കേരളീയ ദർസ് സംവിധാനം: ചരിത്രവും വര്‍ത്തമാനവും  ഭാംഗ ഒന്ന്- ആദ്യ കാല കേരളീയ മാതൃകകൾ

കേരള മുസ്‍ലിംകളുടെ മതവിജ്ഞാന രംഗത്ത് ഏറെ സ്വാധീനം ചെലുത്തിയ സംവിധാനമാണ് ദര്‍സുകള്‍. മദീനാ പള്ളിയിലെ അഹ്‍ലുസ്സുഫയുടെ നേര്‍പകര്‍പ്പുകളാണ് ഇവിടെയും നമുക്ക് കാണാനാവുന്നത്. മലയാള സാഹിത്യത്തിന് പോലും സംഭാവനകളര്‍പ്പിക്കും വിധം സനമ്പന്നമായിരുന്നു ആ പഠന രീതി. ഖാളി മുഹമ്മദിന്റെ മുഹ്‌യുദ്ധീൻ മാല രചിക്കപ്പെട്ടതു മുതലാണ് കേരളീയ സാഹിത്യരംഗം ഏറെക്കുറെ ഉത്ഥാനത്തിന്റെ  വഴിയിലായെന്ന് പറയാം. അതിനുശേഷമാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് കൃതിയായ ആധ്യാത്മിക രാമായണം രചിക്കുന്നത് പോലും. കേരളത്തിന്റെ ദര്‍സീ പാരമ്പര്യത്തിന്റെ വായനയില്‍ ഇതും കടന്നുവരുന്നുണ്ട്. 

ദർസ് എന്നാൽ പാഠം എന്നാണ് വാച്യാർത്ഥം. പ്രവാചക തിരുമേനി(സ്വ) തങ്ങളുടെ അധരമൊഴികൾ സദാ ആവാഹിച്ചെടുത്ത അഹ്ലുസ്സുഫയാണ് ഈ സംവിധാനത്തിന്റെ ആധാരശില. ആ ഒരു വൈജ്ഞാനിക സപര്യ പരിശുദ്ധ ഇസ്‍ലാമിന്റെ പ്രചരണം ഏതെല്ലാം ദേശങ്ങളിൽ എത്തിയോ അവിടെയെല്ലാം ഉയർന്നു നിന്നു. നബി(സ്വ)തങ്ങൾ പഠിപ്പിച്ച വൈജ്ഞാനിക രീതിശാസ്ത്രത്തെ അതേപടി അന്വർത്ഥമാക്കുകയായിരുന്നു സ്വഹാബാക്കൾ. 

ഹിജ്റ അഞ്ചാം വർഷത്തിൽ തന്നെ കേരളത്തിന്റെ ഇസ്‍ലാമിക വിജ്ഞാന പരിസരത്തിന്റെ ആത്മീയ സാരഥ്യം  ഏറ്റെടുക്കുന്നത് അഹ്ലുസ്സുഫക്കാരാണ്. വിജ്ഞാനം നബിയിൽ നിന്ന് സ്വീകരിച്ചത് കൊണ്ട് തന്നെ നബി(സ്വ) തങ്ങൾ പ്രാവർത്തികമാക്കിയ വിദ്യാഭ്യാസ രീതിശാസ്ത്രം തന്നെയാണ് അഹ്ലുസ്സുഫക്കാരും കേരളത്തിൽ നടപ്പാക്കിയത്. ആദ്യം പള്ളികൾ നിർമ്മിച്ച് അവിടെ വിജ്ഞാന പ്രസരണത്തിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റി ദർസ് സംസ്കാരം രൂപപ്പെടുത്തിയെടുത്തു. അവിടുന്നങ്ങോട്ട് കേരളീയ മുസ്‍ലിം ഇടം കൃത്യമായി വരച്ചുകാട്ടപ്പെടുകയായിരുന്നു. ആദ്യകാലങ്ങളിൽ മതഭൗതിക വിദ്യാഭ്യാസ വേർതിരിവ് ഇല്ലാതിരുന്നത് കൊണ്ട് തന്നെ ഗോളശാസ്ത്രവും തച്ചുശാസ്ത്രവും ഗണിതശാസ്ത്രവും ഖുർആനും ഹദീസും കർമശാസ്ത്രവുമെല്ലാം പഠിപ്പിക്കപ്പെട്ടിരുന്ന വിജ്ഞാനകേന്ദ്രങ്ങളായിരുന്നു പള്ളിദർസുകൾ. ആത്മീയതയിൽ മാത്രം ഒതുങ്ങി നിൽക്കാതെ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വൈജ്ഞാനിക, മത മേഖലകളിൽ ദർസി സംവിധാനങ്ങളും അവിടുത്തെ ഉസ്താദുമാരും ഉണ്ടാക്കിയെടുത്ത സ്വാധീനം തുല്യതയില്ലാത്തതാണ്.

ദര്‍സുകള്‍ മഖ്ദൂമി പാരമ്പര്യത്തിന് മുമ്പ്

കേരളീയ ദർസി സംവിധാനത്തെ, മഖ്ദൂമികള്‍ക്ക് മുമ്പ്, ശേഷം എന്നിങ്ങനെ രണ്ട് ഘട്ടമായി നമുക്ക് തിരിക്കാം. കേരളീയ മുസ്‍ലിം സമൂഹത്തിൽ തുല്യതകളില്ലാത്ത സ്വാധീനം ചെലുത്തിയ കുടുംബമാണ് മഖ്ദൂമി കുടുംബം. കേരളത്തിൽ വ്യവസ്ഥാപിത ദർസ് സംവിധാനത്തിന് തുടക്കം കുറിക്കുന്നത് മഖ്ദൂമുമാരാണ്. എന്നാൽ അതിനുമുമ്പും കേരളത്തിൽ പള്ളികളും ദർസ് സംവിധാനങ്ങളും നിലനിന്നിരുന്നു. നബി(സ്വ) തങ്ങൾ മദീന പള്ളിയിൽ ആരംഭിച്ച ഈ പഠന സംവിധാനം ഇസ്‍ലാമിക ആഗമനത്തോടെ കേരളത്തിലും സജീവമായിരുന്നു. പ്രബോധനവശ്യാർത്ഥമോ കച്ചവടവശ്യാർത്ഥമോ കേരളത്തിൽ എത്തിയ അറബികളിലൂടെയാണ് ഇസ്‍ലാം കേരനാട്ടിൽ എത്തിപ്പെടുന്നത്. കേരളത്തിൽ ദർസ് സംവിധാനം തുടങ്ങുമ്പോൾ തന്നെ ബഗ്ദാദ്, അലക്സാണ്ടറിയാ, ഡമസ്കസ്, കൈറോ, മക്ക, മദീന എന്നിവിടങ്ങളിലെല്ലാം ഈ പഠനരീതി നടപ്പാക്കപ്പെട്ടിരുന്നു. പിൽക്കാലത്ത് ഈ ദർസ് സംവിധാനങ്ങളെല്ലാം  വലിയ സര്‍വ്വകലാശാലകളായി പരിണമിക്കുക വരെ ഉണ്ടായി.

എന്നാൽ കേരളീയ  പശ്ചാത്തലം വിഭിന്നമായിരുന്നു.  ആദ്യകാല ദർസ് സംവിധാനം എപ്രകാരമാണോ ഉണ്ടായിരുന്നത്  അത് തുടർന്നു പോകാനുള്ള ശ്രമങ്ങളാണ് നടത്തിയത്. പിൽക്കാലത്ത് ഏതാനും മത ഭൗതിക കലാലയങ്ങൾ രൂപം കൊണ്ടു എന്നതും ചേർത്തു വായിക്കേണ്ടതാണ്. കേരളത്തിലെ തീരപ്രദേശങ്ങളായ കൊടുങ്ങല്ലൂർ, കൊല്ലം, കോഴിക്കോട് ചാലിയം, താനൂർ, പൊന്നാനി തുടങ്ങിയ പ്രദേശങ്ങളായിരുന്നു ആദ്യകാല വിജ്ഞാന പ്രസരണ കേന്ദ്രങ്ങൾ. ഇവിടങ്ങളിലെല്ലാം ഇസ്‍ലാമിന്റെ ആഗമനകാലത്ത് തന്നെ വിദേശ മുദരിസുമാർ ദർസ് നടത്തിയിരുന്നു. ഈ പ്രദേശങ്ങൾ പിൽക്കാലത്ത് വലിയ പട്ടണങ്ങളായി മാറിയത് ഈ വൈജ്ഞാനിക പാരമ്പര്യത്തിന്റെ ബാക്കി പത്രങ്ങളാണ്.

ഏകദേശം 800 വർഷങ്ങൾക്കു മുമ്പാണ് താനൂരിലെ വലിയകുളങ്ങര പള്ളിയിൽ ദർസ് ആരംഭിക്കുന്നത്. ഇവിടുത്തെ ദർസ് ലോക ശ്രദ്ധ നേടിയിരുന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് വിദ്യ തേടി താനൂരിലേക്ക് പലായനം ചെയ്ത വിദ്യാർത്ഥികളുടെ കഥകൾ ചരിത്രം വ്യക്തമാക്കുന്നുണ്ട്. താനൂരിലെ വലിയ കുളങ്ങര പള്ളിയിൽ ഈജിപ്ത്, യമന്‍, ഹിജാസ് എന്നിവിടങ്ങളിൽ നിന്നെല്ലാം മുദരിസുമാർ വന്നത് കേരളീയ വൈജ്ഞാനിക പാരമ്പര്യത്തിന്റെ പൈതൃകം വ്യക്തമാക്കുന്നതാണ്. ഹിജ്റ 670ൽ പ്രശസ്ത കർമ്മ ശാസ്ത്ര വിഷാരദനായ ഇമാം മുഹമ്മദ് അബ്ദുല്ലാഹ് ഹദ്റമിയിൽ കാഹിരി താനൂരിൽ ദർസ് നടത്തിയതായി ചരിത്രരേഖകൾ അടിവരയിടുന്നുണ്ട്. കേരളത്തിൽ മഖ്ദൂമി ദർസ് സംവിധാനത്തിന് മുമ്പുള്ള വ്യവസ്ഥാപിത വൈജ്ഞാനിക സംരംഭമായിരുന്നു അത്. ഹിജ്റ 670 നു മുമ്പും അദ്ദേഹം ദർസ് നടത്തിയിരുന്നെങ്കിലും ഇത്ര ക്രിയാത്മകവും വ്യവസ്ഥാപിതവുമായ ഇടപെടൽ ഉണ്ടായിരുന്നില്ല. പലപ്പോഴായി ഇസ്‍ലാമിക കർമ്മ ശാസ്ത്രത്തിന്റെ വിധികള്‍ പൊതുജനങ്ങൾക്ക് ഓതിക്കൊടുക്കുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

പിന്നീടാണ് പെരിങ്ങത്തൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അലിയ്യുൽ കൂഫി(റ) കേരളീയ ദർസ് സംവിധാനത്തിന്റെ സാരഥ്യം  ഏറ്റെടുക്കുന്നത്. ആദ്യം പൊന്നാനിയിലേക്ക് പോവുകയും അവിടെ സംസ്കരണ പ്രവർത്തനങ്ങളുമായി സമൂഹത്തെ സമുദ്ധരിക്കുകയും പള്ളികൾ നിർമ്മിക്കുകയും ചെയ്തു. ഈരാറ്റുപേട്ടയിലെ മൻബഉൽഖൈറാത്ത്, മിഫ്താഹുൽ ഉലൂം, നൂറുൽ ഇസ്‍ലാം തുടങ്ങിയ മദ്‍റസകൾ അദ്ദേഹത്തിന്റെ സംഭാവനകളിൽ പെട്ടതാണ്. മഖ്ദൂമി ദർസ് പാരമ്പര്യം വരുന്നതിനുമുമ്പ് തന്നെ കേരളീയ പശ്ചാത്തലം ദർസ് വിജ്ഞാനം കൊണ്ട് ഒരു പരിധിവരെ സമ്പുഷ്ടമാണെന്ന് ഇതിൽനിന്നെല്ലാം വ്യക്തമാവുന്നു. 

ഖാളി സൈനുദ്ദീൻ റമളാൻ ശാലിയാത്തി കോഴിക്കോട് കുറ്റിച്ചിറ മിസ്കാൽ പള്ളി, മുച്ചൂന്തി പള്ളി, കുറ്റിച്ചിറ ജുമുഅത്ത് പള്ളി എന്നിവിടങ്ങളിൽ ദർസ് ആരംഭിച്ചു.  ഇത് യഥാർത്ഥത്തിൽ ദീനി വിജ്ഞാന രംഗത്ത് കേരളത്തിന്റെ പ്രതാപത്തെ വെളിവാക്കുന്നതായിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗശേഷം ഹിജ്റ 899 (എഡി 1493)ല്‍ മരണമടയുന്നത് വരെ ഫക്റുദ്ദീൻ അബൂബക്കർ കാലിക്കൂത്തി(റ) ദർസ് തുടർന്നു. അക്കാലത്തെ ഏറ്റവും വലിയ ദർസ് ഫക്‍റുദ്ദീൻ കാലിക്കൂത്തി(റ)യുടേതായിരുന്നുവത്രെ. ദർസ് രംഗത്ത് പരമ്പരാഗതമായി സ്വീകരിച്ചു പോന്നിരുന്ന രീതികളെ ഉൾക്കൊണ്ടുകൊണ്ട് തന്നെ പുതിയ പരിഷ്കരണങ്ങൾ അദ്ദേഹം കൊണ്ട് വന്നു . പുതിയ പാഠ്യരീതി ആവിഷ്കരിച്ചു. കുറച്ചുകൂടെ ചിട്ടയാർന്ന വ്യവസ്ഥകൾക്ക് രൂപം നൽകി. സ്വന്തമായി ഒരു പാഠ്യക്രമം രൂപീകരിച്ചു. അതിന് 'അസ്സിൽസിലത്തുൽ ഹർഷിയ്യ' എന്നാണ് അദ്ദേഹം പേര് വെച്ചത്. ഇദ്ദേഹത്തിന്റെ ശിഷ്യനാണ് കേരളീയ ദർസി സംവിധാനത്തിന്റെ പരിഷ്കരണ ആചാര്യൻ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ. ഫഖ്‍റുദ്ദീൻ അബൂബക്കർ കാലിക്കൂത്തിയിൽ(റ)നിന്നുള്ള അറിവന്വേഷണത്തിന് ശേഷമാണ് അദ്ദേഹം ഈജിപ്തിലേക്ക് ഉപരിപഠനാർത്ഥം പോകുന്നത്. ഇത് ഒരു യുഗപ്പിറവിയുടെ ആരംഭമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter