അബൂബക്ര്‍(റ) വ്യക്തിയും ഖിലാഫത്തും

 

പേര് അബ്ദുല്ലാഹി ബ്‌നു അബീ ഖുഹാഫ. അബൂ ഖുഹാഫയുടെ പേര് ഉസ്മാന്‍. തൈമു ബ്‌നു മുര്‍റത്തിന്റെ കുടുംബ പരപമ്പരയില്‍ ജനനം. മാതാവ് ഉമ്മുല്‍ ഖൈര്‍ ബിന്‍തു സഖ്ര്‍. ഹിജ്‌റ വര്‍ഷം പതിമൂന്ന് ജുമാദുല്‍ ആഖിറ 22 ചൊവ്വാഴ്ച വഫാത്ത്. രണ്ടു വര്‍ഷവും മൂന്നു മാസവും പത്തു ദിവസവും ഭരണം.


വിശേഷണങ്ങള്‍
ഒരിക്കല്‍ ഉമര്‍ (റ) അബൂബക്ര്‍ (റ) വിനോട് പിണങ്ങി. അതറിഞ്ഞ പ്രവാചകന്‍ പറഞ്ഞു: എന്റെ കൂട്ടുകാരനെ നിങ്ങള്‍ എനിക്കുവേണ്ടി വിട്ടേക്കുക. കാരണം, അല്ലാഹു എന്നെ സത്യദീനുമായി നിയോഗിച്ചപ്പോള്‍ ആളുകളെല്ലാം ഞാന്‍ കള്ളം പറയുകയാണെന്നു പറഞ്ഞു. എന്നാല്‍, അബൂബക്ര്‍ (റ) പറഞ്ഞു; ഞാന്‍ സത്യമാണ് പറയുന്നതെന്ന്.
ഒരിക്കല്‍ ഉമറിനെയും അബൂബക്‌റിനെയും കുറിച്ച് അലി (റ) വിനോട് ആരോ അഭിപ്രായം ചോദിച്ചു.  അലി (റ) പറഞ്ഞു: നിങ്ങള്‍ ചോദിക്കേണ്ട ആളോടു തന്നെയാണ് ചോദിച്ചിരിക്കുന്നത്. അല്ലാഹുവാണെ സത്യം; അവര്‍ രണ്ടു പേരും നമ്മുടെ നേതാക്കള്‍ ആയിരുന്നു. നല്ലവരും നന്നാക്കുന്നവരുമായിരുന്നു. വയര്‍ ഒട്ടിയവരായിട്ടാണ് അവര്‍ ഇരുവരും ഇഹലോകവാസം വെടിഞ്ഞത്.
അലി (റ) പറയുന്നു: എല്ലാ നന്മയില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത് പ്രവാചകരാണ്. എന്നാല്‍, രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അബൂബക്ര്‍ (റ) വാണ്. മൂന്നാം സ്ഥാനത്ത് ഉമറും. അനന്തരം, അന്ധമായ ഫിത്‌ന ഞങ്ങളെ കുഴപ്പത്തിലാക്കി. താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു മാപ്പ് കൊടുക്കട്ടെ.
ഉമര്‍ (റ) പറയുന്നു: 'അബൂബക്ര്‍ (റ) ഞങ്ങളുടെ നേതാവാണ്. അദ്ദേഹം ഞങ്ങളുടെ ഒരു നേതാവിനെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ചിട്ടുമുണ്ട്.' ബിലാല്‍ (റ) വിന്റെ മോചനമാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഉമയ്യത്തിന്റെ അടിമയായിരുന്ന ബിലാലിനെ വില നല്‍കി മോചിപ്പിച്ചത് അദ്ദേഹമായിരുന്നു.

വിയോഗം
ആയിശ (റ) പറയുന്നു: ജുമാദുല്‍ ആഖിറ ഏഴ്. തിങ്കളാഴ്ച ദിവസം. കഠിനമായ ശൈത്യമുണ്ടായിരുന്ന ആ പകല്‍ സമയം അബൂബക്ര്‍ (റ) കുളിച്ചു. അതിനെ തുടര്‍ന്നു പതിനഞ്ചു ദിവസത്തോളം അദ്ദേഹം പനിച്ചു കിടന്നു. നിസ്‌കാരത്തിന് പോയില്ല. അതിന് നേതൃത്വം നല്‍കാന്‍ ഉമര്‍ (റ) വിനെ ചുമതലപ്പെടുത്തി.  ജമാദുല്‍ ഉഖ്‌റ ഇരുപത്തിരണ്ട് ചൊവ്വാഴ്ച രാത്രി അദ്ദേഹം മരണപ്പെട്ടു. ഹിജ്‌റ പതിമൂന്നാം വര്‍ഷമായിരുന്നു ഇത്. ഉമര്‍ (റ) ജനാസ നിസ്‌കരിച്ചു.

മരണ ശയ്യയിലായിരുന്ന അബൂബക്ര്‍ (റ) ഇങ്ങനെ കല്‍പിച്ചു: പഴയ രണ്ടു പുടവകള്‍ കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി വെക്കുക. അതിലാണ് എന്നെ കഫന്‍ ചെയ്യേണ്ടത്. കാരണം മരിച്ച ആളുകളെക്കാള്‍ പുതുവസ്ത്രം ആവശ്യമുള്ളത് ജീവിച്ചിരിക്കുന്ന ആളുകള്‍ക്കാണ്.

തന്നെ പ്രവാചകരുടെ അരികില്‍തന്നെ മറമാടണമെന്ന് അബൂബക്ര്‍ (റ) മകള്‍ ആയിശയോട് വസ്വിയ്യത്ത് ചെയ്തിരുന്നു. അതിനാല്‍, മരണപ്പെട്ടപ്പോള്‍ പ്രവാചരുടെ അടുത്തുതന്നെ അദ്ദേഹത്തെ മറമാടുകയുണ്ടായി. പിന്നീട് ഉമര്‍ (റ) വിനെയും അവിടെത്തന്നെയാണ് മറമാടിയത്.
ആയിശ (റ) യുടെ വീട്ടില്‍ ഒരു ഖബ്‌റിനു കൂടി സ്ഥലമുണ്ടായിരുന്നു. ഹസന്‍ (റ) മരണമാസന്നമായപ്പോള്‍ തന്നെ അവിടെ മറവു ചെയ്യണമെന്ന് വസ്വിയ്യത്തു ചെയ്യുകയുണ്ടായി. പക്ഷെ, അദ്ദേഹം മരണപ്പെട്ട സമയം. ഹാശിം കുടുംബാംഗങ്ങള്‍ അവിടെ ഖബ്ര്‍ വെട്ടാന്‍ തുനിഞ്ഞപ്പോള്‍ അന്നത്തെ മദീനാ ഗവര്‍ണ്ണര്‍  മര്‍വാന്‍ അവരെ തടയുകയായിരുന്നു. അപ്പോള്‍ അബൂ ഹുറൈറ (റ) മുന്നോട്ടു വന്ന് മര്‍വാനോട് ഇങ്ങനെ ചോദിച്ചു: 'തന്റെ പിതാമഹനോടൊപ്പം ഹസനെ മറമാടുന്നതിനെ താങ്കള്‍ എന്തിനാണ് വിലക്കുന്നത്? ഹസനും ഹുസൈനും സ്വര്‍ഗവാസികളായ യുവാക്കളുടെ നേതാക്കളാണെന്ന് പ്രവാചകന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.' മര്‍വാന്‍ പറഞ്ഞു: 'നിങ്ങളല്ലാതെ മറ്റാരും ഈ ഹദീസ് നിവേദനം ചെയ്യാത്ത സ്ഥിതിക്ക് അല്ലാഹു പ്രവാചകരുടെ ഹദീസിനെ പാഴാക്കിക്കളഞ്ഞിരിക്കുന്നു.' മര്‍വാന്റെ ധിക്കാരമായിരുന്നു ഇത്.
മരണസമയം അബൂബക്ര്‍ (റ) വിന് 63 വയസ്സുണ്ടായിരുന്നു. അതിനുശേഷം അല്‍പം മാസങ്ങളോളം അദ്ദേഹത്തിന്റെ പിതാവ് അബൂ ഖുഹാഫ ജീവിക്കുകയുണ്ടായി.

സൂചന
ആയിശ (റ) നിവേദനം ചെയ്യുന്നു: ''നബി തങ്ങള്‍ രോഗിയായി കിടപ്പിലായപ്പോള്‍ ഇങ്ങനെ പറയുകയുണ്ടായി: നിങ്ങള്‍ അബൂ ബക്ര്‍ (റ) വിനോട് കല്‍പിക്കുക; അദ്ദേഹം നിങ്ങളുടെ നിസ്‌കാരത്തിന് നേതൃത്വം വഹിക്കട്ടെ. അന്നേരം ഞാന്‍ അഭിപ്രായപ്പെട്ടു: അല്ലാഹുവിന്റെ റസൂലെ, അങ്ങയുടെ സ്ഥാനത്ത് അദ്ദേഹം നിന്നാല്‍ വിലാപംകൊണ്ട് ജനങ്ങള്‍ക്ക് ശബ്ദം കേള്‍പ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിയുകയില്ല. അതിനാല്‍, ഉമര്‍ (റ) വിനോട് കല്‍പിക്കുവിന്‍. അദ്ദേഹം ജനങ്ങളോടൊപ്പം നിസ്‌കരിക്കട്ടെ. അന്നേരം നബി തങ്ങള്‍ വീണ്ടും പറഞ്ഞു: നിങ്ങള്‍ അബൂബക്‌റിനോട് കല്‍പിക്കുക; അദ്ദേഹം ജനങ്ങളോടൊപ്പം നിസ്‌കരിക്കട്ടെ.''
ആയിശ (റ) ഇക്കാര്യത്തില്‍ സഹ പത്‌നിയായ ഹഫ്‌സ (റ) വിനെക്കൊണ്ട് ശുപാര്‍ശ പറയിപ്പിച്ചുനോക്കി. പക്ഷെ, ഫലമുണ്ടായില്ല. അബൂബക്ര്‍ തന്നെ തന്റെ അഭാവത്തില്‍ ജനങ്ങളുടെ നിസ്‌കാരത്തിന് നേതൃത്വം വഹിക്കണമെന്ന കാര്യത്തില്‍ നബി ഉറച്ചു നില്‍ക്കുകയാണുണ്ടായത്.
അനസ് (റ) വില്‍നിന്നു നിവേദനം: നബി തങ്ങള്‍ രോഗിയായപ്പോള്‍ അബൂബക്ര്‍ ആറു ദിവസം ജനങ്ങളോടൊപ്പം നിസ്‌കാരം നിര്‍വഹിക്കുകയുണ്ടായി.
ഒരിക്കല്‍ അലി (റ) ചോദിക്കപ്പെട്ടു: നിങ്ങള്‍ എന്തിനാണ് അബൂബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്തു അംഗീകരിച്ചത്? അലി (റ) പ്രതിവചിച്ചു: പ്രവാചകര്‍ പെട്ടെന്നല്ല നിര്യാതരായത്. രോഗകാലത്ത് എല്ലാ ദിവസവും ബിലാല്‍ (റ) വന്ന് നിസ്‌കാര സമയമായെന്ന് വിവരം നല്‍കാറുണ്ടായിരുന്നു. അന്നേരമൊക്കെ അബൂബക്ര്‍ (റ) വിനോടാണ് ജനങ്ങളോടൊപ്പം നിസ്‌കരിക്കാനാണ് പറഞ്ഞിരുന്നത്. എന്റെ സ്ഥാനം അറിഞ്ഞുകൊണ്ടുതന്നെ നബി തങ്ങള്‍ എന്നെ ഒഴിച്ചു നിര്‍ത്തുകയാണ് ചെയ്തത്. നബി തങ്ങള്‍ വഫാത്തായപ്പോള്‍ താന്‍ ആരെയാണോ ജനങ്ങളുടെ ദീനിന്റെ കാര്യത്തില്‍ തൃപ്തിപ്പെട്ടിരിക്കുന്നത് അതേ ആളെത്തന്നെ ജനം തങ്ങളുടെ ദുന്‍യാവിന്റെ കാര്യത്തിലും തൃപ്തിപ്പെട്ടു. അങ്ങനെ അവര്‍ അബൂബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്തു. ഞാനും അദ്ദേഹത്തെ ബൈഅത്ത് ചെയ്തു.

അബൂ സുഫ്‌യാന്‍ (റ)
നബി തങ്ങള്‍ വഫാത്തായപ്പോള്‍ അബൂ സുഫ്‌യാന്‍ മദീനയില്‍ ഉണ്ടായിരുന്നില്ല. സകാത്ത് പിരിവിനായി നബി അവരെ എങ്ങോട്ടോ അയച്ചതായിരുന്നു. തിരിച്ചുവരവെ വഴിയില്‍വെച്ചു നബിയുടെ വിയോഗ വാര്‍ത്ത അദ്ദേഹമറിഞ്ഞു. വാര്‍ത്ത അറിയിച്ച ആളോട് അദ്ദേഹം ചോദിച്ചു:
''ആരാണ് നേതൃസ്ഥാനത്തു വന്നത്?''
''അബൂബക്ര്‍'' അയാള്‍ പറഞ്ഞു.
''അപ്പോള്‍ അലിയും അബ്ബാസും എന്തു ചെയ്യുന്നു?''
''അവര്‍ വീട്ടില്‍ തന്നെ''
''എനിക്ക് അവിടെയെത്തിയാല്‍ ചിലതെല്ലാം ചെയ്യാനുണ്ടായിരുന്നു''
മദീനയിലെത്തിയ ശേഷം തെരുവുകള്‍ ചുറ്റിത്തിരിഞ്ഞുകൊണ്ട് അബൂ സുഫ്‌യാന്‍ ഇങ്ങനെ പാടി:
''ഹാശിം സന്തതികളെ, ജനങ്ങള്‍ നിങ്ങളെ പിന്തുണക്കുമെന്ന് നിങ്ങള്‍ക്ക് ആളങ്ക വേണ്ട. പ്രത്യേകിച്ചും തൈം, അദീ എന്നീ ഗോത്രക്കാര്‍! (അബൂബക്‌റിന്റെ യും ഉമറിന്റെയും ഗോത്രങ്ങളാണ് സൂചന.) എന്നാല്‍, നിങ്ങളാണ് അധികാരത്തിന്റെ അവകാശികള്‍. അതിന് യോഗ്യനായി അബുല്‍ ഹസന്‍ അലി അല്ലാതെ മറ്റാരുമില്ല.''
ഇതു കേട്ടപ്പോള്‍ ഉമര്‍ (റ) ചെന്ന് അബൂബക്ര്‍ (റ) വനോട് പറഞ്ഞു: ''ഇതാ, ഇയാള്‍ വന്നിട്ടുണ്ട്. ഇയാള്‍ കുഴപ്പം സൃഷ്ടിച്ചേക്കും. ഇസ്‌ലാമിന് വേണ്ടി നബി തങ്ങള്‍ അയാളെ സംതൃപ്തി വരുത്തി നിര്‍ത്തറുണ്ടായിരുന്നു. അതിനാല്‍, അയാള്‍ കൊണ്ടുവന്ന ധനം അയാള്‍ക്കുതന്നെ അനുവദച്ചുകൊടുക്കുക.''
അബൂ ബക്ര്‍ (റ) സമ്മതിച്ചു. അബൂ സുഫ്‌യാന്‍ (റ) വിന് സംതൃപ്തിയായി. ഉടനെ വന്ന് ബൈഅത്ത് ചെയ്യുകയും ചെയ്തു.
സഖീഫത്തു ബനീ സാഇദ്
പ്രവാചകന്‍ ഇഹലോക വാസം വെടിഞ്ഞ സമയം. മുഹാജിറുകളും അന്‍സ്വാറുകളും ആ വീട്ടില്‍ ഒരുമിച്ചുകൂടിയിട്ടുണ്. അന്നേരം രണ്ടാളുകള്‍ അവിടെ കയറി വന്നു. മഅ്‌നു ബ്‌നു അദിയ്യ് (റ), ഉവൈമു ബ്‌നു സാഇദ (റ) എന്നിവരായിരുന്നു ആ രണ്ടാളുകള്‍. അവര്‍ അബൂ ബക്ര്‍ (റ) വിനോട് ഇങ്ങനെ പറഞ്ഞു: ഇതാ കുഴപ്പത്തിന്റെ കവാടം. അങ്ങ് വഴിയായി അല്ലാഹു അത് അടച്ചുതന്നെങ്കില്‍ നന്നായിരുന്നു. ഇതാ, സഅദു ബ്‌നു ഉബാദ (റ) വിനെ ഖലീഫയാക്കാന്‍ അന്‍സ്വാറുകള്‍ ഉദ്ദേശിക്കുന്നു.
തല്‍ക്ഷണം, അബൂ ബക്ര്‍ (റ), ഉമര്‍ (റ), അബൂ ഉബൈദ (റ) എന്നിവര്‍ അങ്ങോട്ടു ചെന്നു. ബനൂ സാഇദ ഗോത്രക്കാരുടെ സഭാ മന്ദിരത്തിലെത്തി. അവിടെ സഅദു ബ്‌നു ഉബാദ (റ) ഒരു വിരിപ്പില്‍ ഇരിക്കുന്നു. ഒരു തലയണയുടെമേല്‍ ചാരിയിട്ടാണ് ഇരുത്തം. അല്‍പം പനി ബാധിച്ചിട്ടുണ്ട്. അബൂ ബക്ര്‍ (റ) ചെന്നപാട് അദ്ദേഹത്തോട്  ചോദിച്ചു:
''അബൂ സാബിതേ, എന്താണ് അങ്ങയുടെ മനോഗതം?''
''ഞാന്‍ നിങ്ങളില്‍നിന്നുള്ള ഒരാള്‍..'' അദ്ദേഹം പ്രതരികരിച്ചത് അങ്ങനെയാണ്.
എന്നാല്‍ കൂട്ടത്തില്‍നിന്ന് ഹുബാബു ബ്‌നു മുന്‍ദിര്‍ എഴുന്നേറ്റു നിന്നുകൊണ്ട് ഞങ്ങളില്‍നിന്നൊരു നേതാവ്, നിങ്ങളില്‍നിന്നൊരു നേതാവ് എന്നിങ്ങനെ രണ്ട് നേതാക്കന്മാര്‍ ആവശ്യമാണെന്ന വാദമുന്നയിച്ചു. കുഴപ്പത്തിന്റെ കവാടം! ഉമര്‍ (റ) മറുപടി പറയാന്‍ തിരക്കി. പക്ഷെ, അബൂ ബക്ര്‍ (റ) വിട്ടില്ല. അദ്ദേഹം വേണ്ടപോലെ സംസാരിച്ചു. സംസാരത്തില്‍ മുഹാജിറുകള്‍ ഭരണാധികാരികളും അന്‍സ്വാറുകള്‍ അവരുടെ സഹായികളും ആയിരിക്കണമെന്നും ഖുറൈശികള്‍ക്കല്ലാതെ അറബ് ജനം അധീനപ്പെടുകയില്ലെന്നും 'ഭരണത്തലവന്മാര്‍ ഖുറൈശികളില്‍നിന്നാണെന്ന്' നബി തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. അനന്തരഫലം, ഉമര്‍ (റ) വിനെയും അബൂ ഉബൈദ (റ) വിനെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവരിലൊരാളെ ഖലീഫയാക്കൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, ഉമര്‍ (റ) അബൂ ബക്ര്‍ (റ) വിനോട് ഇങ്ങനെ പറഞ്ഞു: 'അങ്ങ് ജീവിച്ചിരിക്കുമ്പോള്‍ ഇത് നടക്കില്ല. അല്ലാഹുവിന്റെ റസൂല്‍ അങ്ങയെ നിര്‍ത്തിയിരിക്കുന്ന സ്ഥാനത്തുനിന്നു ആരും അങ്ങയെ പിന്നോട്ടു നീക്കുകയില്ല.' ഇതുപറഞ്ഞതോടൊപ്പം ഉമര്‍ (റ) തന്റെ കൈ നീട്ടി അബൂ ബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്തു. ഇതോടെ, ആളുകളെല്ലാം ബൈഅത്ത് ചെയ്യാന്‍ തുടങ്ങി. ബൈഅത്തിനു വേണ്ടി അവര്‍ തിക്കിത്തിരക്കി അബൂബക്ര്‍ (റ) വിന് നേരെ നീങ്ങി. അവര്‍ അദ്ദേഹത്തെ പള്ളിയില്‍ കൊണ്ടുപോയി. പരസ്യമായി എല്ലാവരും ബൈഅത്ത് ചെയ്തു. തക്ബീര്‍ ധ്വനികള്‍ മുഴക്കി.

ഉബയ്യു ബ്‌നു കഅബ് (റ)
ബനൂ സാഇദ സഭാ ഹാളില്‍ മുഹാജിറുകളും അന്‍സ്വാറുകളും തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉബയ്യു ബ്‌നു കഅബുല്‍ അന്‍സ്വാരീ (റ) തന്റെ വീട്ടില്‍ വാതിലടച്ചു കഴിയുകയായിരുന്നു. നൂഅ്മാനു ബ്‌നു ബശീര്‍ (റ) അവിടെ വന്നു വാതില്‍ മുട്ടി. മൂടിപ്പുതച്ച നിലയില്‍ ഉബയ്യ് (റ) പുറത്തുവന്നു. നുഅ്മാന്‍ ചോദിച്ചു:
''സഖീഫത്തു ബനീ സാഇദയില്‍ നിങ്ങളുടെ ആളുകള്‍ മുഹാജിറുകളോട് തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ വീട്ടിനകത്ത് വാതിലടച്ച് കഴിയുകയാണോ? വേഗം നിങ്ങളുടെ ആളുകളെ സമീപിക്കുക.''
ഉബയ്യ് ഉടനെ അങ്ങോട്ടു ചെന്നു. അന്‍സ്വാറുകളെ അഭിസംബോധന ചെയ്തുകൊണ്ടു ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു അവകാശവുമില്ല. ഇത് മുഹാജിറുകള്‍ക്ക് ഉള്ളതാണ്. മുഹാജിറുകളില്‍നിന്ന് രണ്ടാളുകള്‍ അധികാരം വഹിക്കും. മൂന്നാമത്തെ ആള്‍ വധിക്കപ്പെടും. പിന്നീട് ഭരണ കേന്ദ്രം ശാമിലേക്ക് നീക്കപ്പെടും. എന്റെ ഈ വാക്കുകള്‍ക്ക് പ്രവാചകരുടെ ഉമനീരിന്റെ നനവ് നിലനില്‍ക്കുന്നു.'
അനന്തരം അദ്ദേഹം തിരിച്ചുപോയി. വാതിലടച്ച് അകത്തു കൂടി.

അറച്ചു നിന്നവര്‍
അലി (റ), അബ്ബാസ് (റ), സുബൈര്‍ (റ), സഅദു ബിന്‍ ഉബാദ (റ) തുടങ്ങിയവര്‍ ആദ്യഘട്ടത്തില്‍ അബൂ ബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു. സഅദ് ഒഴികെയുള്ളവരെല്ലാം ഫാഥിമാ (റ) യുടെ വീട്ടിലാണുണ്ടായിരുന്നത്. ഖലീഫ അബൂ ബക്ര്‍ (റ) ഉമര്‍ (റ) വിനെ അങ്ങോട്ടയച്ച് കാര്യത്തിന്റെ ഗൗരവം അവരെ ധരിപ്പിച്ചു. അപ്പോള്‍, അലി (റ) പുറത്തുവന്നു. അബൂ ബക്ര്‍ (റ) വിനെ ബൈഅത്തു ചെയ്തു. അനന്തരം അബൂ ബക്ര്‍ (റ) അലി (റ) വിനോട് ഇപ്രകാരം ചോദിച്ചു: 'എന്റെ അധികാരം നിങ്ങള്‍ വെറുത്തുകളഞ്ഞതാണോ? അലി (റ) പറഞ്ഞു: 'അല്ല, റസൂല്‍ വഫാത്തായ ശേഷം ഖുര്‍ആന്‍ മുഴുവന്‍ മന:പാഠമാക്കുന്നതുവരെ ഞാന്‍ മേലാധികാരിയാവുകയില്ലെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിരുന്നു. അതുകൊണ്ടാണ് ഞാന്‍ പുറത്തിറങ്ങാതിരുന്നത്.'

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter