സകാത്ത് കറന്‍സിയിലും ആഭരണത്തിലും

ഇസ്‌ലാമിക പഞ്ചസ്തംബങ്ങളില്‍ ഒന്നാണ് സകാത്ത്. ധനത്തിന്റെയും ശരീരത്തിന്റെയും സംസ്‌കരണവും ശുദ്ധീകരണവുമാണ് അല്ലാഹു ഇതിലൂടെ ഉദ്ദേശിക്കുന്നത്. കച്ചവടത്തിന്റെ പേരിലല്ലാതെ ധനങ്ങളില്‍ എട്ട് ഇനത്തില്‍ മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ. സ്വര്‍ണം, വെള്ളി, ആട്, മാട്, ഒട്ടകം, ധാന്യം, കാരക്ക, മുന്തിരി എന്നിവയാണിത്. കറന്‍സി നോട്ടുകള്‍ സ്വര്‍ണം, വെള്ളി എന്നീ നാണയങ്ങളുടെ വിധിയിലാണ് ഉള്‍പ്പെടുക. അത് വിശദീകരിക്കാം. 

സ്വര്‍ണവും വെള്ളിയും ഇന്നു നാണയ രംഗത്തുനിന്ന് നിസ്‌കാസിതമായിട്ടുണ്ട്. ദീനാറും ദിര്‍ഹമും നാണയമായിരുന്ന രാജ്യങ്ങളില്‍ പോലും ഇന്ന് കറന്‍സി   നോട്ടുകളാണ് നിലവിലുള്ളത്. സ്വര്‍ണം, വെള്ളി നാണയങ്ങളുടെ സ്ഥാനത്ത് ഇന്ന് കറന്‍സി നോട്ടുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ രൂപ, സൗദി റിയാല്‍, അമേരിക്കന്‍ ഡോളര്‍, റഷ്യന്‍ റൂബിള്‍ എന്നിങ്ങനെ വിഭിന്ന നാമത്തിലാണെങ്കിലും എല്ലാം കറന്‍സിയാണ് . കടലാസുപണമാണ്. 
സര്‍വസാധാരണമായും സാര്‍വത്രികമായും ഇന്ന് ഉപയോഗിക്കുന്ന കറന്‍സിക്കു സകാത്ത് നിര്‍ബന്ധമാണ്. 1951 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ സമസ്തയുടെ 19ാം സമ്മേളനം വടകരയില്‍ നടന്നതു പ്രസിദ്ധമാണല്ലോ. സമ്മേളനത്തിന്റെ പ്രമേയങ്ങളും തീരുമാനങ്ങളും രേഖപ്പെടുത്തിയ ശേഷം സമസ്തയുടെ മിനുട്‌സില്‍ ഇങ്ങനെ വായിക്കാം: ''പ്രത്യേക ശ്രദ്ധയ്ക്ക്: വടകര സമ്മേളനത്തിന്റെ അധ്യക്ഷന്‍ മദ്രാസ് ഖാസിയും മുഫ്തിയുമായിരുന്ന മൗലാനാ മൗലവി മുഹമ്മദ് ഹബീബുല്ലാഹ് സാഇബായിരുന്നു ഉദ്ഘാടകന്‍. മൗലാനാ ഖലീമുറഹ്മാന്‍ ബീഹാരിയും. ഇവര്‍ രണ്ടു പേരോടും നോട്ടിനു സകാത്തുണ്ടോ എന്നു ചോദിച്ച സമസ്ത പണ്ഡിതരോട് ഉണ്ട് എന്ന അഭിപ്രായം അവര്‍ അറിയിച്ചു.'' (ഉദ്ധരണം: സമസ്ത 60ാം വാര്‍ഷിക സ്മരണിക: പേജ് 54)

നോട്ടിനു സകാത്ത് എത്രയാണെന്നു തിട്ടപ്പെടുത്താന്‍ പ്രയാസമില്ല. വെള്ളിയുടെ നിസാബായ 595 ഗ്രാം വെള്ളി എത്ര നോട്ടിന്റെ മൂല്യമാണോ അത്ര വെള്ളി വാങ്ങാന്‍ എത്ര നോട്ട് നല്‍കണോ അത്രയും നോട്ടുകള്‍ ഒരാള്‍ ഒരു വര്‍ഷം സൂക്ഷിച്ചാല്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കണം. അവകാശികള്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നത് വെള്ളിയുടെ മൂല്യം നോക്കി കറന്‍സിയുടെ സക്കാത്ത് നല്‍കലായതുകൊണ്ടാണ് 595 ഗ്രാം വെള്ളിയുടെ മൂല്യം പരിഗണിക്കുന്നത്. വെള്ളിയാണല്ലോ സ്വര്‍ണത്തെക്കാള്‍ മൂല്യവും വിലയും കുറഞ്ഞത്. 

595 ഗ്രാം വെള്ളിയുടെ വിലയോ അതില്‍ കൂടുതലോ ഒരു വര്‍ഷം സൂക്ഷിച്ചുവയ്ക്കുന്നവരൊക്കെ കറന്‍സി നോട്ടുകളുടെ സകാത്ത് നല്‍കണം. ഒരു ലക്ഷം രൂപ സൂക്ഷിച്ചുവയ്ക്കുന്നവര്‍ 2500 രൂപ സകാത്ത് നല്‍കണം. ബാങ്കില്‍ നിക്ഷേപിക്കുന്നതിനും കടമായി കിട്ടാനുള്ളതിനും സകാത്തുണ്ട്. എപ്പോള്‍ ചോദിച്ചാലും കിട്ടുന്ന തരത്തില്‍ കടമായി മറ്റൊരാളുടെ കൈവശമിരുന്നാല്‍ സകാത്ത് നല്‍കണം. കടം തിരിച്ചുകിട്ടിയിട്ടു നല്‍കിയാല്‍ പോരാ. വര്‍ഷം തികയുമ്പോള്‍ നല്‍കണം. ചോദിച്ചാല്‍ കിട്ടാത്ത കടമാണെങ്കില്‍ എന്നാണോ കിട്ടുന്നത് അന്ന് നല്‍കിയാല്‍ മതി. (തുഹ്ഫ: 3/335)

ലഭിക്കാനുള്ള കടത്തിനു കൈയില്‍നിന് എടുത്തു സകാത്ത് കൊടുക്കുമ്പോള്‍ എല്ലാ വര്‍ഷവും മുഴുവന്‍ സംഖ്യക്കും സകാത്ത് കൊടുക്കേണ്ടിവരും. ഉദാഹരണം: 40,000 രൂപ മറ്റൊരാളില്‍നിന്ന് കടം ലഭിക്കാനുള്ളവന്‍ അതു ലഭിക്കും മുമ്പ് 1000 രൂപ സകാത്ത് നല്‍കിയാല്‍ അടുത്തവര്‍ഷവും 40,000 രൂപയുടെ സകാത്ത് നല്‍കണം. കാരണം, 40,000 രൂപ അയാളുടെ ഉടമസ്ഥതയിലാണ് കൊല്ലം പൂര്‍ത്തിയാവുന്നത്. അതേ സമയം ഒരാള്‍ തന്റെ കൈവശം ഒരു വര്‍ഷം സൂക്ഷിച്ച 40,000 രൂപയുടെ സകാത്തായി 1000 രൂപ അതില്‍നിന്ന് നല്‍കിയാല്‍ 39000 രൂപ മാത്രമേ ഇതില്‍നിന്ന് ഇനി അയാളുടെ ഉടമസ്ഥതയിലുള്ളൂ. അടുത്ത വര്‍ഷം വരെ അത് സൂക്ഷിച്ചാല്‍ 39000 രൂപയുടെ സകാത്ത് നല്‍കിയാല്‍ മതി. 

കുറി, പ്രോവിഡണ്ട് ഫണ്ട്
ഒരാള്‍ ആഴ്ചയിലോ മാസത്തിലോ പണം അടക്കുന്ന കുറിയില്‍ പണം അടച്ചിട്ടുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമാകും. കുറിയില്‍ പണം അടച്ച് അടച്ച് 595 ഗ്രാം വെള്ളിയുടെ വിലയാവുകയും അതിനു ശേഷം ഒരു വര്‍ഷം തികയുകയും ചെയ്താല്‍ സകാത്ത് നിര്‍ബന്ധമാണ്. കുറി ലഭിച്ച ശേഷം സകാത്ത് നല്‍കിയാല്‍ മതി. 595 ഗ്രാം വെള്ളിയുടെ വിലയായ ശേഷം എത്ര വര്‍ഷം കഴിഞ്ഞിട്ടാണ് കുറി ലഭിക്കുന്നതെങ്കില്‍ അത്രയും വര്‍ഷത്തെ സകാത്ത് നല്‍കണം. ഒരു കൊല്ലം കൊണ്ട് തീരുന്ന കുറിയില്‍ സകാത്ത് നിര്‍ബന്ധമാകുന്നില്ല. 

സര്‍ക്കാര്‍ ജോലിക്കാരുടെ മാസാന്ത ശമ്പളത്തില്‍നിന്ന് നിശ്ചിത വിഹിതം സര്‍ക്കാര്‍ പിടിക്കുകയും ജോലിയില്‍നിന്ന് പിരിഞ്ഞുപോകുമ്പോഴോ മറ്റോ തന്റെ ശമ്പളത്തില്‍നിന്ന് പിടിച്ചുവച്ച സംഖ്യ ഒന്നിച്ച് അവനു ലഭിക്കുകയും ചെയ്യുന്ന പ്രോവിഡണ്ട് ഫണ്ടില്‍ സകാത്തുണ്ട്. ഈ സംഖ്യ തനിക്കു നിര്‍ണയിക്കപ്പെട്ട ശമ്പളത്തിന്റെ ഭാഗമാണ്. 

ഇങ്ങനെ പിടിച്ചെടുക്കുന്ന തുക സകാത്ത് നിര്‍ബന്ധമാകുന്ന സംഖ്യ (595 ഗ്രാം വെള്ളിയുടെ വില) എത്തുകയും അതിനുശേഷം ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ സകാത്ത് നിര്‍ബന്ധമാകും. പക്ഷേ, സംഖ്യ കിട്ടിയ ശേഷം നല്‍കിയാല്‍ മതി. എത്ര വര്‍ഷം കഴിഞ്ഞിട്ടാണോ കിട്ടുന്നത് അത്രയും വര്‍ഷത്തെ സകാത്തുകള്‍ സംഖ്യയുടെ സ്ഥിതിയനുസരിച്ച് നല്‍കണം. (തുഹ്ഫ: 3/338)

ഒന്നാം വര്‍ഷത്തെ സംഖ്യയിലും കുറവായിരിക്കും രണ്ടാം വര്‍ഷത്തെ സകാത്ത്. ഉദാഹരണം: 40,000 രൂപ രണ്ടു വര്‍ഷം പൂര്‍ത്തിയായ ശേഷം കൈയില്‍ കിട്ടിയാല്‍ രണ്ടുവര്‍ഷത്തെ സകാത്ത് നല്‍കണം. ആദ്യത്തെ വര്‍ഷത്തെ സകാത്ത് 1000 രൂപ. രണ്ടാം വര്‍ഷത്തെ സകാത്ത് 975 രൂപ. ഈ വ്യത്യാസം വരാനുള്ള കാരണം ആദ്യത്തെ വര്‍ഷം 40,000 രൂപയുടെ സകാത്താണ് നല്‍കേണ്ടത്. ശേഷം 39,000 രൂപയാണുള്ളത്. രണ്ടാം വര്‍ഷത്തെ സകാത്ത് 39,000യുടെ സകാത്ത് 975 രൂപയാണു നല്‍കേണ്ടത്. 

ബോണസിന്റെ സകാത്ത്
കമ്പനി തൊഴിലാളികള്‍ക്ക് കിട്ടാനുള്ള ബോണസുകള്‍ക്ക് സകാത്തില്ല. ബോണസ് സംഖ്യ കൈയില്‍ കിട്ടിയശേഷമേ അവന്റെ ഉടമയില്‍ വരികയുള്ളൂ. സകാത്ത് നിര്‍ബന്ധമാകുന്ന സംഖ്യ ബോണസ് കിട്ടുകയും അതൊരു വര്‍ഷം കൈവശം സൂക്ഷിക്കുകയും ചെയ്താല്‍ അതിനു സകാത്ത് നിര്‍ബന്ധമാകും. അതു ബോണസിന്റെ സകാത്തല്ല. 

ഒരാള്‍ മറ്റൊരാളില്‍നിന്ന് 40,000 രൂപ കടം വാങ്ങി. അതു ചെലവാക്കാതെ സൂക്ഷിച്ചാല്‍ ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ കടം വാങ്ങിയവന്‍ അതിന്റെ സകാത്ത് നല്‍കണം. കടം കൊടുത്തവനും സകാത്ത് നല്‍കണം. പ്രസ്തുത 40,000 രൂപയില്‍ രണ്ടുപേരും സകാത്ത് നല്‍കണമെന്നു ചുരുക്കം. (ഇആനത്ത്: 2/151)
കറന്‍സി നോട്ടിന്റെ കണക്ക്(നിസാബ്) കൂട്ടുന്നത് 595 ഗ്രാം വെള്ളിയുടെ വിലയാണെന്നു മുകളില്‍ വിവരിച്ചല്ലോ. വെള്ളിയാണു സ്വര്‍ണത്തെക്കാള്‍ മൂല്യം കുറഞ്ഞത് എന്നതിനാലാണിത്. ഇനി ഏതെങ്കിലും കാലത്ത് വെള്ളിയെക്കാള്‍ സ്വര്‍ണത്തിന്റെ മൂല്യം കുറഞ്ഞാല്‍ കറന്‍സിയുടെ സകാത്തിനു 85 ഗ്രാം സ്വര്‍ണത്തിന്റെ വിലയാണു പരിഗണിക്കുക. 

നോട്ടുകള്‍ നല്‍കാമോ?
കറന്‍സിയുടെ സകാത്തിനു നിസാബ് പരിഗണിക്കുന്നത് വെള്ളിയുടെ നിസാബായതിനാല്‍ വെള്ളിയാണ് സകാത്തായി നല്‍കേണ്ടതെന്നാണ് മദ്ഹബിന്റെ പ്രബല വീക്ഷണം. എന്നാല്‍, കറന്‍സി നോട്ടുകള്‍ നല്‍കിയാലും മതി. സ്വര്‍ണത്തിന്റെ സകാത്ത് സ്വര്‍ണമായിട്ടും വെള്ളിയുടെ സകാത്ത് വെള്ളിയായിട്ടും നല്‍കണമെന്നാണ് പ്രബല  വീക്ഷണമെങ്കിലും അവയുടെ സകാത്തും. കറന്‍സി നോട്ടായി നല്‍കാം. (ഫതാവാ ഇബ്‌നി സിയാദ്, പേജ്: 233)

ധരിക്കല്‍ ശുദ്ധ അനുവദനീയമായ ആഭരണങ്ങള്‍ക്ക് സകാത്തില്ല. ഹറാമോ കറാഹത്തോ ആയ ആഭരണങ്ങള്‍ക്ക് നിശ്ചിത തൂക്കമുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഭ്രാന്തന്‍മാര്‍ക്കും ധരിക്കാനായി ഉണ്ടാക്കപ്പെട്ട അമിതമല്ലാത്ത ആഭരണങ്ങള്‍ക്ക് സകാത്ത് നിര്‍ബന്ധമില്ല. 
ഗ്രാമനുസരിച്ചോ പവനനുസരിച്ചോ സകാത്തില്ലാത്ത ആഭരണങ്ങള്‍ക്ക് പരിധി നിര്‍ണയിക്കാവതല്ല. പ്രത്യുത, ഭംഗിയായി എണ്ണപ്പെടുന്നതാണ് പരിധി. ആഭരണങ്ങള്‍ ധരിക്കുന്നതില്‍ ഭംഗിയാണോ ആഭാസമാണോ ദര്‍ശിക്കുന്നത് എന്ന് നോക്കണം. സമ്പത്തുള്ള കുടുംബത്തിലെ സ്ത്രീ ദരിദ്ര കുടുംബത്തിലെ സ്ത്രീ എന്ന വ്യത്യാസമില്ല. (ശര്‍വാനി: 3/281) 
ആഭരണങ്ങള്‍ അണിയല്‍ കൊണ്ട് സ്ത്രീയുടെ അലങ്കാരവും ഭംഗിയുമാണ് ദര്‍ശിക്കുന്നതെങ്കില്‍ അതു മിതത്വമാണ്. അതില്‍ സകാത്തില്ല. ഇനി അലങ്കാരത്തിലുപരി ആഭാസവും വെറുപ്പുമാണ് ദര്‍ശിക്കുന്നതെങ്കില്‍ അതു അമിതത്ത്വമാണ്. അതില്‍ സകാത്ത് നിര്‍ബന്ധമാണ്. 
മിതത്വത്തിന്റെ ലംഘനം കുറഞ്ഞ തോതിലാണെങ്കില്‍ കറാഹത്തും കവിഞ്ഞ തോതിലാണെങ്കില്‍ ഹറാമുമാണ്. കറാഹത്തായാലും ഹറാമായാലും സകാത്ത് നിര്‍ബന്ധമാണ്. (തുഹ്ഫ: 3/281)

സ്ത്രീ ധരിക്കുന്ന ആകെ ആഭരണം നോക്കിയല്ല മിതത്വവും അതിന്റെ ലംഘനവും നോക്കുന്നത്. മറിച്ച് ഓരോ ആഭരണത്തിനും അതിന്റെ അളവില്‍ ആഭാസവും അമിതത്വവുമാണോ ദര്‍ശിക്കുന്നത്, അതല്ല,  സ്ത്രീയുടെ അഴകും അലങ്കാരവുമാണോ പ്രകടമാകുന്നത് എന്നതാണ് പരിഗണന. പാദസരത്തിന്റെ തൂക്കം മാത്രം വ്യക്തമാക്കി കര്‍മശാസ്ത്ര പണ്ഡിതര്‍ ഉദാഹരണം പറഞ്ഞത് ശ്രദ്ധേയമാണ്. 

രണ്ടു പാദസരം കൂടി 200 മിസ്‌കാലുണ്ടെങ്കില്‍ അതു വളരെ അമിതമാണ്. 200 മിസ്‌കാല്‍ എന്നത് 106 പവനും രണ്ടു ഗ്രാമുമാണ്. ഇത്രയും തൂക്കമുള്ള രണ്ടു പാദസരം ധരിക്കല്‍ നിഷിദ്ധമാണ്. അതിനും സകാത്ത് നിര്‍ബന്ധമാണ്. സ്ത്രീയുടെ അലങ്കാരത്തിലുപരി ആഭാസമാണ് ഇത്രയും തൂക്കമുള്ള പാദസരത്തില്‍ ദര്‍ശിക്കുക. (തുഹ്ഫ: 3/280) 
106 പവനും രണ്ടു ഗ്രാമും എന്നത് ലംഘനം കവിഞ്ഞ തോതിലായതിന്റെ ഉദാഹരണമാണ്. അത്രയും തൂക്കമില്ലെങ്കിലും ആഭാസവും അറപ്പും തോന്നുന്ന തൂക്കമുണ്ടെങ്കിലും കറാഹത്താണ്. അപ്പോഴും സകാത്ത് നിര്‍ബന്ധമാകും.

സ്വര്‍ണച്ചെരുപ്പ്
സ്ത്രീകള്‍ക്കും ചെറിയ ആണ്‍കുട്ടികള്‍ക്കും ഭ്രാന്തന്‍മാര്‍ക്കും സ്വര്‍ണത്തിന്റെ ചെരുപ്പ് ധരിക്കല്‍ അനുവദനീയമാണ്. സകാത്ത് നിര്‍ബന്ധമില്ലാതെ തന്നെ ധരിക്കാം. പക്ഷേ, പതിവില്‍ കവിഞ്ഞ് ചെരുപ്പില്‍ ആഭാസം തോന്നുന്ന തൂക്കമുണ്ടെങ്കില്‍ അതിനു സകാത്ത് നിര്‍ബന്ധമാകും. ഭംഗിയാണ് പ്രകടമാകുന്നതെങ്കില്‍ സ്വര്‍ണാഭരണം കൂടുതലായാലും സകാത്ത് നിര്‍ബന്ധമില്ല.

ഒരു സ്ത്രീ ധരിക്കല്‍ ശുദ്ധ അനുവദനീയമായ ആഭരണങ്ങളില്‍ നിന്ന് അല്‍പം ധരിക്കുകയും ബാക്കി ധരിക്കാതെ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്നുവെങ്കിലും സൂക്ഷിച്ചുവച്ചതിനു സകാത്തില്ല. കാരണം, സകാത്ത് നിര്‍ബന്ധമാകാതിരിക്കാനുള്ള നിബന്ധന അവ ധരിക്കലല്ല. ധരിക്കല്‍ അനുവദനീയമാവലാണ്. ഇനി ആഭരണങ്ങളുടെ കുളത്ത് അറ്റതു മൂലം അതു ധരിക്കാതെ സൂക്ഷിച്ചുവച്ചാലും അതിനു സകാത്തില്ല. (തുഹ്ഫ: 3/323)

85 ഗ്രാം തൂക്കം വരുന്ന ഒരു ആഭരണം ഉപയോഗിക്കാന്‍ പറ്റാത്ത വിധം കേടുവന്നു. ഇനി അത് ഉപയോഗിക്കണമെങ്കില്‍ ഉരുക്കി വാര്‍ക്കുക തന്നെ വേണം. അല്ലാതെ, നന്നാക്കാന്‍ പറ്റില്ല. അങ്ങനെയുള്ളത് ഒരു വര്‍ഷം സൂക്ഷിച്ചാല്‍ സകാത്ത് നല്‍കണം. കാരണം, സൂക്ഷിച്ചത് ആഭരണമല്ല, സ്വര്‍ണമാണ്. (തുഹ്ഫ: 3/213)
ഒരാള്‍ മകളുടെ വിവാഹാവശ്യാര്‍ത്ഥം 75 പവന്റെ വിവിധ ആഭരണങ്ങള്‍ വാങ്ങി. പക്ഷേ, വിവാഹം നടന്നില്ല. അങ്ങനെ ആഭരണങ്ങള്‍ ഒരു വര്‍ഷം സൂക്ഷിച്ചുവച്ചു എങ്കില്‍ പോലും സകാത്തില്ല. കാരണം ധരിക്കല്‍ അനുവദനീയമായ ആഭരണങ്ങളാണ് സൂക്ഷിച്ചുവച്ചത്. അതേ സമയം ആഭരണത്തിനു പകരം സ്വര്‍ണ കോയിന്‍സ് പോലോത്തതാണെങ്കില്‍ 85 ഗ്രാം (സുമാര്‍ പത്തര പവന്‍) ഒരു വര്‍ഷം സൂക്ഷിച്ചാല്‍ തന്നെ സകാത്ത് നിര്‍ബന്ധമാകും. കാരണം, സൂക്ഷിച്ചത് ആഭരണമല്ല.  വിവിധ ആഭരണങ്ങളാല്‍ 75,100 പവന്‍ തൂക്കം വരുന്നത് സ്ത്രീകള്‍ക്ക് ധരിക്കല്‍ ശുദ്ധ അനുവദനീയവും അവയ്ക്കു സകാത്ത് നിര്‍ബന്ധമില്ലാത്തതുമാണ്. സ്ത്രീകള്‍ക്ക് ധരിക്കാന്‍ വേണ്ടി വാടയ്ക്ക് കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ആഭരണമുണ്ടാക്കി സൂക്ഷിക്കുന്നത് അനുവദനീയമാണ്. അനുവദനീയമായ ആഭരണങ്ങള്‍ക്ക് സകാത്ത് നിര്‍ബന്ധവുമില്ലല്ലോ. 

ഹദീസും മറുപടിയും

ചില ഹദീസുകളില്‍നിന്ന് ആഭരണങ്ങള്‍ക്ക് സകാത്തുണ്ടെന്നു മനസ്സിലാക്കാമെന്നു ചിലര്‍ പറയാറുണ്ട്. അതിനെക്കുറിച്ച് ഇമാം ഇബ്‌നു ഹജര്‍(റ) പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ബൈഹഖി(റ)യില്‍നിന്ന് ഉദ്ധരിക്കുന്നത് ഇങ്ങനെ: ''പ്രസ്തുത ഹദീസുകള്‍ സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ നിഷിദ്ധമായിരുന്ന ആദ്യകാലത്തായിരുന്നു. പ്രസ്തുത ഹദീസുകളില്‍ ചിലത് നിര്‍ണിത സ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണു വന്നിട്ടുള്ളത്. അപ്പോള്‍ അവരില്‍ അമിതത്വം ഉണ്ടായതിനാലാണ് നബി(സ്വ) സകാത്ത് നല്‍കാന്‍ കല്‍പ്പിച്ചത്. ചില ഹദീസുകളില്‍ മിതത്വത്തിന്റെ പരിധിവിട്ടതായി രേഖയുണ്ട്.'' (തുഹ്ഫ: 3/271) 

ഇത്രയും വിശദീകരിച്ചതില്‍നിന്ന് ഇന്നു കേരളത്തിലുള്ള സാധാ സ്ത്രീകള്‍ ധരിക്കുന്ന ആഭരണങ്ങള്‍ക്കൊന്നും സകാത്ത് നിര്‍ബന്ധമില്ലെന്നു സുതരാം വ്യക്തമായി. ആഭരണം പത്തര പവനുണ്ടെങ്കില്‍ സകാത്ത് നല്‍കണം എന്ന ചിലരുടെ വാദം ശാഫിഈ മദ്ഹബിനു നിരക്കാത്തതാണ്. 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter