫ, ഖാമൂസ്, ഇംദാദ്, റൗള തുടങ്ങിയ ഗ്രന്ഥങ്ങളുടെ നിരവധി വര്‍ഷം പഴക്കമുള്ള കയ്യെഴുത്ത് പ്രതികള്‍ ഈ ഗ്രന്ഥപ്പുരയിലുണ്ട്. ജവാഹിറുല്‍ ഖംസ് (പഞ്ചരത്‌നങ്ങള്‍) എന്ന ഗ്രന്ഥത്തില്‍ നഹ്‌വ്, സ്വര്‍ഫ്, അറൂള് ഖാവാഫി, ബലാഗ, താരീഖ്, ഫിഖ്ഹ് എന്നീ അഞ്ച് വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഹനഫീ മദ്ഹബിന്റെ ആധികാരിക ഗ്രന്ഥം 'ഫത്താവാ ആലംഗീരിയുടെ' ആറു ഭാഗങ്ങളും കയ്യെഴുത്ത് പ്രതികളായി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പല ഗ്രന്ഥങ്ങളും സ്വര്‍ണലിപിയിലാണ് എഴുതിവെച്ചിട്ടുള്ളതെന്നും ഒട്ടകത്തിന്റെ തോല്‍കൊണ്ടാണ് പുറംചട്ട തയ്യാറാക്കിയിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.

വലിയകുളങ്ങര പള്ളി ആസ്ഥാനമാക്കി ഖിലാഫത്ത് പ്രക്ഷോഭം ശക്തിയാര്‍ജിച്ചു. ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ പ്രസിഡണ്ടും പുത്തന്‍പുരക്കല്‍ കുഞ്ഞിഖാദര്‍ സെക്രട്ടറിയുമായിട്ടായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം. കുഞ്ഞിഖാദറെ വഞ്ചനയിലൂടെ കീഴടക്കി 1922 ഫെബ്രുവരി 26ന് വെള്ളപ്പട്ടാളം തൂക്കിക്കൊന്നു. ബ്രിട്ടീഷുകാരോട് ഒരുനിലക്കും സഹകരിക്കരുതെന്ന് പ്രമാണങ്ങള്‍ നിരത്തി സമര്‍ത്ഥിക്കുന്ന 'മുഹിമ്മാത്തുല്‍ മുഅ്മിനീന്‍' എന്ന ഒരു ഗ്രന്ഥം ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ രചിച്ചിരുന്നു. 1921ലെ 'മലബാര്‍ ഗസറ്റില്‍' ഇത് കൈവശം വെക്കുന്നവരെ വിചാരണകൂടാതെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കുന്നതാണെന്ന് വിജ്ഞാപനം പുറപ്പെടീക്കുകയുണ്ടായി. കൈവശം വെച്ചിരുന്ന പ്രമുഖ പണ്ഡിതന്‍മാരായ ചെറുശ്ശേരി അഹ്മദ്കുട്ടി  മുസ്‌ലിയാര്‍, പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരെ താക്കീത് ചെയ്തു വിട്ടു. ഒളിജീവിതം നയിച്ചിരുന്ന പരീക്കുട്ടി മുസ്‌ലിയാര്‍ 1930ല്‍ മക്കയിലേക്ക് ഒളിച്ചുകടന്നു. അദ്ദേഹം അവിടെയും തന്റെ ബ്രിട്ടീഷ് വിരോധം 'ഉമ്മുല്‍ഖുറാ' എന്ന അറബി പത്രത്തിലൂടെ ലേഖനമെഴുതി പ്രകടമാക്കിക്കൊണ്ടിരുന്നു. 1942ല്‍ മക്കയില്‍ വെച്ച് മരണപ്പെട്ടു.

'സമസ്ത'യുടെ ചരിത്രത്തില്‍ എക്കാലത്തെയും മികച്ച അധ്യായങ്ങളില്‍ പലതും താനൂരുമായി ബന്ധപ്പെട്ട് കിടക്കുന്നു. 'സമസ്ത'യുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് വേദിയായത് താനൂരായിരുന്നു. മുസ്‌ലിം കേരളത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവായി മാറിയ പ്രസ്തുത സമ്മേളനം 1927 ഫെബ്രുവരി -7 വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്ത് സ്ഥാപകനും മാനേജറുമായിരുന്ന ളിയാവുദ്ദീന്‍ മുഹമ്മദ് ഹസ്രത്തിന്റെ അധ്യക്ഷതയില്‍ അരങ്ങേറി. 1954 ഏപ്രില്‍ 24, 25 തിയ്യതികളില്‍ 20-ാം വാര്‍ഷിക സമ്മേളനം നടന്നതും താനൂരിലായിരുന്നു. ഈ സമ്മേളനത്തില്‍ വെച്ചാണ് സുന്നി യുവജന സംഘം പിറവികൊള്ളുന്നത്. (1961ലെ കക്കാട് സമ്മേളനത്തില്‍ വെച്ചാണ് 'സമസ്ത' അനുമതി നല്‍കുന്നത്). 1954ല്‍ പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ പത്രാധിപത്യത്തില്‍ 'നൂറുല്‍ ഇസ്‌ലാം' മാസികയും 57ല്‍ കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 'അല്‍ബുര്‍ഹാന്‍' മാസികയും പുറത്തിറങ്ങിയത് താനൂരില്‍ നിന്നായിരുന്നു.

സമസ്തയുടെ പ്രഥമ കലാലയമായ ഇസ്‌ലാഹുല്‍ഉലൂം നിലകൊള്ളുന്നത് ഇവിടെയാണ്. പത്ത് വര്‍ഷത്തോളം 'സമസ്ത'യുടെ അധ്യക്ഷ സ്ഥാനത്തിരുന്ന പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരാണ് ഇത് സ്ഥാപിച്ചത്. മലബാര്‍ കലാപാനന്തരം മുസ്‌ലിംകളില്‍ പൊതുവെ ഉണ്ടായ അരക്ഷിതാവസ്ഥ വലിയകുളങ്ങര പള്ളിയുടെ ദര്‍സിനെ ബാധിച്ചപ്പോള്‍, താനൂരിലെ ഉലമാക്കളും ഉമറാക്കളും 1921ല്‍ യോഗം ചേര്‍ന്ന്, അക്കാലയളവില്‍ കേരളത്തില്‍ എല്ലാ മേഖലയിലും ശോഭിച്ചുകൊണ്ടിരുന്ന പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരെ അവിടെ ദര്‍സ് ഏറ്റെടുക്കാനായി ക്ഷണിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായതോടെ നാടിന്റെ വിവിധ ദിക്കുകളില്‍നിന്നു ധാരാളം പേര്‍ ദര്‍സില്‍ എത്തിച്ചേര്‍ന്നു. പഠിതാക്കളുടെ ആധിക്യം കാരണം മുദരിസുമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പഠനം, താമസം, ഭക്ഷണം എന്നീ സൗകര്യങ്ങളോടുകൂടി ആധുനിക രീതിയിലുള്ള ഒരു അറബിക് കോളേജ് ഉണ്ടാക്കുവാന്‍ 1924 ഒക്‌ടോബര്‍ 26ന് ഞായറാഴ്ച മൗലാനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിലവിലെ മുഴുവന്‍ കിതാബുകള്‍ക്കും പുറമെ അറബി, ഉര്‍ദു, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്യാനും മതത്തിനെതിരെയുള്ള വെല്ലുവിളികളെ നിര്‍ഭയം നേരിടാന്‍ പ്രബോധനമേഖലയില്‍ നൂതന സംരംഭങ്ങള്‍ പരിശീലിപ്പിക്കാനും കഴിയുന്ന വിധത്തിലായിരിക്കണം പ്രസ്തുത കോളേജെന്ന് മൗലാനാ വളരെ ആഗ്രഹിച്ചു.

1928ല്‍ ചേര്‍ന്ന ഇസ്‌ലാഹുല്‍ഉലൂമിന്റെ മൂന്നാമത്തെ വാര്‍ഷികയോഗത്തില്‍ ഇക്കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുമുണ്ട്. രണ്ട് ദശാബ്ദക്കാലം ഇസ്‌ലാഹുല്‍ ഉലൂമിനുവേണ്ടി ആ മഹാന്‍ രാപ്പകലില്ലാതെ ഓടി നടന്നു. നേരം പുലരുവോളം വഅള് പറഞ്ഞായിരുന്നു അദ്ദേഹം കോളേജിന് സ്വത്ത് സമാഹരിച്ചിരുന്നത്. 1944-50 കാലയളവില്‍ കെ.വി. ഉസ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ 'താനൂര്‍ മുസ്‌ലിം യതീംഖാന' എന്ന പേരില്‍ ഒരു യതീംഖാന സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 1950ല്‍ പതി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഇസ്‌ലാഹുല്‍ഉലൂമിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും മാനേജറായി.

1954 ഏപ്രില്‍ 24 - 25 തീയതികളില്‍ താനൂരില്‍ നടന്ന 'സമസ്ത'യുടെ 20-ാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് അന്‍വാറുല്‍ ഇസ്‌ലാം സഭ കോളേജ് 'സമസ്ത'ക്ക് രജിസ്റ്റര്‍ ചെയ്ത് ഏല്‍പ്പിച്ചത്. 'സമസ്ത' മുശാവറ തീരുമാനപ്രകാരം മാനേജറും പ്രിന്‍സിപ്പലുമായി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരെയും രണ്ടാം മുദരിസായി കെ.വി. മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാരെയും മൂന്നാം മുദരിസായി അയനിക്കാട് ഇബ്രാഹീം മുസ്‌ലിയാരെയും നിയമിച്ചു. 57ല്‍ മൗലാനാ കൂറ്റനാട് മാനേജറായ 58 മുതല്‍ 63 വരെ ശംസുല്‍ഉലമ മാനേജറും പ്രിന്‍സിപ്പലുമായി. 'സമസ്ത'യുടെ പല മുശാവറ യോഗങ്ങളും ഇസ്‌ലാഹുല്‍ ഉലൂമില്‍ വെച്ച് നടന്നിട്ടുണ്ട്.

നിരവധി മഹാത്മാക്കളുടെ അന്ത്യഗേഹം കൊണ്ടനു്രഗഹീതമായ മണ്ണാണ് താനൂര്‍. ഹി. 1190ല്‍ മക്കയില്‍ നിെന്നത്തിയ പ്രവാചകരുടെ 24-ാമത്തെ പൗത്രന്‍ സയ്യിദ് മുഹമ്മദ് ഹാഷിം ഹസനുല്‍ ഖാദിരി (റ) തങ്ങളുടെ മഖ്ബറ ഇസ്‌ലാഹുല്‍ ഉലൂമിന്റെ പരിസരത്തായി സ്ഥിതി ചെയ്യുന്നു. പോര്‍ച്ചുഗീസുകാരില്‍ നിന്നും ഫാത്തിമയെന്ന സഹോദരിയെ രക്ഷിക്കാനായി നടത്തിയ ധീരപോരാട്ടത്തിനൊടുവില്‍, കഷ്ണം കഷ്ണമായി കടലിലേക്കെറിയപ്പെട്ട പൊന്നാനിയുടെ ധീരപുത്രന്‍ കുഞ്ഞിമരക്കാര്‍ ശഹീദ് (റ) വിന്റെ ഏഴ് കഷ്ണത്തില്‍ രണ്ടെണ്ണം താനൂരിലെ പതിയ കടപ്പുറത്തും ഒട്ടുംപുറത്തും എത്തിച്ചേര്‍ന്നു. അവിടെ അവരുടെ മഖ്ബറയുണ്ട്.

കേരളത്തിലെ നഖ്ശബന്തിയ്യ ത്വരീഖത്തിന്റെ ശൈഖും സൂഫി വര്യനുമായിരുന്ന ശൈഖ് അബ്ദുറഹ്മാന്‍ നഖ്ശബന്തി ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. അവാരിഫുല്‍ മആരിഫ് (ശൈഖ് ഉമറുല്‍ഖാഹിരിയുടെ അല്ലഫല്‍ അലിഫിനുള്ള വ്യാഖ്യാനം) ഇസ്ആദുല്‍ഇബാദ് ഫീ ദിക്‌രില്‍ മൗതി വല്‍ മആദ്, ശറഹു രൂഹ്ഫതില്‍ മുര്‍സല: എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. ഹി. 1322 ശവ്വാല്‍ 22നാണ് അദ്ദേഹം വഫാത്തായത്. കെ.കെ. അബൂബക്കര്‍ ഹസ്രത്തിന്റെ മഖ്ബറ ഖാദിരിയ്യാ നഗറില്‍ ഖാദിരിയ്യാ മസ്ജിദ് പരിസരത്ത് സ്ഥിതിചെയ്യുന്നു.

മാല മൗലിദുകള്‍ നാടുനീങ്ങുമ്പോള്‍ അവയുടെ പുനരുജ്ജീവനത്തിന് അനല്‍പമായ പങ്ക് താനൂര്‍ നിവാസികള്‍ വഹിക്കുന്നുണ്ട്. റബീഉല്‍ ആഖിറിന്റെ അവസാന ആഴ്ച മുതല്‍ ഇവിടെ മൗലിദിന്റെ ദിനങ്ങളാണ്. പന്ത്രണ്ടു മഹല്ലുകളുള്ള താനൂര്‍ പ്രദേശത്ത് ഓരോ വ്യാഴാഴ്ചയും രണ്ടോ മൂന്നോ മഹല്ലുകളില്‍ മൗലീദ് നടക്കും. വിവിധ അറബിക് കോളേജ്, ദര്‍സ് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്ന മൗലിദിന് സര്‍വ ഉത്സാഹത്തോടെ തദ്ദേശീയ വീട്ടുകാര്‍ മുന്നില്‍ നില്‍ക്കുന്നു. കാലങ്ങളായി ഇത് തുടര്‍ന്നുപോരുന്നു. പണ്ട്, ഇടക്കിടെ നാട്ടില്‍ വ്യാപകമായി പടര്‍ന്നുപിടിച്ച മാറാവ്യാധി സുഖപ്പെടുത്തുന്നതിനായി വെളിയങ്കോട് ആറ്റക്കോയ തങ്ങള്‍ നിശ്ചയിച്ചതാണത്രെ ഇത്.

ശഫീഖ് വഴിപ്പാറ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter