ഖദ്റിന്റെ രാവ് വരവായി

ഒരു സുപ്രഭാതത്തിൽ രാജാവ് പ്രഖ്യാപിക്കുന്നു : "നാളെ തുടങ്ങി ഒരു മാസക്കാലയളവിൽ  പ്രജകൾക്ക് ഖജനാവിൽ നിന്ന് സ്വർണനാണയങ്ങൾ സൗജന്യമായി എടുത്തു കൊണ്ടുപോകാവുന്നതാണ്. കൊണ്ടു പോകുന്നതിനു ഒരല്പം മുമ്പ് എന്നെ പ്രീതിപ്പെടുത്തണമെന്ന് മാത്രം. അവസാന പത്തു ദിവസങ്ങളിലെ ഒരു രാത്രിയിൽ കുടുംബസമേതം ഞാൻ കൊട്ടാരത്തിൽ വസിക്കുന്നതിനാൽ അന്നെന്നെ പ്രീതിപ്പെടുത്തുന്നവര്‍ക്ക് അഭൂതപൂർവ്വ സമ്മാനങ്ങളുമായല്ലാതെ തിരിച്ചയക്കാതിരിക്കില്ല ഞാൻ. എന്താണെന്ന് പറയുന്നില്ലെന്ന് മാത്രം". 
താമസിയാതെ, ജനസാഗരം കൊട്ടാരത്തിന് മുന്നിൽ ആർത്തിരമ്പി വന്നെത്തി. വിവിധ ഇനം പ്രകീർത്തന ശ്ലോകങ്ങളെങ്ങും. തിരിച്ചുപോരുമ്പോൾ കൈകൾ നിറയെ സ്വർണനാണയങ്ങളും . ഒരു നാഴികപ്പുറത്ത് വസിക്കുന്ന ഒരുവൻ   മാത്രം അമാന്തിച്ചു നിൽക്കുന്നു, തീരാത്ത മടി തന്നെ കാരണം. ഇവന്റെ വാതില്‍പ്പടിക്കലൂടെ കടന്നുപോവുന്ന സർവരും മൂക്കത്ത് കൈവെച്ചു മന്ത്രിച്ചു: ഹതഭാഗ്യൻ ! ഹതഭാഗ്യൻ !
ഇതുപോലെ തന്നെയാണ് അനുഗ്രഹീത റമദാൻ അറ്റമില്ലാ പുണ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടും മടി കാരണം തിരിഞ്ഞു നിൽക്കുന്ന നമ്മുടെ കൂട്ടത്തിലെ "ഹതഭാഗ്യന്റെ" കഥയും. റമദാനിലെ ഓരോ നിമിഷവും വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനർഘ നേരമാണത്രേ. പതിന്മടങ്ങ് പ്രതിഫലമുള്ള ആരാധനാനുഷ്ഠാനങ്ങളും . മൗന വ്രതവും കണ്‍മയക്കവും ആരാധനകളായി  പരിണമിക്കുമെന്ന് പ്രമാണ ഗ്രന്ഥങ്ങൾ ഓതി തരുന്നു. കാരുണ്യത്തിന്റേയും  പാപമോചനത്തിന്റേയും നരക മുക്തിയുടേയും രാത്രങ്ങൾ വേറെയും. ഇതിലുപരി, ഉമ്മതീ മുഹമ്മദിന്റെ ഉന്നമനത്തിനായി ദിവ്യവരമായി നൽകപ്പെട്ട ഖദ്റിന്റെ രാത്രി. 
ഖദ്റിന്റെ രാത്രി ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമേറിയ ശുഭരാത്രിയാണ്. പ്രസ്തുത  രാത്രിയിലെ  കർമ്മം 83   കൊല്ലങ്ങൾക്ക് അഥവാ ഏകദേശം 30,000 ദിവസങ്ങൾക്ക് സമാനമാണെന്ന് ചുരുക്കം. ഒറ്റരാത്രി കൊണ്ട് മുപ്പതിനായിരം ദിവസങ്ങൾക്കു സമാനമായ പ്രവർത്തന കർമ്മങ്ങളിലേർപ്പെടാൻ മടികാണിക്കുന്ന ഹതഭാഗ്യന്റെ അവസ്ഥ കഷ്ടം തന്നെ. ഖുർആനിന്റെ അവതരണവും ആയിരം മാസങ്ങൾക്കു തുല്യമാണെന്നതും ദൈവീക കൽപ്പനപ്രകാരം ജിബ്രീൽ (അ ) ഉൾപ്പെടെ നിരവധി മലക്കുകൾ ഈ രാത്രിയുടെ മഹത്വം പരിഗണിച്ച് ഭൂമിയിലേക്ക് ഇറങ്ങി വരുന്നതും മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കുമൊക്കെ അന്ന് പ്രത്യേക ശാന്തിയും സമാധാനവും സന്തുഷ്ടിയും ലഭിക്കുമെന്നതും ഈ അനുഗ്രഹീത  രാത്രിയുടെ ഖുർആനിൽ പ്രസ്താവിക്കപ്പെട്ട സുപ്രധാന ശ്രേഷ്ഠതകളാണ്. 
ഇത്തരം സുപ്രധാനവും അനുഗ്രഹീതവുമായ രാത്രിയെ കർമ്മങ്ങളാല്‍ ജീവസ്സുറ്റതാക്കാൻ വേണ്ടി അവസാന പത്തിൽ   തന്റെ കുടുംബക്കാരെ ഉണർത്തി പുണ്യങ്ങൾ കൊയ്തെടുക്കാൻ തിരുമേനി(സ്വ) ഇറങ്ങി ചെല്ലാറുണ്ടായിരുന്നുവെന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസിൽ കാണുന്നു. പാപസുരക്ഷിതത്വമുള്ള നബിതിരുമേനിയുടെ അവസ്ഥയിതെങ്കിൽ പാപപങ്കിലമായ ജീവിതം പേറി നടക്കുന്ന നമ്മൾ  എന്തുകൊണ്ടും ഈ സുവർണ്ണാവസരം കൈവശപ്പെടുത്തേണ്ടതുണ്ട്.
"അവസാന പത്തിൽ  നിങ്ങൾ ഖദ്റിന്റെ രാത്രി പ്രതീക്ഷിക്കുവിൻ" എന്ന പ്രാമാണിക വെളിച്ചത്തിൽ  അവസാന പത്തിലാണ് ഖദ്റിന്റെ ഈ രാവ് കുടിയിരിക്കുന്നതെന്ന് മിക്ക പണ്ഡിതരും വ്യക്തമാക്കിട്ടുണ്ട്. അതിലെ 21, 23, 25, 27, 29 തുടങ്ങി ഒറ്റയായുള്ള രാത്രിയിലാണ് കൂടുതൽ പ്രതീക്ഷ വെച്ച് പുലർത്തേണ്ടതും. റമദാനിലെ പതിനേഴിന്റെയും പത്തൊമ്പതിന്റെയും രാവുകളിൽ സാധ്യത കണ്ട ചില മഹാന്മാരുമുണ്ട്.  ഇമാം ഗസ്റ്റാലിയും (റ) മറ്റു ചില പണ്ഡിതരും  റമദാനിലെ ആദ്യ രാവ് പരിഗണിച്ച് ചില പ്രത്യേക രാത്രിയിൽ ഖദ്റിന്റെ രാവ് ഉണ്ടാകാനുള്ള സാധ്യതകൾ അനുഭവ വെളിച്ചത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഞായർ/ ബുധൻ രാത്രിയിലാണ് റമദാൻ ഉദയം കൊള്ളുന്നതെങ്കിൽ 29 ന്റെ രാത്രിയിലും, തിങ്കളിലാണെങ്കിൽ  21 ന്റെ രാത്രിയിലും,  ചൊവ്വ / വെള്ളി രാത്രിയിലാണ് റമദാൻ കിരണോദയം ചെയ്യുന്നതെങ്കിൽ 27 ന്റെ  രാത്രിയിലും , വ്യാഴത്തിലാണെങ്കിൽ 25 ന്റെ രാത്രിയിലും, ശനിയിലാണെങ്കിൽ 23 ന്റെ രാത്രിയിലും ഖദ്റിന്റെ  രാത്രി ആയേക്കാമെന്ന് ഇവർ പറയുന്നു. എല്ലാ കൊല്ലവും അവസാനത്തെ പത്തിലെ (അവ്യക്തമായ) ഒരൊറ്റ രാത്രിയിൽ  തന്നെ ക്ലിപ്തമാണെന്ന് പറഞ്ഞവരും ഇല്ലാതെയില്ല.
വ്യക്തമായി ഒരൊറ്റ രാത്രി ഖദ്റിന്റെ രാവായി നിശ്ചയിക്കുകയാണെങ്കിൽ അധികപേരും മടിയന്മാരായി പ്രസ്തുത രാത്രിയിൽ മാത്രം അനുഷ്ഠാനികളായി തീരും. അങ്ങനെയാകാതിരിക്കാൻ വേണ്ടിയാണ് സത്യത്തിൽ ഇത്തരം അനുഗ്രഹീത രാത്രിയെ അല്ലാഹു അവ്യക്തമാക്കി വെച്ചത് പോലും.
ഖദ്റിന്റെ രാവാണെന്നറിഞ്ഞാൽ ഞാൻ എന്ത് ചെയ്യണമെന്ന് തിരുനബി(സ്വ) യോട് പത്നി ആയിശ(റ) ചോദിച്ചപ്പോൾ അവിടുന്ന് കൊടുത്ത മറുപടി ഇതായിരുന്നു: اللهم إنك عفو تحب العفو فاعف عني (അല്ലാഹുവേ, നീ മാപ്പരുളുന്നവനും മാപ്പു ചെയ്തു കൊടുക്കാൻ ഇഷ്ടപ്പെടുന്നവനുമാണല്ലോ. അതിനാൽ എനിക്കു മാപ്പു ചെയ്തു താ)  എന്ന ദിവ്യ മന്ത്രം (ദിക്റ് ) ജപിച്ചു കൊണ്ടിരിക്കുക.
ഇനിയുള്ള രാത്രികളിൽ ഒരല്പം ഖുർആൻ പാരായണവും സ്വല്പം ദിക്റ് സ്വലാതുകളും ഒപ്പം കുറച്ചെങ്കിലും ദാനധർമ്മങ്ങളും ചെയ്തു ഈ അനുഗ്രഹീത രാത്രിയെ ധന്യമാകേണ്ടതുണ്ട്. കൂട്ടത്തിൽ, പതിന്മടങ്ങു പ്രതിഫലമുള്ള  കൂട്ട (ജമാഅത്തായുള്ള) നമസ്കാരങ്ങൾ കൊണ്ടും നമ്മുടെ വീടകങ്ങൾ മുഖരിതമാകട്ടെ, നാഥാ നീ അനുഗ്രഹിക്കണേ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter