മതേതര ഇന്ത്യയില്‍ മതത്തിന്റെ സാധ്യത

ഇന്ത്യന്‍ മതനിരപേക്ഷ സങ്കല്‍പ്പം ആശയങ്ങളുടെ അഗാധത കൊണ്ടും ഉള്ളടക്കത്തിന്റെ പ്രവിശാലത കൊണ്ടും അനവധി ആന്തരിക അര്‍ത്ഥ തലങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഇന്ത്യന്‍ മതനിരപേക്ഷത മതവിദ്വേഷപരമല്ല; മതവിപരീതവുമല്ല. മതവിരുദ്ധമേ മതമില്ലായ്മയോ അല്ല. ചര്‍ച്ചിനും സ്റ്റേറ്റിനും ഇടയില്‍ തോമസ് ജഫേഴ്‌സിന്റെ പ്രശസ്തമായ ‘മതില്‍ക്കെട്ട്’ തീര്‍ക്കുന്നില്ല ഇന്ത്യന്‍ ഭരണഘടന. ഹിന്ദുയിസത്തിലോ ഇസ്‌ലാമിലോ പാശ്ചാത്യ സങ്കല്‍പ്പത്തിലുള്ള ചര്‍ച്ചില്ലതാനും.

ഇന്ത്യന്‍ സ്റ്റേറ്റിന്റെ പ്രകൃതി നിര്‍വചിക്കുന്നതിലെ സൗകര്യത്തിനു വേണ്ടി മാത്രമാണ് ‘സെക്കുലര്‍ സ്റ്റേറ്റ്’ എന്ന പദം പ്രയോഗിച്ചിരിക്കുന്നത്. ഒരുപക്ഷേ, അത്രമാത്രം ഹൃദ്യമായിരിക്കില്ല ‘സെക്കുലര്‍ സ്റ്റേറ്റ്’ എന്ന പ്രയോഗമെന്നു ഭരണഘടനാ രൂപീകരണ ഘട്ടത്തില്‍ നെഹ്‌റു വ്യക്തമാക്കിയിട്ടുണ്ട്. ഒരു നല്ല വാക്കിനു വേണ്ടി  മാത്രമാണ് ഇതു പ്രയോഗിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മതനിരപേക്ഷത സെക്കുലറിസവുമായോ നാസ്തികതയുമായോ കൂട്ടിക്കുഴക്കരുതെന്ന് ഡോ. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സെക്കുലര്‍ എന്ന വാക്ക് ഉപയോഗിക്കാനുള്ള ശ്രമം ഭരണഘടനാ നിര്‍മാണസഭയില്‍ രണ്ടുതവണ പരാജയപ്പെട്ടുവെന്നത് അത്ഭുതകരമല്ല. ‘ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതരിപേക്ഷ ജനാധിത്യ റിപ്പബ്ലിക്കാണെ’ന്ന് നിര്‍വചിക്കാന്‍ ഭരണഘടനയുടെ ആമുഖത്തില്‍ സെക്കുലര്‍ എന്ന പദം ചേര്‍ത്തത് 1976ലെ ഭരണഘടനാ (40ാം ഭേദഗതി) നിയമമാകുന്നു.

ഇന്ത്യയുടെ ഭരണഘടനാ നിര്‍മാതാക്കള്‍ ഏതു രീതിയിലുള്ള മതനിരപേക്ഷതയാണു സ്വപ്നം കണ്ടതെന്ന് മനസ്സിലാക്കാന്‍ ദാര്‍ശനികനായ എച്ച്.വി. കമ്മത്തിന്റെ വാക്കുകള്‍ കടമെടുക്കാം. ഭരണഘടനാ നിര്‍മാണസഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം ഇപ്രകാരം വ്യക്തമാക്കി:

”പ്രത്യേക മതങ്ങളുമായെ’ന്നും രാഷ്ട്രം താദാത്മ്യം പ്രാപിച്ചുകൂടെന്ന് പറയുമ്പോള്‍, രാഷ്ട്രം മതവിരുദ്ധമോ മതരഹിതമോ ആയിരിക്കണന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണെന്ന് നാം നിര്‍വചിട്ടുണ്ട്. എന്നാല്‍, എന്റെ അഭിപ്രായത്തില്‍ മതനിരപേക്ഷ രാഷ്ട്രം ദൈവരഹിതമായ ഒന്നല്ല.”
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്ര തന്ത്രജ്ഞര്‍ വിഭാവനംചെയ്യുന്ന മതനിരപേക്ഷ രാഷ്ട്രം അര്‍ത്ഥമാക്കുന്ന ആന്തരിക അര്‍ത്ഥങ്ങളെ നമുക്കിങ്ങനെ സംഗ്രഹിക്കാം:

ഒന്ന്: രാഷ്ട്രം ഏതെങ്കിലും പ്രത്യേക മതം സ്ഥാപിക്കുകയോ അതിനെ ഉദാത്തീകരിക്കുകയോ ഇല്ല.
രണ്ട്: എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുകയും ചെയ്യും.

മൂന്ന്: മതം തീവ്രവും വര്‍ഗീയവുമാവരുത്. ക്രമസമാധാനഭംഗം വരുത്തുന്ന മതദര്‍ശനങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനെതിരാണ്.

മതേതരത്വം ഭരണഘടന എന്തു പറയുന്നു?
ഇന്ത്യയുടെ പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തില്‍ സവിശേഷമായ ‘മതേതരത്വ’മാണ് ഇന്ത്യന്‍ ഭരണഘടന ആവിഷ്‌കരിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക നിര്‍വചനത്തിന്റെ ചട്ടക്കൂടില്‍ പരിമിതപ്പെടുത്താവുന്നതല്ല ഭരണഘടന പ്രകാരമുള്ള മതനിരപേക്ഷ രാഷ്ട്ര സങ്കല്‍പ്പം. എങ്കിലും മതത്തിന്റെയും സ്റ്റേറ്റിന്റെയും വേര്‍തിരിവ് ഒരു മതനിരപേക്ഷ രാഷ്ട്രത്തിന്റെ കാതലായ സവിശേഷതയായി കണ്ടുകൊണ്ടാണ് പ്രസ്തുത ആശയം രൂപീകരിച്ചിരിക്കുന്നത്.

ഭരണഘടനയുടെ 25,26 വകുപ്പുവൈയക്തികവും സംഘടിതവുമായ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ട്. സ്വതന്ത്രമായി മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം എല്ലാ വ്യക്തികള്‍ക്കും അതു നല്‍കുന്നു. മതപരവും ധര്‍മപരവുമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി സ്ഥാപനങ്ങള്‍ നിര്‍മിക്കാനും സംരക്ഷിക്കാനുമുള്ള അവകാശവും അവയുടെ പ്രവര്‍ത്തനങ്ങള്‍ മതത്താല്‍ തന്നെ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യവും അതു വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും നല്‍കുന്നുണ്ട്.

ഭരണഘടനയുടെ 29ാം വകുപ്പ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വന്തമായ പ്രത്യേക ഭാഷയും ലിപിയും സംസ്‌കാരവും സംരക്ഷിക്കാനുള്ള അവകാശം നല്‍കുന്നു.

എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും സ്വേഛാനുസൃതം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും അവയുടെ ഭരണം നിര്‍വഹിക്കുവാനുമുള്ള അവാശം ഉറപ്പാക്കുന്നു. ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിനു കീഴിലാണെന്ന കാരണത്താല്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് യാതൊരു വിവേചനവും കൂടാതെ ധനസഹായം അനുവദിക്കാനും സ്റ്റേറ്റിനോട് നിര്‍ദേശിക്കുന്നു.

ഭരണഘടനയുടെ 15ാം വകുപ്പ് മതത്തിന്റെ പേരില്‍ ഏതൊരു പൗരനോടും സ്റ്റേറ്റ് വിവേചനം കാണിക്കരുതെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. പോരാത്തതിന് തൊഴിലിന്റെ കാര്യത്തില്‍ എല്ലാ പൗരന്മാര്‍ക്കും അവരുടെ അവസര സമത്വം ഉറപ്പാക്കുന്നു ഈ ആര്‍ട്ടിക്ള്‍…..

ഭരണഘടനയുടെ ചില ആന്തരിക തത്വങ്ങള്‍
നമ്മുടെ ഭരണഘടന ഇന്ത്യയിലെ മതനിരപേക്ഷ സങ്കല്‍പ്പത്തിന് അനുഗുണമായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഭരണഘടനാ രൂപീകരണ അസംബ്ലിയില്‍ മതേതരത്വത്തെ കുറിച്ചും മതസ്വാതന്ത്ര്യത്തെ സംബന്ധിച്ചും ചര്‍ച്ച വന്നപ്പോള്‍ അംഗമായ കെ.ടി ഷാ പ്രമേയം അവതരിപ്പിച്ചു:

”താഴെ പറയുന്ന പുതിയ വകുപ്പ് പതിനാറാം ആര്‍ട്ടിക്കിളിനു ശേഷമുള്ള ‘മതവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍’ എന്ന തലവാചകത്തിനു കീഴില്‍ ചേര്‍ക്കപ്പെടണം.

ഇന്ത്യ ഒരു മതത്തിന്, വിശ്വാസാനുഷ്ഠാനത്തിന് പ്രത്യേകമായൊരു പരിഗണനയുമുണ്ടായിരിക്കില്ല. മാത്രമല്ല, പൗരന്‍മാരുടെ അല്ലെങ്കില്‍ യൂനിയനകത്തെ മറ്റേതു വ്യക്തികളുടെയും മതപരമായ കാര്യങ്ങളില്‍ പൂര്‍ണമായ നഷ്പക്ഷത പാലിക്കുന്നതായിരിക്കും.”

ഭരണഘടനാ നിര്‍മാണ അസംബ്ലിയിലെ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ ആശയങ്ങള്‍ ഇപ്രകാരം പങ്കുവച്ചു: ”ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്. വിശ്വാസാനുഷ്ഠാനങ്ങളോട് സ്റ്റേറ്റ് അതിന്റെ ഏതെങ്കിലും പ്രവൃത്തിയിലൂടെ ഒന്നിന് അല്ലെങ്കില്‍ മറ്റൊന്നിന് പക്ഷപാതപരമായ സൂചനകളൊന്നും നല്‍കിക്കൂടാത്തതാകുന്നു.

എന്നാല്‍, ഒരു പ്രത്യേക മതവിശ്വാസാനുഷ്ഠാന രൂപത്തെ പരിപോഷിപ്പിക്കുന്നതുമായി സ്റ്റേറ്റ് ഏതെങ്കിലും മാര്‍ഗേണ ബന്ധപ്പെടുകയാണെങ്കില്‍ അതേറെ എതിര്‍ക്കപ്പെടേണ്ടതാണ്.

അതുകൊണ്ട്, ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായതിനാല്‍ ഒരു മതത്തിനും വിശ്വാസസംഹിതയ്ക്കും അനുഷ്ഠാനത്തിനും പരിഗണനയുണ്ടായിരിക്കാന്‍ പാടില്ലെന്നു ഞാന്‍ അഭിപ്രായപ്പെടുന്നു.
മാത്രമല്ല, പൗരന്‍മാരുടെ അല്ലെങ്കില്‍ യൂനിയനകത്തെ മറ്റേതെങ്കിലും വ്യക്തികളുടെ മതസംബന്ധിയായ കാര്യങ്ങളില്‍ പൂര്‍ണമായ നിഷ്പക്ഷത പാലിക്കുന്നതുമായിരിക്കണം.
മതത്തിന്റെ സ്വഭാവം ഞാന്‍ വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ്. മതം അതിന്റെ സത്തയില്‍ തന്നെ ഒരു അലൗകിക കൃത്യമാണ്. യാതൊരു അവജ്ഞയുമില്ലാതെ ഞാന്‍ പറയട്ടെ, അപ്രകാരം സ്റ്റേറ്റ് മുഖ്യമായും ഒരു ലൗകിക വ്യവസ്ഥിതിയാണ്. അതിനു അലൗകികതയുമായി യാതൊരു വേഴ്ചയുമില്ല.”

ഭരണഘടനയും മതേതരത്വവും ശില്‍പികളുടെ വീക്ഷണങ്ങള്‍
1947ല്‍ ഇന്ത്യ സ്വതന്ത്രമായതിന് ശേഷമാണ് വ്യവസ്ഥാപിതവും സുസംഘടിതവുമായി ഭരണഘടനാ ശില്‍പ്പികള്‍ അതിനായി രംഗത്തിറങ്ങുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ഭരണഘടനയെ കുറിച്ചും അതിന്റെ ഉള്ളടക്കത്തെ കുറിച്ചും ചര്‍വിതചര്‍വണങ്ങളായ ചര്‍ച്ചകളും സംവാദങ്ങളും നടന്നിരുന്നു എന്നാണ് വസ്തുത.

1937ല്‍ കല്‍ക്കട്ടയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ സമ്മേളനത്തില്‍ രാജേന്ദ്ര പ്രസാദും അംബേദ്ക്കറും അവതരിപ്പിച്ച ഭാവിഭരണഘടനാപരമായ തത്വങ്ങള്‍ ഇവയാണ്.
ഒന്ന്: പൊതുക്രമം, ധാര്‍മികത എന്നിവയ്ക്കു വിധേയമായി എല്ലാ പൗരന്മാര്‍ക്കും മനസ്സാക്ഷി സ്വാതന്ത്ര്യവും അവരവരുടെ മതം സ്വതന്ത്രമായി വിശ്വസിക്കാനും ആചരിക്കാനുമുള്ള അവകാശവുമുണ്ട്.
രണ്ട്: ന്യുനപക്ഷങ്ങളുടെയും വ്യത്യസ്ത ഭാഷാ വര്‍ഗങ്ങളുടെയും സംസ്‌കാരം, ഭാഷ, ലിപി എന്നിവ സംരക്ഷിക്കപ്പെടുന്നതാണ്.
മൂന്ന്: ലിംഗം, മതവിശ്വാസ സംഹിത, ജാതി, മതം എന്നിവയുടെ പരിഗണനകളില്ലാതെ എല്ലാ പൗരന്മാരും നിയമത്തിനു മുമ്പില്‍ തുല്യരായിരിക്കും.
നാല്: സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍, അധികാര കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ അംഗീകാര കേന്ദ്രങ്ങള്‍, വ്യാപാരം, അല്ലെങ്കില്‍ വിളംബരം എന്നിവയില്‍ യാതൊരു പൗരനും ലിംഗം, വിശ്വാസ സംഹിത, ജാതി, മതം എന്നിവയുടെ കാരണത്താലുള്ള അയോഗ്യതകള്‍ ഒന്നുമുണ്ടായിരിക്കുകയില്ല.
അഞ്ച്: സ്റ്റേറ്റിന്റെ അല്ലെങ്കില്‍ പ്രാദേശിക ഫണ്ടിന്റെ സഹായത്താല്‍ സംരക്ഷിച്ചുപോരുന്നതോ പൊതുജനങ്ങളുടെ ഉപയോഗത്തിനു വേണ്ടി സ്വകാര്യ വ്യക്തികളാല്‍ സമര്‍പ്പിക്കപ്പെട്ടതോ ആയ കിണറുകള്‍, ടാങ്കുകള്‍, റോഡുകള്‍, സ്‌കൂളുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവയില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യമായ അവകാശങ്ങളും കടമകളും ഉണ്ട്.

ആറ്: എല്ലാ മതങ്ങളോടും രാഷ്ട്രം നിഷ്പക്ഷത പുലര്‍ത്തും.
മൗലികാവകാശങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവയ്ക്കു വേണ്ടി ഭരണഘടനാ നിര്‍മാണ സമിതി നിയോഗിച്ച ഉപദേശക കമ്മിറ്റിക്കു കോണ്‍ഗ്രസ്സിന്റെ ഈ നയതീരുമാനം മാര്‍ഗനിര്‍ദേശമര്‍ഹിക്കുന്നു.
മതത്തെയും രാഷ്ട്രീയത്തെയും ഈ വ്യവസ്ഥകള്‍ പരസ്പരം വേര്‍പ്പെടുത്തുന്നില്ല. മറിച്ച്, മതത്തെ ആദരവോടെ വീക്ഷിക്കുകയാണ്. മാത്രമല്ല മതനിഷ്പക്ഷതയും എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണനയും ഇതുറപ്പാക്കുന്നു. ഇന്ത്യന്‍ മതനിരപേക്ഷത എങ്ങനെയായിരിക്കണമെന്ന് ദീര്‍ഘവീക്ഷണത്തോടെ നമ്മുടെ രാഷ്ട്രതന്ത്രജ്ഞര്‍ നോക്കിക്കണ്ടിരുന്നുവെന്നറിയുമ്പോള്‍ നാം അത്ഭുതപരതന്ത്രരാകുന്നു.

മതസ്വാതന്ത്ര്യത്തില്‍ നിന്നു മതപവിത്രവല്‍ക്കരണത്തിലേക്ക്
കീരിയും പാമ്പും കണ്ടപോലെയുള്ള അവസ്ഥയിലല്ല ഇന്ത്യന്‍ ഭരണഘടനയില്‍ മതത്തെ വ്യാഖ്യാനിച്ചിരിക്കുന്നത്. ഭരണകൂടം മതവുമായി ഒത്തുചേര്‍ന്നു പ്രര്‍ത്തിക്കുന്നതിന്റെ ധാരാളം സൂചനകള്‍ ഇന്ത്യന്‍ ഭരണഘടനയിലുണ്ട്. ഭരണഘടനയുടെ ഒട്ടേറെ വകുപ്പുകള്‍ മത തത്വങ്ങളുടെ പവിത്രത ഉയര്‍ത്തിപ്പിടിക്കുന്നതു പോലെ മതത്തിലിടപെടുകയും ചെയ്യുന്നു. പ്രസ്തുത ഭരണഘടനാ തത്വങ്ങള്‍ ഇവയാണ്.

ഒന്ന്: പതിനേഴാം വകുപ്പ്, അയിത്തം ഇല്ലാതാക്കുന്നു.
രണ്ട്: 25(2) വകുപ്പ്, ഹരിജനങ്ങള്‍ക്ക് ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശനം ഉറപ്പാക്കുന്നു.
മൂന്ന്: 28(2) മതബോധനം അനുശാസിക്കപ്പെടുന്ന ട്രസ്റ്റിന്റെയോ വസ്തുദാനത്തിന്റെയോ സഹായത്താല്‍ നിര്‍മിക്കപ്പെട്ട സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ മതബോധനം അനുവദിക്കുന്നു.
നാല്: 30(2) മതന്യൂനപക്ഷങ്ങളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു.

ഇവ കൂടാതെ ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റിലും നിയമസഭകളിലും സംവരണം നടപ്പിലാക്കുകയും ചെയ്യുന്നു. ഭരണഘടനയുടെ 330ഉം 332ഉം വകുപ്പുകള്‍ പട്ടികജാതി/പട്ടികവര്‍ഗങ്ങള്‍ക്ക് ലോകസഭയിലും സംസ്ഥാന നിയമസഭകളിലും അര്‍ഹമായ സീറ്റുകള്‍ സംവരണം ചെയ്യുന്നു.

പട്ടികജാതി/പട്ടികവര്‍ഗങ്ങളുടെ ഉദ്യോഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഉള്‍പ്പെടെ പ്രത്യേകമായ വകുപ്പുകള്‍ ഭരണഘടനയുടെ 15ാം ഭാഗം ഉള്‍ക്കൊള്ളുന്നു. ഭരണഘടനയുടെ 15(4), 16(4) വകുപ്പുകള്‍ പിന്നാക്ക വര്‍ഗങ്ങളോടുള്ള വിവേചനം തടയുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്നു. സമത്വമായുള്ളൊരു സമൂഹ നിര്‍മിതിക്കു വേണ്ടിയാണിത്. അപ്രകാരം സാമൂഹികമായും വൈജ്ഞാനികമായും പിന്നാക്കം നില്‍ക്കുന്ന വര്‍ഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രത്യേകമായ വ്യവസ്ഥിതിയുണ്ടാക്കാന്‍ അത് സ്റ്റേറ്റിനെ അനുവദിക്കുന്നു. മാത്രമല്ല, പൊതു നിയമനങ്ങളിലും ഉദ്യോഗങ്ങളിലും പിന്നാക്ക വര്‍ഗക്കാരുടെ സംവരണത്തിനു വേണ്ടിയുള്ളതാണ് 15(4) വകുപ്പ്.

സ്റ്റേറ്റിന്റെ കീഴിലുള്ള ഏതൊരു ഉദ്യോഗത്തില്‍ അവര്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ലെയോ, അത്തരം ഉദ്യോഗങ്ങളിലേക്കുള്ള സംവരണം ഈ ഭരണഘടനാ വകുപ്പനുസരിച്ചാണു നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ രാഷ്ട്രനയ നിര്‍ദേശക തത്വങ്ങളിലെ 48ാം വകുപ്പ് സ്റ്റേറ്റിനോട് ഗോവധം നിര്‍ത്തലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിക്കുന്നു.

നിര്‍ദേശക തത്വങ്ങളിലെ 44ാം വകുപ്പ് വ്യക്തികള്‍ക്ക് അവരുടെ മതമനുസരിച്ചുള്ള സിവില്‍ നിയമങ്ങള്‍ പാലിക്കാന്‍ അനുമതി നല്‍കുന്നു.

290(എ) വകുപ്പ് ചില ദേവസ്വം ബോര്‍ഡുകള്‍ക്ക് വാര്‍ഷികാനുകൂല്യവും ചില ഹൈന്ദവ ക്ഷേത്രങ്ങളുടെയും പരിപാലനവും ഉറപ്പാക്കുന്നു.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter