കരിയർ ആസൂത്രണം ചെയ്യുന്നതിലെ പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്?

ഒരു കുട്ടിയുടെ കരിയർ പ്ലാനിങ്ങിലെ പ്രധാന ഘടകങ്ങളെ താഴെ പറയുന്ന രീതിയിൽ നമുക്ക് മനസിലാക്കാവുന്നതാണ്. 
അഭിരുചി അളന്ന് ഗൈഡിങ് നടത്തുന്നവരും മെൻ്റർമാരായി നിൽക്കാനാഗ്രഹിക്കുന്നവരും രക്ഷിതാക്കളും അധ്യാപകരും ഇത് അറിഞ്ഞ് വെക്കുന്നത് നന്ന്. ‌

 കഴിവുകളുടെ വിലയിരുത്തൽ

ഒരാളുടെ വ്യക്തിപരമായ ശേഷികളും വാസനകളും സ്വഭാവ സവിശേഷതകളും അയാൾ ഏർപ്പെടുന്ന ജോലിയിലെ വിജയത്തെ സ്വാധീനിക്കുന്നു. കുട്ടിയെ പറ്റി അറിയാൻ താഴെ ചോദ്യങ്ങൾ ചോദിക്കാം...

 ഏതുതരം വ്യക്തിയാണ് നിങ്ങൾ? 

അന്തർമുഖനോ ബഹിർമുഖനോ?

 എന്താണ് നിങ്ങളുടെ താൽപര്യങ്ങൾ‌?

 നിങ്ങളുടെ ശാരീരികവും മാനസികവും സാമൂഹിവും ബുദ്ധിപരവും വൈകാരികവും സാമ്പത്തികവുമായ കഴിവുകളെ വിലയിരുത്തി യിട്ടുണ്ടോ? 

അവ നിങ്ങളാഗ്രഹിക്കുന്ന കരിയറിന് എത്രമാത്രം ഗുണകരമാണ്?

 കുട്ടിയുടെ കഴിവുകളെ സത്യസന്ധമായ രീതിയിൽ, മാതാപിതാക്കൾ വിലയിരുത്തേണ്ടതുണ്ട്. വിദഗ്ധനായ ഒരു മനഃശാസ്ത്രജ്ഞന്റെയോ കരിയർ കൗൺസിലറുടെയോ ഉപദേശം ഇതിന്നായ് തേടുന്നതും അഭിലഷണീയമാണ്. 

സാധ്യതാലിസ്റ്റ് തയാറാക്കൽ

കുട്ടിയുടെ താൽപര്യങ്ങളും അഭിരുചികളും കഴിവുകളും വിലയിരുത്തിക്കഴിഞ്ഞാൽ അനുയോജ്യമായ കരിയറുകളുടെ ഒരു ലിസ്റ്റ് കണ്ടെത്താൻ ശ്രമിക്കാം.

 എൻജിനീയറിങ് പഠിച്ചയാൾ അധ്യാപകനായോ ഗവേഷകനായോ മാനേജ്മെന്റ് വിദഗ്ധനായോ ഡിസൈനറായോ മറ്റോ ആകാം പ്രവർത്തിക്കുന്നുണ്ടാവുക. 
ഗണിതശാസ്ത്രത്തിൽ താൽപര്യം കാണിക്കുന്ന കുട്ടിക്ക് ശുദ്ധഗണിതം  (Pure mathematics) പ്രായോഗികഗണിതം (Applied maths) സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് , പോപ്പുലേഷൻ സ്റ്റഡീസ്, തിയററ്റിക്കൽ ഫിസിക്സ്, ഇക്കണോ മെട്രിക്സ്, ഓപ്പറേഷൻസ് റിസർച്ച്, ഗണിതാധ്യാപനം, കംപ്യൂട്ടേഷൻ ബയോളജി എന്നിങ്ങനെ എന്തെല്ലാം സാധ്യതകളുണ്ട്! 
ഇത്തരം വിവരശേഖരണം വളരെ പ്രധാനപ്പെട്ടതാണ്. ഇതിനു പുറമേ ഈ മേഖലകളിൽ തൊഴിൽ സാധ്യതയെക്കുറിച്ചും വേണ്ടത്ര പഠിക്കേണ്ടതുണ്ട്. 

നമ്മുടെ താൽപര്യത്തിനിണങ്ങുന്ന കോഴ്സുകൾ എവിടെയാണ് ലഭ്യമാവുക?
 സ്ഥാപനങ്ങളുടെ നിലവാരം, ഫീസ്, പഠനരീതി, പ്രവേശനരീതി എന്നിവയും നേരത്തേതന്നെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്.

ശേഷികൾ‌ വികസിപ്പിക്കൽ

കുട്ടിയുടെ താൽപര്യത്തിന് അനുയോജ്യമായ കരിയർ കണ്ടെത്തിക്കഴിഞ്ഞെന്നു കരുതുക. ഇനി അതിലെത്തിച്ചേരാനും തുടർന്ന് ആ കരിയറിൽ മുന്നോട്ടു പോകാനും ആവശ്യമായ ശേഷികൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം. എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നയാൾ ചെറുപ്പം മുതലേ നല്ല വായനാശീലം വളർത്തിയെടുക്കണം. സ്കൂൾതലം മുതൽ കഥ, കവിത, ലേഖനം മത്സര ങ്ങളിൽ പങ്കെടുത്തും ഒഴിവുസമയങ്ങളിൽ സ്വന്തം സാഹിത്യസൃഷ്ടികൾ‌ എഴുതിയും മുൻ‌പോട്ടുപോകാം നമ്മുടെ രചനകൾ അധ്യാപകരെയോ സാഹിത്യരംഗത്തുള്ളവരെയോ കാണിച്ച് അഭിപ്രായമാരായാം. തിരുത്തലുകൾ നടത്തുകയും ചെയ്യാം. കാൾസാഗനെപ്പോലെ സയൻസ് ഫിക്ഷൻ എഴുത്തുകാരനാകാനാണ് താൽപര്യമെങ്കിൽ ശാസ്ത്ര–സ‍ാങ്കേതിക വിഷയങ്ങളിൽ കൂടുതൽ അറിവു നേടാൻ ശ്രമിക്കണം. ജേണലിസ്റ്റാകാൻ ഉദ്ദേശ‍ിക്കുന്നുവെങ്കിൽ പത്രപ്രവർത്തന പരിശീലനക്കളരികളിലും മറ്റും പങ്കെടുത്ത് അറിവു നേടാം. 
താഴെപ്പറയുന്നവ കുട്ടികളുടെ ശേഷി വികസനത്തിനു സഹായിക്കും 

▫️വിഷയവുമായി ബന്ധപ്പെട്ട വായന; ചർച്ചകൾ
▫️അധ്യാപകരോടുള്ള ആശയവിനിമയം 
▫️ തൊഴിലിടങ്ങളിലേക്കുള്ള സന്ദർശനം, ജോബ് ഷാഡോവിങ്
▫️ശിൽപശാലകൾ
▫️പ്രത്യേക സ്ഥാപനങ്ങളിൽ ചേർന്നുള്ള പര‍ിശീലനം ( അപ്രൻ്റീസ്ഷിപ്, ഇൻ്റേൺഷിപ്, കോച്ചിങ്ങ്) എന്നിവ

ആക്ഷൻ പ്ലാൻ

 അഭിരുചിക്കിണങ്ങിയ ഒരു കരിയർ തിരഞ്ഞെടുത്തു കഴിഞ്ഞാൽ എങ്ങനെ ആ കരിയറിലേക്കെത്തിച്ചേരാം എന്നു നോക്കണം. പ്രസ്തുത കരിയറിന് അനുയോജ്യമായ  കോഴ്സ് ഏതാണ്? 
ആ കോഴ്സിനുള്ള യോഗ്യത എന്താണ്?
എവിടെ പഠിക്കണം?
 എത്ര ഫീസ് വരും?
 പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്?
 പ്രവേശനപരീക്ഷകൾ, ഇന്റർവ്യൂ എന്നിവ എന്നു നടക്കും? 
എത്ര നേരത്തെ പരിശീലനം ആരംഭിക്കണം?
 വിദേശപഠനമാണ് മനസ്സിലുള്ളതെങ്കിൽ തയാറെടുപ്പുകൾ വളരെ നേരത്തെ ആരംഭിക്കേണ്ടി വരും? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കാണണം

മേൽ 4 കാര്യങ്ങൾ അറിഞ്ഞ് കൊണ്ട് കുട്ടികളെ ഗൈഡ് ചെയ്യാൻ സാധിക്കുമ്പോഴാണ് ശരിയായ മാർഗ്ഗനിർദ്ദേശകനാകാൻ സാധ്യമാവുന്നത്.
നിങ്ങളുടെ ശരിയായ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെ നിങ്ങളുടെ അടുത്തെത്തുന്ന കുട്ടി ശരിയായ ഗൈഡിങ് കിട്ടാൻ ഈ കുറിപ്പ് ഉപകാരപ്പെടട്ടെ...

(സിജി ഇൻറർനാഷനൽ കരിയർ R&D ടീം
www.cigicareer.com
www.cigii.org)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter