ബലി പെരുന്നാള്‍: അര്‍ത്ഥവും ആത്മാവും

വിശ്വാസിയുടെ രണ്ട് പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ബലിപെരുന്നാള്‍. ആത്മ ത്യാഗത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരം. ഇവിടെ വിശ്വാസി തന്റെ ഗതകാല ജീവിതത്തിന്റെ അഴുക്കുകളെ കഴുകി ശുദ്ധിവരുത്താന്‍ പാടുപെടുകയാണ്. ഒരു ദിവസത്തിന്റെ വിശാലതയാണെങ്കിലും ആയിരം ദിവസങ്ങളുടെ പവിത്രതയുണ്ടിതിന്.

നിരന്തരമായ ദൈവിക പരീക്ഷണങ്ങള്‍ക്കുമുമ്പില്‍ വിജയം വരിച്ച ഒരു പ്രവാചകന്റെ വിജയാഘോഷമാണിത്. ആത്മീയതയുടെ നിര്‍വൃതിയില്‍ സന്തോഷം കണ്ടെത്തുകയെന്നതാണ് പെരുന്നാളിന്റെ വിജയം. പെരുന്നാള്‍ പെരുന്നാള്‍ ആകുന്നതും അവിടെയാണ്. ആത്മീയതയിലൂന്നിയുള്ള ഈ നിര്‍വ്വചനം മാത്രമേ പെരുന്നാളിനെ അനാവരണം ചെയ്യുന്നുള്ളൂ. പുതിയ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളും ഇതിനെ ഉത്സവ സമാനമായി മാറ്റുകയാണ്.

കേവലം അനാചാരങ്ങളുടെയും ചടങ്ങുകളുടെയും ലാഘവത്തോടെ കൊണ്ടാടപ്പെടേണ്ടതല്ല പെരുന്നാളുകള്‍. ഒരു വിശ്വാസി എന്നനിലക്ക് പെരുന്നാളിന്റെ അര്‍ത്ഥവും ആത്മാവും ഗ്രഹിക്കേണ്ടതുണ്ട്. ജീവിതത്തില്‍ പകര്‍ത്തേണ്ടത് പകര്‍ത്തുകയും വര്‍ജ്ജിക്കേണ്ടത് വര്‍ജ്ജിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ അനുഗ്രഹീത ദിനത്തിന് പെരുന്നാള്‍ എന്ന് നാമകരണം ചെയ്യുന്നതിന്റെ നീതീകരണവും അപ്പോള്‍ മാത്രമേ സംഭവിക്കുന്നുള്ളൂ. പെരുന്നാളുകള്‍ ഉത്സവങ്ങളോ പിറന്നാളുകളോ ആവരുത്. സുകൃതങ്ങളുടെ കലവറയാകണം. തിരിച്ചറിവിന്റെ വഴിത്തിരിവുകളാകണം. ചിന്തകളുടെ അനിവാര്യ ഘട്ടങ്ങളാവണം. അവിടെയാണ് പെരുന്നാള്‍ചടങ്ങുകളിലൂടെയും മനുഷ്യന്‍ പുനര്‍ജ്ജനിക്കുന്നത്.

ബലിപെരുന്നാള്‍ ബലിമൃഗങ്ങളുടെ മാംസം മൂക്കറ്റം ഭുജിച്ച് കിടന്നുറങ്ങാനുള്ള ദിവസമല്ല. വര്‍ണ്ണ ശഭളിമയില്‍ മേനിയെ പൊതിഞ്ഞ് ടൂറടിക്കാനുള്ള കാലവുമല്ല. മവുഷ്യന്‍ തന്റെ ഇച്ഛകളെ ബലി നടത്തുകയാണ് ഇവിടെ അനിവാര്യം. ആടുകളുടെയും മാടുകളുടെയും കഴുത്തില്‍ കത്തിവെക്കുന്നതിന് മുമ്പ് അവന്‍ സ്വന്തം അകതാരിലെ ആഗ്രഹങ്ങളുടെയും അത്യാര്‍ത്തിയുടെയും കഴുത്തില്‍ കത്തി വെക്കണം. സ്വാര്‍ത്ഥതയും അഹങ്കാരവും രക്തം വാര്‍ന്നൊഴുകി ചത്ത്‌പോകണം. സ്വന്തം ശരീരത്തിലെ അധിനിവേശ ശക്തികളെ ചെറുത്ത് തോല്‍പിക്കണം. 'ഫിത്‌റത്ത്'എന്ന ശരീരത്തിലെ പ്രഥമവാസിതന്നെയാണ് എന്നും ശരീരത്തെ നയിക്കേണ്ടത്. സ്പര്‍ദ്ധയുടെയും വിദ്ധ്വേഷത്തിന്റെയും ആത്മാവുകള്‍ അവയെ കവച്ചുവെക്കാന്‍ പാടില്ല. അവ മികവ് നേടുമ്പോള്‍ നമ്മളിലെ മനുഷ്യന്‍ മരിക്കുകയാണ്. ഹൃദയങ്ങളിലേക്ക് നുഴഞ്ഞ്കയറിയ അന്യരെ പിടിച്ച് പുറത്തിടുമ്പോഴാണ് നമ്മള്‍ സ്വതന്ത്രരാകുന്നത്.

ഓരോ ബലിപെരുന്നാളും വിശ്വാസിയുടെ സ്വാതന്ത്ര്യദിനങ്ങളാണ്. അവന്‍ ഹൃദയത്തിലെ പൈശാചിക പ്രലോപനങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടുകയാണിവിടെ. വിദേശികളായ അഹങ്കാരവും സ്വാര്‍ത്ഥതയും അധിനിവിഷ്ഠ ഭൂമിയില്‍ നിന്നും എന്നെന്നേക്കുമയി കെട്ട് കെട്ടിക്കപ്പെടുന്നു. ചെറുത്തുനില്‍പിന്റെ ആത്മീയ വേരുകള്‍ ഹൃദയത്തില്‍ നിന്നും പുറത്ത് വരുന്നു. പ്രതിരോധത്തിന്റ അലയൊലികള്‍ ഒടുങ്ങാതെ മുഴങ്ങിത്തുടങ്ങുന്നു. അങ്ങനെ മനുഷ്യന്‍ പെരുന്നാളുകളിലൂടെ പുനര്‍ജ്ജനിക്കുന്നു.

പെരുന്നാളിലെ അനുഷ്ഠാനങ്ങള്‍

പൈശാചിക ദുര്‍വൃത്തികളില്‍ നിന്ന് മോചിതനായി സ്വന്തത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളെ ബലി കൊടുത്ത് സ്രഷ്ടാവിന്റെ താല്‍പര്യങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന തിരുനാളാണ് പെരുന്നാള്‍. സര്‍വ്വമാന ഭൗതികാടിമത്വത്തില്‍ നിന്നും സ്രഷ്ടാവിന്റെ അടിമത്വത്തിലേക്കുള്ള മടക്കമാണിവിടെ. ലക്ഷ്യം മറന്നുള്ള അപഥ സഞ്ചാരങ്ങള്‍ക്ക് അറുതിയായെന്നും ഇനി നിഷ്‌കളങ്കമായൊരു ജീവിതത്തിന് തയ്യാറെടുക്കുന്നുവെന്നും വിശ്വാസി ഇവിടെ പ്രതിജ്ഞയെടുക്കുന്നു.നിരര്‍ത്ഥകമായ ആഭാസങ്ങളുടെ തിരശ്ശീല താഴുകയും ഭക്തിസാന്ദ്രമായ അനുഷ്ഠാനങ്ങളുടെ വേദിയൊരുങ്ങുകയുമാണിവിടെ സംഭവിക്കുന്നത്.

പെരുന്നാളുകള്‍ ആത്മ സംസ്‌കരണത്തിന്റെ ദിനങ്ങളാണ്. ഐഹികേച്ഛകള്‍ മാറ്റിവെക്കുന്നതോടെ വിശുദ്ധാഭിനിവേശങ്ങള്‍ മാത്രമെ മനസ്സില്‍ ശേഷിക്കുന്നുള്ളു. ഇവിടെ വിശ്വാസി ഭാസുരമായ ഭാവിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഓരോ പെരുന്നാളും വിശ്വാസിക്കുമുമ്പില്‍ പാരത്രിക ലോകത്തേക്കുള്ള വഴിയമ്പലങ്ങളായി വര്‍ത്തിക്കുന്നു. ജീവിത വഴിത്താരയില്‍ ആത്മ വിചിന്തനം നടത്താനുള്ള ഇടങ്ങളാണ് വഴിയമ്പലങ്ങള്‍. പാപപങ്കിലമായ ഹൃദയങ്ങളുമായി മനുഷ്യനവിടെ ഇരുന്നു ചിന്തിക്കുന്നു. കൂട്ടിയും കിഴിച്ചും ഗതകാലത്തിന്റെ മൂല്യ നിര്‍ണ്ണയം നടത്തുന്നു. അങ്ങനെ നല്ലൊരു ഭാവി മുന്നില്‍ കണ്ട് പുതിയ ചുവടുകളോടെ ഇറങ്ങി പുറപ്പെടുന്നു. നല്ല നാളേക്കു പാഥേയമൊരുക്കാന്‍ പാടുപെടുന്നു.

പെരുന്നാളുകള്‍ ആരാധനകളാണ്. അതിലെ ആഘോഷവും അനുഷ്ഠാനങ്ങളും ആരാധനകള്‍ തന്നെ. അത്‌കൊണ്ട് തന്നെ, ആരാധനയുടെ പരിധിയില്‍ നിന്ന് കൊണ്ടായിരിക്കണം ആഘോഷങ്ങള്‍. ആഘോഷങ്ങള്‍ മറുകണ്ടം ചാടുമ്പോള്‍ ഇസ്‌ലാം വികസിക്കുകയാണ്. വികസിക്കുന്ന ഇസ്‌ലാം ശരിയല്ല. അത് നമ്മുടെ ആശയവുമല്ല. അത് മോട്ടോയായി പരിഗണിക്കുന്നവര്‍ വേറെയുണ്ട്. അവരെ നമ്മള്‍ ഗൗനിക്കേണ്ട ആവശ്യവുമില്ല.

വിശ്വാസിയുടെ പെരുന്നാള്‍ ദിവസം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പെരുന്നാളിന്റെ പ്രഭാതം മുതല്‍ പ്രദോഷം വരെ ദൈവ സ്മരണയില്‍ കഴിഞ്ഞ് കൂടേണ്ടതുണ്ട്. മത നിബദ്ധവും അനുഷ്ഠാന നിര്‍ഭരവുമാണ് പെരുന്നാളുകള്‍. അത്‌കൊണ്ടു തന്നെ ഓരോ നിമിഷവും അവന്റെ മനസ്സില്‍ ദൈവ സ്മരണ നടന്ന് കൊണ്ടിരിക്കണം.

അത് വിചാരിച്ച് പെരുന്നാളുകള്‍ പാരതന്ത്ര്യത്തിന്റെ തുടരുകളായി മാറുകയല്ല. മറിച്ച്, സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ തുറക്കുകയാണ്. സ്വാതന്ത്ര്യവും പാരതന്ത്ര്യവും ഏതാണന്ന് മനസ്സിലാക്കാതെ പോയതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്‌നം. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം മതവലയത്തില്‍ അടിയുറച്ച് നില്‍ക്കുക എന്നതാണ് ഏറ്റവും വലിയ സ്വാതന്ത്യം. അതില്‍ നിന്നും പുറത്ത് വരല്‍ കടുത്ത ധിക്കാരവും പാരതന്ത്ര്യവുമാണ്. കള്ള്കുടിക്കാതിരിക്കുന്നതാണ് സ്വാതന്ത്ര്യം. കള്ള് കുടിക്കുന്നത് പാരതന്ത്ര്യവും. വസ്തുതകളുടെ ആത്മാവിലെക്ക് നോക്കിയാണീ വിഭജനം. അഥവാ, ഒരാള്‍ കള്ള് കുടിക്കുന്നത് തന്റെ ഹൃദയത്തിന്റെ ശക്തമായ ആഗ്രത്തിന് അടിമപ്പെട്ടു കൊണ്ടാണ്. സ്വന്തം ബുദ്ധി പ്രവര്‍ത്തന രഹിതമായിട്ടായണ്  ഇവിടെ കാണപ്പെടുന്നത്. അത് കൊണ്ട് തന്നെ തികഞ്ഞ പാരതന്ത്ര്യമാണിത്. എന്നാല്‍, ബുദ്ധിയും ആത്മാവും പറയുന്ന പോലെ മദ്യം ശരീരത്തിന് ഹാനികരമാണെന്ന് മനസ്സിലാക്കി വര്‍ജ്ജിക്കുന്നതാണ് ഇവിടത്തെ സ്വതന്ത്ര്യം. ഒരു വിശ്വസിയില്‍ തന്റെ ഇസ്‌ലാം വിജയം കാണുന്നത് ഇവിടെ തന്നെയാണ്.

പെരുന്നാള്‍ ദിവസങ്ങള്‍ അടിപൊളിയാക്കേണ്ടത് ആരാധനയിലൂടെയാണ്. ആരാധനയെന്നാല്‍ പെരുന്നാളില്‍ പ്രഭാതം മുതല്‍ തന്നെ വുളൂ എടുത്ത് നിസ്‌കാരം തുടങ്ങണമെന്നല്ല. മറിച്ച് ഒരു പെരുന്നാള്‍ എങ്ങനെ ആയിരിക്കണമെന്ന് ഇസ്‌ലാം വിശദീകരിച്ചിടുണ്ട്. പെരുന്നാളില്‍ ചെയ്യേണ്ട അനുഷ്ഠാനങ്ങളും ഇസ്‌ലാം അക്കമിട്ട് പറഞ്ഞിട്ടുണ്ട്. അത് ഓരോന്നായി ചെയ്യുകയെന്നതാണ് ആ ദിവസത്തിന്റെ മുതലെടുപ്പ്. അപ്പോഴാണ് പെരുന്നാള്‍ അടിപൊളിയാകുന്നത്. അല്ലാതെ ശരീരത്തിന്റെ  വടിവും സൗന്ദര്യവും പുറത്ത് കാട്ടുന്ന ഇടുങ്ങിയ വസ്ത്രങ്ങളും ക്രോപ്പ് ചെയ്ത തലമുടിയും ആവശ്യത്തില്‍ കവിഞ്ഞൊരു ബൈക്കും നടയില്‍ കുടുക്കി അങ്ങാടിയിലൂടെ ചറപറ പറന്നത് കൊണ്ട് പെരുന്നാള്‍ അടിപൊളിയാകില്ല. ഒരു പക്ഷേ പെരുന്നാളിന്റെ ആത്മാവ് ചോര്‍ന്ന് പോയെന്ന് വരും. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് പാടില്ലല്ലോ.

തിരുമേനിയുടെ പെരുന്നാള്‍ ദിനങ്ങള്‍ ഹദീസുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വിശ്വാസികള്‍ അത് നോക്കിയാണ് ആഘോഷം പഠിക്കേണ്ടത്. സാധാരണ ദിനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടായിരുന്നു തിരുമേനിയുടെ അന്നത്തെ ഇടപാടുകള്‍. അല്ലാഹു  ആദരിച്ച ദിവസമായത് കൊണ്ട് തന്നെ ആ ദിവസത്തെ എന്തെന്നില്ലാതെ ആദരിച്ചു. അല്ലാഹു സുഭിക്ഷത ഇഷ്ടപ്പെട്ട ദിനമായതിനാല്‍ പാവങ്ങള്‍ക്ക് സുഭിക്ഷതയും സമൃദ്ധിയും ലഭിക്കാന്‍ പാടുപെട്ടു. ആരാധനകളും പ്രാര്‍ത്ഥനകളും സാധാരണ ദിനങ്ങളേക്കാള്‍ കൂടുതലായി. അല്ലാഹു തന്റെ അടിമകളെ ശക്തമായി വീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാന്‍ സാധ്യതയുണ്ട്. തന്റെ ഖലീലായ പ്രവാചകന്റെ സ്മരണകള്‍ അയവിറക്കുമ്പോള്‍ ചോദിച്ചാല്‍ പൊറുത്ത് തരാനും സാധ്യതയുണ്ട്. ഒരു പക്ഷേ ഈ ഒരേയൊരു ദിനത്തെ ആദരിച്ചത് കാരണം ജീവിതം മുഴുക്കെ സമൃദ്ധികള്‍ വാരിക്കോരി തന്നേക്കാം. അങ്ങനെ ആയിരമായിരം അനുഗ്രഹങ്ങള്‍ക്ക് വാതില്‍ തുറക്കപ്പെടാന്‍ സാധ്യതയുള്ള ദിവസം. അശരണരുടെയും അബലരുടെയും കണ്ണീരൊപ്പിയും അനാഥകളെ സന്തോഷിപ്പിച്ചുമാണ് വിശ്വാസികള്‍ കൊണ്ടാടേണ്ടത്. എല്ലായിടത്തും -കൊച്ചുകൂരകളില്‍ വരെ -സമൃദ്ധിയും സന്തോഷവും പൂത്തുലഞ്ഞ് നില്‍ക്കുന്ന ഒരു ദിവസം സംജാതമാകുകയെന്നതാണ് ഇതിലൂടെ ലക്ഷീകരിക്കപ്പെട്ടത്.

കുടുംബബന്ധങ്ങള്‍ പുലര്‍ത്തുകയും സ്‌നേഹം രൂടമൂലമാക്കലുമാണ് പെരുന്നാളിന്റെ ആത്മാവ്. ഇവിടെയാണ് സഞ്ചാരങ്ങളും യാത്രകളും കടന്ന്‌വരുന്നത്. അടുത്ത ബന്ധുക്കളെയും അകന്ന ബന്ധുക്കളെയും നേരില്‍ പോയികാണണം. പിതാവിന്റെയും മാതാവിന്റെയും സൗഹൃദങ്ങള്‍ മരിക്കാതെ സൂക്ഷിക്കണം. സന്തോഷം പങ്കിടണം. കഴിയാവുന്ന സഹായ സഹകരണങ്ങള്‍ ചെയ്ത് അവരുടെ നല്ല നാളേക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അല്ലാതെ മൊബൈല്‍ഫോണുകള്‍ക്ക് മുമ്പില്‍ ബന്ധങ്ങള്‍ പരിമിതമാലവരുത്. കേവലം ശബ്ദ ബന്ധങ്ങളല്ല, ശാരീരിക ബന്ധങ്ങള്‍ വേണം. ഈ സൗഹാര്‍ദ്ദ സന്നിപാതത്തിന് വേണ്ടിയാണ് വര്‍ഷത്തിലൊരിക്കല്‍ ഇങ്ങനെയൊരു സംരംഭം. സാധാരണ ദിവസങ്ങളെ പോലെ ഇതിലും ജോലിക്ക് പോയി ദിവസത്തിന്റെ പവിത്രത ഗൗനിക്കാതിരിക്കാന്‍ പാടില്ല. സ്‌നേഹബന്ധങ്ങളിലൂടെ സുദൃഡകുടുംബങ്ങള്‍ ജനിക്കണം. അങ്ങനെ നാട്ടിലും സമൂഹത്തിലും ഐക്യം രൂപപ്പെട്ടുവരണം.

ഒരു പെരുന്നാള്‍ പ്രഭാതം. തിരുമേനി പള്ളിയില്‍ പോകുമ്പോള്‍ വഴിയില്‍ ഒരുകുഞ്ഞിനെ കണ്ടുമുട്ടുന്നു. എല്ലാവരും പുത്തനുടയാടകള്‍ ധരിച്ചിട്ടുണ്ട്. അവന്‍ മാത്രം ധരിച്ചിട്ടില്ല. എല്ലാവരും സന്തോഷത്തോടെ കളിക്കുകയാണ്. അവന്‍ അതില്‍ നിന്നും വിട്ട്‌നില്‍ക്കുന്നു. തിരുമേനി കുഞ്ഞിനെ സമീപിച്ച് കാര്യം തിരക്കി.  അവനെ കുളിപ്പിക്കാനും പുത്തന്‍ ഉടയാടകള്‍ ധരിപ്പിക്കാനും ആരുമില്ലെന്ന് മനസ്സിലാക്കി ഉടനെ കുഞ്ഞിന്റെ കയ്യും പിടിച്ച് വീട്ടിലേക്ക് നടന്നു. ഭാര്യയോട് കാര്യം പറഞ്ഞു. അവര്‍ കുഞ്ഞിനെ കുളിപ്പിച്ച് പുത്തനുടയാടകള്‍ നല്‍കി. വയര്‍ നിറയെ ഭക്ഷണവും നല്‍കി. ശേഷം തിരുമേനി കുഞ്ഞിനെയും കൊണ്ട് പള്ളിയിലേക്ക് നടന്നു.

ഈ മനസ്സ് വേണം പെരുന്നാള്‍ ആഘോഷിക്കുന്ന വിശ്വാസിക്കും. അയല്‍വാസികളും ബന്ധുക്കളും സന്തോഷത്തിലാണെന്ന് ഉറപ്പുവരുത്തണം. ഈ സഹായഹസ്തത്തിനു മുമ്പില്‍ പരിചയങ്ങള്‍ വിഘാതമാവാന്‍ പാടില്ല. അശരണരായ ആരേയും സഹായിക്കാന്‍ മുന്നോട്ട് വരണം. അതാണ് പെരുന്നാളിന്റെ ആത്മീയ മധുരം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter