വിവാഹത്തിന്റെ കര്‍മ്മശാസ്ത്രം

ആരോഗ്യവും ആവശ്യവും ചിലവുകള്‍ക്ക് കഴിവുമുള്ളവന് വിവാഹം സുന്നത്താണ്. സ്വതന്ത്രന്ന് ഒരേ അവസരത്തില്‍ നാല് ഭാര്യമാരേയും അടിമക്ക് രണ്ട് പേരേയും ഭാര്യയാക്കി വെക്കല്‍ അനുവദനീയമാണ്. സ്വതന്ത്രന്‍ വെള്ളാട്ടിയെ വിവാഹം ചെയ്യുന്നതിന്ന് നാല് നിബന്ധനകളുണ്ട്: 1) സ്വതന്ത്ര സ്ത്രീയുടെ മഹ്‌റി(വിവാഹമൂല്യം)ന്ന് കഴിവില്ലാതിരിക്കുക. 2) വ്യഭിചാരം ഭയപ്പെടുക. 3) സുഖാനുഭവത്തിന്ന് പറ്റിയ സ്വതന്ത്ര സ്ത്രീ അധീനത്തിലില്ലാതിരിക്കുക. 4) വിവാഹം കഴിക്കുന്ന വെള്ളാട്ടി മുസ്‌ലിമായിരിക്കുക.

പെണ്ണുകാണല്‍ പുരുഷന്‍ സ്ത്രീയെ നോക്കുന്നതിന്ന് ഏഴ് വിധനിയമങ്ങള്‍ ബാധകമാകും: 1) അനുവദിക്കപ്പെട്ട യാതൊരാവശ്യവും കൂടാതെ അന്യ സ്ത്രീയെ നോക്കല്‍- ഇത് ഹറാമാണ്. 2) സ്വന്തം ഭാര്യയേയും സ്വന്തം ദാസിയേയും ഗുഹ്യസ്ഥാനമടക്കമുള്ള ശരീരഭാഗങ്ങളെല്ലാം നോക്കല്‍- ഇത് അനുവദനീയമാകുന്നു. പക്ഷേ, ഗുഹ്യസ്ഥാനത്ത് നോക്കല്‍ കറാഹത്തുണ്ട്. 3) വിവാഹം ചെയ്തു കൊടുത്ത തന്റെ ദാസിയുടേയും കുടുംബബന്ധം മുഖേനയോ വിവാഹ ബന്ധം മുഖേനയോ മുലകുടി ബന്ധം മുഖേനയോ താനുമായി വിവാഹബന്ധം നിഷിദ്ധമായ സ്ത്രീയുടേയും പുരുഷന്മാര്‍ തമ്മിലും മുട്ട് പൊക്കിളിന്റെ ഇട അല്ലാത്ത സ്ഥലം നോക്കല്‍- ഇത് അനുവദനീയമാണ്. 4) താന്‍ വിവാഹം ചെയ്യാനുറപ്പിച്ച സ്ത്രീയെ നോക്കല്‍- വിവാഹാലോചന നടത്തുന്നതിന്നു മുമ്പ് അവളുടെ മുഖവും മുന്‍കൈയും നോക്കിക്കാണല്‍ സുന്നത്താകുന്നു. 5) ചികിത്സാവശ്യാര്‍ത്ഥം നോക്കല്‍. അന്യസ്ത്രീയുടെ ശരീരത്തില്‍ ചികിത്സാര്‍ത്ഥം ആവശ്യമായ സ്ഥലം നോക്കല്‍ അനുവദനീയമാണ്. 6) ഇടപാട് നടത്തുക, സാക്ഷിപറയുക എന്നീ അവസരങ്ങളില്‍ സ്ത്രീയുടെ മുഖം നോക്കല്‍ അനുവദനീയമാകും. 7) സ്ത്രീകളോ പുരുഷന്മാരോ ആയ അടിമകളെ വാങ്ങുമ്പോള്‍ മുട്ട് പൊക്കിള്‍ ഇട അല്ലാത്തത് നോക്കല്‍ അനുവദനീയമാണ്.    നിക്കാഹിന്റെ ഘടകങ്ങള്‍ നിക്കാഹിന്റെ അനിവാര്യമായ ഘടകങ്ങള്‍ അഞ്ചാണ്: 1) വധു, 2)വരന്‍. വരനെ നിജപ്പെടുത്തുന്നത് നിര്‍ബന്ധമാണ്. നിജപ്പെടുത്താതെ നിങ്ങള്‍ രണ്ടില്‍ നിന്നൊരാള്‍ക്ക് എന്റെ മകളെ ഞാന്‍ വിവാഹം ചെയ്തുതന്നു എന്നു പറഞ്ഞാല്‍ ശരിയാവുകയില്ല. കൂടാതെ ആ വധുവിന് (സഹകളത്രമാകല്‍) നിഷിദ്ധമാക്കപ്പെട്ട (രക്തബന്ധത്തിലുള്ള) ഒരു സ്ത്രീ വരന്റെ അധീനത്തില്‍ ഭാര്യയായി ഇല്ലാതിരിക്കുക എന്നതും നിര്‍ബന്ധമാണ്. 3) വലിയ്യ് (കൈക്കാരന്‍). 4) സാക്ഷികള്‍. രണ്ട് സാക്ഷികളും വലിയ്യുമില്ലാതെ നികാഹ് സാധുവാകുകയില്ല. സാക്ഷിക്കും വലിയ്യിന്നും ആറ് ശര്‍ത്തുകളുണ്ട്: 1) മുസ്‌ലിമായിരിക്കല്‍. 2) പ്രായപൂര്‍ത്തിയായവരായിരിക്കല്‍. 3) ബുദ്ധിക്ക് സ്ഥിരതയുള്ളവരായിരിക്കല്‍. 4) സ്വതന്ത്രരായിരിക്കല്‍. 5) പുരുഷനായിരിക്കല്‍. 6) നീതിമാനായിരിക്കല്‍. എന്നാല്‍ 'ദിമ്മിയ്യാ'യ (മുസ്‌ലിം ഭരണത്തിന്‍ കീഴില്‍ കപ്പം കൊടുത്തു ജീവിക്കുന്നവര്‍) അമുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്തുകൊടുക്കുന്നവന്‍ മുസ്‌ലിമാകലും ദാസിയെ കെട്ടിച്ചുകൊടുക്കുന്നവന്‍ നീതിമാനായിരിക്കലും ശര്‍ത്തില്ല. 7) 'സീഗ' (നികാഹിന്റെ വാക്യം) 'സവ്വജ്ത്തുക്ക...' ഇന്ന സ്ത്രീയെ നിനക്ക് ഞാന്‍ ഇണയാക്കിത്തന്നു. 'അന്‍കഹ്ത്തുക...' ഇന്ന സ്ത്രീയെ നിനക്ക് ഞാന്‍ കൂട്ടിച്ചേര്‍ത്തുതന്നു എന്നിങ്ങനെയുള്ള 'ഈജാബി' (ബാദ്ധ്യത)ന്റെ വാക്കുകള്‍ കൊണ്ടും  'അവളുടെ നികാഹ് ഞാന്‍ സ്വീകരിച്ചു' എന്നോ 'അവളുടെ നികാഹ് ഞാന്‍ തൃപ്തിപ്പെട്ടു' എന്നോ പറയുന്ന ഖബൂലി (സ്വീകാര്യത്തി)ന്റെ വചനം കൊണ്ടും മാത്രമേ നികാഹ് സാധുവാകുകയുള്ളൂ. ഈജാബിന്റേയും ഖബൂലിന്റേയും ഇടയില്‍ മറ്റൊന്നുകൊണ്ടും വേര്‍പിരിക്കാന്‍ പാടുള്ളതല്ല. വധുവിന്റെ നിബന്ധനകള്‍ വിവാഹം നിഷിദ്ധമായവരുടെ അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്.  അധികാരം ഒരു സ്ത്രീയെ വിവാഹം ചെയ്തു കൊടുക്കുവാനുള്ള അധികാരം (വിലായത്ത്) അവളുടെ പിതാവ്, പിതാമഹന്‍, (അവര്‍ മുകളിലോളം) മാതാപിതാക്കളിലൊത്ത സഹോദരന്‍, പിതാവിലൊത്ത സഹോദരന്‍, മേല്‍ പറഞ്ഞ സഹോദരപുത്രന്‍, മാതാപിതാക്കളിലൊത്ത പിതൃവ്യന്‍, പിതാവിലൊത്ത പിതൃവ്യന്‍, ഇവരുടെ സന്താനങ്ങള്‍, അടിമത്തമോചനം ചെയ്തവന്‍, അവന്റെ അസ്വബക്കാര്‍, ഹാക്കിം (ന്യായാധിപന്‍) എന്നിവര്‍ക്കാകുന്നു. ഹാക്കിമിന്ന് തന്റെ അധികാര പരിധിയില്‍ പെട്ട സ്ത്രീകളെമാത്രമേ വിവാഹം ചെയ്തു കൊടുക്കാന്‍ അവകാശമുള്ളൂ. പിതാവ്, പിതാമഹന്‍ ഒഴിച്ചുള്ള അധികാരസ്ഥരാരും - ഹാകിം ഉള്‍പ്പെടെ- പ്രായപൂര്‍ത്തിയാവാത്ത സ്ത്രീയെ വിവാഹം ചെയ്തുകൊടുക്കരുത്. പ്രായപൂര്‍ത്തിയായവളും സംയോഗം കൊണ്ട് കന്യകത്വം നീങ്ങിയവളുമായ സ്ത്രീയെ വാക്ക് മൂലമുള്ള സമ്മതം കൂടാതെ ആര്‍ക്കും കെട്ടിക്കുവാന്‍ അനുവാദമില്ല. പിതാവും മറ്റെല്ലാവരും ഈ വിധിയില്‍ സമന്മാരാണ്. സ്ത്രീ കന്യകയായിരിക്കുമ്പോള്‍ അവളുടെ അനുവാദം കൂടാതെ പിതാവിന്നും പിതാമഹന്നും കെട്ടിക്കല്‍ അനുവദനീയമാകുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായവളോട് സമ്മതം വാങ്ങല്‍ അവര്‍ക്ക് സുന്നത്തുണ്ട്. മൗനം അവളുടെ സമ്മതമാണ്. കന്യകത്വം നീങ്ങിയ പ്രായപൂര്‍ത്തിയാകാത്തവളെ ആരും കെട്ടിച്ചുകൊടുക്കല്‍ അനുവദനീയമല്ല. പ്രായപൂര്‍ത്തിയായ ശേഷം അനുവാദമുണ്ടായാല്‍ ആര്‍ക്കും കെട്ടിക്കാം. (മടക്കി എടുക്കാവുന്ന ത്വലാഖ് മൂലമല്ലാതെ) ഇദ്ദ: (ദീക്ഷ) ഇരിക്കുന്ന സ്ത്രീയോട്  വ്യക്തമായി വിവാഹാലോചന നടത്തല്‍ നിഷിദ്ധമാണ്. എന്നാല്‍ വ്യംഗ്യമായി (സൂചനാവാക്കുകള്‍ ഉപോയോഗിച്ചു)അങ്ങനെ ചെയ്യുന്നതിന്ന് വിരോധമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter