സകാത്ത്: എപ്പോള്‍, ആര്‍ക്കെല്ലാം?

ഇസ്‌ലാമിന്റെ പഞ്ചകര്‍മങ്ങളില്‍ പെട്ടതാണ് സകാത്ത്. ഖുര്‍ആനില്‍ നിസ്‌കാരത്തെ പറ്റിപറഞ്ഞ 28 സ്ഥലങ്ങളില്‍ സകാത്തിനെ കൂട്ടി പറഞ്ഞിട്ടുണ്ട്. നിസ്‌കാരത്തോട് സമാനസ്ഥാനമാണ് സകാത്തിനും എന്നാണ് ഇതു തെളിയിക്കുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം (എ.ഡി 624) ആണ് അത് നിര്‍ബന്ധമാക്കപ്പെട്ടത്.

നിക്ഷേപത്തിനുള്ള ഒരു പ്രചോദനം കൂടിയാണ് സകാത്ത് (Zakat is an incent for investment). പണമുള്ളവന്‍ അവന്റെ പണം കൂട്ടിവച്ചിരുന്നാല്‍ സകാത്ത് നല്‍കേണ്ടിവരുമെന്നുള്ളത്‌കൊണ്ട് അത് കുറഞ്ഞ് വരുമല്ലോ? അതുകൊണ്ട് ഉല്‍പ്പാദകരംഗം സജീവമാകുന്നു. സകാത്ത് ലഭിച്ചവനും കിട്ടിയപണം കൊണ്ട് ഉല്‍പ്പാദനരംഗം സജീവമാക്കുന്നു. സമൂഹത്തിലാകമാനം ഐശ്വര്യം വളരുന്നു. സകാത്ത് സമ്പന്നരുടെ ഔദാര്യമല്ല ദരിദ്രരരുടെ അവകാശമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് (മആരിജ് 24).

എട്ട് വിഭാഗം സ്വത്തുക്കളിലേ അത് നിര്‍ബന്ധമുള്ളൂ. ആട്, മാട് (പശു, പോത്ത് ) ഒട്ടകം സ്വര്‍ണം, വെള്ളി, ധാന്യം, ഈത്തപ്പഴം, മുന്തിരി. പച്ചക്കറികള്‍ക്കോ ഫ്രൂട്ടുകള്‍ക്കോ കുതിര, മുയല്‍, കോഴി, കാട, ഇത്യാദി ഭക്ഷ്യവസ്തുകള്‍ക്കോ സകാത്തില്ല. ഇവകളുടെ ഫാമുകള്‍ക്ക് സകാത്ത് ഉണ്ട്.

ഉല്‍പാദകരുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സകാത്ത് വേണ്ട എന്ന് പറഞ്ഞ ഇസ്്‌ലാം, ഉല്‍പാദകരെയും പരിഗണിക്കുന്നുണ്ട്. ഗോതമ്പ്, യവം, ചോളം, മണിക്കടല, മുത്താറി, ചാമ , ഉഴുന്ന് , പയര്‍ ഇത്യാദികള്‍ക്കെല്ലാം സകാത്ത് നിര്‍ബന്ധമാക്കിയ ഇസ്്‌ലാം ദരിദ്രരെയും പരിഗണിക്കുന്നു. പോഷകാഹാരമായ ധാന്യങ്ങളിലേ സക്കാത്ത് നിര്‍ബന്ധമുള്ളൂ. ചക്ക, മാങ്ങ, പൈനാപ്പിള്‍, പഴങ്ങള്‍ മറ്റ് ഫ്രൂട്ടുകളിലോ , കിഴങ്ങ് വര്‍ഗങ്ങളിലോ ( മധുരകിഴങ്ങ്, ചേന, കപ്പ, മല്ലി ,ഉള്ളി, കടുക്,എള്ള്, ആപ്പിള്‍, കുമ്പള, വെള്ളരി) സകാത്തില്ല.

ധാന്യങ്ങളിലും കാരക്ക, മുന്തിരിയിലും തൊലിയുള്ളതില്‍ 600 സ്വാഅ് (1920 ലിറ്റര്‍) തൊലിയില്ലാത്തത് 300 സ്വാഅ് (960 ലിറ്റര്‍) മിനിമം ഉണ്ടെങ്കിലേ സകാത്ത് ഉള്ളൂ. ഉല്‍പ്പന്നങ്ങള്‍ തൂക്ക വ്യത്യാസം ഉള്ളതുകൊണ്ട് തൂക്കം പറയാന്‍ സാധ്യമല്ല. ഇവകളിലെ സകാത്ത് ഉല്‍പാദനച്ചെലവുള്ളതാണെങ്കില്‍ അഞ്ച് ശതമാനവും അല്ലെങ്കില്‍ 10 ശതമാനവുമാണ്.

സ്വര്‍ണ്ണം, വെള്ളി, കറന്‍സി
ആഭരണമല്ലാത്ത സ്വര്‍ണം മിനിമം 85 ഗ്രാമും വെള്ളി 595 ഗ്രാമും ഒരു വര്‍ഷം സ്റ്റോക്കുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത് നല്‍കണം. അനുവദനീയമായ ആഭരണങ്ങള്‍ക്ക് സകാത്തില്ല എന്നതാണ് പണ്ഡിതമതം. ആഭരണം ഉരുക്കി വാര്‍ത്താലേ ഉപയോഗിക്കാന്‍ പറ്റൂ എന്ന അവസ്ഥയില്‍ കേടാവുകയും ഒരുവര്‍ഷം സൂക്ഷിക്കുകയും ചെയ്താല്‍ മിനിമം 85 ഗ്രാം ഉണ്ടെങ്കില്‍ സകാത്ത് നല്‍കണം. കാരണം അത് ആഭരണമല്ല. സ്വര്‍ണ്ണമാണ് (തുഹ്ഫ 3:213). അമിതമല്ലാത്ത ആഭരണമല്ലെങ്കിലാണ് സകാത്ത് ഇല്ലാതാകുന്നത്. മറിച്ചാണെങ്കില്‍ ആഭരണത്തിനും സകാത്ത് വേണം.

‘ആഭരണം ഉപയോഗിക്കാതെ ലോക്കറിലോ മറ്റോ സൂക്ഷിച്ചാലും സകാത്തില്ലെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ 3:272 ). നിധിനിക്ഷേപം എന്ന് കരുതി ആഭരണരൂപത്തില്‍ സൂക്ഷിച്ചാല്‍ സകാത്ത് നല്‍കണം (തുഹ്ഫ 3: 301 ). അവ കൊണ്ട് കച്ചവടം നടത്തുന്നവര്‍, കച്ചവട വസ്തു എന്ന നിലയില്‍ സകാത്ത് നല്‍കേണ്ടതാണ്.

നാണയങ്ങള്‍
ആദ്യ കാലങ്ങളില്‍ സ്വര്‍ണവും വെള്ളിയുമായിരുന്നു നാണയങ്ങളായി ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്ന് സ്ഥിതി മാറി രൂപയും ഡോളറും റിയാലുമൊക്കെയാണ് നാണയങ്ങളായി ഉപയോഗിക്കപ്പെടുന്നത്. നോട്ടിനും നാണയങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമാണെന്ന് പണ്ഡിതര്‍ പറയുന്നതും അതുകൊണ്ട് തന്നെയാണ്.

595 ഗ്രാം വെള്ളിയുടെയോ 85 ഗ്രാം സ്വര്‍ണത്തിന്റെയോ വിലയ്ക്ക് തുല്യമോ അതില്‍ കൂടുതലോ ആയ തുക, ഒരു വര്‍ഷം പൂര്‍ണമായി കൈയിലുണ്ടാവുമ്പോഴാണ് നാണയത്തിന് സകാത് നിര്‍ബന്ധമാവുന്നത്. ഇക്കാലത്ത് സ്വര്‍ണത്തിന്റെ വില വെള്ളിയുടേതിനേക്കാള്‍ വളരെ കൂടുതലായതിനാല്‍ വെള്ളിയുടെ കണക്ക് പ്രകാരമാണ് ആദ്യം നാണയത്തിന്റെ കണക്ക് പൂര്‍ത്തിയാവുക. അതനുസരിച്ച്, ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ മാര്‍ക്കറ്റ് ശരാശരി 42 രൂപയാണ് . അത് പ്രകാരം 24,990 (42 * 595) രൂപയോ അതില്‍ കൂടുതലോ ഒരു വര്‍ഷം കൈയിലുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ആകെയുള്ളതിന്റെ 2.5 ശതമാനമാണ് സകാത്ത് ആയി നല്‍കേണ്ടത്.

കടം
കിട്ടാനുള്ള കടത്തിനും സകാത്ത് നിര്‍ബന്ധമാണ്. കടമായി കിട്ടാനുള്ള സംഖ്യ മേല്‍പറഞ്ഞ വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആവുകയും കടം നല്‍കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍, പ്രസ്തുത സംഖ്യക്ക് സകത്ത് നല്‍കേണ്ടതാണ്. കിട്ടുമെന്ന് ഉറപ്പില്ലാത്തത് ലഭിച്ചാല്‍ കിട്ടിയതിന് ശേഷം കഴിഞ്ഞ ഓരോ വര്‍ഷങ്ങള്‍ക്കുമുള്ളത് കൊടുക്കണം. നഷ്ടപ്പെട്ടതോ പിടിച്ചുപറിക്കപ്പെട്ടതോ കളവ് പോയതോ ആയവ ലഭിച്ചാല്‍ മിനിമം കണക്കുണ്ടെങ്കില്‍ ഓരോ വര്‍ഷത്തിനും കൊടുക്കണം.

കുറി
ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കുറികള്‍ക്കും സകാത്ത് നിര്‍ബന്ധമായേക്കാം. ഉദാഹരണം: മാസം 5000 രൂപ വീതം നല്‍കുന്ന രണ്ടു ലക്ഷത്തിന്റെ കുറിയാണെന്ന് സങ്കല്‍പിക്കാം. നാല്‍പത് മാസമായിരിക്കും കുറിയുടെ കാലാവധി. ഇതില്‍ ചേര്‍ന്ന ഒരാള്‍ എട്ട് മാസം കഴിയുന്നതോടെ 25,000 രൂപയുടെ ഉടമസ്ഥനായിത്തീരുന്നു. അവിടം മുതല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്ക് കുറി ലഭിച്ചിട്ടില്ലെങ്കില്‍ അയാള്‍ പ്രസ്തുത തുകയ്ക്ക് സകാത്ത് നല്‍കേണ്ടതാണ്. സകാത് നര്‍ബന്ധമാവുന്ന കണക്ക് (595ഗ്രാം വെള്ളിയുടെ മൂല്യം) എത്തിയ ശേഷം ഒരു വര്‍ഷം കഴിയുമ്പോള്‍, കുറി ലഭിയ്ക്കാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. കുറി ലഭിയ്ക്കുകയും വര്‍ഷം പൂര്‍ത്തിയാവും മുമ്പേ അത് ചെലവഴിക്കുകയും ചെയ്താല്‍ അവിടെ സകാത്ത് ബാധകമാവില്ല.

അഡ്വാന്‍സ്
കടകള്‍ക്കോ മറ്റോ നല്‍കുന്ന അഡ്വാന്‍സ് തുകയും സകാത്തിന്റെ പരിധിയില്‍ പെടുന്നതാണ്. പ്രസ്തുത തുക നല്‍കുന്നവന്റെ ഉടമസ്ഥതയില്‍ തന്നെയായതിനാല്‍, സകാത്തിന്റെ കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ നാല്‍പതിലൊന്ന് സകാത് നല്‍കേണ്ടതാണ്.

സെക്യൂരിറ്റി
ഇന്ന് പലജോലികള്‍ക്കുമെന്ന പോലെ കോഴ്‌സുകള്‍ക്ക് വരെ വന്‍തുക സെക്യൂരിറ്റി നല്‍കേി വരുന്നു.ണ്ട ഇങ്ങനെ നല്‍കുന്ന സെക്യൂരിറ്റി തുകകള്‍ ജോലിയില്‍ നിന്ന് രാജിവച്ചോ കോഴ്‌സ് പൂര്‍ത്തിയാക്കിയോ പോരുമ്പോഴാണ് ലഭിക്കുന്നത്. ഇത്തരം സെക്യൂരിറ്റി തുകകള്‍ക്കും സകാത്തിന്റെ നിശ്ചിത കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സകാത്ത് നല്‍കേണ്ടതാണ്.

പ്രോവിഡന്റ് ഫണ്ട്
സര്‍ക്കാര്‍ ജോലിക്കാര്‍ക്കും സ്വകാര്യ കമ്പനിത്തൊഴിലാളികള്‍ക്കും തൊഴില്‍ദായകര്‍ നല്‍കുന്നതാണ് പ്രോവിഡന്റ് ഫണ്ട്. ശമ്പളത്തിന്റെ നിശ്ചിത വിഹിതം മാസം തോറും പിടിച്ചുവച്ച് സേവനം അവസാനിപ്പിക്കുമ്പോഴോ ആവശ്യപ്പെടുമ്പോഴോ നല്‍കുകയാണ് ഇതിന്റെ രീതി. ഇവിടെയും സകാത്ത് നിര്‍ബന്ധമാകുന്നതാണ്. തനിക്ക് ലഭിക്കുന്ന തുകയുടെ വിഹിതം സകാത്തിന്റെ പരിധിയായ 595 ഗ്രാം വെള്ളിയുടെ അളവ് (ഇന്നത്തെ മാര്‍ക്കറ്റ് 24,990 രൂപ) എത്തിക്കഴിഞ്ഞാല്‍ അതിന് സകാത്ത് നല്‍കണം. ശേഷം അയാളുടെ പി.എഫിലേക്ക് വരുന്ന എല്ലാ സംഖ്യക്കും ഇത് ബാധകവുമാണ്.

കച്ചവടം

നാണയക്കൈമാറ്റമല്ലാത്ത എല്ലാ കച്ചവടത്തിലും നിബന്ധനകളൊത്താല്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ഹിജ്‌റ വര്‍ഷപ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം അയാളുടെ ഷോപ്പിലെ കച്ചവടത്തിനായി വച്ച എല്ലാ സാധനങ്ങളുടെയും കണക്കെടുത്ത് അന്നത്തെ കമ്പോളനിലവാരമനുസരിച്ച് വില കെട്ടുക. അതോടൊപ്പം കിട്ടാനുള്ള കടങ്ങളും കൂട്ടേണ്ടതാണ്. ആകെ കിട്ടുന്ന തുക 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആണെങ്കില്‍ ആകെയുള്ളതിന്റെ രണ്ടരശതമാനം സകാത്ത് നല്‍കേണ്ടതാണ്. സകാത്ത് നല്‍കേണ്ടത് നാണയമായാണ്.

റബീഉല്‍ അവ്വല്‍ ഒന്നിന് തുടങ്ങിയ ഒരു പല ചരക്ക് കടയാണെങ്കില്‍ അടുത്ത വര്‍ഷം റബീഉല്‍ അവ്വല്‍ ഒന്നിന് കടക്കാരന്‍ തന്റെ കടയിലെ വില്‍പ്പനയ്ക്കുള്ള എല്ലാ സാധനങ്ങളുടെയും കണക്കെടുത്ത് മൂല്യം കണക്കാക്കുക. ആകെ ലഭിച്ചത് രണ്ടര ലക്ഷമാണ്. അതോടൊപ്പം അമ്പതിനായിരം രൂപ കടങ്ങളായി കിട്ടാനുണ്ടെന്നും കരുതുക. എങ്കില്‍ മൂന്ന് ലക്ഷം രൂപയുടെ രണ്ടരശതമാനം (7,500 രൂപ) സകാത്ത് ആയി നല്‍കേണ്ടതാണ്. വര്‍ഷം തികയുക എന്നല്ലാതെ റമദാനില്‍ മാത്രം സകാത്തിനെ കുറിച്ച് ആലോചിച്ചാല്‍ പോരാ. റമദാനുമായി ബന്ധപ്പെട്ടത് ഫിത്വര്‍ സകാത്ത് മാത്രമാണ്.

റിയല്‍ എസ്റ്റേറ്റ്
റിയല്‍എസ്റ്റേറ്റ് ഇന്ന് വന്‍ലാഭം കൊയ്യുന്ന കച്ചവടമേഖലയാണ്. വീടുനിര്‍മാണത്തിനോ മറ്റോ ആയി വാങ്ങുന്ന പറമ്പുകള്‍ക്ക് സകാത്തില്ലെന്നത് ശരി തന്നെ. എന്നാല്‍, കച്ചവട ലക്ഷ്യത്തോടെ വാങ്ങുന്നതോടെ പറമ്പുകളും കച്ചവടച്ചരക്കുകളായിത്തീരുന്നുവെന്നതാണ് ഇസ്്‌ലാമിക നിയമം. അതനുസരിച്ച് അവിടെയും വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ വില്‍ക്കാനായി വാങ്ങിയ ആകെ ഭൂമിയുടെ കണക്കെടുക്കേണ്ടതും കമ്പോളനിലവാരം കണക്കാക്കി, നിശ്ചിത തുകയുണ്ടെങ്കില്‍ ആകെയുള്ളതിന്റെ 2.5 ശതമാനം സകാത്ത് നല്‍കേണ്ടതുമാണ്.

വാടക സാധനങ്ങള്‍
വാടകയ്ക്ക് കൊടുക്കണമെന്ന ഉദ്ദേശ്യത്തില്‍ വാടകയ്ക്ക് വാങ്ങിയ സാധനങ്ങള്‍ക്ക് സകാത്ത് ഉണ്ട്. കെട്ടിടങ്ങള്‍ മൊത്തത്തില്‍ വാടകയ്ക്ക് വാങ്ങി മേല്‍ വാടകക്ക് നല്‍കുന്നത് ഇന്ന് വ്യാപകമാണ്. വാടകക്കെട്ടിടം, ഫ്‌ളാറ്റ്, വാഹനങ്ങള്‍ എന്നിവയിലെല്ലാം ഇത് സര്‍വസാധാരമാണ്. ഇവക്ക് സകാത്ത് ഇല്ലെങ്കിലും ഇവയില്‍നിന്ന് വാടകയിനത്തില്‍ ലഭിക്കുന്ന തുകയുടെ കണക്കും വര്‍ഷവും പൂര്‍ത്തിയാവുമ്പോള്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ഇത് വര്‍ഷം മുഴുവന്‍ വാടകയില്‍ പോയിട്ടില്ലെങ്കിലും അതിന്റെ സാധാരണ വാടക കണക്കാക്കി സകാത്തിന്റെ കണക്കുണ്ടെങ്കില്‍ സകാത്ത് കൊടുക്കണം.(തുഹ്ഫ 3:326).

കടബാധ്യതകള്‍
കൊടുക്കാനുള്ള കടങ്ങള്‍ സ്വത്തിന്റെ സകാത്ത് നിര്‍ബന്ധമാവുന്നതിന്നു തടസ്സമല്ല. സ്റ്റോക്കുള്ള പണത്തിനു തുല്യമായതോ അതില്‍ അധികമോ കടമുണ്ടെങ്കിലും സകാത്ത് കൊടുക്കണം. പക്ഷെ കടമുള്ളവന്‍ ഫിത്വര്‍ സകാത്ത് കൊടുക്കേണ്ടതില്ല. (തുഹ്ഫ 3:344). കാരണം ഫിത്വര്‍ സകാത്ത് വ്യക്തിയുടെ ഉത്തരവാദിത്വത്തോട് ബന്ധപ്പെട്ട കടമയാണ് .(മഹല്ലി 2:27). സ്വത്തിന്റെ വില്‍പ്പനയെയോ ക്രയവിക്രങ്ങളെയോ ഫിത്വര്‍ സകാത്ത് ബാധിക്കില്ല. മറ്റു സകാത്തുകള്‍ (കച്ചവടമല്ലാത്ത)സ്വത്തിന്റെ ക്രയവിക്രങ്ങളെ ബാധിക്കും.

വില്‍പന നടത്തിയാല്‍

സകാത്തിന്റെ വിഹിതത്തില്‍ വില്‍പന അസാധുവാണ്.(മഹല്ലി 2:47). ഇതിനു പണ്ഡിതന്മാര്‍ കാരണം പറഞ്ഞത് കടത്തിനുവേണ്ടി മയ്യിത്തിനെ തടയാന്‍ അവകാശമുണ്ട്. കടത്തിനെക്കാള്‍ സകാത്തിനാണ് ശക്തിയും മുന്‍ തൂക്കവും ഉള്ളത്. കടമുïായാലും സകാത്ത് നല്‍കണമെന്ന് സാരം (തുഹ്ഫ 3:344 ).

അവകാശികള്‍
എട്ട് വിഭാഗത്തെയാണ് ഇസ്‌ലാം സകാത്തിന്റെ അവകാശികളായി നിശ്ചയിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഫഖീറുമാര്‍, മിസ്‌കീന്‍മാര്‍, സകാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതുവിശ്വാസികള്‍, മോചനപത്രം എഴുതപ്പെട്ടവര്‍, കടംകൊണ്ട് വലഞ്ഞവര്‍, ശമ്പളംപറ്റാത്ത യോദ്ധാക്കള്‍, യാത്രമുട്ടിപ്പോയവര്‍ എന്നിവരാണ് അവകാശികള്‍.

ഇവരില്‍ സകാത്തിന്റെ ഉദ്യോഗസ്ഥര്‍, മോചനപത്രം എഴുതപ്പെട്ടവര്‍, യോദ്ധാവ് എന്നീമൂന്ന് വിഭാഗത്തെ ഇന്ന് കാണപ്പെടില്ല. എത്തിക്കപ്പെട്ടവരില്‍ നിന്നുള്ള ഏതെങ്കിലും ഒരുഗ്രൂപ്പിലെ മൂന്ന്‌പേര്‍ക്ക് നല്‍കിയാലും ബാദ്ധ്യതവീടുന്നതാണ്അവകാശികള്‍ മുസ്‌ലിംകളും ഹാശിം, മുത്തലിബ് എന്നീ നബികുടുംബത്തില്‍ പെട്ടവരല്ലാത്തവരുമായിരിക്കണം. സ്വന്തംനാട്ടില്‍ അവകാശികളുണ്ടായിരിക്കെ മറ്റുനാട്ടിലേക്ക് സകാത്ത് നീക്കം പാടില്ല.

അയല്‍വാസികള്‍ പരസ്പരം അവരുടെ സകാത്തുകള്‍ കൈമാറുന്ന ഒരു സമ്പ്രദായം ഇന്ന് ചിലയിടത്തു കണ്ടുവരുന്നുണ്ട്. അത് രണ്ട് കൂട്ടരും അവകാശികളില്‍ പെടുമെങ്കില്‍ അനുവദനീയവും കുടുതല്‍ പുണ്യവുമാണ്. അല്ലെങ്കില്‍ സകാത്ത് വീടില്ല.

സുഭദ്രം ഈ സാമ്പത്തിക വ്യവസ്ഥിതി
ഇസ്്‌ലാം സ്രഷ്ടാവിന്റെ നിയമസംഹിതയാണ്. മനുഷ്യന് ജീവിതത്തിന്റെ വ്യക്തതകള്‍ തുറന്ന് കാണിച്ച് തരുന്നുണ്ട് അതിന്റെ സകലമേഖലകളും. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സകാത്ത്. സകാത്തിന്റെ സാമൂഹിക പ്രസക്തി വ്യക്തമാണ്. സമ്പത്ത് അല്ലാഹുവിന്റെതാണ്. മനുഷ്യന്‍ സമ്പത്തിന്റെ ഉടമസ്ഥനല്ല, കൈവശക്കാരനാണ്. മാറി മാറി വരുന്ന കൈവശക്കാര്‍ സമ്പത്ത് എങ്ങനെ കൈകാര്യംചെയ്യണമെന്ന് ഉടമസ്ഥനായ അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ട്.

*സകാത്ത്* നിര്‍ബന്ധമാക്കിയതിലൂടെ പ്രധാനമായും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുകയും സമ്പത്ത് ഒരിടത്ത് കുന്നുകൂടാതെ അര്‍ഹതപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും കൈകളിലെത്തിക്കുകയും ചെയ്യുകയാണ്. സകാത്ത് ഒരിക്കലും സമ്പന്നന്റെ ഔദാര്യമല്ല, പാവപ്പെട്ടവന്റെ അവകാശമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ചോദിച്ച് വരുന്നവര്‍ക്കും ദരിദ്രര്‍ക്കുമുള്ള അവകാശം. അഥവാ, അല്ലാഹുവിന്റെ സമ്പത്ത് കൈവശംവച്ച് യഥേഷ്ടം ഉപയോഗിക്കുന്നവന്‍ ഈ കൈവശാവകാശത്തിനു പകരമായി അല്ലാഹുവിന് നല്‍കേണ്ട വിഹിതമാണ് സകാത്ത്. ഇത് സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് ഒറ്റപ്പെട്ടുകഴിയുകയും അവശത അനുഭവിക്കുകയും ചെയ്യുന്ന നിശ്ചിത വിഭാഗങ്ങളുടെ കൈയിലേല്‍പ്പിക്കാനാണ് ഉടമസ്ഥനായ അല്ലാഹുവിന്റെ കല്‍പന. ഉടമസ്ഥന്റെ നിര്‍ദേശം ലംഘിക്കുന്ന കൈവശക്കാരനെ നിയമ ലംഘകനായി ഗണിക്കുകയും ശിക്ഷ നല്‍കുമെന്നും ഉടമസ്ഥന്‍ പ്രഖ്യാപിക്കുന്നു.

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും അശരണരും ആലംബഹീനരുമായ ജനവിഭാഗത്തിന്റെ സംരക്ഷണത്തിനും ഇത്രയേറെ ഗുണകരവും പ്രായോഗികവുമായ മറ്റൊരു സംവിധാനം ഒരു സാമ്പത്തിക വ്യവസ്ഥയിലും സമൂഹത്തിലുമില്ല. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുന്ന ഈ വ്യവസ്ഥയാണ് ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ ഏറ്റവും പ്രോജ്വലിച്ച് നില്‍ക്കുന്നത്.

ഉള്ളവന്‍ കൂടുതല്‍ ഉള്ളവനാകുകയും ഇല്ലാത്തവന്‍ പരമദരിദ്രനാകുകയും ചെയ്യുന്ന പലിശാധിഷ്ഠിത വ്യവസ്ഥിതി കാലം തള്ളിക്കളഞ്ഞതാണ്. ഇന്നത്തെ ലോകത്തിന്റെ ശാപവും അത് തന്നെയാണ്..  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter