ബദ്‌ര്‍: വിശ്വസവും നിശ്ചയദാര്‍ഢ്യവും നല്‍കിയ അതുല്യ വിജയം

മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വ നിയോഗ ശേഷം മുസ്ലിംകള്‍ ശത്രുക്കളോടാദ്യമായി പോരാടി വിജയം കണ്ട ത്യാഗോജ്ജ്വല ചരിതമാണ് ബദ്ര്‍ യുദ്ധം. 313 പേര്‍ മാത്രമുള്ള ഒരു ചെറു സൈന്യം തങ്ങളുടെ മൂന്നിരട്ടിയുള്ള സര്‍വ്വായുധ വിഭൂഷിതരായ ശത്രുസംഘത്തെ അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസവും അര്‍പ്പണ ബോധവും കൊണ്ട് തറപറ്റിച്ച ബദ്ര്‍ ചരിത്രത്തിലുടനീളം മുസ്ലിംകള്‍ക്ക് ശക്തമായ പ്രചോദനമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ലോകത്ത് പീഢിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മുസ്ലിം ജനവിഭാഗങ്ങള്‍ക്ക്  വിശ്വാസത്തിന്‍റെ കരുത്ത് കൊണ്ട് എത്ര വലിയ കൊമ്പന്മാരെയും കടപുഴക്കാം എന്ന വലിയ സന്ദേശമം ബദ്‌ ര്‍ നല്‍കുന്നുണ്ട്. 

ബദ്‌ര്‍ യുദ്ധം മുസ്ലിംകള്‍ നടത്തിയ ഒരു കടന്നാക്രണമായിരുന്നില്ല, മറിച്ച് സ്വന്തം വിശ്വാസ പ്രതിരോധത്തിന്‍റെ ആദ്യ ഏടായിരുന്നു അത്. 

പരിശുദ്ധ ഇസ്ലാം പ്രബോധനം ചെയ്തതിനും അതില്‍ വിശ്വസിച്ചതിനും മക്ക ഖുറൈശികളില്‍ നിന്നേറ്റ അതി ക്രൂരമായ പീഢനങ്ങളില്‍ നിന്നും രക്ഷ തേടാന്‍ രണ്ട് പ്രാവശ്യം സത്യവിശ്വാസികള്‍ക്ക് ഹിജ്റ ചെയ്യേണ്ടി വന്നു. മക്കയില്‍ വെച്ച് പീഢനങ്ങള്‍ പൂര്‍ണ്ണമായും ക്ഷമിക്കാനായിരുന്നു നബി (സ) സ്വഹാബികളെ ഉപദേശിച്ചിരുന്നത്. 

ഹിജ്റ ചെയ്ത് മദീനയിലെത്തിയ പ്രവാചകനും സംഘവും ആ നാട്ടിലെ അന്‍സ്വാരീ സഹോദരന്മാരോടൊപ്പം ഒരു ക്ഷേമ രാഷ്ട്രം രൂപീകരിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മുസ്ലിംകളെ പൂര്‍ണ്ണമായി തുടച്ച് നീക്കാനുള്ള ഒരു വലിയ സൈനിക നീക്കത്തിന്‍റെ ആലോചനയിലായിരുന്നു മക്കയിലെ ശത്രുക്കള്‍. അതിനായി മുസ്ലിംകള്‍ മക്കയിലുപേക്ഷിച്ച സ്വത്തുക്കളടക്കം വലിയ ഒരു സംഖ്യയുമായി കച്ചവടം നടത്തി ലഭിക്കുന്ന വന്‍ ലാഭം കൊണ്ട് ആയുധങ്ങള്‍ വാങ്ങാനും അത് വഴി മുസ്ലിംകളെ ഇല്ലാതാക്കാനുമായിരുന്നു അവരുടെ പദ്ധതി. അതിനായി അബൂ സുഫ്യാനെ മക്കക്കാര്‍ നിയോഗിക്കുകയും യാത്രക്കുള്ള ഒരുക്കങ്ങളാരംഭിക്കുകയും ചെയ്തു. 

വിവരമറിഞ്ഞ പ്രവാചകന്‍ (സ) ലാഭവുമായി വരുന്ന കച്ചവട സംഘത്തെ ആക്രമിക്കാന്‍ ചെറിയ സൈന്യവുമായി പദ്ധതിയിട്ടെങ്കിലും അപകടം തിരിച്ചറിഞ്ഞ അബൂ സുഫ്യാന്‍ മക്കയിലേക്ക് ആളെ അയച്ച് കച്ചവട സംഘത്തെ മുസ്ലിംകളില്‍ നിന്ന് രക്ഷിക്കാനായി ഉടന്‍ യുദ്ധത്തിന് പുറപ്പെടണമെന്ന് അറിയിച്ചു. എന്നാല്‍ വഴി മാറി സഞ്ചരിച്ച യാത്ര സംഘം സുരക്ഷിതമായി മക്കയിലെത്തിച്ചേരുകയും ഇനി യുദ്ധത്തിന് പോവേണ്ടതില്ലെന്ന് ഖുറൈശികളെ അറിയിക്കുകയും ചെയ്തു. 

എന്നാല്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെക്കാന്‍ അബൂ ജഹലിന്‍റെ നേതൃത്വത്തിലുള്ള ആ സംഘം തയ്യാറായില്ല. മുസ്ലിംകളെ നാമാവശേഷമാക്കാന്‍ കിട്ടിയ അവസരം വിനിയോഗിക്കാനായിരുന്നു അവരുടെ പ്ദ്ധതി. 

മുസ്ലിംകള്‍ ഒരു യാത്രാ സംഘത്തെ നേരിടാനുള്ള സജ്ജീകരണവുമായാണ് വന്നിരുന്നത്. എന്നാല്‍ അല്ലാഹുവിന്‍റെ വിധി മറിച്ചായിരുന്നു. സൂറ അന്‍ഫാലില്‍ അല്ലാഹു പറയുന്നു: 'നിങ്ങള്‍ക്ക് രണ്ടിലൊരു സംഘത്തെ സ്വന്തമാക്കിത്തരമാമെന്ന് അല്ലാഹു വാഗ്ദാനം ചെയ്ത സന്ദര്‍ഭം സ്മരണീയമത്രേ. ആയുധ ശേഷിയില്ലാത്ത സംഘം സ്വായത്തമാകണമെന്നായിരുന്നു നിങ്ങളുടെ ഹിതം,. എന്നാല്‍ തന്‍റെ ഉത്തരവുകള്‍ മുഖേന സത്യസാക്ഷാല്‍ക്കരണത്തിനും നിഷേധികളുടെ ഉന്മൂലനത്തിനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അധര്‍മകാരികള്‍ അനിഷ്ടപ്പെട്ടാലും ശരി, സത്യത്തെ സാക്ഷാല്‍ക്കരിക്കേണ്ടതിനും അസത്യത്തെ ശിഥിലമാക്കേണ്ടതിനും വേണ്ടിയത്രേ അത് '. (8:7)

യാത്രാ സംഘം രക്ഷപ്പെട്ടെന്നും ഒരു വന്‍ സൈന്യം തങ്ങള്‍ക്ക് നേരെ വരുന്നുണ്ടെന്നും മനസ്സിലാക്കിയ നബി (സ) അനുചരരുമായി കൂടിയാലോചിച്ചു. പ്രവാചകന്‍റെ ഏതൊരു ആജ്ഞയും ശിരസ്സാവഹിക്കാന്‍ ഒരു പോലെ തയ്യാറാണെന്നായിരുന്നു അവരെല്ലാവരും അഭിപ്രായപ്പെട്ടത്. മുസാ നബിയോട് ഇസ്റാഈല്യര്‍ പറഞ്ഞത് പോലെ 'നീയും നിന്‍റെ റബ്ബും യുദ്ധം ചെയ്യൂ' എന്ന് ഞങ്ങള്‍ പറയില്ല. മറിച്ച് ഞങ്ങളും നിങ്ങളോടൊപ്പം യുദ്ധം ചെയ്യുക തന്നെചെയ്യും എന്നാണ് മിഖ്ദാദ് (റ) പറഞ്ഞത്. അന്‍സ്വാരികളുടെ അഭിപ്രായമാരാഞ്ഞപ്പോള്‍ സഅ്ദ് ബിന്‍ മുആദ് (റ) എഴുന്നേറ്റ് നിന്നു പറഞ്ഞു, "മദീനക്ക് പുറത്ത് അന്‍സ്വാറുകള്‍ അങ്ങയെ സഹായിക്കില്ലെന്ന് അങ്ങ് ഭയക്കുന്നുവോ, അവരുടെ പ്രതിനിധിയായി ഞാന്‍ പറയുന്നു, അങ്ങ് ഉദ്ദേശിച്ചിടത്തേക്ക് പുറപ്പെട്ട് കൊള്ളുക, അങ്ങ് ഉദ്ദേശിച്ചവരോട് ബന്ധം പുലര്‍ത്തിക്കൊള്ളുക, ഉദ്ദേശിച്ചവരോട് ബന്ധം വിഛേദിച്ച് കൊള്ളുക, ഞങ്ങളുടെ സമ്പത്തില്‍ നിന്ന് ഇഷ്ടമുള്ളത്ര എടുത്ത് കൊള്ളുക, ഉദ്ദേശിച്ചത്ര ഞങ്ങള്‍ക്ക് നല്‍കുകയുമാവാം, അങ്ങ് എടുക്കുന്ന സ്വത്തായിരിക്കും ഉപേക്ഷിക്കുന്നതിനേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം. അങ്ങ് കല്‍പ്പിക്കുന്ന എന്ത് കാര്യവും ശിരസ്സാവഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അല്ലാഹുവാണ ആഴക്കടലിലേക്ക് എടുത്ത് ചാടാന്‍ പറഞ്ഞാല്‍ പോലും സംശയലേശമന്യേ ഞങ്ങളതിന് തയ്യാറാവും". 

അതോടെ നബി (സ) സന്തോഷവാനാവുകയും യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. ശത്രുക്കള്‍ എല്ലാ സൗകര്യത്തിലുമായിരുന്നു യുദ്ധത്തിന്

വന്നത്. അവര്‍ക്ക് 100 കുതിരകളും 700 ഒട്ടകങ്ങളും 600 അങ്കികളുമുണ്ടായിരുന്നെങ്കില്‍ മുസ്ലിംകള്‍ക്ക് വെറും 60 അങ്കികളും 70 ഒട്ടകങ്ങളും 2 കുതിരകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

യുദ്ധത്തിന് മുമ്പ് രണ്ട് കാര്യങ്ങള്‍ കൊണ്ട് അല്ലാഹു മുസ്ലിംകളെ അനുഗ്രഹിച്ചു. വെള്ളം ശേഖരിച്ചിട്ടില്ലാത്ത മുസ്ലിംകള്‍ക്ക് ഗുണമെന്നോണം കനത്ത മഴ വര്‍ഷിച്ചു. കുടിക്കാനും വുളൂ ചെയ്യാനും അത് വഴി മുസ്ലിംകള്‍ക്ക് സാധിച്ചു. എന്നാല്‍ ശത്രുക്കള്‍ക്ക് മഴ വലിയ പ്രയാസമാണ് സൃഷ്ടിച്ചത്. 

തലേന്ന് രാത്രി ഭയമുണ്ടായിരുന്നിട്ടും ഉറക്ക് നല്‍കി അല്ലാഹു മുസ്ലിംകളെ അനുഗ്രഹിച്ചു. ഇക്കാര്യം ഖുര്‍ആന്‍ എടുത്ത് പറയുന്നുണ്ട്: 'തന്‍റെ പക്കല്‍ നിന്നുള്ള മന:ശാന്തിയായി അല്ലാഹു നിങ്ങളെ നിദ്രമയക്കത്താല്‍ അവരണം ചെയ്ത സന്ദര്‍ഭം സ്മരണീയമത്രേ. നിങ്ങളെ ശുദ്ധീകരിക്കാനും പൈശാചിക ദുര്‍ബോധനം ദൂരീകരിക്കാനും മനസ്സുകള്‍ ദൃഢീകരിക്കാനും കാലുറപ്പിച്ചു നിറുത്താനുമായി അവന്‍ നിങ്ങള്‍ക്ക് അന്തരീക്ഷത്തില്‍ നിന്ന് മഴ വര്‍ഷിച്ച് തന്നതും ഓര്‍ക്കുക'(8:11).

മലകുകളെ അയച്ച് കൊണ്ട് സഹായിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരുന്നു. വലിയ സൈന്യത്തെ മുന്നില്‍ കണ്ടിട്ടും അല്ലാഹുവിലുള്ള അപാരമായ വിശ്വാസമാണ് ബദ്രീങ്ങളെ യുദ്ധക്കളത്തില്‍ ഉറപ്പിച്ച് നിര്‍ത്തിയത്. അല്ലാഹു പറയുന്നു: 

നിങ്ങള്‍ നാഥനോട് സഹാമര്‍ത്ഥിച്ച സന്ദര്‍ഭം സ്മരിക്കുക. തുടര്‍ച്ചയായി ആയിരം മലകുകളെ അയച്ച് തന്ന് നിങ്ങള്‍ക്ക് ഞാന്‍ പിന്‍ബലം നല്‍കുന്നതാണ് എന്ന് തത്സമയം നി

ങ്ങള്‍ക്കവന്‍ മറുപടി നല്‍കി.

                                                                                                                  ഹിജ്റ 2 റമദാന്‍ 17 നായിരുന്നു ബദ്റിന്‍റെ പോരാട്ടം. കാര്യമായി ഭക്ഷണം പോലുമില്ലാതെ നോമ്പനുഷ്ഠിച്ച് യുദ്ധത്തിനിനിറങ്ങിയത് മുസ്ലിംകള്‍ക്ക് കൂടുതല്‍ ഈമാനികാവേശം പകര്‍ന്ന് നല്‍കുകയാണുണ്ടായത്. 

യുദ്ധവേളയില്‍ നബി (സ) കണ്ണീരൊലിപ്പിച്ച് അല്ലാഹുവിനോട് ദുആ ചെയ്തു, 'നാഥാ ഈ ചെറുസംഘമെങ്ങാനും പരാജയപ്പെട്ട് പോയാല്‍ ഈ ഭൂമിയില്‍ നിന്നെ ആരാധിക്കുന്ന ആരും അവശേഷിക്കില്ല'.

അല്ലാഹു നബി (സ)യുടെ പ്രാര്‍ഥന സ്വീകരിച്ചു.ഘോരമായ പോരാട്ടത്തില്‍ ശത്രുക്കള്‍ കാലിടറി വീണു. സുറാഖത് ബിന്‍ മാലികിന്‍റെ രൂപത്തില്‍ ഇബ്ലീസ് യുദ്ധത്തില്‍ ശത്രുക്കളെ സഹായിക്കാനെത്തിയെങ്കിലും മലകുകളെ കണ്ട്  പിന്തിരിഞ്ഞോടി. 

യുദ്ധത്തില്‍ മലകുകളുടെ സാന്നിധ്യം ശത്രുക്കള്‍ക്ക് വിഭ്രാന്തി സൃഷ്ടിക്കുകയും 70 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ ബന്ധികളായി പിടിക്കപ്പെടുകയും ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ധാരാളം ഗനീമത്ത് സ്വത്തുക്കളും മുസ്ലിംകള്‍ക്ക് യുദ്ധാനന്തരം ലഭിച്ചു. ഖുറൈശികളിലെ ധീര യോദ്ധാക്കളായ അബൂ ജഹല്‍. ഉത്ബത്, ശൈബത്, വലീദ് എന്നിവരെല്ലാം കൊല്ലപ്പെട്ടു. 

ബദ്‌ര്‍ ഒരു വലിയ ഓര്‍മ്മപ്പെടുത്തലാണ്. ആള്‍ബലമോ സമ്പത്തോ ആയുധ സാമഗ്രികളോ അല്ല പോരാട്ടത്തില്‍ വിജയം കാണാന്‍ ആവശ്യമുള്ളതെന്നും മറിച്ച് അല്ലാഹുവിലുള്ള വിശ്വാസവും റസൂല്‍ (സ) യുടെ കല്‍പനകള്‍ ശിരസ്സാവഹിക്കാനും പ്രവാചകനെ അത്യധികം സ്നേഹിക്കാനുമുള്ള മനസ്സുമാണ്  സത്വവിശ്വാസിയുടെ കൈമുതലെന്നും ബദ്‌ര്‍ നമ്മെ പഠിപ്പിക്കുന്നു. 

ബദ്റില്‍ പങ്കെടുത്ത സ്വഹാബികള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ജിബ്രീല്‍ (അ) നബിയോട് ചോദിച്ചു, റസൂലേ, ബദ്‌റില്‍ പങ്കെടുത്ത സ്വഹാബികളെ നിങ്ങള്‍ എങ്ങനെയാണ് കണക്കാക്കുന്നത്. ഏറ്റവും ശ്രഷ്ഠരായാണെന്ന് നബി (സ) മറുപടി നല്‍കി. അത് പോലെ തന്നെയാണ് ബദ്റില്‍ പങ്കെടുത്ത മലകുകളുടെയും സ്ഥാനമെന്ന് ജിബ്രീല്‍ പറഞ്ഞു. 

ബദ്ര്‍ നടന്ന റമദാനില്‍ മറ്റു ചില സുപ്രധാന വിജയങ്ങള്‍ കൂടി മുസ്ലിംകള്‍ക്കുണ്ടായിട്ടുണ്ട്. ബദ്‌റിന്‍റെ 6 വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്ലിംകള്‍ മക്ക കീഴടക്കിയത് റമദാന്‍ 23 നായിരുന്നു. ഹിജ്റ 583 ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി 90 വര്‍ഷത്തെ ക്രിസ്ത്യന്‍ ആധിപത്യത്തില്‍ നിന്ന് ബൈതുല്‍ മുഖദ്ദസ് തിരിച്ച് പിടിച്ചതും മുസ്ലിം നഗരങ്ങളൊന്നൊഴിയാതെ നക്കിത്തുടച്ച് വന്ന താര്‍ത്താരീ സൈന്യത്തെ ഹിജ്റ 6658 ല്‍ ഐന്‍ ജാലൂത് യുദ്ധത്തില്‍ മമ്ലൂക്ക് ഭരണാധികാരിയായ സൈഫുദ്ദീന്‍ ഖുഥുസ് പരാജയപ്പെടുത്തി ഒരു വലിയ ആപത്തില്‍ നിന്ന് മുസ്ലിം ലോകത്തെ രക്ഷപ്പെടുത്തിയതും റമദാനില്‍ തന്നെയായിരുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter