ബദ്ര്‍ ഇനിയും അവസാനിക്കുന്നില്ല

ഇരുട്ടിനെതിരേ പ്രകാശം നടത്തിയ ഉദാത്ത പോരാട്ടത്തിന്റെ നിതാന്ത വിസ്മയം. അതിനെയാണു നാം ബദ്ര്‍ എന്നു വളിക്കുന്നത്. വിനയം അഹങ്കാരത്തെ കുഴിച്ചുമൂടിയ അല്ലെങ്കില്‍ കുഴിച്ചുമൂടുന്ന മഹാത്ഭുതമാണത്. വിമോചനത്തിന്റെ ശബ്ദമാണതില്‍നിന്നും നാം ഉയര്‍ന്നുകേള്‍ക്കുന്നത്. അടിമത്തത്തിന്റെ താങ്ങാന്‍ കഴിയാത്ത നുകവും തേളിലേന്തി ജീവിക്കേണ്ടിവരുന്ന ബിലാലുമാര്‍ക്ക് ഉമ്മയ്യത്തുമാരുടെ യജമാനത്വഭീകരതയെ കശാപ്പു ചെയ്തില്ലാതാക്കുവാനുള്ള സുവര്‍ണാവസരമാണതിലൂടെ കൈവരുന്നത്. സത്യത്തിന്റെ പാതയില്‍ അണി ചേര്‍ന്നതിന്റെ പേരില്‍ വെറുപ്പും എതിര്‍പ്പുമായി നടക്കുന്നവര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന മറുപടിയുടെ മൂര്‍ദ്ധന്യതയായി അതിനെ നമുക്ക് വിശേഷിപ്പിക്കാം. വിശ്വാസത്തിനു മുന്നില്‍ അവിശ്വാസങ്ങള്‍ക്കും പൊള്ളയായ സന്ദേഹങ്ങള്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു നിരന്തരം അത് ലോകത്തോട് വിളിച്ചോതിക്കൊണ്ടിരിക്കുന്നു. വിജയത്തിന്റെ അടിസ്ഥാന മാനദണ്ഡം എണ്ണമല്ല, വണ്ണമാണെന്ന മഹത്തായ സന്ദേശം കൂടി അത് നമുക്ക് കൈമാറുന്നുണ്ട്. 

ചരിത്രത്തിന്റെ നീണ്ട നാള്‍വഴികളിലൊരിടത്തു വച്ച് നടന്ന മഹാവിപ്ലവമാണ് ബദ്‌റെങ്കിലും അത് അണമുറിയാതെ കാലങ്ങളോളം നീണ്ടുനില്‍ക്കേണ്ടുന്ന ഒരു പ്രക്രിയയാണ്. ഓരോരുത്തരുടെയും അകത്തളങ്ങളില്‍ തന്നെ അതു നടക്കേണ്ടതുണ്ട്. സമകാലിക ലോകം ഒരു ബദ്‌റിന്റെ എല്ലാ പശ്ചാത്തലങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട് എന്നതുകൊണ്ടുതന്നെ ഇക്കാലത്ത് അതിനു പ്രത്യേകിച്ചൊരു പ്രസക്തിയുമുണ്ട്.  ഇന്ന് അബൂജഹലും ഉത്ബത്തും ശൈബത്തുമൊന്നുമില്ലെങ്കിലും അവരുടെ മനസ്സും പേറി നടക്കുന്നവര്‍ക്കൊട്ടും കുറവില്ല. നമ്മിലുമുണ്ട് അബൂജഹലുമാരും ഉത്ബത്തുമാരുമെല്ലാം. അവരെ പ്രതിരോധിച്ചു കീഴടക്കിയില്ലെങ്കില്‍ ഉള്ളില്‍ മുനിഞ്ഞുകത്തുന്ന സത്യവിശ്വാസത്തിന്റെ പൊന്‍തിരി വെട്ടത്തെ അവര്‍ ഊതിക്കെടുത്തും. അകത്തെ ഈമാനിക സാമ്രാജ്യം പൊട്ടിപ്പിളരും. പിന്നെ ഇരുട്ടിലകപ്പെട്ട് ലക്ഷ്യത്തിലേക്കുള്ള വഴിയറിയാതെ അലയേണ്ട ഗതികേടു വരും. 
പുണ്യനബി(സ്വ) 'അല്‍ജിഹാദുല്‍ അക്ബര്‍' എന്നു വിളിച്ചത് പുറത്തെ ശത്രുവിനോടുള്ള പോരാട്ടത്തെ കുറിച്ചല്ല അകത്ത് കയറിക്കൂടിയ ശത്രുവിനെ കുറിച്ചാണ്. പുറത്തെ ശത്രുവിനോടേറ്റുമുട്ടാനുള്ള ശക്തിയെക്കാളെത്രയോ ഇരട്ടിക്കിരട്ടി ശക്തി വേണ്ടത് അകത്തെ ശത്രുവിനോട് പൊരുതാനാണ്. കാരണം, കായബലമല്ല, മനോബലമാണതിനാവശ്യം. കായികബലമുണ്ടാക്കിയെടുക്കാന്‍ അദ്ധ്വാനമേറെയൊന്നും ആവശ്യമില്ല. മനോബലം സൃഷ്ടിച്ചെടുക്കാനാണ് ഊര്‍ജവും ആര്‍ജവവും കൂടുതല്‍ വേണ്ടത്. ചിലപ്പോള്‍ അകത്തുള്ളത് മരണത്തിന്റെ വായിലകപ്പെടുന്ന നിമിഷത്തിലും തന്റെ മുഴുത്ത അഹങ്കാരം കൈവിടാത്ത അബൂജഹലിനെക്കാള്‍ വലിയ അഹങ്കാരിയെയായിരിക്കും. ഉത്ബയെക്കാള്‍ വലിയ സ്വേച്ഛക്കാരനായിരിക്കും. ശൈബയെക്കാള്‍ വലിയ അധമ മോഹക്കാരനായിരിക്കും. ചെയ്യുന്ന നന്മയെ നാശമാക്കാന്‍ തന്റെ പക്ഷം നിന്ന് ശത്രുപക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കാപട്യമെന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യിനും കുറവുണ്ടാവില്ല. അപ്പോള്‍ അകത്തൊരുങ്ങേണ്ട ബദ്ര്‍ രണാങ്കണം ഒട്ടും നിസ്സാരമായിരിക്കരുത്.
ഹിജ്‌റ രണ്ടാം വര്‍ഷം റമളാന്‍ 17ന് വെള്ളിയാഴ്ചയാണ് ബദ്ര്‍ അരങ്ങേറുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതു തീര്‍ത്തും പ്രതികൂലമായ ഒരു സാഹചര്യമായിരുന്നു. ആള്‍ബലത്തിലും ആയുധബലത്തിലും ശത്രുക്കള്‍ തങ്ങളെക്കാള്‍ മൂന്നിരട്ടി. നാട്ടിലെ യഹൂദരുടെയും ക്രൈസ്തവരുടെയും ഭാഗത്ത്‌നിന്ന് യാതൊരു സഹായവുമില്ല; തങ്ങള്‍ക്കിടയില്‍ ആഭ്യന്തര കലഹങ്ങളുണ്ടാക്കാന്‍ നടക്കുന്നവര്‍ വേറെയും. നോമ്പ് കാലവുമാണ്. ആദ്യമായി നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട വര്‍ഷം. മുന്‍പ് ആ പരിചയമില്ല. അതുകൊണ്ടുതന്നെ അതിന്റെ ക്ഷീണം കുറച്ചൊന്നുമായിരിക്കില്ല. മാത്രവുമല്ല, നോമ്പ് തുടക്കത്തിലായാല്‍ സമാധാനിക്കാമായിരുന്നു; പക്ഷേ, പതിനേഴിനാണ്. ഒരു മാസത്തിന്റെ പകുതിയിലേറെ ദിവസം നോമ്പ് പിടിച്ചതിന്റെ ക്ഷീണം വല്ലാതെ കാണും. യുദ്ധം നടക്കുന്നതാകട്ടെ, ഉച്ച കഴിഞ്ഞിട്ടും. വിശപ്പും ദാഹവും കത്തിനില്‍ക്കുന്ന സമയത്ത്. 
എന്തിനാണ് അല്ലാഹു തന്റെ ഇഷ്ടക്കാരായ അടിമകളെ ഇത്ര പ്രതികൂലമായ ഒരു സാഹചര്യത്തില്‍ തന്നെ അങ്കക്കളത്തിലേക്ക് പറഞ്ഞുവിട്ടതെന്ന് ചിലപ്പോള്‍ ആലോചിച്ചുപോകും. ശത്രുക്കളെക്കാളേറെ സൗകര്യങ്ങളും സഹായങ്ങളും അവര്‍ക്കൊരുക്കിക്കൊടുക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നതെന്നാണ് യുക്തി ചോദിക്കുക. അതിനുള്ള മറുപടിയൊന്നേയുള്ളൂ; തുഅ്‌റഫുല്‍ അശ്‌യാഉ ബിഅള്ദാദിഹാ. വിപരീതങ്ങള്‍ കൊണ്ടാണ് കാര്യങ്ങള്‍ ബോധ്യമാവുക. തികച്ചും പ്രതികൂലമായ സാഹചര്യങ്ങള്‍ നല്‍കി പരീക്ഷിച്ചു നോക്കുമ്പോള്‍ തനിനിറം ബോധ്യമാകും. 313 പേര്‍ അങ്ങനെയാണ് കടഞ്ഞെടുക്കപ്പെട്ട സംശുദ്ധരായി മാറിയത്. 
സാഹചര്യങ്ങളുടെ എല്ലാവിധ പ്രതികൂലാവസ്ഥകളും നിലനില്‍ക്കെ അവരുടെ ആവേശത്തിനോ വിശ്വാസത്തിനോ ഒട്ടും കോട്ടം തട്ടിയില്ല. ചെറിയ കുട്ടികള്‍ പോലും യുദ്ധത്തില്‍ പങ്കുകൊള്ളാന്‍ മഝരിച്ചതാണു ചരിത്രം. കൂട്ടുകുടുംബങ്ങള്‍ അവര്‍ക്ക് വിഷയമായില്ല. സ്വത്തും സമ്പാദ്യങ്ങളും അവരെ പിന്തിരിപ്പിച്ചില്ല. എല്ലാം ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി ത്യജിച്ചുകളഞ്ഞു. സ്വന്തത്തോടുള്ള ബദ്ര്‍ യുദ്ധത്തിലും ഇതായിരിക്കും സ്ഥിതി. സാഹചര്യങ്ങളൊന്നും അനുകൂലമായിക്കൊള്ളണമെന്നില്ല. അകത്തുനിന്നും പുറത്തുനിന്നും പിന്തിരിപ്പന്‍ ശക്തികളുടെ പ്രതിലോമകരമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായിരിക്കും. സമരം എത്ര സുശക്തമാക്കുന്നോ അത്രയും ത്യാഗങ്ങളും പരീക്ഷണങ്ങളും വന്നുകൊണ്ടിരിക്കും. എന്നാല്‍, ആ പരീക്ഷണങ്ങളെ നേരിടാന്‍ നാം എത്ര സന്നദ്ധരാകുന്നോ അത്രയും ഇലാഹീ സഹായങ്ങള്‍ നമ്മെ തേടിയെത്തുമെന്നത് വേറെ കാര്യം. 
തികച്ചും പ്രതികൂലമായ ബദ്‌റിലേക്ക് സമര്‍പ്പിത മനസ്സോടെ എടുത്തുചാടുമ്പോഴാണ് മനസാന്തരങ്ങളിലടിഞ്ഞുകൂടിയിരിക്കുന്ന കാറും ചേറും നീങ്ങി സ്ഫടികസ്ഫുടമാര്‍ന്ന ഹൃദയങ്ങള്‍ രൂപംകൊള്ളുകയുള്ളൂ. അനുകൂലമായ ബദ്‌റിന് ത്യാഗമോ അദ്ധ്വാനമോ അത്ര വേണ്ടിവരില്ല. അതിനാല്‍തന്നെ സത്യാസത്യ വ്യവച്ഛേദനത്തിന്റെ ഉരക്കല്ലാവാന്‍ ആ ബദ്‌റിനു സാധിക്കുകയുമില്ല. സ്വര്‍ണവും വെള്ളിയും ചെന്തീയിലിട്ട് കാച്ചമ്പോള്‍ മാത്രമെ അതിന് വിലയും മൂല്യവും കൂടുകയുള്ളൂ. അഗ്നിയിലേക്ക് ചാടിയപ്പോഴാണ് ഇബ്‌റാഹീം നബി(അ)ലെ ഈമാനിനു കൂടുതല്‍ തേജസ്സും ഓജസ്സും കൈവന്നത്. മുന്നില്‍ പാരാവാരം കണക്കെ വിശാലമായിക്കിടക്കുന്ന നദീജലമാണല്ലോ എന്നു വിചാരിച്ച് പിറകോട്ടോടിയിരുന്നുവെങ്കില്‍ മൂസാ നബി(അ)ക്ക് അതിമാനുഷനാവാന്‍ കഴിയുമായിരുന്നില്ല. അപ്പോള്‍ പ്രതികൂല സാഹചര്യം ഒരു നിലയ്ക്കു നോക്കുമ്പോള്‍ അനുകൂല സാഹചര്യമാണ്. വളരാനും ഉയരാനുമുള്ള ഇലാഹീ പ്രോക്തമായ ആനുകൂല്യം. ഈ ആനുകൂല്യത്തെ എവ്വിധം സമീപിക്കുന്നു എന്നിടത്താണ് മനുഷ്യന്‍ പരീക്ഷണവിധേയനാകുന്നത്.  ഈ ശക്തമായ പരീക്ഷണത്തെ ശപിക്കപ്പെട്ട ഒന്നായി കണ്ടാല്‍ ബദ്‌രീങ്ങള്‍ എന്ന പദവി ശൂന്യമായിക്കിടക്കും. 313ന്റെ കരുത്ത് മാലോകര്‍ക്ക് കാണാന്‍ വിധിയുണ്ടാകില്ല. അതില്‍നിന്ന് ഊര്‍ജം ആവാഹിക്കാനും അവര്‍ക്ക് അവസരം നഷ്ടപ്പെടും. 
കേവലം ഒരെണ്ണമല്ല 313. അതൊരു ശക്തിയാണ്. ആയിരങ്ങളെന്നല്ല പതിനായിരങ്ങളും ലക്ഷങ്ങളും കോടികളും തന്നെ സംഘടിച്ചെത്തിയാലും അതിനെ തോല്‍പിക്കാന്‍ കഴിയില്ല. കാരണം, അതില്‍ ലയിച്ചുനില്‍ക്കുന്നത് തൗഹീദിന്റെ സത്തയാണ്. ഏകത്വത്തിന്റെ മൂര്‍ത്ത രൂപം. ഒന്നായി വായിച്ചാലും ഓരോന്നായി വായിച്ചാലും 313 ഒറ്റ സംഖ്യയായേ വരുകയുള്ളൂ. അത് ഒറ്റ സംഖ്യയാണെന്ന പോലെ ഒറ്റ സംഘവുമാണ്. ഒറ്റ മാര്‍ഗവും ഒറ്റ ലക്ഷ്യവും ഒറ്റ വികാരവും ഒറ്റ വിചാരവും ഒറ്റ ചാലകവും മാത്രമെ ആ ഒറ്റയ്ക്കുള്ളൂ. ആ ഒറ്റയെ രൂപപ്പെടുത്തിയത് യാദൃഛികതയല്ല, പടച്ചതമ്പുരാനാണ്. പാറക്കല്ലില്‍നിന്ന് കലാകാരന്‍ ശില്‍പത്തെ അതിമനോഹരമായി രൂപപ്പെടുത്തിയെടുക്കുന്ന പോലെ മനുഷ്യരെന്ന മഹാപാറയില്‍നിന്ന് കൊത്തിയെടുത്തുണ്ടാക്കിയതാണതിനെ. പാറക്കല്ലില്‍നിന്ന് ശില്‍പത്തെ ഉണ്ടാക്കിയെടുക്കുകയല്ല, അതിനുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ശില്‍പത്തെ പുറത്തെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ശില്‍പി ചെയ്യുന്നത്. മണ്ണില്‍നിന്ന് സ്വര്‍ണത്തെ ഉണ്ടാക്കുകയല്ല, മണ്ണിലന്തര്‍ലീനമായികിടക്കുന്ന സ്വര്‍ണത്തെ ഖനനം ചെയ്‌തെടുക്കുകയാണ് ചെയ്യുന്നത്. പുറത്തെടുക്കാന്‍ അതുമായി ബന്ധമില്ലാത്ത എല്ലാ പാദാര്‍ത്ഥങ്ങളെയും പുറത്തെടുത്തൊഴിവാക്കണം. എങ്കില്‍ മാത്രമേ അതിനു ശില്‍പമായും സ്വര്‍ണമായും അംഗീകാരം ലഭിക്കുകയുള്ളൂ. 
സൃഷ്ടിജാലങ്ങള്‍ക്കിടയില്‍നിന്ന് 313നെ അല്ലാഹു രൂപപ്പെടുത്തിയെടുത്തത് 313ന്റെ ആത്മാവുമായി ബന്ധമില്ലാത്ത സര്‍വസ്വത്തെയും നീക്കം ചെയ്തുകൊണ്ടാണ്. മദീനക്കാരായ ജൂതന്മാരുടെയും ക്രൈസ്തവരുടെയും സഹായം ബദ്‌രീങ്ങള്‍ക്കുണ്ടായിരുന്നില്ല; അതുണ്ടാകാനും പാടില്ലായിരുന്നു. കാരണം, കടഞ്ഞെടുക്കപ്പെട്ടതും തെരഞ്ഞെടുക്കപ്പെട്ടതുമാണ് 313. അതില്‍ തൗഹീദേതരസ്പര്‍ശങ്ങളേറ്റാല്‍ അശുദ്ധമാകും. പേരില്‍ മുസ്‌ലിങ്ങളായി നടക്കുന്ന കപടന്മാരെയും അല്ലാഹു അതില്‍നിന്ന് വെട്ടിയൊഴിവാക്കി. തൗഹീദിനൊപ്പം നിഫാഖ് ചേര്‍ന്നാലും പ്രശ്‌നമാണല്ലോ. പിന്നെ ബാക്കിയുണ്ടായിരുന്നത് തൗഹീദിന്റെ തന്നെ മറ്റു വക്താക്കളാണ്. അവരുടെ ദൗത്യം ഈ 313ന് തിളങ്ങാന്‍ അവസരം സൃഷ്ടിച്ചുകൊടുക്കലും. എല്ലാവരും അടര്‍ക്കളത്തിലിറങ്ങി നാടും വീടും അനാഥമായാല്‍ അതു മറ്റൊരു തലവേദനയായി മാറും. ഓട്ടയടച്ചിട്ടു വേണമല്ലോ പാത്രത്തിലേക്ക് വെള്ളമൊഴിക്കാന്‍. 
തേടിപ്പോയതല്ല, തേടിയെത്തിയതായിരുന്നു ബദ്ര്‍. കടന്നാക്രമണമായിരുന്നില്ല, പ്രതിരോധമായിരുന്നു. പിശാചില്‍ നിന്നകന്നുനിന്നിട്ടും അവന്‍ വിടാതെ വേട്ടയാടുന്നുവെങ്കില്‍ ഏറ്റുമുട്ടലല്ലാതെ രക്ഷയില്ലല്ലോ. അബൂജഹലിനെ പരമാവധി സഹിച്ചുനോക്കി. സഹികെട്ടപ്പോള്‍ അവനില്‍നിന്നകന്നു നിന്നു. എന്നിട്ടും പിടിവിടാതെ പിന്തുടര്‍ന്നപ്പോള്‍ രൂപപ്പെട്ടതാണ് ബദ്ര്‍. ദേഹേച്ഛകളില്‍നിന്നും പൈശാചികതകളില്‍നിന്നും പരമാവധി വിട്ടുനില്‍ക്കാന്‍ കഠിനമായി പരിശ്രമിച്ചു നോക്കുക. എന്നിട്ടും അവയുടെ ആധിപത്യം തീരുന്നില്ലെങ്കില്‍ പിന്നെ മുജാഹദയും രിയാളയും ആവശ്യമായി വരും. ആത്മപീഡ എന്നു പറഞ്ഞ് അതിനെ നിരുത്സാഹപ്പെടുത്തേണ്ടതില്ല. 
ശത്രുക്കളെ അപേക്ഷിച്ച് ബദ്‌രീങ്ങളുടെ പക്കല്‍ കാര്യമായൊന്നുമുണ്ടായിരുന്നില്ല. ഇത്രവലിയ ഒരു സേനയെ നേരിടാന്‍ ഭൗതിക മാനദണ്ഡങ്ങള്‍ വച്ചുനോക്കുമ്പോള്‍ വിജയസാധ്യത തുലോംതുച്ഛമാണ്. പക്ഷേ, ആ ചിന്ത അവരെ അലട്ടിയതേയില്ല. ഒന്നുമില്ലെങ്കിലും എല്ലാം ഉണ്ടെന്ന ബോധമായിരുന്നു അവര്‍ക്ക്. കാരണം, തങ്ങളോടൊപ്പമുള്ളത് അല്ലാഹുവാണെന്ന ദൃഢവിശ്വാസം അവരെ അചഞ്ചലരാക്കിയിരുന്നു. ആ വിശ്വാസമാണവര്‍ക്ക് പിന്നെ തുണയായതും അവര്‍ക്കുണ്ടായിരുന്ന എല്ലാ കുറവുകളെയും നികത്തിയതും. അല്ലാഹു മലക്കുകളെ ഇറക്കിക്കൊടുക്കുകയായിരുന്നു അവര്‍ക്ക്. ഹൃദയത്തെ ശുദ്ധി ചെയ്ത് വിശുദ്ധി കൈവരിക്കുമ്പോള്‍ സര്‍വനേരത്തും ആരാധനാനിമഗ്നരായി കഴിയുന്ന മലക്കുകളെ  മനുഷ്യനു കീഴെയായി മാറുമെന്നതാണ് അതു നല്‍കുന്ന പാഠം. അഥവാ, ആളുകള്‍ക്കും ആയുധങ്ങള്‍ക്കും നിര്‍വഹിക്കാന്‍ കഴിയാത്ത ദൗത്യം വിശ്വാസം കൊണ്ട് സാധിച്ചെടുക്കാന്‍ കഴിയും. മനസ്സമരം പ്രദാനംചെയ്യുന്ന പ്രധാന നേട്ടവും അതു തന്നെയാണ്. മലക്കുകളെക്കാളും ഉയര്‍ന്ന തലത്തിലേക്കുള്ള പുരോപ്രയാണമാണതിലൂടെ നമുക്ക് സുസാധ്യമായിത്തീരുന്നത്. 
ബദ്ര്‍ എന്തൊക്കെയോ നഷ്ടപ്പെടുത്തലാണെന്നാണു പ്രത്യക്ഷത്തില്‍ തോന്നുക. യഥാര്‍ത്ഥത്തില്‍ പലതും നേടിയെടുക്കലാണത്. ഇല്ലാതാക്കലാണതിന്റെ പ്രത്യക്ഷ രൂപമെങ്കിലും ഉണ്ടാക്കിയെടുക്കലാണതിന്റെ പരോക്ഷ വശം. ബാഹ്യദൃഷ്ടിക്കത് സംഹാരമാണെങ്കില്‍ അന്തര്‍ദൃഷ്ടിക്കത് നിര്‍മാണമാണ്. ഓടുന്ന കപ്പലിന് ഓട്ട വരുത്തിയ ഖിള്ര്‍ നബി(അ)ന്റെ പ്രവര്‍ത്തനം കാഴ്ചയ്ക്ക് പുറംകണ്ണുമാത്രമാണാശ്രയം എന്നു കരുതുന്നവര്‍ക്ക് ഒരു മഹാപാതകം തന്നെയായിരുന്നു. എന്നാല്‍ കാണേണ്ടത് അകക്കണ്ണു കൊണ്ടാകണമെന്നു വിശ്വസിക്കുന്നവര്‍ക്ക് ആ മഹാന്‍ നിര്‍വഹിച്ചത് ഒരു മഹാനന്മയുമായിരുന്നു. അപ്പോള്‍, വാങ്ങാന്‍ വേണ്ടി കൊടുക്കലാണ് ഒരര്‍ത്ഥത്തില്‍ ബദ്ര്‍. സമാഹരിക്കാന്‍ വേണ്ടി സംഹരിക്കലും ഉയര്‍ത്താന്‍ വേണ്ടി തകര്‍ക്കലും ജീവിക്കാന്‍ വേണ്ടി മരിക്കലുമാണ്.
ശാശ്വത ജീവിതമാണ് ബദ്‌റിന്റെ ഏറ്റവും വലിയ ലാഭം. നശ്വരതയെ കൊടുത്ത് അനശ്വരതയെ വിലയ്ക്കു വാങ്ങലാണ് ശരിക്കും അതിലൂടെ സംഭവിക്കുന്നത്. അതോടെ, മരണം വിലക്കപ്പെടുന്നു. ബദ്‌രീങ്ങള്‍ അമരത്തം പൂകി ഇന്നും വാഴുന്നതുകൊണ്ടാണ്. ഇലാഹീ മാര്‍ഗത്തില്‍ മൃതിയടഞ്ഞവരെ കുറിച്ച് അവര്‍ പരേതരാണെന്നു വിചാരിക്കുക പോലും ചെയ്യരുതെന്നാണല്ലോ ഖുര്‍ആന്റെ കല്‍പ്പന. അതിനു കാരണമായി പറയുന്നത് പ്രത്യക്ഷ ലോകത്ത് അവര്‍ ജീവനറ്റു കിടക്കുകയാണെങ്കിലും ഇലാഹീ സന്നിധിയില്‍ അവര്‍ സസുഖം വാഴുന്നുണ്ടെന്നാണ്. അവരുടെ ശക്തിസിദ്ധികള്‍ക്കു പോലും നാശമുണ്ടാകുന്നില്ല. അവരെ കൂട്ടുപിടിച്ചവര്‍ക്ക് ഏതു നേരത്തും എന്തു സഹായത്തിനും അവരെത്തുമെന്നത് പ്രമാണം മാത്രമല്ല, അനുഭവ പാഠം കൂടിയാണ്. 
ബന്ധക്കാര്‍ക്കും സ്വന്തക്കാര്‍ക്കും ബദ്‌റില്‍ ഒട്ടും പ്രസക്തിയില്ല. കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും  ഒരു പ്രധാന്യവുമില്ല. ഉറ്റവര്‍ക്കും ഉടയവര്‍ക്കും യാതൊരു വിലയുമില്ല. എന്നല്ല, സ്വന്തം പോലും അവിടെ അപ്രസക്തമാണ്. ആത്മവിസ്മൃതിയുടെ മൂര്‍ദ്ധന്യ ദശയിലാണവിടെ ബദ്‌രിയ്യ്. ഒരു വൈറസ് കണക്കെ അകത്ത് ശല്യം ചെയ്തുകൊണ്ടിരിക്കുന്ന 'ഞാന്‍' എന്ന കേവലാസ്തിത്വത്തെ പരമാസ്തിത്വമായ അല്ലാഹുവിന്റെ മുന്നില്‍ വച്ച് 'കൊല' ചെയ്തുകൊണ്ടാണയാള്‍ അങ്കക്കളത്തിലേക്ക് പടപ്പുറപ്പാട് നടത്തുന്നതു തന്നെ. അതുകൊണ്ടാണ് തങ്ങളെക്കാള്‍ ആയുധബലത്തിലും ആള്‍ബലത്തിലും മൂന്നിരട്ടി വരുന്ന സൈന്യത്തെ കണ്ട് അവര്‍ പതറാതിരുന്നത്.  ശത്രുവിന്റെ കൂരമ്പുകള്‍ക്കു മുന്നില്‍ ചിതറാതിരുന്നത്. മിന്നിമറയുന്ന വാള്‍തലപ്പുകളെ മനശ്ശക്തി കൊണ്ടും ആത്മീയ ചൈതന്യം കൊണ്ടും പ്രതിരോധിക്കാനയത്. 
ഭയവും ഭീതിയുമുണ്ടാകുന്നത് 'ഞാന്‍' അകത്തുണ്ടാകുമ്പോഴാണ്. 'എന്നെ' അവര്‍ വധിക്കുമോ? കുടുംബക്കാര്‍ക്ക് 'ഞാന്‍' നഷ്ടമാകുമോ? എന്നെല്ലാം ചിന്തിക്കുന്നത് അകത്തളങ്ങളില്‍ കിടക്കുന്ന ഈ 'ഞാനാ'ണല്ലോ. അതിനെ വകവരുത്തിക്കഴിഞ്ഞാല്‍ പിന്നെ പേടിയില്ല. അഥവാ, പേടിക്കുന്നവന്‍ അകത്തുണ്ടാകുന്നില്ല. അതോടെ, ഏതു കൊമ്പന്മാര്‍ക്കു മുന്നിലേക്കും ഭയലേശമന്യേ സര്‍വതന്ത്ര സ്വതന്ത്രമായി ചാടിയടുക്കാനും ധീരധീരം അടരാടാനുമുള്ള കഴിവ് സിദ്ധമാകുന്നു. സ്വാര്‍ത്ഥ താല്‍പര്യങ്ങളെയും അധമ മോഹങ്ങളെയും അനായാസം ബലികഴിക്കാന്‍ കരുത്ത് ലഭിക്കുന്നു. 
മുന്നില്‍ തടസ്സമായി നിലകൊള്ളുന്നത് ഒരുപക്ഷേ, ആറ്റുനോറ്റു പെറ്റു പോറ്റിയ ഉമ്മയായിരിക്കാം, ഉപ്പയായിരിക്കാം. കൂട്ടിനിരുന്ന കൂട്ടുകാരനായിരിക്കാം. സഹ ഉദരക്കാരനായ സഹോദരനായിരിക്കാം. പക്ഷേ, അതിനൊന്നും ബദ്‌രിയ്യിന്റെ മനസ്സില്‍ ഇളക്കങ്ങള്‍ സൃഷ്ടിക്കാന്‍ കരുത്തുണ്ടായിരിക്കില്ല. കാരണം, അദ്ദേഹത്തില്‍ 'ഞാന്‍' ഇല്ല. അതുണ്ടാകുമ്പോഴാണല്ലോ 'എന്റെ ആളുകള്‍' എന്ന വികാരം ജനിക്കുക. അതില്ലാത്തതിനാല്‍ തന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള മാര്‍ഗത്തില്‍ തടസ്സമായി നില്‍ക്കുന്ന എന്തിനെയും അദ്ദേഹം തുടച്ചുനീക്കിയിരിക്കും. ലക്ഷ്യം മാത്രമെ മുന്നില്‍ കാണുകയുള്ളൂ. 
കാര്യമായ ആയുധങ്ങളൊന്നുമില്ലാത്ത ബദ്‌രിയ്യിന് ആയുധം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ധ്വനിമന്ത്രമാണ്. 'ലാ' എന്ന വാളിന്റെ ശക്തിക്കു മുന്നില്‍ അന്ധിച്ചുപോകാത്തവരുണ്ടാകില്ല. അതിന്റെ ധീരമായ പ്രയോഗത്തില്‍ 'ഇല്ലല്ലാഹ്' മാത്രമേ അവശേഷിക്കുകയുള്ളൂ. മറ്റെല്ലാം നാമാവശേഷമായിക്കഴിഞ്ഞിട്ടുണ്ടാകും. 'ഞാന്‍' വധിക്കപ്പെടുന്നതും ഈ വാള്‍പ്രയോഗത്തിലാണ്. പിന്നെ അയാളില്‍ അയാളുണ്ടാകില്ല. 'മരിക്കും മുന്നെ മരിക്കൂ നിങ്ങള്‍' (മൂതൂ ഖബ്‌ല അന്‍ തമൂതൂ) എന്ന് ആത്മജ്ഞാനികള്‍ ഉപദേശിക്കാറുണ്ട്. അത് മൗതുന്‍ ഇറാദിയാണ്. അഥവാ, ഇച്ഛകളെയും ഉദ്ദേശ്യങ്ങളെയുമെല്ലാം രൂഢോച്ഛാടനം ചെയ്യുക. അതു നടക്കുന്നതോടെ, സ്വന്തമായി ഒരു വികാരമോ വിചാരമോ ഉണ്ടാകില്ല. തന്റെ വികാര വിചാരങ്ങളെല്ലാം അല്ലാഹുവായി മാറിക്കഴിഞ്ഞിട്ടുണ്ടാകും. മകനെ ബലിയറുക്കുന്നത് സ്വപ്നത്തില്‍ കണ്ടതേയുള്ളൂ; കണ്ടതുപോലെ തന്നെയാണോ ചെയ്യേണ്ടത് എന്ന് ചെറുതായൊന്ന് ചോദിക്കുക പോലും ചെയ്യാതെ ഇബ്‌റാഹീം നബി(അ)അതിവേഗം ആ ദൗത്യത്തിനായി ഇറങ്ങിപ്പുറപ്പെട്ടു. കാരണം, തന്റേതെന്നു പറയാന്‍ സ്വന്തമായി ഇച്ഛകളോ ഉദ്ദേശ്യങ്ങളോ ഇല്ല. അല്ലാഹുവിന്റെ ഉദ്ദേശ്യമാണ് അദ്ദേഹത്തിന്റെയും ഉദ്ദേശ്യം. അവന്റെ തീരുമാനങ്ങളാണ് അദ്ദേഹത്തിന്റെയും തീരുമാനം. മകന്‍ ഇസ്മാഈല്‍(അ)നോട് വിവരം പറഞ്ഞപ്പോഴേക്കും വന്നു മറുപടി: 'ഇഫ്അല്‍ മാ തുഅ്മര്‍.' (എന്താണോ കല്‍പന അതു നടപ്പാക്കുക.) അതിലൊട്ടും അമാന്തമരുത് എന്നര്‍ത്ഥം. സ്വന്തം കഴുത്തില്‍ കത്തിവയ്ക്കുന്ന കാര്യമാണതെന്ന് അറിയാഞ്ഞിട്ടല്ല. 'വേണ്ട' എന്നു പറയാന്‍ തനിക്ക് സ്വന്തമായി ഒരു തീരുമാനം വേണ്ടേ. അതിനെ ബലികഴിച്ചല്ലോ പിതാവിനെപ്പോലെ ആ മകനും. ഇരുവരുടെയും തീരുമാനങ്ങള്‍ അല്ലാഹുവിന്റെ തീരുമാനമായി മാറിക്കഴിഞ്ഞിരുന്നു. സ്വന്തം ഭാര്യയെയും മകനെയും മക്കയുടെ ജനവും ജലവും വാനവുമില്ലാത്ത  മണലാരണ്യത്തിലുപേക്ഷിച്ചു പോരുമ്പോഴും ഇബ്‌റാഹീം നബി(അ) ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതിരുന്നത് അല്ലാഹുവിന്റെ തീരുമാനം അങ്ങനെയായതു കൊണ്ടാണ്. ആ തീരുമാനത്തിനപ്പുറം മറ്റൊന്നുണ്ടായിരുന്നില്ല അദ്ദേഹത്തിന്. 
ബദ്‌റില്‍ ത്യാഗോജ്ജ്വലമായ പോരാട്ടം കാഴ്ചവച്ച് ധീരമായ വിജയം വരിച്ച നബി(സ്വ)യോടും സ്വഹാബിമാരോടും അല്ലാഹു പറഞ്ഞ ഒരു വാക്കുണ്ട്: ''നിങ്ങളല്ല അവരെ വധിച്ചത്, അല്ലാഹുവാണ്. നബിയെ, നിങ്ങള്‍ എറിഞ്ഞപ്പോള്‍ എറിഞ്ഞതു താങ്കളല്ല, അല്ലാഹുവാണ്.'' സൂറത്തുല്‍ അന്‍ഫാല്‍ 17ാം സൂക്തത്തിലാണ് ഈവിഷയം അല്ലാഹു ഓര്‍മപ്പെടുത്തിയിട്ടുള്ളത്. ഇത്ര ത്യാഗം ചെയ്ത് വിജയം നേടിയെടുത്ത ആളുകളോട് നിങ്ങളല്ല; അല്ലാഹുവാണ് യുദ്ധം ചെയ്തതെന്നു പറയുമ്പോള്‍ അതിലതിശയോക്തിയില്ലേ എന്ന് ചിന്തിച്ചുപോകും. സത്യത്തില്‍, അതിലൊട്ടും അതിശയോക്തിയോ ആലങ്കാരികതയോ  ഇല്ല, യാഥാര്‍ത്ഥ്യത്തിന്റെ തനിമയാണാ പറഞ്ഞിരിക്കുന്നത്. യുദ്ധം ചെയ്തത് അവരല്ല, അല്ലാഹുവായിരുന്നു. കാരണം, അവരില്‍ അവര്‍ ഉണ്ടായിരുന്നില്ല. അല്ലാഹു മാത്രമായിരുന്നു 313 ന്റെയും മാനസക്കൊട്ടാരങ്ങളില്‍ വാണരുളിയിരുന്നത്. അവന്റെ താല്‍പ്പര്യങ്ങളും തീരുമാനങ്ങളുമായിരുന്നു അവരെ നയിച്ചത്. അവര്‍ കേവലം മാധ്യമങ്ങളായി വര്‍ത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. 
നീ കുളിപ്പിക്കുന്നവനു മുന്നില്‍ കിടക്കുന്ന മയ്യിത്തിനെ പോലെയാവണം (കുന്‍ കല്‍ മയ്യിത്തി ബൈന യദൈല്‍ ഗാസിലി) എന്ന് സ്വൂഫികള്‍ പറയാറുണ്ട്. മയ്യിത്തിനു സ്വന്തമായി വികാരങ്ങളോ വിചാരങ്ങളോ ഉണ്ടായിരിക്കില്ല. കുളിപ്പിക്കുന്നവനെന്തു ചെയ്യുന്നോ അതിനനുസരിച്ച് അനങ്ങുകയും അടങ്ങുകയും ചെയ്യുന്ന കേവലം വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്ന ബൊമ്മയാണവന്‍. അതുപോലെയാവണം അല്ലാഹുവിന്റെ മുന്നില്‍ ഒരു മനുഷ്യന്‍. അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങള്‍ക്ക് അനുസൃതമായി മാത്രം ചലിക്കുന്ന ഒരു നിശ്ചേതന വസ്തു. അപ്പോള്‍ നമുക്കൊരു സൃഷ്ടിയെയും ഭയക്കേണ്ടിവരില്ല. സര്‍വ സൃഷ്ടിജാലങ്ങള്‍ക്കും നമ്മെ ഭയവുമായിരിക്കും. 313നെ കണ്ടപ്പോള്‍ ആയിരങ്ങള്‍ ഭയന്നുവിറച്ചതിന്റെ പിന്നാമ്പുറ രഹസ്യം അതാണ്. ഒരിക്കലും ഭയക്കേണ്ടവരായിരുന്നില്ല അവര്‍. പക്ഷേ, അവര്‍ക്കവിടെ അനുഭവപ്പെട്ടത്  മറ്റെന്തൊക്കെയോ ചില ശക്തികളുടെ സാന്നിധ്യമായിരുന്നു. പിശാച് പോലും ഭയന്നോടിയെന്നാണു ചരിത്രം. അതിലത്ഭുതവുമില്ല. കാരണം, തൗഹീദിന്റെ ശക്തി കണ്ടാല്‍ പിന്നെ പിശാചിന് ആധിപത്യം കുറയും. അതിന്റെ വക്താക്കളെ കണ്ടാല്‍ ഭയപ്പാടു കൊണ്ട് വഴിമാറി സഞ്ചരിക്കുക പോലും ചെയ്യും അവന്‍. തൗഹീദിന്റെ ഊര്‍ജസ്വലനുമായ വക്താവായിരുന്നല്ലോ ഹള്‌റത്ത് ഉമര്‍(റ). അദ്ദേഹത്തെ കണ്ടാല്‍ പിശാച് വഴിമാറിപ്പോകുമായിരുന്നുവത്രെ. എന്റെ സജ്ജനങ്ങളായ അടിമകളെ വിഴിപിഴപ്പിക്കാന്‍ നിനയ്ക്കാവില്ലെന്ന് പിശാചിനോട് ആദ്യമെ അല്ലാഹു ഓര്‍മപ്പെടുത്തുകയും ചെയ്തിട്ടുണ്ടല്ലോ. 
മനസ്സില്‍നിന്ന് സര്‍വസ്വത്തെയും കുടിയിറക്കി അല്ലാഹുവിനെ മാത്രം കുടിയിരുത്തുകയാണ് 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന കലിമയിലൂടെ ഒരു ബദ്‌രിയ്യ് നിര്‍വഹിക്കുന്നത്. അല്ലാഹുവല്ലാത്ത മറ്റൊന്നുമില്ല എന്ന വികാരമാണപ്പോള്‍ തല്‍സ്ഥാനത്ത് ജനിക്കുക. ഈ തലത്തിലെത്തുമ്പോള്‍ അവന്റെ ശരീരാവയവങ്ങളെല്ലാം അല്ലാഹുവായി മാറിക്കഴിഞ്ഞിട്ടുണ്ടാകും. ''ഞാനവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കാതും അവന്‍ കാണുന്ന കണ്ണും അവന്‍ പിടിക്കുന്ന കൈയ്യും അവന്‍ നടക്കുന്ന കാലും ഞാനാകും. അവനെന്നോട് ചോദിച്ചാല്‍ ഞാനവന് നല്‍കും. അവനെന്നോട് അഭയം ചോദിച്ചാല്‍ ഞാനവന് അഭയം നല്‍കുന്നതാണ്'' എന്ന് ഒരു ഖുദ്‌സിയായ ഹദീസിലൂടെ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. തന്റേതെല്ലാം അല്ലാഹുവായി മാറുന്ന ഘട്ടത്തിലെത്തുമ്പോള്‍ പിന്നെ എന്തിന് ആള്‍ബലം? യുദ്ധോപകരണങ്ങളും സാധനസാമഗ്രികളുമെന്തിന്? എല്ലാം അല്ലാഹുവല്ലെ നിര്‍വഹിക്കുന്നത്? ഇതാണ് 'നിങ്ങളല്ല അവരെ വധിച്ചത്, അല്ലാഹുവാണ്' എന്നു പറഞ്ഞതിന്റെ സാരം. 
ബദ്‌രിയ്യിന്റെ കൈവശമുണ്ടാകുന്ന മറ്റൊരായുധമായിരുന്നു ക്ഷമ. ഏതു വലിയ പ്രതിസന്ധിയെയും  നേരിടാനും സഹിക്കാനുമുള്ള അനിതരസാധാരണമായ ക്ഷമ. ക്ഷമയുടെ പ്രതിഫലം കണക്കറ്റതാണെന്ന് ഖുര്‍ആനില്‍ കാണാം. ഏതിനും നിശ്ചിത പ്രതിഫലമുണ്ടെങ്കില്‍ ക്ഷമയുടേത് അനിശ്ചിതമാണ്. 'ബി ഗൈ്വരി ഹിസാബ്' എന്നാണ് ഖുര്‍ആന്‍ പറഞ്ഞ വാക്യം. 'ഇന്നല്ലാഹ മഅസ്സ്വാബിരീന്‍' എന്ന് മറ്റൊരു സൂക്തത്തില്‍ കാണാം. തീര്‍ച്ചയായും അല്ലാഹു ക്ഷമാലുക്കള്‍ക്കൊപ്പമാണ്. ശരിക്കും പറയേണ്ടിയിരുന്നത് ക്ഷമാലുക്കള്‍ അല്ലാഹുവിനൊപ്പമാണെന്നായിരുന്നു (ഇന്നസ്സ്വാബിരീന മഅല്ലാഹ്). പ്രധാനമന്ത്രി എന്റെ കൂടെയാണെന്നു പറയുന്നതും ഞാന്‍ പ്രധാനമന്ത്രിയുടെ കൂടെയാണെന്നു പറയുന്നതും വ്യത്യാസമുണ്ടല്ലോ. ഇവിടെ അല്ലാഹു പറയുന്നത് ക്ഷമാലുക്കള്‍ക്കൊപ്പമാണു താനെന്നാണ്. അല്ലാഹുവിന്റെ മഇയ്യത്ത്(കൂട്ട്) ലഭിക്കുന്നതിനെക്കാള്‍ വലിയ ഒരു പ്രതിഫലം വേറെയില്ല. കാരണം, മുതലാളി കൂടെയുണ്ടെങ്കില്‍  തൊഴിലാളിക്ക് കയ്യിലൊന്നും കരുതേണ്ടതില്ല, കൂടെ നിന്നുകൊടുത്താല്‍ മാത്രം മതിയാകും. ബദ്‌റിലും സംഭവിച്ചത് അതാണ്. ക്ഷമയുടെ പര്യായങ്ങളായി അവര്‍ മാറിയപ്പോള്‍ അല്ലാഹുവിന്റെ മഇയ്യത്താണ് അവര്‍ക്ക് ലഭ്യമായത്. അതുകൊണ്ടുതന്നെ  ആയുധങ്ങളുടെയും മറ്റു സൗകര്യങ്ങളുടെയും ദൗര്‍ലഭ്യത അവര്‍ക്ക് ഭീഷണിയായതേയില്ല. കാരണം, ഒന്നുമില്ലെങ്കിലും അല്ലാഹു കൂടെയുണ്ടല്ലോ. അവന്‍ തന്നെ നടത്തിക്കൊള്ളും എല്ലാം എന്ന ചിന്ത അവര്‍ക്ക് കൂടുതല്‍ വിശ്വാസവും ആവേശവും ആരോഗ്യവും പകര്‍ന്നുകൊടുത്തു. 
അല്ലാഹുവിന്റെ മഇയ്യത്ത് തങ്ങള്‍ക്കൊപ്പമുണ്ടെന്ന അടിയുറച്ച വിശ്വാസം, എല്ലാം അവനില്‍ ഭരമേല്‍പ്പിക്കാനാണ് അവരെ പ്രേരിപ്പിച്ചത്. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചാല്‍ പിന്നെ കാര്യമായി ഒന്നും അറിയേണ്ടിവരില്ലല്ലോ. 'വമന്‍ യതവക്കല്‍ അലല്ലാഹി ഫഹുവ ഹസ്ബുഹു' എന്നാണ് ഖുര്‍ആനിക സൂക്തം. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതിയാകും. മറ്റൊന്നും ആവശ്യമായിവരികയില്ല. അതേസമയം, ശത്രുവിന് ഭരമേല്‍പിക്കാന്‍ യോഗ്യമായതൊന്നും ഉണ്ടായിരുന്നില്ല. അവര്‍ക്ക് അവരുടെ ആള്‍ബലത്തിലും ആയുധങ്ങളുടെ ആധിക്യത്തിലുമായിരുന്നു വിശ്വാസം. അതാണവരെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടതും. 
ഒരു ബദ്ര്‍ നടന്നുകഴിയുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അത്ഭുതാവഹമാണ്. അതുവരെയുണ്ടായിരുന്ന എല്ലാ അസ്വസ്ഥതകളും ആസ്വാരസ്യങ്ങളും നീങ്ങിക്കിട്ടും; സാമ്രാജ്യത്വം പത്തിമടക്കും; അഹങ്കാരങ്ങള്‍ നിന്ദ്യതയുടെ പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടപ്പെടും; തെളിഞ്ഞ നീലാകാശം പോലെ മനം ശുദ്ധമായിക്കഴിഞ്ഞിരിക്കും. പിന്നെ ഭീതിയുടെയും ഭയപ്പാടിന്റെയും മുള്‍മുനയില്‍ കിടന്നു വേപഥു കൊള്ളേണ്ടിവരില്ല. ആത്മാഭിമാനത്തോടെ ആര്‍ക്കു മുന്നിലും തലയുയര്‍ത്തിപ്പിടിച്ചു നടക്കാം. അതുവരെ താന്‍ ഭയന്നിരുന്നവര്‍ തന്നെ ഭയക്കാന്‍ തുടങ്ങും; അതുവരെ പീഡിപ്പിച്ചവര്‍ ബഹുമാനാദരവോടെ കാണാന്‍ തുടങ്ങും. എവിടെയും അഭിമാനകരമായ ഒരസ്തിത്വം സ്ഥാപിക്കുവാനും സാധിക്കും. വലില്ലാഹില്‍ ഇസ്സത്തു വലിറസൂലിഹീ വലില്‍ മുഅ്മിനീന്‍ എന്നാണ് സൂറത്തുല്‍ മുനാഫിഖൂന്‍ എട്ടാം സൂക്തം. പ്രതാപവും അഭിമാനവും ഹൃദയവിശുദ്ധി കൈവരിച്ച സത്യവിശ്വാസികള്‍ക്കാണ്. അവര്‍ക്ക് നേതൃത്വം വഹിക്കുന്ന പുണ്യപ്രവാചകനും പ്രപഞ്ചപരിപാലകനായ പടച്ചതമ്പുരാനുമാണ്. അബൂജഹലും സംഘവും എത്രതന്നെ കഠിനാദ്ധ്വാനം ചെയ്താലും നിന്ദ്യതയും നീചതയും മാത്രമെ അവര്‍ക്ക് ലഭിക്കുകയുള്ളൂ. സത്യവിശ്വാസികള്‍ക്കാകട്ടെ, ജയിച്ചാലും പരാജയപ്പെട്ടാലും പ്രതിഫലമാണ്; ജീവന്‍ പോയാലും പോയില്ലെങ്കിലും ലാഭമാണ്. 
അതെ, ബദ്ര്‍ നഷ്ടക്കച്ചവടമല്ല, ലാഭം മാത്രം വിളയുന്ന കൃഷിയിടമാണ്. എത്രമാത്രം ആത്മാര്‍പ്പണം ചെയ്യുന്നു എന്നതു മാത്രമെ അതില്‍ പരിഗണനീയമാകുന്നുള്ളൂ. അതിനാല്‍, ബദ്‌റിലേക്ക് ഒരുങ്ങിപ്പുറപ്പെടുക. മാസം റമളാന്‍ ആയതുകൊണ്ടുതന്നെ അതിനേറ്റവും പറ്റിയ അവസരവും ഇതുതന്നെയാണ്. ശത്രുക്കള്‍ മനസ്സകത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആയുധങ്ങളും നിങ്ങള്‍ക്കകത്തു തന്നെയുണ്ട്. യുദ്ധക്കളവും സജ്ജമാണ്. പോരാടാന്‍ സത്യവിശ്വാസി ഉണരേണ്ട താമസമെ ഇനിയുള്ളൂ. 
കാമ്പ്താഹെ ദില്‍ തെരാ അന്തേശയെ ത്വൂഫാന്‍ സെ ക്യാ
നാഖുദാ തൂ ബഹ്ര്‍ തൂ കശ്തീ ബി തൂ സാഹില്‍ ബി തൂ
(കപ്പിത്താന്‍ നീയാണ്. കടലും നീയാണ്. കപ്പലും നീ തന്നെ. തീരവും തഥൈവ. എന്തിനു പിന്നെ പ്രളയപ്പേടിയില്‍ നിന്റെ ഹൃദയം വിറകൊള്ളണം?)
 -അല്ലാമാ ഇഖ്ബാല്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter