അറിവ്: മതം ഭൗതികം എന്ന വിഭജനം
മതപ്രബോധന ഘട്ടത്തില്‍ പ്രതിരോധത്തിന് വേണ്ടി വാളെടുത്ത് പോരാടിയ മുസ്‌ലിംകള്‍ ശത്രുക്കളില്‍ നിന്ന് ബന്ധികളായി പിടിച്ചവരെ വിട്ടയക്കാനുള്ള മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് അവരില്‍ എഴുത്തും വായനയും അറിയുന്നവര്‍ മുസ്‌ലിം കുട്ടികള്‍ക്ക് അത് പഠിപ്പിച്ചു കൊടുക്കുകയെന്നാണ്. വിദ്യാസമ്പന്നനും വിദ്യാ വിഹീനനും തത്തുല്യരാകുമോ എന്ന് ചോദിക്കാന്‍ ഖുര്‍ആന്‍ നബി(സ)യോട് ആവശ്യപ്പെടുന്നുണ്ട് (സുമര്‍-9). ഒരു വിഭാഗം ദീനിന്റെ സംരക്ഷണത്തിന് രണാങ്കണങ്ങളില്‍ പോരാടുമ്പോള്‍ ആ പാവന മതത്തിന്റെ അദ്ധ്യാപനങ്ങള്‍ പഠിക്കുന്ന മറ്റൊരു വിഭാഗം മദീനാ പള്ളിയില്‍ സുസജ്ജരായി നിലനിന്നിരുന്നുവെന്നതിന് ചരിത്രം സാക്ഷി. മനുഷ്യ ജീവിതത്തില്‍ നിര്‍വഹിക്കാവുന്നതും ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍വ്വഹിക്കപ്പെടുന്നതുമായ ഏറ്റവും വലിയ പുണ്യകര്‍മ്മം ശറഈ ജ്ഞാനങ്ങളും സഹായക ജ്ഞാനങ്ങളുമായി ബന്ധപ്പെടലാണെന്ന് മതം പഠിപ്പിക്കുന്നു(മിന്‍ഹാജ്-1). നീ ഒരു പണ്ഡിതനോ വിദ്യാര്‍ത്ഥിയോ വിദ്യ കേള്‍ക്കുന്നവനോ വിദ്യയെ സ്‌നേഹിക്കുന്നവനോ ആകുക, അല്ലെങ്കില്‍ നീ നാശമടയുമെന്ന് തിരുവാക്യത്തില്‍ നമുക്ക് കാണാം.
പ്രവാചകകാലഘട്ടം മുതല്‍ക്കു തന്നെ മുസ്‌ലിംകള്‍ തങ്ങളുടെ വീണു പോയ സ്വത്തായ വിജ്ഞാന മുത്തുകള്‍ പെറുക്കിയെടുക്കുന്നതില്‍ ബദ്ധ ശ്രദ്ധരായിരുന്നു. ദൈവിക വെളിപാടുകള്‍ മുഖേന മാത്രം സംസാരിച്ചിരുന്ന പ്രവാചകപ്പൂംഗവരും 'ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടാതെ പോയ ഒന്നുമില്ലെന്ന്' വിശേഷിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനുമായിരുന്നു അവരുടെ പ്രധാന സ്രോതസ്സുകള്‍. അവര്‍ക്ക് ശേഷം പിന്‍ഗാമികളും അതേപടി തുടര്‍ന്നു പോന്നു.
ജ്ഞാന സമ്പാദനത്തിന്റെ രീതികള്‍ പ്രവാചക സന്നിധാനത്തില്‍ വെച്ച് സ്വഹാബികളെല്ലാവരും വിജ്ഞാനം സമ്പാദിക്കുന്നവരായിരുന്നു. സമയ സന്ദര്‍ഭോചിതമായി അവതരിക്കപ്പെടുന്ന കാര്യങ്ങള്‍ തിരു വാക്യങ്ങളായി അവര്‍ മനസ്സില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാലും അബൂഹുറൈറ (റ)യുടെ നേതൃത്വത്തില്‍ മദീനാ പള്ളിയില്‍ വെച്ച് നബി(സ)യില്‍ നിന്ന് ഇല്‍മ് പഠിച്ചിരുന്ന സ്വഹാബികളുടെ ഒരു കൂട്ടമുണ്ടായിരുന്നു. അഹ്‌ലുസ്സുഫ്ഫ യെന്നാണിവര്‍ അറിയപ്പെട്ടിരുന്നത്. ഇല്‍മിനുവേണ്ടി മാത്രം സമയം ചിലവഴിച്ചിരുന്ന ഇവരുടെ ഭക്ഷണകാര്യങ്ങള്‍ ഏറ്റെടുത്തിരുന്നത് മറ്റു സ്വഹാബികളായിരുന്നു. കാലങ്ങളോളമായി നമ്മുടെ നാടുകളില്‍ നില നിന്നു പോരുന്ന പള്ളി ദര്‍സ് സംവിധാനത്തിന്റെ ഏറ്റവും വലിയ മാതൃകയാണിത്.
സ്വഹാബികളില്‍ നിന്നും ശേഷം താബിഉകളില്‍ നിന്നും അറിവ് പകര്‍ന്നെടുക്കാന്‍ പിന്‍ഗാമികള്‍ ഇതേ മാതൃക തന്നെ സ്വീകരിച്ചു. അല്ലാഹുവിന്റെ ഏകത്വം പഠിപ്പിക്കുന്ന, പാരത്രികമോക്ഷത്തിലേക്ക് നയിക്കുന്ന സര്‍വ്വ ജ്ഞാന ശാഖകളും അവര്‍ പഠിച്ചെടുത്തു. മുന്‍കാല മഹാന്‍മാരുടെ ചരിത്ര പഠനത്തിലൂടെ അവര്‍ വ്യുല്‍പത്തി നേടിയ വിജ്ഞാന ശാഖകളുടെ എണ്ണം നമുക്ക് മനസ്സിലാക്കാം. സര്‍വ്വ വിജ്ഞാനങ്ങളും പഠിച്ച് അദ്യുതീയരായി മാറി എല്ലാ ശാഖകളിലും ഗ്രന്ഥ രചന നടത്തുകയും ചെയ്തവരാണ് അവരില്‍ ബഹുപൂരിഭാഗവും.
പള്ളി ദര്‍സ് സംവിധാനങ്ങള്‍ തന്നെയാണ് പിന്നീട് രാജ ഭരണകാലങ്ങളില്‍ കോളേജുകളായി രൂപാന്തരപ്പെട്ടത്.ഓരോ രാജവംശങ്ങളും തങ്ങളുടെ ഭരണമേഖലകളില്‍ നിരവധി മത സ്ഥാപനങ്ങള്‍ പണിതുയര്‍ത്തി. ഫാത്വിമികളും, അടിമ വംശജരും, ഉസ്മാനികളും, മറ്റും ഈ മേഖലയില്‍ ധാരാളം സംഭാവനകളര്‍പ്പിച്ചവരാണ്. ഈജിപ്തിന്റെ ചരിത്രത്തില്‍ നിരവധി വിജ്ഞാന സൗധങ്ങള്‍ നമുക്ക് കാണാം. സര്‍വ്വകലാശാലകളുടെ മാതാവെന്നറിയപ്പെടുന്ന അല്‍അസ്ഹറും, കൈറോ യൂനിവേഴ്‌സിറ്റിയും, മലികുള്ളാഹിര്‍ ബൈബറസുല്‍ ബുന്‍ദുഖ്ദാരി നിര്‍മ്മിച്ച അല്‍ മദ്‌റസതുള്ളാഹിരിയ്യത്തില്‍ ഖദീമയും, മന്‍സൂര്‍ ഖലാവൂന്‍ രാജാവ് നിര്‍മ്മിച്ച അല്‍ മദ്‌റസതുല്‍ മന്‍സൂരിയ്യയും, മമാലിക് വംശത്തിലെ അല്‍ മലികുല്‍ മുഅയ്യദ് നിര്‍മ്മിച്ച അല്‍മദ്‌റസതുല്‍ മുഅയ്യദിയ്യയും അവയില്‍ ചിലത് മാത്രം.
ഖുര്‍ആന്‍, ഹദീസ്, കര്‍മ്മശാസ്ത്രം, നിദാന ശാസ്ത്രങ്ങള്‍, ഭാഷകള്‍, ഇല്‍മുല്‍ഫലക്, ഇല്‍മുത്ത്വിബ്ബ്, ഫിലോസഫി, ഇല്‍മുല്‍കലാം തുടങ്ങി നിരവധി വിദ്യകള്‍ ഇവിടങ്ങളില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസചരിത്രത്തിലും ധാരാളം ഉത്ഥാന ഘട്ടങ്ങള്‍ നമുക്ക് കണ്ടെത്താം. അറബ്-ഇസ്‌ലാമിക് കാലഘട്ടം, പേര്‍ഷ്യന്‍-ഇസ്‌ലാമിക് കാലഘട്ടം, അധിനിവേശ കാലഘട്ടം, അധിനിവേശാനന്തര കാലഘട്ടം എന്നീ നാല് പ്രധാന കാലഘട്ടങ്ങളിലായി നിരവധി സിലബസുകളിലായി ഇന്ത്യയില്‍ വിദ്യാഭ്യാസ പ്രസരണം നടന്നിട്ടുണ്ട്.മന്‍ത്വിഖ്, ഫിലോസഫി തുടങ്ങിയ മഅ്ഖൂലാത് വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ നിസാമിയ്യ സിലബസും, മന്‍ഖൂലാത് വിഷയങ്ങള്‍ക്കും തസ്വവ്വുഫിനും പ്രാധാന്യം നല്‍കിയ റഹീമിയ്യ സിലബസും ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ബാഖിയ്യാതിന്റെ സ്വാധീനം കൊണ്ട് നിസാമിയ്യ സിലബസ് കേരളത്തിലും കൂടുതല്‍ വേരൂന്നിയിട്ടുണ്ട്. മഖ്ദൂമികള്‍ ഉണ്ടാക്കിത്തന്നതാണ് കേരളത്തിലെ മറ്റൊരു സിലബസ്.
വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് നാം ഏറെ കേട്ടു കൊണ്ടിരിക്കുന്ന ഒരു പദമാണ് മത-ഭൗതികമെന്നത്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചില ജ്ഞാനങ്ങളെ മതകീയമെന്നും മറ്റു ചിലതിനെ ഭൗതികമെന്നും വേര്‍തിരിക്കപ്പെടുന്ന രീതിയാണിത്. എന്നാല്‍ ഏറെ ചിന്തകള്‍ക്കും മനനങ്ങള്‍ക്കും വിധേയമാക്കപ്പെടേണ്ട വിഷയമാണിത്. ഇസ്‌ലാം വിജ്ഞാനങ്ങളെ മത-ഭൗതിക മെന്ന വേര്‍തിരിവില്‍ കാണുന്നുണ്ടോ?, ഉണ്ടെങ്കില്‍ എന്ത് മാനദണ്ഡമാണ് വേര്‍തിരിവിന്റെ നിദാനമായി വെക്കപ്പെട്ടത്?. മതത്തില്‍ ഈ വേര്‍തിരിവില്ലെങ്കില്‍ ആരാണ് ഈ വര്‍ഗീകരണം കൊണ്ടുവന്നത്. ഏത് കാല ഘട്ടത്തിലാണ് ഈ വേര്‍ തിരിവുണ്ടായത്?. മറുപടി അര്‍ഹിക്കുന്ന, നാം മറുപടി കണ്ടെത്തേണ്ട ചോദ്യങ്ങളാണിതൊക്കെ.
മനുഷ്യജീവിതത്തിന്റെ സര്‍വ്വ മേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ജീവിത സംഹിതയാണ് വിശുദ്ധ ഇസ്‌ലാം. മനുഷ്യന്റെ ഓരോ പ്രവര്‍ത്തനങ്ങളും അല്ലാഹുവിനെ വഴിപ്പെട്ടു കൊണ്ടായിരിക്കണം. നിയ്യത്ത് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ആരാധനയായും അല്ലാത്തവയായും വ്യതിരിക്തമാക്കപ്പെടുന്നത്. ഈ തത്വത്തില്‍ നോക്കുകയാണെങ്കില്‍ നമ്മുടെ അനക്കവും, അടക്കവും, വാക്കുകളും, നോട്ടങ്ങളുമൊക്കെ ആരാധനയുടെ വരുതിയില്‍ പെടുത്താന്‍ നിയ്യത്ത് നന്നാക്കുക മാത്രമാണ് വേണ്ടത്. അല്ലാഹു നിര്‍ബന്ധമാക്കിയ നിസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ കര്‍മ്മങ്ങള്‍ പോലും മനുഷ്യപ്രശംസക്ക് വേണ്ടി ചെയ്യുകയാണെങ്കില്‍ ആരാധനകളാവില്ലെന്ന് മാത്രമല്ല വപരീത ഫലമുളവാക്കുക കൂടി ചെയ്യുമെന്നാണ് മതാദ്ധ്യാപനം.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. ഇസ്‌ലാമില്‍ മതവിദ്യാഭ്യാസമെന്നും ഭൗതിക വിദ്യാഭ്യാസമെന്നും നേരേ ചൊവ്വേ ഒരു വേര്‍ തിരിവില്ല. അഥവാ പ്രത്യേക വിഷയങ്ങള്‍ മതവിഷയങ്ങളാണെന്നും മറ്റു വിഷയങ്ങള്‍ ഭൗതിക വിഷയങ്ങളാണ് എന്നും കൃത്യമായി പറഞ്ഞു വെക്കാന്‍ കഴിയില്ല. എന്നാല്‍ മനുഷ്യമനുസ്സിന്റെ നിയ്യത്തിനനുസരിച്ച് അവന്‍ പഠിക്കുന്ന വിദ്യകള്‍ മതകീയമാണെന്നും ഭൗതികമാണെന്നും വേര്‍തിരിക്കാവുന്നതാണ്. തന്റെ അറിവുകള്‍ കൊണ്ട് (ഖുര്‍ആന്‍, ഹദീസ്, വൈദ്യശാസ്ത്രം, ഫിലോസഫി, സയന്‍സ്... ഏതുമാകട്ടെ) ഭൗതിക നേട്ടങ്ങള്‍ ലക്ഷ്യമാക്കപ്പെടുമ്പോള്‍ അവ ഭൗതിക വിദ്യാഭ്യാസമായും, ഇലാഹീ പ്രീതി കാംക്ഷിക്കപ്പെടുന്നുവെങ്കില്‍ മതവിദ്യയായും വേര്‍തിരിക്കപ്പെടുന്നു. ഈ വകഭേദം മനുഷ്യലക്ഷ്യം അടിസ്ഥാനപ്പെടുത്തി മാത്രമാണ്.
ഇസ്‌ലാമിക ചരിത്രത്തില്‍ പ്രസിദ്ധരായ പണ്ഡിതരൊക്കെ വിജ്ഞാനത്തിന്റെ നിഖില മേഖലകളില്‍ അവഗാഹം നേടിയവരായിരുന്നു. ഇന്ന് ഭൗതിക വിദ്യകളായി ഗണിക്കപ്പെടുന്ന പല ശാഖകളും അതില്‍ നമുക്ക് കാണാവുന്നതാണ്. പക്ഷെ, അവരാരും ഭൗതികശാസ്ത്രജ്ഞന്‍മാരായി പ്രസിദ്ധി നേടിയിട്ടില്ല. ഇസ്‌ലാമില്‍ ആ തരത്തില്‍ ഒരു വിഭജനമില്ല എന്നത് തന്നെയാണിതിന്റെ കാരണം.
മദീനയില്‍ നിന്ന് ലോകത്തിന്റെ നാനാദിക്കുകളിലേക്കും പരന്ന വിജ്ഞാന ധാരകള്‍ മാറ്റത്തിന്റെ അലയൊലികളാണ് അവിടങ്ങളില്‍ സൃഷ്ടിച്ചത്. ഇസ്‌ലാം കടന്നു ചെന്ന രാഷ്ട്രങ്ങളില്‍ എല്ലാവിധ വിദ്യകളും പ്രോത്സാഹിപ്പിക്കപ്പെടുകയും വളര്‍ന്ന് വികാസം പ്രാപിക്കുകയും ചെയ്തു. ക്രിസ്താബ്ദം എട്ടിനും പതിമൂന്നിനും ഇടക്കുള്ള അഞ്ച് നൂറ്റാണ്ടുകള്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയുടെ ചിത്രം നമുക്കുമുന്നില്‍ വരച്ചു കാട്ടിത്തരുന്നുണ്ട്. അക്കാലയളവില്‍ ബഗ്ദാദും, ഡമസ്‌കസും, കൈറോയും, കൊര്‍ദോവയും, ഇസ്തംബൂളും വിദ്യാര്‍ത്ഥികളുടെ അഭയ കേന്ദങ്ങളായി മാറി. ഗ്രീക്ക്, പേര്‍ഷ്യന്‍, ലാറ്റിന്‍ തുടങ്ങി വിവിധ ഭാഷകളില്‍ നിന്ന് അറബിയിലേക്കും അറബിയില്‍ നിന്ന് ഇതര ഭാഷകളിലേക്കും വിത്യസ്ത കൃതികള്‍ തര്‍ജ്ജുമ ചെയ്യപ്പെട്ടു. ഇങ്ങനെ തര്‍ജ്ജുമ ചെയ്തിരുന്നവര്‍ക്ക് പരിഭാഷകളുടെ കനമനുസരിച്ച് സ്വര്‍ണ്ണനാണയങ്ങളാണ് പാരിതോഷികമായി നല്‍കപ്പെട്ടിരുന്നത്. അബ്ബാസികളുടെ കാലത്ത് സ്ഥാപിതമായ ബൈതുല്‍ഹിക്മയുടെ നിര്‍മ്മാണ പശ്ചാതലം ഇതിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
പതിമൂന്നാം നൂറ്റാണ്ടിന് ശേഷം വ്യാവസായിക വിപ്ലവത്തിന്റെയും വിജ്ഞാന വിസ്‌ഫോടനത്തിന്റെയും മാറ്റൊലികള്‍ ലോകത്ത് മുഴങ്ങുകയും ശാസ്ത്രീയ പഠനങ്ങള്‍ കൂടുതല്‍ നടക്കുകയുമുണ്ടായി. അത് തങ്ങളുടെ വിശ്വാസത്തെയും പൗരോഹിത്യത്തേയും മോശമായി ബാധിക്കുമെന്നും ലോകഘടനയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ ചോദ്യം ചെയ്യപ്പെടുവാന്‍ കാരണമാകുമെന്നും ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാര്‍ ശക്തമായി ആശങ്കപ്പെട്ടു. ഈ ഘട്ടത്തിലാണവര്‍ ശാസ്ത്രത്തിനും ശാസ്ത്രകാരന്‍മാര്‍ക്കുമെതിരെ പരസ്യമായി രംഗത്തുവന്നത്.അങ്ങിനെ മതകീയ സാഹചര്യങ്ങളില്‍ നിന്ന് വിദ്യകള്‍ പഠിക്കുകയും ശാസ്ത്രീയ സത്യങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നവര്‍ മതം തങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വിഘ്‌നമാണെന്ന് കരുതി മതത്തിന്റെ മേലങ്കി പൂര്‍ണ്ണമായും അഴിച്ച് മാറ്റി തികച്ചും സ്വതന്ത്രമായ പ്രതലത്തില്‍ നിന്ന് ചിന്തിക്കാന്‍ തുടങ്ങി. ഈ ശാസ്ത്രകാരന്‍മാരും മതമേലദ്ധ്യക്ഷന്‍മാരും കാലങ്ങളോളം സംവാദത്തിലേര്‍പ്പെടുകയും അതിന്റെ പരിണിത ഫലമായി വിദ്യാഭ്യാസ രംഗം മതം, ഭൗതികം എന്ന ഇരു വിഭാഗങ്ങളിലായി വര്‍ഗീകരിക്കപ്പെടുകയും ചെയ്തു. ഈ വേര്‍തിരിവോടെ മതത്തിന്റെ ആത്മീയ പരിസരത്ത് നിന്ന് പഠിക്കപ്പെട്ടിരുന്ന ഭൗതിക വിദ്യാഭ്യാസം ഇല്ലാതെയായി പകരം മതവിരുദ്ധവും ആത്മാവ് നഷ്ടപ്പെടുകയും ചെയ്ത് വിദ്യകള്‍ പ്രചരിക്കുകയുമുണ്ടായി.
ഇതോടൊപ്പം സ്‌പെയ്‌നിന്റെയും, ബഗ്ദാദിന്റെയും, കൊര്‍ദോബയുടേയും പ്രതാപത്തിന്റെ യഥാര്‍ത്ഥ അവകാശികളായ മുസ്‌ലിംകള്‍ ക്രമേണ ശാസ്ത്രമേഖലകളില്‍ നിന്ന് പിറകോട്ടടിച്ചു പോകുന്ന രംഗമാണ് കാണാന്‍ സാധിച്ചത്. ഒരു കാലത്ത് വിജ്ഞാനത്തിന്റെ സര്‍വ്വ മണ്ഡലങ്ങളും കീഴടക്കിയിരുന്നവര്‍, നിരവധി ശാസ്ത്രകാരന്‍മാരെ സംഭാവന ചെയ്തവര്‍ പില്‍ക്കാലത്ത് പേരിനുപോലും ആ മേഖലകളില്‍ ഒന്നുമില്ലാത്ത അവസ്ഥ സംജാതമായി. പിന്നീട് ജനങ്ങള്‍ പഠിച്ച് വന്നത് പടിഞ്ഞാറുകാരുടെ മതവിരുദ്ധ ശാസ്ത്രങ്ങളായിരുന്നു. അവരുടെ മതവിരുദ്ധ തത്വങ്ങളൊരിക്കലും ഇസ്‌ലാം അംഗീകരിച്ചില്ല. പക്ഷം കോളനി വല്‍ക്കരണത്തിലൂടെ എല്ലാ പ്രദേശങ്ങളിലും ഈ ശാസത്രങ്ങള്‍ വ്യാപിക്കുകയും മതാധിഷ്ഠിതമായി ജീവിച്ചിരുന്നവര്‍ പോലും പിന്നീടിതിന് കീഴ്‌പ്പെടുകയുമുണ്ടായി. ഇതാണ് പിന്നീട് ഭൗതികവിദ്യകളായി (ആത്മാവ് നഷ്ടപ്പെട്ട ഭൗതിക ജ്ഞാനങ്ങള്‍)മാറിയത്. ഇന്ന് ഭൗതികവിദ്യകള്‍ എന്ന് പറയുമ്പോള്‍ മതത്തിന്റെ പരിസരത്ത് നിന്ന് ചിന്തിക്കപ്പെടുന്ന ഭൗതികജ്ഞാനത്തിന് പകരം പാശ്ചാത്യന്‍ പരിചയപ്പെടുത്തിയ ഭൗതിക വിദ്യകളാണ് നിരുപാധികം ഉദ്ധേശിക്കപ്പടുന്നത്.
എന്നാല്‍ അല്ലാഹുവിലേക്ക് വഴിനടത്തുന്ന ഏത് വിദ്യകളും(ഇന്ന് ഭൗതികമായി അറിയപ്പെടുന്നവയാണെങ്കിലും) ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അറബി അല്ലാത്ത ഭാഷകള്‍ പഠിക്കാന്‍ പോലും മുഹമ്മദ് നബി(സ) കല്‍പ്പിച്ചത് ഹദീസില്‍ കാണാം. ഹിജ്‌റയുടെ നാലാം വര്‍ഷം മഹാനായ സൈദ്ബ്‌നു സാബിതി(റ) നോട് ജൂതരുടെ ഗ്രന്ഥങ്ങളും എഴുത്ത് കുത്തുകളും വായിക്കാന്‍ വേണ്ടി അവരുടെ ഭാഷ നീ സ്വയത്തമാക്കണമെന്ന് പ്രവാചകന്‍ ആവശ്യപ്പെട്ടപ്പോള്‍ പതിനഞ്ച് ദിവസം കൊണ്ട് അദ്ധേഹം ആ ഭാഷയില്‍ നൈപുണ്യം നേടിയെന്ന് ചരിത്രത്തില്‍ കാണാം(സീറതുന്നബവിയ്യ). വൈദ്യശാസ്ത്രത്തിന്റെ മുഴുവന്‍ തത്വങ്ങളും നബിതിരുമേനി പഠിപ്പിച്ചിട്ടുണ്ടെന്ന് ഹാറൂന്റശീദിന്റെ കൊട്ടാര വൈദ്യനായിരുന്ന ക്രൈസ്തവന്‍ പോലും സമ്മതിച്ചത് ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ കാണാം(നസഫി-അഅ്‌റാഫ്). വിശുദ്ധ ഖുര്‍ആനില്‍ ബയോളജിയും കെമിസ്ട്രിയും ആസ്‌ട്രോണമിയും സുവോളജിയും ബോട്ടണിയുമൊക്കെ ചര്‍ച്ചിക്കപ്പെടുന്നുണ്ട്. ആ ശാസ്ത്രീയ സത്യങ്ങളെല്ലാം വിശദീകരിച്ച്, അവയില്‍ അചിന്തിക്കാന്‍ ആവശ്യപ്പെട്ട് അവസാനം അതിലൂടെ ലോകൈക നാഥന്റെ ഉണ്‍മയിലേക്കെത്താന്‍ ഖുര്‍ആന്‍ മനുഷ്യനെ ഉപദേശിക്കുന്നു. എല്ലാ അറിവിന്റെയും ഉറവിടമായ നാഥനിലേക്കാണ് ഏത് ജ്ഞാനധാരയിലൂടെ സഞ്ചരിച്ചാലും മനുഷ്യന്‍ എത്തിച്ചേരേണ്ടതെന്നര്‍ത്ഥം.
ഇമാം ഗസാലിയുടെ ജ്ഞാന വിഭജനം ലോകം കണ്ട ഏറ്റവും വലിയ ദാര്‍ശനികനായ ഇമാം ഗസാലി(റ) വിജ്ഞാനങ്ങളെ വിവിധങ്ങളായി തരം തിരിക്കുന്നുണ്ട്. മനുഷ്യന്‍ കരസ്ഥമാക്കേണ്ട വിജ്ഞാനീയങ്ങളെ ഫര്‍ള് ഐന്‍, ഫര്‍ള്കിഫ എന്നീ രണ്ട് തലങ്ങളായാണ് ഇമാം ഗസാലി വിഭജിക്കുന്നത്. വൈയക്തിക-സാമൂഹിക തലങ്ങളില്‍ നിര്‍ബന്ധമാകുന്ന വിദ്യാഭ്യാസമാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഫര്‍ള് ഐനായ കാര്യങ്ങള്‍ ഓരോ വ്യക്തികള്‍ക്കും നിര്‍ബന്ധമാകുന്നുവെങ്കില്‍ ഫര്‍ള് കിഫയായവ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികള്‍ക്ക് മാത്രമേ നിര്‍ബന്ധമാകുന്നുള്ളൂ. ഏതെങ്കിലും ഒരാള്‍ നിര്‍വ്വഹിച്ചാല്‍ സമൂഹം മുഴുവന്‍ ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുന്നുവെങ്കിലും ഒരാളും നിര്‍വ്വഹിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാവുന്നതാണ്.
മതത്തിലെ പ്രാഥമികവും അടിസ്ഥാനപരവുമായ വിജ്ഞാനീയങ്ങള്‍ ഒന്നാമത്തെ ഗണത്തിലും ബാക്കിയുള്ളവയെല്ലാം രണ്ടാം ഗണത്തിലുമാണ് ഉള്‍പ്പെടുന്നത്. നിസ്‌കാരം, നോമ്പ്, ഹജ്ജ് പോലോത്ത വ്യക്തികള്‍ക്ക് നിര്‍ബന്ധമാകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം ഫര്‍ള് ഐന്‍(വൈയക്തിക ബാധ്യതകള്‍) ആകുമ്പോള്‍ അവയെക്കുറിച്ചുള്ള ആഴമേറിയ പരിജ്ഞാനം സാമൂഹിക നിര്‍ബന്ധം മാത്രമേ ആകുന്നൂള്ളൂ.
വഹ്‌യ് മുഖേന ലഭിച്ച മുഴുവന്‍ വിജ്ഞാനങ്ങളെയും ശര്‍ഇയ്യായ ജ്ഞാനങ്ങളെന്ന് പരിചയപ്പെടുത്തിയ അദ്ധേഹം അവ മുഴുവന്‍ (മഹ്മൂദായ) പ്രശംസനീയമായവയാണെന്നും പറയുന്നു. ശര്‍ഇയ്യല്ലാത്ത വിജ്ഞാനങ്ങള്‍ മഹ്മൂദ്, മദ്മൂമ്, മുബാഹ്(പ്രശംസനീയം, അഭിശംസനീയം, അനുവദനീയം)എന്നീ മൂന്ന് വിഭാഗങ്ങളായാണ് വഭജിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ പ്രശംസനീയ ജ്ഞാനങ്ങള്‍ മൂന്നായി വിഭജിക്കപ്പെടുന്നുണ്ട്. വൈദ്യശാസ്ത്രം, ഗണിതം തുടങ്ങിയവ പ്രശംസനീയ ജ്ഞാനത്തിനും മാരണം, ജോത്സ്യം തുടങ്ങിയവ അഭിശംസനീയ ജ്ഞാനത്തിനും ചരിത്രം, കവിത തുടങ്ങിയവ അനുവദനീയ ജ്ഞാനത്തിനും ഉദാഹരണങ്ങളാണ്.
ശര്‍ഇയ്യായ ജ്ഞാനങ്ങള്‍ അടിസ്ഥാനപരം, ശാഖാപരം, ആമുഖങ്ങള്‍, പൂരകങ്ങള്‍ (ഉസ്വൂല്‍, ഫുറൂഅ്, മുഖദ്ദിമാത്, മുതമ്മിമാത്) എന്നീ നാല് തരങ്ങളായി വീണ്ടും വര്‍ഗീകരിക്കപ്പടുന്നു. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, സ്വഹാബികളുടെ ചര്യ തുടങ്ങിയവയാണ് അടിസ്ഥാനകാര്യങ്ങള്‍. അടിസ്ഥാനകാര്യങ്ങളില്‍ നിന്ന് നേര്‍ക്ക് നേര്‍ മനസ്സിലാക്കാനാവാത്തവയാണ് ശാഖാപരമായ കാര്യങ്ങള്‍. ഭാഷാ ശാസ്ത്രം, വ്യാകരണം പോലോത്ത (ആലത്തുകള്‍) ഉപകരണാത്മക വിജ്ഞാനങ്ങള്‍ ആമുഖങ്ങളും ഉസൂലുല്‍ഫിഖ്ഹ്, ഉലൂമൂല്‍ഖുര്‍ആന്‍ എന്നിവ പൂരകങ്ങളുമാണ്.
കൊട്ടാര പണ്ഡിതരായി വാഴ്ത്തപ്പെടുന്നതിലും സമ്മാനങ്ങളും ഹദ്‌യകളും സ്വീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും അനാവശ്യ തര്‍ക്കങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന പണ്ഡിതരെ മുഴുവന്‍ നഖശിഖാന്തം എതിര്‍ക്കുന്നവരിലാണ് ഇമാം ഗസാലിയുടെ സ്ഥാനം. പുത്തനാശയക്കാരുടെ കടന്നുവരവാണ് വചന ശാസ്ത്രത്തിന്റെ ഉത്ഭവകാരണം. ബിദ്അത്തുകാരെ എതിര്‍ക്കാനുള്ള തോതില്‍ മാത്രം ഇല്‍മുല്‍കലാമില്‍ അവഗാഹം നേടിയാല്‍ മതി എന്ന് ഗസാലി(റ) ഉപദേശിക്കുന്നുണ്ട്. കര്‍മ്മ ശാസ്ത്രത്തെ ഭൗതിക ജ്ഞാനങ്ങളുടെ ഗണത്തില്‍ എണ്ണിയ അദ്ധേഹം ഫിലോസഫി ഒരു ജ്ഞാനമാണെന്ന് പോലും സമ്മതിക്കുന്നില്ല. എന്നാല്‍ ആത്മീയ ജ്ഞാനത്തിന് വളരെ വലിയ സ്ഥാനമാണ് അദ്ധേഹം കല്‍പ്പിക്കുന്നത്. ഹൃദയം സ്ഫുടം ചെയ്യാന്‍ മനുഷ്യന് അത്യാവശ്യമായ ഈ ജ്ഞാന ശാഖയാണ് അവന്‍ വളരെ പ്രധാനമായി ആര്‍ജ്ജിച്ചെടുക്കേണ്ടത്. ആത്മജ്ഞാനിയായിരുന്ന ഉമറി(റ)ന്റെ മരണം കാരണം വിജ്ഞാനത്തിന്റെ പത്തില്‍ ഒമ്പത് ഭാഗവും നഷ്ടപ്പെട്ടുപോയെന്ന് പറഞ്ഞ സ്വഹാബി പ്രമുഖന്‍ ഇബ്‌നു മസ്ഊദി(റ)ന്റെ വാക്കുദ്ധരിച്ചാണ് അദ്ധേഹം ഇത് സമര്‍ത്ഥിക്കുന്നത്. ഈ തസ്വവ്വുഫിന്റെ ജ്ഞാന സാഗരത്തില്‍ ഊഴ്ന്നിറങ്ങി അതിലെ മുത്തുകള്‍ വാരിക്കൂട്ടിയപ്പോഴാണ് കര്‍മ്മശാസ്ത്രത്തില്‍ അദ്വിതീയ ഗ്രന്ഥങ്ങളെഴുതിയിട്ട് പോലും എന്റെ ആയുശ്കാലം ഞാന്‍ നഷ്ടപ്പെടുത്തിയല്ലോ എന്നദ്ധേഹം വിലപിച്ചത്.
നിര്‍ബന്ധ ബാധ്യതയായ മതവിജ്ഞാനം മാത്രം നേടുന്നതിനെ ഇമാം ഗസാലി ഒരിക്കലും അനുകൂലിക്കുന്നില്ല. ഭൗതികവിജ്ഞാനത്തോടൊപ്പമാണ് മതവിജ്ഞാനത്തിന്റെ പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള നിലനില്‍പ്പെന്നദ്ധേഹം സമര്‍ത്ഥിക്കുന്നു. കര്‍മ്മങ്ങളില്ലാത്ത ജ്ഞാനവും ജ്ഞാനമില്ലാത്ത കര്‍മ്മവും ഫലരഹിതമാണെന്ന് പറയുന്ന മഹാനവര്‍കള്‍ മത, മതേതര വിജ്ഞാനങ്ങള്‍ പഠിച്ചവര്‍ക്ക് പല ഉപദേശങ്ങളും നല്‍കുന്നുണ്ട്. തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ശ്രദ്ധചെലുത്താതെ പരലോകമോക്ഷമായിരിക്കണം ജ്ഞാനലബ്ധികൊണ്ട് പണ്ഡിതന്‍ ഉദ്ധേശിക്കേണ്ടത്. ഫത്‌വ കാണിക്കുന്നതില്‍ വ്യഗ്രത കാണിക്കാതെ, ഭരണാധികാരികളുടെ അരിക് പറ്റി നില്‍ക്കാതെ ആരാധനാകര്‍മ്മങ്ങളിലെ വീഴ്ചകള്‍ പരിഹരിച്ച് പരലോകത്തേക്കുള്ള പാഥേയം ഒരുക്കുന്നതില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ അവര്‍ കരുതിയിരിക്കണമെന്നദ്ധേഹം ഉണര്‍ത്തുന്നു.
റഫറന്‍സുകള്‍
ഇമാം ഗസാലി(റ)-ഇഹ്‌യാ ഉലൂമിദ്ദീന്‍(കിതാബുല്‍ ഇല്‍മ്)
അബുല്‍ഹസന്‍ അലി നദ്‌വി-രിജാലുല്‍ ഫിക്‌രി വദ്ദഅ്‌വ(അബൂഹാമിദില്‍ ഗസാലി)
ഇബ്‌നുഹജര്‍ അല്‍ ഹൈതമി(റ)-തുഹ്ഫതുല്‍മുഹ്താജ്(ഭാഗം 1)
ദാറുല്‍ഹുദാ സില്‍വര്‍ജൂബിലി ഉപഹാരം
ഐ.പി.എച്ച്-ഇസ്‌ലാമിക് വിജ്ഞാനകോശം(അല്‍ ഗസാലി)
Leave A Comment