ബദ്ര്‍: പ്രതിരോധത്തിന്റെ മുഖവുര

ഇസ്‌ലാമിക ചരിത്രത്തിന്റെ ഗതി നിര്‍ണയിച്ച ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഏടാണ് ബദ്ര്‍ യുദ്ധം. 'അല്ലാഹുവേ, ഈ ചെറുസംഘത്തെ നീ നശിപ്പിച്ചാല്‍ ഇനി ഭൂമിയില്‍ നിന്നെ ആരാധിക്കാന്‍ ആളുകള്‍ ഉണ്ടാവുകയില്ല' എന്ന നബി തിരുമേനി(സ്വ)യുടെ പ്രാര്‍ത്ഥന ഈ മഹാസംഭവത്തിന് ഇസ്‌ലാമിക ചരിത്രത്തിലുള്ള പ്രാധാന്യം വിളിച്ചറിയിക്കുന്നുണ്ട്. ഇസ്‌ലാമില്‍ നടന്ന യുദ്ധങ്ങളൊക്കെയും കൃത്യമായ ലക്ഷ്യം നിര്‍ണയിച്ചുകൊണ്ടുള്ളവയാണ്. മനുഷ്യനു നന്മ മാത്രം പ്രദാനം ചെയ്യുന്ന ഒരു സംസ്‌കാരത്തെ ലോകത്ത് സംസ്ഥാപിക്കാന്‍ ചില തടസ്സങ്ങളെ നീക്കം ചെയ്യേണ്ടതായിവന്നു; ചില ജീവനുകള്‍ ബലികൊടുക്കേണ്ടിവന്നു. അങ്ങനെയെങ്കിലും സ്വന്തം സഹോദരന്‍ സത്യമാര്‍ഗം സ്വീകരിക്കണം എന്ന ഗുണകാംക്ഷ മാത്രമായിരുന്നു ഇവയുടെ പിന്നിലുണ്ടായിരുന്ന വികാരം. ഇതിന്റെ മറപിടിച്ച് ഈ മഹത്തായ പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചയെ വാളിനോടും തീവ്രവാദത്തോടും ചേര്‍ത്തുവയ്ക്കുന്നവര്‍ ചരിത്രയാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ് ചെയ്യുന്നത്.

യുദ്ധമുഖത്തുപോലും സഹോദര സമുദായത്തിലുള്ളവര്‍ക്ക് നേരിന്റെ വെളിച്ചം പകര്‍ന്നുനല്‍കാനാണ് സ്വഹാബാക്കള്‍ ശ്രമിച്ചത്. യര്‍മൂക്ക് യുദ്ധ വേളയില്‍ ഖാലിദുബ്‌നു വലീദ്(റ) നടത്തിയ പ്രബോധനത്തിന്റെ ഉത്തമ മാതൃക ചരിത്രകാരന്മാര്‍ വരച്ചുകാട്ടിയിട്ടുണ്ട്. യുദ്ധത്തിനിടയില്‍ അല്‍പം വിശ്രമത്തിനു സമയം കിട്ടിയപ്പോള്‍ ശത്രുപാളയത്തിലെ ഒരാള്‍- പേര് ജറജ- ഖാലിദ്(റ)വിനെ അടുത്തുവിളിച്ചു. തന്റെ ശത്രുവാണെങ്കിലും കിട്ടിയ അവസരം പാഴാക്കാതെ ഖാലിദ്(റ) അടുത്ത് ചെന്നു; എന്തും സംഭവിക്കാമായിരുന്ന നിമിഷം. വഞ്ചനയിലൂടെ വധിക്കപ്പെടാന്‍ പോലും സാധ്യതയുള്ള സമയം. പക്ഷേ, ഖാലിദ് (റ)വിന് അതൊന്നും വിഷയമായിരുന്നില്ല. അദ്ദേഹം ജറജയുടെ അടുത്ത് ചെന്നു.

ജറജ: ''ഖാലിദ്, എന്നോട് സത്യം പറയണം. അല്ലാഹു പ്രവാചകന് ഒരു വാള്‍ നല്‍കുകയും പ്രവാചകന്‍ ആ വാള്‍ താങ്കള്‍ക്ക് സമ്മാനിക്കുകയും ചെയ്തിട്ടുണ്ടോ?''

ഖാലിദ് (റ): ''ഇല്ല.''

ജറജ: ''പിന്നെങ്ങനെയാണ് താങ്കള്‍ക്ക് 'സൈഫുല്ലാഹ്' (അല്ലാഹുവിന്റെ വാള്‍) എന്ന പേര് വന്നത്?''

ഖാലിദ്(റ)വിന്റെ മറുപടി യുക്തി നിറഞ്ഞതായിരുന്നു; ഏതൊരാളെയും ഇസ്‌ലാമിലേക്ക് അടുപ്പിക്കുന്ന ബുദ്ധിപൂര്‍വകമായ മറുപടി.

ഖാലിദ്(റ): ''അല്ലാഹു ഞങ്ങള്‍ക്കിടയില്‍ ഒരു പ്രവാചകനെ നിയോഗിച്ചു. അദ്ദേഹത്തെ വിശ്വസിച്ചവരും അവിശ്വസിച്ചവരും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.'' ഖാലിദ്(റ) തുടര്‍ന്നു: ''ഞാന്‍ അവിശ്വസിച്ചവരുടെ കൂട്ടത്തിലായിരുന്നു'' ഈ വാക്ക് അദ്ദേഹം ബോധപൂര്‍വം കൂട്ടിയതായിരിക്കും. എത്ര അവിശ്വസിച്ചാലും അടുത്തറിയുമ്പോള്‍ ഇസ്‌ലാം പുല്‍കലല്ലാതെ നിര്‍വാഹമില്ലെന്ന ആകാംക്ഷ ജറജയുടെ മനസ്സില്‍ ഇട്ടുകൊടുക്കാന്‍. ''ശേഷം അല്ലാഹു എനിക്ക് സന്മാര്‍ഗം നല്‍കി. പ്രവാചകന്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും നീ അല്ലാഹുവിന്റെ വാളുകളില്‍ പെട്ട ഒരു വാളാണെന്നു പറയുകയും ചെയ്തു. അന്നു മുതല്‍ ഞാന്‍ 'സൈഫുല്ലാഹ്' എന്നു വിളിക്കപ്പെട്ടു തുടങ്ങി.''

ജറജ: ''ഏതു വിഷയത്തിലേക്കാണ് നിങ്ങള്‍ ഞങ്ങളെ പ്രബോധനം ചെയ്യുന്നത്?''

ഖാലിദ്(റ): ''ഏകദൈവ വിശ്വാസത്തിലേക്ക്.''

ജറജ: ''ഇന്ന് ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്ന ഒരാള്‍ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്ന അതേ പ്രതിഫലവും കൂലിയും ലഭിക്കുമോ?''

ഖാലിദ്(റ): അതും അതിലധികവും ലഭിക്കും.

ജറജ: ''അതെങ്ങനെയാണ് അധികം ലഭിക്കുക! നിങ്ങള്‍ ഞങ്ങള്‍ക്ക് മുമ്പേ ദീന്‍ വിശ്വസിച്ചവരല്ലേ?''

ഖാലിദ് (റ)വിന്റെ മറുപടി ചിന്തിപ്പിക്കുന്നതായിരുന്നു. ''ഞങ്ങള്‍ പ്രവാചകരെ കണ്ടവരും അവിടുത്തെ അമാനുഷികതകളും ദൃഷ്ടാന്തങ്ങളും അനുഭവിച്ചവരുമാണ്. കണ്ട ഞങ്ങള്‍ക്ക് വിശ്വസിക്കല്‍ എളുപ്പമായിരുന്നു. എന്നാല്‍ പ്രവാചകരെ കാണാത്ത നിങ്ങളുടെ വിശ്വാസത്തിനു മാറ്റ് കൂടും.''

ഖാലിദ്(റ)വിന്റെ മറുപടി ജറജയുടെ മനസ്സില്‍ മാറ്റത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചു. അദ്ദേഹം ഇസ്‌ലാം മതം വിശ്വസിച്ചു. രണ്ടു റക്അത്ത് നിസ്‌കരിച്ചു. പിന്നീട് അദ്ദേഹം രക്ത സാക്ഷിയായി. നാളെ സ്വര്‍ഗത്തില്‍ അദ്ദേഹവും ഉണ്ടാകും. (രിജാലുന്‍ ഹൗലര്‍റസൂല്‍ 299-301). 

ബദ്‌റിലേക്കു തന്നെ വരാം. എന്തുകൊണ്ട് യുദ്ധം ചെയ്യേണ്ടി വന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍ അതിനു മുമ്പ് ഒരു ദശ വര്‍ഷത്തിലധികം നബിതിരുമേനി(സ്വ)യും സ്വഹാബത്തും അനുഭവിച്ച പീഡനങ്ങളും പ്രയാസങ്ങളും നാം മനസ്സിലാക്കണം. അബൂത്വാലിബായിരുന്നു നബിതിരുമേനി(സ്വ)യുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത്. ഖുറൈശികള്‍ അവിടുത്തെ വിട്ടു കിട്ടാനുള്ള പല ശ്രമങ്ങളും നടത്തി. അവസാനത്തെ ശ്രമമെന്ന നിലയില്‍ തങ്ങളുടെ കൂട്ടത്തിലെ സുന്ദരനും ശക്തനുമായ ഉമാറത്തുബ്‌നുല്‍ വലീദ് എന്ന യുവാവിനെയും കൂട്ടി അബൂത്വാലിബിന്റെ അടുത്ത് ചെന്ന് പറഞ്ഞു: ''ഇദ്ദേഹത്തെ താങ്കള്‍ സ്വീകരിക്കുക. പകരം മുഹമ്മദിനെ ഞങ്ങള്‍ക്ക് വിട്ടുതരിക.'' പക്ഷേ, അബൂത്വാലിബ് അതിനു തയ്യാറായില്ല. ''വളരെ മോശപ്പെട്ട ആവശ്യമാണ് നിങ്ങളുടേത്'' എന്നായിരുന്നു അബൂത്വാലിബിന്റെ മറുപടി. (ഇബ്‌നു ഹിശാം 1:267).

എന്നിട്ടും ഖുറൈശികള്‍ ശ്രമങ്ങള്‍ അവസാനിപ്പിച്ചില്ല. ഇസ്‌ലാമിന്റെ പൊന്‍ പ്രഭ ഊതിക്കെടുത്താന്‍ അവര്‍ ആവത് ശ്രമിച്ചു. മുസ്‌ലിങ്ങളെ നിരന്തരം പീഡിപ്പിച്ചും അക്രമിച്ചും തളര്‍ത്താന്‍ തീരുമാനിച്ചു. ഒരിക്കല്‍ നബിതിരുമേനി(സ്വ) നിസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഉഖ്ബത്തുബ്‌നു അബീ മുഐത്ത്വ് എന്ന ദുഷ്ടന്‍ വന്നു. കൈയിലുള്ള ഷാള്‍ പിരിച്ച് കയറു പോലെയാക്കി നബിതിരുമേനി (സ്വ) സുജൂദിലായിരിക്കെ അവിടുത്തെ കഴുത്തില്‍ അതുകൊണ്ട് വരിഞ്ഞു മുറുക്കി. അബൂബക്ര്‍(റ) ഉഖ്ബയെ തട്ടിമാറ്റി. (റഹ്മത്തുന്‍ലില്‍ ആലമീന്‍ 1:51) 

സത്യം മനസ്സിലായിട്ടും അസൂയ മാത്രമായിരുന്നു ഈ പീഡനങ്ങള്‍ക്കു പിന്നിലെന്ന് താഴെ പറയുന്ന സംഭവത്തില്‍നിന്ന് മനസ്സിലാകും.

നബി(സ്വ)യെ പരിഹസിക്കാന്‍ ഖുറൈശികള്‍ ഒരു സമിതി രൂപീകരിച്ചു. 25അംഗ സമിതിയുടെ തലവന്‍ അബൂലഹബായിരുന്നു. ഒരു ദിവസം അവര്‍ക്കിടയില്‍ നടന്ന ചര്‍ച്ച ദൂരെ ദിക്കുകളില്‍ വരുന്നവരോട് മുഹമ്മദിനെക്കുറിച്ച് എന്തു പറയണമെന്നതായിരുന്നു. ഒരാള്‍ പറഞ്ഞു: ''മുഹമ്മദ് ജോല്‍സ്യനാണെന്നു പറയാം.'' വലീദുബ്‌നുല്‍ മുഗീറ പറഞ്ഞു: ''നിരവധി ജോല്‍സ്യരെ കണ്ട ആളാണു ഞാന്‍. അവരും മുഹമ്മദും തമ്മില്‍ ഒരു ബന്ധവുമില്ല. അതു കൊണ്ട് മറ്റു വല്ലതും പറയണം.'' മറ്റൊരാള്‍ പറഞ്ഞു: ''മുഹമ്മദ് ഭ്രാന്തനാണെന്നു പറയാം.'' വലീദ്: ''മുഹമ്മദിനു ഭ്രാന്തുമായി എന്തു ബന്ധം?!'' കവിയാണെന്നും മാരണക്കാരനാണെന്നും പല അഭിപ്രായങ്ങളും ഉയര്‍ന്നു. വലീദ് അതൊന്നും അംഗീകരിച്ചില്ല. അവസാനം അദ്ദേഹം പറഞ്ഞു: ''സത്യത്തില്‍, മുഹമ്മദിന്റെ വാക്കിനു വല്ലാത്ത മാധുര്യമുണ്ട്. മാതാപിതാക്കളുടെയും സന്താനങ്ങളുടെയും സഹോദരീ സഹോദരന്മാരുടെയും ഭാര്യാഭര്‍ത്താക്കളുടെയും ഇടയിലുള്ള ഐക്യം തകര്‍ക്കുന്ന വാക്കുകളാണ് മുഹമ്മദിന്റേതെന്നു പറഞ്ഞു നോക്കാം.''(റഹ്മത്തതുല്‍ ലില്‍ ആലമീന്‍ 1: 51, 52). നബി(സ്വ)യെക്കുറിച്ച് ഒരു എതിര്‍ വാക്ക് പോലും പറയാന്‍ കഴിയാത്ത ഇവര്‍ അക്രമത്തിനും പീഡനത്തിനും ഇറങ്ങിയതിന്റെ പിന്നില്‍ വ്യക്തിതാല്‍പര്യം മാത്രമായിരുന്നുവെന്നതിന് ഇനി വേറെ തെളിവുകള്‍ ആവശ്യമില്ല.

പക്ഷേ, നബിതിരുമേനി(സ്വ)യുടേത് വ്യക്തിതാല്‍പര്യമായിരുന്നില്ല. പ്രമുഖ ചരിത്രകാരന്‍ ഇബ്‌നു ഹിശാം(റ) ഉദ്ധരിക്കുന്ന ദീര്‍ഘമായ ചരിത്രം ഇതിനു തെളിവാണ്.

''പ്രബോധനത്തന്റെ ആരംഭകാലത്ത് ഉത്ബ, ശൈബ, അബൂ സുഫ്‌യാന്‍, നള്‌റുബ്‌നുല്‍ ഹാരിസ്, അബൂ ജഹ്ല്‍, വലീദുബ്‌നുല്‍ മുഗീറ, ഉമയ്യത്തുബ്‌നു ഖലഫ് തുടങ്ങിയ ഖുറൈശീ പ്രമുഖര്‍ ഒരു ദിവസം കഅ്ബയുടെ അടുത്ത് യോഗം ചേര്‍ന്നു. മുഹമ്മദിനെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തലായിരുന്നു അവരുടെ ലക്ഷ്യം. വിവരമറിഞ്ഞ് നബിതിരുമേനി(സ്വ) യോഗത്തിനെത്തി. ഖുറൈശീ പ്രമുഖര്‍ക്ക് ഇസ്‌ലാം പറഞ്ഞുകൊടുക്കലായിരുന്നു അവരുടെ ലക്ഷ്യം. ചര്‍ച്ച ആരംഭിച്ചു. അവര്‍ പറഞ്ഞു: ''മുഹമ്മദേ, ചില കാര്യങ്ങള്‍ സംസാരിക്കാനാണു ഞങ്ങള്‍ നിന്നെ വിളിച്ചുവരുത്തിയത്. ഞങ്ങള്‍ക്കിടയില്‍ വലിയ കുഴപ്പങ്ങള്‍ക്കു നീ വഴിവച്ചിട്ടുണ്ട്. പിതാക്കളെ നീ ആക്ഷേപിച്ചു; മതത്തെ കുറ്റം പറഞ്ഞു; ദൈവങ്ങളെ ചീത്തപറഞ്ഞു. സമ്പത്തിനാണ് ഇതൊക്കെ നീ ചെയ്തതെങ്കില്‍ അതു ഞങ്ങള്‍ നല്‍കാം. അധികാരത്തിനാണെങ്കില്‍ നിന്നെ ഞങ്ങള്‍ നേതാവാക്കാം. അതുമല്ല, വല്ല പിശാച് ബാധയുമാണെങ്കില്‍ ഞങ്ങളത് ചികില്‍സിച്ചു മാറ്റിത്തരാം.'' നബിതിരുമേനി(സ്വ) പറഞ്ഞു: ''ഇതിനു വേണ്ടിയല്ല ഞാന്‍ നിയുക്തനായത്. നിങ്ങള്‍ക്ക് ഗുണമായത് ഞാന്‍ ഉപദേശിക്കുന്നു. അതുപിന്‍പറ്റിയാല്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാം. അല്ലെങ്കില്‍ എനിക്കും നിങ്ങള്‍ക്കുമിടയില്‍ അല്ലാഹു തീരുമാനം കാണും. അതു വരെ ഞാന്‍ ക്ഷമിക്കും.'' സംസാകര ശൂന്യമായ അവരുടെ ചോദ്യങ്ങള്‍ക്ക് യുക്തിഭദ്രവും സംസ്‌കാര സമ്പന്നവുമായ മറുപടി. ശേഷം യുക്തിശൂന്യമായ പല കാര്യങ്ങളും അവര്‍ ആവശ്യപ്പെട്ടു. പര്‍വതങ്ങള്‍ നീക്കി നദിയൊഴുക്കിത്തരണം, മരിച്ചവരെ ജീവിപ്പിച്ചുതരണം, നിന്റെ കൂടെ ഒരു മലക്കിനെ വിട്ടു തരാന്‍ നിന്റെ നാഥനോട് പറയണം, ആകാശത്തെ കഷ്ണം കഷ്ണമാക്കി ഞങ്ങള്‍ക്കിടയില്‍ വീഴ്ത്തിത്തരണം, നീ പ്രവാചകനാണെന്നു തിരിച്ചറിയത്തക്ക രൂപത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൊട്ടാരങ്ങള്‍ നിനക്കുണ്ടാക്കിത്തരാന്‍ നിന്റെ റബ്ബിനോട് പ്രാര്‍ത്ഥിക്കണം തുടങ്ങി നിരവധി തരണം താണ ആവശ്യങ്ങള്‍ അവര്‍ മുന്നോട്ടുവച്ചു. പക്ഷേ, അവയൊക്കെ അല്ലാഹുവിന്റെ അധികാരത്തിലുള്ളതാണെന്നും അവനുദ്ദേശിക്കുന്നതു മാത്രമേ നടക്കുകയുള്ളൂവെന്നും നബിതിരുമേനി(സ്വ) മറുപടി പറഞ്ഞു. കലി പൂണ്ട ഖുറൈശികള്‍ പറഞ്ഞു: ''മുഹമ്മദേ, ഞങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ പറഞ്ഞു. ഇനി ഒന്നുകില്‍ നീ, അല്ലെങ്കില്‍ ഞങ്ങള്‍.  രണ്ടാലൊരു വിഭാഗം നശിക്കലല്ലാതെ നിര്‍വാഹമില്ല. അതുവരെയും നിന്റെ പ്രസ്ഥാനം വളര്‍ത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല.'' (ഇബ്‌നു ഹിശാം 1: 294). ഖുറൈശികളുടെ ഈ ശപഥത്തില്‍നിന്നു മനസ്സിലാകുന്നത് സമൂഹത്തില്‍ ഛിദ്രതയും കൊലയും രക്തച്ചൊരിച്ചിലും നടക്കണമെന്നത് അവരുടെ ഒരു അജണ്ടയായിരുന്നുവെന്നതാണ്.

യുദ്ധമല്ലാത്ത എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ചതിനു ശേഷമേ മുസ്‌ലിങ്ങള്‍ക്ക് സായുധപോരാട്ടത്തിന് അല്ലാഹു അനുമതി നല്‍കിയുള്ളൂ. ഹിജ്‌റയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ഒരു മാര്‍ഗം. നുബുവ്വത്തിന്റെ അഞ്ചാം വര്‍ഷം ഏതാനും ചലര്‍ എത്യോപ്യ(ഹബ്ശ)യിലേക്കു പോയി. ഒരു വ്യാജ വാര്‍ത്തയെ തുടര്‍ന്ന് അവര്‍ മടങ്ങിവന്നെങ്കിലും വീണ്ടും ഹബ്ശയിലേക്കു തന്നെ മടങ്ങി. രണ്ടാം ഹബ്ശ യാത്രയില്‍ 80ല്‍ പരം ആളുകളുണ്ടായിരുന്നു. അവിടെ മുസ്‌ലിങ്ങള്‍ക്ക് നല്ല സ്വീകരണം ലഭിച്ചു. അതിനെത്തുടര്‍ന്നും ഹംസ(റ), ഉമര്‍ (റ) തുടങ്ങിയവരുടെ ഇസ്‌ലാമാശ്ലേഷണത്തെത്തുടര്‍ന്നും അസൂയ പൂണ്ട ഖുറൈശികള്‍ നബി(സ്വ)യുടെ കുടുംബത്തിനെതിരേ ഉപരോധവും നിസ്സഹകരണവും ഏര്‍പ്പെടുത്തി. നബി(സ്വ)യെ വധിക്കാന്‍ തങ്ങള്‍ക്ക് വിട്ടുകിട്ടുന്നതു വരെ നബി(സ്വ)യുടെ കുടുംബമായ ബനൂ ഹാശിം, ബനൂ മുത്ത്വലിബ് എന്നിവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയോ അവര്‍ക്ക് സാധനങ്ങള്‍ വില്‍ക്കുകയോ അവരില്‍നിന്ന് സാധനങ്ങള്‍ വാങ്ങുകയോ ചെയ്യുകയില്ലെന്ന് അവര്‍ തീരുമാനിച്ചു. ഈവക കാര്യങ്ങളുള്‍ക്കൊള്ളുന്ന കരാര്‍പത്രം അവര്‍ കഅ്ബയില്‍ തൂക്കിയിട്ടു. ഇക്കാലയളവില്‍ നബി(സ്വ)യടക്കമുള്ള ആളുകള്‍ പച്ചിലകള്‍ മാത്രം ഭക്ഷിച്ചാണു ജീവിച്ചത്. അക്കാലത്ത് അവര്‍ സഹിച്ച കഷ്ടപ്പാടുകളുടെ തീക്ഷ്ണത പില്‍ക്കാലത്ത് പല സ്വഹാബികളും വിവരിച്ചിട്ടുണ്ട്. സഅ്ദുബ്‌നു അബീ വഖാസ്വ്(റ) പറയുന്നു: ''ഉപരോധകാലത്ത് എന്തോ ഒരു നനവുള്ള വസ്തു എന്റെ കാലില്‍ പതിഞ്ഞു. ഉടനെ ഞാന്‍ അതെടുത്ത് വിഴുങ്ങി. എന്തായിരുന്നു അതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.'' എന്താണ് സാധനം എന്ന് പരിശോധിക്കാന്‍ പോലും വിശപ്പ് അദ്ദേഹത്തെ അനുവദിച്ചില്ലെന്നര്‍ത്ഥം. ഒരു കാരക്ക രണ്ടുപേര്‍ വീതിച്ചെടുക്കുമായിരുന്നു. കാരക്കയുടെ കുരു അടങ്ങിയ ഭാഗത്തിനായിരുന്നു വീര്യം കൂടുതല്‍. കുരു വായയിലിട്ട് ഒരു ദിവസം മുഴുവനും അതിന്റെ നീര് ഇറക്കി വിശപ്പ് മാറ്റാമല്ലോ! (മഅല്‍ മുസ്ത്വഫാ 1: 122)

അപ്പോഴും സായുധപോരാട്ടത്തെ കുറിച്ച് ചിന്തിച്ചില്ല. നാടും വീടും വിട്ട് മദീനയിലേക്കു പലായനം ചെയ്യാന്‍ അല്ലാഹു അനുമതി നല്‍കി. ആത്മ രക്ഷാര്‍ത്ഥമായിരുന്നില്ല ഹിജ്‌റ, ആദര്‍ശ സംരക്ഷണമായിരുന്നു അതിന്റെ ആന്തരിക ചോദന. പക്ഷേ, ഹിജ്‌റ പോകുന്ന നേരത്തും ശത്രുക്കള്‍ മുസ്‌ലിംകളെ വിടാതെ പിന്തുടര്‍ന്നു. സ്വുഹൈബുര്‍റൂമി(റ) ഹിജ്‌റയ്ക്ക് തയ്യാറായപ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തോട് പറഞ്ഞു: ''നീ ഇവിടെ വന്നപ്പോള്‍ ദരിദ്രനും നിന്ദ്യനുമായിരുന്നു. ഞങ്ങളുടെ അടുത്തുവച്ചാണ് നിനയ്ക്ക് സമ്പത്തിലും മറ്റും വര്‍ധനവുണ്ടായത്. ഈ സമ്പത്തുമായി മദീനയിലേക്ക് പോയിക്കളയാമെന്ന വ്യാമോഹം നിനയ്ക്കു വേണ്ട.'' സ്വുഹൈബ്(റ) അവരോട് ചോദിച്ചു: ''എന്റെ സമ്പത്ത് ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതന്നാല്‍ എന്നെ പോകാന്‍ അനുവദിക്കുമോ?'' അവര്‍ പറഞ്ഞു: ''അതെ.'' സ്വുഹൈബ്: ''എങ്കില്‍ എന്റെ സമ്പത്ത് ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതന്നിരിക്കുന്നു.'' ഇതും പറഞ്ഞ് അദ്ദേഹം മദീനയിലേക്കുപോയി. (ഇബ്‌നു ഹിശാം 2: 477).

ഉമ്മു സലമ(റ) പറയുന്നു: ''എന്റെ ഭര്‍ത്താവ് അബൂ സലമ ഹിജ്‌റ പോകാന്‍ തീരുമാനിച്ചു. എന്നെ ഒട്ടകപ്പുറത്തു കയറ്റി. എന്റെ മടിത്തട്ടില്‍ മകന്‍ സലമയുമുണ്ടായിരുന്നു. യാത്ര തുടങ്ങിയപ്പോള്‍ ബനൂ മുഗീറ ഗോത്രക്കാര്‍ (ഉമ്മു സലമയുടെ ഗോത്രമാണിത്) അബൂസലമയെ വളഞ്ഞു. തങ്ങളുടെ ഗോത്രക്കാരിയായ ഉമ്മുസലമയെ ഒപ്പം കൊണ്ടുപോകാന്‍ പാടില്ലെന്നു പറഞ്ഞു. ബനൂ അബ്ദില്‍ അസദ് ഗോത്രക്കാര്‍ വന്ന് സലമ എന്ന കുട്ടിയെ ഒപ്പം കൊണ്ടു പോകുന്നത് വിലക്കി.'' ചുരുക്കത്തില്‍, പിഞ്ചു മകനെയും ഭാര്യയെയും നഷ്ടപ്പെട്ട് അബൂ സലമയ്ക്ക് ഒറ്റക്ക് ഹിജ്‌റ പോകേണ്ടിവന്നു. പിന്നീട് ഉമ്മുസലമ(റ) മോചിതയാവുകയും അബൂ സലമയോടൊപ്പം ചേരുകയും ചെയ്തു. (ഇബ്‌നു ഹിശാം 2: 469) 

ഇതും ഇതിലപ്പുറവുമുള്ള പീഡനങ്ങളും പ്രയാസങ്ങളുമാണ് യുദ്ധത്തിനുള്ള അവസരമൊരുക്കിയത്. മുസ്‌ലിങ്ങള്‍ ന്യൂനപക്ഷമായിരുന്ന കാലത്ത് അവരെ പീഡിപ്പിച്ച ഖുറൈശികളുടെ ശക്തി നശിപ്പിക്കല്‍ ഒരു അനിവാര്യതയായിരുന്നു. അങ്ങനെയാണ് സിറിയയിലേക്ക് കച്ചവടത്തിനു പോകുന്നു അബൂ സുഫ്‌യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘത്തെ ഉപരോധിക്കാന്‍ മുസ്‌ലിങ്ങള്‍ തയ്യാറായത്. അതിനുള്ള സന്നാഹങ്ങളേ അവരുടെ കൈവശം ഉണ്ടായിരുന്നുള്ളൂ. രണ്ടു കുതിരകളും 70 ഒട്ടകങ്ങളുമുള്ള മുസ്‌ലിങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സര്‍വ സന്നാഹങ്ങളുമായി ശത്രുക്കള്‍ വന്നു. അങ്ങനെ യുദ്ധം നടന്നു. മുസ്‌ലിങ്ങളെ അല്ലാഹു സഹായിച്ചു.

ബദ്ര്‍ നല്‍കുന്ന വലിയ ഒരു പാഠമുണ്ട്. സത്യവിശ്വാസം നിലനിന്നത് മരണത്തെ പേടിക്കാതെ പ്രവര്‍ത്തിച്ച ഒരുപറ്റം വിശ്വാസികളിലൂടെയാണ്. രക്തച്ചൊരിച്ചിലിനപ്പുറം തനിക്കു ലഭിച്ച സത്യദീനിന്റെ വെളിച്ചം തന്റെ സഹോദരനും ലഭിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമായിരുന്നു അതിനു പിന്നില്‍. വ്യക്തിപരമായ കാര്യങ്ങളില്‍ കൈക്കടത്തുന്നവരോട് പ്രതികരിച്ചില്ലെങ്കിലും വിശ്വാസത്തെ കളങ്കപ്പെടുത്തുന്നവരോട് പ്രതികരിക്കണമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ബദ്ര്‍ യുദ്ധാനന്തരം പ്രതികാര വാഞ്ഛ മനസ്സില്‍ തിളച്ചു പൊങ്ങിയ അബൂസുഫ്‌യാന്‍(അന്ന് ശത്രുപക്ഷത്തായിരുന്നു. പിന്നീട് മുസ്‌ലിമായ പ്രമുഖ സ്വഹാബിയാണ്) വിളിച്ചാര്‍ത്തു: ''മുഹമ്മദ് ജീവിച്ചിരിപ്പുണ്ടോ?'' ഇതു കേട്ട നബിതിരുമേനി(സ്വ) അനുയായികളോട് പറഞ്ഞു: ''പ്രതികരിക്കരുത്.'' അബൂസുഫ്‌യാന്‍ മൂന്നു പ്രാവശ്യം ചോദിച്ചു. മൂന്നു പ്രാവശ്യവും പ്രതികരിക്കുന്നതിനെ നബി(സ്വ) വിലക്കി. പിന്നെ അബൂ സുഫ്‌യാന്‍ വിളിച്ചു ചോദിച്ചു: ''അബൂബക്‌റ് ജീവിച്ചിരിപ്പുണ്ടോ?'' മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. അപ്പോഴും നബി തിരുമേനി(സ്വ) പ്രതികരിക്കുന്നതിനെ വിലക്കി. അബൂ സുഫ്‌യാന്‍ ചോദിച്ചു: ''ഉമര്‍ ജീവിച്ചിരിപ്പുണ്ടോ?'' മൂന്നു പ്രാവശ്യം ഇതും ആവര്‍ത്തിച്ചു. അപ്പോഴും നബി തിരുമേനി(സ്വ) പ്രതികരിക്കുന്നത് വിലക്കി. യാതൊരു പ്രതികരണവും ലഭിക്കാതായപ്പോള്‍ ഇവര്‍ മൂന്നു പേരും കൊല്ലപ്പെട്ടുവെന്ന് അബൂസുഫ്‌യാന്‍ പ്രഖ്യാപിച്ചു. അതു കേട്ടപ്പോള്‍ ഉമര്‍(റ) നിയന്ത്രിക്കാന്‍ കഴിയാതെ പറഞ്ഞു: ''അല്ലാഹുവിന്റെ ശത്രൂ, നീ നുണയാണു പറഞ്ഞത്; ഇവരൊക്കെ ജീവിച്ചിരിപ്പുണ്ട്.'' ശേഷം അബൂ സുഫ്‌യാന്‍ മുദ്രാവാക്യം വിളി തുടങ്ങി: ''ഹുബ്ല്‍ ദേവത നീണാള്‍ വാഴട്ടെ! ഹുബ്ല്‍ ദേവത നീണാള്‍ വാഴട്ടെ!'' ഇതു കേട്ടപ്പോള്‍ നബിതിരുമേനി(സ്വ)യുടെ സ്വരം മാറി. ഇതു വരെ പ്രതികരിക്കുന്നതിനെ വിലക്കിയ അവിടന്ന് സ്വഹാബാക്കളോട് ചോദിച്ചു: ''എന്തേ, നിങ്ങളാരും പ്രതികരിക്കാത്തത്?!'' നേരത്തെ പ്രതികരിക്കരുതെന്ന് നബി(സ്വ) പറഞ്ഞത് വ്യക്തിപരമായ വിഷയത്തില്‍ അബൂ സുഫ്‌യാന്‍ ഇടപെട്ടപ്പോഴായിരുന്നു. പക്ഷേ, ഇവിടെ വിശ്വാസത്തിനുമേല്‍ കൈ വച്ചിരിക്കുന്നു. ദേവതയെ വിളിച്ചു വിജയഭേരി മുഴക്കിയിരിക്കുന്നു. അതു പ്രതികരണമര്‍ഹിക്കുന്നത് തന്നെയാണ്. സ്വഹാബാക്കള്‍ ചോദിച്ചു: ''ഞങ്ങള്‍ എന്താണ് നബിയേ, പ്രതികരിക്കേണ്ടത്?''. നബി(സ്വ) ഇങ്ങനെ പ്രതികരിക്കാന്‍ പറഞ്ഞു: ''ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്; നിങ്ങള്‍ക്ക് നാഥനില്ല.'' (ബുഖാരി: 3039) 

ചുരുക്കത്തില്‍, സ്വന്തം ജീവനെക്കാള്‍ സത്യദീനിന്റെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിച്ച നിഷ്‌കളങ്കരായ സത്യവിശ്വാസികളുടെ ചരിത്രമാണ് ബദ്ര്‍ സമ്മാനിക്കുന്നത്.

അവലംബം:

സ്വഹീഹുല്‍ ബുഖാരി ഇമാം ബുഖാരി

അസ്വീറത്തുന്നബവിയ്യ ഇബ്‌നു ഹിശാം

റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഖാദീ സുലൈമാന്‍ മന്‍സൂര്‍ പൂരി

മഅല്‍ മുസ്ത്വഫാ ബിന്‍തുശ്ശാത്വിഅ്

രിജാലുന്‍ ഹൗലര്‍റസൂല്‍ ഖാലിദ് മുഹമ്മദ് ഖാലിദ്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter