ചാലിലകത്തിന്റെ വിദ്യാഭ്യാസ ദര്‍ശനം
അക്ഷരം കൂട്ടിവായിക്കാനറിയുന്നവര്‍ക്കൊക്കെ പരിഷ്‌കരണ വാദത്തിന്റെ മേലങ്കിചാര്‍ത്തി അവരുടെ കാഴ്ചപ്പാടുകളെ ഇസ്‌ലാമികതക്ക് പകരം, ശപിക്കപ്പെട്ട മുതലാളിത്തത്തിന് മുതല്‍കൂട്ടാക്കലാണല്ലോ പുതിയ കാലത്തിന്റെ പ്രത്യേകത. എന്നാല്‍, ഇതിനെ പിറകോട്ടു തള്ളി കുഞ്ഞഹമ്മദാജിയെ പോലുള്ള വിദ്യാഭ്യാസ-ശാസ്ത്ര ചിന്തകന്‍മാരെ നോക്കിക്കാണാനാണ് ഇന്നത്തെ മുസ്‌ലിം ബുദ്ധിജീവികളും ഫലപ്രദവിദ്യാസമ്പന്നരും താല്‍പര്യപ്പെടുന്നത്.
കുഞ്ഞഹമ്മദാജി മരിച്ചിട്ട് മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. ഇന്ന് അദ്ദേഹം ഉയര്‍ത്തിവിട്ട ശാസ്ത്ര വിദ്യാഭ്യാസ-കാഴ്ചപ്പാടുകള്‍ക്ക് പുനര്‍ജനി ലഭിക്കുന്നതിനുള്ള ഈറ്റ്  നോവ് സമൂഹത്തില്‍ തുടങ്ങി എന്നതാണ് സുന്നി അഫ്കാര്‍ ഹാജിയെ കുറിച്ചൊരു പ്രത്യേക പതിപ്പിറക്കുന്നതിന്റെ പൊരുളും അര്‍ത്ഥവും. ഇത് പറയുമ്പോള്‍ ഹാജിയുടെ മദ്‌റസ പാഠപുസ്തക പരിഷ്‌കരണവും ഖിബ്‌ല കാഴ്ചപ്പാടുമൊക്കെ അതേപടി  തിരിച്ചുവരുന്നു എന്നല്ല അര്‍ത്ഥമാക്കുന്നത്. ആ ചിന്ത, ആ കാഴ്ചപ്പാടുകള്‍ കുട്ടികളും വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ പ്രവര്‍ത്തകരുമൊക്കെ അടങ്ങുന്ന വിദ്വല്‍സമൂഹം അവരുടെ ചില മണ്ഡലത്തില്‍ വിഷയമാക്കണം എന്നാണ്.
കുഞ്ഞഹമ്മദ് ഹാജി പഠിച്ച ഭൂമിശാസ്ത്രവും വിദ്യാഭ്യാസവും താന്‍ മനസിലാക്കിയ മറ്റുപല കാര്യങ്ങളും അന്നു തന്നെ പാശ്ചാത്യ ലോകത്ത് പഴകിയ ആശയങ്ങളായിക്കഴിഞ്ഞിരുന്നു.
ഇന്നത്തെ റോഡുകളില്ലാത്തതും ഉള്ള കാളവണ്ടികള്‍ക്ക് പോലും പോകാന്‍ കഴിയാത്തതുമായ കല്ലും മുള്ളും നിറഞ്ഞുകിടക്കുന്ന ഇടവഴികളിലൂടെ കാളകളുടെ പുറത്തിട്ടാണ് അക്കാലത്ത് നിത്യോപയോഗ വസ്തുക്കള്‍ ചില്ലറക്കച്ചവടക്കാര്‍ക്കെത്തിച്ചുകൊടുത്തിരുന്നത്. പൊതിക്കാളകള്‍ എന്ന പേരിലറിയപ്പെട്ട അനേകം കാളകള്‍വഴി കവച്ചടം നടത്തിയിരുന്ന മൗലാന അക്കാലത്തെ ഒരു പ്രമുഖ കച്ചവടക്കാരനായിരുന്നു. പിതാവിന്റെ സ്വാധീനവും സഹായസഹകരണവുംവഴി കോഴിക്കോട്ടെ ഒരംഗീകൃത സ്‌കൂളിലാണ് ഹാജിയുടെ പ്രാഥമിക പഠനങ്ങള്‍ നടന്നത്. പിന്നീട് അന്നത്തെ ഏറനാടന്‍ രീതിയനുസരിച്ച് നാട്ടിലെ വിവിധ ദര്‍സുകളില്‍ പഠിച്ചു. എന്നാല്‍, കോഴിക്കോട്ടെ സ്‌കൂള്‍ പഠനം വഴി കരഗതമായ മലായാളം, ഇംഗ്ലീഷ് ഭാഷകള്‍ കൂട്ടത്തില്‍ പരിപോഷിപ്പിക്കുന്നതിന് വെല്ലൂരിലെ ലത്തീഫിയ്യ: കോളേജാണ് തെരഞ്ഞെടുത്തത്. ആര്‍ക്കനാട് നവാബ് ആദില്‍ഷായുടെ മുന്‍കൈയ്യോടെ സ്ഥാപിതമായ ലത്തീഫിയ്യ അക്കാലത്തു തന്നെ മുസ്‌ലിം വിദ്യാഭ്യാസ ലോകം  വീക്ഷിച്ചിരുന്ന മഹല്‍ സ്ഥാപനമായിരുന്നു. ഡല്‍ഹിയില്‍ നിന്നും സിന്ധില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ അവിടെ പഠിച്ചിരുന്നു.
പഠനത്തിനും അറിവിനും വിശാലമായ മേഖല ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കണ്ടെത്തുന്നത് ലത്വീഫിയ്യയില്‍ വെച്ചായിരുന്നുവെന്ന് മൗലാനയെപ്പറ്റി പിന്നീട് നടന്ന പഠനങ്ങള്‍ തെളിയിക്കുന്നതു കൊണ്ട് ഇന്നത്തെ അര്‍ത്ഥത്തിലുള്ള ഒരു പരിഷ്‌കരണ വാദിയായിരുന്നു മൗലാനയെന്ന് പറയാനാവില്ല. വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയെ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വളരെയേറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നതായി ആലപ്പുഴയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മണിവിളക്ക്' എന്ന അറബി മലയാള വാരികയില്‍ എ. മുഹമ്മദ് ലബ്ബ എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, 1901 മുതല്‍ 1910 വരെ തിരൂരില്‍ നിന്ന് കെ. സെയ്താലിക്കുട്ടി മാസ്റ്റര്‍ പ്രസിദ്ധീകരിച്ചിരുന്ന 'സ്വലാഹുല്‍ ഇഖ്‌വാന്‍' എന്ന അറബി മലയാള പത്രത്തില്‍ അതിന്റെ മലപ്പുറം പ്രദേശത്തെ  ലേഖകനായിരുന്ന മാടമ്പി അലവി മുസ്‌ലിയാര്‍ വക്കം മൗലവിയുടെ തൗഹീദ് പ്രസ്ഥാനത്തെ മേലാറ്റൂരില്‍ നടന്ന ഒരു പണ്ഡിതസഭയില്‍ വെച്ച് മൗലാന ചാലിലകത്ത് ശക്തിയായി വിര്‍ശിച്ചിരുന്നതായി മൗലാനയുടെ വിശ്വസ്ത ശിഷ്യനായിരുന്ന ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ തന്നോട് പറഞ്ഞതായി അലവി മുസ്‌ലിയാര്‍ വ്യക്തമാക്കുന്നു.
  വാഴക്കാട് ദാറുല്‍ ഉലൂമില്‍ ലത്തീഫിയ്യയില്‍ പ്രശസ്തമാം വിധം പഠനം പൂര്‍ത്തിയാക്കിയ മൗലാന നാട്ടിലെത്തി ചില ദര്‍സുകളില്‍ മുദര്‍രിസായ ശേഷം അന്ന് വാഴക്കാട്ടെ കൊയപ്പത്തൊടി കുടുംബം അവരുടെ കുടുംബ സ്വത്തായി വളര്‍ത്തി വന്ന ദാറുല്‍ ഉലൂം അറബി കോളേജ് പരിഷ്‌കരിച്ച് ഒരു ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനമാക്കണമെന്ന് ആഗ്രഹിക്കുന്ന കാലം. ഹാജി സാഹിബ് മയ്യഴിയിലെ ദര്‍സില്‍ നിന്നൊഴിഞ്ഞ വിവരമറിഞ്ഞ വാഴക്കാട്ടെ അക്കാലത്തെ കൊയപ്പതൊടി കുടുംബാംഗം ദാറുല്‍ ഉലൂമിന്റെ നടത്തിപ്പ് ഭാരം ഏറ്റെടുത്തിരുന്ന മോയിന്‍കുട്ടി സാഹിബ് അന്നത്തെ ദാറുല്‍ ഉലൂം പ്രിന്‍സിപ്പളായിരുന്ന ചെറുശ്ശേരി അഹമ്മദ്കുട്ടി മുസ്‌ലിയാരെ സാഹിബിനടുത്തേക്കയച്ചു. സ്ഥാപനം വലുതാക്കിയെടുക്കാന്‍ എന്ത് പരിഷ്‌കരണം വരുത്താനുള്ള ഓഫറും നല്‍കിയാണ് ചെറുശ്ശേരി മടങ്ങിയത്. അങ്ങനെ വാഴക്കാട് മദ്‌റസയുടെ അന്നത്തെ പേര് മാറ്റി ദാറുല്‍ ഉലൂം എന്നാക്കി. ആദ്യമായി മലയാള ഭാഷയുടെ ലിപി പരിഷ്‌കരണവും പിന്നീട് അറബി മലയാള ലിപിയില്‍ സനാഉല്‍ല്ല മക്തി തങ്ങള്‍ നടത്തിയ പരിഷ്‌കരണം അല്‍പം കൂടി ശാസ്ത്രീയമായി പൂര്‍ത്തിയാക്കി. അന്നത്തെ ദാറുല്‍ ഉലൂം വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം അറിയുമായിരുന്നില്ല. അവര്‍ക്ക് വേണ്ടി രാവിലെ മലയാളം, കണക്ക്, ശാസ്ത്ര വിഷയങ്ങള്‍ എന്നിവക്ക് പ്രത്യേക ക്ലാസുകള്‍ ആരംഭിച്ചു. ഉയര്‍ന്ന ക്ലാസുകളില്‍ തമിഴ്, ഉര്‍ദു, പാര്‍സി, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തി. പിന്നീട് മദ്രസാ ക്ലാസുകളിലേക്കുള്ള പാഠപുസ്തക രചനയായിരുന്നു.
സാഹിത്യ ചര്‍ച്ചയും  പത്രപാരായണവും രാവിലെ പത്രവായന വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമാക്കിയത് വലിയ ഒച്ചപ്പാടുണ്ടാക്കി. വൈകുന്നേരങ്ങളിലെ മലയാള സാഹിത്യ ചര്‍ച്ച അതിലേറെ വിവാദമായി. ബെഞ്ചും ഡസ്‌കും ഭൂപടങ്ങളും ഗ്ലോബുകളും ഭൂഗോളത്തിലെ വിവിധ ജീവജാലങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങി ഈ വന്‍ സന്നാഹം, അക്കാലത്ത് മദ്രാസിലോ ഡല്‍ഹിയിലോ ഉണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസ  സ്ഥാപനങ്ങളോട് കിടപിടിക്കുന്നതായിരുന്നു. ഒ. ചന്തുമേനോന്റെ ഇന്ദുലേഖ ഒരിക്കല്‍ സാഹിത്യ ചര്‍ച്ചയില്‍ പ്രശ്‌നമുണ്ടാക്കി. ഗണിതശാസ്ത്രത്തില്‍ അഗ്രഗണ്യനായ മപ്പാട്ടുകര പോക്കര്‍ മുസ്‌ലിയാരാണ് മൗലാനാ കുഞ്ഞഹമ്മദ് ഹാജിക്ക് കണക്ക് ശാസ്ത്രം പഠിപ്പിച്ചു കൊടുത്തത്. ശാസ്ത്രീയ വിഷയത്തില്‍ അറിയപ്പെട്ട എല്ലാ പണ്ഡിതന്മാരോടും കുഞ്ഞഹമ്മദ് ഹാജി ബന്ധപ്പെടുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം രണ്ടു തവണ സിന്ധില്‍ നടന്ന രണ്ടു സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു. പുരാതന സിന്ധുനദീതട സംസ്‌കാരത്തെ പറ്റി ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞന്മാരും പണ്ഡിതന്‍മാരും ഗവേഷകരും ചേര്‍ന്ന് നടത്തിയിരുന്ന പഠന ചര്‍ച്ചകളായിരുന്നു അത്. ഉത്തര്‍ പ്രദേശുകാരനായ അബ്ദുല്‍ ജലാല്‍ നദ്‌വിയായിരുന്നു ഇതിലൊരു ഗ്രൂപ്പിന് നേതൃത്വം കൊടുത്തിരുന്നത്. സിന്ധു നദീതട ഗവേഷകര്‍  കണ്ടെടുത്ത ഇഷ്ടികകളില്‍ കണ്ട ലിഖിതങ്ങള്‍ പ്രാചീന അറബി ലിപിയാണെന്നും സിന്ധ് സംസ്‌കൃതി പുരാതന സമൂദു വര്‍ഗമാണ് സ്ഥാപിച്ചതെന്നും ഈ ഗവേഷണ ഗ്രൂപ്പ് അവകാശവാദമുന്നയിച്ചിരുന്നു.ഭൂമിശാസ്ത്ര രംഗത്ത് മൗലാന കുഞ്ഞഹമ്മദ് ഹാജി ഭൂമിശാസ്ത്ര രംഗത്താണ് കൂടുതല്‍ ശ്രദ്ധിച്ചതെന്ന് അദ്ദേഹത്തിന്റെ ഖിബ്‌ലാ വാദം സൂചിപ്പിക്കുന്നു. സത്യത്തില്‍ ഖിബ്‌ലാ വാദം സമൂഹത്തിനിടയില്‍ വലിയ പ്രതികരണമുണ്ടാക്കാവുന്ന ഒരു വിഷയമായിരുന്നില്ല. എന്നാല്‍, പണ്ഡിതസഞ്ചയങ്ങള്‍ക്കിടയില്‍ അതു വരെ തങ്ങള്‍ ശ്രദ്ധിക്കാതെ വിട്ടുപോയ ഒരു കാര്യത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടാന്‍ അതവസരമുണ്ടാക്കി എന്നു മാത്രമല്ല, മുസ്‌ലിം മതപണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ശാസ്ത്ര വിചാരം കടന്നുവരുന്നതിനും അതിടയാക്കി എന്നു പറയാം. മണ്ണാര്‍ക്കാട് ദര്‍സില്‍ ജോലി ചെയ്യുമ്പോഴാണദ്ദേഹം മരണപ്പെട്ടത്. ഈ ദര്‍സില്‍ പില്‍ക്കാലത്ത് ഉണ്ടായിരുന്ന പ്രസിദ്ധ സ്പാനിഷ് ഭൂമി ശാസ്ത്രജ്ഞന്‍ അള്‍-ബക്കരിയയുടെ 'അല്‍മസാലിക വല്‍ മമാലിക' മൗലാനയുടേതാവാമെന്ന് പിന്നീട് പറഞ്ഞു കേട്ടിരുന്നതായി മാടമ്പി അലവി മുസ്‌ലിയാര്‍ 'സ്വലാഹുല്‍ ഇഖ്‌വാനില്‍' അദ്ദേഹത്തിന്റെ പ്രതിവാരക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.(16-08-1904).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter