പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുമ്പോള്‍
എവറസ്റ്റ് കീഴടക്കി ലോക ചരിത്രത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ പുറപ്പെട്ട ടെന്‍സിംഗും ഹിലാരിയും ലക്ഷ്യത്തിലെത്താന്‍ കഴിയാതെ പരാജയം സമ്മതിച്ചു മടങ്ങേണ്ടിവന്നു. we are not prepare for the wheather (ഞങ്ങള്‍ കാലാവസ്ഥക്കുവേണ്ടി തയ്യാറെടുത്തിട്ടില്ലായിരുന്നു) എന്നാണ് അവര്‍ പറഞ്ഞത്. തയ്യാറെടുപ്പോടെ അവര്‍ വീണ്ടും ശ്രമം തുടരുകയും അതില്‍ വിജയിച്ച് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഏതൊരു പ്രവൃത്തിയും വിജയിക്കണമെങ്കില്‍ ആസൂത്രിതമായ തയ്യാറെടുപ്പും കഠിനാധ്വാനവും ആവശ്യമാണ്. പരിശ്രമമില്ലാതെ ഒന്നും നേടാനാവുകയില്ല. പഠനത്തിന്റെയും പരീക്ഷയുടെയും കാര്യത്തിലും വിജയത്തിന്റെ പ്രധാന ഘടകം പരിശ്രമം തന്നെയാണ്.
പരിശ്രമം ചെയ്യുകിലെന്തിനെയും കരത്തിലാക്കാന്‍ കഴിവുള്ള വണ്ണം ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രെ മനുഷ്യനെപ്പരിലയിച്ച തീശന്‍ എന്ന കവിവാക്യം ശ്രദ്ധേയമാണ്.
പരിശ്രമിച്ച് പരാജയപ്പെടുന്നുവെങ്കില്‍ അവനാണ് പരിശ്രമിക്കാതെ വിജയിക്കുന്നവനേക്കാള്‍ സമര്‍ത്ഥന്‍ എന്നാണ് ലോയിഡ് ജെയിംസിന്റെ വചനം. പരിശ്രമിക്കുന്നവന് പരാജയപ്പെടേണ്ടിവരില്ല. പരിശ്രമിക്കുന്നവന്‍ അത് നേടിയെടുക്കുക തന്നെ ചെയ്യും.
ഇത് പരീക്ഷാകാലമാണ്. നീണ്ട കാലത്തെ പഠനത്തിന്റെ ഫലമറിയാനുള്ള സന്ദര്‍ഭം. ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും എന്നാല്‍ പരീക്ഷക്കു വേണ്ടവിധത്തില്‍ തയ്യാറെടുപ്പ് നടത്താതിരിക്കുകയുമായാല്‍ വിജയിക്കാന്‍ കഴിയുകയില്ല. ചിന്തകനായ ഹെന്റി ദാവീദ് പറഞ്ഞതുപോലെ- 'അധ്യാപകന്‍ പഠനത്തിന്റെ കവാടം തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്, നീ അതിലൂടെ സ്വയം പ്രവേശിക്കണം.' (Teachers open the door, you enter by yourself)
പഠനം കാര്യക്ഷമമാകാന്‍, പഠിച്ചത് മറന്നുപോകാതെ ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍ മനശ്ശാസ്ത്രജ്ഞന്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഫോര്‍മുലയുണ്ട്- ഐ.സി.യു. ഫോര്‍മുല
(I) Interest (താല്‍പര്യം). താല്‍പര്യമുണ്ടെങ്കിലേ ആഗ്രഹമുണ്ടാവുകയുള്ളൂ. ജീവിതത്തിലെ എല്ലാ വിജയങ്ങളുടെയും തുടക്കം ആഗ്രഹത്തില്‍നിന്നാണ്. ഞാനത് നേടിയെടുക്കും എനിക്കതിനു കഴിയുമെന്ന ആത്മഗതത്തിലുറച്ച പ്രവര്‍ത്തനം. അത് മനുഷ്യനെ വിജയത്തിലെത്തിക്കും. പരീക്ഷയെ നേരിടുന്ന ഒരു പഠിതാവില്‍ വിജയിക്കണമെന്ന ആഗ്രഹം ഉടലെടുത്താല്‍ പഠനതാല്‍പര്യം താനെ വന്നുകൊള്ളും.
ആകാശഗംഗയിലൂടെ ഒരു പക്ഷിയെപ്പോലെ പറക്കുന്ന ഒരു യന്ത്രം കണ്ടുപിടിക്കണമെന്ന് റൈറ്റ് സഹോദരന്മാര്‍ ആഗ്രഹിച്ചു. തീവ്രമായ ആഗ്രഹമായിരുന്നു അത്. ആഗ്രഹിക്കുക മാത്രമല്ല അതിനെ സംബന്ധിച്ച് ചിന്തിച്ചു ആസൂത്രിതമായി പ്രവര്‍ത്തിക്കുകയും ചെയ്തു. പലരും ഈ ആഗ്രഹത്തെ ഭ്രാന്തന്‍ ചിന്തകളായി വിലയിരുത്തി. പരിഹാസം പാരിതോഷികമായി നല്‍കാനും ചിലര്‍ ശ്രമിച്ചു. പക്ഷേ, എല്ലാ കണക്കുകൂട്ടലുകളെയും ഭേദിച്ചു റൈറ്റ് സഹോദരന്മാര്‍ വിജയിച്ചു. അല്ല, അവരുടെ താല്‍പര്യം വിജയിച്ചു. അതാണല്ലോ ഇന്ന് സര്‍വ്വസാധാരണമായ വിമാനം. 'നിയ്യത്തുല്‍ മുഅ്മിനി ഖൈറുമ്മിന്‍ അമലിഹി' സത്യവിശ്വാസിയുടെ മനക്കരുത്ത് അവന്റെ പ്രവര്‍ത്തനത്തേക്കാള്‍ ഉത്തമമാണ് എന്ന പ്രവാചക വചനം താല്‍പര്യത്തിന്റെ പ്രധാന്യം തെര്യപ്പെടുത്തുന്നു.
2. Concentration (ഏകാഗ്രത). പഠിക്കുന്നത് ഓര്‍മ്മയില്‍ നിലനില്‍ക്കാന്‍ ഏകാഗ്രത അത്യാവശ്യമാണ്. വീടുകളില്‍ വെച്ചുള്ള കുട്ടികളുടെ പഠനം വെറും പാഴ്‌വേലകളായി മാറാന്‍ ഏകാഗ്രതയില്ലായ്മ ഒരു പ്രധാന കാരണമാണ്. കുട്ടികള്‍ പഠനപ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ വീട്ടിലെ മറ്റംഗങ്ങള്‍ നാട്ടുകാര്യങ്ങള്‍ പറഞ്ഞിരിക്കുകയോ ടി.വിയില്‍ മുഴുകിയിരിക്കുകയോ ആണെങ്കില്‍ പഠനം മനസ്സില്‍ പതിയാത്ത അധരവ്യായാമമായിരിക്കും. പഠനകാര്യത്തില്‍ കുട്ടികളെ സഹായിക്കാന്‍ കഴിയില്ലെങ്കിലും അവരോട് സഹകരിക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരായാല്‍ പഠനത്തില്‍ അവര്‍ക്ക് ഏകാഗ്രത ലഭിക്കും. ശ്രദ്ധ പതറിപ്പോകുന്ന സാഹചര്യങ്ങള്‍ ഇല്ലാത്ത ഒരിടം പഠനമുറിയായി തെരഞ്ഞെടുക്കുകയും മറ്റുള്ളവര്‍ കുട്ടിയുടെ വായന ശ്രദ്ധിക്കുകയും ചെയ്യണം. രക്ഷിതാക്കള്‍ക്ക്, അല്ലെങ്കില്‍ തന്നെ ശ്രവിക്കുന്നവര്‍ക്ക് പഠിപ്പിക്കുന്നു എന്ന ഭാവത്തില്‍ പഠനം നടത്തിയാല്‍ വായിക്കുന്നത് കൂടുതല്‍ മനസ്സില്‍ പതിയും. സെനക്കി എന്ന ചിന്തകന്‍ പറഞ്ഞതുപോലെ- പഠിപ്പിക്കുമ്പോഴാണ് മനുഷ്യന്‍ പഠിക്കുന്നത്. ഏകാഗ്രതക്ക് അനുയോജ്യമായ സമയമുണ്ട്. ആ സമയത്തെ പരിഗണിക്കുകയും ചെയ്യണം. പ്രഭാത വേള, അഥവാ സൂര്യോദയത്തിനു മുമ്പുള്ള സമയം പഠനത്തിനു പര്യാപ്തമായ സമയമാണ്. പ്രഭാതപക്ഷിക്കു ഇര ലഭിക്കുന്നു. The early bird catches the worm എന്നാണല്ലോ പഴമൊഴി. ബുദ്ധിവികാസത്തിനും ആരോഗ്യത്തിനും ഈ അനുഗൃഹീത സമയം അനുയോജ്യമാണ്. പ്രഭാതവേളയില്‍  കുട്ടികളെ പഠിക്കാന്‍ പ്രേരിപ്പിക്കണം.
3. Understandign (മനസ്സിലാക്കല്‍). വായിക്കലും മനഃപാഠമാക്കലുമാണ് ഇന്ന് പല പഠിതാക്കളിലും കണ്ടുവരുന്ന പ്രവണത. വിഷയമെന്താണെന്ന് അറിഞ്ഞു പഠിക്കുമ്പോള്‍ പഠനത്തില്‍ ആനന്ദവും താല്‍പ്പര്യവും ഉണ്ടായിത്തീരും. പഠനത്തിനുള്ള അനേകം മാര്‍ഗങ്ങളില്‍ ഒന്നാണ് വായന. എത്ര വായിച്ചു എന്നതല്ല, എങ്ങനെ വായിച്ചു എന്നതാണ് പ്രധാനം. സുപരിചിതങ്ങളായ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി വായിക്കുകയാണെങ്കില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയും.
വായിച്ചു കഴിഞ്ഞാല്‍ പുസ്തകമടച്ചു പ്രധാന പോയിന്റുകള്‍ ഓര്‍മ്മിച്ചുനോക്കുക. ഇടക്കിടെ വിശ്രമം നല്‍കി വായിക്കുക. പോയിന്റുകള്‍ നോട്ടുബുക്കില്‍ കുറിച്ചിടുക. എഴുതി പഠിക്കുന്നത് ആത്മവിശ്വാസം ഉറപ്പിക്കും.
പഠിതാവില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് ഈ ഫോര്‍മുല. അതുണ്ടാക്കിയെടുക്കാന്‍ രക്ഷിതാക്കളുടെ സഹകരണം അത്യാവശ്യമാണ്. എന്നാല്‍ വിജയം സുനിശ്ചിതം.ണം അത്യാവശ്യമാണ്. എന്നാല്‍ വിജയം സുനിശ്ചിതം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter