ഇടത് നിരീശ്വരത്വവും സംഘ് യുക്തിയും ഒരുമിക്കുന്ന കാലം

കമ്മ്യൂണിസ്റ്റ് ഭരണകൂടം ഒരിടവേളക്ക് ശേഷം വീണ്ടും 'മതമില്ലാത്ത ജീവന്‍' പഠിപ്പിക്കാന്‍ പാഠപുസ്തകങ്ങളില്‍ നിന്നും കുഞ്ഞാലിമരക്കാരേയും തുഹ്ഫതുല്‍ മുജാഹിദിനെയും വെട്ടിമാറ്റിയിരിക്കുകയാണ്. മതവിരുദ്ധതയുടെ സാരകേന്ദ്രം മുസ്ലിംവിരോധമാണെന്നും അതിന്റെ ആധാരമാര്‍ഗം ചരിത്രത്തിലെ മുസ്ലിം അടരുകളെ പൊതുവായനക്ക് അപ്രാപ്യമാക്കലാണെന്നുമുള്ള കമ്മ്യൂണിസ്റ്റ് ശാസ്ത്രരീതി യാദൃച്ഛികമല്ല, ചരിത്രപരമാണ്.

നമുക്ക് പിറകോട്ട് പോകാം, ഹാദിയ മുതല്‍ നജ്മല്‍ ബാബുവിലൂടെ ശബരിമല വിഷയത്തില്‍ ഇന്നലെ പിണറായി രാജാവ് നടത്തിയ പത്രസമ്മേളനം വരെ മാത്രം നോക്കിയാല്‍ ബോധ്യമാവുന്ന കാര്യമെന്താണ്?
 
ഭരണകൂടത്തിന്റെ നാല് പില്ലറുകളുമുപയോഗിച്ച് നിരീശ്വരവാദം സ്ഥാപിക്കുക എന്നത് തന്നെയാണത്. ഓരോരോ ഇഷ്യുകളില്‍ വിശ്വാസ സംരക്ഷണ പക്ഷത്തെ നിയമപരമായി ശോഷിപ്പിക്കുകയായിരുന്നു മാര്‍കിസ്റ്റുകാര്‍ . ഹാദിയക്കെതിരെ നിരീശ്വരനായ അഛന്റെ കൂടെ നിന്നു. നജ്മല്‍ വിഷയത്തിലും ശബരിമലയിലും യുക്തിവാദികളോടൊപ്പം അതേ വാദങ്ങളുയര്‍ത്തി നിന്നു. ഇടതു നിരീശ്വരത്വവും സംഘീയുക്തിവാദവും കൈകോര്‍ക്കുന്നുവെന്നതിന്റെ ഔദ്യോഗിക രേഖയാണ് ഇപ്പോഴത്തെ കേരളാ വിദ്യാഭ്യാസ മന്ത്രി .

മാര്‍ക്സിസ്റ്റുകള്‍ക്ക് യുക്തിവാദികളുമായുള്ള അഭിപ്രായവ്യത്യാസം മതത്തെ എങ്ങിനെ നേരിടണം എന്ന കാര്യത്തില്‍ മാത്രമാണ്. എതിര്‍ക്കപ്പെടേണ്ടതും നശിപ്പിക്കപ്പെടേണ്ടതുമായ പിന്തിരിപ്പന്‍ പ്രതിലോമ തത്ത്വസംഹിതയാണ് മതം എന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും തര്‍ക്കമില്ല. 'മതത്തിന്റെ ഉന്മൂലനാശം' എന്ന ലക്ഷ്യത്തില്‍ എങ്ങിനെ ഫലപ്രദമായി എത്തിചേരാം എന്ന വിഷയത്തിലാണ് അഭിപ്രായഭിന്നതയുടെ നാരായവേര് സ്ഥിതിചെയ്യുന്നത്. 

പച്ചയായ മതവിമര്‍ശനവും നിരീശ്വരവാദത്തിന്റെ (അ) ശാസ്ത്രീയമാനങ്ങള്‍ വിശദീകരിക്കലും ദൈവം ചെയ്യേണ്ട പണികളുടെ പട്ടിക പുറത്തിറക്കി അത് ചെയ്യാത്ത ദൈവത്തെ പുറത്താക്കാന്‍ ന്യായങ്ങള്‍ നിരത്തലുമൊക്കെയാണ് മതവിശ്വാസത്തെ ജനമനസ്സുകളില്‍ നിന്ന് പിഴുതെറിയാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് യുക്തിവാദികള്‍ കരുതുന്നു.

എന്നാല്‍ മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം 'മതം' എന്നുപറയുന്നത് കേവലമായ ഒരു 'ദര്‍ശനം' അല്ല. മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളില്‍ നിന്ന് കാലഘട്ടത്തിന്റെ അനിവാര്യത എന്ന നിലയില്‍ ഉയര്‍ന്നുവന്ന ഒരു ലഹരിപദാര്‍ഥമാണത്. അതുകൊണ്ടുതന്നെ മതത്തെ ഇല്ലാതാക്കാന്‍ മതത്തിന്റെ പിറവിക്ക് നിമിത്തമായിത്തീര്‍ന്ന ഭൗതിക സാഹചര്യങ്ങളെ (സാമ്പത്തിക രാഷ്ട്രീയ ഘടനയെ) അടിമുടി മാറ്റിത്തീര്‍ക്കുകയാണ് വേണ്ടത് എന്നാണ് മാര്‍ക്സിസത്തിന്റെ നിലപാട്. 

മതം അന്ധവിശ്വാസമാണ് എന്ന് ഘോരഘോരം പ്രസംഗിച്ചതുകൊണ്ടുമാത്രമായില്ല എന്നും പ്രസ്തുത 'അന്ധവിശ്വാസം' പേറി നടക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്ന പട്ടിണിയെയും പരിവട്ടത്തെയും കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കണം എന്നുമാണ് കമ്യൂണിസ്റ്റുകള്‍ യുക്തിവാദികളോട് പറയുന്നത് എന്ന് സാരം.

ഇക്കാര്യം വ്യക്തമാക്കുന്ന ഏതാനും മാര്‍ക്സിസ്റ്റ് ഉദ്ധരണികള്‍ കാണുക:
'On religion' (മതത്തെ പറ്റി) എന്ന തലക്കെട്ടില്‍ സമാഹരിക്കപ്പെട്ടിട്ടുള്ള മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ലെനിനിന്റെയും 'മതലേഖനങ്ങള്‍' പ്രഖ്യാപിക്കുന്നത് നോക്കുക: ' മാര്‍ക്സിസം ഭൗതികവാദമാണ്. നാം മതത്തിനെതിരെ പോരാടണം; അതിനു വേണ്ടി വിശ്വാസത്തിന്റെയും മതത്തിന്റെയും പ്രഭവകേന്ദ്രത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭൗതികശാസ്ത്ര രീതി വിശദീകരിക്കണം' .
.
ഇന്‍ന്ത്യയിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികരും വളച്ചുകെട്ടലുകളൊന്നുമില്ലാതെ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത് ഇക്കാര്യം തന്നെയാണ്. ഇ.എം.എസ് നമ്പൂതിരിപ്പാട് എഴുതിയതിങ്ങനെ: ''മാര്‍ക്സിസം ഭൗതികവാദമാണ്. അത് വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. ഇത് തര്‍ക്കമറ്റ കാര്യമാണ്. നാം മതത്തോട് ഏറ്റുമുട്ടണം. എങ്ങിനെ ഏറ്റുമുട്ടണമെന്ന് നമുക്ക് അറിഞ്ഞിരിക്കണം. മതത്തിന്റെ സാമൂഹ്യവേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റ ഉദ്ദേശ്യം.''

ലെനിന്‍ വീണ്ടുമെഴുതി ''വൈരുധ്യാത്മക ഭൗതികവാദം പരിപൂര്‍ണമായും നിരീശ്വരവാദപരമാണ്. ക്രിയാപരമായി തന്നെ എല്ലാ മതങ്ങള്‍ക്കും എതിരാണത്. '

പരിപൂര്‍ണമായും നിരീശ്വരവാദപരവും ക്രിയാപരമായിത്തന്നെ എല്ലാ മതങ്ങള്‍ക്കും എതിരും ആയ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്താല്‍ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട ലെനിന്‍ ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം ''നാം ദൈവവുമായി മല്ലിടും. അത്യുന്നത സ്വര്‍ഗത്തില്‍ വെച്ച് അവനെ നാം കീഴടക്കും. അവന്‍ അഭയം തേടുന്നിടത്തെല്ലാം ചെന്നു നാം അവനെ ശാശ്വതമായി നിഗ്രഹിക്കും'' എന്ന് പ്രസ്താവിക്കുകയും ചെയ്തു.

യുക്തിവാദവുമായി മാര്‍ക്സിസത്തിന് ഇവ്വിഷയകമായുള്ള ഒത്തുപൊരുത്തം എന്താണെന്ന് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരുടെ
ഈ വാചകങ്ങളില്‍ നിന്ന് കൃത്യമായി മനസ്സിലാവുന്നുണ്ട്.

നടേ വിശദീകരിച്ച മാര്‍ക്സിസ്റ്റ്‌യുക്തിവാദി ധാരാഭിന്നതയില്‍ നിന്ന് മതവിശ്വാസികള്‍ പഠിക്കേണ്ടത് എന്തൊക്കെയാണ്? ഒന്നാമതായി, യുക്തിവാദികളുടെ മതവിമര്‍ശനം ഫലപ്രദമല്ല എന്നു വിചാരിക്കുകയും മതത്തെ വേരോടെ പിഴുതെറിയാന്‍ 'കൂടുതല്‍ നല്ല മാര്‍ഗങ്ങള്‍' തേടുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകള്‍. രണ്ടാമതായി, യുക്തിവാദികളുടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യത ഉള്ളതുകൊണ്ട് അവയിലെ മതവിരുദ്ധത തിരിച്ചറിയാനെളുപ്പമാണ്. എന്നാല്‍ മാര്‍ക്സിസ്റ്റുകള്‍ പരോക്ഷമായിട്ടാണ് മതവിരുദ്ധ ആശയങ്ങള്‍ ജനമനസ്സുകളില്‍ സന്നിവേശിപ്പിക്കുന്നത് എന്നതിനാല്‍ അവര്‍ക്കെതിരെ കൂടുതല്‍ ജാഗ്രത ആവശ്യമാണ്!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter