ബദ്ര്‍ ശുഹദാക്കള്‍: വെളിച്ചത്തിന് കാവല്‍ നിന്നവര്‍
ബദ്ര്‍, ഇസ്‌ലാം ചരിത്രത്തിലെ ഉജ്വല സംഭവം. സാഭിമാനം സത്യവിശ്വാസികളെന്നും ബദ്ര്‍ സ്മരിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കെന്നും പ്രതീക്ഷയും പ്രത്യാശയും പകരുന്നതാണ് ബദ്‌രീങ്ങള്‍. പള്ളി സംരക്ഷണത്തിനായി പാറനമ്പിയുമായി ഏറ്റുമുട്ടാന്‍ പള്ളിയങ്കണത്തിലെത്തിയ പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്ക് മഹാനായ യൂസുഫ് മുസ്‌ലിയാര്‍ ബദ്‌രീങ്ങളുടെ പോരാട്ടം പകര്‍ന്നുകൊടുത്തത് ചരിത്രം.
സര്‍വായുധസജ്ജരായ ആയിരത്തോളം പേരായിരുന്നു ശത്രുക്കള്‍. മുസ്‌ലിങ്ങളാകട്ടെ, മുന്നൊരുക്കമില്ലാത്ത, കാര്യമായ ആയുധങ്ങളും സാധനസാമഗ്രികളുമില്ലാത്ത കേവലം 313 പേരും. 207 അന്‍സ്വാറുകളും ബാക്കി മുഹാജിറുകളും. ഭൗതിക സജീകരണങ്ങളില്ലെങ്കിലും അവര്‍ക്ക് ആദര്‍ശമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും അനുപമവിജയവും ലഭിച്ചു.
ശത്രുക്കളില്‍നിന്ന് പ്രധാന നേതാക്കളടക്കം 70 പേര്‍ കൊല്ലപ്പെട്ടു. 74 പേര്‍ പിടിക്കപ്പെട്ടു. മുസ്‌ലിം പക്ഷത്തുനിന്നു രക്തസാക്ഷികളായവര്‍ 14 പേര്‍. ആറു മുഹാജിറുകളും എട്ട് അന്‍സ്വാറുകളും. അവരെ ലഘുവായി പരിചയപ്പെടുത്തുകയാണ് ഇവിടെ. ഇബ്‌നു ഹിശാം(റ)വിന്റെ സീറത്തു നബവിയയില്‍ കാണിച്ച ക്രമമനുസരിച്ച് ആദ്യം ആറു മുഹാജിറുകളെയും പിന്നെ എട്ട് അന്‍സാരികളെയും വിവരിക്കാം. ബദ്ര്‍ ശുഹാദാക്കളില്‍ ഉബൈദത്തുബ്‌നുല്‍ ഹാരിസ്(റ) ഒഴിച്ച് ബാക്കി 13 പേരും മറവ് ചെയ്യപ്പെട്ടത് ബദ്‌റില്‍ തന്നെ. അദ്ദേഹം സഫ്‌റാഇലും.
1) ഉബൈദത്തുബ്‌നുല്‍ ഹാരിസ്(റ)
മുസ്‌ലിം സൈന്യവും ശത്രുസൈന്യവും മുഖാമുഖം നില്‍ക്കുന്നു. തിരുനബി(സ്വ)യുടെ ഹൗളില്‍നിന്ന് വെള്ളം കുടിക്കും. അഥവാ, പൊളിക്കും അല്ലെങ്കില്‍ അവിടെ മരിക്കും എന്ന പ്രതിജ്ഞയും പോര്‍വിളിയുമായി ശത്രുപക്ഷത്തുനിന്ന് അസ്‌വദുല്‍ മഖ്‌സൂമി ഹാളിലേക്ക് ചീറിയടുക്കുന്നു. മഹാനായ ഹംസ(റ) അവനെ നേരിടുന്നു; കൊലപ്പെടുത്തുന്നു. പിന്നെ ഉത്ബത്താണ് മുന്നോട്ടുവരുന്നത്. അവന്റെ കൂടെ സഹോദരന്‍ ശൈബത്തും മകന്‍ വലീദുമുണ്ട്. ''ഞങ്ങളെ നേരിടാന്‍ ആരുണ്ട്?'' അവന്റെ ഉഗ്രന്‍പോര്‍വിളി. അന്‍സ്വാരികളില്‍പെട്ട മൂന്നു യുവാക്കള്‍ മുമ്പോട്ടുവന്നു. അവര്‍ 'അഫ്‌റാഅ്' എന്ന മഹതിയുടെ പുത്രന്മാരായ മുഅവ്വിദ്, മുആദ്, ഔഫ് എന്നിവരായിരുന്നു. ഉത്ബത്ത് ചോദിച്ചു: ''നിങ്ങളാരാണ്?'' അവര്‍ അന്‍സ്വാരികളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ''നിങ്ങള്‍ തിരിച്ചുപോവുക. നിങ്ങളെ ഞങ്ങള്‍ക്കാവശ്യമില്ല. ഞങ്ങളുടെ കുടുംബക്കാരുണ്ടവിടെ. അവരെ ഞങ്ങളോട് കിടയൊക്കുകയുള്ളൂ.''
അവര്‍ തിരിച്ചുപോന്നു. ഉബൈദത്ത്, ഹംസ, അലി(റ) എന്നിവര്‍ നബി(സ്വ)യുടെ നിര്‍ദേശമനുസരിച്ച് മുമ്പോട്ടു വന്നു. ഉത്ബത്തിന്റെ മകന്‍ വലീദിനെ അലി(റ) നേരിട്ടു. കൂട്ടത്തില്‍ പ്രായം കുറഞ്ഞവര്‍ അവരായിരുന്നു. കടുത്ത പോരാട്ടം. വലീദിനെ അലി(റ) കൊലപ്പെടുത്തി. പിന്നെ ഹംസ(റ)വും ശൈബത്തും തമ്മിലായി പോരാട്ടം. ശൈബത്തിനെ ഹംസ(റ)വും കഥ കഴിച്ചു. പിന്നെ ഉത്ബത്തിനെ നേരിട്ടത് ഉബൈദത്ത്(റ)ആയിരുന്നു. കൂട്ടത്തില്‍ പ്രായം കൂടിയവര്‍ അവരായിരുന്നു. പോരാട്ടത്തിനിടയില്‍ ഉബൈദത്ത്(റ)വിന്റെ വെട്ട് ഉത്ബത്തിന്റെ ചുമലില്‍ പതിച്ചു. ഉത്ബത്തിന്റെ വെട്ട് ഉബൈദത്ത്(റ)വിന്റെ കാല്‍ച്ചുവട്ടിലും; രണ്ടുപേരും നിലംപതിച്ചു. ഹംസ, അലി(റ) എന്നിവര്‍ ഉത്ബത്തിനെ കൊലപ്പെടുത്തി.
കുട്ടികളൊന്നും ഞങ്ങള്‍ക്കതില്‍ പ്രശ്‌നമല്ല എന്ന അബൂത്വാലിബ് ചൊല്ലിയ ഈരടികള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''അബൂത്വാലിബ് ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വാക്ക് അന്വര്‍ത്ഥമാക്കിയതിന് ഏറ്റം അര്‍ഹന്‍ ഞാനാണെന്ന് അദ്ദേഹം മനസ്സിലാക്കുമായിരുന്നു.''
പിന്നെ തിരുനബി(സ്വ)യോട് അദ്ദേഹം ചോദിച്ചു: ''നബിയേ, യുദ്ധക്കളത്തില്‍ വച്ചല്ല ഞാന്‍ മരിക്കുന്നതെങ്കില്‍ ഞാന്‍ ശഹീദാകുമോ?''
നബി(സ്വ) പറഞ്ഞു: ''അതെ, ഞാന്‍ അതിനു സാക്ഷിയാണ്.''
തന്റെ കാല്‍ ശത്രുക്കള്‍ വെട്ടിമാറ്റിയെങ്കിലും തനിക്ക് മുസ്‌ലിമാവാന്‍ സൗഭാഗ്യം ലഭിച്ചതിലും ഇസ്‌ലാമിന്റെ പേരില്‍ ത്യാഗം വരിക്കാന്‍ അവസരം ലഭിച്ചതിലും അഭിമാനം രേഖപ്പെടുത്തിക്കൊണ്ട് തദവസരം അദ്ദേഹം ചൊല്ലിയ ഈരടികള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
യുദ്ധം കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ ബദ്‌റിന്റെയും മദീനയുടെയും ഇടക്കുള്ള 'സ്വഫ്‌റാഅ് ' എന്ന സ്ഥലത്തുവച്ചാണ് അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത്. അവിടെത്തന്നെയാണ് അദ്ദേഹം മറവ് ചെയ്യപ്പെട്ടതും. നബി(സ്വ)യാണ് ഖബറിലിറങ്ങിയത്. ഇത് അദ്ദേഹത്തിനു ലഭിച്ച ബഹുമതിയാണ്.
ഖുറൈശി ഗോത്രത്തില്‍ പെട്ട ബനുല്‍ മുത്വലിബാണ് അദ്ദേഹത്തിന്റെ ഗോത്രം. അബുല്‍ ഹാരിസ് എന്നാണ് ഓമനപ്പേര്. അബൂമുആവിയാ എന്നാണെന്നും അഭിപ്രായമുണ്ട്. നബി(സ്വ)യെക്കാള്‍ 10 വയസ് കൂടുതലുണ്ട്. നബി(സ്വ) ദാറുല്‍ അര്‍ഖമില്‍ പ്രവേശിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം നബി(സ്വ)യില്‍ വിശ്വസിച്ചിരുന്നു.
2) ഉമൈറുബ്‌നു അബീ വഖാസ്(റ)
നബി(സ്വ) ഇസ്‌ലാമിക പ്രബോധനം തുടങ്ങിയ പ്രഥമ ഘട്ടത്തില്‍ തന്നെ തന്റെ കുട്ടിപ്രായത്തില്‍ ഇസ്‌ലാം വിശ്വസിച്ചു. സുപ്രസിദ്ധ സ്വഹാബി സഅ്ദുബ്‌നു അബീ വഖാസിന്റെ സഹോദരനാണ്. രണ്ടു പേരും ഒന്നിച്ച് ബദ്‌റിലേക്ക് നടന്നുനീങ്ങി. നബി(സ്വ)യുടെ ദൃഷ്ടിയില്‍ പെടാതിരിക്കാന്‍ ആളുകള്‍ക്കിടയിലൂടെ ഒളിഞ്ഞും മറിഞ്ഞുമാണ് ഉമൈര്‍(റ) നടക്കുന്നത്. ഇതു കണ്ടു സഹോദരന്‍ സഅ്ദ്(റ) ചോദിച്ചു: ''എന്താ സഹോദരാ, ഇങ്ങനെ നടക്കുന്നത്? ഉമൈര്‍(റ) പറഞ്ഞു: ''ഞാന്‍ ചെറുപ്പമായതിനാല്‍ നബി(സ്വ) എന്നെക്കണ്ടാല്‍ തിരിച്ചയക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. എനിക്കാണെങ്കില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ട്. എനിക്ക് അല്ലാഹു രസക്തസാക്ഷിത്വം പ്രദാനംചെയ്‌തെങ്കില്ലോ?''
ആശങ്കപ്പെട്ട പോലെ ഉമൈര്‍(റ) നബി(സ്വ)യുടെ ദൃഷ്ടിയില്‍ പെട്ടു. തിരിച്ചുപോകാന്‍ അവിടന്നു നിര്‍ദേശിച്ചു. ഉമൈര്‍(റ) പൊട്ടിക്കരഞ്ഞു. അതുകാരണം നബി(സ്വ) അനുമതി നല്‍കി. സഹോദരന്‍ സഅ്ദ്(റ) പറയുകയാണ്. ''ഉമൈര്‍ ചെറുപ്പമായതുകൊണ്ട് അവന്‍ വാള്‍ച്ചട്ട കെട്ടിക്കൊടുത്തതു ഞാനാണ്.''
ഉമൈര്‍ രണാങ്കണത്തില്‍ ധീരധീര യുദ്ധം ചെയ്തു; രക്തസാക്ഷിയായി. തന്റെ ആഗ്രഹം പൂവണിഞ്ഞു. അന്ന് അദ്ദേഹത്തിനു 16 വയസ്സായിരുന്നു. ആസ്വിമുബ്‌നു സഈദാണ് കൊലപ്പെടുത്തിയത്. അംറുബ്‌നു വുദ്ദാണ് കൊലപ്പെടുത്തിയതെന്നും അഭിപ്രായമുണ്ട്. ഈ അംറുബ്‌നു വുദ്ദിനെ ഖന്‍ദഖില്‍ വച്ച് അലി(റ) കൊലപ്പെടുത്തുകയുണ്ടായി.
3) ദുശ്ശിമാലൈനി(റ)
ബനൂ സുഹ്‌റത്ത് ഗോത്രക്കാരുമായി സഖ്യമുണ്ടായിരുന്നു. ഉമൈറുബ്‌നു അബ്ദു അംറ് എന്നാണ് പേര്. അബൂ മുഹമ്മദ് എന്നാണ് ഓമനപ്പേര്‍. ദുശ്ശിമാലൈനി എന്നതു വിളിപ്പേര്. രണ്ട് ഇടത് കരങ്ങളുള്ളവന്‍ എന്നാണ് വാക്കര്‍ത്ഥം. രണ്ടു കൈകള്‍ കൊണ്ടും ഒരുപോലെ ജോലി ചെയ്തിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ആ പേരു വന്നത്. ഉസാമത്തുല്‍ ഹബ്ശി എന്ന ശത്രുവാണ് അദ്ദേഹത്തിനെ കൊലപ്പെടുത്തിയത്.
4) ആഖിലുബ്‌നു ബുകൈര്‍(റ)
ഇസ്‌ലാമിലേക്ക് ആദ്യം കടന്നുവന്നവരില്‍ പെടുന്നു. ദാറുല്‍ അര്‍ഖമില്‍ വച്ചാണ് നബി(സ്വ)യുമായി ബൈഅത്ത് ചെയ്യുന്നത്. അദ്ദേഹവും തന്റെ സഹോദരന്‍മാരായ ആമിര്‍, ഇയാസ്, ഖാലിദ് എന്നിവരും ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം രക്തസാക്ഷിയായി.
ഇസ്‌ലാമില്‍ വരുന്നതിനു മുമ്പ് ഗാഫില്‍ (അശ്രദ്ധന്‍) എന്നായിരുന്നു നാമം. ഇസ്‌ലാമില്‍ വന്നപ്പോള്‍ 'ആഖില്‍' (ബുദ്ധിമാന്‍) എന്ന് നബി(സ്വ) പേരു മാറ്റി. രക്തസാക്ഷിയാകുമ്പോള്‍ 34 വയസ്സായിരുന്നു.
5) മിഹ്ജഉബ്‌നു സ്വാലിഹ്(റ)
രണ്ടു സൈന്യവും നേര്‍ക്കുനേരെ കൂട്ടപ്പോരാട്ടം തുടങ്ങിയ ശേഷം മുസ്‌ലിങ്ങളില്‍നിന്ന് ആദ്യമായി രക്തസാക്ഷിയായത് മിഹ്ജഅ്(റ) ആയിരുന്നു. ആമിറുബ്‌നുല്‍ ഹള്‌റമി എന്ന ശത്രുവിന്റെ അസ്ത്രമേറ്റാണ് മരണം. ''രക്തസാക്ഷികളുടെ നേതാവാണ് മിഹ്ജഅ്'' എന്നാണ് നബി(സ്വ) പറഞ്ഞത്. ഉമറുബ്‌നുല്‍ ഖത്താബ്(റ) മോചിപ്പിച്ച അടിമകളില്‍ പെടുന്നു അദ്ദേഹം.
6) സഫ്‌വാനുബ്‌നു ബൈളാഅ്(റ)
ബനുല്‍ ഹാരിസ് ഗോത്രക്കാരന്‍. മദീനയിലേക്ക് ഹിജ്‌റ വന്നപ്പോള്‍ അദ്ദേഹത്തിന്റെയും റാഫിഉബ്‌നു അജ്‌ലാന്‍ എന്ന അന്‍സ്വാരി സ്വഹാബിയുടെയും ഇടയില്‍ നബി(സ്വ) സാഹോദര്യ ബന്ധം സ്ഥാപിച്ചു.
സഹോദരന്‍ സുഹൈലുബ്‌നു ബൈളാഇനോടൊപ്പമാണ് അദ്ദേഹം യുദ്ധത്തില്‍ പങ്കെടുത്തത്. ത്വുഐമത്തുബ്‌നു അദിയ്യ് എന്ന ശത്രുവാണ് സഫ്‌വാന്‍(റ)വിനെ കൊലപ്പെടുത്തിയത്.
7) സഅ്ദുബ്‌നു ഖൈസമ(റ)
നബി(സ്വ) ബദ്‌റിലേക്ക് പുറപ്പെടുകയാണ്. സഅ്ദും പിതാവ് ഖൈസമത്തും യുദ്ധത്തിനു പോകാനൊരുങ്ങി. ഈ വിവരം നബി(സ്വ) അറിഞ്ഞു. രണ്ടു പേരും കൂടി പുറപ്പെടേണ്ട, ഒരാള്‍ മതി.
ഓരോരുത്തര്‍ക്കും പോകണം. തര്‍ക്കമായി. പിതാവ് പറഞ്ഞു: ''നമ്മില്‍ രണ്ടിലൊരാള്‍ ഇവിടെ നില്‍ക്കാതെ നിര്‍വാഹമില്ല. അതുകൊണ്ട് വീട്ടുകാരോടൊപ്പം നീ ഇവിടെ താമസിക്കുക. ഞാന്‍ യുദ്ധത്തിനു പോകട്ടെ.''
മകന്‍ പറഞ്ഞു: ''സ്വര്‍ഗമല്ലാത്ത മറ്റൊന്നായിരുന്നു പ്രശ്‌നമെങ്കില്‍ താങ്കളെ ഞാന്‍ തെരഞ്ഞെടുക്കുകയും എന്നെ ഞാന്‍ ഒഴിവാക്കുകയും ചെയ്യുമായിരുന്നു. ഈ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
രണ്ടു പേരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതുകാരണം നറുക്കെടുപ്പ് വേണ്ടിവന്നു. മകനാണ് നറുക്കുവീണത്. അദ്ദേഹം ബദ്‌റിലേക്കു പോയി. രക്തസാക്ഷിയായി. പിതാവ് ഉഹ്ദ് യുദ്ധത്തില്‍ വച്ചാണ് ശഹീദായത്. സഅ്ദ്(റ) അഖബാ ഉടമ്പടിയില്‍ പങ്കെടുത്ത മഹാനാണ്.
8) മുബശ്ശിറുബ്‌നു അബ്ദുല്‍ മുന്‍ദിര്‍(റ)
ഔസ് ഗോത്രക്കാരനാണ്. തന്റെ സഹോദരന്‍ അബൂലുബാബത്തിനൊപ്പം അദ്ദേഹം യുദ്ധത്തിനെത്തി രക്തസാക്ഷിയായി. സഹോദരന്‍ അബൂലുബാബത്ത് പില്‍ക്കാലത്ത് നടന്ന ഖൈബര്‍ യുദ്ധത്തിലാണ് രക്തസാക്ഷിയായത്.
9) യസീദ് ബ്‌നുല്‍ ഹാരിസ്(റ)
ഖസ്‌റജി ഗോത്രം. അദ്ദേഹത്തിന്റെയും മുമ്പു പറഞ്ഞ ദുശ്ശിമാലൈനി(റ)ന്റെയും ഇടയില്‍ നബി(സ്വ) സാഹോദര്യബന്ധം സ്ഥാപിച്ചിരുന്നു.
10) ഉമൈറുബ്‌നുല്‍ ഹുമാം(റ)
ഖസ്‌റജി ഗോത്രക്കാരനായ ഉമൈറി(റ)ന്റെയും മുഹാജിര്‍ സ്വഹാബിയായ ഉബൈദത്തുബ്‌നുല്‍ ഹാരിസ്(റ)വിന്റെയും ഇടയില്‍ നബി(സ്വ) സാഹോദര്യബന്ധം സ്ഥാപിച്ചിരുന്നു.
ബദ്‌റില്‍ വച്ച് യുദ്ധത്തിനു പ്രേരിപ്പിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു: ''ആകാശഭൂമികളുടെയത്ര വിശാലമായ സ്വര്‍ഗത്തിലേക്ക് എഴുന്നേല്‍ക്കൂ.'' ഇതു കേട്ടയുടന്‍ ഉമൈറുബ്‌നുല്‍ ഹുമാം(റ) പറഞ്ഞു: ''ബഖിന്‍, ബഖിന്‍ (ഭേഷ്, ഭേഷ്)'' നബി(സ്വ) ചോദിച്ചു: ''ഇതു പറയാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്?'' അദ്ദേഹം പറഞ്ഞു: ''ആ സ്വര്‍ഗവാസികളില്‍ ഉള്‍പ്പെടണമെന്ന ആഗ്രഹം തന്നെ.'' നബി(സ്വ) പറഞ്ഞു: '' എന്നാല്‍ നീ അവരില്‍ പെട്ടവന്‍ തന്നെയാണ്.''
തന്റെ തുകല്‍സഞ്ചിയില്‍നിന്ന് ഏതാനും കാരക്കകള്‍ പുറത്തെടുത്തു തിന്നാന്‍ തുടങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''ഈ കാരക്കകള്‍ മുഴുവന്‍ ഞാന്‍ തിന്നാന്‍ നില്‍ക്കുകയാണെങ്കില്‍ അത് നീണ്ടൊരു ജീവിതകാലമാവും.'' കാരക്കകള്‍ മുഴുവന്‍ വലിച്ചെറിഞ്ഞ് യുദ്ധക്കളത്തിലെത്തി. ശക്തമായി പോരാടി ശഹീദായി.
11) റാഫിഉബ്‌നുല്‍ മുഅല്ല(റ)
അബൂസഈദ് എന്നാണ് ഓമനപ്പേര്‍. ഖസ്‌റജി ഗോത്രക്കാരനാണ്. അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമത്താണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. രണ്ട് ഹദീസുകള്‍ നബി(സ്വ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
12) ഹാരിസത്തുബ്‌നു സുറാഖത്ത്(റ)
ഖസ്‌റജി ഗോത്രം. അനസുബ്‌നു മാലികി(റ)വിന്റെ പിതൃസഹോദരി റുബയ്യഅ് ആണ് മാതാവ്. പിതാവ് സുറാഖത്ത് പ്രസിദ്ധ സ്വഹാബിയാണ്. ഖന്‍ദഖ് യുദ്ധത്തിലാണ് അദ്ദേഹം രക്തസാക്ഷിയായത്.
അന്‍സാരികളില്‍നിന്ന് ആദ്യമായി രക്തസാക്ഷിയാകുന്നത് ഹാരിസത്ത്(റ) ആണ്. ഹബ്ബാനുല്‍ അരിഖത്ത് എന്ന ശത്രുവിന്റെ അസ്ത്രം തൊണ്ടക്കുഴിയില്‍ പതിച്ചാണ് വഫാത്ത്. അദ്ദേഹത്തിന്റെ മാതാവ് റുബയ്യഅ്(റ) തിരുസന്നിധിയില്‍ വന്നു കൊണ്ടു പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ! ഹാരിസത്തും ഞാനും തമ്മിലുള്ള ബന്ധം അങ്ങേക്കറിയാമല്ലോ. അവന്‍ സ്വര്‍ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിക്കുകയും അല്ലാഹുവില്‍നിന്നും പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യും. മറ്റൊന്നാണെങ്കില്‍ ഞാന്‍ എന്തുചെയ്യുമെന്ന് താങ്കള്‍ക്കു കാണാം.''
നബി(സ്വ) പറഞ്ഞു: ''മകന്‍ നഷ്ടപ്പെട്ട മാതാവേ! അത് ഒരു സ്വര്‍ഗം മാത്രമാണോ? ഏറെ അധികമുണ്ട് സ്വര്‍ഗം. നിങ്ങളുടെ മകന്‍ 'ഫിര്‍ദൗസ്' എന്ന ഏറ്റം ഉന്നത സ്വര്‍ഗത്തിലാണ്.''(ബുഖാരി)
13) ഔഫുബ്‌നുല്‍ ഹാരിസ്(റ)
അഫ്‌റാഇന്റെ പുത്രന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അഫ്‌റാഅ് നജ്ജാശി വംശജയാണ്. തന്റെ ഏഴു പുത്രന്‍മാര്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കുകയുണ്ടായി. ഔഫ്, മുഅവ്വിദ്(റ) എന്നിവര്‍ ബദ്‌റില്‍ ശഹീദായി.
ഹിജ്‌റയുടെ മുമ്പു നടന്ന രണ്ട് അഖബാ ഉടമ്പടികളിലും ഔഫ്(റ) പങ്കെടുത്തിരുന്നു. പ്രഥമ 'അഖബാ'യില്‍ പങ്കെടുത്ത ആറുപേരില്‍ ഒരാളായിരുന്നു അദ്ദേഹം. ബദ്‌റില്‍ വച്ച് അദ്ദേഹം നബി(സ്വ)യോട് ചോദിച്ചു: ''റബ്ബിനെ തന്റെ അടിമ സന്തോഷിപ്പിക്കുന്നതെന്താണ്?'' നബി(സ്വ) പറഞ്ഞു: ''മറയില്ലാതെ (അങ്കിയില്ലാതെ) തുറന്ന കൈകള്‍ ശത്രുക്കളില്‍ മുക്കലാണ്.'' ഉടന്‍ താന്‍ അണിഞ്ഞിരുന്ന പടയങ്കി അഴിച്ചു ദൂരെയെറിഞ്ഞ് വാളെടുത്ത് യുദ്ധക്കളത്തിലിറങ്ങി. ധീരധീര പടപൊരുതി രക്തസാക്ഷിയായി.
14) മുഅവ്വിദുബ്‌നുല്‍ ഹാരിസ്(റ)
മുന്‍ വിവരിച്ച ഔഫ്(റ)വിന്റെ സഹോദരന്‍. അഖബാ ഉടമ്പടിയില്‍ തന്റെ സഹോദരന്മാരായ ഔഫ്, മുആദ് എന്നിവരോടൊപ്പം പങ്കെടുത്തു. ബദ്‌റിലും ഈ സഹോദരന്‍മാരൊപ്പമാണ് എത്തിച്ചേര്‍ന്നത്. അബൂജഹ്‌ലിനെ കൊലപ്പെടുത്തിയ ശേഷം പടപൊരുതി ശഹീദായി.
പ്രധാന അവലംബം:
സീറത്തുന്നബവി-ഇബ്‌നുഹിശാം.
മുഹമ്മദുന്‍ റസൂലുല്ലാഹി(സ്വ)
ഹയാത്തുസ്സ്വഹാബ
കിതാബുല്‍ ബുശ്‌റാ ഫീ തറാജമിഅസ്വ്ഹാബി ബദ്‌റില്‍ കുബ്‌റാ.
Leave A Comment