സകാത്ത്: അര്‍ഹിക്കുന്നതും അനുഭവിക്കുന്നതും

ഇസ്‌ലാമെന്ന വടവൃക്ഷത്തെ വിശ്വാസിയില്‍ തറച്ച്‌ നിര്‍ത്തുന്ന അഞ്ച് അടിവേരുകളില്‍ നാരായവേരാണ്‌ സകാത്ത്‌. പഞ്ച സ്‌തംഭങ്ങള്‍ എന്ന്‌ ഒരൊഴുക്കന്‍ മട്ടില്‍ നാംപറഞ്ഞ്‌ പോവുമ്പോഴും അഭിനവ മുസ്‌ലിമിന്റെ പ്രായോഗിക ജീവിതത്തില്‍ ഈ നെടും തൂണുകളില്‍ പലതും ചിതലരിച്ചു കൊണ്ടിരിക്കുകയാണ്‌.  ശഹാദത്ത്‌, നിസ്‌കാരം, സകാത്ത്‌, റമളാന്‍ നോമ്പ്‌, ഹജ്ജ്‌ എന്ന മുന്‍ഗണനാക്രമത്തെ അപ്രസക്തമാക്കുന്ന സമവാക്യങ്ങളാണ്‌ പലപ്പോഴും മുസ്‌ലിമിന്റെ പുതിയ ജീവിതക്രമത്തില്‍  കണ്ടുകൊണ്ടിരിക്കുന്നത്‌. ശഹാദത്ത്‌ കലിമ നാക്കും മനസ്സും ചേര്‍ത്ത്‌ ചൊല്ലി പടിഞ്ഞാറോട്ട്‌  അഞ്ചുനേരം കുമ്പിടുന്ന ശരാശരി മുസ്‌ലിം, നോമ്പ്‌, ഹജ്ജ്‌ എന്നിവ പരിഗണനാപൂര്‍വ്വം ചെയ്‌താലും, സകാത്തിനെ സഗൗരവം സമീപിക്കുന്നതില്‍ പരാജയപ്പെടുന്നതിന്റെ രസതന്ത്രവും ഗണിതശാസ്‌ത്രവും എന്താണെന്ന്‌ `ഒരെത്തുംപിടിയും‘ കിട്ടുന്നില്ല. സകാത്തേതര ആരാധനകളില്‍ കാണുന്ന സംഘടിതവും പ്രത്യക്ഷവുമായ രീതിയും പൊതുവായ സമയവും സകാത്തില്‍ ഇല്ലാതെ പോയതിനാലുംനാലാളറിയാത്ത ഒരു സ്വകാര്യമായതിനാലുമാവണം പൊതു സമാജത്തില്‍ ഈയൊരു ദുര്‍ഗതി സകാത്തിന്‌ വരവ്‌ വെച്ചത്‌. “നിസ്‌കാരം അവര്‍ക്ക്‌ പ്രത്യക്ഷമായതിനാല്‍ അവരത്‌ സ്വീകരിച്ചു. സകാത്ത്‌ പരോക്ഷമായതിനാല്‍ അവരത്‌ തിന്നുകളഞ്ഞു. അവരാണ്‌ കപടവിശ്വാസികള്‍” എന്ന ഇബ്‌നുഉമര്‍(റ)വില് ‍നിന്ന്‌ നിവേദനം ചെയ്‌ത ഹദീസ്‌ (അത്തര്‍ഗീബുവത്തര്‍ഹീബ്‌ 1/543) സകാത്തിന്റെ പരോക്ഷ സ്വഭാവം ദുര്‍ബലവിശ്വാസികളെ സകാത്ത്‌ നിഷേധത്തിലേക്കെത്തിച്ചു എന്നതിന്റെ തെളിച്ചെഴുത്താണ്‌.

വിശുദ്ധഖുര്‍ആനും തിരുവചനവും നിസ്‌കാരത്തോളം സകാത്തിനെയും പറഞ്ഞ്‌ വെച്ചിട്ടുണ്ട്‌.

നിസ്‌കാരവും സകാത്തും ഒരുനാണയത്തിന്റെ ഇരുവശങ്ങളെപോലെ ഖുര്‍ആനും സുന്നത്തും എണ്‍പത്തിരണ്ടോളം സ്ഥലങ്ങളില്‍ ചേര്‍ത്തു പറയുമ്പോള്‍ നിസ്‌കരിക്കുന്ന മുസ്‌ലിം വര്‍ഷാവര്‍ഷം തന്റെ മുതല്‍ കൂട്ടിയും കിഴിച്ചും സകാത്ത്‌ കണക്കാക്കുന്നതില്‍ തെല്ല്‌ മനസ്സ്‌ വെക്കാത്തത്‌ തന്റെ സ്വത്വത്തിന്‌ നേര്‍ക്കുള്ള ചോദ്യചിഹ്നമാണ്‌. മുശ്‌രിക്കുകള്‍ നിസ്‌കരിക്കുകയും സകാത്തനുഷ്‌ഠിക്കുകയും ചെയ്യുന്നുവെങ്കില്‍ അവരെ അവരുടെവഴിക്ക്‌ വിടണമെന്നും അവര്‍ മുസ്‌ലിം സഹോദരന്മാരാണെന്നും വ്യക്തമാക്കുന്ന സൂറത്ത്‌ തൗബയിലെ (5, 11) സൂക്തങ്ങള്‍ , കുഫ്‌റിനെയും ഇസ്‌ലാമിനെയും വേര്‍തിരിക്കുന്ന അക്ഷാംശരേഖ നിസ്‌കാരവും സകാത്തുമാണെന്ന്‌ വ്യക്തമാകുന്നു. മുആദ്‌(റ)വിനെ പ്രബോധനദൗത്യവുമായി യമനിലേക്കയച്ചപ്പോള്‍ നബി(സ്വ) നല്‍കിയ മാര്‍ഗനിര്‍ദ്ദേശം ശ്രദ്ധേയമാണ്‌. ആദ്യം തൗഹീദിലേക്കും രിസാലത്തിലേക്കും അതംഗീകരിച്ചാല്‍ നിസ്‌കാരത്തിലേക്കും അതംഗീകരിച്ചാല്‍ സകാത്തിലേക്കും അവരെ ക്ഷണിക്കണമെന്ന പ്രസ്‌തുത നിര്‍ദ്ദേശം മുസ്‌ലിമിന്റെ മുന്‍ഗണനാക്രമത്തെ അരക്കിട്ടുറപ്പിക്കുന്നുണ്ട്‌. (ഹദീസ്‌- സ്വഹീഹുല്‍ ബുഖാരി: കിതാബുസ്സകാത്ത്‌) സകാത്ത്‌ കൊടുക്കാതെ നിസ്‌കരിക്കുന്നവരുടെ `അമല്‍’ ഉപകരിക്കുന്ന മുസ്‌ലിമല്ലെന്ന ഇമാം അസ്വ്‌ബഹാനി(റ)യുടെ പ്രസ്‌താവം (അത്തര്‍ഗീബ്‌ 1/540) അത്തരം മുസ്‌ലിമിന്റെ സുകൃതങ്ങള്‍ പാഴ്‌വേലയാണെന്ന മുന്നറിയിപ്പാണ്‌ കൈമാറുന്നത്‌.

സകാത്തിന്റെ നിര്‍ബന്ധത്തെ കണ്ണടച്ച്‌ നിഷേധിക്കുന്നവര്‍ കാഫിറാണെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ പക്ഷാന്തരമില്ല. നിര്‍ബന്ധമാണെന്ന്‌ വിശ്വാസമുണ്ടെങ്കിലും സകാത്ത്‌ നല്‍കാന്‍ വിസമ്മതിക്കുന്നവനോട്‌ സായുധ സമരം നടത്തണമെന്നതിലും, ബലമായി അവന്റെ സകാത്ത്‌ വിഹിതം പിടിച്ചെടുക്കണമെന്നതിലും അവര്‍ക്കിടയില്‍ ഒരേ സ്വരം തന്നെ (ഫത്‌ഹുല്‍ മുഈന്‍ 164). നബി(സ്വ)ക്ക്‌ മാത്രമേ സകാത്ത്‌ നല്‍കേണ്ടതുള്ളൂവെന്ന വിചിത്ര വാദവുമായി അവിടത്തെ വഫാത്തിന്‌ ശേഷം രംഗത്ത്‌ വന്ന മുര്‍ത്തദ്ദുകളെ ഒന്നാം ഖലീഫ അബൂബക്കര്‍(റ) `കൈകാര്യം ചെയ്‌തത്‌’ ചരിത്ര ഗ്രന്ഥങ്ങളില്‍ സുവിദിതമാണ്‌. അബൂഹുറൈറ(റ)വില്‍ നിന്ന്‌ ഇമാം ബുഖാരി(റ) നിവേദനം ചെയ്‌ത ഹദീസ്‌ ഇത്തരം അസന്നിഗ്‌ധ ഘട്ടങ്ങളില്‍‍ അബൂബക്കര്‍(റ) കൈകൊണ്ട കരളുറപ്പിന്റെ തുറന്നിടലാണ്‌. `അബൂഹുറൈറ(റ)വില്‍ ‍നിന്ന്‌ നിവേദനം: നബി(സ്വ) വഫാത്താവുകയും അബൂബക്കര്‍‍(റ) ഖലീഫയാവുകയും അറബികളില്‍‍ പലരും കാഫിറാവുകയും ചെയ്‌തപ്പോള്‍‍ ഉമര്‍‍(റ) അബൂബക്കര്‍‍(റ)വിനോട്‌ ചോദിച്ചു: “നിങ്ങളെങ്ങനെ ജനങ്ങളോട്‌ യുദ്ധം ചെയ്യും? കാരണം നബി(സ്വ) പറഞ്ഞുവല്ലോ– `ലാഇലാഹഇല്ലല്ലാഹ്‌’ എന്നു പറയുന്നതു വരെ ജനങ്ങളോട്‌ യുദ്ധം ചെയ്യാന്‍‍‍ ഞാന്‍‍ കല്‍പിക്കപ്പെട്ടു. ആരെങ്കിലും അത്‌ പറഞ്ഞാല്‍‍ നിശ്ചയം അവന്റെ അന്യായമല്ലാത്ത ധനവും ശരീരവും എന്നില്‍‍‍നിന്ന്‌ സുരക്ഷിതമായി. അവന്റെ വിചാരണ അല്ലാഹുവിനാണ്‌. അപ്പോള്‍‍‍ അബൂബക്കര്‍‍(റ) പ്രതിവചിച്ചു: “അല്ലാഹുവാണേ സത്യം, നിസ്‌കാരത്തിനും സകാത്തിനുമിടയില്‍‍‍ വിവേചനം കാട്ടിയവരോട്‌ ഞാന്‍ പോരാടുകതന്നെ ചെയ്യും. കാരണം സകാത്ത്‌ ധനത്തിന്റെ കടമയാണ്‌. അല്ലാഹുവാണ്‌ സത്യം, തിരുദൂതര്‍‍ക്ക്‌ അവര്‍‍ നല്‍കിയിരുന്ന ഒരു ആട്ടിന്‍‍കുട്ടിയെ (മറ്റൊരു ഉദ്ധരണിയില്‍‍ ഒട്ടകത്തെ കെട്ടുന്ന കയര്‍‍ എന്നുണ്ട്‌) എനിക്കവര്‍‍ തടഞ്ഞാല്‍‍ അതിന്റെ പേരില്‍‍ ഞാനവരോട്‌ യുദ്ധം ചെയ്യുക തന്നെചെയ്യും.”
ഉമര്‍‍(റ) പറഞ്ഞു: “അല്ലാഹുവാണ്‌ സത്യം, ഈപോരാട്ടത്തിന്‌ അബൂബക്കര്‍‍(റ)വിന്റെ മനസ്സ്‌ അല്ലാഹു തുറന്ന്‌ കൊടുത്തതല്ലാതെ മറ്റൊന്നുമല്ല. അതിനാല്‍‍ ഇത്‌ തന്നെയാണ്‌ സത്യമെന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ടു.” (സ്വഹീഹുല്‍‍ ബുഖാരി 1/164) ഈ സകാത്ത്‌ നിഷേധികളെ പിന്നീടു വന്ന എല്ലാ ഖലീഫമാരും ഭരണാധിപന്മാരും കണിശമായി തന്നെ പ്രതിരോധിച്ചതായി കാണാം. `അഞ്ചാംഖലീഫ‘ എന്നറിയപ്പെട്ട രണ്ടാം ഉമര്‍‍, ഉമറുബ്‌നു അബ്ദുല്‍‍അസീസ്‌(റ)വിന്റെ കാലത്ത്‌, തന്റെ ഗവര്‍‍‍ണ്ണര്‍‍‍ ഒരാള്‍‍ സകാത്ത്‌ നല്‍കാന്‍‍ വിസമ്മതിക്കുകയാണെന്നറിയിച്ചപ്പോള്‍ മുസ്‌ലിംകളുടെ സകാത്തിന്‌ പകരം അമുസ്‌ലിംകളുടെ ജിസിയ്യ അയാളില്‍ ‍നിന്ന്‌ കൈപറ്റണമെന്നാണ്‌ ഉത്തരവിട്ടത്‌ (മുവത്വഅ്‌ 210). ഇതറിഞ്ഞ്‌ മനക്ലേശത്തിലായ അദ്ദേഹം സകാത്ത്‌ നല്‍‍കാന്‍‍ തയ്യാറായി എന്നത്‌ ഇതിന്റെ ബാക്കി ചരിത്രമാണെങ്കിലും സകാത്ത്‌ നല്‍‍‍കാന്‍‍ മനസ്സില്ലാത്തവനെ ഇസ്‌ലാമില്‍‍ നിന്നും പടിയടച്ച്‌ പിണ്ഡംവെക്കണമെന്ന നേരിന്‌ ശക്തമായ നടപടിയിലൂടെ ഉമര്‍‍ബ്‌നുഅബ്ദുല്‍‍ അസീസ്‌(റ) അടിവരയിടുകയായിരുന്നു.
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍‍ സകാത്ത്‌ കണക്കാക്കിനല്‍കാന്‍‍ മറന്ന്‌ പൂത്ത പണത്തിനുമേല്‍‍ അടയിരിക്കുന്ന മുതലാളിവര്‍‍ഗത്തിന്‌ ഖുര്‍‍ആനും സുന്നത്തും പറഞ്ഞുവെച്ച മുന്നറിയിപ്പുകള്‍‍ വളരെ ചെറുതാണ്‌. പരലോകത്ത്‌ അവര്‍‍ക്ക്‌ ലഭിക്കാനിരിക്കുന്ന ഭയാനകരമായ ശിക്ഷാമുറകളെ സംബന്ധിച്ച്‌ ഖുര്‍‍ആനും സുന്നത്തും ഒരുപോലെ പരാമര്‍‍ശിക്കുന്നുണ്ട്‌. “അല്ലാഹുനല്‍‍കിയഔദാര്യത്തില്‍‍ പിശുക്കുകാണിക്കുന്നവര്‍‍ അതവര്‍‍ക്ക്‌ ഗുണമാണെന്നാണ് വിചാരിക്കുന്നത്‌. എന്നാല്‍‍ അവര്‍‍ക്കത്‌ ദോഷമാണ്‌. ലുബ്ധ്‌ കാണിച്ച സമ്പത്തിനെ ഖിയാമത്ത്‌ നാളില്‍‍ അവര്‍‍ക്കൊരു ഹാരമാക്കും” (ആലുഇംറാന്‍ 180) എന്ന സൂക്തത്തിലെ ഹാരം വിഷസര്‍‍പ്പമാണെന്ന്‌ ഇമാം ബുഖാരി(റ)യും മറ്റു പണ്ഡിതരും നിവേദനം ചെയ്‌ത ഹദീസില്‍‍ കാണാം. “അല്ലാഹു സമ്പത്ത്‌ നല്‍‍കിയിട്ട്‌ സകാത്ത്‌ കൊടുക്കാത്തവന്റെ സമ്പത്തിനെ തലയില്‍‍ രോമമില്ലാത്ത (മാരകവിഷത്തെയും ആയുര്‍‍ദൈര്‍‍ഘ്യത്തെയും കുറിക്കുന്നു) സര്‍‍പ്പമാക്കി രൂപാന്തരപ്പെടുത്തും. കണ്ണിനുമീതെ രണ്ട്‌ കറുത്ത പുള്ളികളുള്ള ആ നാഗരാജനെ ഖിയാമത്ത്‌ നാളില്‍‍ അവന്‌ ഹാരമായിചാര്‍ത്തും. അവന്റെ ഇരുകവിളത്തും കടിച്ച്‌കൊണ്ട്‌ അതുപറയും: ഞാന്‍‍‍ നിന്റെ ധനമാണ്‌. ഞാന്‍‍ നിന്റെ നിധിയാണ്‌.” (സ്വഹീഹുല്‍‍ ബുഖാരി 1/165)
സകാത്ത്‌ നല്‍‍കാതെ ധനത്തെ നിധിയായി സംഭരിച്ച്‌ വെക്കുന്നവര്‍‍ക്ക്‌ വിശുദ്ധഖുര്‍‍ആന്‍‍ ശക്തമായ താക്കീത്‌ നല്‍‍കുന്നുണ്ട്‌. സകാത്തിന്റെ അവകാശികള്‍‍ കടന്ന്‌ വരുമ്പോള്‍‍ നെറ്റിചുളിച്ച്‌ പുറം തിരിയുന്നവരുടെ നെറ്റിത്തടവും പുറവും ശരീരമാസകലവും അന്ത്യനാളില്‍‍ ചൂട്‌ വെക്കപ്പെടുമെന്ന്‌ (`കയ്യ്‌’ എന്നശിക്ഷാമുറ) ഖുര്‍‍ആനും ഹദീസും വ്യക്തമാക്കുന്നു.
“അല്ലാഹുവിന്റെ മാര്‍‍ഗത്തില്‍‍ ചെലവഴിക്കാതെ സ്വര്‍‍ണവും വെള്ളിയും സംഭരിച്ച്‌ വെക്കുന്നവരെ വേദനാജനകമായ ശിക്ഷകൊണ്ട്‌ സന്തോഷവാര്‍‍ത്ത അറിയിക്കുക. ജഹന്നമിന്റെ തീയില്‍‍ അവ ചുട്ടുപഴിപ്പിക്കുകയും അവരുടെ നെറ്റിത്തടവും ശരീരപാര്‍‍ശ്വങ്ങളും പുറവും അതുകൊണ്ട്‌ ചൂടു വെക്കുകയും ചെയ്യുന്ന ദിവസം (ആകുന്നു ആ ശിക്ഷ), അവരോട്‌ പറയപ്പെടും നിങ്ങള്‍‍ക്കു വേണ്ടി നിങ്ങള്‍ നിധിയായി സൂക്ഷിച്ചതാണിത്‌. അതുകൊണ്ട്‌ നിങ്ങള്‍‍ സൂക്ഷിച്ചുവെച്ചിരുന്നതിനെ നിങ്ങള്‍‍ ഇപ്പോള്‍‍ രുചിച്ചറിയുക (തൗബ 35) ഈ ആയത്തിന്റെ വ്യാഖ്യാനം തിരുനബി(സ്വ) തന്നെ വിശദീകരിച്ചത്‌ ശ്രദ്ധേയമാണ്‌. അബൂഹുറൈറ(റ)വില്‍‍ നിന്ന്‌ നിവേദനം: തിരുദൂതര്‍‍(സ്വ) പറഞ്ഞു– ബാധ്യത കൊടുത്തുവീട്ടാത്ത സ്വര്‍‍ണം, വെള്ളി എന്നിവയെ അന്ത്യനാളില്‍‍ അഗ്നിപലകകളാക്കും. ജഹന്നമിന്റെ തീയില്‍‍ ആ അഗ്നിപലകകള്‍‍ക്കുമേല്‍‍ അതിന്റെ ഉടമയെ ചൂടാക്കുകയും അവന്റെ ശരീരപാര്‍‍‍ശ്വവും നെറ്റിത്തടവും പുറവും അതുകൊണ്ട്‌ ചൂടു വെക്കപ്പെടുകയും ചെയ്യും. അത്‌ തണുക്കുമ്പോഴെല്ലാം ഇത്‌ ആവര്‍‍ത്തിക്കപ്പെടും. (ദുന്‍‍യാവിലെ) അമ്പതിനായിരം വര്‍‍ഷത്തിന്റെ ദൈര്‍‍ഘ്യമുള്ള (പരലോകത്തെ) ദിവസത്തില്‍‍ അടിയാറുകള്‍‍ക്കിടയില്‍‍ വിധിതീര്‍‍പ്പാക്കും വരെ ഇത്‌ തുടരും. സ്വര്‍‍ഗത്തിലേക്കോ നരകത്തിലേക്കോ പിന്നീടവന്റെ വഴി തെളിയും (സ്വഹീഹുമുസ്‌ലിം 4/53). അര്‍‍ഹമായവര്‍‍ക്ക്‌ അര്‍‍ഹമായത്‌ നല്‍‍കാതെ ബാങ്ക്‌ ബാലന്‍‍സ്‌ കൊണ്ടും അമൂല്യ കലവറകളെ കൊണ്ടും മേനിനടിക്കുന്നവര്‍‍ ഈ പൊരിച്ചെടുക്കല്‍‍ കണ്ടില്ലെന്ന്‌ നടിക്കരുത്‌. ഇത്തരക്കാര്‍‍ വീണ്ടുവിചാരത്തിന്‌ തയ്യാറായില്ലെങ്കില്‍‍ വറുചട്ടിയില്‍‍നിന്ന്‌ എരിതീയിലേക്ക്‌ എറിയപ്പെടുമെന്നതായിരുക്കും അവരുടെ അന്ത്യഗതി. നാളത്തെ എരിതീയിലേക്ക്‌ എറിയപ്പെടുന്ന മൂന്ന്‌ പ്രഥമരില്‍‍ ഒരാള്‍‍ സകാത്ത്‌ കൊടുക്കാത്ത സമ്പന്നനാണെന്ന കാര്യം ഇബ്‌നുഖുസൈമ(റ) തന്റെ സ്വഹീഹില്‍‍ ഉദ്ധരിച്ച ഒരു ഹദീസ്‌ നമ്മെ ഓര്‍‍മ്മിപ്പിക്കുന്നുണ്ട്‌.
ആടുമാടുകളുടെ സകാത്ത്‌ നല്‍‍കാത്തവനോട്‌, അവതന്നെ നാളെ പ്രതികാരം ചെയ്യുമെന്നാണ്‌ ഇസ്‌ലാമികാധ്യാപനം. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്‌ത ഹദീസ്‌ അതിന്റെ ഭയാനകതയും ഭീകരതയും അറിയിക്കാന്‍‍ പോന്നതാണ്‌. `ജാബിര്‍‍(റ)വില്‍‍നിന്ന്‌ നിവേദനം: അദ്ദേഹംപറഞ്ഞു: “നബി(സ്വ) പറയുന്നതായി ഞാന്‍‍ കേട്ടു: കടമ നിര്‍‍വ്വഹിക്കാത്ത എല്ലാ ഒട്ടകമുതലാളിമാരും അന്ത്യനാളില്‍‍ മിനുസമുള്ള സമതലത്തില്‍‍ ഇരുത്തപ്പെടും. അന്ന് പൂര്‍‍വ്വോപരി ശക്തിപെട്ട്‌ വരുന്ന ഒട്ടകങ്ങള്‍‍ അവയുടെ കാലുകള്‍‍കൊണ്ടും കുളമ്പുകള്‍‍കൊണ്ടും അവനെ ചവിട്ടി മെതിക്കും. കൊമ്പില്ലാത്തതോ മുറിഞ്ഞതോ ആയ ഒന്നും അതിലുണ്ടാവില്ല. കടമ നിര്‍‍വ്വഹിക്കാത്ത നിധിയുടമയുടെ നിധി അന്ത്യനാളില്‍‍ വലിയ വിഷസര്‍‍പ്പമായി വരും. വാപിളര്‍‍ത്തി അതവനെ പിന്തുടരുമ്പോള്‍‍ കണ്ട മാത്രയില്‍ അവന്‍‍ അതില്‍‍നിന്ന്‌ ഒളിച്ചോടും. അപ്പോള്‍‍ അതവനോട്‌ വിളിച്ച്‌ പറയും: “നീ ഒളിപ്പിച്ചിരുന്ന നിന്റെ നിധിശേഖരം എടുത്ത്‌ കൊള്ളുക. എനിക്കതാവശ്യമില്ല. അതില്‍‍നിന്ന്‌ രക്ഷപ്പെടാന്‍‍ ഒരുപഴുതുമില്ലെന്നവന്‍‍ മനസ്സിലാക്കുമ്പോള്‍‍ അതിന്റെ വായിലേക്ക്‌ അവന്‍‍ കൈ കടത്തും. കൂറ്റന്‍‍ മൃഗങ്ങള്‍‍ കടിച്ച്‌ പൊട്ടിക്കും പ്രകാരം അതവന്റെ കൈ കടിച്ച്‌ കീറും (മുസ്‌ലിംഉദ്ധരണി– അത്തര്‍‍ഗീബ്‌ 1/537) ജെല്ല്‌ കെട്ടിലും കാളപ്പോരിലും കാളകൂറ്റന്മാര്‍‍ കൊമ്പുകോര്‍‍ക്കും പ്രകാരം നാളെ മഹ്‌ശറയുടെ മൈതാനിയില്‍‍ സകാത്ത്‌ വിഹിതം നല്‍‍കാത്ത മാടുകര്‍‍ഷകരെ നാല്‍‍കാലികള്‍‍ തന്നെ രാക്ഷസ കുളമ്പുകള്‍‍കൊണ്ട്‌ ചവിട്ടിമെതിക്കുമെന്ന്‌ സാരം.

നാട്ടുനടപ്പില്‍‍ കൂടുതല്‍‍ ആഭരണങ്ങള്‍‍ ധരിക്കുന്നപെണ്‍‍മങ്കമാര്‍‍ സകാത്ത്‌ കൊടുക്കാത്ത പക്ഷം അവരുടെ കഴുത്തിലും കൈകാലുകളിലും ധരിക്കുന്ന ആഭരണങ്ങള്‍‍ ജഹന്നമിലെ ജ്വലിക്കുന്ന തീപന്തങ്ങളാണെന്ന്‌ തിരുനബി(സ്വ) മുന്നറിയിപ്പ്‌ നല്‍‍കിയിട്ടുണ്ട്‌. ഇമാം അബൂദാവൂദ്‌(റ) തിര്‍‍മുദി, അഹ്‌മദ്‌(റ) തുടങ്ങിയഹദീസ്‌ പണ്ഡിതര്‍‍ ഉദ്ധരിച്ച ഹദീസ്‌ ഈ മുന്നറിയിപ്പിന്റെ `‍അലാറം‘ മുഴക്കുന്നുണ്ട്‌.` ശുഐബ്‌(റ) തന്റെ പിതാവില്‍‍നിന്ന്‌ ഉദ്ധരിക്കുന്നു: “ഒരു സ്‌ത്രീ, തന്റെ പെണ്‍‍കുഞ്ഞുമായി നബി(സ്വ)യുടെ അടുക്കല്‍‍ വന്നു. കുട്ടിയുടെകൈയില്‍‍ രണ്ട്‌ കട്ടിയുള്ള കനകവളകളുണ്ട്‌. തദവസരം നബി(സ്വ) അവരോട്‌ ചോദിച്ചു: “ഇതിന്റെസകാത്ത്‌ നീ നല്‍കിയോ? ഇല്ലെന്ന്‌ അവര്‍‍ പറഞ്ഞപ്പോള്‍‍ നബി(സ്വ) പ്രതിവചിച്ചു: ഖിയാമത്ത്‌ നാളില്‍‍ ഇതിനു പകരം രണ്ട്‌ അഗ്നിവളകള്‍‍ അല്ലാഹു അണിയിക്കുന്നത്‌ നിന്നെ സന്തോഷിപ്പിക്കുന്നുവോ?!” നിവേദകന്‍‍ തുടര്‍‍ന്നു: ഉടനെ അവര്‍‍ അത്‌ രണ്ടും ഊരി നബി(സ്വ)ക്ക്‌ നല്‍‍കിപറഞ്ഞു: “ഇവ രണ്ടും അല്ലാഹുവിനും അവന്റെ ദൂതര്‍‍ക്കുമാണ്‌.” (അത്തര്‍‍ഗീബ്‌ വത്തര്‍‍ഹീബ്‌ 1/555)
അന്യന്‌ അര്‍‍ഹതപ്പെട്ടത്‌ നല്‍‍കാത്തിടത്തോളം താനും തന്റെ സമ്പത്തും ദുന്‍‍യാവില്‍‍ വെച്ചുതന്നെ പണക്കാരന്‌ ഭാരമാവുമെന്ന്‌ ഒട്ടനവധി ഹദീസുകള്‍‍ പഠിപ്പിക്കുന്നുണ്ട്‌. ശരീരത്തെയും സമ്പത്തിനെയും ശുദ്ധികലശം വരുത്തുന്ന സകാത്ത്‌ കൊടുക്കാത്ത പക്ഷം ശിഷ്‌ടകാലത്ത്‌ അതൊരു അര്‍‍ബുദം കണക്കെ രൗദ്രരൂപം പ്രാപിക്കും. `സകാത്ത്‌ തടഞ്ഞുവെച്ചത്‌ കൊണ്ടല്ലാതെ കടലിലും കരയിലും ഒരുമുതലും നശിച്ച്‌ പോയിട്ടി‘ല്ലെന്നഉമര്‍‍(റ) ഉദ്ധരിച്ച ഹദീസ്‌ (അത്തര്‍‍ഗീബ്‌ വത്തര്‍‍ഹീബ്‌ 1/542) ഈ യാഥാര്‍‍ത്ഥ്യത്തെ ആവോളം ശരിവെക്കുന്നുണ്ട്‌. ശിഷ്‌ടസമ്പത്തിനെ നശിപ്പിച്ചിട്ടല്ലാതെ ഒരുസകാത്ത്‌ വിഹിതവും അതിലേക്ക്‌ കലര്‍‍ന്നിട്ടില്ലെന്ന്‌ ആഇശാ(റ) ഉദ്ധരിച്ച ഹദീസ്‌ (Ibid 1/543) സകാത്ത്‌ നിഷേധം `വടികൊടുത്ത്‌ അടിവാങ്ങുക‘ എന്നതിന്റെ മറ്റൊരു പതിപ്പാണെന്ന്‌ പറയാതെ പറയുന്നുണ്ട്‌.
സകാത്ത്‌ നിഷേധം സാമൂഹികമായ പ്രത്യാഘാതങ്ങള്‍‍ക്കും വഴിമരുന്നിട്ടിട്ടുണ്ടെന്നതാണ്‌ നേര്‌. സാമ്പത്തികമായ അസമത്വവും ദാരിദ്ര്യവും ക്ഷാമവുമൊക്കെ അതിന്റെ പരിധിയില്‍‍ വരും. `ക്ഷാമവും ദാരിദ്ര്യവും കൊണ്ട്‌ പരീക്ഷിക്കപ്പെട്ടിട്ടല്ലാതെ ഒരു ജനതയും സകാത്ത്‌ വിസമ്മതിച്ചിട്ടില്ലെന്ന‘ പ്രവാചകാദ്ധ്യാപനം അതിലേക്കുള്ള ചൂണ്ടുപലകയാണ്‌.
പാവപ്പെട്ടവന്റെ പട്ടിണിക്ക്‌ നിദാനം പണക്കാരന്റെ വിയര്‍‍പ്പാണെന്ന്‌ അലി(റ) ഉദ്ധരിച്ച ഒരു ഹദീസ്‌ നമ്മെ പഠിപ്പിക്കുന്നുണ്ട്‌. തിരുദൂതര്‍‍(സ്വ) പറഞ്ഞു: `പാവപ്പെട്ടവര്‍‍ക്ക്‌ മതിയാവുന്ന ഒരളവ്‌ മുസ്‌ലിംകളിലെ സമ്പന്നരുടെമേല്‍‍ നിശ്ചയം അല്ലാഹു നിര്‍‍ബന്ധമാക്കിയിട്ടുണ്ട്‌. പട്ടിണിയുടെയും നഗ്നതയുടെയും പ്രയാസം സമ്പന്നരുടെ ചെയ്‌തുകൊണ്ടല്ലാതെ പാവപ്പെട്ടവന്‍ അനുഭവിച്ചിട്ടില്ല, അറിയുക നിശ്ചയം അല്ലാഹു അവരെ ശക്തമായ വിചാരണചെയ്യുകയും വേദനിക്കുന്ന ശിക്ഷനല്‍‍കുകയുംചെയ്യും.’ (ത്വബ്‌റാനി, അത്തര്‍‍ഗീബ്‌ 1/538)
മുതലാളിത്തവ്യവസ്ഥയുടെ ഫലമായി പണക്കാരന്‍‍ കൂടുതല്‍‍ തടിച്ച്‌ കൊഴുക്കുകയും പാവപ്പെട്ടവന്‍‍ കൂടുതല്‍‍ മെലിഞ്ഞൊട്ടുകയും ചെയ്യുന്ന നവലോകക്രമത്തില്‍‍ പാവപ്പെട്ടവന്‌ പണക്കാരന്റെ സമ്പത്തില്‍‍ അവകാശമുണ്ടെന്ന്‌ നിഷ്‌കര്‍‍ശിക്കുന്ന ഇസ്‌ലാമിക പ്രത്യയശാസ്‌ത്രത്തിന്‌ പ്രാധാന്യമേറെയുണ്ട്‌. സകാത്ത്‌ പണക്കാരന്റെ ഔദാര്യമല്ല; പാവപ്പെട്ടവന്റെ അവകാശമാണെന്ന ഇസ്‌ലാമിന്റെ നട്ടെല്ലുള്ള നിലപാടാണ്‌ ഇസ്‌ലാമിക ഭരണകാലഘട്ടങ്ങളില്‍ സാമ്പത്തിക ഉച്ഛനീചത്വങ്ങളെ തുടച്ച്‌ നീക്കിയത്‌. ക്യാപിറ്റലിസവും സോഷ്യലിസവും മിക്‌സഡ്‌ എക്കോണമിയും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍‍ നിലനില്‍‍ക്കുമ്പോള്‍‍ സാമ്പത്തിക നയങ്ങള്‍‍ക്ക്‌ മുഖ്യധാരയില്‍‍ അര്‍‍ഹമായ പരിഗണന ലഭിക്കാത്തത്‌ ഇസ്‌ലാമോഫോബിയയുടെ ഭാഗമായിവേണം കരുതാന്‍‍.

 

അനുബന്ധം
നബി(സ്വ)യുടെകൂടെ അഞ്ചുനേരം ജമാഅത്ത്‌ നിസ്‌കാരത്തില്‍‍ പങ്കെടുത്തിരുന്ന പാവപ്പെട്ട സ്വഹാബി സഅ്‌ലബ്‌ബ്‌നുഹാത്വിബ്‌ അന്‍‍സാരി ധനികനാവുകയും സകാത്ത്‌ നിഷേധിയാവുകയും ചെയ്‌ത ചരിത്രശകലം ഇവിടെ ശ്രദ്ധേയമാണ്‌. അബൂഉമാമതുല്‍ബാഹിലീ(റ) പറഞ്ഞു: അന്‍‍സാരിയായ സഅ്‌ലബ‌ ഒരിക്കല്‍‍ റസൂല്‍‍(സ്വ)യോട്‌ പറഞ്ഞു: “എനിക്ക്‌ സമ്പത്ത്‌ നല്‍‍കാന്‍‍ അല്ലാഹുവിനോട്‌ നിങ്ങള്‍‍ പ്രാര്‍‍ത്ഥിക്കുക.”
നബി(സ്വ) പറഞ്ഞു: “സഅ്‌ലബ, നിനക്ക്‌ നാശം, നന്ദി ചെയ്യുന്ന കുറഞ്ഞധനമാണ്‌ നന്ദി ചെയ്യാനാവാത്ത കൂടുതലുള്ളതിനെക്കാള്‍‍ ഉത്തമം.” പിന്നെയും ഈ ആവശ്യം സഅ്‌ലബ ഉന്നയിച്ചപ്പോള്‍‍ നബി(സ്വ) ഒഴിഞ്ഞുമാറി.
സഅ്‌ലബ ആവര്‍‍ത്തിച്ചു: അങ്ങയെ സത്യവുമായി നിയോഗിച്ചവന്‍‍‍തന്നെ സത്യം, അങ്ങ്‌ പ്രാര്‍‍ത്ഥിച്ച്‌ എനിക്ക്‌ സമ്പത്ത്‌ ലഭിച്ചാല്‍‍ അവകാശികള്‍‍ക്ക്‌ അവരുടെ അവകാശം ഞാന്‍‍ തീര്‍‍ച്ചയായും കൊടുത്തുവീട്ടും.’
ഇത്രയും ആയപ്പോള്‍‍ നബി(സ്വ) പ്രാര്‍‍ത്ഥിച്ചു. തുടര്‍‍ന്ന്‌ അദ്ദേഹത്തിന്റെ ആട്ടിന്‍‍പറ്റം മദീനയുടെ താഴ്‌വരകള്‍‍ നിറഞ്ഞ്‌ കവിഞ്ഞു. അഞ്ചുനേരവും നബി(സ്വ)യുടെ കൂടെ ജമാഅത്തില്‍‍ പങ്കെടുത്തിരുന്ന സഅ്‌ലബ, ആട്ടിന്‍‍‍പറ്റവുമായി മദീനവിട്ട്‌ പോകുന്നതിനാല്‍‍ ളുഹ്‌റും അസ്വ്‌റും മാത്രം ജമാഅത്തിലൊതുക്കി. പിന്നെയും അവ പെറ്റുപെരുകിയപ്പോള്‍‍ ജുമുഅ ഒഴികെ എല്ലാ നിസ്‌കാരവും അദ്ദേഹം ഒഴിവാക്കി. അവസാനം തന്റെ വലിയ ആട്ടിന്‍പറ്റം നിമിത്തം ജുമുഅയും അദ്ദേഹം ഒഴിവാക്കി. വര്‍‍ത്തമാനങ്ങളറിയാന്‍‍ വെള്ളിയാഴ്‌ചയിലെ യാത്രക്കാരെ അദ്ദേഹം കണ്ടുമുട്ടിത്തുടങ്ങി. ഒരിക്കല്‍‍ നബി(സ്വ) ചോദിച്ചു: `സഅ്‌ലബക്ക്‌ എന്തുപറ്റി?” അവര്‍‍ പറഞ്ഞു: “അവന്‍‍ ആട്ടിന്‍‍‍പറ്റത്തെ വളര്‍ത്തുകയും അവ മദീനകവിഞ്ഞൊഴുകുകയും ചെയ്‌തു. കാര്യങ്ങള്‍‍ വിശദമായി അറിഞ്ഞപ്പോള്‍‍ നബി(സ്വ) `യാവൈഹ സഅ്‌ലബ‘ എന്ന്‌ ആവര്‍‍ത്തിച്ച്‌ നൊമ്പരപ്പെട്ടു. `അവനില്‍‍നിന്ന്‌ നിങ്ങള്‍‍ സകാത്ത്‌ പിടിക്കുക‘ (തൗബ 103) എന്ന ആയത്ത്‌ അവതരിച്ചപ്പോള്‍‍ സകാത്ത്‌ പിരിക്കാന്‍‍ അദ്ദേഹത്തിലേക്ക്‌ നബി(സ്വ) രണ്ടുപേരെ അയച്ചു. നബി(സ്വ)യുടെ എഴുത്തുമായി സകാത്ത്‌ ചോദിച്ച്‌ ചെന്നപ്പോള്‍ അദ്ദേഹം സകാത്തെന്ന പുതിയ നിര്‍‍ബന്ധ കാര്യത്തെ നിഷേധിച്ച്‌ പറഞ്ഞു: “ഇത്‌ ജിസ്‌യ അല്ലാതെ മറ്റൊന്നുമല്ല. ഇതെന്താണെന്ന്‌ എനിക്കറിയില്ല.”
ഒന്നുമില്ലാതെ തിരിച്ചുവന്ന അവരെ കണ്ടമാത്രയില്‍‍ അവിടന്ന്‌ പരിതപിച്ചു: “സഅ്‌ലബയുടെനാശമേ?” ഉടനെവിശുദ്ധഖുര്‍‍ആന്‍ സഅ്‌ലബയുടെ കാപട്യം തുറന്ന്‌ കാട്ടി സൂക്തങ്ങള്‍‍ അവതരിച്ചു: “അല്ലാഹു തന്റെ അനുഗ്രഹത്തില്‍‍നിന്ന്‌ വല്ലതും നല്‍‍കിയാല്‍‍ ഞങ്ങള്‍‍ തീര്‍‍ച്ചയായും ധര്‍‍മം ചെയ്യുമെന്നും സദ്‌വൃത്തരുടെ കൂട്ടത്തിലായിജീവിച്ചുകൊള്ളാമെന്നുംഅല്ലാഹുവിനോട്‌ കരാര്‍‍ ചെയ്‌തവരും അവരില്‍‍ (കപടവിശ്വാസികളില്‍‍) തന്നെയുണ്ട്‌. അങ്ങനെ അല്ലാഹു തന്റെ അനുഗ്രഹത്തില്‍‍നിന്ന്‌ നല്‍‍കിയപ്പോള്‍‍ അവരതുകൊണ്ട്‌ പിശുക്ക്‌ കാട്ടുകയും അവഗണിക്കുന്നവരായി പിന്തിരിയുകയും ചെയ്‌തു. അപ്പോള്‍‍, തന്നെ കണ്ടുമുട്ടുന്ന ദിവസം വരെയും അവരുടെ ഹൃദയങ്ങളില്‍‍ അല്ലാഹു കാപട്യം കുടിയിരുത്തി; അവര്‍‍ അല്ലാഹുവുമായി ചെയ്‌തകരാര്‍‍ ലംഘിക്കുകയും കളവ്‌ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്‌തതു കൊണ്ട്‌ തന്നെ. അവരുടെ രഹസ്യവും ഗൂഡാലോചനയും അല്ലാഹു അറിയുകതന്നെ ചെയ്യുമെന്നും എല്ലാ മറഞ്ഞകാര്യങ്ങളും അവനറിയുന്നവനാണെന്നും അവര്‍‍ ഗ്രഹിച്ചിട്ടില്ലേ? (സൂറത്തുതൗബ 75-78)
ഈ സൂക്തങ്ങള്‍‍ അവതരിക്കുമ്പോള്‍‍ നബി(സ്വ)യുടെ അടുക്കലുണ്ടായിരുന്ന സഅ്‌ലബയുടെ ഒരു ബന്ധു അദ്ദേഹത്തിന്റെ അടുക്കല്‍‍ ചെന്ന്‌ നിന്നെ ആക്ഷേപിച്ച്‌ ഖുര്‍‍ആന്‍ അവതരിച്ചിരിക്കുന്നുവെന്ന്‌ അറിയിച്ചപ്പോള്‍‍ അദ്ദേഹം നബിയുടെ അടുക്കല്‍ വന്ന്‌ സകാത്ത്‌ നല്‍‍കാന്‍‍ താല്‍‍പര്യം പ്രകടിപ്പിച്ചു. അപ്പോള്‍‍ നബി(സ്വ) പറഞ്ഞു: “നിന്റെ സകാത്ത്‌ സ്വീകരിക്കാന്‍‍ അല്ലാഹു എന്നെ അനുവദിക്കുന്നില്ല” കുറ്റബോധത്തോടെ തലയില്‍‍ മണ്ണ്‌ വാരിയെറിഞ്ഞ്‌ അദ്ദേഹം വീട്ടിലേക്ക്‌ മടങ്ങി. നബി(സ്വ)യുടെ കാലശേഷം മൂന്ന്‌ ഖലീഫമാരുടെ അടുക്കലും വന്ന്‌ സകാത്ത്‌ സ്വീകരിക്കണമെന്ന്‍ ആവശ്യമുന്നയിച്ചപ്പോഴും‍ നബി(സ്വ) സ്വീകരിക്കാത്തത്‌ ഞങ്ങള്‍‍ സ്വീകരിക്കില്ലെന്ന്‌ പറഞ്ഞ് അവരും‍ കൈമലര്‍‍ത്തുകയാണുണ്ടായത്‌. അവസാനം ഉസ്‌മാന്‍‍(റ)വിന്റെ ഭരണകാലത്ത്‌ സഅ്‌ലബയുടെ ദയനീയ അന്ത്യം കുറിക്കപ്പെട്ടു (ഇബ്‌നുകസീര്‍‍ 2/1080, 1081). നബി(സ്വ)യോട്‌ നല്ല സാമീപ്യമുണ്ടായിരുന്ന അന്‍‍സാരി പ്രമുഖന്‍‍ സഅ്‌ലബ ദയനീയമായി വിടവാങ്ങിയെങ്കില്‍‍ അഭിനവ സഅ്‌ലബമാര്‍‍ ജാഗ്രതൈ. 

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter