ബദ്‌രീങ്ങള്‍: കുടുംബവും ദേശവും (ഭാഗം ഒന്ന്)

ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി യുദ്ധങ്ങളെ കുറിച്ച് പരാമര്‍ശമുണ്ട്. ചരിത്രം വസ്തുനിഷ്ഠമായി പഠിക്കാത്ത ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇസ്‌ലാമിലെ പശ്ചാത്തലം മനസ്സിലാക്കാതെ അവയെ വികലമായി ചിത്രീകരിച്ച് ഇസ്‌ലാമിനെതിരേ തെറ്റിദ്ധാരണ പരത്താന്‍ കുത്സിത ശ്രമങ്ങള്‍ നടത്തിയിട്ടുള്ളതായി കാണാം. തല്‍ഫലമായി യൂറോപ്യന്‍ എഴുത്തുകാര്‍ക്കിടയില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി ഇസ്‌ലാമിലെ യുദ്ധചരിത്രങ്ങള്‍ മാറി. ഇസ്‌ലാമിലെ യുദ്ധങ്ങളഖിലവും സമാധാനവും സൈര്യജീവിതവും നിലനിര്‍ത്താന്‍ വേണ്ടിയുള്ളതായിരുന്നു. വ്യക്തിയുടെ സ്വത്ത്, ജീവന്‍, അഭിമാനം എന്നിവയ്ക്ക് ഹാനിതട്ടുകയും വിശ്വാസ സ്വാതന്ത്ര്യം ആരാധനാസ്വാതന്ത്ര്യം തുടങ്ങിയവ തകര്‍ക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന അനിവാര്യതയാണ് ഇസ്‌ലാമിലെ യുദ്ധങ്ങളുടെ കാരണങ്ങള്‍. അതല്ലാതെ മനുഷ്യനാശമോ സാമ്പത്തിക മോഹമോ അധികാരക്കൊതിയോ ഒന്നുമായിരുന്നില്ലെന്ന് ഇസ്‌ലാമിക ചരിത്രം വക്രബുദ്ധി മാറ്റിവച്ച് വായിക്കുന്നവര്‍ക്ക് സുതരാം വ്യക്തമാകുന്നതാണ്. സ്ത്രീകളെയും കുട്ടികളെയും പ്രായംചെന്നവരെയും ഉപദ്രവിക്കരുതെന്നും മരങ്ങള്‍ വെട്ടി നശിപ്പിക്കുകയോ അനാവശ്യമായ സാമ്പത്തിക നഷ്ടമോ, ആള്‍നാശമോ വരുത്തരുതെന്ന ഇസ്‌ലാമിന്റെ നിര്‍ദേശം മുസ്‌ലിം സേനയ്ക്ക് യുദ്ധമുഖത്ത് അച്ചടക്കവും സത്യസന്ധതയും പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിക്കാന്‍ ഉതകുന്നതായിരുന്നു. 

ഇസ്‌ലാമിക യുദ്ധങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായതും പ്രഥമ സ്ഥാനമര്‍ഹിക്കുന്നതുമാണ് ബദ്ര്‍ യുദ്ധം. ബദ്ര്‍ എന്ന സ്ഥലത്തു വച്ച് നടന്ന യുദ്ധമായതുകൊണ്ട് അതിനെ ബദ്ര്‍യുദ്ധമെന്ന പേരില്‍ അറിയപ്പെട്ടു. ജിദ്ദ-മദീന ഹൈവേയില്‍ മദീനയുടെ തെക്കുപടിഞ്ഞാറ് 135 കിലോമീറ്ററും മക്കയുടെ വടക്ക് 345 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്നതാണ് ആധുനിക ബദ്ര്‍ നഗരം. ബദ്ര്‍ യുദ്ധം ഇസ്‌ലാമിക ചരിത്രത്തിലെ ഒരു ഉജ്വല ചരിത്രമുഹൂര്‍ത്തമായിരുന്നു. ഇസ്‌ലാമിന്റെ ചരിത്ര പാതയില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ട വീരേതിഹാസ സംഭവമായിരുന്നു അത്. പില്‍ക്കാലത്ത് ഇസ്‌ലാമിനുണ്ടായ സര്‍വ വിജയങ്ങളുടെയും പുരോഗതിയുടെയും അടിസ്ഥാനം ബദ്ര്‍ യുദ്ധമായിരുന്നു. വിശ്വാസവും തഖ്‌വയും കൈമുതലായുള്ള ഒരു നേതാവിനു കീഴില്‍ അച്ചടക്കത്തോടും അനുസരണയോടും സര്‍വോപരി ഈമാനികാവേശത്തോടും അണിനിരന്ന മുസ്‌ലിം സൈന്യത്തിനു മുമ്പില്‍ ആയുധബലവും ആള്‍ശേഷിയുമുള്ള ശത്രുസൈന്യം പരാജയപ്പെടുകയായിരുന്നു. സത്യവിശ്വാസത്തിന്റെ അപാരമായ കരുത്തും ആദര്‍ശ പ്രചോദിതമായ ആത്മധൈര്യവുമാണ് ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിം സൈന്യത്തെ വിജയത്തിലേക്ക് നയിച്ചത്. യുദ്ധങ്ങളുടെ മാതാവായി അറിയപ്പെടുന്ന ബദ്ര്‍ യുദ്ധവും അതില്‍ പങ്കെടുത്ത് വീരരക്തസാക്ഷിത്വം വരിച്ച ബദ്‌രീങ്ങളുടും പിന്നീടുണ്ടായ സര്‍വ യുദ്ധങ്ങള്‍ക്കും വിജയങ്ങള്‍ക്കും കരുത്ത് പകര്‍ന്ന അക്ഷയ സ്രോതസ്സായി നിലകൊണ്ടു. ഹിജ്‌റ രണ്ടാം വര്‍ഷം (മാര്‍ച്ച് എ.ഡി. 624) നടന്ന ഈ യുദ്ധമാണ് ഇസ്‌ലാമിനു നിലനില്‍പ്പുണ്ടാവാന്‍ കാരണമായതും ഇസ്‌ലാമിന്റെ അന്തസ്സ് ഉയര്‍ത്തിയതും. ആയിരത്തോളം വരുന്ന സര്‍വ യുദ്ധ സന്നാഹങ്ങളുള്ള ശത്രുസൈന്യത്തോട് ഈമാന്‍ മാത്രം കൈമുതലാക്കിയ മുന്നൂറില്‍പരം സ്വഹാബത്ത് സത്യവിമോചനത്തിനുവേണ്ടി ബദ്ര്‍ രണാങ്കണത്തില്‍ ഏറ്റുമുട്ടുകയായിരുന്നു. അല്ലാഹുവിന്റെ സഹായത്താല്‍ ശത്രുനിരയില്‍നിന്ന് അബൂജഹലടക്കമുള്ള പ്രമുഖര്‍ കൊല്ലപ്പെടുകയും മുസ്‌ലിങ്ങള്‍ വിജയം വരിക്കുകയും ചെയ്തു. ഈ യുദ്ധത്തില്‍ ദീനിന്റെ നിലനില്‍പ്പിനു വേണ്ടി പങ്കെടുത്തവരാണ് ബദ്‌രീങ്ങള്‍. 
ഒരു സായുധ യുദ്ധത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ മതപ്രചാരണം നടത്തുക എന്നത് ഇസ്‌ലാമിന്റെ നയമല്ലെങ്കിലും നാം നേരത്തെ സൂചിപ്പിച്ചതുപോലെ സാഹചര്യം ഒരു യുദ്ധത്തിലേക്ക് മുസ്‌ലിങ്ങളെ എത്തിക്കുകയായിരുന്നു. നബി(സ്വ)യോടൊപ്പം ബദ്‌റില്‍ പങ്കെടുത്ത സ്വഹാബികളും അവരില്‍ ശഹീദായവരും അല്ലാത്തവരും നബി(സ്വ)ക്കും അനുയായികള്‍ക്കും സഹായകമായി അല്ലാഹു വാനലോകത്തുനിന്ന് അവതരിപ്പിച്ച മലക്കുകളുമെല്ലാം ബദ്‌രീങ്ങളുടെ ഗണത്തില്‍ പെടുന്നു. ബദ്ര്‍ മൗലിദിലും മമ്പാട്ട് കുഞ്ഞിരായിന്‍ എന്നവര്‍ എഴുതിയ ബദ്ര്‍ മാലയിലും ബദ്‌രീങ്ങളുടെ അസ്മാഉകള്‍ എണ്ണിപ്പറയുന്നുണ്ട്. ചരിത്രകാരന്‍മാര്‍ ഇവരുടെ എണ്ണത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരില്‍ പ്രധാനപ്പെട്ട ബദ്‌രീങ്ങളെ കുറിച്ച് ഹ്രസ്വമായി പരിചയപ്പെടുത്താനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 
1) മുഹമ്മദ് നബി(സ്വ): ക്രിസ്താബ്ദം 571 (റബീഉല്‍ അവ്വല്‍ 12ന്) മക്കയിലെ ഖുരൈശീ ഗോത്രം ഹാഷിം കുടുംബത്തില്‍ ജനനം. തന്റെ 63ാം വയസില്‍ മദീനയില്‍ വഫാത്. 
2) അബൂബക്ര്‍(റ): പേര് അബ്ദുല്ല. സ്ഥാനപ്പേര് സിദ്ദീഖ്. ഉപനാമം: അബൂബക്ര്‍. ഗോത്രം ഖുറൈശിയിലെ തയ്മ് ഗോത്രം. ജനനം ആനപ്പട സംഭവത്തിന്റെ ഏകദേശം രണ്ടു വര്‍ഷവും നാലുമാസവും കഴിഞ്ഞ ശേഷം മക്കയില്‍. മരണം 63ാം വയസ്സില്‍ മദീനയില്‍ (ഹിജ്‌റ 13). മുഹാജിരീങ്ങളില്‍ പെടുന്നു. നബി(സ്വ)യോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ആയിശബീബി(റ)യുടെ വീട്ടില്‍ മറവ് ചെയ്തു. രണ്ടു വര്‍ഷവും മൂന്നു മാസവുമാണ് ഖിലാഫത്ത്. 
3) ഉമറുല്‍ ഫാറൂഖ്(റ): സ്ഥാനപ്പേര് ഫാറൂഖ്. ഉപനാമം അബൂഹഫ്‌സ. മുഹാജിര്‍.  ഗോത്രം ഖുറൈശിയിലെ ബനീഅദിയ്യ്. ജനനം ആനക്കലഹ സംഭവത്തിന്റെ 13 വര്‍ഷത്തിനു ശേഷം. വഫാത്ത് ഹിജ്‌റ 23. നബി(സ്വ)യോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. 
4) ഉസ്മാനുബ്‌നു അഫ്ഫാന്‍(റ): മുഹാജിര്‍. ഗോത്രം ഖുറൈശിയിലെ ബനീ അബ്ദ് ഷംസ്. സ്ഥാനപ്പേര് ദുന്നൂറൈന്‍. ഉപനാമം അബൂ അബ്ദില്ലാഹ്. ജനനം ആനപ്പട സംഭവത്തിന്റെ ആറാം വര്‍ഷം. വഫാത്ത് ഹിജ്‌റ 35ന്. ബദ്‌റില്‍ പങ്കെടുത്തില്ല. ഭാര്യ റുഖയ്യയെ പരിചരിക്കാന്‍ നബി(സ്വ) ഏല്‍പ്പിച്ചിരുന്നു. യുദ്ധത്തില്‍ പങ്കെടുത്തതിന്റെ പ്രതിഫലം നബി(സ്വ) വാഗ്ദത്തം ചെയ്തു. വയസ് 82. 
5) അലി ഇബ്‌നു അബീത്വാലിബ്(റ): മുഹാജിരീങ്ങളില്‍ പെടുന്നു. ഗോത്രം ബനൂഹാശിം. ഖുറൈശി. ഉപനാമം അബുല്‍ ഹസന്‍. തബൂക്ക് ഒഴികെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ജനനം ആനപ്പട സംഭവത്തിന്റെ 30ാം വര്‍ഷം. വഫാത്ത് ഹിജ്‌റ 40ന്. വയസ് 63.
6) സഅ്ദ്ബ്‌നു അബീ വഖാസ്(റ) : മുഹാജിര്‍. ഉപനാമം അബൂ ഇസ്ഹാഖ്. ബദ്ര്‍ ഉള്‍പ്പെടെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഗോത്രം ബനീസുഹ്‌റ-ഖുറൈശി-വഫാത്ത് മദീനയില്‍നിന്ന് ഒമ്പത് മൈല്‍ അപ്പുറത്ത് അഖീഖ് എന്ന സ്ഥലത്ത്. ജന്നത്തുല്‍ ബഖീഇല്‍ മറവ് ചെയ്തു. 
7) സഈദുബ്‌നു സൈദ്(റ). മുഹാജിര്‍. ഗോത്രം ബനീ അദിയ്യ്-ഖുറൈശി-ഉപനാമം. അബുല്‍ അഅ്‌വര്‍. ബദ്‌റില്‍ ഒഴികെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഖുറൈശികളുടെ കച്ചവടസംഘത്തെ കുറിച്ച് അന്വേഷിക്കാന്‍ നബി(സ്വ) പറഞ്ഞയച്ചതിനാല്‍ ബദ്‌റില്‍ പങ്കെടുത്തില്ല. പ്രതിഫലം നബി(സ്വ) വാഗ്ദാനം ചെയ്തു. വഫാത്ത് മദീനയില്‍. ഹിജ്‌റ അമ്പതിലോ അമ്പത്തിയൊന്നിലോ. വയസ് 70ല്‍പരം. ബഖീഇല്‍ അന്ത്യവിശ്രമം. 
8) സുബൈറുബ്‌നു അവ്വാം(റ): മുഹാജിര്‍. ഗോത്രം ബനീ അസദ്. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ജനനം ഹിജ്‌റ 36. വയസ് 66. ഖബര്‍ ബസറയില്‍. 
9) ത്വല്‍ഹത്ത് ബ്‌നു ഉബൈദില്ല(റ): മുഹാജിര്‍. ഉപനാമം അബൂ മുഹമ്മദ്. ഗോത്രം തൈമി. ബദ്ര്‍ ഒഴികെയുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഖുറൈശി കച്ചവടസംഘത്തെ കുറിച്ച് അന്വേഷിക്കാന്‍ നബി(സ്വ) പറഞ്ഞയച്ചതിനാല്‍ ബദ്‌റില്‍ പങ്കെടുത്തില്ല. യുദ്ധമുതലും പ്രതിഫലവും ലഭിച്ചു. വഫാത്ത് ഹിജ്‌റ 36. വയസ് 64. ഖബര്‍ ബസ്വറയില്‍.
10) അബൂ ഉബൈദത്തുബ്‌നുല്‍ ജറാഹ്(റ): മുഹാജിര്‍. പേര് ആമിര്‍. ഗോത്രം ഖുറൈശി (ഫിഹ്‌രി ശാഖ). എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 18ന്. വയസ് 58. ആംവാസിയില്‍ അന്ത്യവിശ്രമം. 
11) അബ്ദുറഹ്മാനുബ്‌നു ഔഫ്(റ): മുഹാജിര്‍. ഗോത്രം ഖുറൈശി (സുഹ്‌രി ശാഖ). ഉപനാമം അബൂ മുഹമ്മദ്. ജനനം ആനപ്പടക്ക് പത്തു വര്‍ഷത്തിനു ശേഷം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 32ല്‍ 72ാം വയസ്സില്‍ വഫാത്തായി. ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്നു. 
12) ഉബൈദത്തുബ്‌നുല്‍ ഹാരിസ്(റ): മുഹാജിര്‍. ഉപനാമം അബുല്‍ ഹാരിസ്. ഗോത്രം ബനില്‍ മുത്തലിബ്. ബദ്‌റില്‍ പങ്കെടുത്ത് ശഹീദായി. സഫ്‌റാഇല്‍ അന്ത്യവിശ്രമം. വയസ് 63.
13) മിഹ്ജഅ് ബ്‌നു സ്വാലിഹ്(റ): മുഹാജിര്‍. യമന്‍കാരനാണ്. ഗോത്രം ബനൂ അദിയ്യ്. ബദ്‌റില്‍ ശഹീദായി. ബദ്‌റില്‍ തന്നെ മറവ് ചെയ്തു. 
14) ഉമൈറുബ്‌നു അബീ വഖാസ്(റ): മുഹാജിര്‍. ബനീസുഹ്‌റ ഗോത്രം. ബദ്‌റില്‍ പങ്കെടുത്ത് ശഹീദായി. ബദ്‌റില്‍ മറവ് ചെയ്തു. വയസ് 16.
15)  സഫ്‌വാനുബ്‌നു വഹബ്(റ): മുഹാജിര്‍. ഗോത്രം ബനില്‍ ഹാരിസ്. ഉപനാമം അബൂ അംറ്. ബദ്‌റില്‍ ശഹീദായി. അവിടെത്തന്നെ മറവ് ചെയ്തു. 
16) ദുശ്ശിമാലൈനി(റ): മുഹാജിര്‍. ഗോത്രം ബനീസുഹ്‌റ. ഉപനാമം അബൂമുഹമ്മദ്. പേര് ഉമൈര്‍. രണ്ടു കൈകള്‍ കൊണ്ടും ഒരുമിച്ച് ജോലി ചെയ്തിരുന്നതുകൊണ്ട് ദുശ്ശിമാലൈനി എന്ന പേര്‍ നല്‍കപ്പെട്ടു. ബദ്‌റില്‍ ശഹീദായി അവിടെത്തന്നെ മറവ് ചെയ്യപ്പെട്ടു. 
17) ആഖില്‍ ബ്‌നുല്‍ ബുഖൈര്‍(റ): മുഹാജിര്‍. ബനീ അദിയ്യ് ഗോത്രം. ബദ്‌റില്‍ ശഹീദായി അവിടെത്തന്നെ മറമാടപ്പെട്ടു. തന്റെ സഹോദരങ്ങളായ ആമിര്‍ ഇയാസ്, ഖാലിദ്(റ) എന്നിവരും ബദ്‌റില്‍ ശഹിദായവരില്‍ പെടുന്നു. ഗാഫില്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ നാമം. മുസ്‌ലിമായപ്പോള്‍ നബി(സ്വ) അദ്ദേഹത്തിന് 'ആഖില്‍' എന്ന് നാമകരണം ചെയ്തു. വയസ് 34.
18) സഅദുബ്‌നു ഖൈസമ(റ): ഔസ് ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ഉപനാമം അബൂഖൈസമ. ബദ്‌റില്‍ ശഹീദായി അവിടെ മറവ്‌ചെയ്യപ്പെട്ടു. 
19) മുബശ്ശിര്‍ ബ്‌നു അബ്ദുല്‍ മുന്‍ദിര്‍: ഔസ് ഗോത്രത്തിലെ ബനീ ഉമ്മയ്യ ശാഖയില്‍ പെടുന്നു. ഉപനാമം അബൂലബാബ. ബദ്‌റില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു. 
20) യസീദുബ്‌നുല്‍ ഹാരിസ്(റ) ഖസ്‌റജി ഗോത്രത്തിലെ ബനീ ഹാരിസ ശാഖയില്‍ പെടുന്നു. ഉപനാമം ഇബ്‌നു ഖുസ്ഹൂം. ബദ്‌റില്‍ ശഹീദായി അവിടെത്തന്നെ മറവ് ചെയ്തു. 
21) ഉമൈറുബ്‌നുല്‍ ഹുമാം(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസലമ ശാഖയില്‍ പെടുന്നു. ബദ്‌റില്‍ ശഹീദായി. 
22) റാഫിഅ് ബ്‌നു മുഅല്ല(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സറൈഖ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസഈദ്. ബദ്‌റില്‍ ശഹീദായി അവിടെത്തന്നെ മറവ് ചെയ്തു. 
23)  മുഅവ്വിദ്ബ്‌നുല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂ ഔഫ്. അഖബ ഉടമ്പടിയിലും ബദ്‌റിലും പങ്കെടുത്തു. ബദ്‌റില്‍ അബൂജഹ്‌ലിനെ വധിച്ചത് ഇവരാണ്. ബദ്‌റില്‍ അന്ത്യവിശ്രമം. 
24) ഹാരിസത്തുബ്‌നു സുറാഖത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ ശഹീദായി അവിടെ മറവ് ചെയ്യപ്പെട്ടു. 
25) ഔഫ് ബ്‌നുല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ഉപനാമം അഖൂമുവ്വിദ്. ബദ്‌റില്‍ ശഹീദായി അവിടെ മറവ് ചെയ്തു. 
26) ഉബയ്യുബ്‌നു കഅ്ബ്(റ) ഖസ്‌റജി ഗോത്രത്തിലെ ബനീ ഹുദൈല ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ മുന്‍ദിര്‍. അഖബയിലും ബദ്‌റിലും മറ്റ് യുദ്ധങ്ങളിലും പങ്കെടുത്തു. അന്‍സാരിയായ ഈ സ്വഹാബി ഖുര്‍ആന്‍ മനഃപാഠമുള്ളവരും ഖുര്‍ആന്‍ പാരായണ കലയില്‍ മികവ് പുലര്‍ത്തിയവരുമായിരുന്നു. ഉമര്‍(റ) വിന്റെ ഭരണകാലത്ത് ഹിജ്‌റ 19ന് മദീനയില്‍ വഫാത്തായി. മദീനയില്‍ അന്ത്യവിശ്രമംകൊള്ളുന്നു. നബി(സ്വ)യില്‍നിന്ന് 164 ഹദീസുകള്‍ രിവായത്ത് ചെയ്തിട്ടുണ്ട്.
27) അഖ്‌നസുബ്‌നു ഖുബൈബ്(റ) മുഹാജിര്‍ ബനീ സുലൈം ഗോത്രത്തില്‍ പെടുന്നു. ഉപനാമം അബൂയസീദ്. 
28) അര്‍ഖമുബ്‌നു അബീ അര്‍ഖം(റ): മുഹാജിര്‍. ബനീ മഖ്‌സൂം ഗോത്രത്തില്‍ പെടുന്നു. ഉപനാമം അബൂഅബ്ദില്ല. ബദ്‌റിലും മറ്റ് യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 53ല്‍ വഫാത്തായി. ബഖീഇല്‍ മറമാടപ്പെട്ടു. വയസ് 80.
29) അസ്അദുബ്‌നു യസീദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനൂ സുറൈഖ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ ശഹീദായി. 
30) അനസുബ്‌നു മുആദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹുദൈല ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി. ബിഇ്‌റ് മഊനയില്‍ അന്ത്യവിശ്രമം. 
31) അനസത്ത്(റ): മുഹാജിര്‍. ഉപനാമം അബൂമസ്‌റൂഹ്. ബദ്‌റില്‍ പങ്കെടുത്തു. അബൂബക്കര്‍ സിദ്ദീഖ്(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി. 
32) ഉനൈസുബ്‌നു ഖതാദ(റ): ഔസ് ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി അവിടെ മറമാടപ്പെട്ടു. 
33) ഔസുബ്‌നു സാബിത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ മുഗാല ശാഖയില്‍ പെടുന്നു. ഉപനാമം അബൂഖുഹസ്സാന്‍. അഖബയിലും ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഹസ്സാനുബ്‌നു സാബിത എന്ന കവിയുടെ സഹോദരന്‍. ഉഹ്ദില്‍ ശഹീദായി. ബഖീഇല്‍ അന്ത്യവിശ്രമം.
34) ഔസുബ്‌നു ഖൗലിയ്യ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹബലിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് മദീനയില്‍ വഫാത്തായി. അവിടെത്തന്നെ മറവ് ചെയ്തു. 
35) ഇയാസുബ്‌നു ഔസ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറമാടപ്പെട്ടു.  
36) ഇയാസുബ്‌നുല്‍ ബുഖൈര്‍(റ): മുഹാജിര്‍. ബനീ അദിയ്യ് ഗോത്രം. ഉപനാമം അഖൂആഖില്‍. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നീ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹിജ്‌റ 34ല്‍ വഫാത്തായി. 
37) ബുജൈറുബ്‌നു അബീബുജൈര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
38) ബഹാസുബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയിര്‍ പെടുന്നു. ഉപനാമം അബൂഅബ്ദുല്ല. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
39) ബറാഉബ്‌നു മഅ്‌റൂര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂബിശ്ര്‍. അഖബയിലും ബദ്‌റിലും പങ്കെടുത്തു. നബി(സ്വ)മദീനയില്‍ വരുന്നതിനു മുമ്പ് വഫാത്തായി. ബഖീഇലാണു ഖബര്‍.
40) ബസ്ബസത്തുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അംറ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. 
41) ബിശ്‌റുബ്‌നുല്‍ ബറാഅ്(റ) ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖൈബര്‍ മുതലായ യുദ്ധങ്ങളില്‍ നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഹിജ്‌റ ഏഴിനു വഫാത്തായി. 
42) ബശീറുബ്‌നു സഅദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹാരിസ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂനുഅ്മാന്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ വഫാത്തായി. കൂഫക്ക് സമീപം ഐനുത്തംറ് എന്ന സ്ഥലത്ത് മറവ് ചെയ്തു. 
43) ബിലാലുബ്‌നു റബാഹ്(റ): മുഹാജിര്‍. ഉപനാമം അബൂഅബ്ദുല്ല. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ കാലത്ത് ശാമിലെ ദിമിശ്ഖില്‍ മരണപ്പെട്ടു. അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ മൗലയാണ്. ഉമയ്യത്തുബ്‌നു ഖലഫിനെ കൊന്നത് ഇദ്ദേഹമാണ്. അംവാസില്‍ മറവ് ചെയ്യപ്പെട്ടു. 60ല്‍പരം വയസ്സുണ്ടായിരുന്നു. 44 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബിലാല്‍ മുഅദ്ദിന്‍ എന്ന പേരില്‍ പ്രസിദ്ധനായി. 
44) തമീം മൗലാ ഖിറാശ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ഖിറാശിന്റെ മൗലാ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
45) തമീമുബ്‌നു യുആര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
46) തമീമുബ്‌നു സാലിം(റ): ഔസ് ഗോത്രം ബനീ ഗനമിന്റെ മൗലാ-ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
47) സാബിത്തുബ്‌നു അഖ്‌റം(റ): ഔസ് ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. അബൂബക്കര്‍ സിദ്ദീഖ്(റ)വിന്റെ ഭരണകാലത്ത് തുലൈഹത്തുല്‍ അസദി ഇദ്ദേഹത്തെ വധിച്ചു. ഹിജ്‌റ 11ലായിരുന്നു വഫാത്ത്. 
48) സാബിതു ബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 
49)  സാബിതുബ്‌നു ഖാലിദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. യമാമയില്‍ ശഹീദായി. 
50) സാബിതുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസവാദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി അവിടെ മറവ് ചെയ്യപ്പെട്ടു. 
51) സാബിതുബ്‌നു ഹസാല്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ന് യമാമയില്‍ ശഹീദായി അവിടെ മറവ് ചെയ്യപ്പെട്ടു. 
52) സഅ്‌ലബത്തുബ്‌നു ഹാതിബ്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. 
53) സഅ്‌ലബത്തുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ മന്‍ദൂല്‍ ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നിവ കൂടാതെ മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി. 
54) സഅ്‌ലബത്തുബ്‌നു അനമ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നീ യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. ഖന്തക്കില്‍ ശഹീദായി അവിടെ മറവ് ചെയ്യപ്പെട്ടു. 
55) സഖ്ഫ്ബ്‌നു അംറ്(റ): മുഹാജിര്‍. സഖീഫ് ഗോത്രം ഉപനാമം അബൂമാലിക്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ്, ഖൈബര്‍ തുടങ്ങിയ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഖൈബറില്‍ ശഹീദായി. അവിടെത്തന്നെയാണ് ഖബര്‍.
56) ജാബിര്‍ ബ്‌നു അബ്ദില്ലാഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തക്ക് മുതലായ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഒന്നാം അഖബയില്‍ പങ്കെടുത്ത ആറു പേരില്‍ ഒരാള്‍. അന്‍സാരികളില്‍ ആദ്യത്തെ മുസ്‌ലിം.
57) ജാബിറുബ്‌നു അബ്ദില്ലാഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ഉപനാമം അബൂ അബ്ദില്ലാഹ്. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു. ഹിജ്‌റ 74ല്‍ മദീനയില്‍ വഫാത്തായി. വയസ് 94. ബഖീഇല്‍ അന്ത്യവിശ്രമംകൊള്ളുന്നു. 1540 ഹദീസുകള്‍ നബി(സ്വ)യില്‍നിന്ന് രിവായത്ത് ചെയ്തിട്ടുണ്ട്; അന്‍സാരിയാണ്.
58) ജബ്ബാറുബ്‌നു സഖ്ര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 30ല്‍ മദീനയില്‍ വഫാത്തായി. മദീനയിലാണ് ഖബ്ര്‍. വയസ് 62. അഖബയില്‍ പങ്കെടുത്ത 70 പേരില്‍ ഒരാളായിരുന്നു;  അന്‍സാരിയാണ്. 
59) ജുബൈറുബ്‌നു ഇയാസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. അന്‍സാരിയാണ്.
60) ജബ്‌റുബ്‌നു അതീക്ക്(റ): ഔസ് ഗോത്രത്തിലെ ബനീ മുആവിയ ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്ദുല്ല. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 61ല്‍ വഫാത്തായി. വയസ് 90. അന്‍സാരിയാണ്. 
61) ഹാരിസുബ്‌നു അനസ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ഹൈസര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. അന്‍സാരിയാണ്. 
62) ഹാരിസുബ്‌നു ഔസ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉഹ്ദിലും ബദ്‌റിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു. അന്‍സാരിയാണ്. 
63) ഹാരിസുബ്‌നു ഔസ്(റ): ഓസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്അല്‍ ശാഖയില്‍പെടുന്നു. ഉപനാമം അബൂഔസ്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്‍സാരിയാണ്. 
64)  ഹാരിസുബ്‌നു ഹാത്വിബ്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഹുദൈബിയ്യ, ഖൈബര്‍ ഇവയിലെല്ലാം പങ്കെടുത്തു. അന്‍സാരിയാണ്. ഉഹ്ദില്‍ ശഹീദായി. 
65) ഹാരിസുബ്‌നു ഖസ്മത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ഉപനാമം അബ്ദുല്‍ ബശീര്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 40ല്‍ 67ാം വയസ്സില്‍ മദീനയില്‍ വഫാത്തായി. അവിടെ തന്നെയാണ് ഖബ്ര്‍. അലി(റ)വിന്റെ ഭരണകാലത്താണ് വഫാത്ത്. 
66) ഹാരിസു ബ്‌നു അബീഖസ്മത്ത്(റ): ഔസ് ഖബീലയിലെ ബനീസഅ്‌ലബത്ത് ശാഖയില്‍ പെടുന്നു.
67) ഹാരിസുബ്‌നുസ്സിമ്മത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീമബ്ദൂല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂസഈദ്. ബദ്‌റിലും ഉഹ്ദിലും ബിള്ര്‍ മഊനയിലും പങ്കെടുത്തു. അവിടെ വഫാത്തായി. ബിള്ര്‍ മഊനയിലാണ് ഖബ്ര്‍. 
68) ഹാരിസുബ്‌നു അത്തീക്ക്(റ): ഔസ് ഖബീലയിലെ ബനീഗനം ശാഖയില്‍ പെടുന്നു. ഉപനാമം അബൂ അഖ്‌സം ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ 14ല്‍ വഫാത്തായി. 
69) ഹാരിസുബ്‌നു അര്‍ഫജത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. 
70) ഹാരിസുബ്‌നു ഖൈസ്(റ): ഔസ് ഖബീലയിലെ ബനീ മുആവിയ ശാഖയില്‍പെടുന്നു. ഉപനാമം അബൂഖാലിദ്. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു.
71) ഹാരിസുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂഖാലിദ്. അഖബയിലും എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. യമാമ യുദ്ധത്തിലേറ്റ മുറിവുകളാല്‍ ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. യമാമ ശുഹദാക്കളില്‍ എണ്ണപ്പെടുന്നു. 
72) ഹാരിസ് ബ്‌നു നുഅ്മാന്‍(റ): ഔസ് ഖബീലയിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്ദുല്ലാഹ്. ബദ്ര്‍, ഉഹ്ദ് തുടങ്ങി എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. മുആവിയ്യ(റ)വിന്റെ ഭരണകാലത്ത് ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു. 
73) ഹാരിസത്ത്ബ്‌നു നുഅ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അബൂ അബ്ദില്ലാഹ്. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
74) ഹാതിബ്ബ്‌നു അബീബല്‍ തഅത്ത്(റ) മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും ഹുദൈബിയ്യയിലും പങ്കെടുത്തു. ഹിജ്‌റ 30ല്‍ തന്റെ 65ാം വയസ്സില്‍ വഫാത്തായി. 
75) ഹാതിബ് ബ്‌നു അംറ്(റ): മുഹാജിര്‍. ഹബ്ശയിലേക്ക് ഹിജ്‌റ പോയ ആദ്യത്തെയാള്‍. ഉപനാമം അഖൂസുഹൈല്‍. ബദ്‌റില്‍ പങ്കെടുത്തു. 
76) ഹുബാബ്‌നു മുന്‍ദിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസലമ ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. ഉപനാമം അബൂഅംറ്. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. വയസ് അമ്പതില്‍പരം. 
77) ഹബീബ് ബ്‌നുല്‍ അസ്‌വദ്(റ): ഖസ്‌റജി ഗോത്രം. അന്‍സാരിയാണ്. ബദ്‌റില്‍ പങ്കെടുത്തു. 
78) ഹറാമുബ്‌നു മില്‍ഹാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹറാം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ നാലില്‍ അര്‍മഊനയില്‍ ശഹീദായി. 
79) ഹുറൈസ്ബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സൈദ് വിഭാഗത്തില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
80) ഹുസ്വയ്ന്‍ ബ്‌നു അല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അബ്ദുല്‍ മുത്തലിബ് ശാഖയില്‍ പെടുന്നു. ഉപനാമം അഖൂഉബൈദ. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 33ല്‍ വഫാത്തായി. 
81) ഹംസത്ത്ബ്‌നു ഹുമയ്യിര്‍(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
82) ഹംസത്ത്ബ്‌നു അബ്ദില്‍ മുത്തലിബ്(റ): ഖുറൈശിയിലെ ബനീ ഹാശിം ഗോത്രം. മുഹാജിറാണ്. ഉപനാമം അബൂയഅ്‌ല. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു. വയസ് 56.
83)  ഖാരിജത്ത്ബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനില്‍ ഹാരിസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മൂന്നാം അഖബ ഉടമ്പടിയിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. 
84) ഖാലിദ് ബ്‌നുല്‍ ബുഖൈര്‍(റ): മുഹാജിര്‍. ബനീ അദിയ്യ് ഗോത്രം. ഉപനാമം അഖൂഇയാസ്. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ നാലില്‍ 34ാം വയസ്സില്‍ വഫാത്തായി. 
85) ഖാലിദ് ബ്‌നു ഖൈസ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. 
86) ഖബ്ബാബ് ബ്‌നുല്‍ അറത്ത്(റ): മുഹാജിര്‍. തമീമി ഗോത്രം. ഉപനാമം അബൂഅബ്ദില്ലാഹ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 37ന് 63ാം വയസ്സില്‍ കൂഫയില്‍ വഫാത്തായി. 
87) ഖബ്ബാബ് മൗലാ ഉത്ബത്ത്(റ): മുഹാജിര്‍. ഉപനാമം  അബൂയഹ്‌യ. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ പത്തൊമ്പതിന് അമ്പതാം വയസ്സില്‍ മദീനയില്‍ വഫാത്തായി. 
88) ഖുബൈബ് ബ്‌നു ഇസാഫ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
89) ഖിദാശ്ബ്‌നു ഖാതാദ(റ): ഔസ് ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. 
90) ഖിറാശ് ബ്‌നു സ്സിമ്മത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
91) ഖുറൈം ബ്‌നു ഫാതിക്ക്(റ): മുഹാജിര്‍. ബനീ അസദ് ഗോത്രം. ഉപനാമം അബൂയഹ്‌യ. ബദ്‌റില്‍ പങ്കെടുത്തു. മുആവിയ(റ)വിന്റെ കാലത്ത് വഫാത്തായി. പത്ത് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 
92) ഖല്ലാദുബ്‌നു സുവൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ ശാഖയില്‍ പെടുന്നു. അഖബയിലും ബദ്ര്‍, ഉഹ്ദ്, ഖന്തക്ക് യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്‍സാരിയാണ്. ബനൂ ഖുറൈളാ യുദ്ധത്തില്‍ ശഹീദായി. 
93) ഖല്ലാദുബ്‌നു റാഫിഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹാരിസ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂയഹ്‌യ. ബദ്‌റില്‍ പങ്കെടുത്തു. 
94) ഖല്ലാദുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. ഉഹ്ദിലാണ് ഖബര്‍.
95) ഖല്ലാദ്ബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
96) ഖുലൈദുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍ പെടുന്നു. ഉപനാമം അഖൂഖല്ലാദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
97) ഖലീഫത്തുബ്‌നു അദിയ്യ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. അന്‍സാരിയാണ്. 
98) ഖുനൈസുബ്‌നു ഹുദാഫത്ത്(റ): മുഹാജിര്‍. ബനീ സഹ്മ ഗോത്രം. ഉപനാമം അബൂ അബ്ദില്ലാഹ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ പങ്കെടുത്ത ഏറ്റ മുറിവിനാല്‍ മദീനയില്‍ വഫാത്തായി. 
99) ഖവ്വാത്തു ബ്‌നു ജുബൈര്‍(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്ദുല്ലാഹ്. അന്‍സാരിയാണ്. ഹിജ്‌റ 40ല്‍ 74ാം വയസ്സില്‍ മദീനയില്‍ വഫാത്തായി. 
100) ഖൗലിയ്യുബ്‌നു അബീ ഖൗലിയ്യ്(റ): മുഹാജിര്‍. ജുഅഫി ഗോത്രം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
101) ദക്‌വാനുബ്‌നു ഉബൈദ്(റ): ഖസ്‌റജി ഗോത്രം. അന്‍സാരിയാണ്. ഉപനാമം അബുസ്സബഅ്. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. 
102) റാശിദ് ബ്‌നു മുഅല്ലാ(റ). ഖസ്‌റജി ഗോത്രം. അന്‍സാരിയാണ്. ഉപനാമം അഖൂറാഫിഅ്. ബദ്‌റില്‍ ശഹീദായി. 
103) റാഫിഉബ്‌നുല്‍ ഹാരിസ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തക്ക് തുടങ്ങി എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി. അന്‍സാരിയാണ്. 
104) റാഫിഅ്ബ്‌നു ഉന്‍ജുദത്ത്(റ): ഔസ് ഗോത്രം. അന്‍സാരിയാണ്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് യുദ്ധങ്ങളില്‍ പങ്കെടുത്തു. 
105) റാഫിഅ്ബ്‌നു മാലിക്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂമലിക്. രണ്ട് അഖബയിലും ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെയാണ് ഖബര്‍.
106) റാഫിഅ്ബ്‌നു യസീദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു. 
107) റിബ്ഇയ്യുബ്‌നു റാഫിഅ്(റ): ഔസ് ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു. 
108) റബീഅ്ബ്‌നു ഇയാസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. 
109) റബീഅത്തുബ്‌നു അക്‌സം(റ): മുഹാജിര്‍. അസദി ഗോത്രം. ഉപനാമം അബൂയസീദ്. ബദ്ര്‍, ഉഹ്ദ്, ഖന്തക്ക്, ഖൈബര്‍ യുദ്ധങ്ങളിലും ഹുദൈബിയ്യയിലും പങ്കെടുത്തു. ഖൈബറില്‍ 30ാം വയസ്സില്‍ ശഹീദായി. 
110) റുഹൈലത്തു ബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റില്‍ പങ്കെടുത്തു. 
111) രിഫാഅത്തുബ്‌നുല്‍ ഹാരിസ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. 
112) രിഫാഅത്തുബ്‌നു റാഫിഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. ഉപനാമം അബൂ മആദ്. എല്ലാ യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് ഹിജ്‌റ 42ല്‍ വഫാത്തായി. 24 ഹദീസുകള്‍ നബി(സ്വ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
113) രിഫാഅത്തുബ്‌നു അബ്ദുല്‍ മുന്‍ദിര്‍(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍പെടുന്നു. ഉപനാമം അബൂലുബാബ. അഖബയിലും ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. അലി(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
114) രിഫാഅത്തുബ്‌നു അംറ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ ഹബ്‌ല ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ വലീദ്. അഖബയിലും ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.

ബദ്‌രീങ്ങള്‍: കുടുംബവും ദേശവും (ഭാഗം രണ്ട്) 
http://www.islamonweb.net/ml/ramadan-on-web/highlights/12-June-2017-114

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter