റമദാന്‍: വിശുദ്ധിയുടെ മാസം

<img class="alignleft wp-image-7722" title="45" data-cke-saved-src="http://www.islamonweb.net/wp-content/uploads/2012/07/45-150x131.jpg" src="http://www.islamonweb.net/wp-content/uploads/2012/07/45-150x131.jpg" alt=" width=" 80"="" height="69"> മനസ്സിനെയും ശരീരത്തെയും കഴുകി വൃത്തിയാക്കുന്ന നമ്മുടെ വസന്തമാണ് റംസാന്‍. സഹനശീലവും ത്യാഗവും അനുഭവത്തിലൂടെ ശീലിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന്റെ വ്യഥകളും വേദനകളും പങ്കുവെക്കാനുള്ള മനസ്സുകൂടി വളര്‍ത്തിയെടുക്കുകയാണ് റംസാന്‍. സ്രഷ്ടാവായ അള്ളാഹുവിന് സ്വയം സമര്‍പ്പിക്കാനും തെറ്റുകളില്‍നിന്നു മാറി ദൈവികചിന്തയില്‍ മുഴുകാനും അള്ളാഹുതന്നെ അടിമയ്ക്ക് നല്‍കിയ അസുലഭ മുഹൂര്‍ത്തമാണ് പരിശുദ്ധ റംസാന്‍ മാസം. ഇനിയുള്ള ദിനരാത്രങ്ങളില്‍ ദൈവികചിന്തയിലും പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലുമായി വിശ്വാസികള്‍ ധന്യരാകും.

പ്രവാചകരും അവിടത്തെ അനുയായികളും രണ്ടുമാസങ്ങള്‍ക്കുമുമ്പു തന്നെ റംസാനിന്റെ വരവ് അറിയിക്കാനും അതിനെ സ്വീകരിക്കാനും സജ്ജരായിരുന്നു. ''റജബിലും ശഅബാനിലും ഞങ്ങള്‍ക്ക് നീ ബര്‍ക്കത്ത് നല്‍കുകയും പരിശുദ്ധ റംസാനിലേക്ക് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യേണമേ'' എന്ന് അവിടുന്ന് സദാ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. സാധാരണ മാസങ്ങളില്‍ തന്നെ ധാരാളം ആരാധനകള്‍ ചെയ്യാറുണ്ടായിരുന്ന തിരുനബി റംസാന്‍മാസമായാല്‍ തന്റെ അരയുടുപ്പ് ശക്തമായി കെട്ടി പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാനും ഖുര്‍ആന്‍ പാരായണത്തിനും മറ്റ്ആരാധനകള്‍ക്കും വേണ്ടി മാത്രം സമയം ചെലവഴിക്കുമായിരുന്നുവെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകും. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ അധമ വികാരങ്ങളെ ചുട്ടെരിക്കുന്ന ആത്മീയശക്തിയാര്‍ജിക്കുകയാണ് മനുഷ്യന്‍. ശരീരത്തിന്റെ ഇച്ഛകള്‍ മനസ്സിനെ മലിനമാക്കുന്ന ഉപഭോഗ ത്വരയുടെ നടുക്കയത്തിലാണിപ്പോള്‍ നാം ജീവിക്കുന്നത്. തിന്മകളുടെ പ്രലോഭനങ്ങള്‍ മനുഷ്യനെ നിരന്തരമായി അപഭ്രംശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. പുതിയ സാങ്കേതിക വിപ്ലവങ്ങളും പുതിയ മാധ്യമങ്ങളും ശരീരത്തിന്റെ ഉത്സവങ്ങളാണ് വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍പ്പെട്ട് മനുഷ്യന്‍ ഒഴുക്കുവെള്ളത്തിലെ പൊങ്ങുതടിയെപ്പോലെ ദിശയറിയാതെ സഞ്ചരിക്കുകയാണ്. പതിനൊന്ന് മാസക്കാലം ഈ മായയില്‍ ജീവിക്കുന്ന മനുഷ്യനെ തൊട്ടുണര്‍ത്തി, ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യമായ ദൈവികസ്മരണയിലേക്കും ആത്മീയ ഉയര്‍ച്ചയിലേക്കും നയിക്കാന്‍ റംസാന്‍ നമ്മെ പ്രാപ്തരാക്കണം. വര്‍ണശബളമായ ഈ ലോകത്തിനപ്പുറം ഇല്ലായ്മകളുടെ ചെളിക്കുണ്ടുകളുണ്ടെന്ന് സമൂഹം വിസ്മരിക്കുകയോ അത്തരമൊരു മറവിയിലേക്ക് സ്വയം രക്ഷപ്പെടുകയോ ചെയ്യുകയാണ്. ഇച്ഛകളെ തിരസ്‌കരിക്കാനുള്ള മനസ്സാണ് ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നാം നേടിയെടുക്കുന്നത്. ശരീരം ആവശ്യപ്പെടുന്നതിന് വഴങ്ങിക്കൊടുക്കില്ലെന്ന പ്രഖ്യാപനമാണത്. പാവപ്പെട്ടവരും നിരാലംബരുമായ ലക്ഷക്കണക്കിന് മനുഷ്യര്‍ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ടെന്ന ചിന്ത വിശപ്പനുഭവിക്കുന്നതിലൂടെ മനുഷ്യനുണ്ടാകുന്നു. അതുമൂലം ഒരുസാമൂഹികബോധം അവനറിയാതെ അവന്റെ മനസ്സിലേക്ക് വരികയും വിശപ്പനുഭവിക്കുന്നവന്റെ മാനസിക സ്ഥിതി മനസ്സിലാക്കാന്‍ അതുമൂലം അവന് സാധിക്കുകയും ചെയ്യുന്നു. മുസ്‌ലിമിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സവിശേഷത അവന്റെ സാമൂഹികബോധമാണ്. നമ്മുടെ ആരാധനകളോരോന്നും സമൂഹവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നതാണ്. മനുഷ്യന്‍ ഒരു സമൂഹജീവിയാണെന്നും സമൂഹത്തില്‍ നിന്ന് മാറിയുള്ള ഒരു അസ്തിത്വം അവനില്ലെന്നുമാണ് ഇസ്‌ലാം അനുശാസിക്കുന്നത്. സമൂഹത്തിന്റെ വേദനകളും ദുഃഖങ്ങളും അതുകൊണ്ട് തന്നെ ഒരു മുസ്‌ലിമിന്റെ വേദനയും ദുഃഖവുമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സഹജീവികളെ സഹായിക്കുന്നതിനും മുന്‍തൂക്കം നല്‍കിയുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധചെലുത്തേണ്ട മാസവും കൂടിയാണ് റംസാന്‍. എല്ലാം വെട്ടിപ്പിടിക്കുകയും ആര്‍ത്തിയോടെ എല്ലാം സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം സുഖങ്ങളും ആഘോഷങ്ങളും മാത്രം പ്രധാനമായി കാണുന്ന മനുഷ്യനു മുമ്പില്‍ കാലം ചതിക്കുഴികളൊരുക്കുകയാണ്. നമ്മുടെ ആഹ്ലാദങ്ങള്‍ക്കും വര്‍ണക്കൊഴുപ്പുള്ള ജീവിതത്തിനുമൊപ്പം നമ്മുടെ അയല്‍വാസികളുടെ ദുരിതജീവിതം വിസ്മരിച്ചു പോകരുത്. ഒരുനേരത്തെ ഭക്ഷണത്തിന് ഗതിയില്ലാതെ കരയുന്ന ഒരാളും അയല്‍വീടുകളിലുണ്ടാവരുത്. പരിശുദ്ധ ഖുര്‍ആനിന്റെ മാസമായ റംസാന്‍ ഇത്തരം ചിന്തകള്‍ക്ക് കൂടിയുള്ളതാവണം. പണക്കാര്‍ കൂടുതല്‍ പണക്കാരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്ന ആഗോളവത്കരണത്തിന്റെ നീരാളിക്കൈകള്‍ നമുക്കുചുറ്റും പടര്‍ന്നു നില്‍ക്കുകയാണ്. ദാരിദ്ര്യവും പട്ടിണിയും ഒരുഭാഗത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചെയ്യുന്ന ആരാധനകള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന മാസമാണ് റംസാന്‍. അതുകൊണ്ടുതന്നെ സ്വദഖകളും ദാനധര്‍മങ്ങളും അധികരിപ്പിക്കേണ്ടതും ഈ പവിത്രമാസത്തില്‍ തന്നെ. ഇസ്‌ലാമിനെ അപഹസിക്കാനും അപമാനിക്കാനും ശ്രമിക്കുന്നവര്‍ എക്കാലത്തുമുണ്ടാകും. പവിത്രമായ ഈ മതത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടായിക്കൂടാ. സമൂഹത്തിലും പരലോകത്ത് അള്ളാഹുവിന്റെ മുമ്പിലും അത്തരക്കാര്‍ ഒറ്റപ്പെടുന്ന അവസ്ഥയാണുണ്ടാവുക. നിക്ഷിപ്തതാത്പര്യക്കാരായ ചിലര്‍ ഇത്തരം സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിന് ജനപ്രീതി നേടിക്കൊടുക്കുകയുമാണ്. യഥാര്‍ഥ ഇസ്‌ലാമിന്റെ സൗന്ദര്യം പ്രസരിപ്പിക്കേണ്ട മുസ്‌ലിങ്ങള്‍ ഇത്തരം ചതിക്കുഴികളില്‍പ്പെട്ടുപോകരുത്. ഇസ്‌ലാമിന്റെ അടയാളങ്ങളായി മുസ്‌ലിങ്ങള്‍ ജീവിക്കുകഎന്നതാണ് ഏറ്റവും പ്രധാനം. മതപ്രബോധനം ബലമായി നടത്തേണ്ട ഒന്നല്ല. പകരം വിശ്വാസിയുടെ ജീവിതമാണ് പ്രബോധനമാവേണ്ടത്. ആയിരം ആളുകളെ ഉപദേശിക്കുന്നതിലേറെ ഉത്തമം ഒരാള്‍ സ്വയം നന്നാവലാണ് എന്നതൊരു യാഥാര്‍ഥ്യമാണല്ലോ. അതിനുള്ള ഏറ്റവും നല്ല സമയമാണ് ഈ മാസം. മനസ്സും ശരീരവും ഒന്നിച്ചു ശുദ്ധീകരിക്കാനുള്ള ഈ കാലം നമ്മെ കൂടുതല്‍ വിശാലമായി ചിന്തിക്കാനും ശീലിപ്പിക്കുന്നുണ്ട്. സങ്കുചിത താത്പര്യങ്ങളുടെ ഇടുങ്ങിയ വഴികളില്‍ നിന്ന് വിശ്വാസി ഹൃദയവിശാലതയുടെ രാജപാതയിലേക്ക് സഞ്ചരിക്കുന്ന ഈ മാസം വിശ്വാസികളുടെ വസന്തമാകുന്നതങ്ങനെയാണ്. സ്വയം ചുരുങ്ങുന്ന ലോകത്തെ വിശാലമാക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. എല്ലാ മതങ്ങളും മതവിശ്വാസികളും ഈ നന്മയുടെ കാലത്തെ ഒരുപോലെ ഏറ്റുവാങ്ങുകയാണ് ലോകമെങ്ങും.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter