ചാനലില്ലാത്ത സമയങ്ങളില്‍ നിങ്ങളുടെ മക്കള്‍ എത്രനേരം വീട്ടിലിരിക്കാറുണ്ട്?
കുടുംബം വലിയൊരു ഭാരമാണ് പലര്‍ക്കും. കുടുംബത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ പാതിവഴിയില്‍ മുടങ്ങിപ്പോകുമ്പോഴാണ് ഈ തോന്നല്‍ ഉണ്ടായിത്തുടങ്ങുന്നത്. കൂട്ടിയിട്ട് കൂടാതെ വരുമ്പോള് കുടുംബജീവിതം തനിക്ക് പറഞ്ഞതല്ലെന്ന് ചിലരെങ്കിലും ആലോചിച്ചു തുടങ്ങുന്നു. പിന്നെ പിന്നെ സ്വന്തം കുടുംബം ഒരു ബാധ്യതയായി മാറുന്നു. എന്നാല്‍ എല്ലാം ഉണ്ടായിട്ടും കുടുംബം ബാധ്യതയായി തോന്നുന്ന ചിലരുണ്ട്. സ്വന്തമായി സമ്പാദ്യവും തട്ടിട്ട വീടും പോര്‍ച്ച് നിറയെ വണ്ടിയുമുണ്ടെങ്കിലും വീട് ജയില്‍ തന്നെയായി തോന്നുന്ന അനുഭവം. ഏറ്റവും ആവശ്യമുള്ള എന്തോ ഒന്ന് അവിടെ ഇല്ലെന്ന് തോന്നിയാല്‍ മക്കള്‍ക്ക് വീടും ജയിലായി തോന്നും. കുടുംബത്തിന്‍റെ അടിസ്ഥാനമാകേണ്ടത് സന്തോഷമാണ്. സന്തോഷത്തിന്മേല്‍ തറക്കല്ലിട്ട കുടുംബമല്ലെങ്കില്‍ എത്ര സ്ക്വയര്‍ഫീറ്റിലായിട്ടും കാര്യമില്ല, തട്ടുകളുണ്ടായിട്ടും. അതിനുള്ളിലുള്ളവര്‍ കിടന്ന് വിങ്ങും.ജീവിതത്തിന്‍റെ പോരിടങ്ങളില്‍ മനസ്സുകള്‍ തമ്മില്‍ ചിതറും. അവസാനം ജീവിതം സഹികെട്ടു തുടങ്ങും. പലരെയും കണ്ടിട്ടുണ്ട്. വീട്ടില്‍ കരന്‍റ്പോയാല്‍ അവര്‍ വീടിന് പുറത്തിറങ്ങും. അങ്ങാടിയിലേക്ക്. അവിടെ സുഹൃത്തുക്കളുടുയോ മറ്റോ കൂടെ സൊറ പറഞ്ഞിരിക്കും. കരന്‍റ് വന്നുവെന്ന് കണ്ടാലെ പിന്നെ വീട്ടിലേക്ക് മടങ്ങൂ. കരന്‍റില്ലാതെ, ടി.വിയിലെ റിയാലിറ്റിഷോകളില്ലാതെ പിന്നെ അവര്‍ക്ക് വീട്ടിലൊരു സുഖവുമില്ല. പകല് ‍അധ്വാനിക്കുന്നവരാണവര്‍. പൈസ സമ്പാദിക്കുന്നുമുണ്ട്. വൈകുന്നേരം വീട്ടിലേക്ക് വരുമ്പോള്‍ കൈ നിറെയ വീട്ടിലേക്കുള്ള സാധനങ്ങളുമായിട്ട് തന്നെയായിരിക്കും വരുന്നത്. എന്നാലും ടി.വി യില്‍ പരിപാടി ഇല്ലെങ്കില്‍ പിന്നെ വീട് രസമില്ല. അവിടെ സുഖമില്ല. പലപ്പോഴും ഇത്തരക്കാര്‍ വീട്ടിലൊരു ഏകാന്തത അനുഭവിക്കുന്നു. ഉള്ളിലനുഭവിക്കുന്ന വിങ്ങല്‍ അവരുടെ സൌഹൃദ സംഭാഷണത്തിനിടെ അറിയാതെ പുറത്തു വരികയും ചെയ്യുന്നു. ദാമ്പത്യത്തിലേക്ക് കടന്നിട്ടില്ലാത്തവരെ ചെറുപ്രായക്കാരെ കുറിച്ചാണ് മുകളില്‍ പറഞ്ഞത്. വീട്ടിലേക്കുള്ള എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുമ്പോഴും വീട്ടിലെന്തോ ഇല്ലാത്തപോലെ അവര്‍ക്കനുഭവപ്പെടുന്നു. അത് തങ്ങളുടെ സുഹൃത്തുക്കളുടെ വലയത്ത് മാത്രം ലഭിക്കുന്ന പോലെ. അല്ലെങ്കിലും ചാനലുകളിലെ റിയാലിറ്റി ഷോകള്‍ക്കിടയിലെ ബ്രേക്കുകള്‍ നമ്മുടെ നിത്യജീവിതത്തിലെ ബ്രേക്കുകളെ തീരുമാനിക്കുന്ന കാലമാണിത്. ഒരു ദിവസത്തെ രാത്രിയിലെ പവര്‍കട്ടിലാണ് വീട്ടിലെ കുഞ്ഞുങ്ങളുമായി ഉമ്മബാപ്പമാരും അവരുമായി കുഞ്ഞുങ്ങള് ‍തിരിച്ചും സംസാരിക്കുന്നതെന്നും അത് കൊണ്ട് പവര്‍കട്ടിന്‍റെ സാമൂഹിക ഗുണം തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കണമെന്നും ഫൈസ്ബുക്കില്‍ ഈയിടെ കുറിച്ച സുഹൃത്തിനെ ഓര്‍ത്തുപോകുന്നു. കരന്‍റില്ലാത്ത ദിവസം തന്‍റെ റിമോട്ടും പിടിച്ച് എന്തു ചെയ്യണമെന്നറിയാതെ ടി.വി മോണിറ്ററിലേക്ക് നോക്കിയിരിക്കന്ന ഒരാളുടെ ചിത്രമാണ് പോസ്റ്റ്മോഡേണ്‍കാലത്തെ ഏറ്റവും ദുരന്താത്മകമായ ചിത്രമെന്ന് നിരീക്ഷിക്കുന്നുണ്ട് ചിന്തകാനായ ഭൊദ്രിലാല്‍. സന്തോഷം കാശ് കൊടുത്ത് വാങ്ങാന്‍ ലഭിക്കുന്നതല്ല. മനസ്സ് കൊടുത്തു വാങ്ങേണ്ടതാണ്. അതു പുസ്തകം വായിച്ചുണ്ടാകുന്നതല്ല. മനസ്സ് വായിക്കാന്‍ പഠിച്ചാല്‍ മാത്രം ഉണ്ടായിവരുന്നതാണ്. മക്കളെ തിരിച്ചറിയാന്‍ രക്ഷിതാക്കള്‍ക്കും രക്ഷിതാക്കളെ തിരിച്ചറിയാന്‍ മക്കള്‍ക്കും ആകാതെ വരുന്നതാണ് ഇവിടത്തെ പ്രശ്നം. (ദമ്പതികളുടെ പൊരുത്തത്തെ കുറിച്ച് ഈ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല.)  width=താന്‍ ഇഷ്ടപ്പെടുന്ന ഏതോ പെണ്ണിനോടെന്ന പോലെ സ്വന്തം ഉമ്മക്ക് ഫോണ്‍ വിളിച്ചു സംസാരിച്ചിരിക്കുന്നവരെയും കണ്ടിട്ടുണ്ട്. പലപ്പോഴും അവരുടെ ഫോണില്‍ ബാലന്‍സ് തീരുന്നത് അവരെക്കാളും അത് കണ്ടിരിക്കുന്നവരെയാണ് ടെന്‍ഷനടിപ്പിക്കുക. സ്നേഹബന്ധം ആത്മാര്‍ഥമാണെങ്കില്‍ അന്യന്‍റെതും നമ്മുടെ മനസ്സിന് കുളിര് പരത്തും. അതിലിടര്‍ച്ച വരുന്നത് നമ്മിലും ഇരുള്‍ വീഴ്ത്തും. മക്കളോട് ഉള്ളുതുറന്നു സംസാരിക്കാന്‍ കഴിയാത്തത് രക്ഷിതാക്കളുടെ വലിയൊരു പോരായ്മാണ്. പലര്‍ക്കുമത് ഈഗോപ്രശ്നമാണ്. മക്കളില്‍ നിന്നും തിരിച്ച് ഈ അനുഭവം ലഭിക്കുന്നുണ്ടാകും. അതിലവര്‍ പരിതപിക്കുന്നുമുണ്ടാകും. എന്നാല്‍ അതിനുത്തരവാദികള് നാം തന്നെയാണെന്ന് ഓര്‍മിപ്പിക്കാനാണ് ഈ എഴുത്ത്. സന്തുഷ്ടകുടുംബങ്ങളെ കുറിച്ചുള്ള ചിന്തകളില്‍ ആദ്യം വരുന്ന ഒന്ന് സുഹൃത്തിന്‍റെതാണ്. ഇതുവരെ അവിടെ നേരിട്ടു പോയിട്ടില്ല. പോകാനൊത്തുവന്നില്ലെന്ന് പറയുന്നതാവും ശരി. മദ്റസാധ്യാപകനാണ് കുടുംബനാഥന്‍. ഒരു നേരത്തെ മദ്റസാധ്യാപനം. അതിലാണ് കുടുംബം പുലരുന്നത്. അല്ലറചില്ലറയെന്ന് പറയാന്‍ മറ്റു ചില്ലറ വരുമാനവും കാണണം. പക്ഷെ കുടുംബം സന്തുഷ്ടമാണ്. അവിടെ അത്ര വലുതല്ലാത്ത പുരയില്‍ ഓരോരുത്തരും സുഖമായി കിടന്നുറങ്ങുന്നു. ഖല്‍ബ് നിറയെ ഭക്ഷിക്കുന്നു. നല്ല സ്വപ്നം കാണുന്നു. ഉള്ള സന്തോഷവും ദുഖവും എല്ലാവരും തുല്യമായി പങ്കുവെക്കുന്നു. ക്ഷേമവും ക്ഷാമവും തിരിച്ചറിഞ്ഞ് ഉമ്മയും ബാപ്പയും മക്കളും പരസ്പരം പെരുമാറുന്നു. ചാനലില്ലാത്ത സമയങ്ങളില്‍ നിങ്ങളുടെ മക്കള്‍ ഏത്രസമയം വീട്ടിലിരിക്കുന്നുണ്ടെന്നു അവരിറിയാതെ നിരീക്ഷിക്കുക. നിങ്ങളോട് അവരെത്ര നേരം സംസാരിക്കുന്നുവെന്നും കണക്കെടുത്തു നോക്കുക. വീട്ടില്‍ അവരനുഭവിക്കുന്ന സന്തോഷത്തിന്‍റെ തോത് അനുസരിച്ചിരിക്കും അത്. കാറും വീടും ആരെയും വീട്ടിന്‍റെ മൂലയില്‍ കുറച്ച് നേരം ഇരുത്തിയേക്കാം. പക്ഷെ അല്‍പം കഴിയും മുമ്പ് അത് മടുക്കാതിരിക്കണമെങ്കില്‍ അവര്‍ക്ക് വേണ്ടത്ര സന്തോഷം കൂടെ പ്രദാനം ചെയ്യാന്‍ നമുക്കാകണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter