റമദാന്‍ വാതില്‍ തുറക്കുന്നു

മനുഷ്യന്റെ ആന്തരികഘടനയിലും സ്വഭാവരൂപവത്കരണത്തിലും അവന്റെ ഹൃദയത്തിന് അഗ്രിമസ്ഥാനമാണുള്ളത്. ആകെ ശരീരത്തെയും മുഴുജീവിതത്തെയും അത് സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. വ്യക്തിയുടെ സ്വത്വം, അവന്റെ ഉള്ളം എന്നൊക്കെപ്പറയുന്നത് ഹൃദന്തത്തിലാണ് കുടികൊള്ളുന്നത്. ഉയിരിന്റെയും ഉണ്മയുടെയും കേന്ദ്രസ്ഥാനമായി അത് നിലകൊള്ളുന്നു.

മനസ്സ് എന്ന പ്രതിഭാസം മസ്തിഷ്‌കത്തിലാണോ ഹൃദയത്തിലാണോ സ്ഥിതി ചെയ്യുന്നതെന്ന ചോദ്യം ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും ലോകത്ത് ഇന്നും ഉന്നയിക്കപ്പെടുന്നു. രണ്ടിലുമല്ല; അത് പ്രാണനിലാകെ പടര്‍ന്നിരിക്കുകയാണെന്ന വീക്ഷണവും ചില വിദഗ്ധര്‍ വെച്ചുപുലര്‍ത്തുന്നു. അതെന്തായാലും മാനവവികാരങ്ങളുടെ പ്രഭവസ്ഥാനം ഹൃദയമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ഒരര്‍ഥത്തില്‍ മനുഷ്യാസ്തിത്വത്തിന്റെ മര്‍മസ്ഥാനമാണുള്ളത്. മനുഷ്യന്റെ ഭൗതികമായ ഘടനാക്രമത്തില്‍ മാത്രമല്ല, അവന്റെ ആത്മീയവും ദാര്‍ശനികവുമായ വ്യാഖ്യാനത്തിലും അദ്വിതീയമായ സ്ഥാനമാണ് ഹൃദയത്തിന് നല്‍കപ്പെട്ടിരിക്കുന്നത്. തത്ത്വചിന്തകന്മാര്‍ അതിന്റെ പ്രാധാന്യം ഉദ്‌ഘോഷിക്കുകയും കവികള്‍ അതിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. അല്ലാമാ ഇഖ്ബാലിന്റെ ഭാഷയില്‍ 'മാനവന്‍ നാവികനാകുന്നു, അവന്റെ കപ്പലും കടലുമാകട്ടെ ഹൃദയവും' ഹൃദയം സാഗരം പോലെത്തന്നെയിരിക്കുന്നു. സമുദ്രരഹസ്യങ്ങള്‍ പലതും അജ്ഞാതമായതുപോലെ മാനവഹൃദയത്തിന്റെ നിഗൂഢതകളും ഗുപ്തമായിരിക്കുന്നു. കടലിന്റെ അടിയില്‍ എല്ലാം ഉണ്ട്. വേണ്ടതും വേണ്ടാത്തതുമെല്ലാം അവിടെ അടിഞ്ഞുകൂടിയിരിക്കുന്നു.

മുത്തും ചെപ്പും മാത്രമല്ല, അഴുക്കും ചേറും എല്ലാം ഇടകലര്‍ന്ന ഇടമാണ് കടല്‍. മാനവഹൃദയത്തിന്റെ അടിത്തട്ടിലും നന്മതിന്മകള്‍ പിറവിയെടുക്കുന്നു. സദ്വിചാരങ്ങളെപ്പോലെ ദുര്‍വിചാരങ്ങളും അവിടെനിന്ന് പൊങ്ങിവരുന്നു. ഈശ്വരന്‍ വാഴുന്ന വിശുദ്ധഗേഹമാകാനും പിശാച് പാര്‍ക്കുന്ന പട്ടണമാകാനും ഹൃദയത്തിന് കഴിയും. അതിന്റെ ചക്രവാളസീമയിലാണ് മര്‍ത്ത്യന്റെ സൗഭാഗ്യനക്ഷത്രം ഉദിച്ചുയരുന്നതും അസ്തമിച്ച് മറയുന്നതും. ഹൃദയവും സമുദ്രവും തമ്മില്‍ വേറെയുമുണ്ട് സമാനതകള്‍. രണ്ടിലും കാറ്റും കോളും വരാം. അലമാലകള്‍ ഉയര്‍ന്ന് അസ്വാസ്ഥ്യം സൃഷ്ടിക്കാം. തിരമാലകള്‍ പരസ്?പരവും തിരയും തീരവും തമ്മിലും സംഘര്‍ഷം സംഭവിക്കുക സാധാരണമാണ്. ആഴിയിലെന്നപോലെ ഹൃദയാന്തരാളത്തിലും വികാരങ്ങള്‍ തിരമാലകളായി ഉയരുന്നു. കടല്‍ക്ഷോഭത്തില്‍പ്പെട്ട് കപ്പലിലെ കപ്പിത്താനെപ്പോലെ ഹൃദയം അതിന്റെ ഉടമസ്ഥനെ വശംകെടുത്തുകയും വിഷണ്ണനാക്കുകയും ചെയ്യുന്നു. എന്നാല്‍ ഒട്ടും മാലിന്യമില്ലാത്ത കടല്‍ പ്രദേശങ്ങളുണ്ട്. അത് നീലത്തടാകം പോലെ സുന്ദരവും സുതാര്യവും പരിശുദ്ധവുമായിരിക്കുന്നു. അടിത്തട്ടില്‍ കിടക്കുന്ന പവിഴവും വൈഡൂര്യവും പ്രകാശിക്കുമ്പോള്‍ അതിന്റെ ഉപരിതലം വര്‍ണരാജികളുടെ വിസ്മയം തീര്‍ക്കുന്നു. 'വെണ്മയാര്‍ന്ന ഹൃദയമാണ് മനുഷ്യന്റെ ഉണ്‍മയെ വിമലവും സഫലവുമാക്കുന്നത്'.ചില കടലുകള്‍ ക്ഷോഭിക്കുന്നേയില്ല. അതിലൂടെ ഏത് കാലാവസ്ഥയിലും കപ്പലുകള്‍ക്ക് സഞ്ചരിക്കാം. സര്‍വത്ര സമാധാനപരമായ അന്തരീക്ഷം. ശാന്തസമുദ്രം പോലെ പ്രശാന്തമായൊരു ഹൃദന്തം ഉള്ളില്‍ വഹിക്കുന്ന വ്യക്തി തന്നിലും താന്‍ പാര്‍ക്കുന്ന ലോകത്തും സമാധാനത്തിന്റെ മഹാസാന്നിധ്യമായിത്തീരുന്നു. ആത്മസംഘര്‍ഷങ്ങളെ അതിജയിച്ചവന്‍ ലോകസംഘര്‍ഷങ്ങളെ നിയന്ത്രണാധീനമാക്കുകയും അതിനുമീതെ സമാധാനത്തിന്റെ വിജയക്കൊടി നാട്ടുകയും ചെയ്യുന്നു. ഹൃദയസംസ്‌കരണത്തിലൂടെ മാത്രമേ സാര്‍ഥകമായ ജീവിതത്തിന്റെ നിര്‍മാണം സാധ്യമാവുകയുള്ളൂ. വിപുലമായ അറിവിലേക്ക് നയിക്കുന്ന ഏത് വിദ്യാഭ്യാസവും അത് ഹൃദയശുദ്ധീകരണത്തിന് ഉതകുന്നതല്ലെങ്കില്‍ നിഷ്ഫലമാണ്.

വെടിപ്പാര്‍ന്ന ജീവിതം നയിക്കാന്‍ ആദ്യമായി ചെയ്യേണ്ടത് ഹൃദയമാലിന്യങ്ങളില്‍നിന്ന് മുക്തിനേടുക എന്നതാണ്. ഹൃദയത്തില്‍ ജന്മംകൊള്ളുന്ന ദുഷിച്ച വികാരങ്ങളാണ് മനുഷ്യനെ സകലതിന്മകളിലും കൊണ്ടുചെന്നെത്തിക്കുന്നത്. മനുഷ്യന്‍ നടത്തേണ്ട ഏറ്റവും വലിയ പോരാട്ടം സ്വന്തത്തോടുതന്നെയാകുന്നു. ഉള്ളില്‍നിന്ന് ഉയര്‍ന്നുവരുന്ന ദുഷ്‌പ്രേരണകളാകുന്ന വിചാരവികാരങ്ങളെ തകര്‍ത്തുകളയേണ്ടതുണ്ട്. വ്യക്തിയുടെ ഏറ്റവും വലിയ സമരം അവന്റെ ദേഹേച്ഛയോടായിരിക്കണം എന്ന് മതപ്രമാണങ്ങളില്‍ പറഞ്ഞിരിക്കുന്നത് മനുഷ്യന്റെ ദാര്‍ശനികവിസ്താരത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആന്തരികത്തിന്റെ ശിക്ഷണമാണ് മതത്തിന്റെ ആത്യന്തികലക്ഷ്യം. ഹൃദയമോഹങ്ങളെ കടിഞ്ഞാണില്ലാത്ത കുതിരപോലെ കയറൂരിവിട്ടാല്‍ വ്യഷ്ടി മാത്രമല്ല സമഷ്ടിയും സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക് നയിക്കപ്പെടും. ട്രാഫിക് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ട പൊതുനിരത്തിലെ അവസ്ഥയായിരിക്കും പിന്നെ ലോകത്ത്. ഇന്ന് വര്‍ധിച്ചുവരുന്ന സംഘര്‍ഷസംഘട്ടനങ്ങളുടെ പിറകില്‍ അസമാധാനത്തില്‍ അകപ്പെട്ട വ്യക്തികളാണുള്ളത്. സമാധാനം കൊണ്ടുവരാനുള്ള ഏറ്റവും വലിയ ഉപാധിയാകുന്നു മതം.

നൈതികതയുടെ നിയന്ത്രണമില്ലാത്ത ലോകരാഷ്ട്രീയവ്യവഹാരങ്ങളും ഹൃദയോഷ്മളതയുടെ ഉള്ളടക്കമില്ലാത്ത ശാസ്ത്രഗവേഷണങ്ങളും അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് ശാന്തി സൃഷ്ടിക്കാന്‍ മതത്തിനുപോലും സാധ്യമാകുന്നില്ലെങ്കില്‍ എത്രമാത്രം വലിയ ശൂന്യതയാണ് മാനവരാശി നേരിടേണ്ടിവരിക? മനുഷ്യന്റെ ഹൃദയം അശാന്തിയിലേക്ക് ആണ്ടുപോകുമ്പോള്‍ അവന്‍ പാര്‍ക്കുന്ന ലോകവും അസമാധാനത്തില്‍ അകപ്പെടുന്നു. ഭരണാധികാരികളുടെ മാനസങ്ങള്‍ ആയുധപ്പുരകളാകുമ്പോള്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ പോരും പോര്‍വിളിയും യുദ്ധഭ്രാന്തും വര്‍ധിക്കുന്നു. മുതിര്‍ന്നവരുടെ ക്രൂരതകള്‍ കണ്ട് വളര്‍ന്നുവലുതാകാതിരിക്കാന്‍ പ്രാര്‍ഥിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് കുഞ്ഞുങ്ങള്‍ എത്തുമ്പോള്‍ എല്ലാവരും ഒരുപോലെ ശാന്തിയുടെ തുരുത്ത് അന്വേഷിക്കുന്നു. അത് സ്വന്തം ഹൃദയത്തിലാണെന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ജ്ഞാനം.

പരലോകത്ത് മോക്ഷവും വിജയവും കരസ്ഥമാക്കുന്നത് സമാധാനനിര്‍ഭരമായ ഹൃദയവുമായി ദൈവത്തെ സമീപിച്ചവനാണെന്ന് ഖുര്‍ ആനില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ പ്രവാചകന്‍ മുഹമ്മദ് നബി (സ) മൊഴിഞ്ഞു: ''അറിയുക! നിശ്ചയം മനുഷ്യശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം നന്നായി. അത് മലിനമായാലോ, ശരീരവും മലിനമായി. അറിയുക! അതാണ് ഹൃദയം.'' മനുഷ്യശരീരത്തിന്റെ സകലകോശങ്ങളിലേക്കും രക്തം സംക്രമിപ്പിക്കുന്നത് ഹൃദയമാകുന്നു. അപ്രകാരം മനുഷ്യന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വരൂപിക്കുന്നതും ഹൃദയവികാരങ്ങള്‍ തന്നെ. ഹൃദയം ഉന്നതമായ ഗിരിശൃംഗങ്ങളുടെയും വിശാലമായ താഴ്‌വാരങ്ങളുടെയും നിമ്‌നോന്നതങ്ങളാല്‍ നിര്‍ഭരമായിരിക്കുന്നു.

ഒരു ഹിന്ദുസ്ഥാനി കവി എഴുതി: ''ഹൃദയത്തിന്റെ വാസസ്ഥാനം വിസ്മയകരം ഹൃത്തടത്തിന്‍ താഴ്‌വാരവും വിസ്മയകരം. ഇവിടെയാണ് സ്വപ്നങ്ങളുടെ സസ്യങ്ങള്‍ നാം നട്ടുവളര്‍ത്തിയത്. പക്ഷേ, മഴ പെയ്യുമെന്നതിന് എന്താണുറപ്പ്?'' ജീവിതത്തില്‍ നന്മയുടെയും വെണ്മയുടെയും നിലാവൊളി പടര്‍ത്താന്‍ ഹൃദയത്തില്‍ ശുഭകാമനകളുടെ സുന്ദരസൂനങ്ങള്‍ വിടര്‍ന്നുനില്‍ക്കുന്ന ഉദ്യാനം നിര്‍മിച്ചൊരുക്കേണ്ടതുണ്ട്. ഹൃദയസംസ്‌കരണത്തിന്റെ വര്‍ഷപാതത്തില്‍ മാത്രമേ നന്മയുടെ പൂമരങ്ങള്‍ തഴച്ചുവളരുകയുള്ളൂ. കാമക്രോധലോഭങ്ങളാകുന്ന വിഷവൃക്ഷങ്ങളാണ് ഹൃദയത്തില്‍ മുളപൊട്ടിവളരുക. അവയെ പിഴുതെറിയാതെ ഹൃദയഭൂമിയെ ശുദ്ധീകരിക്കാനാകില്ല. പൈശാചിക വൃക്ഷങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി തന്റെ ഹൃദയം മാറാതിരിക്കാന്‍ വ്യക്തിജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടതുണ്ട്. സ്വന്തം ഹൃദന്തത്തിന്റെ വാനലോകത്തുനിന്ന് മാലാഖമാരുടെ ചിറകടി കേള്‍ക്കാന്‍ സാധിക്കുംവിധം സമാധാനവും സംയമനവും സ്വാംശീകരിക്കുക എന്നതുതന്നെയാണ് ജീവിതവിജയത്തിലേക്കുള്ള വഴി.

ആത്മസംസ്‌കരണം മനുഷ്യനെ ആത്മസംതൃപ്തിയിലേക്ക് നയിക്കുന്നു. അന്ത്യവേളയില്‍ സാക്ഷാത്കാരത്തിന്റെ ഔന്നത്യത്തെ പ്രാപിക്കാന്‍ വ്യക്തിയെ അത് സജ്ജനാക്കുന്നു. മോക്ഷപ്രാപ്തിയെ യാഥാര്‍ഥ്യമാക്കിയ ദൈവദാസന്‍ അഭിവാദ്യം ചെയ്യപ്പെടുന്നത് ഈ വചനങ്ങളോടെ ആയിരിക്കുമെന്ന് ഖുര്‍ ആന്‍ സൂചിപ്പിക്കുന്നു: ''സായുജ്യമടഞ്ഞ ആത്മാവേ, സ്വയം സംതൃപ്തനായും ദൈവപ്രീതിക്ക് പാത്രീഭൂതനായും നിന്റെ രക്ഷകനിലേക്ക് നീ മടങ്ങിവരിക. എന്റെ ദാസന്മാരിലേക്ക് ചേര്‍ന്ന് എന്റെ സ്വര്‍ഗത്തില്‍ പ്രവേശിക്കുക.'' റമദാനിന്റെ സന്ദേശം ഹൃദയസംസ്‌കരണവും ആത്മശുദ്ധീകരണവും ജീവകാരുണ്യവുമാകുന്നു. അത് വ്യക്തിയെ സ്വയം ശിക്ഷണത്തിന് സജ്ജനാക്കുന്നു. കോപം, കാപട്യം, അസൂയ, വൈരം, വിദ്വേഷം തുടങ്ങിയ ഹൃദയമാലിന്യങ്ങളെ അത് ഉന്മൂലനം ചെയ്യുന്നു. പക്വതയും പ്രശാന്തതയും സൗമ്യതയും ഭൂതദയയും സ്ഫുരിക്കുന്ന ജീവിതത്തിന്റെ ഉടമകളെ സൃഷ്ടിക്കാനാണ് വ്രതാനുഷ്ഠാനം. മതവിശ്വാസിക്ക് വേണ്ടത് ശക്തിയല്ല, ഭക്തിയാണ് എന്ന് അത് പഠിപ്പിക്കുന്നു.

രാഷ്ട്രീയത്തിന് ശക്തിപ്രകടനം ആവശ്യമായിരിക്കാം. മതത്തില്‍ ഭക്തിയുടെ പോലും പ്രകടനം നിഷിദ്ധമാണ്. പ്രകടനാത്മകതയുടെ ഈ ലോകത്ത് മനുഷ്യാത്മാവിന്റെ മൃദുസ്വരത്തിന് കാതുകൊടുക്കേണ്ടതുണ്ട്. നഷ്ടപ്പെടുന്ന ഹൃദയതാളത്തെ മനുഷ്യന്‍ വീണ്ടെടുക്കേണ്ടതുമുണ്ട്. ആത്മനിയന്ത്രണത്തിന്റെ പാതയിലൂടെ സഞ്ചരിച്ചും ഹൃദയവികാരങ്ങളെ മെരുക്കിയെടുത്തും ജീവിതമഹത്വത്തിന്റെ ഉന്നതപഥങ്ങളെ സ്വായത്തമാക്കേണ്ടതുണ്ട്. ഉപദേശം ചോദിച്ചുവന്ന ഒരു അനുചരനോട് വിശുദ്ധ പ്രവാചകന്‍ (സ) പറഞ്ഞു: ''നീ കോപിക്കാതിരിക്കുക''. ചോദ്യം ആവര്‍ത്തിച്ചപ്പോഴെല്ലാം ഇതേ മറുപടി വീണ്ടും നല്‍കുകയാണ് വിശുദ്ധ പ്രവാചകന്‍ (സ) ചെയ്തത്.മറ്റൊരിക്കല്‍ മതം എന്താണെന്ന് ചോദിച്ചപ്പോള്‍ അവിടന്ന് ഒറ്റവാക്കിലാണ് പ്രതികരിച്ചത്: 'സ്വഭാവമഹിമ'. ഏറ്റവും നല്ല മനുഷ്യന്‍ ആരാണെന്ന് ആരാഞ്ഞപ്പോള്‍ നബിതിരുമേനി (സ) പറഞ്ഞു: 'വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റൊരുവനെ നോവിക്കാത്തവന്‍'. ഈ മഹദ്വചനങ്ങള്‍ക്കെല്ലാം ഇന്ന് പ്രസക്തി വര്‍ധിച്ചിരിക്കുന്നു.

ആര്‍ദ്രതയ്ക്കുപകരം ക്രൂരതയും കാരുണ്യത്തിനുപകരം കാഠിന്യവും മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളില്‍ വേരുറപ്പിക്കുന്നത് മനുഷ്യസ്‌നേഹികളെ ആശങ്കാകുലരാക്കുകയാണ്. യന്ത്രവത്കൃത മനുഷ്യന്റെ കാപട്യങ്ങളും ഭൗതികവത്കൃതജീവിതത്തിന്റെ ജാടകളും ജാഢ്യങ്ങളും മാനവരാശിയുടെ അന്തസ്സിനുതന്നെ ഭീഷണിയായിത്തീരുന്നു. ഉപഭോഗ സംസ്‌കാരം സൃഷ്ടിച്ച ഭോഗപരതയുടെ അന്തരീക്ഷത്തില്‍ മനുഷ്യന്റെ ലാളിത്യവും നൈസര്‍ഗികഭാവങ്ങളും പ്രകൃതിപരമായ ഗുണങ്ങളും നഷ്ടമാവുകയാണ്. ആര്‍ത്തിയുടെ നാനാര്‍ഥങ്ങള്‍ ജീവിതം തന്നെ ദുസ്സഹമാക്കി. സുഖങ്ങളുടെ പിന്നാലെയുള്ള ഓട്ടപ്പാച്ചില്‍ മാനവരാശിയെ മാരകമായ അസുഖങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. അത്യാര്‍ത്തിയോടെ എല്ലാം വെട്ടിപ്പിടിക്കാനും വെട്ടിവിഴുങ്ങാനും ഇറങ്ങിത്തിരിച്ച മനുഷ്യന്‍ അവന്റെ പെറ്റമ്മയായ ഭൂമിക്കും പ്രാണന്റെ തോഴനായ പരിസ്ഥിതിക്കും വന്‍ പരിക്കുകളാണ് ഏല്പിച്ചത്. അതിന്റെയെല്ലാം പരിണത ഫലം 'ആഗോളതാപനമായും ഓസോണ്‍പാളിയിലെ സുഷിരങ്ങളായും അതിലൂടെ ഇരച്ചുകയറുന്ന മഹാവിപത്തിന്റെ വിഷാംശങ്ങളായും' മര്‍ത്ത്യകുലത്തിന്റെ ഉറക്കം കെടുത്തുന്നു: 'മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷമായി' (ഖുര്‍ ആന്‍).

ദൈവത്തിന് കലാപം ഇഷ്ടമല്ലെന്ന് ഖുര്‍ ആന്‍ ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നുണ്ട്. മണ്ണില്‍ കുഴപ്പം വിതച്ചും കൃഷി നശിപ്പിച്ചും കന്നുകാലികളെ കൊന്നൊടുക്കിയും സര്‍വോപരി മനുഷ്യരെ ആക്രമിച്ചും നടത്തുന്ന സകല ഹിംസാത്മക പ്രവര്‍ത്തനങ്ങളെയും അത് വിലക്കുന്നു. മനുഷ്യര്‍ ഒരേ മാതാപിതാക്കളുടെ സന്തതികളാണെന്ന് ഉദ്‌ഘോഷിക്കുന്ന ഖുര്‍ ആന്‍ ഒരു നിരപരാധിയെ വധിച്ചവന്‍ മാനവസമൂഹത്തിന്റെ മുഴുവന്‍ ഘാതകനാണെന്ന് പ്രഖ്യാപിക്കുന്നു. മനുഷ്യനിന്ദ വര്‍ധിച്ച ഇക്കാലത്ത് ആരെയും ആവേശഭരിതനാക്കുന്ന രീതിയില്‍ ഖുര്‍ ആന്‍ വിളംബരം ചെയ്യുന്നു: ''മാനവ സന്തതികളെ നാം ആദരിച്ചിരിക്കുന്നു.'' ദൈവത്തിന്റെ പോലും ആദരത്തിന് പാത്രീഭൂതനായ മാനവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ദൈവികഗ്രന്ഥമായ ഖുര്‍ ആന്‍ അവതീര്‍ണമായ മാസം മാത്രമല്ല, വിശുദ്ധ റംസാന്‍. മുഴുജീവിതത്തിന്റെയും മാര്‍ഗദര്‍ശനം ഉദ്ദേശിച്ച് ദൈവം നല്‍കിയ സുവ്യക്തമായ പ്രമാണവും സത്യാസത്യവിവേചനത്തിലേക്ക് നയിക്കുന്ന സന്മാര്‍ഗപ്രകാശവുമായ ഖുര്‍ ആന്‍ ലഭ്യമായതിന് അതിന്റെ ദാതാവായ ദൈവത്തോട് നന്ദി പറയാനുമാണ് റംസാന്‍. ആഘോഷത്തിലൂടെയും ആര്‍ഭാടത്തിലൂടെയുമല്ല ഈ നന്ദിപ്രകടനം; ത്യാഗത്തിലൂടെയും സഹനത്തിലൂടെയുമാണ്. വ്രതം തൃഷ്ണയുടെ പരിമിതികളില്‍നിന്ന് മുക്തിയുടെ വിശാലതയിലേക്ക് വഴി തുറക്കുന്നു. വിശപ്പ് മാത്രമല്ല, മറ്റു ദേഹേച്ഛകളും വ്രതത്തിന്റെ ത്യാഗാഗ്‌നിയില്‍ എരിഞ്ഞമരുന്നു. ദേഹത്തിന്റെ മോഹങ്ങള്‍ കത്തിച്ചാമ്പലാകുമ്പോള്‍ അതിന്റെ ചാരത്തില്‍നിന്ന് ആയിരം ആദിത്യന്റെ കാന്തിയോടെ ആത്മാവ് ഉദിച്ചുയരുന്നു. ആത്മാവിന്റെ ഈ വിജയമാണ് വ്രതാനുഷ്ഠാനത്തിന്റെ കേന്ദ്രബിന്ദു. എന്നാല്‍ പദാര്‍ഥത്തെ അവഗണിക്കുന്ന ആത്മീയവാദത്തെ ഖുര്‍ ആന്‍ നിരാകരിക്കുന്നു.

ഭൗതികവും ആത്മീയവുമായ തന്മാത്രകളുടെ സമഞ്ജസമായ സംഗമവും സമന്വയവുമാണ് പ്രപഞ്ചത്തിന്റെ മുഖമുദ്ര. ജീവിതസത്യത്തിന്റെ യഥാതഥമായ ആവിഷ്‌കാരത്തിലും രണ്ടിന്റെയും സന്തുലിതാവസ്ഥയുടെ സുഭഗത ദൃശ്യമായിരിക്കുന്നു. വ്രതാനുഷ്ഠാനത്തോട് ബന്ധപ്പെട്ട അധ്യാപനങ്ങളുടെയെല്ലാം അന്തസ്സത്തയില്‍ ഈ സംയോജനത്തിന്റെ സൗന്ദര്യ പ്രകര്‍ഷം പ്രകടമായിരിക്കുന്നു. വ്രതമനുഷ്ഠിക്കുന്നവന്‍ ശരീരത്തെ ആത്മപീഡയിലേക്ക് നയിക്കരുത്. വിശപ്പ് സഹിക്കണം. എന്നാല്‍ ലളിതമായെങ്കിലും നോമ്പുതുറന്ന് ഉപവാസം അവസാനിപ്പിക്കണം. ആമാശയത്തിന് മാത്രമല്ല, സകല അവയവങ്ങള്‍ക്കും വ്രതം ബാധകമാക്കണം. കണ്ണും കാതും സര്‍വോപരി ഹൃദയവും നോമ്പിന്റെ പ്രക്രിയയില്‍ ഭാഗഭാക്കാകണം. നോമ്പുകാരന്‍ തെറ്റായ വാക്കും പ്രവൃത്തിയും വെടിയാതെ അന്നപാനീയങ്ങള്‍ മാത്രം വെടിയണമെന്ന് ദൈവത്തിന് ആവശ്യമില്ലെന്ന് പ്രവാചകന്‍ (സ) വ്യക്തമാക്കി. വ്രതാനുഷ്ഠാനംകൊണ്ട് വിശപ്പും പൈദാഹവുമല്ലാതെ മറ്റൊന്നും ലഭിക്കാതെ പോകുന്ന നോമ്പുകാരുണ്ടെന്നും അവിടുന്ന് താക്കീത് ചെയ്തു. ശരീരത്തിന്റെ സകല അംശങ്ങളിലേക്കും വ്യാപിക്കുന്നതും ആയുസ്സുമുഴുവന്‍ സ്വാധീനിക്കുന്നതുമായ ഒരു സംസ്‌കാരമാകുന്നു റംസാന്‍. സഹജീവികളുടെ കഷ്ടപ്പാടുകളറിയാന്‍ അവസരം ഒരുക്കുന്നതിലൂടെ ഭൂതദയയുടെയും ജീവകാരുണ്യത്തിന്റെയും മഹത്തായ കവാടങ്ങള്‍ അത് തുറന്നേകുന്നു. മതജാതിസമുദായകക്ഷിഭേദങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരിലേക്കും പരന്നൊഴുകുന്ന കാരുണ്യത്തിന്റെ ഉറവ അത് പ്രദാനം ചെയ്യുന്നു. ''ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എങ്കില്‍ വാനിലുള്ള ദൈവം നിന്നോടും കരുണ കാണിക്കും.'' ''മനുഷ്യന്‍ തന്റെ സഹോദരനെ സഹായിക്കുന്നിടത്തോളം കാലം ദൈവം അവനെ തുണച്ചുകൊണ്ടേയിരിക്കും.'' മണ്ണിന്റെയും വിണ്ണിന്റെയും സമ്മിശ്രനന്മകളുടെ സമാഹാരമാണ് മാനവന്‍. മണ്ണിന്റെ പശിമ അവന്റെ ഭൗതികഘടനയുടെ അടിസ്ഥാനത്തിലുണ്ട്. വിണ്ണിന്റെ വെണ്മ അവന്റെ ആത്മാവിനെ പുല്‍കി നില്‍ക്കുകയും ചെയ്യുന്നു.

റംസാനിന്റെ അമ്പിളിക്കല ആകാശത്ത് തെളിയുമ്പോള്‍ മണ്ണിന്റെ പുത്രന്‍ തന്റെ ഉണ്മയുടെ അസ്തിവാരങ്ങളിലേയ്ക്ക് ഊളിയിടുന്നു. ആത്മീയാരോഹണത്തിന്റെ ചിറകുകളില്‍ ആകാശലോകത്തേക്ക് വീണ്ടും കുതിക്കാന്‍ ആത്മസാക്ഷാത്കാരത്തെ സാര്‍ത്ഥകമാക്കാന്‍ വാനലോകത്തിന്റെ നന്മകളില്‍ മണ്ണിലെ ജീവിതം വിശുദ്ധമാക്കാന്‍... അങ്ങനെ പൂര്‍വ പിതാവ് പാര്‍ത്തിരുന്ന സ്വര്‍ഗീയ ഉദ്യാനങ്ങളില്‍ തിരിച്ചെത്താന്‍.മനുഷ്യന്റെ പ്രകൃതം അദ്ഭുതകരമായിരിക്കുന്നു. അല്ലാമാ ഇഖ്ബാല്‍ വിഭാവനം ചെയ്തതുപോലെ: ''നിന്നെക്കുറിച്ച് കേട്ടത് നീ മണ്ണില്‍നിന്നുവന്നുവെന്നാണ്. നിന്റെ ഘടനയില്‍ ദൃശ്യമാകുന്നതോ ചന്ദ്രപ്രഭയും നക്ഷത്രവീര്യവും''.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter