ലൈലത്തുൽ ഖദർ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ :

ലൈലത്തുൽ ഖദർ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ :

1. പേരിന് പിന്നിൽ അടിമകളുടെ  ഒരു വർഷത്തെ സകല കാര്യങ്ങളും  കണക്കാക്കപ്പെടുന്ന രാത്രി എന്നതാണ് ലൈലത്തുൽ ഖദർ എന്ന നാമധേയത്തിന് പിന്നിൽ. (ആ രാത്രിയിലാണ് നമ്മുടെ പക്കൽ നിന്നുള്ള ഉത്തരവെന്ന നിലക്ക് എല്ലാ വിഷയങ്ങളും വേർതിരിക്കപ്പെടുന്നത് സൂറ: ദുഖാൻ.4 )

രണ്ട് തരം വിധിനിർണ്ണയങ്ങളാണ് മനുഷ്യനായി അള്ളാഹു തയ്യാറാക്കിയിട്ടുള്ളത്:
ഒന്ന്, സുനിശ്ചിതമായ വിധി.  
രണ്ട് ,അനിശ്ചിതമായ വിധി.
വരും വർഷത്തിൽ അപകടകരമായതെന്തെങ്കിലും നിങ്ങളുടെ ജീവിതത്തിൽ വരുത്താൻ അള്ളാഹു വിധിച്ചിട്ടുണ്ടെന്ന് സങ്കൽപ്പിക്കുക. ലൈലത്തുൽ ഖദറിൽ ഭക്ത്യാദരവുകളോടെ ജീവിത വിജയത്തിനും അപകടങ്ങളിൽ നിന്നുള്ള കാവലിനും വേണ്ടി നിങ്ങൾ ദുആ ചെയ്‌താൽ  നിങ്ങൾക്കായി വിധിച്ചിരുന്ന ആ അപകടം അള്ളാഹു ഇല്ലായ്മ ചെയ്യുകയായി. (താനുദ്ദേശിക്കുന്നത് അള്ളാഹു മായ്ചുകളയുകയും അല്ലാത്തത് സ്ഥിരപ്പെടുത്തുകയും ചെയ്യും. മൂലപ്രമാണമുള്ളത് അവങ്കലാകുന്നു. സൂറ റഅദ് 39). അനിശ്ചിതമായ ഇത്തരം വിധികളിൽ മാറ്റം കൊണ്ട് വരാൻ ലൈലത്തുൽ  ഖദറിലെ പ്രാര്ഥനകൾക്കാവും.


2. 84 വർഷത്തെ ആരാധനകളുടെ പ്രതിഫലം.

പ്രതിഫലങ്ങളുടെ മൂല്യം വെച്ച് നോക്കിയാൽ അത്രമേൽ വിലയേറിയതാണ് ഈ രാത്രി. ഒരു രാത്രിക്ക് 84 വര്ഷങ്ങളുടെ മൂല്യം. ഒരു മണിക്കൂർ നേരത്തെ ആരാധനകൾക്ക് 7 വർഷത്തെ ആരാധനകളുടെ മൂല്യം.  ഒരു മിനിറ്റ് നേരത്തെ ആരാധനക്ക് പോലും 50 ദിവസത്തെ ആരാധനയുടെ പ്രതിഫലമുള്ള രാത്രിയായണിത്. ആത്മാർത്ഥതയുള്ള സത്യവിശ്വാസിക്ക് ഇതിൽ പരം എന്ത് വേണം?


3. ലൈലത്തുൽ ഖദർ ഏത് ദിവസം?

വിശുദ്ധ റമദാനിലെ ഏത് ദിവസമാണ് ലൈലത്തുൽ ഖദർ എന്ന് തിട്ടമായി പറയുക സാധ്യമല്ല. റമദാൻ 27ന് ലൈലത്തുൽ ഖദർ എന്ന് കൃത്യപ്പെടുത്തുന്ന ഹദീസുകളോ മറ്റോ ഇല്ല താനും. റമദാൻ 27പണ്ഡിതന്മാരുടെ ഗവേഷണഫലമായി രൂപപ്പെട്ട ഒരു ദിവസം മാത്രമാണ്.
റമദാൻ 27 നാണ് ലൈലത്തുൽ ഖദർ എന്ന ഉബയ്യ് ബിൻ കഅബി(റ) ന്റെതായി പറയപ്പെടുന്ന ഹദീസ് പ്രസ്താവ്യമായ വർഷത്തെ മാത്രമായി മനസ്സിലാക്കപ്പെടണമെന്നാണ് പ്രബലാഭിപ്രായം. അതൊരു പൊതു രീതിയാവാൻ തരമില്ല.


4. എല്ലാ വർഷവും ഒരേ ദിവസമായിരിക്കുമോ?

പ്രബലമായ അഭിപ്രായത്തിൽ ലൈലത്തുൽ ഖദറിന്റെ ദിവസം സുസ്ഥിരമല്ല. വര്ഷം തോറും അതിൽ മാറ്റം വരാനുള്ള സാധ്യതയാണ് കൂടുതലും. ഒരു തവണ 27 ന് ആണെങ്കിൽ അടുത്ത തവണ 25 നോ 23 നോ ആവാം. അവസാനത്തെ പത്തിലെ ഒറ്റപ്പെട്ട രാത്രികളിൽ പ്രതീക്ഷിക്കുക എന്ന നബി വചനം ഈ അസ്ഥിരതയാണ് സൂചിപ്പിക്കുന്നത്.


5. ഒറ്റപ്പെട്ട രാത്രികളിൽ മാത്രം ആരാധന…

വലിയൊരു വിഢിത്തമാണത്. 9 പാഠങ്ങൾ പഠിച്ച് എഴുതേണ്ട ഒരു പരീക്ഷയ്ക്ക് പ്രധാനപ്പെട്ട നാല് പാഠങ്ങൾ പഠിച്ച് ഹാജരാവുന്ന ഒരാൾ മുഴുവൻ മാർക്ക് ലഭിക്കണമെന്ന് ചിന്തിച്ചാൽ എങ്ങിനെയിരിക്കും? മറ്റു പാഠങ്ങളിൽ നിന്നും ചോദ്യം വരാമല്ലോ!
മാത്രവുമല്ല, ഒറ്റപ്പെട്ട രാത്രികളെ നിലവിലെ കലണ്ടർ അനുസരിച്ച് മനസ്സിലാക്കുന്നതും പൂർണ്ണമായി ശരിയല്ല. ചില സ്വഹാബികളും കർമ്മ ശാസ്ത്ര വിശാരദരും അഭിപ്രായപ്പെട്ടത് പ്രകാരം 22,24,26,28  എന്നിവയാണ് ഒറ്റപ്പെട്ട ദിവസങ്ങൾ. നമ്മുടേതിൽ നിന്നും തീർത്തും വിഭിന്നമായ കാലഗണനയുള്ള അറബികളുടെ പഴയ കലണ്ടർ പ്രകാരമത്രെ അത്. ആ കാല ഗണനക്ക് അനുസരിച്ചുമാവാമല്ലോ ഹദീസ്. 


6. ഒരു രാത്രി മാത്രമല്ല, ഒരു പത്ത് മുഴുവൻ.

ലൈലത്തുൽ ഖദറിന്റെ സുവിദിതമായ അടയാളങ്ങൾ നോക്കി ആരാധനകൾ ക്രമീകരിക്കുന്ന രീതി ശരിയല്ല, മറിച്ച് അവസാനത്തെ പത്ത് പൂർണ്ണമായി ആരാധനാനിരതമാക്കുകയാണ് വേണ്ടത്. ഇവയിലേത് രാത്രിയും ലൈലത്തുൽ ഖദർ സംഭവിക്കാം എന്ന തരത്തിലാവണം സമീപനം. ഐഹിക ജീവിതം വെടിയാൻ നിൽക്കുന്ന ഒരാളുടെ ആരാധനാ രീതി പോലെ ഇത് അവസാനത്തെ അവസരം എന്ന രൂപത്തിൽ ആരാധനാനിരതമാക്കുക ഈ ദിവസങ്ങൾ.


7.   ഇത്രയും ദിവസങ്ങൾ നഷ്ടപ്പെട്ടുവെന്ന കുറ്റബോധമുണ്ടോ? 

റമദാനിനെ ഇനിയും ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ലല്ലോ എന്ന സങ്കടം വേണ്ട. അവസരം ഇനിയുമുണ്ട്. തുടക്കത്തിലെ ജീര്ണതയിലല്ല, ഒടുക്കത്തിലെ പൂർണ്ണതയിലാണ് കാര്യം. നഷ്ടപ്പെട്ടതോർതിരിക്കാതെ കിട്ടാനുള്ളതെല്ലാം നേടിയെടുക്കുക. ആവേശപൂർണ്ണമായ ആദ്യത്തേക്കാൾ അർത്ഥപൂർണ്ണമായ അന്ത്യമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.


8. അടയാളങ്ങൾ ഗണിച്ച് സമയം കളയേണ്ട.

കാലം ഗണിച്ച് ലൈലത്തുൽ ഖദർ മുൻകൂട്ടി അറിയാനാണ് ചിലർക്ക് ഔല്സുക്യം. എന്നാൽ അതൊന്നും നമ്മുടെ അറിവിൽ പെട്ടതല്ലെന്ന് വേണം മനസ്സിലാക്കാൻ. മാത്രവുമല്ല, ദിവസം വെളിപ്പെടുത്താത്തത് പോലും അവസാന പത്ത് മുഴുവനായി കർമ്മനിരതമാക്കാനും ആവേശം ചോർന്നു പോകാതിരിക്കാനുമാണ്. അല്ലാത്ത പക്ഷം അറഫാ ദിവസം പോലെ ഇതും കൃത്യപ്പെടുത്താമായിരുന്നല്ലോ അല്ലാഹുവിന്.


9. ഒരു പ്രാർത്ഥനാ പദ്ധതി.

ഒരു പേപ്പറിൽ നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും കുറിച്ചെടുക്കുക. അവയെ അഞ്ച് പ്രാര്ഥനകളാക്കി ക്രമീകരിക്കുക. അവസാനപത്തിലെ മുഴുവൻ സമയങ്ങളിലും ഈ പ്രാർത്ഥനകൾ ഉരുവിടുക. പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങളിൽ ( രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന്, നോമ്പ് തുറക്ക് ശേഷം, വെള്ളിയാഴ്ച അസറിന് ശേഷം) ഇവ പതിവാക്കുക. ഭക്തിനിർഭരമായ ഹൃദയത്തോടെ കരഞ്ഞ് കൊണ്ടായിരിക്കണം പ്രാര്ഥിക്കേണ്ടത്. ഇബ്നു അബ്ബാസ് (റ) പറയുന്നത് കാണുക: അടിമകൾക്ക് രണ്ട് തരം  വിധികളുണ്ട്. ഒന്ന്, പ്രാർത്ഥനകൾ കൊണ്ടുള്ള വിധി. രണ്ട്, പ്രാർത്ഥനാ വിധേയമല്ലാത്ത വിധി.
മറ്റൊരു സദ്‌വാചകം ഇങ്ങനെ: ഒരു കാര്യമാഗ്രഹിച്ച് ഒരാൾ റമദാനിൽ ദുആ പതിവാക്കിയാൽ ശവ്വാലിൽ തന്നെ അള്ളാഹു അത് സാധിപ്പിച്ച് തരും.


10. വിനോദോപകരണങ്ങൾ ഒഴിവാക്കാം.

മൊബൈൽ അടക്കമുള്ള സകല വിനോദോപകരണങ്ങളും മഗ്‌രിബ് തൊട്ട് പ്രഭാതം വരെയുള്ള സമയങ്ങളിലെങ്കിലും മാറ്റി വെക്കാം. റൂം നല്ല വിധം വൃത്തിയാക്കി ആരാധനക്കുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുക. സമയം കൃത്യമായി സംവിധാനിക്കുക.നിസ്കാരവും ഖുർആൻ പാരായണവും തസ്ബീഹും പ്രാർത്ഥനയുമായി രാത്രി കഴിച്ച് കൂട്ടുക. പ്രഭാതമാവുമ്പോൾ പാപമോചനം നടത്തുക. അള്ളാഹു ഏറ്റം പൊറുക്കുന്നവനത്രെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter