ബദ്ർ നൽകുന്ന സന്ദേശം

ലോക ചരിത്രത്തിൽ അസംഖ്യം പോരാട്ടങ്ങളും പടയോട്ടങ്ങളും പടപ്പുറപ്പാടുകളും ഉണ്ടായിട്ടുണ്ട്, വർഗ്ഗ വർണ്ണ രാഷ്ട്രീയ സാമൂഹിക കാരണങ്ങളാൽ പൊട്ടിപ്പുറപ്പെട്ട ആ സമരങ്ങളൊക്കയും കാലാന്തരങ്ങളിൽ വിസ്മൃതിയിലേക്ക് ആണ്ടുപോവുകയോ വികലമായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്തതായി കാണാം. എന്നാൽ ശതാബ്ദങ്ങൾ കഴിഞ്ഞിട്ടും, സർവായുധ വിഭൂഷിതരായ അസത്യത്തിന്റെ വാക്‌താക്കൾക്കെതിരിൽ സത്യവാഹകരായ ഒരു ചെറു സംഘം ആർജിച്ചെടുത്ത ഐതിഹാസിക വിജയം അതുല്യ പോരാട്ടവീര്യമായി ലോകം സ്മരിച്ചു കൊണ്ടിരിക്കുകയാണ്.

ഹിജ്‌റ രണ്ടാം വർഷം റമദാൻ പതിനേഴിന് വെള്ളിയാഴ്ച നബിയും മുന്നൂറിൽപരം അനുയായികളും വ്രതമനുഷ്ഠിച്ച് ആയിരത്തോളം വരുന്ന പടയങ്കിധാരികളായ സൈനിക വ്യൂഹത്തോട് ബദ്റിൽ വെച്ച് ഏറ്റുമുട്ടിയത് തീർത്തും അവിചാരിതമായിരുന്നു.
സത്യമത പ്രബോധനത്തിന്റെ പേരിൽ നബിയേയും അനുചരൻമാരേയും അതിക്രൂരമായി അക്രമിക്കുകയും അടിച്ചമർത്തുകയും ചെയ്തപ്പോൾ ജന്മസ്ഥലവും വീടും സമ്പാദ്യവും ഉപേക്ഷിച്ച് ആത്മരക്ഷാർത്ഥം അവർ മദീനയിലേക്ക് പലായനം നടത്തി. പക്ഷെ അവിടേയും സ്വസ്ഥമായി ജീവിക്കാൻ ശത്രുക്കൾ അനുവദിച്ചില്ല, പലായനം ചെയ്ത മുസ്‍ലിംകളുടെ വീടും സമ്പാദ്യവും കൊള്ളയടിച്ച് മൂലധനമാക്കി യുദ്ധഫണ്ട് കണ്ടെത്തി  മുസ്‍ലിംകളെ അടിച്ചമർത്താൻ അവർ അണിയറയിൽ കരുനീക്കങ്ങൾ നടത്തി.
ഇതറിഞ്ഞ പ്രവാചകൻ സിറിയയിൽനിന്ന് മദീനവഴി  കച്ചവടം കഴിഞ്ഞ് പോകുന്ന ഖുറൈശികളെ തടഞ്ഞ് ശത്രുവിന്റെ സാമ്പത്തിക ശേഷി കുറക്കണമെന്ന്‌ തീരുമാനിക്കുകയും അതുവഴി മുസ്‍ലിംകളുമായി സന്ധിക്ക് ശത്രുകൾ മുതിരുമെന്നും കരുതി.
അങ്ങനെയാണ് യാതൊരു യുദ്ധമുന്നൊരുക്കവുമില്ലാതെ നബിയും മുന്നൂറ്റിപ്പതിമൂന്ന് അനുയായികളും ബദ്‌റിലേക്ക് നീങ്ങിയത്. പക്ഷെ ഇതറിഞ്ഞ അബൂസുഫ്‍യാൻ രഹസ്യ ദൂതൻ വഴി മക്കകാർക്ക് വിവരം നൽകുകയും മറ്റൊരു വഴിയിലൂടെ അദ്ധേഹവും സംഘവും രക്ഷപ്പെടുകയും ചെയ്തു.


അബൂജഹലിന്റെ നേതൃത്വത്തിൽ മക്കയിൽ നിന്ന് നൂറ് അശ്വഭടന്മാരും അറുന്നൂറ് പടയങ്കിധാരികളുമടങ്ങുന്ന ആയിരത്തോളം യോദ്ധാക്കൾ നബിയേയും സംഘത്തേയും ലക്ഷ്യമാക്കി പുറപ്പെടുകയും ഒടുവിൽ ബദ്റിൽ വെച്ച് അത് യുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. ഇതായിരുന്നു ബദ്ർ യുദ്ധത്തിന്റെ പശ്ചാത്തലം. അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അത്യാപത്കരമായ സന്ദർഭത്തിലെ ചെറുത്തു നിൽപ്പായിരുന്നു അക്ഷരാർത്ഥത്തിൽ ബദ്ർ എന്നര്‍ത്ഥം.

Also Read:ബദ്‌ര്‍: വിശ്വസവും നിശ്ചയദാര്‍ഢ്യവും നല്‍കിയ അതുല്യ വിജയം

അതിലുപരിയായി കാലപ്പഴക്കമുള്ള വർഗ്ഗ വർണ്ണ ബോധത്തിന്റേയും ഗോത്ര ഗർവിന്റേയും
വാക്താക്കൾക്കെതിരിൽ ഐക്യബോധത്തിന്റേയും സാഹോദര്യ ബന്ധത്തിന്റേയും സത്യമതാദർശ ശാലികൾ കൈവരിച്ച വിജയവും.

വെറും പോരാട്ടത്തിന്റേയും പ്രതിരോധത്തിന്റേയും സഹനത്തിന്റേയും 
സന്ദേശം മാത്രമല്ല ബദ്ർ നമുക്ക് നൽകുന്നത്.  പ്രതിസന്ധികളെ തൃണവത്ഗണിച്ച് വിശ്വാസവഴിയിൽ അടിയുറച്ചു നിൽക്കുന്നവരെ സ്രഷ്ടാവായ തമ്പുരാൻ ഒരിക്കലും കൈ വെടിയില്ലന്നും, എണ്ണത്തിലും വണ്ണത്തിലും ആൾ പെരുപ്പത്തിലും വിജയം വരിക്കാനാവില്ലെന്നും അചഞ്ചലമായ ഈമാനികാവേശവും സുദൃഢമായ ആത്മവിശ്വാസവും ആർജിച്ചെടുത്താലേ അന്തിമ വിജയം കരസ്ഥമാകൂ എന്ന മഹാ സത്യവും അത് നമ്മെ പഠിപ്പിക്കുന്നുണ്ട്.

കൂടാതെ അപ്രതീക്ഷിത യുദ്ധമുഖത്തു പതറിപ്പോയ അനുയായികളെ ആത്മീയോപദേശം കൊണ്ട് പാകപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പക്വതയുള്ള നേതാവിനെയും അർപ്പണബോധമുള്ള അനുയായികളേയും പരിചയപ്പെടുത്തുന്നുമുണ്ട് ബദ്റ്.

പ്രയാസങ്ങൾ അഭിമുഖീകരിക്കുമ്പോൾ അവശനായി അസ്വസ്ഥനാകേണ്ടവനല്ല സത്യവിശ്വാസി,
മറിച്ച് പരാതികളേതും പടച്ചവനിലർപ്പിച്ച് പരിഹാരം പ്രത്യാശിച്ച് പ്രാർത്ഥിച്ചും പ്രവർത്തിച്ചും ജീവിതം പ്രതീക്ഷയുറ്റതാക്കേണ്ടവനാണ്. മൂന്ന് കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രം കൈവശമുള്ള മുന്നൂറിൽ പരമുള്ള സ്വഹാബികളെ സാക്ഷിയാക്കി രണാങ്കണത്തിൽ വെച്ച് നബി തിരുമേനി നടത്തിയ,   "അല്ലാഹുവേ.. നിന്നിൽ വിശ്വസിച്ച ഈ ചെറുസംഘം നശിച്ചു പോയാൽ നിന്നെ ആരാധിക്കാൻ ഈ ഭൂമിയിൽ ആരുമുണ്ടാകില്ല" എന്ന പ്രാർത്ഥന, പ്രശ്നകലുഷിത സാഹചര്യങ്ങളിലും ഒരു ഉത്തമ വിശ്വാസി അനുവർത്തിക്കേണ്ട ഉദാത്ത മാതൃക പ്രാർത്ഥനയിൽ അഭയം പ്രാപിക്കലാണെന്ന് അടിവരയിട്ട് നമ്മെ ഉണർത്തുന്നുണ്ട്.

സത്യവും അസത്യവും തമ്മിലുള്ള സംഘട്ടനം എന്നതിനപ്പുറം ചില രാഷ്ട്രീയ സാമൂഹിക മാനങ്ങൾ കൂടി ബദ്‌ർ സൂചിപ്പിക്കുന്നുണ്ട്. സത്യമെന്ന് ബോധ്യപ്പെട്ട് ഒരു കാര്യം വിശ്വസിക്കാനും അതിനനുസൃതമായി സാഭിമാനം ജീവിക്കാനുമുള്ള ഒരു വ്യക്തിയുടേയും സമൂഹത്തിന്റെയും അവകാശത്തെ ദേശീയ വാദത്തിന്റേയും വർഗ്ഗീയ ബോധത്തിന്റേയും ഗോത്ര മഹിമയുടെയും അധമ വാദങ്ങളെ കൊണ്ട് ഇല്ലായ്മ ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ, സമത്വ സുന്ദരമായ നീതി പുലരുംവരെ അതിജീവനത്തിനു വേണ്ടി സമരം അനിവാര്യമാണെന്ന മഹാ പ്രഖ്യാപനവും .

ചുരുക്കത്തിൽ സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ ബദ്ർ വലിയ പാഠങ്ങൾ നമുക്ക് പകർന്നു നൽകുന്നുണ്ട്. ഒരിക്കലും വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും വർത്തമാനം ഇസ്‍ലാം ഇഷ്ടപ്പെടുന്നില്ല, കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും മനോഹര സംസാരം കേൾക്കാനാണ് സത്യവിശ്വാസി സദാ കാതോർക്കേണ്ടത്.  യുദ്ധത്തിനൊടുവിൽ വിജയശ്രീലാളിതരായി മുസ്‍ലിംകൾ മടങ്ങുമ്പോഴും ഇത്തരം മനോഹരമാർന്ന നിരവധി മുഹൂർത്തങ്ങൾ ബദ്റിൽ നിന്ന് നമുക്ക് ദർശിക്കാൻ കഴിയും.

ശത്രുക്കളുടെ പതാക വഹിച്ചിരുന്ന അബൂ അസീസ് പറയുന്നുണ്ട്: ബദര്‍ യുദ്ധത്തില്‍ മുസ്‌ലിംകളുടെ എതിര്‍പക്ഷത്തായിരുന്നു ഞാന്‍, മുസ്‌ലിംകള്‍ വെന്നിക്കൊടി നാട്ടിയപ്പോൾ ഞാന്‍ ബന്ദിയാക്കപ്പെട്ടു, എന്നെ തടവിലാക്കിയത് ഒരു അന്‍സാരിയുടെ വീട്ടിലായിരുന്നു, അദ്ദേഹം ഈത്തപ്പഴം മാത്രം ഭക്ഷിച്ച് മുന്തിയ ഭക്ഷണമായ റൊട്ടി എനിക്ക് നല്‍കുമായിരുന്നു.തടവുകാരില്‍ ചിലര്‍ക്ക് നിർദേശിക്കപ്പെട്ട മോചനദ്രവ്യം പോലും നിരക്ഷരര്‍ക്ക് എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നതായിരുന്നു. 

യുദ്ധാനന്തരം ബന്ദികളായിപിടിക്കപ്പെട്ട ശത്രുക്കളോട് മുസ്‌ലിംകള്‍ കാണിച്ച സ്നേഹമസൃണമായ മാതൃകയുടെ ഉദാഹരണങ്ങളാണിവ. വൈര്യ നിര്യാതന ബുദ്ധിയോ അപരമത വിദ്വേഷമോ ഇവിടെ നമുക്ക് വായിക്കാനാവില്ല. തങ്ങളുടെ ആശയാദർശങ്ങളിൽ അടിയുറച്ചു നിൽക്കുമ്പോഴും മാനുഷികമൂല്യങ്ങളും സാഹോദര്യ ബന്ധങ്ങളും ഊട്ടി ഉറപ്പിക്കാൻ അവർ സന്നദ്ധമായിരുന്നു എന്നതാണ് ഈ സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. അതിനാൽ  വിദ്വേഷം മൂത്ത് എതിരാളികളെ നിഷ്കരുണം വെട്ടി കൊലപ്പെടുത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിക്കാനുള്ള അമരധ്വനിയായി ഈ ബദർ ദിന സന്ദേശത്തെ നമുക്ക് അടയാളപ്പെടുത്താം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter